ആകാശത്തിലൂടെ കുതിച്ചു പായുന്ന വിവിധ നിറത്തിലുള്ള മേഘങ്ങളുടെ മത്സരം നോക്കിയിരിക്കാൻ ഏറെ രസമാണ്. വെള്ളയും മഞ്ഞയും ഓറഞ്ചും നിറങ്ങൾ കൊമ്പുകോർത്തു മത്സരിക്കുമ്പോൾ ഒറ്റക്കൊമ്പും കുലുക്കി മുന്നിലെത്തുന്ന കരിമേഘങ്ങൾ. ജനാലയിലൂടെ മനോഹരമായ ഈ കാഴ്ചകൾ കാണുമ്പോഴും
വിനോദിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്നെങ്കിലും ലതേട്ത്തിക്ക് ശാപമോക്ഷം കിട്ടുമോ? മനസ്സിലൊരായിരം തവണയായി ഈ ചോദ്യമുയരുന്നു.
അകത്ത് നിന്നുയരുന്ന ആഘോഷസ്വരങ്ങൾ മനസ്സിനെ സന്തോഷിപ്പിക്കേണ്ട സമയമാണ്. അനുവുമായുള്ള ജീവിതമെന്ന സ്വപ്നം പൂവണിയാൻ പോവുകയാണ്. പക്ഷേ, മുള്ളുകൊണ്ട് കുത്തി മുറിവേൽപ്പിക്കുംപോലെ മനസ്സു പിടയുന്നു.
നാളെ വിവാഹ വസ്ത്രങ്ങൾ എടുക്കാൻ പോവുകയാണ്.
എപ്പോൾ പോവണം, ആർക്കൊക്കെ എന്തൊക്കെ വാങ്ങണം എന്ന ചർച്ചകളുടെ ആരവം മുഴങ്ങി കേൾക്കുന്നു. നളിനിയേട്ത്തിയുടേയും രാജിയോപ്പയുടേയും കുട്ടികളുടേയും ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ലതേട്ത്തിയുടെ ശബ്ദം മാത്രം കേൾക്കാനില്ല.
പാവം അടുക്കള വിശേഷങ്ങളോട് മല്ലിടുകയാവും.
എല്ലാവരും വിരുന്നുകാരായപ്പോൾ ശമ്പളമില്ലാത്ത ജോലിക്കാരിയായി അവർ മാറിയല്ലോ… അല്ലെങ്കിലും ഇവിടെവന്നനാൾ മുതൽ അവരങ്ങനെ തന്നെയായിരുന്നു. ഒന്നിനും പരാതിയും പരിഭവവുമില്ലാതെ സ്നേഹിക്കാൻ മാത്രമറിയാവുന്ന സാധു. വിനയേട്ടൻ്റെ ചിരിയായ് ചിന്തകളായ്, സ്വപ്നങ്ങളായ് നിറം മങ്ങിയ നിഴലായി മാറിയ ജീവിതം.
ഇപ്പോൾ ആ നിഴലും നിഷ്ടപ്പെട്ടു എന്നു മാത്രം.
ഇവർക്ക് സ്വന്തമായി സ്വപ്നങ്ങളും മോഹങ്ങളും ഇല്ല?
എന്നും മനസ്സിൽ പൊന്തിവന്ന സംശയമാണ്.
നിശ്ചയത്തിന് അവർ വന്നില്ല,
അവരോട് വരണമെന്നാരും പറഞ്ഞില്ല. എല്ലാവരും സൗകര്യപൂർവും അവരെ മറന്നു. മംഗല്യം നഷ്ടപ്പെട്ടവർ മംഗളകർമ്മങ്ങളുടെ ഭാഗമാവാൻ പാടില്ലത്രേ… വായ്മൊഴിയായി മാറിയ അലിഖിത നിയമങ്ങൾ ഇപ്പോഴും പാലിക്കപ്പെടുന്നു.
പട്ടണപ്പരിഷ്കാരികൾ പോലും അതെല്ലാം മൗനമായി ശരിവെയ്ക്കുന്നു.
അങ്ങനെയെങ്കിൽ കല്യാണത്തിനും അവർ ഉണ്ടാവില്ല. അഥവാ വന്നാൽത്തന്നെ കാഴ്ചക്കാരിയായി മൂലയിലെവിടെയെങ്കിലുമിരിക്കുമായിരിക്കും. അതിലൊന്നും ആർക്കും ഒരു വിഷമവും ഉണ്ടാവാനും പോവുന്നില്ല.
ഇരുപതാം വയസ്സിൽ വിനയേട്ടന്റെ കൈപിടിച്ചു കയറിവന്ന അവർ അമ്മയില്ലാത്ത വീട്ടിലെ അമ്മയാവുകയായിരുന്നു.
അഞ്ചു വർഷം കഴിഞ്ഞപ്പോൾ വിപിനേട്ടന് ജോലികിട്ടി.
രാജിയോപ്പയും താനുമെല്ലാം ആ സ്നേഹത്തണലിൽ വളർന്നവരല്ലേ? അല്ല, അവരുടെ ജീവിതം തങ്ങൾക്കു വേണ്ടി ഉഴിഞ്ഞിടുകയായിരുന്നു.
അവർക്ക് മക്കളില്ലാത്തതെന്തേ? എപ്പോഴും മനസ്സിൽ പൊങ്ങി വരുന്ന സംശയം.
ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ വിനയേട്ടൻ്റെ വേർപാട് അത്രമേൽ അവരെ തളർത്തില്ലായിരുന്നു.
ഒരു പക്ഷേ, വീട്ടിലെ മൂന്നു ജീവനുകളെ ഓർത്ത് അവരുടെ സ്വപ്നത്തിനു ജീവൻ പകരാതിരുന്നതാവുമോ?
” ഞങ്ങൾക്ക് മൂന്നു മക്കളുണ്ടല്ലോ? “
ആദ്യകാലത്ത് ആരെങ്കിലും അതെപ്പറ്റി ചോദിക്കുമ്പോൾ വിനയേട്ടൻ പറയുന്നത് കേൾക്കാം.
സത്യം അറിയണമെന്നുണ്ട്, പക്ഷേ, ചോദിക്കുന്നത് ശരിയല്ലല്ലോ. പാതി വെന്ത സത്യങ്ങൾ വാർത്തെടുക്കുന്നതിലും അർത്ഥമില്ലല്ലോ.
വിപിനേട്ടന്റേയും രാജിയോപ്പയുടേയും കല്യാണശേഷം തന്റെ ലോകംപൂർണ്ണമായും ലതേട്ത്തിയിലേക്ക് ചുരുങ്ങി എന്നതല്ലേ ശരി? ജോലി കിട്ടിയപ്പോഴും കൂടെ ജോലി ചെയ്യുന്ന അനു മനസ്സിലേയ്ക്കു കയറി വന്നപ്പോഴുമെല്ലാം ആദ്യം ആ സന്തോഷം പങ്കുവെച്ചതും അവരോടായിരുന്നു. എല്ലാം നിറഞ്ഞ മനസ്സോടെയാണ് അവർ സ്വീകരിച്ചത്.
പക്ഷേ ഇപ്പോൾ ജീവിതത്തിലെ പ്രധാന ആഘോഷങ്ങളിൽ നിന്ന് എല്ലാവരും ചേർന്ന് അവരെ മാറ്റിനിർത്തുന്നു..
നിശബ്ദമായ ഒതുക്കലുകൾ സങ്കീർണ്ണമാണ്. വെള്ളവും വളവുമിട്ട് ദൗർബല്യങ്ങളെ പരിപോഷിപ്പിച്ചു കാണാ ചങ്ങലയിൽ തളച്ചു കെട്ടും. പ്രതികരണ ശേഷി നഷ്ടപ്പെട്ട നിസ്സഹായരായ ഇരകൾ അതിൻ്റെ ശക്തിയിൽ ഞെരുങ്ങിയമർന്നു പോവും. അല്ലെങ്കിൽ സ്വയം സൃഷ്ടിച്ച മൗന വാല്മീകങ്ങൾക്ക് മതിലുകൾ കെട്ടിപ്പൊക്കി ചുറ്റിലുമുള്ളവർ അവരെ അതിൽ സമാധിയാക്കും. ഇത് സമൂഹത്തിൻ്റെ വിനോദമാണ്.
ഒരു ദിവസം ലതേട്ടത്തി അതിൽ എരിഞ്ഞു തീരു..
അതോർക്കുമ്പോൾ സഹിക്കാനാവുന്നില്ല.
ഇപ്പോഴും അവർ സുന്ദരിയാണ് ‘നരച്ച വസ്ത്രങ്ങളും, ശൂന്യമായ നെറ്റിത്തടവും, കണ്ണുകളിലെ വിഷാദവും അവരുടെ ശോഭക്ക് മങ്ങലേൽപിക്കാൻ കിണഞ്ഞു ശ്രമിച്ച് പരാജിതരായി നിൽക്കുകയാണ്.
വിനയേട്ടൻ ജീവിച്ചിരുന്നെങ്കിൽ അവർക്ക് ഈ ഗതി വരില്ലായിരുന്നു. എല്ലാറ്റിനും മുന്നിൽ അവരാവുമായിരുന്നില്ലേ?
ഇതങ്ങനെ വിട്ടാൽ ശരിയാവില്ല. അവൻ മനസ്സിലുറപ്പിച്ചു.
” വിനു ഇവിടെയിരിക്കാണോ?
ഇന്നെന്താ കാപ്പി അന്വേഷണം കണ്ടില്ലല്ലോ. “
ലതേട്ത്തിയാണ്. സന്ധ്യയ്ക്കു പതിവുള്ള കട്ടൻ കാപ്പിയുമായി വന്നതാണവർ തിരക്കിനിടയിലും അതുപോലും അവർ മറന്നിട്ടില്ല.
നാല്പതുകളുടെ മധ്യത്തിൽ നിൽക്കുന്ന ഇവർ എന്തിനാ മങ്ങിയ സ്വപ്നങ്ങളുടെ സ്വയം സൃഷ്ടിച്ച തടവറയിൽ കഴിയുന്നത്.
” എല്ലാവരും നല്ല സന്തോഷത്തിലാണല്ലോ? “
” വല്ലപ്പോഴുമല്ലേ എല്ലാവരും ഒത്തു കൂടുന്നത്? അങ്ങനെയെങ്കിലും വീട് ഉണരട്ടെ “
അവർ ശാന്തമായി പറഞ്ഞു.
” നാളെ പോവുമ്പോൾ ഏട്ടത്തിയും കൂടി വരില്ലേ? “
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവരുടെ വേഷ്ടിത്തലപ്പു പിടിച്ചു കൊണ്ട് ചോദിച്ചു.
” നിങ്ങളെല്ലാവരും പോയാൽ മതി ” ശബ്ദത്തിലെ ഇടർച്ച വ്യക്തമായിരുന്നു.
” ശരി നമുക്ക് രണ്ടു പേർക്കും ഇവിടിരിക്കാം. അവരെല്ലാം പോയി എടുക്കട്ടെ “
വിനുവിന്റെ ഉറച്ച ശബ്ദംകേട്ട് അവർ ഞെട്ടി.
” അതെന്താ മോനെ അങ്ങനെ പറയുന്നത്? “
” പിന്നല്ലതെ എന്തു പറയാൻ? ഏട്ടത്തി ഇവിടെ വരുമ്പോൾ എനിക്ക് അഞ്ചു വയസ്സ്. അന്നു മുതൽ അമ്മയില്ലാതിരുന്ന ഞാൻ എൻറമ്മയുടെ സ്ഥാനത്തേ ഏട്ടത്തിയെ കണ്ടിട്ടുള്ളൂ. “
” ഇപ്പോഴും അങ്ങനെയല്ലേ മോനേ? “
” അതേ അതുകൊണ്ട് തന്നെയാണ് പറയുന്നത്. ഏട്ടത്തി ഇങ്ങനെ മാറി നിൽക്കരുത്. എല്ലാത്തിനും കൂടെയുണ്ടാവണം.
വല്ലാതെ ഒറ്റപ്പെട്ടുന് തോന്നുന്നുണ്ടോ? “
അവരുടെ നിറഞ്ഞ മിഴികളിലേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ അവനതു പറഞ്ഞു.
” ഒറ്റയ്ക്കല്ലല്ലോ, ഏട്ടൻ കൂടെയുണ്ട്. നിങ്ങളാരും കാണുന്നില്ല എന്നു മാത്രം. “
“എല്ലാവരുടേയും മനസ്സിൽ ഏട്ടൻ ഉണ്ട്. അതിന് ജീവിതത്തിലെ നിറങ്ങൾ പാടെ ഒഴിവാക്കണം എന്നില്ലല്ലോ? “
എന്തോ ആലോചിച്ചു നിന്ന അവരുടെ കൈൾ ചേർത്തു പിടിച്ചു കൊണ്ടവൻ തുടർന്നു.
” ഏട്ടനോടുള്ള ഏട്ടത്തിയുടെ സ്നേഹം നന്നായി അറിയാം. അതിന് ഇങ്ങനെ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടണമെന്നൊന്നുമില്ല. ജീവിതത്തിലെ സന്തോഷങ്ങൾ പാടെ ഒഴിവാക്കണം എന്നുമില്ല. ഏട്ടത്തിയുടെ ചിരിയും സന്തോഷവും കാണാൻ ഏട്ടനും ആഗ്രഹമുണ്ടാവില്ലേ? ‘
ഒരു നിമിഷത്തെ മൗനത്തിനു ശേഷം വീണ്ടും തുടർന്നു.
“എനിക്കറിയാം ഏട്ടത്തിയെ എല്ലാവരും കൂടി ഒതുക്കുകയാണ്. “
നിർവികാരയായി നിൽക്കുന്ന ലതയെ നോക്കി വീണ്ടും അവൻ തുടർന്നു.
“ഏട്ടത്തി കൂടെയുണ്ടെങ്കിലേ എനിക്കു സന്തോഷമാവൂ…
എന്റെ കൂടെ ഉണ്ടാവില്ലേ?”
അവന്റെ കണ്ണുകളിലേക്കു നോക്കാൻ കഴിയാതെ അവർ തല കുനിച്ചു.
” ഇല്ലേ?”, വീണ്ടും ആ ശബ്ദം കേട്ടപ്പോൾ ആ ശബ്ദത്തിൻ്റെ ആജ്ഞാശക്തിക്ക് മുന്നിൽ ലത പതുക്കെ തലയാട്ടി.
ഉടനേ മിന്നൽ വേഗത്തിൽ അവരെ തട്ടിമാറ്റിക്കൊണ്ടവൻ അകത്തേയ്ക്കു നടന്നു.
” എല്ലാവരും എന്തോ കാര്യമായ ചർച്ചയിലാണല്ലോ? “
ചിരിച്ചുകൊണ്ട് വിനു ചോദിച്ചു.
” ആ… വിനു മാമൻ വന്നോ. നാളെ നമ്മൾ പോവുന്ന കാര്യം പറയാണ്.
ഇവിടെ വന്നിരിക്കൂ “
അവനെ കണ്ടതും നീതു വിളിച്ചു.
രാജിയോപ്പയുടെ മകളാണ് നീതു. പ്രായത്തിൽ കവിഞ്ഞ തൻ്റേടം ആഭരണമായി സൂക്ഷിക്കുന്നവൾ.
“അല്ല, ഒരു കാര്യം മറന്നു. നമ്മൾ നാളെ രാവിലെ പോയാൽ വൈകിട്ടല്ലേ എത്തൂ…
നമ്മുടെ ഡോളിയും നന്ദിനിപ്പശുവും എല്ലാം പട്ടിണിയിലാവില്ലേ?
ഞാൻ പോയി എല്ലാം അപ്പുറത്തെ മാധവിയേട്ത്തിയെ ഏൽപ്പിച്ചു വരാം.
” അതെല്ലാം ലതേട്ത്തിയല്ലേ നോക്കാറുള്ളത്?
ചോദ്യം ചോദിച്ച രാജിയോപ്പയെ തറപ്പിച്ചു നോക്കിക്കൊണ്ട് വിനോദ് പറഞ്ഞു.
” നാളെ അവരും നമ്മുടെ കൂടെ വരും “
” അതിനവർ സമ്മതിച്ചോ?
സംശയത്തിൻ്റെ ഉടമ വിപിനേട്ടൻ്റെ നളിനിയേട്ത്തിയാണ്.
” ഇന്നുവരെ നമ്മളാരും അവരോടത് ചോദിച്ചില്ലല്ലോ?
“ഇനി ചോദിക്കാനൊന്നും നിൽക്കുന്നില്ല. ഞാൻ തീരുമാനിച്ചു. ഇതിനു മാത്രമല്ല, ഇനിയങ്ങോട്ടുള്ള എല്ലാ ചടങ്ങിലും ഏട്ടത്തി ഒപ്പമുണ്ടാവുo. കഴിഞ്ഞ അഞ്ചുവർഷം അവരങ്ങനെയൊക്കെ ഒതുങ്ങിക്കൂടി ജീവിച്ചില്ലേ. ഇനി കുറച്ചു പുറംലോകം കാണട്ടെ… “
അപ്പോഴും അതു ദഹിക്കാത്ത രീതിയിൽ പിറുപിറുക്കലുകൾ ഉയർന്നു പൊങ്ങി. ഒന്നും ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങിയപ്പോൾ അല്പം ആശ്വാസം. ആ സ്വരത്തിൻ്റെ കടുപ്പത്തിൽ ആ പിറുപിറുക്കൽ താല്കാലികമായെങ്കിലും മുങ്ങിപ്പോയി
ഏട്ടത്തിയുടെ ദുഃഖത്തിന് ഇതൊന്നും പരിഹാരമാവില്ലെങ്കിലും അവരണിഞ്ഞിരുന്ന വിലങ്ങുകൾ അഴിച്ചു മാറ്റി ഒതുങ്ങിക്കൂടലിൽ നിന്നൊരു മോചനം സാധ്യമായല്ലോ?
അനു കൂടി വരട്ടെ, നിറക്കൂട്ടുകൾ കൊണ്ട് ആ മനസ്സ് നിറയ്ക്കണം.
ആ ചിന്ത വിനുവിന്റെ മുഖത്ത് പ്രകാശം പരത്തി…
#സ്ത്രീ ജീവിതം ചിട്ടകളും ചട്ടങ്ങളും


23 Comments
അസ്സലായി സുമേ
സ്നേഹം
❤️❤️
മനോഹരം.👌
ഒരു യുവാവിന്റെ തീരുമാനം ആ സ്ത്രീയുടെ വിലങ്ങുകൾ അഴിച്ചു മാറ്റിയ കഥ വളരെ ഹൃദ്യമായി തോന്നി.
അഭിനന്ദനങ്ങൾ!
സ്നേഹം
Thanks
നല്ല കഥ👍❤️
മനോഹരം❤️👌🌹
സ്ത്രീകൾക്ക് വിലങ്ങിടുന്നത് സ്ത്രീകൾ തന്നെ.
കഥ ഇഷ്ടമായി.
നല്ല കഥ.. അവരെ വീടിന്റെ ഒരു കോണിൽ ഒതുക്കി നിർത്താൻ നിൽക്കരുത് 👌🥰💗
സ്നേഹം
സ്നേഹം
Thanks
വളരെ ഹൃദയസ്പർശിയായ കഥ മനോഹരമായി പറഞ്ഞു. അഭിനന്ദനങ്ങൾ ആശംസകൾ 🙏
സ്നേഹം
കഥ വളരെ നന്നായിട്ടുണ്ട് 🌷🌷
Nice 👌
സ്നേഹം
Thanks
Beautiful 👌
സ്നേഹം
👌👌👌
സ്നേഹം