“നീയെനിക്കാരായിരുന്നുവെന്നതിനൊരു നിർവചനം ഇന്നോളമെനിക്കറിയില്ല. എങ്കിലും നീയില്ലായ്മയുടെ ശൂന്യതയെ ഇല്ലാതാക്കാൻ മറ്റൊരു ബന്ധത്തിനും വ്യക്തിക്കുമായിട്ടില്ല എന്നതൊരു യാഥാർത്ഥ്യമാണ്. “
ഹരിയുടെ കൈയിൽ കൈകോർത്തിരുന്നു ദേവയാനി അതു പറയുമ്പോൾ അസ്തമയസൂര്യൻ ആഴിയിലേക്കാഴുകയായിരുന്നു. ഓർമ്മയുടെ അഗ്നിനാളം പോലെ ഇരുവരുടെ മിഴികളും മനസ്സും രക്തശോഭയാർന്നു നിന്നു.
കോൺവെന്റ് സ്കൂളിലെ പഠനത്തിനുശേഷം കോളേജിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള പറിച്ചുനടൽ ദേവയാനിയെ കൂടുതൽ അന്തർമുഖയാക്കി. അതിന്റെ അനന്തരഫലമെന്നോളം സീനിയർ വിദ്യാർത്ഥികളുടെ കളിയാക്കലുകൾക്ക് ഇരയാകേണ്ടി വന്നതും അവളുടെ മാനസികാവസ്ഥയെ ദുർബലമാക്കി. പേടിച്ച പേടമാൻ പോലെ ഉള്ളിലൊതുങ്ങുന്ന പ്രീഡിഗ്രിക്കാരിക്ക് ധൈര്യം പകർന്നത് കോളേജിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളായ ഡിഗ്രി അവസാനവർഷക്കാരനായിരുന്നു. ഹരിമാധവനെന്ന ഹരി. ഇത്തിരി ചട്ടമ്പിത്തരമെല്ലാം കൈമുതലായുണ്ടെങ്കിലും എല്ലാമേഖലകളിലും കോളേജിന്റെ അഭിമാനമായിരുന്നു അവൻ. അവൻ പകർന്ന ധൈര്യം ഊതിക്കാച്ചിയ പൊന്നു പോലെ അവളുടെ കഴിവുകൾക്ക് തിളക്കമേകി. കലാസാഹിത്യരംഗങ്ങളിലും പഠനത്തിലും മികച്ച നിലവാരം പുലർത്തി കോളേജിന്റെ അഭിമാനമായുയർന്നു.
ഓരോ ചുവടിലും കൈത്തിരിയായെരിയുന്ന അവന്റെ കണ്ണുകളിലെ പ്രണയം കണ്ടിട്ടും നിറപുഞ്ചിരിയുടെ സൗഹൃദവുമായി അവളവനെ ചേർത്തു നിർത്തി. കാലം യാഗാശ്വമായി തോൽവിയറിയാതെ കുതിച്ചപ്പോഴും ഒരാളില്ലാതെ മറ്റൊരാൾക്ക് നിലനിൽപ്പില്ലെന്നറിഞ്ഞിട്ടും ജീവിതത്തിന്റെ വഴിത്തിരിവുകളിൽ എതിർദിശകളിലേക്ക് സഞ്ചരിക്കേണ്ടി വന്നു. മാറ്റങ്ങളെ മനസ്സാലെ അംഗീകരിക്കുമ്പോഴും പ്രതീക്ഷയുടെ നാളമായി മാനസചെപ്പിൽ ആത്മബന്ധത്തിന്റെ ഇഴകൾ ഊടും പാവും നെയ്തുകൊണ്ടേയിരുന്നു.
ജീവിതത്തിന്റെ പടവുകളോരോന്നായേറി ദാമ്പത്യവല്ലരിയിൽ വസന്തം വന്നണഞ്ഞതും ഋതുഭേദങ്ങളിലൂടെ സംവത്സരങ്ങൾ പോയിമറഞ്ഞതുമെല്ലാം ഒന്നിനു പിറകേ ഒന്നായി സംഭവിച്ചു കൊണ്ടേയിരുന്നു. കൂടുകൂട്ടി തന്റെ ചിറകിനടിയിൽ സൂക്ഷിച്ച മക്കൾ സ്വന്തം ചിറകിന്റെ ബലത്തിൽ പറന്നുയർന്നപ്പോൾ, പരസ്പരം ഊന്നുവടിയാവാൻ നല്ലപാതിയുണ്ടെന്നാശ്വസിച്ചു. അവിടേയും വിധി തോൽപ്പിച്ചപ്പോൾ ഒറ്റപ്പെടലിൽ നിന്നും ഒരുപാട് പേർക്ക് സാന്ത്വനമാവുന്ന ഈ നന്മക്കൂട് പടുത്തുയർത്താൻ മനസ്സിനു ധൈര്യം പകർന്നത് മാനസചെപ്പിലെ ആത്മബന്ധത്തിന്റെയിഴകളായിരുന്നു.
കാലം അകലങ്ങൾ തീർത്തിട്ടും, തേടിപ്പിടിച്ചുള്ള ഒരു ഫോൺ വിളിയിൽ കൈത്താങ്ങായി വീണ്ടും വന്നണയുകയായിരുന്നു ഹരി. പറയാൻ രണ്ടു പേർക്കും സമാനമായ ജീവിതസാഹചര്യങ്ങളായിരുന്നു. ഒരാൾ അനപത്യതാദുഃഖം അനുഭവിച്ചപ്പോൾ മറ്റൊരാൾ പറന്നകന്ന മക്കളെയോർത്തു വേദനിച്ചു. പരസ്പരം പറയാത്ത പ്രണയത്തെ സൗഹൃദത്താൽ കൊരുത്ത് ജീവിതസായാഹ്നം പിന്നിടാനുള്ള ഉറച്ച തീരുമാനമായിരുന്നു ഇരുവർക്കും.
“അന്നു അവസാനമായി നമ്മൾ കണ്ടു പിരിഞ്ഞപ്പോൾ മുന്നോട്ടുള്ള വഴികളിൽ എന്നെങ്കിലും കണ്ടുമുട്ടുമ്പോഴും പരസ്പരം സൗഹൃദത്തിന്റെ കൈത്താങ്ങാവുമെന്നു വാക്കു പറഞ്ഞതിന്നു സത്യമായി ഭവിച്ചിരിക്കുന്നു “. ഹരിയതു പറഞ്ഞു നിർത്തുമ്പോൾ നിറഞ്ഞ മനസ്സോടെ അവനെ നിർനിമേഷയായി നോക്കിയിരിക്കുകയായിരുന്നു ദേവയാനി.
***നിഷിബ എം നിഷി ***
#എന്റെരചന
#ഈ_കൂട്ട്_ഇല്ലായിരുന്നെങ്കിൽ


7 Comments
മനോഹരം
മനോഹരമായി എഴുതി.👌
ജീവിത വഴിത്താരയിൽ എന്നെങ്കിലും കണ്ടുമുട്ടുമ്പോൾ, അവർ നല്ല കൂട്ടായിരിക്കുമെന്ന് വായനയിൽ തോന്നി.
👏👍❤️
സ്നേഹം 😍
നല്ല രചന👍❤️
സ്നേഹം 😍
നന്നായി എഴുതി👌🌹❤️
സ്നേഹം 😍