അധ്യാപകന്റെ പങ്ക് എന്താണ് സമൂഹത്തിൽ? പലരും ചോദിക്കാറുണ്ട് ഈ ചോദ്യം. നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളസമൂഹത്തിൽ പണ്ട് മുതലേ അധ്യാപകർക്ക് ഒരു പ്രത്യേക സ്ഥാനവും, ബഹുമാനവും ഉണ്ട്. മറ്റ് ഏത് ജോലിയേപ്പോലല്ല, അധ്യാപനം. ഒരിക്കൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടാൽ പിന്നെ, റിട്ടയർ ചെയ്താലും അദ്ദേഹം മാഷാണ്. ജീവിതകാലം മുഴുവൻ.അല്ലെങ്കിൽ ടീച്ചർ. അവരോട് എന്നും ബഹുമാനമാണ് നമുക്ക്.
എത്രയോ വർഷങ്ങൾക്കു മുൻപ് പഠിപ്പിച്ചു എങ്കിലും ഇന്നും അവരെ കണ്ടാൽ ബഹുമാനത്തോടെ, ആദരവോടെ സംസാരിക്കുന്നത് പതിവാണ്. അത് ഹൃദയത്തിൽ നിന്നും വരുന്ന ഒരു ബഹുമാനമാണ്.
എന്നെ സംബന്ധിച്ചിടത്തോളം അധ്യാപകരെ വളരെ ബഹുമാനമാണ് അന്നും ഇന്നും. അന്ന് പേടി കൂടി ഉണ്ടായിരുന്നു എന്ന് പറയാം. അന്ന് ഞങ്ങളുടെ പഠനകാലത്ത് അമ്പത് അറുപത് വർഷങ്ങൾക്ക് മുൻപ് അധ്യാപകർക്ക് ശിക്ഷിക്കാൻ ഉള്ള അധികാരം ഒക്കെ ഉണ്ടായിരുന്നു. തെറ്റുകൾ ചെയ്താൽ ശിക്ഷ ഉറപ്പ്.
പഠിക്കാതെ വന്നാലും അടി, തീർച്ചയായും കിട്ടും.
നന്നായി പഠിക്കുന്നവർക്ക് പേടിക്കേണ്ട കാര്യമില്ല.പക്ഷെ അങ്ങനെയുള്ളവർ മിക്ക ക്ളാസുകളിലും വളരെ കുറവാണ്. കൂടുതൽ പഠിക്കാത്തവരും ഹോം വർക്ക് ചെയ്യാത്തവരും ആയിരിക്കും. അതിന് കാരണങ്ങൾ ധാരാളം ഉണ്ട് താനും. മിക്ക കുട്ടികളും പാവപ്പെട്ട വീട്ടിലെ ആയിരിക്കും.അല്ല ആയിരുന്നു. അവർക്ക് വീട്ടിൽ ജോലികൾ ചെയ്യണം, അമ്മയെ സഹായിക്കണം, ചിലർക്ക് താഴെയുള്ള കുട്ടികളെ നോക്കണം, പശുക്കളെ നോക്കണം അങ്ങനെ ഒരു ഇടവേളയിൽ സ്കൂളിൽ വരുന്നവരാണ് പലരും.
അവർക്ക് നല്ല അടിയും കിട്ടും.
ശിക്ഷാവിധികൾ പലതരം. ബഞ്ചിൽ കയറ്റി നിർത്തുക, സ്കൂളിന് ചുറ്റും ഓടിക്കുക. ചൂരൽ കൊണ്ട് കൈവെള്ളയിൽ കാൽവണ്ണയിലോ തുടയിലോ അടിക്കുക. ചെവി തിരുമ്മുക, തുടങ്ങിയ പലതും അരങ്ങേറിയിരുന്നു.
കുറ്റം ചെയ്തവർ തന്നെ ഓഫീസ് മുറിയിൽ നിന്ന് ചൂരൽ കൊണ്ട് വന്ന് ശിക്ഷ ഏറ്റ് വാങ്ങണം എന്നതാണ് മറ്റൊന്ന്.
പക്ഷേ അന്നൊക്കെ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണ് എല്ലാ കുട്ടികളും. രക്ഷകർത്താക്കളായ അച്ഛനോ അമ്മാവനോ അമ്മയോ ആരും ആയിക്കൊള്ളട്ടെ, ഒരു എതിർപ്പും അവർക്കില്ല.
ചിലപ്പോൾ അവർ തന്നെ മക്കൾക്ക് നല്ല തല്ല് കൊടുക്കാൻ അങ്ങോട്ട് പറയുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നോ?
ആകെ നിയമങ്ങൾ മാറി മറിഞ്ഞു. ശിക്ഷ എന്നത് സ്കൂൾ മുതൽ പാടില്ല എന്നതാണ് അലംഘനീയമായ നിയമം. ഇതൊക്കെ മറികടന്ന് ഏതെങ്കിലും അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക ശിക്ഷിച്ചാൽ കേസ് ഉറപ്പ്. വിദ്യാർത്ഥിയോ രക്ഷാകർത്താക്കളോ സർക്കാർ തന്നെ അവർക്ക് എതിരെ കേസ് കൊടുക്കും.
അടുത്ത ദിവസം ഉണ്ടായ സംഭവം തന്നെ അതിന് അടിവരയിട്ടു പറയുന്നു.
വിദ്യാർത്ഥി അധ്യാപകനേയാണടിച്ചത്. തിരിച്ച് അധ്യാപകൻ ഒന്നും ചെയ്യാൻ പാടില്ല എന്ന് വകുപ്പ് മന്ത്രി തന്നെ പറയുന്നു.അധ്യാപകർക്ക് യാതൊരു സംരക്ഷണവും ഇല്ല തന്നെ.
ഒന്നാം ക്ലാസിൽ എന്നെ പഠിപ്പിച്ചത് പത്മിനി ടീച്ചർ ആണ്. അതിന്നും ഞാൻ ഓർക്കുന്നു.എന്തൊരു സ്നേഹമുള്ള പെരുമാറ്റമായിരുന്നു ടീച്ചറുടെ. ചെറിയ കുട്ടികൾ ആണല്ലോ എല്ലാവരും.അന്നൊന്നും നഴ്സറി, എൽ.കെ.ജി യു.കെ.ജി ഒന്നും ഇല്ലല്ലോ.
അമ്മയേ പിരിഞ്ഞു വന്ന കുട്ടികൾക്ക് അമ്മ തന്നെ ആയിരുന്നു ടീച്ചർ. രണ്ടിൽ ത്രേസ്യാമ്മ ടീച്ചർ.കുറുമ്പ് കാട്ടിയവർക്ക് മുളവടി കൊണ്ട് അടി. മൂന്നിൽ മങ്കുട്ടി ടീച്ചർ. നാലിൽ സരോജിനി ടീച്ചർ.അവരൊക്കെ വളരെ പാവങ്ങൾ.നന്നായി പഠിപ്പിച്ചു. ശിക്ഷ ഒന്നുമില്ല.
അഞ്ചിൽ അടിമക്കുട്ടിടീച്ചർ. ചൂരലിന്റെ ആളാണ്.നല്ല അടി. ആറിൽ കൃഷ്ണൻ കുട്ടി മാസ്റ്റർ. അദ്ദേഹം നന്നായി പഠിപ്പിച്ചു.നല്ല ചൂരൽ കഷായവും അത് പോലെ പിച്ചൽ.ചെവി പിടിച്ച് പൊന്നാക്കും.ആകെ ഒരു സമാധാനം മാഷ് ശബരിമലയിൽ പോകുന്ന സമയത്ത് ആരേയും അടിക്കില്ല. പക്ഷേ അത് വളരെ കുറച്ച് ദിവസമല്ലേയുള്ളൂ. കുട്ടികൾ പ്രാർത്ഥിക്കുന്നത് മാഷ് എന്നും ശബരിമലയിൽ പോയാൽ മതിയായിരുന്നു എന്നാണ്.
ഏഴാം ക്ലാസിൽ പത്മിനി ടീച്ചർ എന്ന വേറെ ഒരു ടീച്ചർ ആയിരുന്നു ക്ളാസ് ടീച്ചർ. മലയാളവും സാമൂഹ്യപാഠവുമൊക്കെ മേരി ടീച്ചറും. മറ്റ് ക്ളാസുകളിൽ ഒരാൾ തന്നെയാണ് എല്ലാ വിഷയവും എടുത്തിരുന്നത്. അന്നത്തെ ക്ളാസുകൾ ഒക്കെ നല്ല ആത്മാർത്ഥമായി തന്നെയാണ് അവർ എടുത്തിരുന്നത്.സ്വന്തംകുട്ടികളേപ്പോലെ നോക്കി. അവർക്ക് വേണമെങ്കിൽ ട്യൂഷൻ എടുക്കാനും കൂടുതൽ സമയം സ്പെഷ്യൽ ക്ലാസ്സ് എടുക്കാനും ഒക്കെ അവർ തയ്യാറായിരുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ഓർമ്മകൾ ഇന്നലെ പോലെ. അതിൻ്റെ അർത്ഥം അവരുടെ ആത്മാർത്ഥമായ അധ്യാപനമികവ് തന്നെ.
പിന്നീട് ഹൈസ്കൂളിൽ എത്തിയപ്പോൾ എട്ടാം ക്ലാസിൽ കല്യാണിക്കുട്ടി ടീച്ചർ, ലളിത ടീച്ചർ, ഇന്ദിര ടീച്ചർ, തങ്കം ടീച്ചർ, എല്ലാവരും നന്നായി പഠിപ്പിച്ചു.കല്യാണിക്കുട്ടി ടീച്ചർ നല്ല ചൂരൽ കൊണ്ട് തല്ലും.എനിക്ക് അടി കൊണ്ടിട്ടുണ്ട്. വർത്തമാനം പറഞ്ഞു എന്ന് പറഞ്ഞ്. അല്ലാതെ പഠിക്കാത്തതിനല്ല. ഞാൻ തന്നെ പോയി ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്നും ചൂരൽ കൊണ്ട് കൊടുത്തു.അടി വാങ്ങി.
ഒമ്പതാം ക്ലാസ്സിൽ അപ്പുമാഷ് ക്ളാസ് ടീച്ചർ.
രാമവർമ്മ മാഷ്, പൊതുവാൾ മാഷ്, ശിവശങ്കരൻ മാഷ്, രാമനാഥൻ മാഷ് തുടങ്ങിയവർ, ബേബി ടീച്ചർ, റൂബി ടീച്ചർ എന്നിവരും. ഇവർ തന്നെയാണ് പത്തിലും പഠിപ്പിച്ചത്. ക്ളാസ് മുറി വരെ അതായിരുന്നു. എട്ടും ഒമ്പതും പത്തും ഇ ഡിവിഷൻ തന്നെ. ഇതിൽ ശിക്ഷ തരുന്നവർ ആരുമില്ല. അവരുടെ ക്ളാസുകൾ ഇന്നും ഓരോ രംഗങ്ങളും ഓർമ്മയിൽ ഉണ്ട് അമ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും. അങ്ങനെ മനസ്സിൽ തങ്ങി നിന്നിരുന്നു ഓരോ അധ്യാപകനും അല്ലെങ്കിൽ അധ്യാപികയും. രാമനാഥൻ മാഷ് മലയാളം മാഷാണ്.അദ്ദേഹം വലിയ ഒരു സാഹിത്യകാരൻ കൂടിയാണ്. ബാലസാഹിത്യ കൃതികൾ ആണ് കൂടുതൽ എഴുതിയത്. സയൻസ്ഫിക്ഷൻ ആണ് കുറെയൊക്കെ. വികൃതിഗോപിയുടെ അത്ഭുതയാത്ര, അത്ഭുത വാനരന്മാർ, അപ്പുക്കുട്ടനും ഗോപിയും കണ്ണീർ മുത്തു കൾ, പ്രവാഹങ്ങൾ തുടങ്ങി അനേകം കൃതികൾ. പക്ഷേ ഞങ്ങൾക്ക് അന്ന് അതൊന്നും അറിയില്ല.
മാഷ് കഥ പറയാൻ മിടുക്കൻ ആയിരുന്നു. ഓരോ ടേം പരീക്ഷകൾ കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ ആദ്യം കഥയാണ് കുറേ ദിവസം. ക്ളാസ് എടുക്കില്ല.
രസകരമായ കഥകൾ, കൂടുതൽ സയൻസ് ഫിക്ഷൻ കഥകൾ, അത്ഭുതകരമായ ശാസ്ത്രകഥകൾ! അതൊന്നും ഇപ്പോഴും മറന്നിട്ടില്ല. അത്രയധികം കുട്ടികളെ ആകർഷിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
സ്കൂളിൽ നിന്നും പോന്ന ശേഷവും അടുത്ത കാലം വരെ ചില അധ്യാപകരേയൊക്കെ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. അതിൽ രാമനാഥൻ മാഷ് അടുത്ത കാലത്ത് മരിച്ചു പോയി.
അപ്പു മാഷേയൊക്കെ ഇടക്കിടെ കാണും. ഞാനും ഒരു അധ്യാപകൻ തന്നെയായിരുന്നു. അനേകം കുട്ടികളെ പഠിപ്പിച്ചിരുന്നു. ശിക്ഷ കൊടുത്തല്ല പറഞ്ഞ് മനസ്സിലാക്കിയാണ് പഠിപ്പിക്കാറ്. പത്തിരുപത് വർഷം ട്യൂഷൻ ക്ളാസുകൾ എടുത്തിരുന്നു. ട്യൂഷൻ സെൻററും. പഠിപ്പിച്ച അനേകം പേർ ഇന്ന് വലിയ നിലയിൽ ആയി.അധ്യാപകരും പ്രൊഫസർമാരും ഡോക്ടർമാരും എഞ്ചിനീയർമാരും മറ്റ് പല ഉന്നതരും ശിഷ്യരിൽ പെടുന്നു. ഞങ്ങളുടെ ഇപ്പോഴത്തെ തഹസിൽദാർ വരെ ഞാൻ പഠിപ്പിച്ച കുട്ടിയാണ്.
അവർക്കൊക്കെ ഇന്നും എന്തൊരു ബഹുമാനമാണ്. എവിടെ ചെന്നാലും ഒരു ശിഷ്യൻ അല്ലെങ്കിൽ ശിഷ്യ കാണും.
എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന കാഴ്ചകൾ ആണ് കാണുന്നത്. മറ്റ് ജോലികളേപ്പോലെ ഒരു ജോലി എന്നതായി മാറിയിരിക്കുന്നു അധ്യാപനം. ആത്മാർത്ഥതയോ അർപ്പണമനോഭാവമോ ഒന്നും തന്നെ ഇല്ല.എല്ലാം കച്ചവടമനസ്ഥിതി. സ്കൂൾ നടത്തിപ്പ് തന്നെ വലിയ കച്ചവടമായി മാറി. സർക്കാരിൻ്റെ സ്കൂളുകളും കണക്ക് തന്നെ. പുതിയ പഠനസമ്പ്രദായങ്ങളൊക്കെ വന്നത് സ്വാഗതാർഹം തന്നെ.
കുട്ടികൾ ആണെങ്കിൽ ബഹുമാനം പോയിട്ട് പുച്ഛമാണ് അധ്യാപകരോട് ഉള്ള സമീപനത്തിൽ കാണുന്നത്. തിരിച്ചും വാത്സല്യവും സ്നേഹവും ഒന്നുമില്ല. പഠിപ്പിക്കാൻ വരുന്നു.അതൊരു ജോലി മാത്രം. മറ്റൊരു അറ്റാച്ച്മെൻ്റ് വിദ്യാർത്ഥികളുമായില്ല. പേടിയും ഉണ്ട്. എപ്പോഴാണ് തന്റെ പേരിൽ കേസ് കൊടുത്ത് ജോലി കളയിക്കുക എന്ന പേടി.
സത്യത്തിൽ സമൂഹത്തെ നല്ല നിലയിൽ വാർത്തെടുക്കാൻ അധ്യാപകർ വിചാരിച്ചാൽ സാധിക്കും. അവർ ആത്മാർത്ഥമായി പരിശ്രമിക്കണം, വിദ്യാർത്ഥികളെ സ്വന്തം മക്കളേപ്പോലെ കാണണം.
അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കണം. അപ്പോൾ അവരും തിരിച്ചു സ്നേഹിക്കും. സഹകരിക്കും നല്ലൊരു ഭാവി കുട്ടികൾക്കുമുണ്ടാകും തീർച്ച.
#കൂട്ടക്ഷരങ്ങൾ
#ബ്ളോഗ് രചനാമത്സരം
#എന്റെരചനാമത്സരം
#എന്റെഅധ്യാപകരുംഇന്നത്തെഅധ്യാപകരും
#വിഷയം_അധ്യാപകന്റെപങ്ക്ഇന്നത്തെസമൂഹത്തിൽ
#രചന_രാമചന്ദ്രൻടിവി


4 Comments
നല്ല എഴുത്ത് 👌🙂
പഠിപ്പിച്ച അദ്ധ്യാപകരെയെല്ലാം ഓർമ്മിച്ചുവല്ലോ. അവരെയൊക്കെ എങ്ങനെ മറക്കും അല്ലേ.
നന്നായി എഴുതി❤️👌🌹
ബാലമനശാസ്ത്രത്തിൻ്റെ ബാലപാഠം പോലും അറിയാത്തവരായിരുന്നു ഭൂരിഭാഗം പഴയകാല അദ്ധ്യാപകരും രക്ഷിതാക്കളും എന്നാണ് തോന്നിയിട്ടുള്ളത്.പുതിയ കാലത്തെ അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിൽ ഭേദം.
ഇത്രയും അധികം അധ്യാപകരുടെ പേരുകൾ ഓർത്തുവെയ്ക്കുന്ന ഒരാളോടു ബഹുമാനം തോന്നുന്നു. 👏
പക്ഷെ പഴയ കാലത്തെ കടുത്ത ശിക്ഷാ നടപടികൾ വേണമോ എന്ന് ഞാൻ ആലോചിക്കാറുണ്ട്.