അയാളെന്നെ ഏഴാമത്തെ തവണയും തോൽപ്പിച്ചു കളഞ്ഞു.
ജയിക്കേണ്ടിയത് ഞാനായിരുന്നു.
വിയർപ്പ് മണക്കുന്ന കിടക്കവിരിയിൽ മലർന്ന് കിടന്ന് എന്നെ നോക്കി ചിരിച്ച അയാൾക്ക് വിജയിച്ചവന്റെ ഭാവമായിരുന്നു.
പ്രണയം തോൽപ്പിച്ച വികാര തീവ്രതയെ ഒരണു പോലും ഒഴിവാക്കാതെ എന്റെ ഗർഭത്തിലേക്ക് പൂർണമായും നിക്ഷേപിച്ച് പട്ടി അണയ്ക്കുന്ന പോലെ അണയ്ക്കുന്ന അയാളെ നോക്കി ഞാൻ പല്ലിറുമ്മി.
എന്റെ തോൽവിയിൽ അയാളുറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.
ജയിക്കേണ്ടിയിരുന്നത് ഞാനായിരുന്നു.
അയാളെ കീഴപ്പെടുത്തി എന്റെ ദേഹത്തിന്റെ ചൂടിൽ പൊള്ളിക്കേണ്ടത് ഞാനായിരുന്നു.
വീണ്ടും തോറ്റു.
അയാളുടെ കുഞ്ഞിനെ മൂന്നാമതും ഗർഭത്തിൽ ചുമന്ന് ദയ തീരെയുമില്ലാതെ ഉള്ളിൽ വച്ചേ കൊന്ന് കളഞ്ഞ ക്രൂരയും കുടിലയും ചപലയുമായ ഞാൻ പതിവ് പോലെ അയാളുടെ ദേഹത്തേക്ക് പാമ്പായ് ഇഴഞ്ഞു കയറി.
വലതു കൈപ്പത്തിയിൽ ആറാമതായി ഉന്തി നിൽക്കുന്ന ചെറു മാംസത്തെ , ആറാം വിരലിനെ ചുംബിച്ചു.
തോറ്റ രാത്രികളിലൊക്കെയും ആറാം വിരലിൽ ചുണ്ടുരുമ്മി ഞാനെന്നോട് പിറു പിറുത്തു കൊണ്ടിരുന്നു.
മൂന്ന് തവണയും അയാളുടെ കുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞ കഥ അയാളോട് പറഞ്ഞില്ല.
പറയുമ്പോൾ അയാൾ ഞെട്ടുന്നതും കണ്ണീരൊലിപ്പിച്ച് എനിക്ക് മുന്നിൽ മുട്ടു കുത്തി നിലത്തേക്ക് മറിയുന്നതും ഭാവനയിൽ ഓർത്ത് ഞാൻ ആനന്ദിച്ചു.
മച്ചിയെ വീട്ടിൽ വാഴിക്കണ്ടാന്ന് പലപ്പോഴും അയാളുടെ അമ്മയും വീട്ടുകാരും നാട്ടുകാരും കുത്തിയെങ്കിലും അയാളെനിക്ക് കവചമായി നിന്നു.
ചോരത്തിളപ്പിൽ ആളൊഴിഞ്ഞ വീട്ടുപറമ്പിലേക്ക് നിലത്തൂടെ വലിച്ചിഴച്ച് കൊണ്ട് പോയി കീഴ്പ്പെടുത്തി അനുഭവിച്ച ശേഷം കിതപ്പോടെ ചിരിക്കുന്ന അയാളെയാണ് ഞാനിപ്പോഴും ഓരോ സംഗമങ്ങൾക്കൊടുവിലും കാണുന്നത്.
താലി കെട്ടി ബാധ്യത ഏറ്റ അയാളും നാണക്കേടൊഴിവായതിൽ ആശ്വസിച്ച അച്ഛനും കച്ചവടമുറപ്പിച്ചപ്പോൾ അയാളെന്നെ മണ്ണിലൂടെ നിരക്കി വലിക്കുമ്പോൾ കാലിലെ തൊലി പൊട്ടി ചോര ഒലിച്ചത് പോലെ ഓരോ ദിവസങ്ങളിലും ഹൃദയത്തിൽ ചോര വാർന്ന് ഞാൻ കീഴടങ്ങിക്കൊണ്ടിരുന്നു.
അയാൾക്കെന്നോട് പ്രേമമുണ്ടായിരുന്നു.
എനിക്ക് തീർത്താൽ തീരാത്ത പകയും!
അന്ന് രാത്രി..
ഏഴാമത്തെ തോൽവി.
ഞാൻ മലർന്നു വീണു.
അയാളുടെ വിയർപ്പിന്റെ മണവും ചിരിയും കിടക്കയിൽ നിറഞ്ഞു. എന്റെ ഉള്ളിൽ വീണ്ടും ജീവൻ വളരുന്നു എന്നു തോന്നി.
മറ്റൊരു കുഞ്ഞ്.
മറ്റൊരു വിജയം അയാളുടേത്.
“സമ്മതിക്കില്ല ഞാൻ…” ഞാൻ മുരണ്ടു.
അയാളെന്നെ സ്നേഹത്തോടെ തലോടി.
എന്നോടയാൾക്ക് സ്നേഹമാണ്.
വയറ്റിനുള്ളിൽ ജീവൻ പറ്റി പിടിച്ചു വളരുന്നുണ്ടെന്നുറപ്പായി തുടങ്ങി..
നാലാം തവണ…
“ഇതാണ് അവസരം
ഈ കുഞ്ഞിനെ കൊന്നുകളയില്ല.
ഈ കുഞ്ഞ് വളരും..”
എനിക്ക് ചിരിക്കണമെന്ന് തോന്നി.
ഒരു രാത്രിയിൽ അയാൾ ചോദിച്ചു:
“നീ എന്തെങ്കിലും മറച്ചുവെയ്ക്കുന്നുണ്ടോ?”
ചിരിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു.
“ നിങ്ങളെ തോൽപ്പിക്കാൻ ഞാൻ ആയുധം ഒളിപ്പിക്കുന്നുണ്ടാവില്ലേ?”
ഞാൻ വീണ്ടും ചിരിച്ചു.
പക്ഷേ അയാളുടെ ഹൃദയം വിറച്ചു.
എന്റെ ഉള്ളിലെ ജീവന്റെ സൂചന അയാൾക്ക് തോന്നിയിട്ടുണ്ടാവണം.
അതിനെക്കുറിച്ച് ഒന്നും പറയാതെ അയാളെന്നെ കൂടുതൽ കരുതലോടെ അണച്ചു.
വയറ് വലുതായി. അച്ഛനാകാൻ പോകുന്ന സന്തോഷം അയാൾക്ക് ഉണ്ടായിരുന്നു.
ചോദിക്കാഞ്ഞിട്ടും ആഗ്രഹമില്ലാഞ്ഞിട്ടും അടുക്കളയിൽ പഴങ്ങളും വിഭവങ്ങളും കൊണ്ട് നിറഞ്ഞു.
നീര് വന്ന് വീർത്ത പാദങ്ങൾ ഉപ്പ് ചേർത്ത ചൂട് വെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞ് ചൂട് വച്ചു.
മനം പിരട്ടുന്ന നേരങ്ങളിൽ അടുക്കളക്കാരനായി.
വേണ്ടതും വേണ്ടാത്തതും തീറ്റിച്ചു.
ഞരമ്പ് വലിഞ്ഞു നിലവിളിക്കുമ്പോൾ ഞാനുറങ്ങുവോളം കാലുകളിൽ എണ്ണ തേച്ച് തിരുമ്മി അയാളെന്റെ വേദനയ്ക്ക് കൂട്ടിരുന്നു.
ചെറു ചൂട് വെള്ളത്തിൽ പാകം നോക്കി കുളിപ്പിച്ച്, മുടിയിഴകൾ തോർത്തി തന്ന്, പുക കൊള്ളിച്ച് അയാളെന്നിലെ മാതൃത്വത്തിന് വില തന്നു.
ഞാൻ അമ്മയാവുകയാണ്. അയാൾ അച്ഛനും.
ഞാൻ നിലവിളിച്ചു.
പ്രസവമടുത്തെന്ന് അറിയാവുന്നവർ പറഞ്ഞു.
തണ്ണീർക്കുടം പൊട്ടിയ എന്നെയും കയ്യിലേന്തി അയാൾ ആശുപത്രിയിലേക്ക് പാഞ്ഞപ്പോൾ, അയാൾ കരഞ്ഞത് ഞാൻ കണ്ടു.
എനിക്ക് ചിരി വന്നു.
പൊട്ടി പൊട്ടിച്ചിരിച്ചു അയാളെ നോക്കി പുച്ഛച്ചിരി ചിരിക്കണമെന്ന് എനിക്ക് തോന്നി.
ബോധം മറഞ്ഞു.
മുക്കിയും മൂളിയും ഞരങ്ങിയും നിലവിളിച്ചും ഞാൻ പെറ്റു.
എല്ലാമൊഴിഞ്ഞു ചോരച്ചുവപ്പ് മുറ്റിയ ഒരു കുഞ്ഞ് എന്റെ മാറിലൊട്ടി കിടന്നു.
അമ്മിഞ്ഞ കുടിച്ച് വയറ് വീർത്ത് ആ കുഞ്ഞ് ഉറക്കത്തിൽ ചിരിച്ചു.
” പെൺകുഞ്ഞാ…”
ആരോ പറയുന്നത് കേട്ടു.
മൃദുവായി പിഞ്ചുടൽ തഴുകി തലോടി ഞാനവളുടെ വലതു കൈപ്പത്തിയിൽ ചുണ്ടുരുമ്മി.
അതിലുമുണ്ടായിരുന്നു ഒരു ചെറിയ മാംസകഷ്ണം.
തുടിപ്പ് പോലെ…
അയാളുടെ ആറാം വിരൽ..!
കരയണോ ചിരിക്കണോ എന്നറിയാതെ ഞാൻ പകച്ചു നിന്നു.


2 Comments
സൂപ്പർ അഞ്ജൂ❤️❤️👌🌹
😍😍😍 sneham..