Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കരളിൽ നിന്ന് കൂടൊഴിഞ്ഞവൻ
കഥ ജീവിതം പാരന്റിങ് സൗഹൃദം

കരളിൽ നിന്ന് കൂടൊഴിഞ്ഞവൻ

By THARA SUBHASHAugust 10, 2025Updated:September 19, 202520 Comments7 Mins Read249 Views
Bookmark Now
Please login to bookmark Close

No account yet? Register

നെഞ്ചിനുള്ളിൽ കുത്തിത്തിരിഞ്ഞു ചുഴറ്റി മറിയുന്ന  സങ്കടപ്പെയ്ത്തിൽ വീണു പോയേക്കുമെന്നു  തോന്നിയ ഷീബ ഒരു നിമിഷം നിന്നു. പിടി വിട്ടു പെയ്യുന്ന കണ്ണുകളെ അവൾ ഗൗനിച്ചേയില്ല. എങ്കിലും എൻ്റെ കുഞ്ഞെന്നെ തിരിച്ചറിഞ്ഞില്ലല്ലോ. സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അവൾക്കത്

അമ്മേ…  എന്നൊരു പിൻവിളിക്കായ് വൃഥാ കാതോർത്ത്, വിങ്ങുന്ന കരളോടെ പതിയെ നടക്കുമ്പോൾ അതാ  അവൻ്റെ ഒച്ച! സ്ഥലകാലവും  പ്രായവും മറന്ന് മുന്നേ കുതിക്കുന്ന മനസ്സിനെ പിന്നിലാക്കി അവൾ കുതിച്ചോടി. എൻ്റെ കുഞ്ഞിനെന്നെ മനസ്സിലായി, അവനെന്നെ വിളിക്കുന്നു… ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞ്, കരഞ്ഞും ചിരിച്ചും ഉന്മാദിനിയെപ്പോലെ പാഞ്ഞു വരുന്ന അവളെക്കണ്ട് തമിഴൻ കാവൽക്കാരൻ വാ പൊളിച്ചു. “എന്നമ്മാ, ഉങ്കളുക്കും പൈത്യമാ?”

അവനെ പാടേ അവഗണിച്ചു മുന്നേറിയ ഷീബ, പക്ഷേ “എന്താ മാഡം ഇത്? നിങ്ങൾക്കു തീരെ ബോധമില്ലേ?” എന്ന രാമഭദ്രൻ സാറിൻ്റെ ചോദ്യത്തിനു മുന്നിൽ തടഞ്ഞു നിന്നു.

സാർ എൻ്റെ അപ്പുണ്ണി, അവന് ഓർമ്മ തിരിച്ചു കിട്ടി… അവനെന്നെ വിളിച്ചു, … ദേ നോക്കിക്കേ അവൻ വിളിക്കുന്നതു കണ്ടോ… അവനെയൊന്നു പുറത്തിറക്കിത്താ… ഞാനൊന്നു  തൊട്ടോട്ടെ… ഒറ്റത്തവണ ചേർത്തുപിടിച്ചോട്ടെ… പ്ലീസ്. ഇല്ലെങ്കിൽ  മരിച്ചാലും  എനിക്കു ശാന്തി കിട്ടില്ല സാർ… !

രാമഭദ്രൻ സാർ അവളെ കയ്യെടുത്തു വിലക്കി. “പറ്റില്ല മാഡം, അതപകടമാണ്, നിങ്ങൾക്കും അവനും “

പൊട്ടിക്കരഞ്ഞവൾ  അപ്പുണ്ണിയെ നോക്കി. അത്യന്തം പ്രതീക്ഷയോടെ, പണ്ടേപ്പോലെ  കൂടിൻ്റെ അഴികളിൽ മുൻകാലുയർത്തി മാന്തി ധൃതി കൂട്ടുകയാണവൻ. അമ്മേ എന്നെ ഇറക്ക്, എനിക്ക് അമ്മയെ തൊടണം എന്നാണവൻ പറയുന്നത്. തനിക്കത് അറിയാം. പക്ഷേ  തൻ്റെ  ഉള്ളിൽ തലതല്ലിച്ചാകുന്ന  സങ്കടക്കടൽ മറ്റാർക്കും കാണാനാവാത്തതെന്തേ? തനിക്ക് ഈ മനുഷ്യനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്തതെന്തേ?

അപ്പുണ്ണി ശ്രമം തുടരുകയാണ്. അവനു കുറേശ്ശേ ദേഷ്യം വരുന്നുമുണ്ട്. അതും പതിവാണ്. ഇറക്കാൻ വൈകുന്തോറും ഈ പിണക്കവും ഉള്ളതാണ്

അവന് എല്ലാം ഓർമ്മ വന്നു.

ഒരു കുഴപ്പവുമുണ്ടാക്കില്ല… എനിക്ക് അവൻ്റ ഭാഷ അറിയാം സാർ… 

“ഓഹോ, നിങ്ങൾക്ക് ഇതെല്ലാം അറിയാമായിരുന്നിട്ടാണോ?  ഇത്തരം ഒരു റീഹാബിലിറ്റേഷൻ സെൻ്റർ, ഒറ്റയ്ക്കു നടത്തിക്കൊണ്ടു പോകുന്ന പാടു  നിങ്ങൾക്കറിയാമോ? നിങ്ങളെപ്പോലുള്ളവർ, പുന്നാരിച്ചും പിന്നെ തള്ളിക്കളഞ്ഞും വേദനിപ്പിക്കുന്ന മിണ്ടാപ്രാണികളെ ശാന്തരായി മരിക്കാനെങ്കിലും അനുവദിക്കണമെന്നേ എനിക്കുമുള്ളൂ.. പഴയ ഉടമസ്ഥർ കാണാൻ വരുന്നത് പ്രോത്സാഹിപ്പിക്കാത്തതും അതൊക്കെ കൊണ്ടുതന്നെയാ “

ഷീബ തകർന്നു പോയി. 

അങ്ങനെ പറയരുത് സാർ, അവനെ ഞങ്ങൾ ഉപേക്ഷിച്ചതല്ല, ഞങ്ങൾക്ക് ഒരബദ്ധം പറ്റിയതാണ്… അവനെ തള്ളിക്കളയാൻ എനിക്കും കിച്ചൂനും ഇന്നും പറ്റിയിട്ടില്ല  സാറിനറിയാമല്ലോ. 

“അതൊക്കെ ശരി. പക്ഷേ ഇനി നിങ്ങൾ നിൽക്കരുത്. വരികയുമരുത്. കിച്ചു അത്രയ്ക്കു നിർബന്ധിച്ചിട്ടാണ് ഞാൻ സമ്മതിച്ചത്. പാടില്ലായിരുന്നു. എത്ര പാടുപെട്ടാണ് അവനെ ഭക്ഷണം കഴിക്കുന്ന നിലയിലെങ്കിലും എത്തിച്ചതെന്നറിയുമോ? പിന്നെ നിങ്ങൾ വിചാരിക്കുമ്പോലെ അപ്പുണ്ണി നിങ്ങളെ തിരിച്ചറിഞ്ഞതൊന്നുമല്ല. എങ്കിൽ നിങ്ങൾ വരുമ്പൊഴേ അവനറിയണ്ടേ? ഇതെല്ലാം അപരിചിതരോട് ഇത്തരം നായ്ക്കളുടെ സ്വാഭാവിക പ്രതികരണമാണ്. “

തൻ്റെ ഹൃദയം നൂറായി നുറുങ്ങി താഴെ വീഴുന്നതവളറിഞ്ഞു. ! ഇന്നുവരെ ശാന്തനായി മാത്രം കണ്ടിട്ടുള്ള ഈ മനുഷ്യനെങ്ങനെ ഇതു പറയാൻ  കഴിഞ്ഞു. 

അപ്പുണ്ണിയോടു ഞാൻ വീണ്ടും തിരുത്താനാകാത്ത തെറ്റു ചെയ്തോ? ഉടഞ്ഞു പോയ പ്രജ്ഞയെ വീണ്ടും താൻ ഉലച്ചോ? ഇല്ല, അതെല്ലാം സാറിൻ്റെ വെറും തോന്നലുകളാണ്. ഞാനൊന്നു കെട്ടിപ്പിടിച്ചാൽ, താടിക്കു താഴെ മെല്ലെ ഒന്നുഴിഞ്ഞാൽ, ഒന്നു ശകാരിച്ചാൽ, അല്ലെങ്കിൽ കുഞ്ഞൊരടി കൊടുത്താൽ തീരും അവൻ്റെ വിഷമങ്ങളെല്ലാം. പക്ഷേ… രാമഭദ്രൻ സാറിനെ പിണക്കാൻ വയ്യ. ആകെ തകർന്ന അവസ്ഥയിൽ തന്നെയും  കിച്ചുവിനെയും സഹായിക്കാൻ അദ്ദേഹമേ ഉണ്ടായിരുന്നുള്ളു. നടുക്കുന്ന ഓർമ്മയിൽ ഷീബ അറിയാതൊന്നു പിടഞ്ഞു. മുറിവേറ്റു വിങ്ങുന്ന ഉടലും അതിലേറെ പരിക്കു പറ്റിയ മനസ്സുമായി, മഴനനഞ്ഞ്, മണ്ണിൽ  തകർന്നടിഞ്ഞു  കിടന്ന ആ നശിച്ച സന്ധ്യ..

“ഇറങ്ങിക്കോളൂ മാഡം, അവനെയോർത്തു വിഷമിക്കണ്ട, അവനു ഞങ്ങളുണ്ട്. ” രാമഭദ്രൻ സാർ  എന്നെന്നേക്കുമായി  തന്നെ പുറത്താക്കുകയാണ്

അപ്പുണ്ണി കൂട്ടിനുള്ളിൽ പ്രതീക്ഷയോടെ ശ്രമം തുടരുന്നു.. ഇനി വയ്യ ! മകനെ നീയെന്നെ തിരിച്ചറിയാഞ്ഞാൽ ആ

വേദന  മാത്രം സഹിച്ചാൽ  മതിയായിരുന്നു. ഇതിപ്പോൾ നീയെന്നെ അറിഞ്ഞു പോയല്ലോ… നിരാസത്തിൻ്റെ നീറ്റലും പിടയലും ഒരിക്കൽ കൂടി നിനക്കു നൽകാനായി താനൊരിക്കലും വരരുതായിരുന്നു. 

ഇനിയൊരിക്കലും അവനെക്കാണാൻ തനിക്കു വരാനുമാവില്ല. രാമഭദ്രൻ സാറിൻ്റെ എതിർപ്പ് മാത്രമല്ല, ഒരിക്കൽ കൂടി അപ്പുണ്ണിയുടെ വിശ്വാസം തകർത്ത  താൻ, അതിനുള്ള അർഹത തന്നെ  റദ്ദ് ചെയ്താണു മടങ്ങുന്നത്. 

IMG-20250810-WA0018

തിരിഞ്ഞൊന്നു നോക്കാതെ സ്വപ്നാടകയെപ്പോലെ കാറിലേക്കു മടങ്ങുമ്പോൾ  പിന്നിൽ കേട്ട ശബ്ദം കുരയോ, കരച്ചിലോ എന്നു തിരിച്ചറിയാനായില്ല. ! പക്ഷേ അതിനർത്ഥം അവൾക്കറിയാമായിരുന്നു. പിന്നാലെ കേട്ട മുരൾച്ചയും, തുടർന്ന് കൂടിനുള്ളിലൂടെ ഭ്രാന്തമായി ഓടുന്ന അപ്പുണ്ണിയുടെ ചിത്രവും തിരിഞ്ഞു നോക്കാതെ തന്നെ അവൾക്കു കാണാമായിരുന്നു. 

ഉള്ളിലെ വിങ്ങൽ അമർത്തി, ഓടി വണ്ടിയിൽ കയറുമ്പോൾ, സ്റ്റിയറിങ്ങിൽ തല താഴ്ത്തി  ശാന്തനായിരുന്ന കിച്ചു  അവളെ അനുതാപത്തോടെ നോക്കി. വേണ്ടായിരുന്നു അല്ലേ? അവൾ പതിയെ കണ്ണടച്ചു ചാരിയിരുന്നു. കിച്ചു നിശബ്ദനായി വണ്ടി ഓടിക്കുന്നു.

“എങ്കിലും എന്തിനാണമ്മേ നമ്മളവനെ ട്രെയിനിങ്ങിനയച്ചത്?” എത്രാമത്തെ തവണയാണ് കിച്ചു ഈ ചോദ്യം ചോദിക്കുന്നത്. “അവൻ എത്ര നല്ല കുട്ടിയായിരുന്നു. വീണ്ടും നന്നാക്കാൻ പോയി പണി വാങ്ങിച്ചു ” ഷീബ പതിയെ കൈനീട്ടി അവനെ തൊട്ടു. അപ്പുണ്ണി, അവന് ആരായിരുന്നുവെന്ന് തന്നോളം ആർക്കാണറിയുക!

ഇപ്പോൾ തങ്ങൾക്കൊപ്പം പണ്ടേപ്പോലെ അപ്പുണ്ണി കൂടി വണ്ടിയിലുണ്ടായിരുന്നെങ്കിൽ  എന്നവൾ വൃഥാ മോഹിച്ചു. എന്തു രസമായിരുന്നു തൻ്റെ മടിയിലും പിന്നിലെ സീറ്റിലും ചാടി മറിയുന്ന അപ്പുണ്ണി. “എങ്കിലും ആ ദുഷ്ടന്മാർ അവനോട് എന്തായിരിക്കുമമ്മേ ചെയ്തത്? എത്ര മാത്രം പീഡിപ്പിച്ചിട്ടാവും അവനങ്ങനെ… ” നടുക്കുന്ന ഓർമ്മയിൽ കിച്ചു നിശബ്ദനായി. 

കൂട്ടുകാരുടെ ഉപദേശം കേട്ട് വൈകിയ വേളയിൽ അവനെ പരിശീലനത്തിനയച്ചതിൻ്റെ പേരിൽ കിച്ചു അനുഭവിച്ച കുറ്റബോധവും സങ്കടവും ചില്ലറയല്ല. 

സിനിമയിലെ നായ്ക്കളുടെ പരിശീലകനാണത്രേ! മഹാപാപി! കിച്ചു വീട്ടിലില്ലാത്തപ്പോൾ അമ്മയ്ക്കു രാവിലെ പത്രവും രാത്രിയിൽ  മരുന്നും എല്ലാം അപ്പുണ്ണി കൊണ്ടുത്തരും, എന്ന പ്രലോഭനം കേട്ടാണ് മൂന്നാം വയസ്സിൽ അവനെ ചട്ടം പഠിപ്പിക്കാനയച്ചത്. നായ്ക്കളുടെ മൂന്നു വയസ്സ് നമ്മുടെ മുപ്പതിനും മേലേയാണെന്നു പറഞ്ഞതൊന്നും കിച്ചുവിൻ്റെ തലയിൽ കയറിയില്ല “അമ്മയല്ലേ പറയുന്നത് അവനു മുടിഞ്ഞ ബുദ്ധിയാ. ‘കലാബ’ എന്ന പ്രത്യേക ഭാഷയിൽ നിങ്ങൾ രണ്ടാളും സംസാരിക്കും എന്നെല്ലാം. അന്നേരം ഈ ട്രെയിനിങ്ങും കൂടിയാകുമ്പോഴവൻ പൊളിക്കും”

രാവിലെ കൂടിനടുത്തു ചെല്ലുമ്പോൾ, പുറത്തിറങ്ങാൻ വെമ്പുന്ന അപ്പുണ്ണിയോട് താൻ കൊഞ്ചുന്നതും അവൻ്റെ കടുത്ത ബുദ്ധിശക്തിയെ കണക്കില്ലാതെ പുകഴ്ത്തുന്നതും ചേട്ടച്ചാർക്ക് കുഞ്ഞൊരു കുശുമ്പുണ്ടാക്കുന്നുണ്ടെന്നറിയാവുന്നതിനാൽ താനത് നിരന്തരം ചെയ്തിരുന്നു. 

അല്ലെങ്കിലും അപ്പുണ്ണിയോളം താൻ കിച്ചുവിനെപ്പോലും  ഓമനിച്ചിട്ടില്ല. പ്രണയവും, ഒളിച്ചോട്ടവും, തുടർ സംഘർഷങ്ങളും, കൊടിയ അവഗണനയും പീഡനങ്ങളും അനിവാര്യമായ പിരിയലും എല്ലാം ഉഴുതുമറിച്ച നെഞ്ചിൽ കിച്ചുവിനായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല -അമ്മിഞ്ഞപ്പാലുപോലും. താൻ അവനെയല്ല, അവൻ തന്നെയാണ്     വളർത്തിയത്. അമ്മയാകാൻ  പാകപ്പെട്ട കാലത്തു വന്നയാൾ അപ്പുണ്ണിയാണ്.

” ഇന്നലെ നീയെൻ്റെ ചെടി മാന്തിക്കളഞ്ഞില്ലേ?  ചട്ടി നശിപ്പിച്ചില്ലേ?     നല്ലൊന്നാന്തരമൊരു ബക്കറ്റു  പൊട്ടിച്ചില്ലേ?  ചട്ടമ്പി… ചുട്ട അടി തരും ” എന്നെല്ലാം സ്നേഹത്തോടെ  കലമ്പിയ കാലത്താണ് താൻ ആദ്യമായി അമ്പാടിക്കണ്ണൻ്റെ സ്വന്തം യശോദാമ്മയായത്. 

ഇപ്പോൾ അവനെന്താമ്മേ, കലാബയിൽ പറഞ്ഞതെന്നു കിച്ചു ചോദിക്കുമ്പോൾ, തൻ്റെ മറുപടി   Mom, I want to pee എന്നാണു ഇപ്പോ പറഞ്ഞത്. I want to poop എന്നാണ് രണ്ടാമത് പറഞ്ഞത്…

ഉവ്വുവ്വേ… !കിച്ചുവിൻ്റെ ചിരിയും അപ്പുണ്ണിയുടെ കെട്ടിമറിയലും.

IMG-20250810-WA0019CzwBqgS

ഇന്നതെല്ലാം നോവുന്ന ഓർമ്മകൾ !മൂന്നുമാസം അപ്പുണ്ണി ഇല്ലാത്ത വീട്ടിൽ കഴിയണമെന്നതു മാത്രമായിരുന്നില്ല തൻ്റെ എതിർപ്പിനു കാരണം. അപ്പുണ്ണി ഒരു സാധാരണ നായ്ക്കുട്ടി ആയിരുന്നില്ല അവൻ ഭാവനാശാലിയായിരുന്നു. ബുദ്ധിയും ശക്തിയും തന്ത്രവും കൂസലില്ലായ്മയും ദുരഭിമാനത്തോളമെത്തുന്ന അഹം ബോധവുമുള്ളവനായിരുന്നു. കുശുമ്പും കുറുമ്പും സ്നേഹവും ധൈര്യവും എല്ലാം ചേർന്ന  അഭിമാനികൾക്ക്   ചട്ടം പഠിക്കൽ എളുപ്പമാകില്ല എന്നവൾക്കു തോന്നിയിരുന്നു. എന്നിട്ടും താനതിനു വഴങ്ങിക്കൊടുത്തു. അപ്പുണ്ണിയുമായി  പരിശീലനസ്ഥലത്തേയ്ക്ക് ആഘോഷമായി തിരിച്ച കിച്ചുവിനോടും കൂട്ടുകാരോടും, 

I was born intelligent but education ruined me  എന്നും പറഞ്ഞാകുമോ ചെക്കൻ തിരിച്ചു വരുന്നതെന്നു ചോദിച്ച തമാശ ഒടുവിൽ അറം പറ്റി. 

മൂന്നു മാസം കഴിഞ്ഞ് കണ്ണിലെ കനലണഞ്ഞ മട്ടിൽ മടങ്ങി വന്നത്

അപ്പുണ്ണിയായിരുന്നില്ല. മിണ്ടാതെ വണ്ടിയിൽ നിന്നിറങ്ങി അന്ധനെപ്പോലെ നടന്നു കൂട്ടിൽ കയറുന്ന അപരിചിതൻ തന്നെയും കിച്ചുവിനെയും തകർത്തു കളഞ്ഞു. കഴുത്തിലെ ബൽറ്റിൽ കുറച്ചു ദിവസത്തേയ്ക്കു പിടിക്കരുത്. മറ്റൊന്നും പേടിക്കാനില്ല. ആളു നല്ല മര്യാദയായിട്ടുണ്ടെന്നു പറഞ്ഞ് പണവും വാങ്ങി  പരിശീലകൻ മടങ്ങിയപ്പോൾ കിച്ചുവും താനും പരസ്പരം നോക്കി. ഭീതിയോ സങ്കടമോ എന്തോ ഒന്നു തങ്ങളെ ചൂഴ്ന്നു നിന്നു.

തുടർന്നുള്ള രണ്ടു ദിവസം കനപ്പെട്ട മനസ്സോടെ കടന്നു പോയി. അപ്പുണ്ണിയെ കൂട്ടിൽ നിന്നിറക്കുന്നത് പണ്ടേപ്പോലെ അധ്വാനവും, ആഹ്ലാദവും   തരുന്ന ജോലിയേ അല്ലാതായി. അനുസരണ കണ്ടു പിടിച്ചതേ താനാണെന്ന മട്ടിൽ അവൻ  പെരുമാറിയപ്പോൾ തളർന്നത് ഞങ്ങളാണ്. ഇനി എൻ്റെ കുഞ്ഞിന് അനുസരിക്കാൻ മാത്രമേ കഴിയൂ എന്ന് ആധിയോടെ ഷീബ ഓർത്തു. കിച്ചു കുറച്ചൊന്നു സമാധാനിക്കട്ടെ എന്ന് വെച്ച് മൂന്നാം നാൾ വൈകിട്ട് നിർബന്ധിച്ച് സിനിമയ്ക്ക് വിട്ടതു താൻ തന്നെയാണ്. 

അപ്പുണ്ണിയുടെ മൗഢ്യം അതേപോലെ വീടിനെയും ഗ്രസിച്ചതിനാൽ ആകെ മെല്ലെപ്പോക്കായിരുന്നു. അവനെ പുറത്തിറക്കാൻ വൈകിയെല്ലോ എന്ന ആന്തലോടെയാണ് ഓടിച്ചെന്ന് കൂടുതുറന്നത്. അപ്പുണ്ണി അതൊന്നും അറിയുന്നതായേ  തോന്നിയില്ല. അവൻ്റെ നിസംഗത അവൾക്കു താങ്ങാൻ കഴിഞ്ഞില്ല. മോനേ അപ്പുണ്ണി എന്തു പറ്റിയെടാ, അമ്മയോടു പറ… എന്നു പറഞ്ഞ്, ഒന്നു  തൊടാൻ നോക്കിയപ്പോഴേക്കും തന്നെയൊന്നു നോക്കുക പോലും ചെയ്യാതെ നടന്നുനീങ്ങി. കൂടു തുറക്കുമ്പോൾ അസ്ത്രം പോലെ പാഞ്ഞിരുന്നവനാണ്. അവനൊന്നും കാണുന്നും കേൾക്കുന്നും അറിയുന്നുമില്ലേ എന്നു താൻ വേവലാതിപ്പെട്ടു. മഴ ചാറാൻ തുടങ്ങി. സന്ധ്യ മയങ്ങുന്നു. ഒറ്റയ്ക്കു പറമ്പിൽ പതറി പതറി നടക്കുന്ന അപ്പുണ്ണിയെ തിരികെ വിളിച്ചെങ്കിലും പ്രതികരണമില്ല. ഞങ്ങൾക്കിടയിലെ സ്നേഹഭാഷയായ കലാബ മാത്രമല്ല തൻ്റെ പേരു പോലും അവൻ മറന്നെന്നു തോന്നി. 

പെട്ടന്ന് എന്തോ കണ്ടു ഭയന്ന മട്ടിൽ അവനൊന്നു പിന്നോട്ടു മാറി. പിന്നെ ഭയപ്പെടുത്തുന്ന മൂന്നാലു കുരകൾ ! ഷീബയ്ക്കു പന്തികേടുതോന്നി. ഇരുട്ടാകുന്നു. മഴച്ചാറ്റൽ കൂടുകയുമാണ്. എങ്ങനെയും ഇവനെ കൂട്ടിലാക്കണമല്ലോ എന്ന ചിന്തയിൽ, അപ്പോൾ തോന്നിയ ബുദ്ധിയിൽ സ്ലാബിൽ നിന്നൊരു ബക്കറ്റെടുത്തു താഴേക്കിട്ടു. സാധാരണ ഇത്തരം ശബ്ദങ്ങൾ അവനു ഹരമാണ്. ആളു പാഞ്ഞെത്തും. ഇക്കുറിയും തെറ്റിയില്ല കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അപ്പുണ്ണി കുതിച്ചെത്തി. 

നിന്നെ എനിക്കറിയില്ലേ ഇതു കേട്ടാൽ നീ എവിടാണേലും പാഞ്ഞുവരുമെന്ന് എനിക്കറിയില്ലേന്നു പറഞ്ഞു കടന്നു പിടിച്ചതു കൃത്യം കഴുത്തിലെ ബെൽറ്റിൽ !ഒറ്റ നിമിഷം ! എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകും മുമ്പ് മലർന്നടിച്ചു മണ്ണിലേയ്ക്കു വീണു. ക്രൗര്യത്തോടെ കാലിലും കയ്യിലും വയറ്റിലുമെല്ലാം കോമ്പല്ലുകൾ കുത്തിത്താഴ്ത്തുന്ന അപ്പുണ്ണിയെ നിലവിളിയോടെ തള്ളി മാറ്റാൻ ശ്രമിക്കുമ്പോൾ, ഗേറ്റിനു പുറത്ത് അയൽക്കാരുടെ ഒച്ച കേട്ടു. പെട്ടെന്ന് തന്നിലെ അമ്മയുടെ അഭിമാന ബോധം മുറിപ്പെട്ട വ്യഥയിൽ, ചോരയൊലിക്കുന്ന കൈ കൊണ്ട് അപ്പുണ്ണിയുടെ വിലക്കപ്പെട്ട  ബെൽറ്റിൽ തന്നെ മുറുക്കെ പിടിച്ചലറി… അപ്പുണ്ണീ, വിടെടാ ! ഒന്നു പകച്ച അവൻ അടുത്ത നിമിഷം അവൻ്റെ പ്രയാണമാരംഭിച്ചു. തൻ്റെ ഉള്ളുലച്ചു കൊണ്ട്  വീടിനു ചുറ്റും നാഗവല്ലിയെപ്പോലെ പായുന്ന അപ്പുണ്ണിയെ  നോക്കി നിസ്സഹായയായി

ചോരയും വെള്ളവും കുഴഞ്ഞ മണ്ണിൽ ഉടലും മനസ്സും കുതിർന്ന് കിടക്കുമ്പോൾ, പുറത്ത് ആളുകൾ കിച്ചുവിനെ ഫോണിൽ വിളിക്കുന്നതു കേട്ടു. അവനെ ഭയപ്പെടുത്തരുതേ എന്ന് മനസ്സ് നിലവിളിച്ചെങ്കിലും, ശബ്ദം പുറത്തു വന്നേയില്ല. അകത്തേയ്ക്കു വരാൻ ധൈര്യമില്ലാതെ കൂടിനിന്നവർ   അപ്പുണ്ണിക്കു പേ പിടിച്ചതാണെന്നു പറയുന്നതു കേട്ട്  കുറ്റബോധം കൊണ്ട് നീറിപ്പിടഞ്ഞു ചോര വാർന്ന്, മണ്ണിൽ മഴയേറ്റു കിടന്നപ്പോൾ തൻ്റെ അപ്പുണ്ണിയോട് ആ പരിശീലകൻ എന്താണു ചെയ്തെന്ന് ഷീബയ്ക്കു മനസ്സിലായി. 

തളർന്നവശനായ അപ്പുണ്ണി അപ്പോഴേയ്ക്കും വേച്ചു വേച്ചു കൂട്ടിൽ കയറി, തൻ്റെ ഒഴിവാക്കാനാവാത്ത വിധിയും കാത്തു കിടന്നു കഴിഞ്ഞിരുന്നു. ഇനിയവൻ ഒരാളെയും കടിക്കില്ലെന്നു പുറത്തു ഭയന്നു നിൽക്കുന്നവർക്കറിയില്ലെങ്കിലും അവൾക്കറിയാമായിരുന്നു, കാരണം അമ്മയെ കൊല്ലുന്ന മനുഷ്യരുണ്ടാകാം. പക്ഷേ ഒരു നായക്കുട്ടി തൻ്റെ പോറ്റമ്മയെ മുറിപ്പെടുത്തണമെങ്കിൽ, അവനു തൻ്റെ  സർവ്വ സിദ്ധികളും ആത്മാവു തന്നെയും നഷ്ടപ്പെട്ടിട്ടുണ്ടാവണം. 

”വീടെത്തി അമ്മേ “എന്ന കിച്ചുവിൻ്റെ ശബ്ദം, ദൂരെ ഏതോ തുരുത്തിൽ നിന്ന് വരുമ്പോലെ ഷീബയ്ക്കു തോന്നി. അപ്പുണ്ണി ഒഴിച്ചിട്ടു പോയ കൂട്ടിലേയ്ക്കും അവൻ പോയതോടെ ജീവൻ നഷ്ടപ്പെട്ട തങ്ങളുടെ കൂട്ടിലേയ്ക്കും നെടുവീർപ്പോടെ  അവൾ  നോക്കി. ഒന്നവൾക്കുറപ്പായിരുന്നു. ഇതു തനിക്കു വരും ജന്മത്തിലേയ്ക്കു കരുതി  വെച്ചിട്ടുള്ള കടമാണ്. ഈ ജന്മം ഇനി തനിക്കിതിൽ വേഷമില്ല !

Post Views: 168
6
THARA SUBHASH

കൂട്ടുകൂടാനും കഥ കേൾക്കാനും ഇഷ്ടമുള്ളൊരു പെൻഷണർ. മുൻ മാധ്യമപ്രവർത്തക .പൂക്കളോടും നായ്ക്കളോടും പ്രിയം.

20 Comments

  1. Electa Joeboy on March 28, 2026 8:39 PM

    ഈ കഥ ഇപ്പോഴാണ് വായിക്കുന്നത് ചേച്ചീ.. മനസ്സിൽ നോവ് നിറയ്ക്കുന്ന എഴുത്ത്. ❣️❣️❣️❣️

    Reply
    • thara Subhash on March 29, 2026 10:48 AM

      സ്നേഹം ഇലക്ട❤️❤️

      Reply
  2. haripulloor on March 28, 2026 4:08 PM

    വായിച്ചപ്പോ മനസ്സിൽ വന്നത് ചേച്ചിയുടെ pet നെയും അവൻ ഒരിക്കൽ ചേട്ടന്റെ കയ്യിൽ കടിച്ചതിനെ കുറിച്ചുമാണ്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹം എപ്പോഴും അവിശ്വസനീയം തന്നെയാണ്

    Reply
    • thara Subhash on March 29, 2026 10:50 AM

      സ്നേഹം ഹരീ. മുമ്പെഴുതിയതാണ്.

      Reply
  3. Nishiba M on March 28, 2026 3:50 PM

    നോവുകൾ

    Reply
  4. നിരഞ്ജന on October 4, 2025 11:20 PM

    വായിച്ച് കണ്ണുനിറഞ്ഞു അപ്പാ 🥹

    Reply
    • Thara Subhash on October 18, 2025 9:51 AM

      Thanks molu❤️❤️🥰

      Reply
  5. sabira latheefi on August 23, 2025 3:33 PM

    👍🏻👍🏻

    Reply
    • Thara Subhash on October 18, 2025 9:52 AM

      Thank you sabi❤️

      Reply
  6. മിനി സുന്ദരേശൻ on August 13, 2025 1:35 AM

    നൊന്തു നൊന്താണ് വായിച്ചത്……. അപ്പുണ്ണി മനസ്സിൽ തങ്ങി നിൽക്കുന്നു👍🌹

    Reply
    • THARA SUBHASH on August 20, 2025 5:02 PM

      Thank you mini❤️❤️

      Reply
    • Sunandha on March 28, 2026 10:14 PM

      മിണ്ടാപ്രാണിയുടെ വേദന മനോഹരമായി എഴുതി 👍

      Reply
  7. Kala Kishore on August 12, 2025 9:31 PM

    എന്താ എഴുതേണ്ടതെന്നറിയില്ല താരച്ചേച്ചീ , അറിയാതെ കണ്ണ് നിറഞ്ഞു.

    Reply
    • THARA SUBHASH on August 20, 2025 5:02 PM

      Thank you mini❤️❤️| Thank you kala

      Reply
  8. Saritha T on August 12, 2025 8:14 PM

    എന്റെ ജാക്കിയെ മരണത്തിനു വിട്ടു കൊടുത്തപ്പോൾ ഞാനും അറിഞ്ഞു ഈനോവ്. ഇപ്പോഴും നെഞ്ച് പൊടിയുംപോലെ

    Reply
    • Thara Subhash on October 18, 2025 9:53 AM

      Thank you saritha❤️❤️

      Reply
  9. AJAN PILLAI N.S on August 12, 2025 4:43 PM

    👌👍

    Reply
  10. Joyce on August 11, 2025 11:25 PM

    നല്ല രചന. അപ്പുണിയെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഓരോ വരിയിലും നിറഞ്ഞു.

    Reply
    • THARA SUBHASH on August 20, 2025 4:59 PM

      Thanks for your support .

      Reply
  11. Suma Jayamohan on August 11, 2025 10:03 PM

    നൊമ്പരമുണർത്തുന്ന വരികൾ
    ഒരു പാടിഷ്ടമായി താരച്ചേച്ചീ❤️🌹👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.