മുറ്റമടിച്ചു നിൽക്കുമ്പോൾ അപ്പുറത്തെവീട്ടിലെ പയ്യൻ വിളിച്ചു പറഞ്ഞു, “ചേച്ചീ… മോനെന്തിയേ? ശനിയാഴ്ച എൻ്റെ ഓഫീസിൻ്റെയടുത്തുള്ള ബുക്ക്സ്റ്റാൾ ഒരു അഖിലകേരള ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നുണ്ട്. ഒന്നാംസ്ഥാനക്കാർക്ക് 1000 രൂപയും ട്രോഫിയുമാണ് സമ്മാനം.”
രണ്ടാംക്ലാസ്സിൽ പഠിക്കുന്ന എൻ്റെ മൂത്തമകന് സ്കൂളിൽ പടംവരച്ച് സമ്മാനം കിട്ടിയിട്ടുളള കാര്യം അറിയാവുന്നതുകൊണ്ടാവാം എന്നോടിത് പറഞ്ഞത്. തീരെച്ചെറിയ കുട്ടികൾക്കും വരയ്ക്കാം, അതിനാൽ എൻ്റെ ഇളയമനും പങ്കെടുക്കാമല്ലോ എന്ന് പറഞ്ഞു. പക്ഷേ പോകാൻ കഴിയില്ലല്ലോ എന്ന് ഞാൻ മനസ്സിലോർത്തു. പെട്ടെന്ന് അകത്തുനിന്നും ഒരു ചോദ്യമുയർന്നു, “എവിടെയാണെടോ കോംപറ്റിഷൻ?” കുട്ടികളുടെ അച്ഛനാണ്. നാളുകളായി എഴുന്നേൽക്കാനാവാതെ കിടപ്പിലാണ്. കഠിനമായവേദനയിലും മനക്കരുത്തിൻ്റെയും ചുറ്റുമുള്ളവരുടെ സ്നേഹത്തിൻ്റെയും ബലത്തിൽ പിടിച്ചുനിൽക്കുന്ന ഒരാൾ.
ചങ്ങനാശ്ശേരിയിൽ ബുക്സോൺ പുസ്തകശാലക്കാർ നടത്തുന്ന ചിത്രരചനാമത്സരത്തെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ “താൻ എന്തായാലും ഇവരെ കൊണ്ടുപോകണം” എന്ന് അണ്ണൻ ശാഠ്യം പിടിച്ചു. മടിച്ചുമടിച്ചാണെങ്കിലും ഞാൻ സമ്മതിച്ചു. മത്സരത്തിന് ഇനി ഒരു ദിവസം കൂടിയേയ്യുള്ളു. മൂത്തയാളിന് വിഷയം പറഞ്ഞാൽ എന്തെങ്കിലും വരയ്ക്കാനറിയാം. ചെറിയമകൻ എന്തെങ്കിലും കുത്തിവരയ്ക്കുന്നതുപോലും കണ്ടിട്ടില്ല. അവനെ ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല എന്നതാണ് സത്യം. ഞങ്ങളുടെ ജീവിതത്തിലെ അത്രയ്ക്കും കഠിനമായ ഒരു കാലമായിരുന്നു അത്.
മത്സരത്തിനു പോകാൻ രണ്ടാളും തയ്യാറായി. ബോക്സിൽ ക്രയോൺസ് അടുക്കി വയ്ക്കുമ്പോൾ, “മോനെന്താ വരക്കുന്നെ?” എന്ന അച്ഛൻ്റെ ചോദ്യത്തിന് “ആനേ വരച്ചാ മതിയോ, അച്ഛാ?” എന്നൊരു മറുചോദ്യം ചോദിച്ചു ചെറിയാൾ . “വീടുവരയ്ക്കാൻ വന്നാലോ” എന്ന അടുത്ത ചോദ്യത്തിന് രണ്ടുകൈയ്യും കൂട്ടി മേൽക്കൂര കാണിച്ചവൻ. വീട് മാത്രം പോരല്ലോ, അവിടെ ആൾക്കാർ വേണം, പട്ടി, കോഴി ഇതൊക്കെ വേണം എന്നച്ഛൻ പറയുന്നകേട്ട് , മീൻകാരൻ വേണ്ടേയെന്നവൻ സംശയം പ്രകടിപ്പിച്ചു. അങ്ങനെ അച്ഛനും മകനും കൂടി വേണ്ടതൊക്കെ തീരുമാനിച്ചുറപ്പിച്ചു. ചിത്രത്തിൽ മലകളും മരങ്ങളും വേണമെന്ന ചേട്ടൻ്റെ നിർദ്ദേശവും അനിയൻ തലകുലുക്കി സമ്മതിച്ചു. ചേട്ടൻ ചെറുതായി പേപ്പറിലൊന്നു വരച്ചുകാണിക്കുകയും ചെയ്തു.
പടം വരയ്ക്കാൻ പോകുന്നതിനു മുൻപ് “ഒന്നനുഗ്രഹിച്ചേക്ക്”എന്നു പറഞ്ഞ് രണ്ടാളും തലയും കുനിച്ചു അച്ഛൻ്റെ അടുത്തു ചെന്നു. എനിക്കതു കണ്ടപ്പോൾ ഹൃദയം പൊട്ടുന്നതുപോലെ തോന്നി. എൻ്റെ സ്ഥാനത്ത് മക്കളെയും കൊണ്ടുപോകേണ്ട ആളാണ്. നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ ഞാൻ പണിപ്പെട്ടു. “വിജയ് ഭവ:” അച്ഛൻ രണ്ടാളെയും തലയിൽ കൈവച്ച് അനുഗ്രഹിച്ചു. രാമായണം സീരിയൽ കണ്ടതിൻ്റെ ഒരു സ്വാധീനം! പരീക്ഷയ്ക്കു പോകുമ്പോൾ അമ്മുമ്മ സ്ഥിരം കളിയായി ‘വിജയ് ഭവഃ” എന്നാശംസിച്ചു വിടാറുണ്ട്. അതോർത്താണ് അവർ അച്ഛൻ്റെയടുത്തും അനുഗ്രഹം തേടാനെത്തിയത്.
യാത്രപറഞ്ഞ് പുറത്തിറങ്ങുമ്പോൾ “അച്ഛനു സമ്മാനം കൊണ്ടത്തരണേ”യെന്നു പിന്നിലായ് ആ ശബ്ദം മുഴങ്ങി. അതിനുശേഷം,”ചിരവ” എന്ന് അടുത്തവീട്ടിലെ പയ്യൻ കളിയാക്കി വിളിക്കുന്ന എൻ്റെ സ്കൂട്ടിയിൽ കയറിഞങ്ങൾ മൂന്നാളും യാത്രയായി.
മത്സരത്തിന് അരമണിക്കൂർ മുമ്പേ ഹാളിലെത്തി. ധാരാളം കുട്ടികളും പേരൻ്റ്സും എത്തിയിട്ടുണ്ട്; എല്ലാവരും ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നു. ചെറിയവന് അടങ്ങി നിൽക്കുന്ന ശീലമില്ലാത്തതിനാൽ എന്നെയും വലിച്ച് സ്റ്റേജിൻ്റെ അടുത്തുള്ള മേശക്കരികിലേക്ക് കൊണ്ടുപോയി. അതിൽ നിറയെ ട്രോഫികൾ മനോഹരമായി നിരത്തിയിരുന്നു. ഏതാണ്ട് ഒന്നരയടി പൊക്കമുള്ള മുന്ന് ട്രോഫികളിലെ ഏറ്റവും ഭംഗിയുള്ള ട്രോഫി ചൂണ്ടിക്കാണിച്ച് “എനിക്കതുമതി” എന്നവൻ ഉറപ്പിച്ചു പറഞ്ഞു. അടുത്തുനിന്നവർ ഇതുകേട്ടു ചിരിച്ചു. ഫസ്റ്റ് കിട്ടുന്നവർക്കുള്ളതാണതെന്ന് ഞാനവനോടു പറഞ്ഞുമനസ്സിലാക്കി. എന്നാലും അവൻ്റെ കണ്ണ് അതിൽ തന്നെ ഉന്നമിട്ടിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് കുട്ടികൾക്ക് ചിത്രരചനയ്ക്കുള്ള വിഷയം പറഞ്ഞു. നഴ്സറി വിഭാഗം: “എൻ്റെ ഗ്രാമം”; എൽ. പി. വിഭാഗം: “വള്ളംകളി.” വിഷയം കേട്ട് ഞാനെന്തു വരയ്ക്കുമെന്ന് ചോദ്യഭാവത്തിൽ അവനെന്നെയൊന്നു നോക്കി. “വീടും റോഡും കുളവുമൊക്കെ വരച്ചോ,” മോനിതെല്ലാം കണ്ടിട്ടുള്ളതല്ലേ എന്നു ഞാൻ പറഞ്ഞു. ഇതുവരെയും കാര്യമായി എന്തെങ്കിലും വരച്ച് അവനൊരു ശീലമില്ല. എന്തെങ്കിലും കുത്തിവരച്ചിട്ടു പോരട്ടെ എന്ന് ഞാനും കരുതി. അനന്തുവിനാകട്ടെ സംശയമൊന്നുമില്ല. ചെറിയ ആൾ ഹാളിൽ കയറിയിരുന്ന്, കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുന്നു. പിന്നെ ക്രയോൺസിൻ്റെ മുകളിലെ പേപ്പറും കടിച്ചെടുത്ത് എന്തൊക്കെയോ കാര്യമായി വരയ്ക്കാൻ തുടങ്ങി. ഇതിനിടയ്ക്ക് എഴുന്നേറ്റുനിൽക്കുകയും കമഴ്ന്നുകിടക്കുകയും ചെയ്യുന്നതുമുണ്ട്. വലിയാളാകട്ടെ പടം വരച്ച് കളറിംഗ് തുടങ്ങി. കോട്ടയത്തുനിന്ന് സ്ഥിരം ജേതാക്കളായ, ചിത്രരചന പഠിച്ചിട്ടുവന്ന കുട്ടികളുമായിട്ടാണ് അവൻ്റെ മത്സരം.
ഒരു മണിക്കൂറിനകം നഴ്സറിക്കാരുടെ മത്സരം അവസാനിച്ചു. ഹാളിൽ നിന്ന് പടമുയർത്തിപ്പിടിച്ച് എല്ലാം വരച്ചെന്ന് ചെറിയ മകൻ ആംഗ്യം കാണിച്ചു. ഓറഞ്ച്, പച്ച, കറുപ്പ്, ബ്രൗൺ അങ്ങനെ കുറേ നിറങ്ങൾ അവിടവിടെ തേച്ചു പിടിപ്പിച്ചിരിക്കുന്നത് ഒരു മിന്നായം പോലൊന്നു ഞാൻ കണ്ടു. അരമണിക്കൂർ കഴിഞ്ഞ് വലിയ കുട്ടികളുടെയും മത്സരം അവസാനിച്ചു. മൂത്താളുടെ മുഖത്തൊരു മ്ലാനത. കളറിങ്ങ് പൂർത്തിയായിട്ടില്ല. അവനെ ഞാൻ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു. അവൻ്റെ മുഖത്ത് ഒരു പ്രതീക്ഷ കാണാഞ്ഞതിനാൽ പോയേക്കാം എന്ന് വിചാരിച്ച് സ്കൂട്ടറിൽ കേറാനൊരുങ്ങിയപ്പോൾ അനൗൺസ്മെൻ്റ് കേട്ടു. വിജയികളെ ഉടനെ പ്രഖ്യാപിക്കും. ഞങ്ങൾ വീണ്ടും തിരിച്ച് ഹാളിലേക്കു കയറി. സംഘാടകർ ഇതിനോടകം കുറച്ചു കോമിക് ബുക്കുകളും മുട്ടായിയും കൊടുത്തതുകൊണ്ട് സമ്മാനത്തിൻ്റെ കാര്യമൊക്കെ രണ്ടാളും വിട്ടിരുന്നു.
അവസാനം ആ പ്രഖ്യാപനം വന്നു. “നഴ്സറി വിഭാഗം ഒന്നാം സ്ഥാനം: എസ്. മുരളീകൃഷ്ണ.” പിന്നാലെ സ്കൂളിൻ്റെ പേരും. ശരിക്കും ഞങ്ങൾ മൂന്നാളും ഞെട്ടി. “എനിക്കാണോ അമ്മേ! എനിക്കാണോ അമ്മേ?” അവനെന്നെ കുലുക്കി ചോദിച്ചു. ആ ട്രോഫി അവരെനിക്കു തരുമോന്നും .
തൊട്ടുപിന്നാലെ എൽ. പി. വിഭാഗത്തിൻ്റെയും റിസൾട്ട് പറഞ്ഞു. ഫസ്റ്റ്, സെക്കൻഡ്, തേഡ് റിസൾട്ടുകൾ ഞങ്ങൾ ശ്വാസമടക്കി കേട്ടു. അനന്തുവിൻ്റെ പേരില്ല. നാലാമതായി കൺസൊലേഷൻ പ്രൈസിന് അവൻ്റെ പേര് പറഞ്ഞെങ്കിലും അത് അവന് ഒരാശ്വാസവും നൽകിയില്ല. സന്തോഷിക്കാനും സങ്കടപ്പെടാനുമാകാതെ ഇവർക്കിടയിൽ ഞാനും. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയീന്നു പറഞ്ഞപോലെ. അപ്പൂന് ആയിരം രൂപ കിട്ടുമല്ലോ, നമുക്കിഷ്ടമുള്ളത് വാങ്ങാമെന്നു പറഞ്ഞപ്പോൾ / രണ്ടാൾക്കും സന്തോഷമായി.
സമ്മാനദാനം ആദ്യം നഴ്സറി വിഭാഗത്തിനായിരുന്നു. സ്റ്റേജിൽക്കയറി പരിചയമില്ലാത്ത അപ്പു, “മുരളീകൃഷ്ണ” എന്നു വിളിച്ചപ്പോൾ ഓടിച്ചാടി കയറി. NSS ജന. സെക്രട്ടറി ശ്രീ. നാരായണപ്പണിക്കരും നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. കൃഷ്ണകുമാരി രാജശേഖരനും കൂടി നൽകിയ ട്രോഫി, അവൻ പാടുപെട്ട് കുഞ്ഞിക്കൈകളിൽ ഉയർത്തിപ്പിടിച്ചു. ട്രോഫി കണ്ടപ്പോൾ ആശാന് ഇരട്ടി സന്തോഷമായി. ആദ്യം കണ്ണുവെച്ചിരുന്ന അതേ ട്രോഫി ഇപ്പോൾ തൻ്റെ കൈയ്യിൽ! അനൗൺസ് ചെയ്ത ആൾ ചിത്രങ്ങൾ വിലയിരുത്തിയ ആളും കൂടിയായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു, “‘എൻ്റെ ഗ്രാമം’ വരച്ച മുരളീകൃഷ്ണയുടെ ചിത്രത്തിൽ വളരെക്കാര്യങ്ങൾ ഉണ്ടായിരുന്നു. വീടും, ആളുകളും, മലകളും, മരങ്ങളും, റോഡിൽ ബസ്സും, സൈക്കിളിൽ മീൻവിൽക്കുന്ന ആളും, കുളവും, ഊഞ്ഞാലും, കോഴിയും എന്നു വേണ്ട ഒരു ഗ്രാമത്തിൽ കാണുന്നതെല്ലാം ഈ കൊച്ചുകുട്ടി വരച്ചിട്ടുണ്ട്. അതാണവനെ ഒന്നാം സ്ഥാനത്തിനർഹനാക്കിയത്.” അങ്ങനെ അവൻ്റെ കന്നി മത്സരം അവിസ്മരണീയമായി. അനന്തുവിന് ആശ്വാസസമ്മാനമായി ഒരു ചെറിയ ട്രോഫിയാണ് കിട്ടിയത്. ചെറിയാൾക്കു വലിയ ട്രോഫിയും വലിയാൾക്ക് ചെറിയ ട്രോഫിയും! ഫോട്ടോ എടുക്കുമ്പോഴും അനന്തുവിൻ്റെ മുഖത്താവിഷമം കണ്ടു. കുട്ടികളല്ലേ, അല്പസമയം കഴിഞ്ഞപ്പോൾ അതൊക്കെമാറി.
ഞങ്ങളുടെ തിരിച്ചുവരവ് ആഘോഷപൂർണ്ണമായിരുന്നു. എൻ്റെയും അനന്തുവിൻ്റെയും ഇടയിൽ ട്രോഫിയും കൈയ്യിലുയർത്തിപ്പിടിച്ച് വഞ്ചിപ്പാട്ടുംപാടി അപ്പു ഇരുന്നു. വഴിയിൽ നിന്നിരുന്ന ആൾക്കാർക്ക് ഇത് കൗതുകമായി. വീടടുക്കുന്തോറും കുട്ടികളുടെ ആർപ്പുവിളിക്ക് ആക്കം കൂടിവന്നു. മുറ്റത്തേക്ക് വണ്ടി കയറ്റിയപ്പോഴേക്കും ആർപ്പുവിളി അതിൻ്റെ പാരമ്യത്തിലെത്തി. “അച്ഛാ… കാവാലം ചുണ്ടനിതാ ജയിച്ചു വന്നേ…” എന്നാർത്തുവിളിച്ച് കുട്ടികൾ അച്ഛൻ്റെ അടുത്തേക്ക് ഒരോട്ടമായിരുന്നു. കിടന്നകിടപ്പിൽത്തന്നെ അച്ഛനും കൈയ്യടിച്ച് “ആർപ്പോ ഇർറോ” വിളിച്ചു. ട്രോഫി അച്ഛൻ്റെ കൈയ്യിൽ കൊടുക്കുമ്പോൾ രണ്ടാളുടെയും കണ്ണ് തിളങ്ങി. എന്നാൽ അതിനേക്കാളേറെ തിളക്കം അവരുടെ അച്ഛൻ്റെ കണ്ണുകളിലായിരുന്നു! അതിൽ താനാണ് സമ്മാനിതനായെന്നൊരു ഭാവവും. രണ്ടാളും അച്ഛന് ഉമ്മ കൊടുത്തു. അസഹ്യമായ വേദനയിലും പൊട്ടിച്ചിരി സമ്മാനിച്ച നിമിഷങ്ങായിരുന്നു അത്! അച്ഛന് മക്കൾ നൽകിയ മറക്കാനാവാത്ത സമ്മാനം! എൻ്റെ ഓർമ്മത്താളുകളിലെ ഏറ്റവും മിഴിവാർന്ന ചിത്രങ്ങളിലൊന്ന് .
ആ ഓർമ്മകൾക്കിപ്പോൾ 26 വയസ്സായിരിക്കുന്നു. അച്ഛൻ്റെ ഓർമ്മകൾക്ക് ഇരുപത്തിനാലും!
ഷേർലി വി. ടി.


13 Comments
എന്താ പറയുക വല്ലാത്തൊരു വിങ്ങൽ …നന്നായി എഴുതിയിരിക്കുന്നു സ്നേഹം ❤️
ഹൃദയം തൊടുന്ന എഴുത്ത്❤️
Super…writing❤️👌
❤️❤️
മനസ്സിൽ വളരെ ആഴത്തിൽ സ്പർശിക്കുന്ന ഒരു സമ്മാനക്കഥ.. 👌👌🥰🥰🫂
❤️❤️
മക്കളുടെ സന്തോഷം കാണുമ്പോൾ നിറയുന്ന കണ്ണുകളുടെ കാഴ്ച എത്ര മനോഹരമാണ്. നന്നായി എഴുതി
വീണ്ടും വായിച്ചു കണ്ണീരടക്കാനായില്ല ഷേർലീ❤️🌹
മനോഹരം ❤️
മനസ്സിൽ ഒരു വിങ്ങൽ.എഴുത്ത് ഇഷ്ടായി.
മനസ്സ് നിറഞ്ഞു🫂.കുഞ്ഞുങ്ങളുടെ സന്തോഷം.. എല്ലാ അച്ചൻ മാരുടെയും അമ്മ മാരുടെയും കണ്ണ് നിറയ്ക്കും 🥰💗
നല്ല എഴുത്ത് 😍👌
സങ്കടം വന്നു വായിച്ചപ്പോൾ. നല്ലെഴുത്ത്. അഭിനന്ദനങ്ങൾ❤️👏
കണ്ണീരണിയിച്ച എഴുത്ത്
❤️🌹👌