ബിരുദാനന്തര ബിരുദത്തിന് പഠിച്ചു കൊണ്ടിരുന്ന കാലം.
ക്രിസ്തുമസ് പുതുവത്സരാഘോഷം നടക്കുന്ന സമയം. കോളേജ് മുഴുവൻ ആഘോഷത്തിൻ്റെ ലഹരിയിലാണ്. പുൽക്കൂടൊരുക്കൽ , ക്രിസ്തുമസ് ട്രീ തയ്യാറാക്കൽ, പുതിയ പാട്ടുകൾ പഠിക്കൽ…. തുടങ്ങിയ വിവിധ പരിപാടികളുമായി എല്ലാവരും ഓടി നടക്കുന്ന സമയം.
ഇതിനു പുറമെ ഞങ്ങൾ അവസാന വർഷക്കാർ ചേർന്ന് ക്രിസ്തുമസ് സുഹൃത്തിനെ കണ്ടെത്തുന്ന പരിപാടിയും ഒന്നു രണ്ട് മത്സരങ്ങളും നടത്താൻ തീരുമാനിച്ചു. എല്ലാവരും ഒരു ബൗളിൽ സ്വന്തം പേര് എഴുതിയിടണം. അടുത്ത ദിവസം അതിൽ നിന്ന് മറ്റൊരാളുടെ പേര് തിരഞ്ഞെടുക്കുകയും വേണം. ഓരോരുത്തർക്കും അവരവരുടെ സുഹൃത്തിനെ തിരഞ്ഞെടുക്കാം. അവസാനം ചെല്ലുന്നയാൾക്ക് ബാക്കിയാവുന്ന പേരു കിട്ടും…. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും സ്വീകരിച്ചേ പറ്റൂ! അങ്ങനെ തിരഞ്ഞെടുക്കുന്ന സുഹൃത്തിനുള്ള സമ്മാനം വാങ്ങിക്കുന്നതിന് ഞങ്ങളെല്ലാം കടകൾ കയറിയിറങ്ങിത്തുടങ്ങി.
ഏതോ സുഹൃത്തിൻ്റെ സമ്മാനം സ്വീകരിക്കാൻ എല്ലാവരും ഒരുങ്ങിത്തുടങ്ങി. എത്ര കാലം കഴിഞ്ഞാലും പേരറിയാത്ത സുഹൃത്തിൻ്റെ സമ്മാനം നമ്മുടെ ഷോക്കേസിൽ നമ്മളെ നോക്കി ചിരിച്ചിരിക്കും.
ആഹാ ! എന്തു രസം അല്ലേ ? അതിനു സംസാരിക്കാൻ കഴിയുമെങ്കിൽ ആരാണ് തന്നത് എന്നു ചോദിക്കാം.
നിയമമനുസരിച്ച് സുഹൃത്തിനെ വെളിപ്പെടുത്താൻ പാടില്ല.
അങ്ങനെ ആ ദിവസം സമാഗതമായി. സമ്മാനപ്പൊതികളുമായി എല്ലാവരും എത്തി.
പേരെഴുതിയ സമ്മാനപ്പൊതികൾ സെമിനാർ ഹാളിലെ കാർഡ്ബോർഡ് പെട്ടികളിൽ നിക്ഷേപിക്കണം.
ആഘോഷങ്ങളുടെ അവസാനം ഒരാൾ ആ പൊതികൾ തിരഞ്ഞെടുത്ത് പേരു വായിച്ച് ഉടമസ്ഥരെ ഏൽപ്പിക്കണം.
അന്ന് എനിക്കായിരുന്നു ആ ഡ്യൂട്ടി. ഓരോന്നായി പുറത്തെടുത്ത് പേരിൻ്റെ ഉടമയെ തിരിച്ചറിയുന്ന ക്ലൂ പറഞ്ഞ് ആളെ വരുത്തണം.
ഒരു വിധം ഭംഗിയായി തൊണ്ണൂറ്റി രണ്ട് പൊതികളും കൈമാറി.
എൻ്റെ സ്വന്തം പേരു പോലും മറ്റുള്ളവരെക്കൊണ്ട് പറയിച്ച് കയ്യടി വാങ്ങി.
ഇതിനിടയിൽ കരോൾ ഗാനവും കേക്ക് മുറിക്കലും വിതരണവും എല്ലാം നടക്കുന്നുണ്ട്.
അതു കഴിഞ്ഞുള്ള കസേര കളിയിൽ ദയനീയമായി ആദ്യ റൗണ്ടിൽ പുറത്തായി.
അതിൻ്റെ ചമ്മൽ തീർക്കാൻ അടുത്ത മത്സരമായ മിഠായി പെറുക്കലിലും ചേർന്നു. വാരിയെറിഞ്ഞ മിഠായികൾ പെറുക്കിയെടുക്കുന്നതിൽ ഒന്നു പോലും കിട്ടിയില്ലെന്നു മാത്രമല്ല, ഒന്നു രണ്ടു തവണ മറ്റുള്ളവരെ തട്ടി വീഴുകയും ചെയ്തു…
വിജയികൾ സമ്മാനം വാങ്ങുമ്പോൾ ഞാൻ കൈ മുട്ടിൽ പൊടിഞ്ഞ ചോര തുടയ്ക്കുകയായിരുന്നു.
“അപകടം പറ്റിയവർക്ക് ദുരിതാശ്വാസം വല്ലതുമുണ്ടോ? ”
“ഇത് മൈക്കിനു മുന്നിലെ അഭ്യാസമല്ല, ”
കളിയാക്കലുകൾ ക്ഷാമമില്ലാതെ ഒഴുകിവന്നു.
സന്തോഷത്തിൻ്റെയും ചിരിയുടേയും അലയടികളാൽ സെമിനാർ ഹാൾ മുഖരിതമായി. എല്ലാവരും പരമാവധി ഓടി നടന്ന് ആസ്വദിച്ചു.
എല്ലാവരും ചേർന്ന് ഹാൾ പഴയതു പോലെയാക്കി.
അവസാനം ഓരോരുത്തരായി യാത്ര പറഞ്ഞു പരിഞ്ഞു. ഹോസ്റ്റലിൽ ചെന്ന് പെട്ടെന്ന് ബാഗെടുത്ത് പുറത്ത് ചാടിയാലെ നാട്ടിലേക്കുള്ള ട്രെയ്ൻ പിടിക്കാൻ സാധിക്കൂ….
പ്ലാറ്റ് ഫോമിലെത്തിയതും വരവറിയിക്കാനുള്ള കൂക്കി വിളിയുമായി ട്രെയ്ൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഹാജരായി.
അച്ഛൻ്റെ റെയിൽവേ പാസിൻ്റെ ബലത്തിലുള്ള യാത്രയായതുകൊണ്ട് തന്നെ ട്രെയ്നിൽ ചാടിക്കയറി. ലേഡീസ് കമ്പാർട്ട്മെൻറിൽ കറിക്കരിയലും മറ്റുമായി സീസൺ ടിക്കറ്റിൽ ഷട്ടിലടിക്കുന്ന വീട്ടമ്മമാർ സ്ഥാനം പിടിച്ചിരുന്നു. ബാഗ് താഴെ വെച്ച്
സീറ്റിലെ അല്പ സ്ഥലത്ത് അള്ളിപ്പിടിച്ചിരുന്നു.
വീട്ടിലെത്തിയപ്പോഴാണ് ക്രിസ്തുമസ് സമ്മാനത്തെപ്പറ്റി ഓർത്തത്. എന്തായിരിക്കും സമ്മാനം ?
ആർത്തിയോടെ ബാഗു പരിശോധിച്ചപ്പോഴാണ് മനസ്സിലായത്, തിരക്കിൽ ഞാൻ അത് എടുക്കാൻ മറന്നിരുന്നു. വെക്കേഷൻ മുഴുവൻ അതിൻ്റെ സങ്കടമായിരുന്നു. എന്തായിരുന്നു ആ ഗിഫ്ട് ? ആരായിരിക്കും തന്നത് ?
കോളേജ് തുറന്ന ദിവസം നേരത്തെയെത്തി . താക്കോലുകൾ സൂക്ഷിക്കുന്ന ഓഫീസ് റൂമിൽ നിന്ന് സെമിനാർ ഹോളിൻ്റെ ‘ താക്കോൽ വാങ്ങി ആകാംക്ഷയോടെ പടികളിറങ്ങിയോടി.
വാതിൽ തുറന്നപ്പോൾ മുറി ശൂന്യമായിരുന്നു. സമ്മാനം സൂക്ഷിച്ചിരുന്ന കാർഡ് ബോർഡ് പെട്ടി മാത്രം മൂലയിൽ ഇരിക്കുന്നു. അതിൽ പരതിയപ്പോൾ ഒരു കുറിപ്പുണ്ടായിരുന്നു.
‘സമ്മാനം വലിച്ചെറിഞ്ഞു പോവുന്നവർ അത് അർഹിക്കുന്നില്ല.’
വല്ലാത്ത നിരാശ തോന്നി.
സമ്മാനം തന്നയാളാണോ, അതോ അനാഥമായ സമ്മാനം കണ്ട മറ്റാരെങ്കിലുമാണോ, അതെഴുതിയിട്ടത് ? അതും അറിയാൻ സാധിച്ചില്ല.
രണ്ട് മാസം കഴിഞ്ഞു നടന്ന സെൻറ് ഓഫ് ചടങ്ങിൽ പരസ്യമായി ഞാൻ കുറ്റ സമ്മതം നടത്തി. സംഭവം വിവരിച്ച്, തിരക്കിൽ വണ്ടി കിട്ടാനുള്ള തത്രപ്പാടിൽ ഇറങ്ങി ഓടിയപ്പോൾ സമ്മാനം എടുക്കാൻ മറന്നതാണ്. അതിന് ഇന്നു ഞാൻ പരസ്യമായി മാപ്പു ചോദിക്കുന്നു. പോവുന്നതിന് മുൻപ് ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
അത്രയും പറഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു, തൊണ്ട ഇടറി .
എന്നിട്ടും ഞാനാണ് ആ സമ്മാനം തന്നതെന്നോ, കുറിപ്പ് എഴുതിയത് എന്നോ കോളേജിൽ നിന്നിറങ്ങുന്ന നിമിഷവും ആരും പറഞ്ഞില്ല.
അന്ന് പേരുവായിക്കാൻ നോക്കിയപ്പോൾ കണ്ട ചുവന്ന പൂക്കളുള്ള കവറിനു പുറത്തെ വെളുത്ത റിബ്ബൺ പൂവും അതിനു മുകളിലുണ്ടായിരുന്ന രണ്ട് കുഞ്ഞി പെൺ ബൊമ്മകളുടെ സ്റ്റിക്കർ ഇന്നും കൺമുന്നിലുണ്ട്.
വിട പറയലും മറ്റുമായി എല്ലാവരും തിക്കിലായിരുന്നു.
” അത് ഞാനായിരുന്നു. ”
ആരെങ്കിലും സ്വകാര്യമായി പറയുമെന്നോർത്ത് കാത്തിരുന്നു.
പക്ഷേ, എൻ്റെ ചോദ്യം അവശേഷിച്ചു. അന്ന് മാത്രമല്ല വലിയൊരു ചോദ്യചിഹ്നമായ ആ സമ്മാനം പിന്നീട് നടന്ന ഓരോ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളിലും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

5 Comments
എന്നാലും, അത് മറക്കരുതായിരുന്നു….. സാരമില്ല …..ഇനിയങ്ങ് മറക്കാം …… നന്നായെഴുതി👍❤️
ഇതൊട്ടും പ്രതീക്ഷിക്കാത്ത ഒരനുഭവ കഥ… Very interesting story…♥️♥️
സംഭവമാണ്
സ്നേഹം…❤️❤️
ചില നഷ്ടപ്പെടലുകൾ മറക്കാതെ മനസ്സിലിങ്ങനെ തങ്ങി നിൽക്കും. സാരമില്ല ഇനിയതു വിട്ടേക്കൂ
പുതിയ പുതിയ സമ്മാനങ്ങൾ കിട്ടട്ടെ♥️♥️
എത്രയോ കിട്ടി….
പക്ഷേ….
സ്നേഹം