* ‘ജെൻ ആൽഫ സ്വയം സമ്മാനിത്’ അഥവാ അവൾ ഒരു പോരാളിയാണ് *
കഴിഞ്ഞ വെള്ളിയാഴ്ച, ഏകദേശം ഉച്ചയോടടുത്ത സമയം. ഞാൻ എന്തോ വായനയുടെ തിരക്കിലാണ്. പെട്ടെന്ന് ഇടിവാളുപോലൊരു മിന്നൽ എന്റെ ഹൃദയത്തിലൂടെ കടന്നുപോയി. എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. വായിച്ചുകൊണ്ടിരിക്കുന്നത് അങ്ങനെ ത്രില്ലിംഗ് ആയിട്ടുള്ള ഒന്നുമായിരുന്നില്ല. എന്തോ, ഒരു ഇൻട്യൂഷൻ പോലെ ആ നിമിഷത്തിൽ ഞാനെന്റെ ആറാം ക്ലാസുകാരി മകളെക്കുറിച്ച് പെട്ടെന്നോർത്തു. എനിക്ക് ഗുട്ടൻസ് പിടികിട്ടി. പൂജാവധിക്ക് മുൻപുനടന്ന എക്സാമിന്റെ പേപ്പർ അവൾക്ക് കിട്ടിയിട്ടുണ്ട്; സംഭവം ക്ലീൻ ആയി പൊട്ടിയിട്ടും ഉണ്ട്. എന്റെ ഹൃദയം എന്തെന്നില്ലാതെ വിങ്ങാൻ തുടങ്ങി. അവൾ പൊട്ടിക്കാണും എന്നോർത്തല്ല പക്ഷേ പഠിപ്പി ഫ്രണ്ട്സിന്റെ ഇടയിൽ എന്റെ കൊച്ച് വല്ലാതെ ഒറ്റപ്പെട്ടുപോകുമല്ലോ എന്നോർത്ത്.. അവൾ എങ്ങനെ അതിനെ തരണം ചെയ്യും എന്നോർത്ത്.
സമയം 4 30 ആയി. അവൾ പതിവുപോലെ വീട്ടിലെത്തി. എല്ലാം പതിവുപടി. ആൾ ഉല്ലാസവതിതന്നെ. ഹോ! ഞാൻ സങ്കടപ്പെട്ടതൊക്കെ വെറുതെ. ആവേശത്തോടെ ഞാൻ തിരക്കി,
“പേപ്പറൊന്നും കാണിച്ചില്ലേ മോനേ?”
നിങ്ങൾ വിശ്വസിക്കില്ല, ഗയ്സ്. അവളുടെ മറുപടി..
ങ്ഹാ! മാത്‍സ് കിട്ടി..
ന്നിട്ട്?
മാർക്ക് ശോകം..( തോറ്റിട്ടില്ല; ഭാഗ്യം )
അത്രയും നേരം വിങ്ങിനീറിയ എന്റെ ചങ്ക്, സോറി, നെഞ്ച് നൊടിയിടയിൽ ടോക്സിക് രൂപം പൂണ്ടു. വായിൽ വന്നതൊക്കെ വിളിച്ചുപറഞ്ഞ് ഞാനവളെ വഴക്കുപറഞ്ഞു. പാവം! അവൾ നിലവിളിച്ചില്ല; പ്രതികരിച്ചില്ല. പക്ഷേ, ആ കുഞ്ഞുപൂച്ചക്കണ്ണുകൾ മെല്ലെ നിറഞ്ഞുവന്നു. എന്റെ മുന്നിൽനിന്ന് അത് തുളുമ്പാൻ അവളുടെയഭിമാനം സമ്മതിച്ചില്ല. ബാത്റൂമിൽ കയറി കതകടച്ചു. 5 മിനിറ്റിനുശേഷം മിണ്ടാതെ വന്നു ഡ്രസ്സ് മാറി ടിവി ഓണാക്കി. നാലുമണിക്കാപ്പിയും കൊറിക്കാനുള്ളതും കയ്യിലെടുത്തു. സീൻ ക്ലോസ്.
ഞാനത്ഭുതപ്പെട്ടു പോയി. എനിക്കങ്ങനെയൊരു മാർക്ക് കിട്ടിയാൽ പിന്നെ രണ്ടുദിവസത്തേക്ക് തൊണ്ടയിൽകൂടെ ഒന്നും താഴേക്കിറങ്ങില്ല. ഇവിടെ ഈ 11 കാരി ജെൻ ആൽഫ കൂളായിരുന്ന് ഏതോ ആനിമേ ആസ്വദിക്കുന്നു. ശരിക്കും, എന്നുപറഞ്ഞാൽ ശരിക്കും എന്റെ കിളി പോയി!
————-
വൈകുന്നേരത്തെ റിലാക്സേഷൻ ഒക്കെ കഴിഞ്ഞ് ഞാൻ പതിയെ അവളുടെ അടുത്തുകൂടി ക്വസ്റ്റ്യൻ പേപ്പറും ആൻസർ ഷീറ്റും ഒക്കെ ഒത്തു നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് അവൾ പറയുന്നത്- ടീച്ചർ വിളിക്കാൻ പറഞ്ഞിട്ടുണ്ട്. ഞാൻ വേഗം ടീച്ചറെ വിളിച്ചു. ടീച്ചർക്കും ഇതേ പറയാൻ ഉണ്ടായിരുന്നുള്ളൂ- ഇത്രമാർക്ക് കുറഞ്ഞിട്ടും അവൾക്ക് ഒരു വിഷമവും കണ്ടില്ല എന്ന്. കൂട്ടുകാർക്കൊക്കെ ഭേദപ്പെട്ട മാർക്കുണ്ടു താനും!
‘ ജസ്റ്റ് എ ജെൻ ആൽഫ തിങ്, ടീച്ചറേ.’ പെട്ടെന്ന് അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്. ഏതായാലും പരസ്പരം ആശ്വസിപ്പിച്ച് ഞങ്ങൾ ഫോൺ വെച്ചു. ശരിക്കും ഒരു ആലീസ് ഇൻ വണ്ടർലാൻഡ് ഫീലിംഗ് ആയിരുന്നു എനിക്കപ്പോൾ. ഈ കൊച്ചിതെന്താ ഇങ്ങനെ എന്ന് എനിക്കൊരെത്തും പിടിയും കിട്ടിയില്ല.
രാത്രി കിടക്കാറായപ്പോഴാണ് അവൾ ഒരു കൊച്ചുഡയറിയുമായി എന്റെ അടുത്തെത്തുന്നത്.
“ങും? എന്നാ മോളേ?”
“ഞാനൊരു കഥ എഴുതി.”
” കഥയോ? എപ്പോ?”
” ഇന്ന് ഫ്രീ പീരിയഡ് ഉണ്ടായിരുന്നു, അപ്പോൾ. ”
“എവിടെ? കാണട്ടെ.”
അവൾ ഡയറി എന്റെ നേർക്കു നീട്ടി. ഉള്ളത് പറയാമല്ലോ- പോയ കിളികൾ മൊത്തം കൂട്ടത്തോടെ തിരിച്ചുവന്ന് എന്നെ ഭീകരമായി കളിയാക്കിയിട്ട് ഒരു ഹുങ്കാരത്തോടെ പടപടാന്ന് ചിറകടിച്ച് വീണ്ടും ഒറ്റപ്പറക്കൽ.
ഞാൻ മെല്ലെ താളുകൾ മറിച്ചു. ഒരു യക്ഷിക്കഥ.. അല്ല ഒരു ദേവിക്കഥ! ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവം അവൾക്കുണ്ട്. പക്ഷേ ഇന്ന്, അത്രയധികം വിഷമം തോന്നേണ്ട ഇന്ന്, അവൾ ഒരു കഥയെഴുതിയിരിക്കുന്നു! കൂടെ അവളുടെ ഫേവറേറ്റ് ക്യാരക്ടർ ആയ വെനസ്ഡേ യുടെ മനോഹരമായ ഒരു പെൻ സ്കെച്ചും.
ഏതോ അന്യഗ്രഹജീവിയെ നോക്കും പോലെ ഞാൻ അവളെ നോക്കി. ആ നോട്ടത്തിൽ അത്ഭുതമുണ്ടായിരുന്നു; ആദരവുണ്ടായിരുന്നു; വാൽസല്യമുണ്ടായിരുന്നു; തീർച്ചയായും അവയ്ക്കെല്ലാം മുകളിൽ എന്നെ അങ്ങേയറ്റം സന്തോഷിപ്പിച്ചുകൊണ്ട് അഭിമാനവുമുണ്ടായിരുന്നു. അഭിമാനം എന്തിനായിരുന്നു എന്നോ? കാരണം, ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു, അവൾ ഒരു കുട്ടിപ്പോരാളിയാണെന്ന്! ലോകം മുഴുവൻ അവളുടെ തളർച്ചയിൽ പരിഹാസത്തോടെ അല്ലെങ്കിൽ സഹതാപത്തോടെ നോക്കുമ്പോഴും ഉള്ളിലേക്കുതിരിഞ്ഞ് അവിടെ ഒതുക്കിവച്ചിരിക്കുന്ന അതിജീവനത്തിന്റെ പോർച്ചട്ടയണിയാൻ കെൽപ്പുണ്ടെന്ന് എന്റെ പൊന്നുമോൾ തെളിയിച്ചിരിക്കുന്നു. ജയത്തിലും പരാജയത്തിലും സ്വയം അഭിനന്ദിക്കാനും തനിക്ക് തന്നെ സമ്മാനം നൽകുവാനും അവൾക്ക് കഴിഞ്ഞിരിക്കുന്നു.
എന്തെന്നില്ലാത്ത ആനന്ദത്തോടെ ഞാൻ അവളെ ദീർഘമായാശ്ലേഷിച്ചു. അവളോ, എന്റെ കണ്ണുകളിലേക്കുറ്റുനോക്കി അവിടെ തിരതല്ലുന്ന അഭിമാനാനന്ദാശ്രുക്കളെ അവസാനതുള്ളിവരെയും ഉള്ളിലേക്ക് കോരിയെടുത്തു.അതിരറ്റ സന്തോഷത്തോടെയാണ് ഞങ്ങളന്ന് ഉറങ്ങാൻപോയത്.
ചെറുതിലേമുതൽ അവൾ അല്പം വ്യത്യസ്തയായിരുന്നു. ഒരു കൂസലില്ലായ്മയാണ് അവളെ മറ്റുള്ളവരുടെ മുൻപിൽ അടയാളപ്പെടുത്തുക. പക്ഷേ പണ്ടേ ഞാൻ അറിഞ്ഞിരുന്നു,അത് കൂസലില്ലായ്മയല്ല, മറിച്ച് ഒരുതരം ‘മാനസിക കോട്ടകെട്ടൽ’ അല്ലെങ്കിൽ ഷീൽഡിങ് ആണ് അതെന്ന്.നിസ്സഹായതയെ പൊതിയുന്ന അതിജീവനത്തിന്റെ ഒരുതരം ആരുമറിയാത്ത ആയുധം! ഇന്ന് അതിന്റെ ഭാവനാ പൂർണ്ണമായ പ്രകാശനമാണ് എന്റെ മുന്നിൽ അനാവൃതമായിരിക്കുന്നത്.
മകളേ, നിന്നെയോർത്ത് ഈയമ്മ അഭിമാനിക്കുന്നു. ഒരു മാർക്കിൽ, അല്ലെങ്കിൽ മാർക്കില്ലായ്കയിൽ ഉയരുന്നതോ തളരുന്നതോ അല്ല ജീവിതം. ഇന്ന് നീ തളർന്നില്ല എന്ന തിരിച്ചറിവ് വരുംനാളുകളിലെ അന്തമറ്റ പ്രതിസന്ധികളെ ധീരതയോടെ നീ നേരിടും എന്നതിന്റെ മുന്നോടിയായി ഞാൻ കാണുന്നു. ചിറകുനീർത്തി നീ പറന്നു കൊള്ളുക. ആകാശമാണ്, ആകാശം മാത്രമാണ് നിന്റെ അതിര്.
——–
#എന്റെ രചന
#അമൂല്യമായ സമ്മാനം


13 Comments
വളരെ നന്നായിരിക്കുന്നു ചേച്ചി 😍ആത്മവിശ്വാസവും ആത്മാഭിമാനവും പഴയ തലമുറ ഇപ്പോഴത്തെ കുട്ടികളിൽ നിന്ന് കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. മിടുക്കി
❤️❤️❤️❤️❤️
നന്നായി എഴുതി 👌
Thank you ഇലക്റ്റ ❤️
മനസ്സ് നിറഞ്ഞു 💗🥰 നല്ല വില പിടിപ്പുള്ള സമ്മാനം തന്നെയാണ് ചേച്ചി ഇതു 👌👌😘. ചേച്ചി യുടെ മോൾടെ ആത്മവിശ്വാസം എനിക്കു ഒത്തിരി ഇഷ്ട്ട്ട മായി 👏👏💗
Thank you sayara ❤️❤️❤️
പോരാടാൻ കരുത്തുള്ള കുഞ്ഞുമോൾക്കും അവളെ തിരിച്ചറിഞ്ഞ അമ്മയ്ക്കും ഉമ്മ. ഇതെന്തേ’ മറക്കാനാവാത്ത സമ്മാന’ ത്തിൽ എഴുതാതിരുന്നേ?ഉൾപ്പെടുത്താതെ പോയ ഈ എൻട്രിക്ക് എൻ്റെ പ്രത്യേക സമ്മാനം👏👏❤️❤️❤️❤️
സമയത്ത് എഴുതി തീർക്കാൻ പറ്റിയില്ല ചേച്ചി. താങ്ക്യൂ വായനക്കും അഭിപ്രായത്തിനും പ്രത്യേക സമ്മാനത്തിനും ❤️❤️
മനസ്സ് നിറഞ്ഞു 💗🥰 നല്ല വില പിടിപ്പുള്ള സമ്മാനം തന്നെയാണ് ചേച്ചി ഇതു 👌👌😘. ചേച്ചി യുടെ മോൾടെ ആത്മവിശ്വാസം എനിക്കു ഒത്തിരി ഇഷ്ട്ട്ട മായി 👏👏💗
രസകരമായി എഴുതിയിരിക്കുന്നു മോൾ ശരിക്കും മുത്താണ്.😍
Thank you sherly ❤️❤️
കുട്ടിപ്പോരാളിക്ക് എൻ്റെ സലൂട്ട്🫡
അവൾ എഴുതട്ടെ ഇഷ്ടമുള്ളതു ചെയ്യട്ടെ ചീത്ത പറയല്ലേ അമ്മേ ആ കുഞ്ഞു മനസ്സിനെ നൊമ്പരപ്പെടുത്തല്ലേ❤️❤️
ഇല്ല ചേച്ചീ. അവളെന്റെ അഭിമാനമാണ് ❤️❤️