കഥ:കുടുംബിനി
രചന:ബിന്ദു എസ് നായർ
“സുമതീ…. രണ്ടു കട്ടനെടുക്ക്.. വേണു വന്നിട്ടുണ്ട്.”
സത്യൻ ഉമ്മറത്തിരുന്ന് ഭാര്യയെ വിളിച്ച് പറഞ്ഞു…
“ഓ… ഇപ്പത്തരാം.”
അലക്കുകല്ലിന്റെ ചോട്ടിൽ നിന്ന് സുമതി മറുപടി പറഞ്ഞു.
ദേഷ്യത്തിൽ അവൾ സ്വയം പിറുപിറുത്തു കൊണ്ട് അടുക്കളയിലെത്തി.
“ഗ്യാസ് തീർന്നിട്ട് രണ്ടു ദിവസായി. ഇതിയാനിങ്ങനെ വഴീക്കൂടെ പോകുന്നവരേയെല്ലാം വിളിച്ച് വരുത്തി കട്ടനിട്ടോ. കട്ടനിട്ടോ ന്നു പറഞ്ഞോണ്ടിരുന്നാൽ ഞാനെന്തു ചെയ്യും.”
ഒന്നും നോക്കീം കണ്ടും ചെയ്യാനറിയാത്ത മനുഷ്യൻ. ദൈവമേ.എന്തൊക്കെ മോഹങ്ങളായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞയുടൻ കോളേജിൽ പോകാനാഗ്രഹിച്ചിരുന്ന എന്നെ വീട്ടുകാർ അവരുടെ ഭാരം ഒഴിവാക്കി ഇതിയാന്റെ തലേൽ കെട്ടിവച്ചു….
കല്യാണം കഴിഞ്ഞാലും പഠിപ്പിക്കാമെന്നൊക്കെ വാഗ്ദാനം ചെയ്തതായിരുന്നു.
എന്തു ചെയ്യാനാ.
ഈ മനുഷ്യന്റെ കയ്യും പിടിച്ച് ഇങ്ങോട്ട് കയറിയിട്ട് മൂന്നു മാസം ആയപ്പോഴേക്കും ഓക്കാനോo ശർദീം തലചുറ്റലും…
ആദ്യത്തെ സന്താനം ഉദരത്തിൽ മുളപൊട്ടി. അങ്ങനെ പഠനമെന്ന മോഹം കാറ്റിൽപറന്നു. പിന്നങ്ങോട്ട് പ്രസവോം കൊച്ചിനെ നോക്കലും വീട്ടിലെ പണിയും എല്ലാം കൂടി ആകെ തളർന്നു. സുമതിയുടെ ചിന്തകൾകാടുകയറി…
“ടീ. സുമതീ കട്ടനായില്ലേ? എന്താ ഒരു താമസം,.”
ദേഷ്യമെല്ലാം കടിച്ചമർത്തി ചിരി വരുത്തിക്കൊണ്ട് അവൾ കട്ടൻ കൊണ്ടു വന്നു.
” ചേട്ടാ… കട്ടൻ.” എന്ന് പറഞ്ഞു കൊണ്ട് സത്യനെ നോക്കി പല്ലു ഞറുമ്മി അകത്തേക്ക് പോയി.
ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു സത്യൻ. ജോലിസമയത്ത് കൂട്ടുകാർക്കൊപ്പം കൂടി മദ്യപിച്ച് ഉഴപ്പി നടന്ന് ഉണ്ടായിരുന്ന ജോലിയും പോയി. ഇപ്പോൾ തെക്കുവടക്ക് നടന്ന് സമയം കളയും.വേണു കട്ടനൊക്കെ കുടിച്ച് പുറത്തേക്കിറങ്ങിയതും സുമതി സത്യനെ അകത്തേക്ക് വിളിച്ചു.
“ചേട്ടാ… ഒന്നിങ്ങു വന്നേ.”
സത്യൻ അകത്തുചെന്നു.
“എന്താടീ പതിവില്ലാത്ത നേരത്ത് ശൃംഗരിക്കാൻ ഒരു വിളി…”
“ഓ ശൃംഗരിക്കാൻ പറ്റിയ മനുഷ്യൻ. ഹും. അതേ… മനുഷ്യാ. ഞാനേ യന്ത്രമൊന്നുമല്ല. നാലരക്ക് ഉണർന്നാ തുടങ്ങുന്ന പണിയാ.
എല്ലാവർക്കും വെച്ചു വിളമ്പി ഞാൻ മടുത്തു. തിന്നാൻ നേരം ചേറിന് വേവു കൂടി. കറിക്ക് എരിവില്ല. ചായക്ക് ചൂടില്ല എന്നൊക്കെ പറഞ്ഞ് നിങ്ങളും നിങ്ങടെ അമ്മയും കൂടെ എന്റെ മെക്കിട്ടു കേറുന്നതല്ലാതെ ഇവിടെ അരിയുണ്ടോ കറിവെക്കാനെന്തെങ്കിലും ഉണ്ടോ… എന്ന് തിരക്കാറുണ്ടോ. അല്ല. നീയെന്തെങ്കിലും കഴിച്ചോ…നിനക്കെന്തെങ്കിലും വേണോ എന്ന് എന്നെങ്കിലും നിങ്ങടെ വായതുറന്ന്ചോദിച്ചിട്ടുണ്ടോ… ഈ അടുക്കളപ്പണി കഴിഞ്ഞ് കിട്ടുന്ന സമയത്ത് നാട്ടുകാരുടെ തുണി തയ്ച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് നിങ്ങളെയൊക്കെ പട്ടിണിയില്ലാതെ നോക്കുന്ന എന്നെ പറഞ്ഞാ മതി. ഞാൻ മടുത്തു. ഇനി ഞാൻ ഒന്നും ചെയ്യില്ല. അമ്മേം മോനൂടെ ഇവിടെ ജീവിച്ചോ. ഞാനെന്റെ മക്കളേം കൂട്ടി എന്റെ വീട്ടിലേക്ക് പോവ്വാ. എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ച മാതാപിതാക്കളുടെ അടുത്തേക്ക് ഞാൻപോവ്വാ…”
സുമതിയുടെ കണ്ണുകൾനിറഞ്ഞു….
ഇതെല്ലാം കേട്ടു നിന്ന സത്യൻ സുമതിയുടെ അടുത്തേക്ക്ചെന്നു…
“എടീ. സുമതി.ഇങ്ങനെയൊന്നും പറയല്ലേ. നീ ഒരു നല്ല കുടുംബിനി ആയതു കൊണ്ടല്ലേ ഇത്രയും സഹിച്ചത്. തെറ്റ് ഞാൻ മനസിലാക്കുന്നു. ഇനി ഈ കണ്ണുകൾ നിറയരുത്… നിന്നെ ഞാനെങ്ങോട്ടും വിടില്ല… ഇന്നു മുതൽ എല്ലാ ജോലികളും നമ്മൾ രണ്ടു പേരും കൂടി ചെയ്യും. അല്ലെങ്കിലേ നിന്റെയീ ഉദരത്തിൽ കിടക്കുന്ന എന്റെ മൂന്നാമത്തെ ചെറുക്കൻ പുറത്തു വരുമ്പോൾ എന്നെവഴക്കുപറയും.
അതുകൊണ്ട് എന്റെ കുടുംബത്തിന്റ വിളക്കായി നല്ല കുടുംബിനിയായി നീ അകത്തേക്കു പോയി പ്രകാശം പരത്തിയാട്ടേ…
സത്യന്റെ സ്നേഹത്തോടെയുള്ള സംസാരവും പെരുമാറ്റവും കണ്ടപ്പോൾ മനസിൽ സന്തോഷം നിറഞ്ഞ സുമതി വീണ്ടും തന്റെ അടുക്കളയാകുന്ന സാമ്രാജ്യത്തിലേക്ക് കയറിപ്പോയി
ഇത്രയും നാൾ മനസിലടക്കിപ്പിടിച്ച വിഷമങ്ങളൊക്കെ വിളിച്ചു പറഞ്ഞപ്പോൾ ഒരാശ്വാസം കിട്ടിയ സുമതി സത്യനൊപ്പം പരാതിയും പരിഭവങ്ങളും ഇല്ലാതെ സന്തോഷത്തോടെ ഇന്നും ജീവിക്കുന്നു.


1 Comment
സത്യൻ നന്നാവാൻ തീരുമാനിച്ചതു കൊണ്ടു കൂടെ ജീവിക്കാം.