നിർത്താതെയുള്ള മൊബൈൽ ഫോൺ ബെല്ലടി കേട്ടാണ് ഉണർന്നത്. കോൺടാക്ട് ഇമേജിൽ സുന്ദരനായ ഒരു യുവാവിന്റെ മുഖം പ്രത്യക്ഷപ്പെട്ടു. ആത്മാർത്ഥ മിത്രം വിനൂപ് കൃഷ്ണയാണ്. രാവറ്റ ജി എൽ പി സ്കൂളിലെ അധ്യാപകൻ.
“എന്താടാ.. “
“ഡാ… എണീറ്റില്ലേ. ഇന്നെന്താ പരിപാടി?”
” ഞ… ൺ.. ഡേ അല്ലേ.. ടാ.. എന്ത് പരി.. പാടി.. ശല്യപ്പെടുത്താനായിട്ട്. ഉച്ച വരെ ഉറങ്ങാനുള്ള ആ ഫ്ലോ അ.. ങ്ങ് പോയി.. കാര്യം പറ.. യെടാ “
ഞായറാഴ്ച ഉറക്കം പാതി മുറിഞ്ഞ സങ്കടത്തിൽ ആയിരുന്നു ഞാൻ..
“നമുക്കൊരു സ്ഥലം വരെ പോവണം. നീ വേഗം എണീറ്റ് റെഡിയാവ്. ഞാനിപ്പോ എത്താം”
” ഹേയ്. ഇല്ല.. ഇന്ന് ഞാൻ ഫുൾ ബിസി യാ. രണ്ട് മൂന്നു പരിപാടി കളുണ്ട്. ഞാനില്ല. “
” എന്റെ വായിൽ നിന്നും രാവിലെ തന്നെ കേൾക്കണ്ടെങ്കിൽ വേഗം എഴുന്നേറ്റു റെഡിയാവ് “
മിടുക്കനായ ഒരു യുവ അധ്യാപകനിൽ നിന്നും എന്തിനാ വെറുതെ പുലര്‍കാലേ തന്നെ വേണ്ടാതീനങ്ങൾ കേൾക്കുന്നത് എന്ന ചിന്തയിൽ ഞാൻ സമ്മതിച്ചു.
“എങ്ങോട്ടാടാ?”
” നിനക്ക് നമ്മുടെ ഒപ്പം പണ്ട് സ്കൂളിൽ പഠിച്ച ഒരു ബാബുരാജിനെ അറിയില്ലേ? “
” ഏത് ബാബുരാജ്?”
” എടാ നമ്മുടെ ബാച്ച് മേറ്റ് ആയിരുന്നു അവൻ.. നമ്മുടെ ക്ലാസില്‍ ഒരു ഷഹീർ ഇല്ലായിരുന്നോ? അവന്റെ ഒപ്പം ഉണ്ടപ്പാറ കുന്നിൽ നിന്നും വരുന്ന ബാബുരാജ് “
” ഏത് ഷഹീർ.. ഏത് ബാബു രാജ്. എനിക്കോർമ്മയില്ലടാ വിനൂ “
മറുതലയ്ക്കൽ എന്തോ ആലോചിക്കും പോലെ ഒന്നും മിണ്ടാതെ വിനൂപ് ഒരു സെക്കന്റ് നിന്നു.
” എന്നാ നിനക്ക് പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ പറയാം.. നമ്മുടെ ജൂനിയറോ മറ്റോ ആയിരുന്ന ഒരു സുമി ഇല്ലായിരുന്നോ “
” ആ. സുമി.. സുമി ഗണേഷ്.. അവളുടെ? “
മറുതലക്കൽ അവന്റെ ഒരു പരിഹാസചിരി ഉയർന്നു.
” അവളുടെ ഒപ്പം വരുന്ന ഒരുത്തി ഇല്ലായിരുന്നോ. പേര് ഞാൻ മറന്നു.”
” അവളുടെ ഒപ്പം റിഫാന, ഷെമീന, റൂബി, നിത്യ.. ഇതിൽ ആരാ?”
” ഓ… ഇപ്പോ നിന്റെ ഭൂപടം ഓൺ ആയി. 15 കൊല്ലമായി നമ്മള് സ്കൂള് വിട്ടിട്ട്. ബാബുരാജിനെ ഓര്‍മ്മയില്ല. സുമിയും കൂട്ടുകാരികളും കൃത്യമാണ്. നിന്‍റെ ഒരു കാര്യം “
“അതിപ്പോ എത്ര ബാബുമാരുണ്ട്. എല്ലാരെയും പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റോ?”
ഞാന്‍ മെല്ലെ ഉരുണ്ട് ഉരുണ്ട് തടിതപ്പാന്‍ ശ്രമിച്ചു.
“സുമിയും ഒരുപാടുണ്ട്. പക്ഷേ ഇത് പെട്ടെന്ന് നിനക്ക് കിട്ടിയല്ലോ. നിന്‍റെ കേട്ട്യോളോട് നിന്‍റെ ഓര്‍മ്മ ശക്തിയുടെ അപാരത ഒന്നു പറഞ്ഞുകൊടുക്കാനുണ്ട് അവളെ ഒന്ന് കാണട്ടെ “
“ഒരു കുടുംബം കലക്കാനാണോടാ തെണ്ടീ രാവിലെതന്നെ വിളിച്ചത് “
“ഡാ. ഈ റൂബി യുടെ വീടിന്റെ ഒരു അര കിലോമീറ്റർ അകലെയാണ് ഈ ബാബുരാജിന്‍റെ വീട്. റൂബിയുടെ മകന്‍ കഴിഞ്ഞ കൊല്ലം എന്‍റെ ക്ലാസിലായിരുന്നു “
“ആ… എനിക്ക് ഓര്‍മ്മയില്ല. എന്താ പ്രശ്നം.. “
യാമങ്ങളിൽ എപ്പോഴോ എന്നോട് പിണങ്ങി കിടക്കയിൽ എവിടെയോ കിടന്നുറങ്ങുകയായിരുന്ന ഉടുമുണ്ടിനെ തപ്പി എടുത്ത് യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച് ഞാൻ എഴുന്നേറ്റു,
” ഡാ. ഞാൻ എപ്പോഴും സ്കൂളിലെ ഒരു ബ്രൈറ്റ് പയ്യനെ പറ്റി പറയാറുള്ളത് നിനക്കോർമ്മയുണ്ടോ. ഈ ബാബുരാജിന്റെ മകനാ… ഇക്കൊല്ലം എന്റെ ക്ലാസ്സിലാ. പക്ഷേ ആൾ ഇതു വരെ ക്ലാസ്സിൽ വന്നിട്ടില്ല “
” ഓഹോ അതാണോ കാര്യം.. ‘സിക്സ്ത് വർക്കിങ് ഡേ’ ആറാം പ്രവര്‍ത്തിദിനം. കുട്ടികളെ പിടുത്തക്കാരായി ചാക്കുമായി അധ്യാപകർ ഇറങ്ങുന്നു. എനിക്കാവൂലേ. നീ വേറെ ആരെയും നോക്ക് ”
അവൻ ചിരിച്ചു കൊണ്ട് പതുക്കെ എന്തോ പറഞ്ഞു, ചെറിയ ഒരു ചീത്തയാണ്…ഉറപ്പാണ്. അധ്യാപകനായതിനു ശേഷം അവന്റെ പഴയ വലിയ ചീത്ത വിളിയൊക്കെ എവിടെയോ മറന്നുവെച്ചിരുന്നു.
“ഡാ… വാലും തലയുമില്ലാത്ത എന്തൊക്കെയോ നീ മനസ്സിലാക്കിയിട്ടുണ്ടല്ലോ. അതങ്ങനെ ഒന്നുമല്ല. ഞാനാ മോന്റെ ഭാവിയാ ചിന്തിച്ചത്. ഇനി യാത്രാപ്രശ്നമാണെങ്കില്‍ അവനെ സ്കൂളില്‍ എത്തിക്കാനും മറ്റുമുള്ള സൌകര്യം എന്‍റെ ചെലവില്‍ ഞാന്‍ ചെയ്തോളാം. അതൊക്കെ ചോദിക്കാന്‍ വീട്ടിൽ വിളിച്ചപ്പോൾ അവന്റെ അമ്മ വളരെ റോങ്ങ് ആയാ എന്നോട് സംസാരിച്ചത്”
“അപ്പൊ നേരിട്ട് കണ്ടാൽ അവര് ചൂലെടുക്കും ഒറപ്പാ. “
” അതിനാ നിന്നെ വിളിച്ചത്. നീ ആവുമ്പോൾ ആളുകളെ ഒക്കെ വേണ്ട വിധത്തിൽ കണ്ട് സംസാരിക്കാനും കയ്യിലെടുക്കാനുമൊക്കെ അറിയുന്ന ആളാണല്ലോ. ആ ഒരു കഴിവിൽ നിന്നെ കഴിച്ചേ വേറെ ആളുള്ളൂ. “
” സോപ്പിട്ടോ.. അധികം പതപ്പിക്കണ്ട.. മ്… ഒരു പത്തര ആവുമ്പോ വാ. പോയി നോക്കാം.”
സ്വന്തം കാര്യം മാത്രം നോക്കുന്നവനല്ല വിനൂപ്. അവന്‍ പഠിപ്പിക്കുന്ന കുട്ടികളൊക്കെ അവന് സ്വന്തം മക്കളെപ്പോലെയാണ്. അവരുടെ കുസൃതികള്‍, പ്രശ്നങ്ങള്‍, പരിഭവങ്ങള്‍ എല്ലാം അവന്‍ സൌഹൃദ വട്ടങ്ങളില്‍ സൂചിപ്പിക്കുമായിരുന്നു. അവന്‍ ഒപ്പമുണ്ടെങ്കില്‍ എവിടെപ്പോയാലും എവിടെനിന്നെങ്കിലും അശരീരി പോലെ കുട്ടികളുടെ ശബ്ദം ഉയരും.
“വിനൂപ് മാഷേ ”
ഏകദേശം 3 കിലോമീറ്ററോളം അകലെയാണ് ഉണ്ടപ്പാറക്കുന്ന് എന്ന ഉള്‍പ്രദേശം സ്ഥിതിചെയ്യുന്നത്. അവിടെയെത്തുമ്പോള്‍ പതിനൊന്നര മണിയോടോടടുത്തിരുന്നു. ബുള്ളറ്റ് ഒതുക്കി നിര്‍ത്തി ബാബുരാജിന്റെ വീട് ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു.
റബര്‍ മരങ്ങള്‍ക്കിടയിലുള്ള മണ്‍ പടവുകള്‍ കയറി ഞങ്ങള്‍ ഒരു ചെറിയ വീടിന് മുന്നിലെത്തി. ആസ്പെറ്റോസ് ഷീറ്റിട്ട പാതി തേച്ച ഒരു ചെറിയ വീട്. അതിന് ചേര്‍ന്ന് ഒരു പശുതൊഴുത്ത്. മുറ്റത്ത് നല്ല വൃത്തിയില്‍ വളര്‍ത്തിയിരിക്കുന്ന പൂന്തോട്ടം, അതിന് അരികത്തായി ചെറിയ ഒരു പച്ചക്കറിത്തോട്ടം.
പൂന്തോട്ടത്തിലേക്കും പച്ചക്കറികളിലേക്കും വെള്ളം എത്തിക്കാനായി ശാസ്ത്രീയമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന പൈപ്പുകള്‍, പശുത്തൊഴുത്തില്‍ നിന്നും ചെറിയ ശബ്ദത്തില്‍ പാട്ടുകള്‍ ഉയരുന്നു. വീടിന് വശങ്ങളിലായി പഴയ ടയറുകള്‍ കൊണ്ടും, പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടും കുടകളിലെ കമ്പികള്‍ ഉപയോഗിച്ചും ഉണ്ടാക്കിയിരിക്കുന്ന വിവിധ തരം വസ്തുക്കള്‍.
ഞങ്ങള്‍ അത്ഭുതത്തോടെ പരസ്പ്പരം നോക്കി. ഞാന്‍ ആ വ്യത്യസ്തത നിറഞ്ഞ കാഴ്ചകള്‍ ഓരോന്നായി ആസ്വദിച്ചു കാണുകയായിരുന്നു.
പുറത്ത് ആരേയും കാണാത്തതിനാല്‍ വീടിന് മുന്നിലേക്ക് ചെന്ന് വിനൂപ് കുറച്ചു ശബ്ദത്തില്‍ ഒന്ന് മുരടനക്കി.
ഉള്ളില്‍ നിന്നും ധൃതിയില്‍ വെള്ളമുണ്ടുടുത്ത് ഷര്‍ട്ടിന്‍റെ കൈ മടക്കുകള്‍ ചുരുട്ടി വെച്ചുകൊണ്ട് ഒരാൾ പുറത്തേയ്ക്ക് വന്നു. പുറത്തെ അപരിചിതനെ കണ്ടതും അയാള്‍ ചോദ്യചിഹ്നഭാവത്തില്‍ മുഖം ചുളിച്ചു
“ ആരാ. എന്തായിരുന്നു ?”
അപ്പോഴാണ് ഞാന്‍ ആ ചോദ്യ ഉടമയേയും അയാള്‍ എന്നേയും ശ്രദ്ധിച്ചത്.
എന്‍റേയും അയാളുടേയും കണ്ണുകള്‍ പരിചിതഭാവത്തില്‍ ഒന്ന് വിടര്‍ന്നു. എന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു.
“ബാബു … ചുക്രു ബാബു. ഇവനായിരുന്നോ ഈ ബാബുരാജ്!!!”
ബാബു വേഗത്തില്‍ എന്‍റെ അടുത്തേയ്ക്ക് വന്നു. കുറച്ചു ശബ്ദം താഴ്ത്തി അവന്‍ എന്നോട് പറഞ്ഞു.
“എടാ ഇത് മോശാട്ടോ …കട്ടയിട്ട പൈസ ചോയിച്ച് വീട്ടിലേക്കൊക്കെ വരുന്നത്. ഞാന്‍ അന്ന്‍ മുങ്ങിയതല്ല വേറെ ഒരു വഴിക്കായി പോയതാടാ. ”
വിനൂപ് അമ്പരപ്പോടെ ഞങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു. ഞാനവനെ കണ്ണടച്ചു കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇവനായിരുന്നോ? ഇവൻ എന്‍റെ ഗ്ലാസ് മേറ്റല്ലേ ”
ഞാന്‍ ബാബുവിന് കൈകൊടുത്തു. ആലിംഗനം ചെയ്തു.
“ചുക്രൂ. അത് ഞാന്‍ പലിശ സഹിതം നിന്‍റെ കയ്യീന്നു പിടിച്ചോളാം… ഇപ്പൊ ഞാന്‍ വന്നത് വേറെ കാര്യത്തിനാ. “
ബാബുവിന്റെ കൈപിടിച്ച് ഞാൻ വിനൂപിന്‍റെ അടുത്തേക്ക് നടന്നു.
“ നിനക്ക് ഇവനെ അറിയില്ലേ നമ്മുടെ ഒപ്പം പഠിച്ചതാ. വിനൂപ്. നിന്റെ മോൻ പഠിക്കുന്ന സ്കൂളിലെ മാഷാ. മോന്‍ കുറെ ദിവസമായിട്ട് സ്കൂളിൽ ചെല്ലാത്തതുകൊണ്ട് തിരക്കി വന്നതാ ഞങ്ങൾ “
ബാബുവും വിനൂപും പരസ്പരം കൈ കൊടുത്തു. ശേഷം തിരിഞ്ഞ് ബാബു എന്നെ നോക്കി പറഞ്ഞു.
“ എടാ.. ഞാൻ കുറച്ചു തെരക്കിലാ. കോഴിക്കോട് വരെ പോണം. ബസ്സ് ഇപ്പൊ വരും, അവന്റെ കാര്യങ്ങളൊക്കെ അവന്റെ അമ്മയോട് സംസാരിച്ചോ അതാ നല്ലത്. ഞാനിപ്പോ പോവാടാ “
ബാബു തിരിഞ്ഞുനിന്നു ഉറക്കെ വിളിച്ചു.
“ഡീ… പ്രിയേ… നീ പുറത്തേയ്ക്കൊന്നു വന്നേ…“
ഞങ്ങളെ നോക്കി കൈ കാണിച്ച് ബാബു വേഗത്തിൽ പുറത്തേക്ക് നടന്നു.
“ ബാബേട്ടൻ.. എന്തൂട്ടാ ഓളി ട് ണേ? “
നൈറ്റി മുട്ടോളം ഒരൽപ്പം പൊക്കികുത്തിവെച്ചുകൊണ്ട് ബാബുവിന്റെ ഭാര്യ പുറത്തേക്ക് വന്നു. പെട്ടെന്ന് ഞങ്ങളെ കണ്ടതും ഒരൽപ്പം പരിഭ്രമത്തോടെ നൈറ്റി താഴ്ത്തിയിട്ട് മുടി ഒതുക്കി ഞങ്ങളുടെ നേരെ നോക്കി ഒന്ന് ചിരിച്ചു.
“ആരാ… എന്തൂട്ടാ. കേറിയിരിക്ക് ട്ടോ “
പ്രിയ രണ്ടു കസേരകള്‍ ഞങ്ങള്‍ക്കിരിക്കാനായി ഒരുക്കിവെച്ചു. ഞങ്ങള്‍ മെല്ലെ അകത്തേയ്ക്ക് കയറിയിരുന്നു.
“ഞാന്‍ നിങ്ങളുടെ മോന്‍ ലിജോ പഠിക്കുന്ന സ്കൂളിലെ മാഷാ. അവനിവിടെ ഇല്ലേ?“
വിനൂപിന്‍റെ ചോദ്യം കേട്ടതും പ്രിയയുടെ മുഖഭാവം മെല്ലെ മാറിതുടങ്ങി.
“ഏത്? രാവറ്റ ഉസ്കൂളിലേ… ണോ “
അതെയെന്ന ഭാവത്തോടെ അവന്‍ തലയാട്ടി.
“അവനിനി ആ ഉസ്കൂളിലേക്ക് വരില്ല്യാ… ”
പ്രിയയുടെ സംസാരം കേട്ട ഞങ്ങള്‍ അമ്പരപ്പോടെ അവളെ നോക്കി.
“അവിടെ ഒരു വതൂരി ടീച്ചറ് ഇണ്ടല്ലോ. എന്തൂട്ടാ. സുമങ്കലേയോ. സുമങ്കലിയോ. ആ ടീച്ചര്‍ക്ക് ചടച്ച റോളാട്ടോ. ഒരു ചീള് കേസിന് മ്മടെ ക്ടാവിനോട് ജ്ജാതി കലിപ്പ്. ക്ടാവോളെല്ലെ മാഷേ. ഇച്ചിരി കൊസറോളൊക്കെ കാട്ടൂലേ. അയിന് ടീച്ചറോള് ഇങ്ങനാ”
ഒന്നും മനസ്സിലാവാതെ ഞാനും വിനൂപും പരസ്പ്പരം നോക്കി.
“ഒരൂസം ആ ടീച്ചറ് ഒരു പരീക്ഷട്ടൂ. ലിജോന് അയില് മാര്‍ക്ക് കൊറവാ. അപ്പന്‍റെ ഒപ്പ് ട്ടു കൊണ്ടോരാന്‍ പറഞ്ഞപ്പോ ക്ടാവ് ബാബേട്ടന്‍റെ ഒപ്പാട്ടു ട്ട് കൊട് ത്തൂ .. അയിന് ടീച്ചറ് ക്ക് ജ്ജാതി കലിപ്പായി. ക്ടാവ് ചെയ്തത് തെറ്റാ.. അവന്‍ സോറിയും പറഞ്ഞു. ന്നിട്ടും ആ പെണ്ണുംമ്പിള്ള ന്നെ വിളിപ്പിച്ചൂ.. ചെവിട്ടില് മൂട്ടപോയപോലെ എന്തൂട്ടെക്കോ പറഞ്ഞു. ആ പെട്ട ഏഡ്മാഷോ ട് ത്തും കൊണ്ടോയി. ആകെ സീനാക്കി. ഒരു ജ്ജാതി സാന ട്ടോ ആയമ്മ. എള്പ്പല്ലാട്ടോ… ”
കഴിഞ്ഞ തവണത്തെ പി ടി എ മീറ്റിങ്ങില്‍ സുമങ്കലി ടീച്ചറോട് ഉടക്കിയ ഓര്‍മ്മയില്‍ ഞാന്‍ വിനൂപിനെ ഒന്ന് നോക്കി. അവന്‍ ആകെ ഒരു ചമ്മിയ രീതിയില്‍ ഇരിക്കുകയായിരുന്നു.
“അന്ന് ഞാന്‍ തീരുമാനിച്ചതാ. ഇനി ആ ഉസ്കൂളില്ലേക്കില്ല്യാ …ഇവ്ടെ അട് ത്തൊന്നും വേറെ സ്കൂളില്ല്യാ. ഞാന്‍ ടി ടി സി കഴിഞ്ഞതാ മാഷേ. ഈ ബാബേട്ടന്‍റെ ഒപ്പം എറങ്ങി പോന്നോണ്ടാ ഇങ്ങന്നായേട്ടോ. ഞാ ന്‍റെ ക്ടാവിനെ പഠിപ്പിക്കും “
“ചേച്ചീ. സ്കൂളില്‍ അങ്ങനെ ഒരു വിഷയം ഉണ്ടായത് എനിക്കറിയില്ല. നിങ്ങള്‍ക്കത് വെഷമമായിട്ടുണ്ടെങ്കില്‍ സ്കൂളിന് വേണ്ടി ഞാന്‍ സോറി പറയാം. ലിജോയെ നാളെ മുതല്‍ സ്കൂളിലേക്ക് വിടണം ”
പ്രിയയുടെ മുഖം ഒന്നിരുണ്ടു.
“ചേച്ച്യാ.. എന്തൂട്ട് ചേച്ചീ.. പ്രിയാന്ന് വിളിച്ചാതീ…”
ആ ‘ചേച്ചി’ വിളി അവളുടെ ഇഗോയില്‍ കൊണ്ടെന്ന് എനിക്ക് മനസ്സിലായി.
“മാഷൊന്നും പറേണ്ടാ.. അവന്‍ നിങ്ങക്കൊരു എടങ്ങറേണ്. അവന്‍ വരില്ല്യാ. ഈ ഇണ്ടാക്കിയ സാനങ്ങളൊക്കെ കണ്ടോ! ന്‍റെ ക്ടാവ് ണ്ടാ ക്കിയതാ. അവന്‍റോ രോ കണ്ട് പിട്ത്തങ്ങള് കണ്ടാ കണ്ണ് ബള്‍ബാ വും ട്ടോ! ”
അനര്‍ഗള നിര്‍ഗളം ഒഴുകുന്ന തൃശ്ശൂര്‍ ഭാഷയില്‍ പകുതിയും വിനൂപിന് മനസിലായില്ല എന്നത് അവന്‍റെ മുഖഭാവത്തില്‍ വ്യക്തമായിരുന്നു. ആ ഭാഷയും മനോഹരമായ സ്ലാങ്ങും കേട്ട് ഞാന്‍ രസിച്ചിരിക്കുകയായിരുന്നു.
“തൃശ്ശൂര് എവ്ടാ? ”
എന്‍റെ ചോദ്യത്തിലെ തൃശ്ശൂര്‍ എന്നു കേട്ടതും പ്രിയയുടെ മുഖം പ്രസന്നമായി.
“അരണാട്ടരാ.…തൃശ്ശൂരറിയോ? ”
“എനിക്ക് അവിടെ ചുള്ളമ്മാരും ചുള്ളത്ത്യോളായി ഒരുപാട് ഗഡിക ള് ണ്ട് ട്ടോ.. എനിക്ക് ഭയങ്കര ഇഷ്ട്ടാ നിങ്ങളെ നാടും ഭാഷേ൦.”
അറിയാവുന്ന തൃശ്ശൂര്‍ സ്ലാങ്ങില്‍ ഞാനൊരു പെട പെടച്ചു.
“ഹയ്യ്… അപ്പോ മാഷും നമ്മ ഡാവാ ലേ. ജോറായി ട്ടാ. നമ്മ ഏത് നാട്ട് ലാണേലും ജമ്മണ്ടങ്ങേ പടാവും വരെ ഈ ഭാഷന്നെ ട്ടോ.. മാഷ് പൂരത്തിന് വന്നിട്ട് ണ്ടാ?
“പിന്നേ… ഒരുപാട് തവണ… പൂരൊക്കെ മൊത്തത്തി കളറാട്ടോ. ”
ഞങ്ങള്‍ക്കിടയില്‍ പ്രിയ ഉണ്ടാക്കിയ അകലം പതുക്കെ കുറയും പോലെ തോന്നി. ഞാന്‍ പതുക്കെ കാര്യത്തിലേക്ക് കടന്നു.
“നിങ്ങള് ഒരു രണ്ടു ദിവസം ലിജോയെ സ്കൂളിലേക്ക് അയക്ക്. ഒരു പ്രശ്നവും ഉണ്ടാവില്ല. ഈ മാഷ് അവനെ നോക്കിക്കോളും ”
പ്രിയയുടെ ഭാവം പിന്നേയും മാറി.
“ഹയ്യ്… അപ്പോ അതാ ല്ലേ കാര്യം… മനസ്സിലായി ട്ടാ… ’സിക്സ്ത്ത് വര്‍ക്കിങ് ഡെ ല് ‘ ക്ടാവിനെ കൂട്ടാന്‍ വന്നതാ ല്ലേ “
ഞാന്‍ ഒരു ചെറു ചിരിയോടെ വിനൂപിനെ നോക്കി. ചോദ്യം അവഗണിക്കുന്ന രീതിയില്‍ വിനൂപ് ചോദിച്ചു.
“ലിജോ ഇവിടെയില്ലേ? അവനെയൊന്ന് കാണാന്‍ പറ്റോ?”
വിനൂപിന്‍റെ ചോദ്യത്തില്‍ ഇത്തവണ മനസ്സില്ലാ മനസ്സോടെ ലിജോയെ വിളിയ്ക്കാനായി പ്രിയ പുറത്തേയ്ക്കിറങ്ങി.
“വായോ .. ”
വീട്ടില്‍നിന്നും റബര്‍ മരങ്ങള്‍ക്കിടയിലുള്ള ഒരു മാവ് ലക്ഷ്യമാക്കി പ്രിയ നടന്നു. കൂടെ ഞങ്ങളും.
“ഡാ.. ലിജോനേ.. ലിജോനേ…നീ എവ്ട്രാ?. ”
കുറേനേരം മറുപടി ഒന്നും ഇല്ല. പ്രിയ ഉറക്കെ വിളിച്ചുകൊണ്ട് മുന്നോട്ടേയ്ക്ക് നടന്നു.
“എന്തൂട്ടാ മ്മേ… ”
ശബ്ദം കേട്ട ഇടത്തേയ്ക്ക് ഞങ്ങളുടെ കണ്ണുകള്‍ പാഞ്ഞു. മാവിന്‍റെ മുകളിലെ കൊമ്പില്‍ തൂങ്ങിപ്പിടിച്ചിരിക്കുന്ന പത്തു വയസ്സുകാരന്‍. എന്തോ കാര്യമായ ജോലിയിലാണ്. കുറേ ഇലക്ട്രിക് വയറുകളും ചെറിയ പൈപ്പുകളും കുടയുടെ കമ്പികളുമൊക്കെ തൊട്ടടുത്ത കൊമ്പില്‍ തൂക്കിയിട്ടിരിക്കുന്നു.
“ഡാ. ഈ മാഷോള് നിന്നെ കാണാന്‍ വന്നതാ. ”
“ഞാ വരൂലാ. അമ്മ അവരേം കൂട്ടി തെറിക്കാന്‍ നോക്ക് ട്ടാ ”
ചെക്കന്‍ അമ്മയുടെ ഭാഷാ ജെനുസിലാണ് പരിണാമം എന്ന് അവന്‍റെ ഒറ്റ വാക്കില്‍ തന്നെ മനസ്സിലായി.
“ഡാ ലിജോനേ… നീ കൊറച്ചൂ സം ഉസ്കൂളില്‍ പോടാ. ഈ മഷോള് അയിന് വന്നതാ. ”
“ഞാന്‍ പോവ് ല്ല്യാ ”
ചെക്കന്‍ ആകെ കലിപ്പിലാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.
“ന്തൂട്രാവെനേ.. ഡാ ചുള്ളാ… ഇത് നമ്മടെ അയലക്കത്തുള്ള മാഷാ. കൊറച്ചൂസം പോയാ മതീടാ. ഒരു വല്ല്യ സാറ് വന്ന് തലയെണ്ണി കഴിഞ്ഞു പോയാല്‍ നീ സ്കൂട്ടായിക്കോ… ഈ മാഷ് ടെ ‘കഞ്ഞി പ്രശ്നം’ അല്ലെ ടാ. അത് നീയായ്ട്ട് മുട്ടിക്കര് ത് ട്ടാ…”
അത് കേട്ടതും ചിരി അടക്കാനാവാതെ ഞാന്‍ വിനൂപിനെ നോക്കി. ‘കഞ്ഞി പ്രശ്നം’ കേട്ടതോടെ അവന് ആകെ ഹാലിളകിയത് പോലെയുള്ള നില്‍പ്പായിരുന്നു. അവന്‍ പിടുത്തം വിട്ട് എന്തെങ്കിലും പറയുമോ എന്നായിരുന്നു എന്‍റെ ഭയം. ഞാന്‍ പ്രിയയുടെ നേരെ തിരിഞ്ഞു.
“ഹലോ… നിങ്ങളുടെ മകന് സ്കൂളില്‍ വന്നില്ലെങ്കില്‍ ഈ മാഷിന്‍റെ കഞ്ഞികുടി ഒന്നും മുട്ടില്ല. ആവിശ്യത്തില്‍ എറെ കുട്ടികളുമുണ്ട് ഇദ്ദേഹത്തിന്‍റെ ക്ലാസില്‍. നിങ്ങളുടെ മകന്‍ കഴിവുള്ള കുട്ടിയാണ് സ്കൂളില്‍ വരാതിരുന്നാല്‍ അവന്‍റെ ഭാവി എന്താകും എന്നു കരുതിയാണ് ഈ മാഷ് എന്നേം കൂട്ടി ഇങ്ങോട്ട് വന്നത്. “
എന്‍റെ സ്വരം ഒരല്‍പ്പം കടുത്തിരുന്നു. ആ ഭാവമാറ്റം പ്രിയയെ വല്ലാതാക്കി.
“സൌന്ദര്യവും വിദ്യാഭ്യാസവും പക്വതയുമുള്ള യുവത്വത്തിന്‍റെ പ്രതീകമായ നിങ്ങളുടെ അടുത്തു നിന്നും ഞങ്ങള്‍ ഇങ്ങനെയുള്ള നിരുത്തരവാദിത്തപരമായ ഒരു സമീപനം അല്ല പ്രിയാ പ്രതീക്ഷിച്ചത്. ”
ഞാന്‍ ഒരല്‍പ്പം നിര്‍ത്തി ഇടംകണ്ണിട്ട് വിനൂപിനെ ഒന്ന് നോക്കി. ഏൽക്കുന്നുണ്ട് കാച്ചിക്കോ എന്ന ഭാവത്തിൽ അവൻ കണ്ണുകൾ വിടർത്തി കാണിച്ചു..
“പ്രിയ തന്നെ കുട്ടിയുടെ കഴിവിനെപ്പറ്റിയും മഹത്വത്തെപ്പറ്റിയും ഒക്കെ കുറേ ഇവിടെ പറഞ്ഞു. ഈ കഴിവും കണ്ടുപിടുത്തങ്ങളുമൊക്കെ ഇവിടെ ഈ വീടിന് ചുറ്റും ഒതുങ്ങിയാല്‍ മതിയോ ?ഈ കുട്ടി നാളെയുടെ ഒരു വാഗ്ദാനമാണെന്ന് ഈ മാഷിന് തോന്നിയതുകൊണ്ടാണ് ഇവിടെ വന്നത്. നിങ്ങള് ബുദ്ധിമുട്ടി ഈ മാഷിന് ‘കഞ്ഞിവാങ്ങി’കൊടുക്കാന്‍ മോനെ സ്കൂളിലേക്ക് അയക്കണ്ട. ”
ഞാന്‍ പറഞ്ഞു നിര്‍ത്തിയതും പ്രിയയുടെ മുഖഭാവം മാറിതുടങ്ങിയിരുന്നു.
“നിങ്ങളുടെ മകന് സ്കൂളില്‍ പോയി വരാന്‍ വേണമെങ്കില്‍ സ്വന്തം ചെലവില്‍ വാഹന സൌകര്യം വരെ ഏര്‍പ്പാടാക്കാന്‍ തയ്യാറായാ ഈ മാഷ് വന്നത്. എന്നിട്ടോ.. നിങ്ങളെ സംസാരം ഇങ്ങനേയും.. ടീച്ചേഴ്സ് ട്രെയിനിങില്‍ പഠിച്ച സൈക്കോളജിയും പെടഗോജിയും ഒക്കെ എന്ത് എത്തിക്സാണ് നിങ്ങള്‍ക്കൊക്കെ തന്നിട്ടുള്ളത്. ഐ കാണ്ട് അണ്ടര്‍സ്റ്റാന്‍റ് …ഇറ്റ്സ് ടൂ മച്ച് പ്രിയാ.. ”
അച്ചടിഭാഷയില്‍ അറിയാവുന്ന പേരൊക്കെ കൂട്ടി എന്തൊക്കെയോ ഡയലോഗിട്ട് വായില്‍ തോന്നിയ ഇംഗ്ലിഷും തട്ടി വിട്ട് ആകെ ഗൌരവത്തില്‍ ഞാന്‍ നിന്നു.
അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“മാഷേ സോറീട്ടാ. ഞാനങ്ങനെയൊന്നും വിചാരിച്ചു പറഞ്ഞതല്ലാ.. ന്‍റെ ക്ടാവിന്‍റെ മനസ്സ് നൊന്തപ്പൊ അന്നെനിക്ക് സയിച്ചില്ല്യാ. അതാട്ടോ … ”
അവള്‍ മെല്ലെ കണ്ണു തുടച്ചു.
“വല്ല്യ എയ്മിണ്ടായ്ട്ടല്ലാ… എനിക്ക് കൂട്ട്യാ കൂടൂല്ലാന്നും അറിയാ. ന്നാലും അറിയുന്നത് ഞാ പഠിപ്പിക്കാ ന്നാ കരുതിയേ.. ”
പ്രിയ തിരിഞ്ഞു നിന്ന് ഒരു ചെമ്പരത്തിയുടെ കൊമ്പ് ഒടിച്ച് ഇലകളെല്ലാം പറിച്ചെറിഞ്ഞു മാവിനു മുകളിലേയ്ക്ക് ചൂണ്ടി…
“ഡാ… കൊറേ നേരായി നിന്നോട് കാറ് ണ്. എറങ്ങി വാടാ കന്നാലീ.. ഞാ മേപ്പട്ടാ കേറി ഒരു ചാമ്പാ ചാമ്പ്യാ ണ്ട ല്ലോ…”
ലിജോ പേടിച്ച് വേഗം താഴേയ്ക്ക് ഇറങ്ങി വന്നു. ഒരു ട്രൌസറും അവനെ പോലുള്ള ഒരാളെ കൂടി കൊള്ളുന്ന ഒരു ബനിയനും വേഷം. വിനൂപിനെ കണ്ടതും പരിചയഭാവത്തില്‍ അവന്‍റെ മുഖം വിടര്‍ന്നു. വിനൂപ് അവനെ അടുത്തേയ്ക്ക് വിളിച്ചതും അവന്‍ വേഗത്തില്‍ ചെന്നു.
ലിജോ അവന്‍റെ കണ്ടുപിടുത്തങ്ങളും അതിന്‍റെ പ്രവര്‍ത്തികളുമെല്ലാം ഞങ്ങളെ കാണിച്ചു തന്നു. അത്ഭുതത്തോടെയായിരുന്നു എല്ലാം ഞങ്ങള്‍ നോക്കിക്കണ്ടത്.
“മോന് പുസ്തകങ്ങള്‍ ഒക്കെ കിട്ടിയിരുന്നോ?”
വിനൂപിന്‍റെ ചോദ്യത്തിന് ഉത്തരമെന്നോണം അവന്‍ അകത്തേയ്ക്കൊടി പുസ്തകങ്ങള്‍ നിറച്ച ഒരു തുണിസഞ്ചിയുമായി പുറത്തേയ്ക്ക് വന്നു. വിനൂപ് നോട്ട് ബുക്കുകളൊക്കെ എടുത്തു നോക്കുന്നത് കണ്ടു. അവന്‍റെ കണ്ണുകള്‍ വിടരുന്നത് കണ്ട ഞാന്‍ അടുത്തേയ്ക്ക് ചെന്നു.
“ഡാ നോക്കെടാ. പാഠങ്ങള്‍ ഒക്കെ കുറേ എടുത്തു തുടങ്ങിയിരിക്കുന്നു…”
അവന്‍ അത്ഭുതത്തോടെ പ്രിയയെ നോക്കി. എന്തോ ഒരു തെറ്റു ചെയ്തതുപോലെ അവളൊന്നു പരുങ്ങി.
“പ്രിയാ…നിങ്ങള്‍ ആള് പുലിയാണല്ലോ… ക്ലാസെടുക്കാറുണ്ടായിരുന്നോ?”
“കൊറച്ചൂസം പാട്രാക്കല് ഒരു ഉസ്കൂളില്‍ ഡെയിലി വേജസിന് പോയിരുന്നൂ. അവ് ടെ പൂവുമ്പാ ബാബേട്ടനെ നടാടെ കാണ് ണേ. അവ് ട് ന്നാ ഞങ്ങള് പുഷ്പിച്ചേ … പിന്നെ ജ്ജാതി പ്രേമാ യി. അങ്ങനാ ഇവ് ടെത്യേ. ”
വിനൂപ് ലിജോയുടെ പുസ്തകങ്ങള്‍ എല്ലാം നോക്കുകയായിരുന്നു.
“മാഷേ… അമ്മയ്ക്കും… നോട്ട് ബുക്ക് ണ്ട് ട്ടോ “
അവന്‍ അകത്തേയ്ക്ക് ഓടി പോയി ഒരു നോട്ട് പുസ്തകം എടുത്തുകൊണ്ടു വന്നു കൊടുത്തു. വളരെ ഭംഗിയായി ഏഴുതി സൂക്ഷിച്ച പ്രിയയുടെ ‘ടീച്ചിങ് മാനുവല്‍’ കണ്ട് വിനൂപ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയിരുന്നു. പ്രിയ ചമ്മലോടെ പറഞ്ഞു.
“പഠിച്ചത് മറന്ന് പൂവണ്ടാന്ന് കരുതി ചെയ്ത താ തൊക്കെ… വല്ല്യ എയ്മായിട്ടില്ല്യാ… ”
പുസ്തകങ്ങളൊക്കെ അടുക്കി തുണിസഞ്ചിയിലേക്ക് വെച്ചുകൊടുത്ത് വിനൂപ് ലിജോയെ ചേര്‍ത്തുപിടിച്ചു.
“എല്‍പി, യൂപി എക്സാം വരുന്നുണ്ട്. നല്ലോണം പ്രിപ്പയര്‍ ചെയ്യണം. പ്രിയയ്ക്ക് കിട്ടും ഷുവര്‍. സ്കൂളില്‍ ഡെയിലി വേക്കന്‍റ് ഉണ്ടെങ്കില്‍ അറിയിക്കാം ”
വിനൂപ് പ്രിയയെ പ്രോത്സാഹിപ്പിച്ചു.
“ ലിജോയ്ക്ക് സ്കൂളിലേക്ക് പോയിവരാനുള്ള ഓട്ടോ ഏര്‍പ്പാടാക്കുന്നുണ്ട്. നാളെ രാവിലെ ഒന്‍പത് മണിയ്ക്ക് അവനെ അയക്കേണ്ട ചുമതല പ്രിയയ്ക്കാണ്. ”
സൌഹൃദ ഭാവത്തില്‍ ലിജോയുടെ മുടിയില്‍ ഒന്ന് തഴുകി ചിരിച്ചുകൊണ്ട് ഞാന്‍ പ്രിയയോട് പറഞ്ഞു.
“ഒക്കെ ഡീസെന്‍റായ സ്ഥിതിയ്ക്ക് ഞങ്ങള് തെറിക്കട്ടേ… ”
“എല്ലാറ്റിനും താങ്ക്സ് ണ്ട്.. കഞ്ഞികുടി പ്രശ്നം മാഷോള്… മനസ്സില്‍ വെക്ക് ര് ത് ട്ടോ…“
മകനെ ചേര്‍ത്തുപിടിച്ചു കണ്ണുതുടച്ചുകൊണ്ട് പ്രിയ ഞങ്ങളെ നോക്കി പറഞ്ഞു.
പ്രിയസുഹൃത്ത് വിനൂപ് കൃഷ്ണ എന്ന യുവ അധ്യാപകന്‍റെ കാഴ്ചപ്പാടുകളുടെ കൃത്യതയാണ് എന്‍റെ മനസ്സിലേക്ക് ഓടി വന്നത്. ലിജോ എന്ന പത്തു വയസ്സുകാരനിൽ വളരാന്‍ വെമ്പി നില്‍ക്കുന്ന ഒരു പ്രതിഭയുടെ മിന്നലാട്ടം കണ്ട ചാരിതാര്‍ഥ്യത്തില്‍ സന്തോഷത്തോടെ ഞങ്ങള്‍ ആ മണ്‍പടവുകള്‍ ഇറങ്ങി നടന്നു..
*****
✍️ ഷിബു ബി കെ നന്ദനം


5 Comments
നല്ല സന്ദേശമുള്ള കഥ ….. തൃശൂർ ഭാഷ രസകരം👍❤️
Good writing
ഇഷ്ട്ടായി ട്ടോ
Super എഴുത്ത് 👌
തൃശ്ശൂർ slang aim ആയിട്ടുണ്ട്, എന്നൊരു തൃശ്ശൂർക്കാരിയുടെ സാക്ഷ്യം.😀
നല്ല message ഉള്ള കഥ. 👌