“തങ്കം പോലത്തെ ചെക്കനും പൊന്നു പോലത്തെ പെണ്ണും. ഇതെന്തായാലും നടക്കും. ”
കണാരേട്ടൻ പുറത്ത് തകർക്കുകയാണ്.
“എന്റെ കണാരേട്ടാ, എന്റെ മോള് പൊന്ന് തന്നെയാണ് എനിക്ക്. അവൾക്ക് വേണ്ട പൊന്ന് ഞാൻ കൊടുക്കുകയും ചെയ്യും. ചെക്കൻ തങ്കമാവണമെന്നൊന്നുമില്ല. അവളെ പോറ്റാനുള്ള തന്റേടവും കാര്യപ്രാപ്തിയും സ്വഭാവഗുണവുമുണ്ടായാൽ മതി.”
“നീ വിഷമിക്കാതിരിക്ക് സുരേന്ദ്രാ. നമ്മൾക്ക് നോക്കാം. എന്റെ മോളെപ്പോലെയല്ലേ. ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വേണമെന്നാണല്ലോ. ഇവിടെയതു നമ്മൾക്കു കണ്ണടയ്ക്കാവുന്നതല്ലല്ലോ.”
“കുറവിനു കൂടുതൽ കേട്ടു ആരും ഇങ്ങോട്ടു വരണ്ട. അവൾക്ക് ആവശ്യത്തിനു വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്. ഇപ്പോൾ തന്നെ പി എസ് സി റാങ്ക് ലിസ്റ്റിൽ അവളുണ്ട്. ജീവിച്ചു പോവാനുള്ള സാഹചര്യവുമുണ്ട്. ഞങ്ങളുടെ കാലം കഴിഞ്ഞാൽ അവൾക്ക് ഒറ്റപ്പെട്ടു പോവരുത്. അതാണ് കണാരേട്ടനോട് തന്നെ പറയുന്നത്.”
“ശരി, സുരേന്ദ്രാ. ഞാൻ ഇറങ്ങുകയാണ്. ഒന്നു രണ്ടിടത്ത് പോവാനുണ്ട്. ”
…………………….
അകന്നു പോവുന്ന കാലൊച്ചയ്ക്ക് കാതോർത്തു എന്തോ ചിന്തയിൽ മുഴുകിയിരുന്നപ്പോഴാണ് ‘എന്താ എന്റെ മിത്തൂട്ടൻ ആലോചിക്കുന്നത്’ എന്നു ചോദിച്ചു തലയിൽ തലോടിയത്. ഒന്നുമില്ല അച്ഛാ എന്നു പറഞ്ഞു ചിരിച്ചപ്പോഴും സ്മിതയുടെ മനസ്സ് ചിന്തയുടെ മേച്ചിൽപ്പുറങ്ങൾ തേടുകയായിരുന്നു.
സ്മിത, സുരേന്ദ്രന്റേയും ലളിതയുടേയും ഏക മകൾ. അച്ഛന്റെ മിത്തൂട്ടൻ. ചെറുപ്പത്തിൽ നടന്ന അപകടത്തിൽ അവളുടെ ഇടതുകാലിനു ചെറിയ നീളവ്യത്യാസം സംഭവിച്ചിരുന്നു. ചട്ടുകാലി, ഒന്നരക്കാലി അങ്ങനെ എല്ലാവരും ചെറുപ്പത്തിലേ അവളെ കളിയാക്കാൻ തുടങ്ങിയിരുന്നു. ചെരുപ്പ് കൊണ്ട് തന്നെ അവളുടെ വൈകല്യത്തെ ഒരു പരിധിവരെ അതിജീവിച്ചിരുന്നു. ഏതൊരച്ഛന്റേയും മനസ്സിലെ രാജകുമാരിമാരാണ് പെൺമക്കൾ എന്ന പോലെ സുരേന്ദ്രൻ സ്മിതയെ കൈവെള്ളയിലെ മുത്തായാണ് കൊണ്ടു നടന്നത്. അവളുടെ വൈകല്യത്തേയും അവഹേളനങ്ങളേയും പുഞ്ചിരിയോടെ നേരിടാൻ, വാശിയോടെ ഉയരങ്ങൾ തേടാൻ മാനസികപിന്തുണയുമായി അച്ഛനെന്നുമുണ്ടായിരുന്നു. അമ്മയുടെ അരുതുകളിൽ അച്ഛന്റെ സ്നേഹം അവൾക്ക് കരുത്തായി.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അവളുടേതായ സ്ഥാനം നേടിയെടുത്തപ്പോൾ വിമർശനങ്ങളുടെ കൂരമ്പുകളുടെ മുനയൊടിഞ്ഞു. എല്ലാവരുടേയും ഉള്ളിൽ ഒരു സ്ഥാനം നേടാൻ കഴിഞ്ഞു. പഠനത്തോടൊപ്പം ട്യൂഷൻ എടുക്കാനും ചെറിയ ജോലികൾക്കും ഒക്കെ കുഞ്ഞു പ്രായത്തിലേ സമയം കണ്ടെത്തിയിരുന്നതുകൊണ്ട് സ്വയംപര്യാപ്തത അവളുടെ ജീവിതത്തിന്റെ ശക്തിയായിരുന്നു. പല മത്സരപ്പരീക്ഷകൾക്കും പങ്കെടുത്ത് ഇപ്പോൾ പി എസ് സി റാങ്ക് ലിസ്റ്റിലുണ്ട്. പക്ഷേ നിയമനം ഇപ്പോഴും ചില നിയമക്കുരുക്കുകളിൽ പെട്ട് കീറാമുട്ടിയായി തുടരുന്നു. അമ്മയുടെ ശബ്ദമാണ് സ്മിതയെ ചിന്തയിൽ നിന്നും ഉണർത്തിയത്.
“കണാരേട്ടൻ കൂട്ടിയിണക്കിയ ബന്ധങ്ങൾ ഇതുവരെ അറ്റുപോയിട്ടില്ല. സ്വന്തം ജീവിതത്തെ കൈപിടിയിലൊതുക്കാൻ മാത്രം കണാരേട്ടനു കഴിഞ്ഞില്ല. വൈകിയാണ് കല്യാണം കഴിഞ്ഞതെങ്കിലും കണാരേട്ടനും നാരായണി ഏടത്തിയും തമ്മിൽ എന്തൊരു ചേർച്ചയായിരുന്നു. കണാരേട്ടന്റെ അമ്മയുമായി എന്തുകൊണ്ടോ ചേർന്നുപോയില്ല. തമ്മിൽ പിരിഞ്ഞു. അവരുടെ മോൾക്ക് നമ്മുടെ സ്മിതയുടെ വയസ്സാണ്. കുറച്ചു നാള് മുൻപ് നാരായണി ഏടത്തിയേയും മോളേയും കണ്ടിരുന്നു. അച്ഛന്റെ പകർപ്പ് തന്നെ. അമ്മ മരിച്ചിട്ടും എന്തേ ഒരു മടങ്ങിവരവില്ലാത്തതെന്നു ചോദിച്ചിരുന്നു ഞാൻ. മുറിച്ചാൽ മുറികൂടാൻ ഇത്തിരി പാടാണ് ചില ബന്ധങ്ങൾ. ഇതങ്ങനെ പോവട്ടെയെന്നു പറഞ്ഞു. അവരു തമ്മിൽ കാണാറൊക്കെയുണ്ട്. മോളുടെ കാര്യങ്ങളിലും ഒരു മുടക്കവും വരുത്താറില്ല. കണാരേട്ടൻ.”
“കണാരേട്ടന് നൂറായുസ്സാണ്. എന്താ കണാരേട്ടാ, വിളിച്ചത്. ആണോ. എപ്പോഴാണ് വരുന്നത്. ശരി, അവർ വന്നോട്ടെ, ഞാൻ പറഞ്ഞോളാം.”
“മിത്തൂട്ടാ, ഒന്നിങ്ങു വന്നേ. ലളിതേ, നീയുമിരിക്ക്. അച്ഛന്റെ മോള് വന്നോ. നാളെ ഒരുകൂട്ടർ വരുന്നുണ്ട്. പേര് രമേശ് എന്നാണ്. ടൗണിൽ സൂപ്പർമാർക്കറ്റാണ്. കഴിഞ്ഞതവണ സാധനമെടുക്കാൻ പോയപ്പോൾ ഞാൻ ആളെ കണ്ടിരുന്നു. ഇപ്പോൾ കണാരേട്ടൻ പറഞ്ഞപ്പോഴാണ് ഓർത്തത്. കാണാൻ തെറ്റില്ല. വീട്ടിൽ അമ്മയും മകനും മാത്രമേയുള്ളൂ. കുടുംബപരമായി നന്നായി ചേരുന്ന ബന്ധമാണ്. ജാതകച്ചേർച്ചയുമുണ്ട്. അവർ കണ്ടിട്ടു പോട്ടേ. ബാക്കി നമ്മുക്ക് അന്വേഷിക്കാം. മോള് രാവിലെ അമ്പലത്തിലൊക്കെ പോയി റെഡിയായി നിന്നോളൂ. പത്തുമണിയാവുമ്പോൾ അവരെത്തും.”
രാവിലെ അവർ വന്നു. ഒപ്പം കണാരേട്ടനും. സുമുഖനായ ചെറുപ്പക്കാരൻ. സ്നേഹസമ്പന്നയായ അമ്മ. അച്ഛൻ മരിച്ചപ്പോൾ അച്ഛന്റെ ബിസിനസ്സ് ഏറ്റു നടത്തിയ മകൻ.
തമ്മിൽ സംസാരിച്ചപ്പോൾ വൈകല്യം ഒരു വിഷയം പോലുമായില്ല. ചിരപരിചിതരേപ്പോലെ അവർ സംസാരിച്ചു.. പഠനത്തെപ്പറ്റി, ജോലിയെപ്പറ്റി, ,ഭാവി ജീവിതത്തെപ്പറ്റി അങ്ങനെ നർമ്മത്തിന്റെ മേമ്പൊടി കലർത്തിയ സംഭാഷണം സ്മിതയെ ഹഠാദാകർഷിച്ചു. അമ്മയുടെ കരുതൽ നിറഞ്ഞ സ്നേഹം സ്മിതയ്ക്കും കുടുംബത്തിനും മനസ്സിനു കുളിർത്തെന്നലായി.
കൂടുതൽ അന്വേഷണത്തിലും പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ കല്യാണം ഉറപ്പിച്ചു. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ചടങ്ങും നടന്നു. സന്തോഷകരമായ ദിവസങ്ങൾ വിരുന്നു വന്നു. അതിനിടയിൽ വില്ലേജ് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അഡ്വൈസ് മെമ്മോയും വന്നു.
കല്യാണം കഴിഞ്ഞു ഒരുവർഷം കഴിഞ്ഞപ്പോഴാണ് അശനിപാതം പോലെ സ്മിതയുടെ അമ്മയുടെ മരണം. ഒറ്റയ്ക്കായിപ്പോയ അച്ഛന് താങ്ങും തണലുമായപ്പോൾ രമേശനും സ്മിതയ്ക്കുമിടയിൽ അകൽച്ച വളരാൻ തുടങ്ങി. പൊയ്മുഖങ്ങൾ അകലാൻ തുടങ്ങിയപ്പോൾ യാഥാർത്ഥ്യം കനലായി. ഗർഭിണിയാവാത്തതിന്റെ പേരിലും വൈകല്യത്തിന്റെ പേരിലും അനുദിനം തേജോവധം ചെയ്യപ്പെട്ടു. അച്ഛനൊന്നുമറിയാതിരിക്കാൻ അവളെല്ലാമുള്ളിലൊതുക്കി.
അതിനിടയിൽ അച്ഛന്റെ നില അതീവഗുരുതരമായി. ആ സമയത്ത് തന്നെയാണ് ക്ഷീണം കാരണം പരിശോധിച്ചപ്പോൾ താൻ ഗർഭിണിയാണെന്നു സ്മിത തിരിച്ചറിഞ്ഞത്. അതിൽ സന്തോഷിക്കാൻ കഴിയാതെ വിഷമഘട്ടത്തിലായ അവളെ കൂടുതൽ തളർത്താൻ രമേശനും അമ്മയും കുത്തുവാക്കുകളുതിർത്തു.
ദിവസങ്ങളുടെ ആശുപത്രിവാസത്തിനവസാനം അച്ഛനെ ഡിസ്ചാർജ്ജ് ചെയ്യുന്ന ദിവസം വീട്ടിൽ വന്നു വിശ്രമമെടുത്ത് അച്ഛനുള്ള ഭക്ഷണവുമെടുത്ത് പോവാനിറങ്ങിയ സ്മിതയുടെ നേരെ രമേശൻ അസഭ്യവർഷം തുടങ്ങി.
“ആരുടെ കൂടെ കിടക്കാനാണെടി ഒരുങ്ങിക്കെട്ടി പോവുന്നത്. വയറ്റിൽ കിടക്കുന്നതിന്റെ തന്ത ആരാണെന്നു ആർക്കറിയാം.”
പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ കുഞ്ഞിന്റെ പേരിൽ പറഞ്ഞ കളങ്കം അവളിലെ എല്ലാ സ്നേഹത്തേയും ആവിയാക്കി. ഒരു നിമിഷം നിന്നു, കഴുത്തിലെ താലിയഴിച്ച് രമേശിന്റെ കൈയിൽ കൊടുത്തു തിരിഞ്ഞു നോക്കാതെ ആ പടിയിറങ്ങി. അതേസമയം ഹോസ്പിറ്റലിൽ അവളുടെ ജീവതത്തിലെ നിറവെളിച്ചം അണയുകയായിരുന്നു.
തെക്കേത്തൊടിയിലെ എരിയുന്ന ചിതയിലെ കനലുകൾ അവളിൽ അതിജീവനത്തിന്റെ കരുത്ത് നിറച്ചു. ഒറ്റപ്പെടലിലും സുരക്ഷിതത്വത്തിന്റെ കവചത്തിൽ ഭയമകന്നു ശാന്തിയെയറിയുകയായിരുന്നു.
★★★നിഷിബ എം നിഷി★★★
#എന്റെരചന
#സ്ത്രീധനം


6 Comments
👍👍
സ്നേഹം സന്തോഷം 😍
Well penned.
👏👍
സ്നേഹം സന്തോഷം 😍
പലരുടെയും മുഖങ്ങൾ മാറുന്നത് പെട്ടെന്നാണ്. ഉള്ളു കീറി നോക്കാനാവില്ലെന്നു പറയുന്നത് ശരി തന്നെയാണ്
നല്ലെഴുത്ത് നിഷി♥️🌹👌
സ്നേഹം സന്തോഷം 😍