കാലത്തിന്റെ ആരാമത്തിൽ നിന്നും പൂവിതളുകൾ കൊഴിയുന്ന പോലെ ദിനങ്ങൾ കടന്നു പോകുമ്പോൾ കുഞ്ഞുനാൾ മുതൽ എന്റെ കൂടെ കളിച്ചു വളർന്ന കൂട്ടുകാരെ കുറിച്ചുള്ള മധുരിക്കുന്ന ഓർമ്മകൾ എന്നും ആവേശം ആയിരുന്നു. വളരെ കുറച്ചു കൂട്ടുകാർ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ആ കൂട്ടത്തിൽ കസിൻസും ഉണ്ട്. വീടിന്റെ നാലു ചുവരുകൾക്ക് ഉള്ളിൽ നിന്നും പുറത്ത് ഇറങ്ങാൻ വല്ലപ്പോഴും മാത്രമേ എനിക്ക് ഉപ്പയുടെ അടുത്ത് നിന്നും അനുവാദം കിട്ടാറുള്ളൂ. കിട്ടുന്ന അവസരങ്ങളിൽ മാത്രം അവരോടൊപ്പം ഞാൻ കൂട്ട് കൂടും. ഇടയ്ക്കൊക്കെ എന്നെ തേടി സിമിയും ഷിജിയും നസിയും ഷാദിലും മുത്തുവും കുഞ്ഞുണ്ണിയും ഒക്കെ കളിക്കാൻ വേണ്ടി വീട്ടിൽ വരും. ഷാദിലും മുത്തുവും ഇന്ന് ജീവിച്ചിരിപ്പില്ല. അങ്ങനെ അവരുടെ കൂടെ കളിച്ചു രസിക്കും. കിട്ടുന്ന അവസരം ശരിക്കും ഉപയോഗിക്കും.
ഓണ അവധിക്കു സ്കൂൾ അടക്കുമ്പോൾ ഇവരുടെ കൂടെ കളിയ്ക്കാൻവേണ്ടി ചെറിയ കുറ്റിപ്പുരയൊക്കെ ഇക്കാക്കമാർ കെട്ടി തരും. സിമിയും ഷിജിയും എന്നെക്കാളും പ്രായത്തിൽ ഇളയവർ ആയിരുന്നു അങ്ങനെ ഞങ്ങൾ അവധി ദിനങ്ങൾ ആസ്വദിക്കും. കഥ പറച്ചിലും പാട്ടും ചാട്ടവും ഒക്കെ ആയി അവധിക്കാലം തീർന്നു പോകും.
അംഗന വാടിയിൽ പോയിരുന്ന സമയത്ത് എന്റെ കൂട്ടുകാരി ആയിരുന്നു ആബിദ. ഞങ്ങൾ ഒരുമിച്ചു ആയിരുന്നു എപ്പോഴും ഉണ്ടാകാറ്. അവൾ ഇപ്പോൾ സൗദിയിൽ എവിടെയോ ആണെന്ന് മാത്രം അറിയാം. ഇത്രേം വർഷത്തിനു ശേഷം പിന്നെ അവളെ ഞാൻ കണ്ടിട്ട് ഇല്ല.
സ്കൂൾ ജീവിതത്തിലേക്ക് എത്തിയപ്പോൾ അവിടെയും കുറെ കൂട്ടുകാരികളെ കിട്ടി. ഓരോ ക്ലാസ് കഴിഞ്ഞു പുതിയ ക്ലാസ്സിലേക്ക് പോകുമ്പോഴും പഴയ കൂട്ടുകാരികൾ തന്നെയായിരുന്നു കൂടെ ഉണ്ടായിരുന്നത്. സ്കൂളിൽ പുതിയ കുട്ടികൾ ചേരുന്നതിനു അനുസരിച്ചു ഡിവിഷൻ തിരിക്കാൻ തുടങ്ങിയപ്പോൾ കൂട്ടുകാരികൾ പലരും പല ക്ലാസ്സുകളിലേക്ക് മാറിപ്പോവാൻ തുടങ്ങി. എന്നാലും PT സമയത്തു എല്ലാരും ഒരുമിച്ചു കൂടും.
അഞ്ചാം തരത്തിലേക്ക് പ്രവേശിച്ചപ്പോൾ വേറെ സ്കൂളിൽ നിന്നും പുതിയ കുട്ടികൾ ഞങ്ങളുടെ സ്കൂളിൽ വന്നു ചേർന്നു. അപ്പോൾ എനിക്ക് കിട്ടിയ കൂട്ടുകാരിയാണ് നിഷ. സൗത്ത്പുത്തലത്ത് ആണ് അവളുടെ വീട് . എന്നെ പോലെ തന്നെ അവൾക്കും മൂന്നു ഇക്കാക്കമാർ ഉണ്ടായിരുന്നു അവളുടെ ഉമ്മയും അദ്ധ്യാപിക ആയിരുന്നു. നാല് വർഷം ഞങ്ങൾ ഒരേ ക്ലാസ്സിൽ തന്നെ ആയിരുന്നു പഠിച്ചിരുന്നത്.
പിന്നെ ശബീബ,ബേബി റഹീന,ഷംല,ജുബിന,ബിന്ദു മോൾ,അമ്പിളി,ഷിജിനി,വനജ ഒക്കെ ഞങ്ങളുടെ കൂട്ടകാരികൾ ആയിരുന്നു. അന്നൊക്കെ വിഷുവിനു സദ്യകഴിക്കാൻ എന്നേം നിഷയെയും അമ്പിളിയും ഷിജിനിയും അവരുടെ വീട്ടിലേക്കു ക്ഷണിക്കാൻ വരും. ക്രിസ്തുമസ്സിനും പുതുവർഷത്തിനും ഞങ്ങൾ ആശംസാ കാർഡുകൾ കൂട്ടുകാരികളുടെ വീട്ടിലേക്ക് അയച്ചു കൊടുക്കും,അവർ തിരിച്ചും അത് പോലെ ഞങ്ങൾക്കും അയച്ചു തരും.
ഹൈസ്കൂൾ ആയപ്പോൾ കുറച്ചു കൂട്ടുകാരികൾ വേറെ സ്കൂളിൽ പോയി ചേർന്ന് അവിടെ പഠനം പൂർത്തിയാക്കി. പിന്നീട് അവരുമായിട്ട് കൂട്ട് കൂടാൻ അവസരങ്ങൾ കിട്ടാതെ ആയി. ഇപ്പോൾ അവരെ കുറിച്ചുള്ള മധുരമുള്ള ഓർമ്മകൾ മാത്രം ബാക്കി.
അങ്ങനെ ഹൈ സ്കൂൾ പഠനം കഴിഞ്ഞു പ്രീഡിഗ്രി ആയപ്പോൾ വീണ്ടും ചങ്ങാതിമാരെ കിട്ടി. ഞങ്ങൾ വളരെ കുറച്ചു പേര് മാത്രമേ ക്ലാസ്സിൽ പെൺകുട്ടികൾ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ എല്ലാരും തമ്മിൽ നല്ല അടുപ്പം ആയിരുന്നു. അന്ന് എന്റെ കൂടെ സഹയാത്രിക ആയിട്ടുണ്ടായിരുന്നത് എന്റെ അയൽവാസിയും അറബി മാഷുടെ മോളുമായ റസീന ആണ്. ഒരുമിച്ചു ആയിരുന്നു ഞങ്ങൾ കോളേജിൽ പോകാറുണ്ടായിരുന്നത്.
അന്ന് ക്ലാസ്സിൽ ഉണ്ടായിരുന്ന മറ്റു കൂട്ടുകാരികൾ ആയിരുന്നു, ഷബ്‌ന,റംഷീന,ഫസീല,ഖൈറുന്നീസ, നിഷാത്ത്,സനിയ, ഹസ്‌ന,ഹസീന, സബീന,ഷഹനാസ്,സലീന ബുഷ്‌റ,നീലൂഫറാ,ഖുബൈന…
ബിരുദത്തിനു തിരൂർകാട് ഇലാഹിയ കോളേജിൽ പഠിക്കുമ്പോളാണ് പല നാടുകളും ജില്ലയിലും ഉള്ളവരെ ഒക്കെ കൂട്ടുകാർ ആയിട്ടു ലഭിക്കുന്നത്. മൂന്നു വർഷം അവർ ആയിരുന്നു എനിക്ക് എല്ലാം. ബിരുദം കഴിഞ്ഞതോടെ ആ കൂട്ട് കെട്ടുകളും അവിടെ തീർന്നു. വല്ലപ്പോഴും മാത്രം ഉള്ള ഫോൺ വിളികളിൽ ആ ചങ്ങാത്തം ഒതുങ്ങി.
എന്റെ കല്യാണ സമയത്ത് കുറച്ചു പേർ മാത്രം പങ്കെടുത്തു. ബാക്കിയുള്ളവർക്കു ദൂരം കൂടുതൽ ആയത് കൊണ്ട് പങ്കെടുക്കാൻ പറ്റിയില്ല.
ജീവിതത്തിന്റെ താളാത്മകമായ ഒഴുക്കിൽ പലയിടങ്ങളിലും എത്തിയപ്പോൾ അവിടെയെല്ലാം കൂട്ടുകാരെ ലഭിച്ചു കൊണ്ടേ ഇരുന്നു. അവിടെ താമസിക്കുന്ന കാലങ്ങളിൽ അവർ മാത്രം ആയിരിക്കും എല്ലാം. പുതു മുഖങ്ങൾ ഇടയ്ക്കു ഒക്കെ വന്നു പോയി ഇരിക്കും. ആദ്യം ആയിട്ട് ആരെ കണ്ടാലും അവരുടെ അടുത്തു പോയി വിശേഷം തിരക്കി കൂടെ കൂട്ടാൻ എനിക്ക് ഒത്തിരി ഇഷ്ടം ആണ് .ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ ഒരു ആത്‌മസൗഹൃദം ആയി അത് വളരും. അങ്ങനെ ഒരുപാട് സഹോദരിമാരെ എനിക്ക് കൂട്ടായിട്ട് കിട്ടി. ഓരോ സ്ഥലത്തു നിന്ന് മറ്റൊരു ഇടത്തിലേക്ക് താമസം തുടങ്ങുമ്പോഴും സൗഹൃദത്തിന്റെ ചങ്ങലയിൽ ഓരോ പുതിയ കണ്ണികൾ കൂട്ടി ചേർക്കും. അങ്ങനെ ഒരുപിടി ഓർമ്മകളും ആയി അവിടെ നിന്നും പടി ഇറങ്ങും.
രണ്ടര വർഷം മുന്നേ കാലിഫോർണിയയിൽ എത്തിയപ്പോൾ അവിടെയും ലഭിച്ചു കുറെ പുതിയ സൗഹൃദങ്ങൾ. അതിനൊക്കെ പുറമെ ഓൺലൈൻ ക്ലാസ്സുകളുടെയും കൂട്ടായ്മകളുടെ ഭാഗം ആയിട്ട് ഇതുവരെ ഞാൻ നേരിൽ കാണാത്ത ഒരു പാട് സഹോദരിമാരെയും എനിക്ക് കൂട്ടായിട്ട് കിട്ടി. ഇവരൊക്കെയും അമേരിക്കയിൽ തന്നെ വിവിധ സ്റ്റേറ്റുകളിൽ ആണ് ഉള്ളത്. ഇവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും അവരോടുള്ള സൗഹൃദത്തിന്റെ വലുപ്പം ഇതുവരെയും കൂടിയിട്ടേ ഉള്ളൂ.
സർവ്വ ശക്തൻ ആയ അള്ളാഹുവിനു സർവ്വസ്തുതി…
ഈ അടുത്ത കാലത്ത് ആണ് “കൂട്ടക്ഷരങ്ങളുടെ” കൂടെ ചേരാൻ എനിക്ക് അവസരം ലഭിച്ചത്. അവിടെയും എനിക്ക് ഒത്തിരി ഒത്തിരി കൂട്ടുകാരെ ലഭിച്ചു.
കൂട്ടക്ഷരങ്ങളിലൂടെ എന്റെ പഴയ കൂട്ടുകാരികളെ എല്ലാം തിരിച്ചു കിട്ടി. അതിനു വേദി ഒരുക്കി തന്നത് ഞാൻ എഴുതിയ
“പേരിന്റെ അർഥം അന്വർത്ഥമാക്കി തീർന്ന ജീവിത യാത്രകൾ” എന്ന ഒരു യാത്രാക്കുറിപ്പ് ആയിരുന്നു. അങ്ങനെ എൽപി സ്കൂളിലും ഹൈസ്കൂളിലും കോളേജിലും എന്റെ കൂടെ പഠിച്ച എല്ലാവരെയും വീണ്ടും കണ്ടെത്താൻ പറ്റി. അതും ഇരുപതു വർഷത്തിന് ശേഷം. അവരുമായി ഇപ്പോൾ പഴയത് പോലെ കൂട്ടുകൂടാൻ കഴിഞ്ഞതിൽ നല്ല സന്തോഷം ഉണ്ട്.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന ചൊല്ല് അന്വർത്ഥം ആക്കി കൊണ്ട് ഈ യാത്ര ഇനിയും തുടരാൻ സർവ്വ ശക്തൻ ആയ റബ് തുണക്കട്ടെ എന്ന പ്രാർത്ഥന ആണ് എപ്പോഴും. ഈ കൂട്ട് കെട്ടുകൾ ഇല്ലായിരുന്നെങ്കിൽ ആലോചിക്കാൻ പോലും സാധ്യം അല്ല…
#എന്റെരചന
“ഈ കൂട്ട് ഇല്ലായിരുന്നെങ്കിൽ”
സയറ ഫാത്തിമ


5 Comments
❤️❤️
ജീവിതത്തിൽ ഏറ്റവും സന്തോഷം തരുന്ന ഒന്നാണ് ഈ കൂട്ടുകെട്ടുകൾ ഇതു വായിച്ചപ്പോൾ ഞാനും എൻ്റെ കൂട്ടുകാരെയെല്ലാം ഓർത്തു നോക്കി. മനസ്സിന് എത്ര സന്തോഷം സുഖം.
എല്ലാവരേയും കുറിച്ചെഴുതൂ❤️❤️❤️
Thank you joyce ചേച്ചി 💗🥰🫂
Thank you ചേച്ചി 💗🥰😘..
ഇത്രയുമധികം കൂട്ടുകാരുടെ പേരുകൾ ഓർമ്മിച്ച് എടുത്തു പറഞ്ഞ് എഴുതിയ കൂട്ട് ഹൃദ്യമായി. സൗഹൃദം തന്റെയുള്ളിൽ എത്ര ശക്തമാണെന്ന് വായനയിൽ തെളിയുന്നു.👍
സ്നേഹം, സന്തോഷം dear !
❤️🥰🫂