ഒരു യാത്രയുടെ തുടക്കത്തിലാണ് ഷീജ എന്നെ വിളിച്ചത്.
സുമേ, നമ്മുടെ സ്മിത കുഞ്ഞിനേയും കൊണ്ട് ആത്മഹത്യ ചെയ്തു.
യ്യോ…എപ്പോ?
അലറിക്കുതിച്ചുപായുന്ന തീവണ്ടിയിൽ ജനാലോരക്കാഴ്ച്ചക്കളുടെ കൗതുകം തിരഞ്ഞിരുന്ന ഞാൻ ഫോണും കൊണ്ട് സീറ്റിൽ നിന്ന് ഉയർന്നു പൊങ്ങിപ്പോയി.
എന്റെ ചോദ്യം അൽപ്പം ഉറക്കെയായതു കൊണ്ട് മറ്റു യാത്രക്കാരുടെ ശ്രദ്ധ ഒരു നിമിഷം എന്നിലേക്കായി
ഒരരമണിക്കൂർ ആയിക്കാണും. ഒച്ചയും ബഹളവും കേട്ട് ഓടിച്ചെന്നവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴേക്കും….
ഷീജ പാതിയിൽ നിർത്തി
തലേന്ന് രാത്രി സ്മിതയുടെ വീട്ടിൽ നിന്ന് അടിയുടെയും കരച്ചിലിന്റെയും ഒച്ച കേട്ടിരുന്നു. രഘുവിനോട് ഒന്ന് ചെന്ന് നോക്കു എന്നുപറഞ്ഞപ്പോൾ, അതവിടെ പതിവല്ലേ. ഇനി ഞാൻ ചെന്നു നോക്കിയാൽ ആ നാറി എന്റെയും സ്മിതയുടെയും പേര് ചേർത്ത് നാട് നീളെ പറഞ്ഞു നടക്കും നീ കിടന്നുറങ്ങാൻ നോക്ക്. നാളെ വെളുപ്പിനെ പോകേണ്ടതല്ലേ.
രഘു പറഞ്ഞതും സത്യമാണ്. ദാസനും അയാളുടെ അമ്മയും രഘുവിനെ ചേർത്ത് അപവാദം പറഞ്ഞുണ്ടാക്കാൻ ഒട്ടും മടിക്കില്ല.
അവളെന്താ ചെയ്തേ… ഒരേങ്ങലോടെ ഞാൻ വീണ്ടും ഫോണ് ചെവിയിലേക്ക് ചേർത്തു.
എന്റെ ഇടറിയ ശബ്ദം കേട്ടിട്ട് രഘു എന്നെ മെല്ലെ തോണ്ടി.. എന്താകാര്യം എന്ന ചോദ്യഭാവത്തോടെ.
മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി.
കുഞ്ഞിനെ ഒരു സാരികൊണ്ട് നെഞ്ചിൽ ചേർത്ത് കെട്ടിയിരുന്നു. പൊള്ളിപ്പിടഞ്ഞപ്പോൾ, ആ കുഞ്ഞ് തെറിച്ചു പോയ്.. ഒരു കരിക്കട്ട കഷ്ണം ചുവരിൽ ഒട്ടിച്ചു വെച്ച പോലെയാ ആ മോൻ…..
ഷീജയുടെ തേങ്ങൽ കേട്ടതും, ആ ഭീകര ദൃശ്യം മുന്നിൽ കണ്ടിട്ടെന്ന പോലെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. അടുത്ത നിമിഷം ഞാൻ ബോധമറ്റ് നിലത്തേക്ക് മറിഞ്ഞു.
കണ്ണു തുറക്കുമ്പോൾ ഏതോ ഹോസ്പിറ്റൽ ബെഡിലാണെന്നു മനസ്സിലായി. ഇടതു കയ്യിലെ നേർത്ത സൂചിയിൽ കൂടി ഡ്രിപ് ബോട്ടിലിൽ നിന്ന് നിറമില്ലാത്ത ദ്രാവകം പച്ച നിറമുള്ള ഞരമ്പുകളിലേക്ക് ഇഴഞ്ഞു കയറുന്നു.
രഘു അടുത്തുതന്നെയിരിപ്പുണ്ട്. സ്മിതയെക്കുറിച്ച് ഞാൻ പറയാൻ തുടങ്ങിയതും രഘു എന്നെ തടഞ്ഞു.
ബിനീഷ് വിളിച്ചിരുന്നു എന്നെ.
ഉം… എന്നാലും അവള്
എന്റെ തേങ്ങിക്കരച്ചിൽ രഘുവിനെ അലോസരപ്പെടുത്തിയെന്ന് തോന്നുന്നു. എന്റെ മുഖത്ത് നിന്ന് ആ മിഴികൾ ജനലിനപ്പുറമുള്ള കാഴ്ചകളിലേക്ക് നീണ്ടു.
മോളെവിടെ?
അവർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. നീ വീണപ്പോ നിന്നെയും കൂട്ടി ഞാനിവിടെ ഇറങ്ങി.
ഏതാ ഈ സ്ഥലം..?
ആലപ്പുഴ.
നമുക്കിനി തിരിച്ചു വീട്ടിലേക്കു പോയാലോ. മോള് അവരുടെ കൂടെ എത്തിക്കോളൂമല്ലോ.
ആ പോകാം.
രഘു ആരോടെന്നില്ലാതെ ചുവരിൽ നോക്കിപ്പറഞ്ഞു. ആ യാത്ര മുടങ്ങിയതിൽ വല്ലാത്ത ഈർഷ്യയുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നോട്.
രഘുവിന്റെ അനിയന്റെ മോന്റെ ചോറൂണിനു ആറ്റുകാൽ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ.
വെളുപ്പിന് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോൾ സ്മിതയുടെ വീട് ഇരുളിന്റെ കരിമ്പടം പുതച്ച് ശാന്തമായി ഉറങ്ങുകയായിരുന്നു. പിന്നെയെപ്പോഴാണത് എരിയുന്നൊരു തീക്കുണ്ഠമായത്.
ഹോസ്പിറ്റലിൽ നിന്നിറങ്ങി വീണ്ടും യാത്ര തുടങ്ങിയപ്പോൾ എന്റെ മനസ്സ് നിറയെ സ്മിതയുടെ തളർന്ന മുഖമായിരുന്നു.
ചേച്ചി… ഇത്തിരി ചായപ്പൊടി തരുമോ?
സ്മിത കുഞ്ഞിനെയും കൊണ്ട് അടുക്കളയിലേക്ക് കയറി വരുമ്പോൾ ഞാൻ ഉച്ചക്കത്തേക്കുള്ള സാമ്പാറിൽ കടുക് വറുക്കുകയായിരുന്നു.
വല്ലാതെ പരിക്ഷീണയായിരുന്നു അവളപ്പോൾ. ഇപ്പോ വീണു പോകും എന്നപോലെ ആകെ കുഴഞ്ഞു മറിഞ്ഞു നിൽക്കുന്നു.
നീയെന്തേ ഇതുവരെ ചായ കുടിച്ചില്ലേ.. ചോറുണ്ണാൻ ആയല്ലോ.
ഞാൻ മോനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയതാ ചേച്ചി. ഇവിടെ വരുമ്പോ വീട് പൂട്ടി കിടക്കുന്നു.
അവളൊരു വിളറിയ ചിരിയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി.
ചായപ്പൊടി കൊണ്ടോയിട്ട് എങ്ങനെ ചായവെക്കും.
അത് പിന്നെ മുറ്റത്ത് ഒരടുപ്പ് കൂട്ടിയിട്ടുണ്ട്. ഓല കത്തിച്ചു തിളപ്പിക്കാം
സ്മിത മുഖം കുനിച്ചു നിന്ന് പറഞ്ഞൊപ്പിച്ചു.
അപ്പൊ പഞ്ചസാര വേണ്ടേ..
വേണ്ട ചേച്ചി.. ഞാൻ മധുരമില്ലാതെ കുടിച്ചോളാം.
കുഞ്ഞിന് വല്ലതും കൊടുത്തിരുന്നോ.
ഇല്ല ചേച്ചി.. ഇവനും കൊടുക്കാന്നു വെച്ചിട്ടാ…. ചായ.
നീയിങ്ങോട്ട് കേറിയിരുന്നേ.
ഞാനവളെ നിർബന്ധിച്ച് അകത്തേക്കു കയറ്റിയിരുത്തി.
രാവിലെ വല്ലതും കഴിച്ചാരുന്നോ നീ.
അവളതിന് മറുപടി പറഞ്ഞില്ല. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെന്നു എനിക്ക് മനസ്സിലായി. എല്ലുന്തി നിൽക്കുന്ന കവിളിലത് ചാല്കീറുന്നുണ്ട്.
ഞാൻ വേഗം ഒരു പ്ലേറ്റിൽ കുറച്ചു ചോറും കറികളും എടുത്തു വെച്ചു.
നീ കഴിക്ക്. കുഞ്ഞിന് ഞാൻ വാരിക്കൊടുക്കാം.
കുഞ്ഞിനുള്ള ചോറിൽ പപ്പടം പൊടിച്ചു ചേർത്ത് ഞാനവനെ കയ്യിൽ വാങ്ങിയതും ചേച്ചി, എന്നൊരു വിളിയോടെ അവളെന്നെ കെട്ടിപ്പിടിച്ചൊരു കരച്ചിലായിരുന്നു.
കരച്ചിലൊക്കെ പിന്നെ നീയത് കഴിക്ക്.
അവൾ കഴിക്കട്ടെ എന്ന് കരുതി ഞാൻ കുഞ്ഞിനേയും കൊണ്ട് മുറ്റത്തേക്കിറങ്ങി അവന് ചോറ് വാരിക്കൊടുക്കാൻ തുടങ്ങി.
എന്നാലും ആ തള്ള എന്തൊരു സാധനമാ. നീ കുഞ്ഞിനേയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് ഇങ്ങോട്ട് തന്നെ വരും എന്നറിഞ്ഞോണ്ട് എല്ലാം പൂട്ടി പോയല്ലോ അവർ.
ഭക്ഷണം കഴിഞ്ഞ് കൈകഴുകി വന്നിരിക്കുമ്പോൾ ഞാൻ സഹതാപത്തോടെ അവളെ നോക്കി.
എപ്പോഴും ഇങ്ങനെയാ ചേച്ചി. ചായപ്പൊടിയും പഞ്ചസാരയും വെളിച്ചെണ്ണയുമെല്ലാം അവർ അവരുടെ മുറിയിൽ കൊണ്ടു പൂട്ടി വെക്കും. ഏട്ടന്റെ കഴിപ്പ് മിക്കവാറും പുറത്ത് നിന്നായതു കൊണ്ട് അയാളൊട്ടു അറിയുന്നുമില്ല ഇതൊന്നും.രാത്രി ഏട്ടൻ വരുമ്പോഴേക്കും അവർ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി വെക്കും. അതിൽ നിന്ന് ഒരു നുള്ള് ഈ കുഞ്ഞിന് പോലും കൊടുക്കില്ല.
എന്തെങ്കിലും പരാതി പറഞ്ഞാൽ ഉടനെ തുടങ്ങും, നിന്റെ അച്ഛനോട് സ്ത്രീധനബാക്കി വാങ്ങിക്കൊണ്ട് വാ എന്നും പറഞ്ഞ്.
നിനക്ക് നിന്റെ വീട്ടിലേക്കു പൊയ്ക്കൂടേ. കുഞ്ഞിനെ നോക്കാൻ അമ്മയുണ്ടെങ്കിൽ നിനക്കൊരു ജോലിക്ക് പോകാമല്ലോ.
വീട്ടിലെ അവസ്ഥ ഇതിലും കഷ്ടമാണ് ചേച്ചി. എനിക്ക് താഴെ ഇനിയും മൂന്ന് പെൺകുട്ടികളാ. എന്റെ കല്യാണം വന്നപ്പോ അച്ഛൻ എടുത്താൽ പൊങ്ങാത്ത ഭാരമെടുത്തു തോളിൽ വെച്ചു. ഇത്രയധികം സ്ത്രീധനം കൊടുക്കാനുള്ള സാമ്പത്തികമൊന്നും ഉണ്ടായിട്ടല്ല അച്ഛനെന്നെ പൊന്നിൽക്കുളിപ്പിച്ചു പറഞ്ഞയച്ചത്. മരുമോനൊരു ഗവണ്മെന്റ് ജോലിക്കാരനാണല്ലോ എന്ന ഗമ. താഴെയുള്ള മക്കളുടെ കല്യാണം വരുമ്പോ മൂത്തയാൾ എന്നനിലക്ക് എല്ലാമങ്ങു ചെയ്തോളും എന്ന മൂഢ വിശ്വാസം.
ഇവിടെ വന്നപ്പോളല്ലേ അറിയുന്നേ എന്റെ സ്വർണ്ണമെല്ലാമെടുത്തു പെങ്ങളെ കെട്ടിക്കാനിരിക്കായിരുന്നു ഇവരെന്ന്.
പെങ്ങൾക്ക് വേണ്ടി വാക്ക് പറഞ്ഞത് മുഴുവൻ കൊണ്ടു വരാൻ എനിക്കു കഴിഞ്ഞില്ല. അച്ഛൻ വാക്ക് പറഞ്ഞ സ്വർണ്ണമത്രയും ഉണ്ടാക്കാൻ അച്ഛന് പറ്റിയില്ല. ചെറിയൊരു അവധി പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ അച്ഛനത് തന്നിട്ടില്ല.
മോനുണ്ടായപ്പോൾ എല്ലാം ശരിയാകും എന്ന് വിചാരിച്ചതാ. പക്ഷേ, ഒരു പുള്ളേനെ ഒണ്ടാക്കാനാണോടി നീയിങ്ങൊട് കെട്ടിക്കേറി വന്നേ എന്നും ചോദിച്ചാണ് അമ്മയുടെ ഉപദ്രവം.
അയാൾക്ക് അമ്മ പറയുന്നതിനപ്പുറം മറ്റൊന്നുമില്ല.. നിസാര കാര്യത്തിന് ഭയങ്കരമായി മർദിക്കും. കുഞ്ഞിനേയും ഉപദ്രവിക്കും. ഞാനും മോനും ഇല്ലാതായാൽ ഇനിയും നല്ല സ്ത്രീധനം വാങ്ങി കല്യാണം കഴിക്കാമെന്നാ അയാളുടെ മനസിലിരുപ്പ്.
നിനക്ക് പോലീസിലൊരു പരാതി കൊടുത്തൂടെ.?
എന്നാപ്പിന്നെ എന്റെ വീട്ടുകാർതന്നെ എനിക്കെതിരെ മൊഴി കൊടുക്കും ചേച്ചി. അവർക്ക് കുടുംബത്തിന്റെ അന്തസ്സും അഭിമാനവുമാ വലുത്.
അന്തസ്സ്… മണ്ണാങ്കട്ട… പോകാൻ പറയെടി പെണ്ണേ. നീയിക്കാര്യമൊക്കെ വീട്ടിൽ ചെന്ന് പറ ആദ്യം. എന്നിട്ടും അവർ ഒരു തീരുമാനമെടുക്കുന്നില്ലെങ്കിൽ ബാക്കി നമുക്ക് നോക്കാം.
എനിക്ക് ദേഷ്യമടക്കാനായില്ല.
അമ്മയോട് എല്ലാം പറയാറുണ്ട് ചേച്ചി. പക്ഷേ അമ്മ ഒരിക്കൽപ്പോലും എന്റെ വേദന കാണാൻ ശ്രമിച്ചിട്ടില്ല ജീവിതം ഇങ്ങനെയൊക്കെയാ. അഡ്ജസ്റ്റ് ചെയ്തു പോകേണ്ടത് പെണ്ണിന്റെ മിടുക്കാ എന്ന് പറയും. രണ്ട് ദിവസം മോനെയും കൊണ്ട് അവിടെ നിന്നാൽ മൂന്നാമത്തെ ദിവസം ചോദിക്കും നീ പോണില്ലേ ന്ന്.
അതു കേൾക്കുമ്പോ വീണ്ടും ഇറങ്ങി പോരും. അമ്മക്ക് അനിയത്തിമാരുടെ കാര്യമോർത്തുള്ള പേടിയാ. ഞാൻ കാരണം അവർക്കൊരു ജീവിതം കിട്ടാതെ പോയാലോ.
പോലീസും കേസുമൊക്കെ ആയാൽ എനിക്ക് സപ്പോർട്ട് തരാനോ എന്റെ കൂടെ നിൽക്കാനോ ആരുമില്ല ചേച്ചി.
സ്മിത വേദനയോടെ വിങ്ങിവിങ്ങിക്കരഞ്ഞു.
ആരുമില്ല എന്നും പറഞ്ഞു ചുമ്മാ മോങ്ങിയിട്ട് കാര്യമില്ല.നിനക്ക് വേണ്ടി നീ തന്നെ സംസാരിക്കുക. അവന്റെ ഇടിയും ചവിട്ടും കൊണ്ട് കിടക്കാനാണോ നീ ജന്മം കൊണ്ടത്.
നൂറു പവൻ സ്വർണ്ണവും കൊണ്ടു വന്നതല്ലേ നീ.. അതയാളോട് തിരിച്ചു മേടിക്കുക. എന്നിട്ടൊരു കുഞ്ഞു വീട് വാങ്ങി നീ നിന്റെ മോനെയും കൊണ്ട് സമാധാനമായി ജീവിക്കാൻ നോക്ക്.
ഇതൊക്കെ പറയാൻ എളുപ്പമാണ് ചേച്ചി.. നടപ്പിൽ വരുത്താൻ ഒരുപാട് കടമ്പകൾ ചാടിക്കടക്കേണ്ടി വരും.
നീ ധൈര്യമായിട്ടിരിക്ക്. ഞാനെന്തായാലും നമ്മുടെ മെമ്പറിനോട് ഇക്കാര്യമൊന്നു സൂചിപ്പിക്കാം. ബാക്കിയൊക്കെ വരുന്നിടത്തു വെച്ചു കാണാമെന്നേ.
അതൊന്നും വേണ്ട ചേച്ചി.. അയാളറിഞ്ഞാൽ എന്നെ കൊല്ലാനും മടിക്കില്ല.
നീയിങ്ങനെ പേടിച്ചാലോ. ഇപ്പൊത്തന്നെ നിന്റെ ശരീരത്തിൽ കുറച്ച് എല്ലു മാത്രേ ബാക്കിയുള്ളൂ ഇങ്ങനെ പോയാൽ നിന്റെ ജീവനും കാണില്ല കൂടെ. മോന് വേണ്ടി കുറച്ചു കാലംകൂടി ജീവിക്കണ്ടേ നിനക്ക്. ഡിവോഴ്സിന് ഒരു കേസ് ഫയൽ ചെയ്താൽ പിന്നെയെല്ലാം എളുപ്പമാണ്.
ഉം… സ്മിത ഒരു നെടുവീർപ്പിട്ടു.
പിന്നെത്തെയാഴ്ച്ച കുടുംബശ്രീ കൂടിയപ്പോൾ ഞാനിക്കാര്യം അവിടെ പറയുകയും പഞ്ചായത്ത് മെമ്പറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതൊക്കെ കുടുംബകോടതിയിൽ തീർപ്പാക്കേണ്ട കേസുകളാണ്. ആ പെണ്ണിനോട് ഡിവോഴ്സിനുള്ള കാര്യങ്ങൾ ചെയ്യാൻ പറ. നമുക്ക് സപ്പോർട്ട് കൊടുക്കാം. അല്ലാതെ അവരുടെ കുടുംബക്കാര്യത്തിൽ കയറി ഇടപെടാനുള്ള വകുപ്പൊന്നുമില്ല. പിന്നെ അവനെയൊന്നു ഉപദേശിക്കാം. അതിൽ കൂടുതലൊന്നും നമുക്ക് ചെയ്യാനില്ല.
മെമ്പർ പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരും അത് ശരിവെച്ചു.
കാര്യങ്ങളൊക്കെ അവളെ പറഞ്ഞു ബോധ്യപ്പെടുത്തി കോടതിയിൽ പോകാനിരിക്കെയാണ് അവളീ കടുംകൈ പ്രവർത്തിച്ചിരിക്കുന്നത്.
ഓർക്കും തോറും എനിക്ക് സങ്കടം അടക്കാൻ കഴിയുന്നില്ലായിരുന്നു.
അവളുടെ വീട്ടുകാർക്കില്ലാത്ത വിഷമം നിനക്കെന്തിനാ സുമേ.
എന്റെ ഏങ്ങിക്കരച്ചിൽ കണ്ട് രഘു എന്നെ കുറ്റപ്പെടുത്തി.
ഞങ്ങളെത്തുമ്പോൾ സ്മിതയും കുഞ്ഞും വെളുത്ത നിറത്തിലുള്ള ഒരു പഴന്തുണിക്കെട്ടായി മുറ്റത്തെ പന്തലിൽ കിടപ്പുണ്ടായിരുന്നു.
ഹൃദയഭേദകമായിരുന്നു ആ കാഴ്ച. പ്രജ്ഞയറ്റ് മറിഞ്ഞു വീഴാതിരിക്കാൻ രഘുവിനെ മുറുകെപിടിച്ചു ഞാൻ.
എന്റെ മോളേ എന്ന് നേർത്തു നേർത്തു പോകുന്നൊരു കരച്ചിൽ കേട്ടപ്പോൾ അതാരാണെന്നറിയാൻ ഞാനങ്ങോട്ടു കണ്ണുകൾ കൂർപ്പിച്ചു.
സ്മിതയുടെ അമ്മയായിരുന്നു അത്.
ഒരു നിമിഷം രഘുവിന്റെ കൈ തട്ടി മാറ്റി ഞാനവർക്കരികിലേക്ക് ഓടിച്ചെന്നു.
എന്റെ മോളോ.. ഥ്ഭൂ… അങ്ങനെ ഒരു സ്ഥാനം നിങ്ങളവൾക്ക് കൊടുത്തിരുന്നെങ്കിൽ അവളും ആ കുഞ്ഞും ഇന്നീ കിടപ്പ് കിടക്കുമായിരുന്നോ . എത്രയോ വട്ടം കരഞ്ഞു കൊണ്ട് ഈ പെണ്ണവിടെ കയറി വന്നു. ഒന്ന് ചേർത്തുപിടിക്കാൻ നിങ്ങൾക്കു കഴിഞ്ഞോ.കെട്ടിച്ചു വിട്ട് കടമ തീർക്കുന്ന നിങ്ങൾക്കൊന്നും മക്കളേയുണ്ടാക്കാനുള്ള അവകാശം പോലുമില്ല.പിന്നെയാണോ മോളെയോർത്തുള്ള പൂങ്കണ്ണീര്. നിർത്ത് തള്ളേ.
എന്റെ ശബ്ദം ഒരാക്രോശമായി മാറുന്നതറിഞ്ഞ് രഘു ഓടി വന്നെന്നെ വട്ടം പിടിച്ചു. പിന്നെ ബലമായി പുറത്തേക്കു നടത്തിച്ചു.
വിട്.. എനിക്കിനിയും പറയണം അവരോട്. അവരോട് മാത്രമല്ല പോലീസിനോടും. ആ പാവംപെണ്ണ് സ്ത്രീധനത്തിന്റെ പേരിൽ അനുഭവിച്ചു കൂട്ടിയതെല്ലാം ഈ ലോകം മുഴുവനും അറിയണം. വിടെന്നേ..
രഘുവിന്റെ കയ്യിൽക്കിടന്നു ഞാൻ കുതറിക്കൊണ്ടിരുന്നു. പക്ഷേ ആ കൈകൾ ഉരുക്കു പോലെ എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു. അഴിച്ചു മാറ്റാനാകാത്ത വിധം.
#എന്റെരചന
#സ്ത്രീധനം


10 Comments
പലരും ഇങ്ങിനെയൊരവസ്ഥയിലാകുമ്പോൾ സ്വന്തം വീട്ടുകാർ സപ്പോർട്ട് ചെയ്യാത്തതുകൊണ്ടാണ് ആത്മഹത്യയിലേക്ക് പോകുന്നത് … ഇന്നിൻ്റെ നേർക്കാഴ്ച്ചകൾ നന്നായി പകർത്തി👍🌹
പെൺക്കുട്ടികളുടെ വീട്ടുകാരാണ് തെറ്റിന്റെ ആദ്യ പടി ചവിട്ടുന്നത്.. അല്ലെങ്കിൽ നൂറ് പവൻ കൊടുത്ത് ഇങ്ങനെ കൊലക്ക് വിടുമോ 😔
ആഴത്തിലുള്ള നോവുകൾ. കെട്ടുപാടുകളിൽ ഞെരിഞ്ഞമരുന്ന ജീവിതങ്ങൾ..
മാറ്റമില്ലാതെ തുടരുന്ന അനീതികൾ. എന്നാണിത് അവസാനിക്കുക?
സ്ത്രീധനം എന്ന വൃത്തികെട്ട ഏർപ്പാട് അവസാനിപ്പിക്കേണ്ടത് തന്നെയാണ്. ഞാൻ കണ്ണൂരായതിനാൽ ഈ ഏർപ്പാടിനെപ്പറ്റി പറഞ്ഞു കേട്ടിട്ടേയുള്ളൂ. എൻെറ നാട്ടിൽ ആരെങ്കിലും കണ്ണൂരിന് വെളിയിൽ നിന്ന് കല്ല്യാണം കഴിക്കുകയാണെങ്കിൽ സ്ത്രിധനം വാങ്ങിച്ചിട്ടാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കും. കാരണം സ്ത്രീധനം വാങ്ങിക്കുക എന്നത് ഏറ്റവും കുറച്ചിലായിട്ടാണ് ആളുകൾ കരുതുന്നത്. സ്ത്രീധനത്തിൻെറ പേരിൽ എത്ര സത്രീകളാണ് പീഢനം അനുഭവിക്കുകയും ആത്മഹത്യ ചെയ്യുകയുമൊക്കെ ചെയ്യുന്നത്. സ്ത്രീധം കൊടുക്കരുത്. ചോദിക്കുന്നവരെ തല്ലിയോടിക്കണം. പുതിയ തലമുറയെങ്കിലും ഇതിനെതിരായി ചിന്തിക്കുന്നവരായെങ്കിൽ എന്ന് ആശിക്കുന്നു. നന്നായെഴുതി👌 അഭിനന്ദനങ്ങൾ❤️👍
പെൺകുട്ടികൾ വിവാഹമേ വേണ്ട എന്ന് തീരുമാനിക്കുന്നതിൽ ഒട്ടും തെറ്റ് പറയാൻ പറ്റില്ല…
ദിവസവും കേട്ടു കൊണ്ടിരിക്കുന്ന സംഭവങ്ങൾ വായനയിലൂടെ കണ്ണിനു മുന്നിൽ വന്നു. സ്ത്രീധനപീഢനപർവ്വം അവസാനിക്കണമെങ്കിൽ സ്ത്രീകളുടെ ഉറച്ച തീരുമാനം വേണം. നല്ല രചന👍
സങ്കടം തോന്നിപ്പിക്കുന്ന എഴുത്ത് 👌
ഇങ്ങനെ എത്രയെത്ര സംഭവങ്ങളാണ് നമുക്കു ചുറ്റും നടക്കുന്നത്. . ടി വി യിൽ വാർത്തകൾ വരുമ്പോൾ ഹൃദയം പൊടിയുകയാണ്.
നന്നായി എഴുതി സിന്ധൂ👌🌹
സ്നേഹം❤️❤️❤️❤️
👌👍🥲💯🙏🙏