വളർന്നു വന്ന സാഹചര്യമാണോ എന്റെ സ്വഭാവസവിശേഷതയാണോയെന്നറിയില്ല പൊതുവേ ഒരു അന്തർമുഖത്വം ഉണ്ടായിരുന്നു എനിക്ക്. അതെന്റെ പ്രവൃത്തികളിലും പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കൊക്കെ ഉയർന്നു വന്ന പ്രണയാഭ്യർത്ഥനകൾക്കെതിരെ മുഖം തിരിച്ചായിരുന്നു എന്റെ ഇടപെടൽ. അച്ഛനമമ്മമാരെ വേദനിപ്പിക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്ന ദൃഢപ്രതിജ്ഞയുമുണ്ടായിരുന്നു. പ്രായപൂർത്തിയാവുന്നതിനു മുൻപ് തന്നെ ആലോചനകൾ വന്നു തുടങ്ങിയിരുന്നെങ്കിലും പെണ്ണുകാണൽ ചടങ്ങുകൾ ഒരു നിത്യസംഭവമായി മാറിയത് ഡിഗ്രി പഠനസമയത്തായിരുന്നു.
അങ്ങനെ നിരന്തരം തുടർന്നു വന്ന സപര്യയ്ക്ക് അവസാനമായത് ഇരുപത്തിനാലാം വയസ്സിലായിരുന്നു. ആൾ ഒരു വട്ടം വന്നപ്പോൾ ഞാൻ വീട്ടിലില്ല. പിന്നീട് രണ്ടാം വട്ടം വന്നു. സാധാരണ പോലെ ചായയൊക്കെ കൊടുത്തു. പക്ഷേ എന്തോ ആ ശബ്ദം എന്നെ ഹഠാദാകർഷിച്ചു. അതേപറ്റി തമാശരൂപത്തിൽ പറഞ്ഞു ഞങ്ങളെല്ലാവരും ചിരിക്കുകയും ചെയ്തു. കാര്യം സീരിയസ്സായത് വളരെ പെട്ടെന്നായിരുന്നു. 2006 ഒക്ടോബർ മാസം അവസാനമായിരുന്നു പെണ്ണുകാണൽ. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആളിന്റെ വീട്ടിൽ നിന്നും മറ്റുള്ളവരും വന്നു. വീടും പരിസരവും എന്നെയുമൊക്കെ കണ്ടവർ തിരിച്ചു പോയി. അതും ഇടയ്ക്ക് സംഭവിക്കുന്നതുകൊണ്ട് കാര്യമാക്കിയില്ല. എന്നാൽ അവർ പെണ്ണിനെ ഇഷ്ടപ്പെട്ടു എന്നു വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിൽ നിന്നും അന്വേഷണം നടത്തി. അത്യാവശ്യം നല്ല ചുറ്റുപാടും ജോലിയും ജാതകപൊരുത്തവുമൊക്കെ ഒത്തു വന്നപ്പോൾ എന്നോട് സമ്മതം ചോദിച്ചു. എനിക്ക് വിസമ്മതമൊന്നുമില്ലായിരുന്നു. മനസ്സു നിറയേ ആശങ്കകളായിരുന്നു. അങ്ങനെ വീട്ടിൽ നിന്നും ആൾക്കാർ അവിടെപ്പോയി വീട് കണ്ടു. സമ്മതമറിയിച്ചു, ഉറപ്പ് കൊടുത്തു. നവംബർ മാസത്തിൽ കല്യാണനിശ്ചയത്തിന്റെ ചടങ്ങുകൾ കഴിഞ്ഞു.
സത്യത്തിൽ കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയതു മുതൽ പേടിയും സംഭ്രമവുമായിരുന്നു മനസ്സിൽ. ആളിന്റെ പേരു പറഞ്ഞില്ലല്ലോ. നിധീഷ്. ആ സമയത്ത് ബാംഗ്ലൂരിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇടയ്ക്ക് ഫോൺ വിളിക്കാറുണ്ടായിരുന്നു. കല്യാണത്തിനു മുൻപ് ഒരു തവണ കണ്ടു. എന്തൊക്കെയോ പർച്ചേസ് ചെയ്തു. കൂൾബാറിൽ കയറി ഐസ്ക്രീം കഴിച്ചു. സത്യത്തിൽ ഇതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. ഒരുപാട് കളിയാക്കലുകൾ ഉണ്ടായിരുന്നു. പേരിലെ പൊരുത്തം കാരണം ലവ്മാര്യേജായി പോലും പലരും വ്യാഖ്യാനിച്ചു. കല്യാണസാരിയെടുക്കാൻ വിളിച്ചെങ്കിലും പോയില്ല. കാരണം കൈയിൽ തരുമ്പോൾ മാത്രം കണ്ടാൽ മതി എന്ന ചിന്തയായിരുന്നു. പക്ഷേ ഞാൻ പറഞ്ഞ കളർ തന്നെ അവർ തിരഞ്ഞെടുത്തു. ഇന്നും ഒരു ഓർമ്മയായി അതു സൂക്ഷിച്ചു വച്ചിട്ടുണ്ട്.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. കല്യാണത്തിന്റെ ഒരുക്കങ്ങളെല്ലാം തകൃതിയായി നടന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള അച്ഛന്റെ പെടാപ്പാട് കാണുമ്പോൾ മനസ്സിൽ ഒരുപാട് വേദനയുണ്ടായിരുന്നു. ഡ്രസ്സുകളും സ്വർണ്ണാഭരണങ്ങളുമൊക്കെയെടുത്തു. ബന്ധുക്കളിൽ ചിലർ സ്വർണ്ണം തന്നു. ഇതൊക്കെ കൈയിൽ കിട്ടിയിട്ടും മനസ്സ് ഇതിനെയൊന്നും പൂർണ്ണമായും അംഗീകരിക്കാത്ത അവസ്ഥയിലായിരുന്നു. പലതും സംഭവിക്കുന്നത് യാന്ത്രികമായിട്ടായിരുന്നു. ജനിച്ചയിടം ഉപേക്ഷിക്കേണ്ടി വരുന്ന വേദന, അതേ സമയം അതു പ്രകടിപ്പിക്കാൻ പറ്റാത്ത അവസ്ഥ. കാരണം ഞാൻ തളർന്നാൽ എല്ലാവരും തകരുമെന്നറിയാമായിരുന്നു. അലകടലിരമ്പുമ്പോഴും മുഖത്ത് ഒരു പുഞ്ചിരിയണിഞ്ഞു. ഫോട്ടോ ഷൂട്ടിനു വേണ്ടി ക്ഷേത്രദർശനമൊക്കെയുണ്ടായിരുന്നു. ഔട്ട്ഡോർ ഷൂട്ടൊക്കെയുണ്ടായിരുന്നു.
ദിവസങ്ങൾ അതിവേഗം കടന്നു പോയി. ഫോൺ വിളിയിലൂടെ ആളിനെ ഇത്തിരി പരിചയപ്പെട്ടു. ഒരു ന്യൂ ഇയർ കാർഡൊക്കെ അയച്ചു. എനിക്കും വന്നു ഒരു ന്യൂ ഇയർ കാർഡ്. തുറക്കുമ്പോൾ മ്യൂസിക്കൊക്കെയുള്ളത്. അതും ഓർമ്മയായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. അങ്ങനെ കല്യാണത്തലേന്നായി. പുടവ തലേ ദിവസം തന്നെ കൊണ്ട് വരും. അങ്ങനെ പുടവയുമായി ചെക്കന്റെ പെങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമായി കുറച്ചു പേർ വന്നു. ഒരു ചോക്ലേറ്റ് ബോക്സ് ഗിഫ്റ്റായി തന്നു. എന്റെ വീട്ടിൽ വച്ചു തന്നെയായിരുന്നു വിവാഹചടങ്ങുകൾ.
അന്നു രാത്രി പാതിയുറക്കത്തിൽ അനുജത്തി മെഹന്തിയൊക്കെയിട്ടു തന്നു. ഉറങ്ങിയുമുറങ്ങാതെയും നേരം പുലർന്നു. അതിരാവിലെ തന്നെ കുളി കഴിഞ്ഞു. മൂത്തവരുടെ കാലു തൊട്ടു ആശിർവാദം വാങ്ങി. മരിച്ച കാരണവന്മാർക്ക് വെറ്റിലയും അടക്കയും സമർപ്പിച്ച് തൊഴുതു വന്നു. ഇളയമ്മ സാരിയുടുപ്പിച്ചു. കൊണ്ടു വന്ന സാധനങ്ങളിലെ മേക്കപ്പ് കിറ്റുകളുപയോഗിച്ച് മേക്കപ്പ് ചെയ്തു. പുരികം ത്രഡ് പോലും ചെയ്യാത്ത ആ കാലം ഇന്നത്തെ കല്യാണത്തിലാലോചിക്കാൻ കഴിയുമോ. അങ്ങനെ ആഭരങ്ങളൊക്കെയിട്ട് ഒരുങ്ങി. ഫോട്ടോ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു.
മുഹൂർത്തം 11:30 am നും 12:30 pm നും ഇടയിലായിരുന്നു. ചെറുക്കനും കൂട്ടരുമെത്തി. അമ്മയുടെ കൈയിൽ നിന്നും പാൽ വാങ്ങി കുടിച്ചു. പൂമാലയും തേങ്ങാമുറിയിൽ എണ്ണയൊഴിച്ചു കത്തിച്ച ദീപവുമടങ്ങിയ തളികയുമെടുത്ത് മണ്ഡപം വലംവെച്ച് അവിടെ ഇരിക്കാൻ കാണിച്ചു തന്ന സ്ഥലത്തിരുന്നു. ആളും വന്നു തൊട്ടടുത്തിരുന്നു. ചുറ്റും നിന്നും കളിയാക്കലുകളുടെ സ്വരങ്ങൾ ഉയരുന്നുണ്ടായിരുന്നു. ഉള്ളിലെ വേദനയേയും ആശങ്കകളേയും അടക്കി ഒരു ചിരി എടുത്തണിഞ്ഞിരുന്നു. മുഖ്യസ്ഥന്റെ കാർമ്മികത്വത്തിൽ കല്യാണചടങ്ങുകൾ ആരംഭിച്ചു. താലികെട്ടും മോതിരം കൈമാറ്റവും പരസ്പരം മാലയിടലും ഒക്കെ കഴിഞ്ഞു. മോതിരക്കൈമാറ്റത്തിനിടയിൽ മോതിരം പരസ്പരം മാറിപ്പോയതു ചെറിയ ചിരിക്കു വക നൽകി. അച്ഛൻ കൈപിടിച്ച് നിധീഷേട്ടന്റെ കൈയിലേൽപ്പിച്ചു. മണ്ഡപം മൂന്നു വട്ടം ചുറ്റി. ഫോട്ടോയെടുപ്പും ഭക്ഷണവുമെല്ലാം കഴിഞ്ഞു.
അച്ഛനോടുമമ്മയോടും യാത്ര പറഞ്ഞു, ഏട്ടന്റെ കൈയിൽ നിന്നും ബൊക്കെ വാങ്ങി വീട്ടിൽ നിന്നും ഇറങ്ങി. യാത്രയയക്കാനെല്ലാവരും വന്നിരുന്നു. അവിടെ നിന്നും അലങ്കരിച്ച കാറിൽ കയറി നിധീഷേട്ടന്റെ വീട്ടിലേക്ക് പുറപ്പെട്ടു. സത്യം പറഞ്ഞാൽ അപ്പോഴത്തെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. കൺകോണിലൂറിയ കണ്ണുനീരിനെ വീണ്ടും ചിരിയാൽ മറച്ചു. അവരുടെ വീട്ടിന്റെ കുറച്ചകലെ വണ്ടി നിർത്തി അവിടെ നിന്നും ഇറങ്ങി നടക്കേണ്ടി വന്നു. വീടിനു മുന്നിലൂടെ റെയിൽവേ ലൈൻ പോവുന്നുണ്ട് . അതിന്റെ വശത്തുകൂടി നടന്നാണ് വീട്ടിലേക്ക് പോയത്. സത്യം പറഞ്ഞാൽ അപ്പോഴത്തെ എന്റെ ചിന്ത എന്നെ എവിടേക്കാണ് കൊണ്ട് പോവുന്നതെന്നായിരുന്നു. വീട്ടിലെത്തി കിണ്ടിയിലെ വെള്ളത്തിൽ കാലുകഴുകിച്ച് നിധീഷേട്ടന്റെ അമ്മ കൈപിടിച്ച് അകത്തേക്ക് കയറ്റി. ഭാരമുള്ള നിലവിളക്ക് കൈയിലേന്തിയപ്പോൾ ഉള്ളിലൊരു ആന്തലായിരുന്നു.
ഞങ്ങളുടെ നാട്ടിലെ ചടങ്ങനുസരിച്ച് കല്യാണം കഴിഞ്ഞു ചെറുക്കന്റെ വീട്ടുകാർ പോയാൽ അവർ ചെറുക്കന്റെ വീട്ടിൽ എത്തുന്ന സമയം ഏകദേശം കണക്കുകൂട്ടി പെൺകൂട്ടുകാരായി ചെറുക്കന്റെ വീടു കാണാനാഗ്രഹിക്കുന്നവരും അടുത്തബന്ധുക്കളും അയൽവീടുകളിലെ ആളുകളുമൊക്കെ ചേർന്ന നിശ്ചിത എണ്ണം ആളുകൾ ചെറുക്കന്റെ വീട്ടിലേക്ക് വരും. അപ്പോഴേക്കും പെണ്ണ് കല്യാണസാരിയൊക്കെ മാറ്റി പുതിയ സാരിയൊക്കെയുടുക്കും. ഞാനും പുതിയ സാരിയൊക്കെ ഉടുത്തു. അങ്ങനെ എന്റെ വീട്ടിൽ നിന്നും അങ്ങനെ കുറച്ചു പേർ വന്നപ്പോൾ എന്തോ വലിയ ആശ്വാസമായി. അവർ ഇത്തിരി നേരം നിന്നു ഭക്ഷണമൊക്കെ കഴിച്ചു തിരിച്ചു പോയി. ഒപ്പം പിറ്റേദിവസം സൽക്കാരത്തിനും വിവാഹരജിഷ്ട്രേഷനും വേണ്ടി ക്ഷണിക്കുകയും ചെയ്തു.
വൈകുന്നേരം അസുഖബാധിതനായി കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മാമന്റെ വീട്ടിൽ പോയി . നടന്നു പോവാനുള്ള ദൂരം. റെയിൽവേ ലൈനൊക്കെ ദൂരത്തുകണ്ട എനിക്ക് മുന്നിൽ തന്നെയുള്ള സ്റ്റേഷനും റെയിൽ പാളവുമൊക്കെ അത്ഭുതമായിരുന്നു. വീട് വിട്ടു ഒരു അന്യവീട്ടിൽ ആദ്യത്തെ അനുഭവമായിരുന്നു . അന്യപുരുഷനോടൊപ്പം ഒരു മുറിയിൽ എന്നതും സംഭ്രമജനകമായിരുന്നു. അതൊക്കെ എങ്ങനെയോ കടന്നു പോയി. വീട്ടിൽ എല്ലാവരും പരമാവധി ചേർത്തു നിർത്താൻ ശ്രമിച്ചു .
കല്യാണത്തിനു ശേഷമുള്ള ദിനങ്ങൾ പ്രണയാർദ്രമായിരുന്നെങ്കിലും കല്യാണം ഇന്നും ആലോചിക്കുമ്പോൾ മനസ്സൊന്നു പിടയ്ക്കും. അതിനുശേഷം എന്നിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്നത് നിസ്തർക്കമാണ്. കയ്യാലപ്പുറത്തെ തേങ്ങ പോലെ കടന്നു പോയ കുറച്ചു മാസങ്ങൾക്കിടയിൽ ജീവിതത്തിന്റെ രസതന്ത്രവും ജീവശാസ്ത്രവുമൊക്കെ പഠിച്ചെടുത്ത് ഒരുവിധം താളത്തിലെത്താൻ കഴിഞ്ഞു. ഇപ്പോൾ പതിനെട്ടു വർഷങ്ങൾ കഴിഞ്ഞു. സ്നേഹത്തിന്റെ നീലരേഖകളിൽ ചുറ്റിപ്പിണഞ്ഞു കൊണ്ട്, ഉയർച്ച താഴ്ച്ചകളിലൂടെ ജീവിതത്തിന്റെ ഗ്രാഫ് ഇങ്ങനെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
#എന്റെരചന
#കല്യാണം
****നിഷിബ എം നിഷി ****


10 Comments
ധർമ്മടത്താണെന്ന് അറിയാം- സ്വന്തം വീട് എവിടെയാ? ഞാൻ പിണറായി, പാറപ്രത്താണ്. അതുകൊണ്ടുതന്നെ എഴുതിയ കാര്യങ്ങൾ പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റി. 👌
സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കൂ….. കൂടെ എഴുത്തും തുടരുക… ആശംലകൾ❤️ 👍
സ്വന്തം വീട് തോട്ടുമ്മൽ ആണ്. സ്നേഹം 😍
നന്നായി നിഷിഎഴുത്തു ❤️❤️
സ്നേഹം 😍
👍👍👍😍😍
സ്നേഹം 😍
ഏറ്റവും സന്തോഷത്തോടെ ജീവിക്കൂ ആശംസകൾ നിഷീ❤️❤️❤️
നല്ലൊരു ഓർമക്കുറിപ്പ്. കല്യാണ പെണ്ണിന്റെ ആധിയും ആഹ്ളാദവും ഇഴ ചേർന്ന അനുഭവം നന്നായി എഴുതി👌❤
സ്നേഹം 😍
സ്നേഹം 😍