ഞാൻ മാരിയത്തിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് പത്തു പതിനഞ്ചു വർഷം മുന്നേയുള്ള വാരാദ്യ മാധ്യമത്തിലെ ഫീച്ചറിലൂടെയാണ്. പിന്നെ പല സ്ഥലങ്ങളിലായി ഈ പേര് ഞാൻ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഈ ചിരിക്കുന്ന മുഖം ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്.
രണ്ടുമാസം മുന്നേ തനിമ കലാസാഹിത്യ വേദി നടത്തിയ ഒരു പരിപാടിയിലൂടെ എനിക്ക് ഈ ചിരി മുത്തിനെ പരിചയപ്പെടാനായി. അവൾ കടന്നുവന്ന വഴികളെ കുറിച്ച് അനുഭവിച്ച യാതനകളെക്കുറിച്ച് കണ്ണ് നിറയാതെ തൊണ്ട ഇടറാതെ പറയുന്നത് ഞങ്ങളൊക്കെ കേട്ടിരുന്നത് നനഞ്ഞ കണ്ണുകളോടെയാണ്. ആ പരിചയത്തിലാണ് മാരിയത്തിനെ വിളിക്കുന്നതും പുസ്തകം അയച്ചുതരാൻ ആവശ്യപ്പെട്ടതും.ഫോണിൽ അവളെ വിളിച്ചപ്പോൾ അടുത്തറിയുന്ന, അത്രയേറെ അടുപ്പമുള്ള ഒരാളെ, വർഷങ്ങളായി അറിയുന്ന,എന്നും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരാളോട് സംസാരിച്ച പ്രതീതി ആയിരുന്നു. ഒരുപക്ഷെ മരിയത്തിനോട് സംസാരിച്ചവർക്കെല്ലാം ഇങ്ങനെ തന്നെ തോന്നിക്കാണും.
കാലം മായ്ച്ച കാൽപാടുകളെ കുറിച്ചു അവളുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ
“എന്റെ എഴുത്ത്,
എന്റെ ഒറ്റപെടലുകളെ,നിർവികാരങ്ങളെ,
ശൂന്യതകളെ പകർത്തി വെക്കാനുള്ള ആശ്രയമാണിത്…
എന്റെ സന്തോഷങ്ങളാണിത്..
എന്റെ കണ്ണുനീരാണിത്..
എന്റെ ജീവിതമാണിത്..
അതാണ് കാലം മായ്ച്ച കാലപാടുകളായി പുറത്തിറങ്ങിയത്.
വായിക്കുന്നവർ അനുഭവിക്കുന്നതും അതുതന്നെ, മാരിയത്തിന്റെ ജീവിതത്തിന്റെ പല ഏടുകളിലൂടെ കടന്നുപോകുമ്പോൾ വേദനയുടെ, ഒറ്റപ്പെടലിന്റെ സങ്കടവും, ചേർത്തുപിടിക്കലിന്റെ ശക്തിയും സൗന്ദര്യവും നമുക്ക് അനുഭവപ്പെടും.
അതു മാത്രമല്ല അവളിൽ നിന്നും നമുക്ക് ഒട്ടേറെ പഠിക്കാനുണ്ട് എന്നതാണ്. മുറിക്കുള്ളിൽ ഒതുങ്ങിപോകുന്ന അവസരത്തിലും അവൾ ചിന്തിക്കുന്നത് ആ നിമിഷങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നതാണ്. ഇന്നത്തെ പോലെ ഫോണും നെറ്റും ഒന്നുമില്ലാത്ത കാലത്ത് വായിച്ച പുസ്തകങ്ങൾ നോക്കി അതിലുള്ള കഥാപാത്രങ്ങളുടെ ചിത്രം വരച്ചുവെക്കുക, അത്പോലെ ചെറിയ കഥകൾ എഴുതുക അങ്ങനെ ആ സമയത്തെ അവൾ കടന്നുവന്ന വഴി ചിന്തിപ്പിക്കുന്നത് തന്നെയാണ്. പുസ്തകത്തിലെ സ്വപ്നങ്ങളെ കുറിച്ചു പറയുന്നുണ്ടെങ്കിലും നിരാശയുടെ വാക്കുകൾ പറ്റെ കുറവായിരിക്കും. തനിക്ക് കിട്ടിയ അവസരങ്ങളെ ഉപയോഗിക്കുകയും അത് തന്നിലേക്കെത്തിച്ച മനുഷ്യരെ നന്ദിയോടെ ഓർക്കുകയും ചെയ്യുന്ന മാരിയത് അതിനെല്ലാം പിന്നിൽ പ്രപഞ്ച നാഥന്റെ അനുഗ്രഹങ്ങളും കാണുന്നു. അത്കൊണ്ട് തന്നെ യാതനയുടെ കടൽ താണ്ടിയവൾക്ക് മനസ് നിറഞ്ഞു ചിരിക്കാനും കൂടെയുള്ളവരെ സന്തോഷിപ്പിക്കാനും സാധിക്കുന്നത്.
ഇതിലേറ്റവും സന്തോഷത്തോടെ വായിച്ച അനുഭവം കോളേജ് കാലഘട്ടമാണ്. രണ്ടാം ക്ലാസ്സിൽ നിന്നും പഠനം അവസാനിപ്പിച്ച മാരിയത്തു പിന്നെ നേരെ പത്താം ക്ലാസ്സ് എക്സാം ആണ് എഴുതുന്നത്. അതിനു അവൾ എടുത്ത പരിശ്രമം വിവരിക്കുന്നിടത്ത് കൂടെ നിന്ന ഓരോ മനുഷ്യനെയും വാക്കുകളിൽ ചേർത്തുനിർത്തുന്നുണ്ട്. നമ്മൾ ഒരുകാര്യത്തിന് ഒരുങ്ങി പുറപ്പെട്ടാൽ ദൈവം നമുക്ക് വേണ്ടി ഓരോ ഘട്ടത്തിലും ചില മനുഷ്യരെ നിയോഗിക്കുമെന്നതിനു അവളുടെ കോളേജ് ജീവിതം സാക്ഷി. ആദ്യ ദിനം അവൾ അനുഭവിച്ച പ്രയാസങ്ങൾ ഈറനണിഞ്ഞ കണ്ണുകളോടെ വായിക്കാനാവു.
പുസ്തകത്തിലെ ഏറ്റവും മനോഹരമായ ഭാഗം ഏതെന്നു ചോദിച്ചാൽ ഞാൻ പറയും സകറിയ സാറും മാരിയത്തും തമ്മിലെ സംഭാഷണമാണ്.
“എന്താണ് മരിയത്തിന്റെ ആഗ്രഹം”
“ആരെയും അധികം ബുദ്ധിമുട്ടിക്കാതെ ജീവിക്കണം”
“എങ്കിൽ ഒരു കുപ്പി വിഷം വാങ്ങി കഴിച്ചാൽ പോരെ”
അത് കേട്ട് ഞെട്ടി നിൽക്കുന്ന മാരിയത്തിനോട് സക്കറിയ സർ പറയുന്നു.
“ആർക്കും ആരെയും ബുദ്ധിമുട്ടിക്കാതെയും ആശ്രയിക്കാതെയും ജീവിക്കാൻ കഴിയില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണം, ഉടുക്കുന്ന വസ്ത്രം, താമസിക്കുന്ന വീട്, നമ്മുടെ ചുറ്റുപാടുകൾ അതൊന്നും ആരെയും ആശ്രയിക്കാതെ ലഭിക്കുന്നതല്ല.അത് മനസ്സിലാക്കണം. എല്ലാവരുടെയും സഹായ സഹകരണത്തോടെ എല്ലാവർക്കും വേണ്ടി ജീവിക്കണം. ശേഷം സാർ അവളോട് ഒരു മെഴുകുതിരി വരയ്ക്കാൻ പറഞ്ഞു. അവൾ വരച്ച ചിത്രത്തിന് താഴെ അദ്ദേഹം നല്ല വലിപ്പത്തിൽ എഴുതി *LIGHTEN TO LIGHTEN…* സ്വയം പ്രകാശിക്കുക മറ്റുള്ളവരിലേക്കും പ്രകാശം പരത്തുക..
ഈയൊരു വാക്യം ജീവിതത്തിൽ മാരിയത്തിൽ നന്നായി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു നമുക്ക് കാണാൻ സാധിക്കും. തന്നെപോലെ ഉള്ളവർക്ക് മാത്രമല്ല എല്ലാ അനുഗ്രഹങ്ങളും ലഭിച്ച മനുഷ്യരിലും അവൾ പ്രകാശം പരത്തുന്നുണ്ട്.
പ്രത്യേകിച്ച് എടുത്തു പറയേണ്ട മറ്റൊരു കാര്യം കവിത തുളുമ്പുന്ന വരികൾ പല അധ്യായങ്ങൾക്കും ഇടയിൽ കാണാമെന്നതാണ്. വരിയിലൊക്കെ നിർമലമായൊരു ഹൃദയത്തെ കാണാം. പ്രകൃതിയെ, പൂവിനെ,പൂമ്പാറ്റയെ, ചെടികളെ, സ്നേഹിക്കുന്ന ഒരുവളെ കാണാം. അത്രയേറെ അതിനെയൊക്കെ ഇഷ്ട്ടപെട്ടത് കൊണ്ടാവും ആറു വയസിനു മുമ്പുള്ള ഒരു കാലഘട്ടത്തെ ഓർമിച്ചെടുക്കാൻ പറ്റുന്നത്. തനിക്ക് നഷ്ട്ടപെട്ടുപോയ കാഴ്ചകളെ മനസിൽ കാണാൻ ശ്രമിച്ചതും കൊണ്ടാവാം.
“ഓടിന്റെ വക്കത്ത്
ഓരോ തുള്ളിതുള്ളിയായി
ഇറ്റിവീഴാൻ കാത്തു-
നിൽക്കുന്ന ആ മഴത്തുള്ളികൾക്ക്
എന്ത് തിളക്കമാണ്…
എന്റെ കണ്ണുനീർ തുള്ളിപോലെ..”
“കാറ്റും മഴയും
നിഴലും നിലാവും
ജാലകങ്ങൾക്കപ്പുറം
പുതുകവിതളെഴുതുന്നു..
വിഫലസ്വപ്നങ്ങളുടെ
ജലഛായങ്ങൾ അലിഞ്ഞു പോവുന്നു.”
വരികളിലൊക്കെ ദാർശനിക ഭാവം കുടികൊള്ളുന്നുണ്ട്. മാരിയത്തെന്ന പ്രകാശം പരത്തുന്ന പെൺകുട്ടിയുടെ കാൽപാടുകൾ മാത്രമേ കാലം മായ്ച്ചിട്ടുള്ളു.അവൾ കുറിച്ചു വെച്ച അക്ഷരങ്ങളിലൂടെ, നേടിയെടുത്ത സൗഹൃദങ്ങളിലൂടെ എന്നും ഈ ചിരി വിടർന്നു കൊണ്ടിരിക്കും.
©സാബിറ ലത്തീഫി
പുസ്തക പരിചയം
കാലം മായ്ച്ച കാൽപാടുകൾ (6ത് എഡിഷൻ)
പ്രസാധനം ബുക്ക് റാമ്പ് നിലമ്പൂർ
വില 150


10 Comments
വളരെ മനോഹരമായ ഒരു ആസ്വാദന കുറിപ്പ് ❤️ സാബിറ ലത്തീഫ് അഭിനന്ദനങ്ങൾ👌👍❤️💯🙏🙏🙏
താങ്ക്യൂ സാർ 😊
നല്ല രചന👌👏
നല്ല വായന❤️🌹
നല്ല കുറിപ്പ്
ചേച്ചി ❤️
മരിയത്തിനെക്കുറിച്ച് നന്നായി അറിയാനാവിന്നു സാബിയുടെ കുറിപ്പിലൂടെ..
നല്ല. കുറിപ്പ് സാബി..
താങ്ക്സ് എടാ..
ഒരു കഥാകാരിയെ , അവളുടെ അനുഭവങ്ങളെ, എഴുത്തിനെ മനസ്സിലാക്കിയ വിവരണം👌❤️
നന്നായി സാബീ❤️🌹
സുമേച്ചി ❤️❤️