വഴിയോരത്ത് കണ്ട ചെറിയ ചായക്കടയിൽ നിന്ന് ചോറും മുളകരച്ച മീൻ കറിയും കഴിച്ചിട്ട് കുറച്ചു നേരം കാറിൽ തന്നെ വിശ്രമിക്കുന്ന നേരത്താണ് അവൻ അവന്റെ ആത്തോലമ്മയെ കുറിച്ച് പറഞ്ഞത്.
അവൻ സ്റ്റിയറിംഗിൽ വിരലുകൾ കൊണ്ട് ചെറുതായി തട്ടിക്കൊണ്ടിരുന്നു.
പഴയൊരു ഗാനം അവൻ മൂളി കൊണ്ടിരുന്നു.
മഴയൊന്ന് തോർന്ന് നിൽക്കുന്ന സമയം.
അന്തരീക്ഷത്തിൽ മൂടാപ്പ്. കറുത്ത മേഘങ്ങൾ ഇപ്പോൾ വിതുമ്പിക്കരയും എന്നമട്ടിൽ വെമ്പി നിൽക്കുന്നു. വഴിയോര ചായക്കടയുടെ പിന്നാമ്പുറത്ത് നിന്ന് ഉയരുന്ന വിറകടുപ്പിന്റെ പുകയ്ക്ക് പഴമയുടെ ഗന്ധം.
എന്തോ ആലോചിച്ചിരുന്നിട്ട് കുറേ നേരത്തിന് ശേഷം അവൻ പറഞ്ഞു.
“എന്റെ ആത്തോലമ്മയെ ആണ് ഞാൻ ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിച്ചത്. ഇപ്പോൾ നിന്നെയും.”
അവന്റെ ശബ്ദത്തിൽ അല്പം വേദന കലർന്നിരുന്നു.
ഞാൻ അവനെ നോക്കി.
മഴത്തുള്ളികൾ കാറിന്റെ ഗ്ലാസിൽ പാടു വീഴ്ത്തി ചലിക്കുന്നതുപോലെ,
അവന്റെ ഓർമ്മകളാണ് ഇപ്പോൾ മുഖത്ത് നിഴലിക്കുന്നത്.
കണ്ണുകളിൽ നീർതിരയിളക്കം.
“അവരെന്റെ അമ്മയുടെ അമ്മയായിരുന്നു.
ഞങ്ങൾ ആത്തോലമ്മയെന്ന് വിളിക്കും.
അമ്മയേക്കാൾ എനിക്ക് പ്രിയപെട്ടവൾ.”
അവൻ തുടർന്നു.
“ ആത്തോലമ്മ ഉണ്ടാക്കുന്ന അപ്പവും മീൻകറിയും… ഇന്നോളം അതിന്റെ രുചിയെ കിടപിടിക്കാൻ മറ്റൊരു രുചിക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.”
അവൻ മന്ദഹസിച്ചു.
” എന്നെ വളർത്തിയത് അവരാണ്. എന്നെ മാത്രമല്ല, ഞങ്ങളുടെ വീട്ടിലെ കുഞ്ഞുമക്കളെയൊക്കെ അവരാണ് വളർത്തിയത്.വച്ചും വിളമ്പിയും ഊട്ടിയും ഉറക്കിയും അവർ ഞങ്ങളെ ലാളിച്ചു. എന്നിട്ട് അവരുടെ അവസാനസമയത്ത് ഞങ്ങളാരും അടുത്ത് ഉണ്ടായിരുന്നില്ല. ആരും…
അവർ ഞങ്ങളെ പോലെ നോക്കിയ ഊരാളന്മാരായിരുന്നു അവരുടെ അന്ത്യനേരത്ത് കൂട്ടിരുന്നത്.. പാവം എന്റെ ആത്തോലമ്മ.. എന്തമാത്രം വിഷമിച്ചിട്ടുണ്ടാവും അന്നേരത്ത്.”
” ആര്യാ….” എന്റെ കണ്ണുകൾ നിറഞ്ഞു
ആര്യന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
“അവരെ അവസാനമായി കണ്ടത് എപ്പോഴാണ്?”
അവൻ ആകാശത്തോട്ടു നോക്കി.
“മഴ പെയ്തു കൊണ്ടിരുന്ന ഒരു ദിവസം… ഇതുപോലെതന്നെ.
അവരന്ന് പറഞ്ഞത്..‘ജീവിതം നീളുന്നത് സ്നേഹം കൊണ്ടല്ല കണ്ണാ.. അവരോടുത്തുള്ള ഓർമ്മകൾ കൊണ്ടാണ്.’
അന്ന് ഞാൻ ചിരിച്ചു . പക്ഷേ ഇപ്പോൾ ആ വാക്ക് എന്താണെന്ന് മനസ്സിലാകുന്നു.”
അവന്റെ കണ്ണുകൾ എവിടെയോ അകലെയായി നിലയുറപ്പിച്ചു.
എനിക്ക് തോന്നി… ആ നിശബ്ദതയിൽ അവൻ തന്റെ ബാല്യത്തെയോ, ഒരമ്മമ്മയുടെ
മടിയിലിരുന്ന് ഒരു ആശങ്കകളുമില്ലാതെ ചിരിക്കുന്ന ഒരു കുഞ്ഞിനെ കുറിച്ചോ ഓർക്കുകയാകും എന്ന്!
ഞാൻ കാറിന്റെ ഡാഷ്ബോർഡിൽ കൈവെച്ച് പറഞ്ഞു
“ഓർമ്മകളും ജീവിക്കും.. നീ അവരെ കുറിച്ച് ഓർക്കുമ്പോഴൊക്കെയും ആത്തോലമ്മ നിനക്കരികിലുണ്ടാകും. ”
അവൻ എന്റെ കൈ പിടിച്ചു.
കൈയ്ക്ക് ചൂട്.
യഥാർത്ഥം.
ഒരുപാട് വാക്കുകൾ പറയാതെ തന്നെ
അവനെന്നെയും അവനെ എനിക്കും മനസിലാകുന്നുണ്ടായിരുന്നു.
അതേ നിമിഷം, ഞാൻ ഉറപ്പായും മനസ്സിലാക്കി.
അവൻ സ്നേഹിക്കാൻ അറിയുന്ന മനുഷ്യനാണ്.
തന്റെ വേദനയിൽ പോലും സ്നേഹത്തെ മാറ്റി നിർത്താത്തവൻ.
ആകാശം ചാരനിറത്തിൽ വെട്ടിക്കിടന്നതും, ദൂരെയൊരിടത്ത് ഇടിമിന്നലിന്റെ ശബ്ദം പിണഞ്ഞുനിന്നതും എല്ലാം അപ്രതീക്ഷിതമായി ശാന്തമായി. ഞങ്ങളുടെ മനസ്സ് പോലെ കാറും കോളുമൊഴിഞ്ഞു ഞങ്ങൾ സ്വസ്ഥരായത് പോലെ പ്രകൃതിയും കീഴടങ്ങി.
ഞങ്ങൾ കാറ് വീണ്ടും ഓടിച്ചു തുടങ്ങി.
വഴിയൊരിടത്ത് പുഴ കടന്നുപോകുന്ന ചെറിയ പാലം. അതിന്മേൽ മഞ്ഞുമൂടിയ വെളിച്ചം.
കാറിന്റെ ഹെഡ്‌ലൈറ്റ് ആ മഞ്ഞിൽ വിരിഞ്ഞപ്പോൾ, ലോകം നിശ്ചലമായത് പോലെ.. ഈ ലോകത്ത് ഞങ്ങൾ രണ്ട് പേരും മാത്രം.
അവൻ മ്യൂസിക് ഓഫ് ചെയ്തു.
“നിശബ്ദതക്ക് ശബ്ദമുണ്ടെന്നറിയാമോ?” അവൻ ചോദിച്ചു.
ഞാൻ അവനെ നോക്കി.
“ഇപ്പോൾ അതാണ് കേൾക്കുന്നത്” ഞാൻ മറുപടി പറഞ്ഞു.
കാറിന്റെ ചില്ല് തുറന്നപ്പോൾ, മൂടൽമഞ്ഞ് ഉള്ളിലേക്ക് കയറിവന്നു.
അവൻ കൈ നീട്ടി എന്റെ മുടിയിൽ വീണ മഴതുള്ളി തുടച്ചു.
അത് വളരെ സ്വാഭാവികമായൊരു സ്പർശം ആയിരുന്നു. പക്ഷേ അതിന്റെ ചൂട് അപ്രതീക്ഷിതമായി ഹൃദയത്തിൽ പടർന്നു.
അവൻ പറഞ്ഞു,
“എന്റെ ആത്തോലമ്മ പറഞ്ഞത് പോലെ, സ്നേഹമുള്ള ഓർമ്മകൾക്കാണ് ഏറ്റവും വലിയ ശബ്ദം.
നിന്റെ ശബ്ദം കേൾക്കുമ്പോഴെനിക്ക് അതാണ് തോന്നുന്നത്.”
ഞാൻ ചിരിച്ചു, പക്ഷേ ആ ചിരിയിൽ ഹൃദയമൊക്കെ ഉരുകിയിരുന്നു.
“അവൻ ഇങ്ങനെ പറയാൻ പഠിച്ചത് എപ്പോഴാണാവോ?” എന്ന ചിന്ത മനസ്സിലൂടെ കടന്നുപോയി.
അവൻ കാറ് റോഡിന്റെ വക്കിൽ പാർക്ക് ചെയ്തു.
പുഴയുടെ അരികിൽ ഞങ്ങൾ ഇറങ്ങി നിന്നു. വെള്ളം കറങ്ങി ഒഴുകുന്നത് കാണുമ്പോൾ അവൻ പറഞ്ഞു:
“ചില യാത്രകൾക്ക് അവസാനമില്ലല്ലോ… ചില ബന്ധങ്ങൾക്കും.”
ഞാൻ ശബ്ദം താഴ്ത്തി.
“ചിലതിൽ യാത്രയാകുന്ന ബന്ധങ്ങളുമുണ്ട്.”
അവൻ ചിരിച്ചു.
അവൻ അടുത്തുവന്നു, എന്റെ തോളിൽ കൈവെച്ചു.
ഞാൻ തല അവന്റെ തോളിൽ പതിച്ചു.
അവിടെ ..
ആ ശാന്തമായ മഞ്ഞുവീഴ്ചയിൽ, പുഴയുടെ ഒരു പ്രണയം മുളച്ചു.
വാക്കുകളില്ലാതെ, പ്രതിജ്ഞകളില്ലാതെ,
പക്ഷേ അതിന്റെ വേരുകൾ നിശ്ശബ്ദമായി ഹൃദയത്തിലേക്ക് കയറുന്ന തരത്തിൽ.
ആ രാത്രി പുഴയുടെ മുഴക്കം മന്ദമായി കേൾക്കുമ്പോൾ,
ഞങ്ങൾ കാറിൽ പരസ്പരം നോക്കാതെ സീറ്റിൽ ചാരി കണ്ണുകളടച്ച് കിടന്നു. അപ്പോഴും അവന്റെ കൈവെള്ളയ്ക്കുളിൽ എന്റെ തണുത്ത കൈകൾ ഭദ്രമായിരുന്നു.
വെളിച്ചം ഒന്നുമില്ല.. എഞ്ചിൻ ഓഫ്.
ഗ്ലാസിന് പുറത്ത് മിന്നാമിനുങ്ങുകളുടെ തരി വെളിച്ചം.
അവൻ മെല്ലെ തല തിരിച്ചെന്നെ നോക്കി.
“മോളേ, ഞാനൊരു കാര്യം പറയട്ടെ..?”
കാര്യം എന്താണെന്ന് എനിക്കറിയാമായിരുന്നു.
അതിന്റെ ഉത്തരവും എനിക്കറിയാം. എങ്കിലും ഒരു പൊട്ടിയെ പോലെ ഞാൻ അവനെ നോക്കിയിരുന്നത് അവനെന്നോട് പ്രേമം പറയുന്നത് എങ്ങനെയെന്ന് അറിയാനുള്ള ജിജ്ഞാസ കൊണ്ട് മാത്രമാണ്.
“ഇത് പറയരുതെന്ന് എത്രതവണ മനസ്സിനോട് പറഞ്ഞിട്ടുണ്ടെന്ന് നിനക്ക് അറിയില്ല.
പക്ഷേ, നിന്റെ മുഖം കാണുമ്പോൾ എല്ലാം പൊളിഞ്ഞുപോകുന്നു. എനിക്ക് നിന്നോട് സ്നേഹമുണ്ട്..”
ആ വാക്കുകൾ ആകാശത്തേക്കുയർന്ന് പൂമാലയായി എന്റെ കഴുത്തിൽ പതിച്ചു.
വരമ്പ് പകുതെടുത്ത മുടിയിഴകൾക്കിടയിൽ നെറുക സിന്ദൂരച്ചുവപ്പണിഞ്ഞു.
ഞാൻ സുമംഗലിയായി.
എന്നിട്ടും ഞാൻ പറഞ്ഞത് ഇങ്ങനെയാണ്.
” അതെനിക്കറിയാലോ..!”
തണുപ്പിലും അവൻ വിയർത്തു.
” അതല്ല.. എനിക്ക് പ്രേമുണ്ടെന്നാണ്…”
ശബ്ദം വിറച്ചു.
“നീ എന്തിനാണ് ഇങ്ങനെ പറയുന്നത്, ആര്യാ?”
എന്റെ ശബ്ദം ദുർബലമായിരുന്നു. പക്ഷേ ശരിക്കും ശക്തവും
അവൻ മന്ദമായി ചിരിച്ചു.
“കാരണം സത്യം പറയുന്നത് തെറ്റല്ല. നീ എത്ര ശ്രമിച്ചാലും, എനിക്കെന്റെ ഹൃദയം നിന്നിൽ നിന്ന് വേർപെടുത്താൻ കഴിയില്ല.”
ഞാൻ ശ്വാസം പിടിച്ചു.
മനസ്സിലൊളിച്ചിരുന്ന വർഷങ്ങൾ, ചതിയും വേദനയും വിശ്വാസഭംഗവും… എല്ലാം ഒരുപോലെ തലച്ചോറിൽ പൊട്ടിത്തെറിച്ചു.
അവന്റെ ശബ്ദം വീണ്ടും:
“നീ എന്നെ സ്നേഹിക്കേണ്ടതില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നതുകൊണ്ട് എനിക്ക് മുന്നോട്ട് പോകാൻ പറ്റും.”
അവന്റെ വാക്കുകൾ എന്റെ നെഞ്ചിനുള്ളിൽ വീണപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.
അവൻ പതിയെ എന്റെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു.
മഴയും മൗനവും തമ്മിലുള്ള അതിരുകൾ ഭേദിച്ചു കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു.
അവൻ ഒന്നും പറഞ്ഞില്ല.
എന്റെ മുഖം പിടിച്ചു ചുണ്ടുകൾക്ക് അരികിൽ ചുണ്ട് ചേർത്തു.
എന്റെ മനസ്സ് ചോദിച്ചു .
“ഇതെന്താണ്?
മറുപടി.
“സ്നേഹം തന്നെയാണ്.”
അവൻ എന്നെ ചുംബിച്ചു.
മഴ പുറത്തു പെയ്തുകൊണ്ടിരുന്നു.
പുഴ ഒഴുകിക്കൊണ്ടിരുന്നു,
പക്ഷേ അതിനുള്ളിൽ ഞങ്ങൾ രണ്ടുപേരും നിശ്ശബ്ദമായൊരു ചുഴലിക്കാറ്റിന്റെ നടുവിലായിരുന്നു.
അവൻ എന്നെ ചേർത്ത് പിടിച്ചുറക്കിയ ആ രാത്രി..
മഴ പുറത്തു തീരാത്തതുപോലെ, എന്റെ ഉള്ളിലും ആഴങ്ങളിലൊളിച്ചിരുന്ന വേദനകൾ തീരാതെ പെയ്തു.
അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ച് കിടക്കുമ്പോൾ എനിക്ക് തോന്നി, കാലങ്ങളായി ഞാൻ അന്വേഷിച്ചിരുന്ന ആശ്വാസം ഇതാണ് എന്ന്.
വാക്കുകൾ ഇല്ല, വ്യാഖ്യാനങ്ങൾ ഇല്ല,
പക്ഷേ അവന്റെ ചൂട് മതിയായിരുന്നു.
ചേർത്തുപിടിക്കൽ മതിയാരുന്നു.
ആശങ്കകളില്ലാതെ കൂടെ കിടന്നാൽ മതിയാരുന്നു.
അവൻ എന്റെ മുടിയിലൊന്ന് തഴുകി പറഞ്ഞു.
“നിനക്ക് അറിയാമോ, ഈ ലോകം മുഴുവൻ എനിക്കെതിരായാലും നിനക്കുള്ളിലെ ഈ മൗനത്തിൽ ഞാൻ ഒളിച്ചിരിക്കും. ഞാൻ നിന്നെയല്ല. നീ ആണെന്നെ സംരക്ഷിക്കാൻ പോകുന്നത്..”
ഞാൻ ചിരിച്ചു.
“നിനക്ക് എങ്ങനെ ഇത്ര സ്നേഹിക്കാൻ പറ്റുന്നു?”
അവൻ മറുപടി നൽകി.
“നിന്നെ സ്നേഹിക്കുന്നത് വെറുതെയൊരു തോന്നലല്ല. എന്റെ ശ്വാസം പോലെയാണ്.
തടയാൻ ശ്രമിച്ചാൽ ഞാൻ മരിച്ചു പോകും”
അവന്റെ വാക്കുകൾ എന്റെ ഉള്ളിൽ തീ പോലെ കത്തി.
ഞാൻ അവന്റെ മുഖം കൈയിൽ എടുത്ത് നോക്കി
ആ കണ്ണുകൾ എന്റെ പഴയതുകളെ പുതുക്കിപ്പണിതിരിക്കുന്നു.
ചതിക്കപ്പെട്ടതിന്റെ മായം തീർന്ന്,
വിശ്വാസത്തിന്റെ മൃദുലത തിരികെ വന്നപോലെ.
അവൻ ചുംബിച്ചു.
ഈ പ്രാവശ്യം വേവലാതിയില്ലാതെ..
പക്ഷേ ആഴമുള്ള പ്രത്യാശയോടെ.
അവന്റെ കൈകൾ എന്റെ പിൻവശത്ത് തണലായി വിരിഞ്ഞപ്പോൾ
എനിക്ക് തോന്നി, ഞാൻ ജീവിക്കുന്നു.
അന്ന് രാത്രി ഞങ്ങൾ ഉറങ്ങിയില്ല.
പുഴയുടെ മുഴക്കം, മഴയുടെ താളം, അവന്റെ ശ്വാസത്തിന്റെ ചൂട് .
മൂന്നും ചേർന്ന് ഒരു സംഗീതമായി മാറി.
പ്രണയം അന്ന് ശരീരം കടന്നൊരു ഭാഷയായി മാറിയിരുന്നു.
ഞാൻ മനസ്സിൽ പറഞ്ഞു.
ഈ പ്രാവശ്യം എനിക്കിതിനെ നഷ്ടമാക്കാനാവില്ല.
അവൻ എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു.
“എന്നെ വിട്ടുപോകരുത്.”
ഞാൻ മറുപടി പറഞ്ഞു.
“എന്നെയും.”
തിരികെ വീട്ടിലെത്തിയപ്പോൾ..
വാതിലിനുള്ളിൽ കയറിയതുമുതൽ എല്ലാം അന്യമായി.
മഴയുടെ വാസനയും അവന്റെ നിശ്വാസം തൊട്ടുനിൽക്കുന്ന ചൂടും ഇനിയും ശരീരത്തിൽ അലിഞ്ഞുനിൽക്കുമ്പോൾ, എന്റെ വീടിന്റെ നിശബ്ദത ഭയാനകമായി തോന്നി.
അടുക്കളയിൽ കാപ്പിയുടെ പാത്രം കണ്ടു,
കഴിഞ്ഞ രാത്രി വേവിച്ച വെള്ളം അതേപോലെ തന്നെ.
സീത വന്ന് പോയിട്ടില്ലെന്ന് മനസ്സിലായി.
ഒറ്റയ്ക്ക് താമസിക്കുന്ന എനിക്ക് രാത്രി കൂട്ട് കിടക്കാൻ വരുന്ന പെണ്ണാണ് സീത.
ഞാൻ തളർന്നു കസേരയിൽ ഇരുന്ന്,
കൈകൾ ചേർത്ത് തല താഴ്ത്തി.
എന്റെ ശരീരത്തിൽ ഇപ്പോഴും ആര്യന്റെ സ്പർശം,
ആ കണ്ണുകൾ, ആ ചുംബനം..എല്ലാം മങ്ങിയ ഓർമകളായി മനസ്സിനുള്ളിൽ ചലിച്ചു.
“ഞാൻ വീണ്ടും അതേ പിഴവിലേക്കാണോ വീണത്?”
ചിന്തിക്കുമ്പോൾ, ഉള്ളിൽ എന്തോ ലാവ പോലെ ചുട്ട് പൊള്ളിച്ചു.
” അവനെന്നെ ചതിക്കുമോ?”
ഹൃദയം വീണ്ടും സംശയരോഗിയായി.
എന്നാൽ അതിനൊപ്പം ഒരു വ്യത്യസ്തത ഉണ്ടായിരുന്നു.
അവൻ എന്നെ ഉപയോഗിച്ചുവെന്ന് എനിക്ക് തോന്നിയില്ല.
അവൻ എന്നെ സ്വന്തമാക്കാനല്ല.. തിരിച്ചറിയാനാണ് അടുത്തതതെന്ന് തോന്നി. പക്ഷെ ആ ചിന്ത തന്നെ എന്നെ കൂടുതൽ അസ്ഥിരയാക്കി.
ജനൽ തുറന്ന് നോക്കിയപ്പോൾ,
പുറത്ത് പുഴയുടെ മുഴക്കം ഇപ്പോഴും കേൾക്കുന്ന പോലെ തോന്നി.
“സ്നേഹം ഒരിക്കലും ഒരു യാത്രയിൽ മാത്രം അവസാനിക്കുന്നില്ല,”
ഞാൻ മനസ്സിൽ പറഞ്ഞു,
“അത് ഹൃദയത്തിലാണ്. ഭൂതകാലങ്ങളുടെ പഴകി ദ്രവിച്ച ഓർമ്മക്കത്തികൾ കൊണ്ട് മുറിഞ്ഞ് പഴുത്ത വ്രണങ്ങളുടെ നീറ്റലാണ്
സ്നേഹം.”
” അത് ഇനിയും മുറിവുകൾ സമ്മാനിക്കും.
ചതിക്കും. ചിരിപ്പിക്കും. കരയിക്കും.. ആട്ടിപ്പായിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യും.”.
ഞാൻ സ്നേഹത്താൽ മുറിവേറ്റവളല്ല.
സ്നേഹം തേടി അലഞ്ഞത് ഞാനാണ്.
എന്നെ കരയിപ്പിക്കുന്നത് ഞാൻ തന്നെയാണ്.
ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും നടപ്പിലാക്കുമ്പോഴും ഞാനെന്നെ പരിഗണിക്കാറുണ്ട്. എന്നിട്ടും പിഴവ് പറ്റുന്നുണ്ടെങ്കിൽ അതെന്റെ മാത്രം തെറ്റല്ലേ?
അറിഞ്ഞുകൊണ്ട് ഞാൻ ചെയ്‌ത പ്രവൃത്തിക്ക് മറ്റൊരാൾ കാരണക്കാരനാകുന്നതെങ്ങനെ?
സന്ധ്യയോടെ സീത വന്നു.
എന്നെ നോക്കി എന്തോ മനസ്സിലാക്കിയതുപോലെ ചോദിച്ചു:
“ഇന്ന് നിന്റെ മുഖം മാറിയിരിക്കുന്നുണ്ടല്ലോ..? എന്താണ് സംഭവിച്ചത്?”
ഞാൻ ചിരിച്ചു,
“യാത്ര പോയി വന്നത് കൊണ്ടാകും.”
അവൾ ചായ വെച്ചുകൊണ്ടിരിക്കുമ്പോൾ പറഞ്ഞു:
“ചില യാത്രകൾ മനുഷ്യനെ മാറ്റും.”
ഞാൻ അവളുടെ വാക്ക് കേട്ട് മിണ്ടാതെ നിന്നു.
അവൾക്ക് അറിയില്ലായിരുന്നു.
ഞാൻ അന്ന് മനുഷ്യനല്ലാത്ത ഒരവസ്ഥയിൽ നിന്നു തിരിച്ചു മനുഷ്യ സ്ത്രീയായി വന്നതാണെന്ന്.
ഒരാളുടെ പ്രേമം എന്നെ ആകെ പിളർത്തി,
പക്ഷേ ആ വിള്ളലിലൂടെയാണ് ഞാൻ വീണ്ടും പിറന്നതെന്ന്.
അന്ന് രാത്രി സീതയുടെ മാറിൽ മുഖമർത്തി കിടക്കുമ്പോൾ അവൾ പതിയെ പറഞ്ഞു.
” എന്റെ മനുഷ്യരൊക്കെ എന്റെ ശരീരം മാത്രമേ കണ്ടിട്ടുള്ളൂ. കാമം പൊതിഞ്ഞുവച്ച ഈ മാറിടങ്ങൾക്ക് ഉള്ളിൽ സ്നേഹവും കരുതലും കൊതിക്കുന്ന ഒരു മനസ്സ് കൂടിയുണ്ടെന്ന് അവർക്ക് അറിയാതെ പോയി.
അറിഞ്ഞവർ അത് വക വയ്ക്കാതെ ചൂട് മാത്രം തന്ന് പോയി. അവർക്ക് മറ്റൊരു ലോകമുണ്ട്. ഞാനുമായുള്ള ബന്ധം അവർക്ക് ഒരു സിഗരറ്റ് വലിച്ച് ടെൻഷൻ തീർക്കുന്നത് പോലെയോ മദ്യം രുചിച്ച് ബോധം കെടുന്നത് പോലെയോ ആണ്.. യാഥാർഥ്യത്തിൽ നിന്ന് ഒരൽപ്പനേര വിടുതൽ.”
അവളുടെ നെഞ്ചിലെ ഓളം എന്റെ കാതിൽ അലയടിച്ചു.
” ആയ്ക്കോട്ടെ.. ഒരു നേര കാമുകൻ എങ്കിൽ ഒരുനേരം. ഓരോദിവസവും ഓരോ കാമുകന്മാരെ കിട്ടുകയെന്നതും ഒരു രസം തന്നെ.”
അവൾ ചിരിച്ചു. ഞാനും.
” പക്ഷെ ഒരു കാര്യമറിയാമോ മോളെ..?”
സീതയെന്നെ ചേർത്ത് പിടിച്ചു.
” വിശപ്പിന് അപ്പുറത്തേക്ക് ഒരു പ്രേമവുമില്ല. കാമവുമില്ല. വിശപ്പ് ആണ് ഏറ്റവും വലിയ സത്യം.”


6 Comments
പ്രണയം, നിർവ്വചനങ്ങൾക്കപ്പുറത്തെന്ന് തോന്നാറുണ്ട്. നല്ലെഴുത്ത്. 👌
മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അതിമനോഹരം. 🥰👏❤️
❣️❣️❣️
ഭ്രാന്തമായ സേന്ഹം ദുഃഖമാണ്.നല്ലകഥ ഇഷ്ടമായി.
❤️❤️❤️❤️🥰
നല്ലെഴുത്ത് അഞ്ജൂ❤️❤️
ഇത്രയും ആർദ്രമായും ഭ്രാന്തമായും ഏഴുതാനുള്ള യുവത്വം കൈമോശം വന്നതിൽ ദുഃഖം തോന്നി വായിച്ചപ്പോൾ. ഒത്തിരി സ്നേഹം. വ്യത്യസ്തമായ കഥാപരിസരം. Good work❤️❤️❤️🥰🥰