by ജാനറ്റ് ജെൻസൻ
വാക്കുകൾ അസ്ത്രങ്ങൾ ആണ്. അതിനു മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ കഴിയും… കാലം എത്ര കഴിഞ്ഞാലും അവ ഉണങ്ങില്ല.. മറക്കാൻ ശ്രമിക്കുന്തോറും അതു മനസ്സിൽ ഇരുന്നു പുകയും.
ഒരു പെണ്ണായി പിറന്നതിൻ്റെ പേരിൽ പലതരം മുറിവുകൾ മനസ്സിൽ ഏറ്റ് വാങ്ങേണ്ടി വന്ന ഒരു വ്യക്തിയാണ് ഞാൻ…
കോളജിൽ പഠിക്കുന്ന കാലം, വീട്ടിൽ ആവശ്യത്തിൽ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്… വലിയ കുടുംബത്തിലെ ആറാമത്തെ അംഗം ആയത് കൊണ്ട് യാതൊരു വിധ പരിഗണനയും കിട്ടാതെ ആണ് വളർന്നു വന്നത്. അഞ്ച് ആൺമക്കളും രണ്ടു പെൺമക്കളും ഉള്ള വീട്ടിൽ, പെൺകുട്ടിയായത് കൊണ്ട് വളർന്നു വരും തോറും ഞാൻ ഒരു അധിക പറ്റ് ആകാൻ തുടങ്ങി. ആൺ മേൽക്കോയ്മ നന്നായി വീട്ടിൽ ഉണ്ട്. ആൺകുട്ടികൾക്ക് ഉച്ചത്തിൽ സംസാരിക്കാം, ഒച്ചവയ്ക്കം.. എപ്പോൾ വേണമെങ്കിലും പുറത്ത് പോകാം.. വരാം… അവരുടെ എച്ചിൽ പാത്രങ്ങൾ കഴുകുക, വസ്ത്രങ്ങൾ അലക്കുക വെള്ളം കോരുക, എന്ന് വേണ്ട, വീട്ടിലെ എല്ലാ പണിക്കും ഞാനും ചേച്ചിയും, അമ്മയ്ക്കൊപ്പം നിൽക്കണം. അതിരാവിലെ ഉണർന്നാൽ സ്കൂളിൽ പോകും വരെ ജോലി ഉണ്ട്. സ്കൂളിൽ നിന്നും വന്നാൽ രാത്രി വരെ വിശ്രമം ഇല്ലാത്ത ജോലി. ഒരു പരാതിയും ഇല്ലാതെ ഞങ്ങൾ രണ്ടു പേരും അതു ചെയ്തിരുന്നു… ചെറിയ ചെറിയ കാര്യങ്ങൾക്കു വലിയ ശിക്ഷകൾ ഞാനും ചേച്ചിയും ഏറ്റു വാങ്ങിയിരുന്നു. ആൺ മക്കളുടെ മുന്നിൽ എപ്പോഴും ഞങ്ങൾ ബഹുമാനത്തോടെ നിൽക്കണം. അവർ കഴിച്ചു കഴിഞ്ഞേ ഞങ്ങൾക്ക് ഭക്ഷണം തരൂ.. കാരണം അച്ചടക്കം പഠിക്കേണ്ടത് മറ്റു വീട്ടിലേക്കു പോകേണ്ട പെൺകുട്ടികൾ മാത്രമാണ് എന്നായിരുന്നു അമ്മയുടെ ആശയം.
പഠിക്കാൻ പുറകോട്ടു ആയിരുന്ന ചേച്ചിയെ 19ാം വയസ്സിൽ കെട്ടിച്ചു വിടുമ്പോൾ, പത്താം ക്ലാസ് കാരിയായ ഞാൻ ഒറ്റയ്ക്ക് ആയി. മുമ്പ് രാത്രിയുടെ യാമങ്ങളിൽ പല സങ്കടങ്ങളും ഞങ്ങൾ ഉറങ്ങാതെ പങ്കുവച്ചിരുന്നു. പക്ഷേ ചേച്ചി പോയപ്പോൾ ആകെ ശൂന്യത മാത്രം… എൻ്റെ സങ്കടങ്ങൾ പങ്കു വയ്ക്കാൻ ആളില്ലാതെ ഉറക്കം കിട്ടാതെ പലരാതികളും ഞാൻ കരഞ്ഞു കഴിച്ചു കൂട്ടിയിട്ടുണ്ട്.
ചേച്ചിയുടെ കല്യാണത്തിന് ശേഷം ഞാൻ എല്ലാവർക്കും വലിയൊരു ചോദ്യചിഹ്നം ആയി. എന്നെ വെറുപ്പോടെ ആങ്ങളമാരും, വല്ലാത്തൊരു ഭാരമായി പപ്പയും അമ്മയും കരുതാൻ തുടങ്ങി. കൂടാതെ ചേച്ചിയുടെ അത്രയും കളർ ഇല്ലാത്തത് കൊണ്ട് കെട്ടാൻ ആരു വരും എന്ന അമ്മയുടെ ആശങ്ക കണ്ട് കണ്ട്, വളരുന്തോറും ഞാൻ ഉൾവലിയാൻ തുടങ്ങി. ഞാൻ മറ്റുള്ളവരുടെ മുഖത്ത് നോക്കാൻ പോലും ഭയപ്പെട്ടു. പഠിക്കാൻ മിടുക്കിയായ എന്നെ ഡിഗ്രി അവസാന വർഷം ആയപ്പോൾ തന്നെ, ആരുടെ എങ്കിലും തലയിൽ കെട്ടി വയ്ക്കാൻ വീട്ടിൽ ശ്രമം തുടങ്ങി. പക്ഷേ പപ്പയുടെയും, അമ്മയുടെയും, കയ്യിൽ ഒന്നുമില്ല. ആകെയുള്ള വരുമാനം പറമ്പിൽ നിന്നും കെട്ടുന്ന നാളികേരമാണ്. അതിൽ നിന്നും ഒന്നും മിച്ചം വയ്ക്കാൻ ഇല്ല.
ആൺമക്കൾ 3 പേർ കുഴപ്പം ഇല്ലാത്ത സ്ഥിതി ആണ്, അങ്ങനെ അവരുടെ മുന്നിൽ ഞാൻ എന്ന ഭാരത്തെ ഒഴിവാക്കാൻ സഹായിക്കാൻ പപ്പ കൈ നീട്ടി. എൻ്റെ സാന്നിധ്യത്തിൽ തന്നെ ആണ് പപ്പ കാര്യങ്ങൾ അവതരിപ്പിച്ചത്. അന്ന് വീട്ടിൽ നടന്നത് ഒരു ഭൂകമ്പം ആയിരുന്നു. സൃഷ്ടിച്ചാൽ മാത്രം പോര, വളർത്താനും, കെട്ടിച്ചു വിടാനും മാതാപിതാക്കൾക്ക് കഴിവ് ഉണ്ടാകണം, അതില്ല എങ്കിൽ എന്തിനു സൃഷ്ടിച്ചു, എന്ന് ഒരു ആങ്ങള പപ്പയുടെ മുഖത്ത് നോക്കി ചോദിച്ചു. നിന്ന നില്പിൽ ഉരുകി തീരുന്ന നിമിഷങ്ങൾ.. സങ്കടം സഹിക്കാൻ കഴിഞ്ഞില്ല അന്ന്… ഒരു പെണ്ണായി പിറന്ന നിമിഷത്തെ ഞാൻ ശപിച്ചു. പപ്പയുടേയും, ആങ്ങളമാരുടെയും ആക്രോശങ്ങൾ, അമ്മയുടെ ഏങ്ങലടികൾ, എൻ്റെ ഹൃദയത്തിൽ മുൾമുന പോലെ കുത്തി. പക്ഷെ ചെറുപ്പം മുതൽ മുറിവുകൾ മാത്രം ഏറ്റു വളർന്ന എനിക്ക് നിസംഗത മാത്രം. ഞാൻ ഒന്നും മിണ്ടാതെ മുറിയുടെ ഒരു കോണിൽ എല്ലാം കേട്ടു ഇരുന്നു.
ഒടുവിൽ ആകെയുള്ള ഒരു ഏക്കർ പറമ്പിൽ നിന്നും അമ്പതു സെൻ്റ് എഴുതി കൊടുത്താൽ എന്നെ കെട്ടിച്ചു വിടാൻ സഹായിക്കാം എന്ന് ഒരു ആങ്ങള സമ്മതിച്ചു. പപ്പ ആ കരാറിൽ ഒപ്പ് വച്ചു.
ഞാൻ എന്തിനു ഒരു അധിക പറ്റായി ഇവിടെ കഴിയണം? ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. വീടിനു അരികിൽകൂടി ഒഴുകുന്ന പുഴ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് അറിയാം. പക്ഷേ ആത്മഹത്യ പാപം ആണെന്ന് പള്ളിയിലും സൺഡേ ക്ലാസ്സുകളിലും കേട്ട് വളർന്നത് കൊണ്ട്, അതു ചെയ്യാൻ ധൈര്യം കിട്ടിയില്ല. അന്ന് എൻ്റെ മനസ്സിനേറ്റ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല, പക്ഷെ എന്നെ വേദനിപ്പിച്ചവരോടും, ഒരു ഭാരം ആയി കണ്ടവരോടും ഞാൻ ക്ഷമിച്ചു കഴിഞ്ഞു. കാരണം കാലം ഞാൻ എന്ന വ്യക്തിയെ ഞാൻ പ്രതീക്ഷിക്കാത്തതിലും ഉയർച്ചയിൽ എത്തിച്ചു കഴിഞ്ഞു. എന്നിരുന്നാലും ചിലപ്പോഴൊക്കെ ചെറുപ്പകാലത്ത് മനസ്സിൽ ഉണ്ടാക്കിയ ആ മുറിവുകൾ തികട്ടി വരാറുണ്ട്. എത്ര മറക്കാൻ ശ്രമിച്ചാലും ഇടയ്ക്ക് അവ നെഞ്ചിൽ ഇരുന്നു പുകയും…
Janet jenson


16 Comments
ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ നന്നായി പറഞ്ഞു🙏🙏🙏💕
❤️❤️❤️
വായിക്കുമ്പോൾ മൊത്തം സങ്കടം ആയിരുന്നു.. ഇപ്പോൾ നല്ല നിലയിൽ എത്തിന്ന് കണ്ടപ്പോൾ സമാധാനമായി.
Be happy ❤️👍
❤️❤️❤️
ദുഃഖങ്ങൾക്കു ഒരു മറുകര എത്തിയതിൽ സന്തോഷം. ഇതേ അവസ്ഥകളിലൂടെ കടന്നുപോകുന്ന ധാരാളം പെൺകുട്ടികളുണ്ട്. ഹൃദയസ്പർശിയായ എഴുത്ത്.
👍👏
Thank you ❤️❤️❤️
Very touching and true writing. Keep it up. Looking forward for more
Thank you❤️
കുടുംബത്തിൽ നിന്നും ഏറ്റ ആ മുറിവുകൾ ഇടക്കിടക്ക് ചോരയൊലിപ്പിച്ച് ഹൃദയത്തിൽ കിടക്കും…. നന്നായെഴുതി👍🌹
Thank you for your support ❤️
ചില മുറിവുകളുടെ ആഴമളക്കാൻ ഒരു മാപിനിക്കും കഴിയില്ല. കരിന്തൊലി വന്നു മുറിവുകൂടിയാലും ഉള്ളിൽ ഉണങ്ങാത്ത മാംസത്തിൻ്റെ പിടച്ചിലുണ്ടാകും. കൂടുതൽ എഴുതൂ. സ്നേഹം.❤️❤️❤️
Thank you so much❤️
ഇങ്ങനെയൊക്കെ ഒരു മകളോട്, സഹോദരിയോട് പെരുമാറാൻ
പറ്റുമോ എന്നു തോന്നിപ്പോകുന്നു. അനുഭവിച്ച ദുരിതങ്ങളും മുറിവുകളും എഴുത്തിൽ നിന്നു മനസ്സിലാക്കുന്നു.
ഉള്ളിലുണ്ടായ നൊമ്പരങ്ങൾ എഴുതുന്നതും ആശ്വാസം തരും.
‘നന്നായി എഴുതി❤️👌
ആശംസകൾ❤️❤️
Thank you for your support ❤️
കാലത്തിന് മായ്ക്കാൻ കഴിയാത്ത മുറിവുകൾ…❣️
Thank you for your support ❤️