വീണപ്പോൾ താങ്ങിയ അപരിചിതൻ
എന്നിലുള്ള സംശയം തീർത്തു തന്നില്ലേ…
കൽപ്പറ്റ നാരായണൻ മാഷ് എഴുതിയ ഈ വരികൾ എനിക്കേറ്റവും പ്രിയപ്പെട്ടതാകാൻ ഒരു കാരണമുണ്ട്.
നമ്മുടെ അറിവോ പണമോ പ്രായമോ ഒന്നുമല്ല നമ്മുടെ വലുപ്പം നിശ്ചയിക്കുന്നത്, നമ്മുടെ പ്രവർത്തികളാണ്. കരയുന്നവരുടെ, സങ്കടപ്പെടുന്നവരുടെ, നിസഹായരുടെ, അപമാനിതരുടെ കൂടെ നിൽക്കുകയെന്നത് ഒട്ടും, ഒട്ടുമൊട്ടും നിസ്സാരമേയല്ല.
നാലഞ്ചു വർഷങ്ങൾക്കു മുമ്പാണ്.
രാവിലെ മുതൽ വൈകുന്നേരം വരെ ഒരു നിമിഷം പോലും വെറുതെ ഇരിക്കാൻ പറ്റാതിരുന്ന ഒരു ദിവസത്തിൻ്റെ അറുതിയിലാണ് ഈ സംഭവം നടക്കുന്നത്.
കൽപ്പറ്റയിൽനിന്ന് ബത്തേരിക്ക് പോകുന്ന അവസാന ബസ്സിൽ ഇരിക്കുകയാണ് ഞാൻ. മീനങ്ങാടിയിൽ എൻ്റെ സ്കൂട്ടി വെച്ചിട്ടുണ്ട്. മീനങ്ങാടി വരെ ബസിൽ പോയി അവിടെ നിന്ന് സ്കൂട്ടിയുമെടുത്തു വീട്ടിൽ പോകാൻ ആണ് പ്ലാൻ. കുറേ സാധനങ്ങളും വാങ്ങിക്കാനുണ്ട്.
ബസ്സിൽ കയറി ടിക്കറ്റെടുത്ത് ഞാൻ ഫോൺ നോക്കാൻ തുടങ്ങി.
രാവിലെ മുതൽ വാട്സ്ആപ്പോ ഫേസ്ബുക്കോ ഇൻസ്റ്റയോ എന്തിന് മെയിൽ പോലും ചെക്ക് ചെയ്തിട്ടില്ല.
ഞാനതിൽ മുഴുകി.
ബസ്സിൽ അധികം ആൾക്കാർ ഒന്നുമില്ല.
പത്തോ പതിനഞ്ചോ പേർ മാത്രം. പെട്ടെന്ന് ഒരു പാട്ട് തുടങ്ങി. ഇടയ്ക്കിടയ്ക്ക് താളം തെറ്റി പോകുന്ന ശബ്ദം പതറിപ്പോകുന്ന ഒരു മാപ്പിളപ്പാട്ട്.
ബസ്സിൽ എല്ലാവരും പരസ്പരം നോക്കാൻ തുടങ്ങി ഇതാരാണ് ഈ പാടുന്നത് എന്നൊരു പരിഹാസച്ചിരി എല്ലാ മുഖങ്ങളിലും ഉണ്ടായിരുന്നു. ബസിൻ്റെ മുൻവശത്തുള്ള സ്റ്റെപ്പിനടുത്തെ സീറ്റിലിരിക്കുന്ന ഒരു വൃദ്ധനാണു പാട്ടുപാടുന്നത്. കൈയ്യൊക്കെ കൊട്ടിയാണ് പാട്ട്. അരികിലിരിക്കുന്ന പ്രായമായ ഉമ്മ വല്ലാതെ പ്രയാസപ്പെട്ട്
അദ്ദേഹത്തെ അടക്കിയിരുത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം ഇതൊന്നും ശ്രദ്ധിക്കാതെ എണീറ്റു നിന്നൊക്കെ പാട്ടുപാടി കൊണ്ടിരിക്കുകയാണ്.
പുറകിൽ നിന്ന് കമൻറുകൾ വന്നുതുടങ്ങി.
” ഇങ്ങനെ നൊസ് (വട്ട് ) ഉള്ളവരെയൊക്കെ ബസ്സിൽ കൊണ്ടു പോകേണ്ട കാര്യമുണ്ടോ”
“എന്തായാലും പാട്ടും പാടി പോകാലോ ”
എന്നൊക്കെ പലവിധ പ്രതികരണങ്ങൾ.
പാട്ടിനൊപ്പം കമൻ്റുകളും ആ ഉമ്മയെ വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ടെന്ന് അവരുടെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഒരുപാട് ശ്രമിച്ചിട്ടും പാട്ട് നിർത്താൻ കഴിയാതെ അവർ ഇഷ്ടപ്പെട്ട അദ്ദേഹത്തെ അദ്ദേഹത്തിന് വഴിക്ക് വിട്ടു തലതാഴ്ത്തി കുമ്പിട്ടിരുന്നു.
ആ ഉപ്പയെ ഓർത്തതിനേക്കാളും എനിക്കാ ഉമ്മയെ ഓർത്ത് സങ്കടം തോന്നി. എന്തായിരിക്കും അവരുടെ മനസ്സിലൂടെ കടന്നു പോകുന്നതെന്ന് ആലോചിക്കുന്തോറും അവരോടുള്ള സഹതാപം ഏറിവന്നു. പക്ഷേ എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.
പെട്ടെന്ന് ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് എൻ്റെ ഫ്രണ്ട് സീറ്റിലുണ്ടായിരുന്ന മുടിയൊക്കെ കളർ ചെയ്ത ഒരു ചിമിട്ട് ഫ്രീക്ക് പയ്യൻ
അവരുടെ അടുത്ത് ചെന്നിരുന്നു. നിങ്ങളെന്തിനാ ഇങ്ങനെ ചിരിക്കുന്നേ എന്നുറക്കെ മറ്റുള്ളവരോട് ചോദിച്ച് അവനും പതുക്കെ ആ ഉപ്പയുടെ കൂടെ ചേർന്ന് കൈ കൊട്ടാൻ തുടങ്ങി.
”എന്തൊരു രസമാണ് ഈ പാട്ട് കേൾക്കാൻ. എന്തായാലും ഈ യാത്ര നമുക്ക് പാട്ടൊക്കെ കേട്ട് അടിച്ചുപൊളിച്ച പോകാം അല്ലേ? എല്ലാവരും പണിയൊക്കെ കഴിഞ്ഞ് ക്ഷീണിച്ച വീട്ടിലേക്ക് പോവുകയല്ലേ അപ്പൊ പിന്നെ പാട്ടൊക്കെ കേട്ടാൽ ക്ഷീണമൊക്കെ പമ്പകടക്കും എന്നെല്ലാം പറഞ്ഞു അവൻ ആ സമയത്തെ ഒറ്റ നിമിഷം കൊണ്ട് തലകീഴാക്കി മാറ്റി വെച്ചു.
അതുവരെ തല കുമ്പിട്ടിരുന്ന ആ ഉമ്മ മെല്ലെ തല ഉയർത്തി നോക്കി. ചുറ്റുമുള്ള മുഖങ്ങളിൽ നിന്ന് പരിഹാസച്ചിരി മാഞ്ഞതറിഞ്ഞു. മഴയ്ക്കു ശേഷം തെളിഞ്ഞ വെയിൽ പോലെ ആ മുഖത്തൊരു ആശ്വാസം പുരണ്ടു.
ആ ബസ്സിൽ അതുവരെ അവരെ കളിയാക്കിയിരുന്ന എല്ലാവരും നിശബ്ദരായി പാട്ടു കേട്ടിരുന്നു.
എന്താണ് തങ്ങൾ നിസ്സഹായരായ ആ പാവങ്ങളോട് ചെയ്തുകൊണ്ടിരുന്നത് എന്ന് അവർക്ക് ഓർമ്മ വന്നു കാണും (എനിക്ക് അടക്കം).
മുട്ടിൽ എന്ന സ്ഥലത്ത് ബസ് നിർത്തിയപ്പോൾ ആ ഉപ്പയും ഉമ്മയും ഇറങ്ങി. അപ്പോഴും അദ്ദേഹം പാട്ടുപാടുന്നുണ്ടായിരുന്നു. ബസിലുണ്ടായ മുഴുവൻ സംഭവങ്ങളും പുനരാവിഷ്കരിക്കപ്പെട്ടു.
പരിഹാസം, ചിരി, മുള്ളു വെച്ച വാക്കുകൾ…
ബസിൽ നിന്നിറങ്ങുന്നതിന് മുന്നെ ആ ഉമ്മ ആ പയ്യൻ്റെ കൈ നെഞ്ചോടു ചേർത്തുവെച്ചു കുറച്ചു നിമിഷം..
അവൻ ആ സമയത്ത് ഇല്ലായിരുന്നെങ്കിൽ ആ ബസ്സിൽ ഉള്ളവരുടെ പരിഹാസച്ചിരി ജീവിതകാലം മുഴുവൻ അവരെ അപമാനിച്ചേനെ, ഇനിയൊരിക്കലും ഒരു ബസിലും ആ ഉപ്പയേം കൊണ്ടു കേറാൻ ധൈര്യമില്ലാത്തവളായി മാറിയേനെ…
എൻറെ കുഞ്ഞേ എത്ര സുന്ദരനാണ് നീ..
എത്ര ഉയിരുകളേയാണ് നീ അൽപസമയം കൊണ്ട് നവീകരിച്ചെടുത്തത്
നന്ദി…
മനുഷ്യർ വീണു കിടക്കുമ്പോഴാണ് നമ്മൾ കൈനീട്ടി കൊടുക്കേണ്ടത് എന്ന വലിയ പാഠം ഇത്ര ചെറുപ്പത്തിലെ പഠിച്ചതിന്, ഞങ്ങളെ ഓർമിപ്പിച്ചതിന് …


6 Comments
ഒരു കൈത്താങ്ങ്, ചില വാക്കുകൾ അത്യാവശ്യസന്ദർഭങ്ങളിൽ നൽകുന്ന ആശ്വാസം, നന്നായിയെഴുതിയ blog.
അഭിനന്ദനങ്ങൾ!
അതേ വീണു കിടക്കുന്നവർക്കാണ് നാം കൈ നീട്ടിക്കൊടുക്കേണ്ടത്. അത് അവർക്കു നൽകുന്ന സമാധാനം ചില്ലറയായിരിക്കില്ല. നന്നായിരിക്കുന്നു ധന്യ♥️👌🌹
എഴുത്ത് വളരെ നന്നായിരുന്നു. Heart touching ♥️♥️
Thank you
മനോഹരം ധന്യ.❤️❤️ കാഴ്ചപ്പാട് മാറുമ്പോൾ പ്രതികരണങ്ങളും മാറും. മനുഷ്യർക്കു സമാധാനവും ആശ്വാസവും കൊടുക്കാൻ കഴിയുന്ന രീതിയിൽ നിലപാടെടുക്കാൻ എല്ലാവർക്കും കഴിയട്ടെ! ആ ഫ്രീക്കൻ കുട്ടിയെപ്പോലെ ❤️❤️❤️ നല്ലെഴുത്ത്.❤️
സ്നേഹം