നമ്മൾ സ്നേഹവും കരുതലും നൽകി വളർത്തിയവർ തിരിഞ്ഞു കൊത്തുമെന്ന് ആരറിഞ്ഞു? പ്രസവിച്ച് വളർത്തി വലുതാക്കിയ സ്വന്തം അമ്മ തന്നോട് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതാൻ കഴിയുമോ?
ജീവന് തുല്യം സ്നേഹിക്കുന്നവരൊക്കെ ഇങ്ങനെ കളം മാറ്റിച്ചവിട്ടുമെന്ന് കരുതുമോ!
കഥകളിലോ സിനിമകളിലോ കാണുന്നതിനേക്കാൾ അത്ഭുതകരവും അവിശ്വസനീയമായ സംഭവങ്ങളാണ് ജീവിതത്തിൽ സംഭവിയ്ക്കുന്നത് എന്നത് വൈകിയാണ് അറിഞ്ഞത്.
രാജീവിൻ്റെ ജീവിതത്തിൽ സംഭവിച്ചത് എന്തൊക്കെയാണ് എന്ന് എല്ലാവരും അറിയേണ്ടതാണ്. എന്നാൽ ആരും അറിഞ്ഞതായി ഭാവിയ്ക്കുന്നതേയില്ല.
അറിഞ്ഞവരൊന്നും രാജീവിൻ്റെ കൂടെയല്ല, മറിച്ച് രാജീവിനോട് ശത്രുതയിലാണ് പെരുമാറുന്നത്. എന്തോ വലിയ തെറ്റുകൾ ചെയ്തത് രാജീവാണ് എന്ന ഭാവത്തിലാണ് എല്ലാവരുടേയും പെരുമാറ്റം.
രാജീവിൻ്റെ ജീവിതം ആരംഭിച്ചത് മുതൽ എന്നും വേദനയുടെ ലോകത്തായിരുന്നു. ചെറുപ്പത്തിൽ തന്നെ ഏകാകിയായിരുന്നു. വീട്ടിൽ അമ്മയും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ തമിഴ് നാട്ടിൽ ഏതോ ജോലിയിലാണ് എന്നാണ് പറയുന്നത്. ആരും അവിടെ പോകാത്തത് കൊണ്ട് തന്നെ അത് ശരിയാണ് എന്ന് വിശ്വസിക്കുവാനല്ലേ പറ്റുള്ളൂ. അമ്മ വളരെ കഷ്ടപ്പെട്ടു എന്നത് ശരിയാണ്. വല്ലപ്പോഴും, ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ വരുന്ന അച്ഛൻ. വരുമ്പോൾ എന്തെങ്കിലും കുറച്ചു പണം തന്നു പോകും. വീട്ടിലെ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനോ എന്തെങ്കിലും ഒരു ഉത്തരവാദിത്വം ഏറ്റെടുക്കാനോ തയ്യാറാകാത്ത അച്ഛൻ.
അതിനാൽ തന്നെ അമ്മയോടൊപ്പം കുട്ടിക്കാലത്ത് തന്നെ ജോലികൾ ചെയ്യാൻ തുടങ്ങി കുഞ്ഞു രാജീവൻ.
അല്ലാതെ ആരാണ് അമ്മയേ സഹായിക്കാൻ!
റേഷൻകടയിൽ പോകാനും പലചരക്ക് കടയിൽ പോകാനും, അമ്മയേ ജോലിയിൽ സഹായിക്കാനും ചെറുപ്പത്തിൽ തന്നെ രാജിവൻ തയ്യാറായി.
പഠിക്കാൻ കഴിവുണ്ടായിരുന്നെങ്കിലും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മറ്റ് കുട്ടികൾ കോളേജിൽ പഠിക്കാൻ പോയപ്പോൾ, രാജീവന് ടൈപ്പ് റൈറ്റിംഗിന് പോകാനേ പറ്റിയുള്ളൂ. കൂടെ ഷോർട്ട് ഹാൻഡും. അതിന് തന്നെ അന്നത്തെ കാലത്ത് 12രൂപ വേണം എന്നത് തന്നെ വലിയ ഒരു തുകയായിരുന്നു. സ്കൂളിലും അഞ്ചാറ് കിലോമീറ്റർ അകലെയുള്ള ഹൈസ്കൂളിലൊക്കെ നടന്ന് പോയി. ബസിന് പോകുന്ന കൂട്ടുകാർ ഉണ്ടായിരുന്നു. പത്ത് പൈസ വേണം അന്ന്. അതൊക്കെ വലിയ തുകയായി തോന്നിയിരുന്നതാണ്.
അതിനിടയിൽ പല സംഭവങ്ങളും ഉണ്ടായി. രാജീവിന്റെ താഴെ രണ്ട് മക്കളേ കൂടി അമ്മയ്ക്ക് നോക്കേണ്ടി വന്നു. അവരുടെ ചെലവ്. പഠിപ്പ്. വലുതായി വന്നപ്പോൾ രണ്ട് പേരേയും കോളേജിൽ വിട്ടു പഠിപ്പിച്ചു. അമ്മൂമ്മ അതിനിടെ മരിച്ചു. ഇടിഞ്ഞ് പൊളിഞ്ഞു വീഴാറായ വീട് അമ്മയുടെ അനിയത്തിയും ഭർത്താവും കൂടി ശരിയാക്കി. ആ സമയത്ത് ഒരു അതിഥി ആയിപ്പോലും അച്ഛൻ വന്നില്ല. എന്നിട്ട് വേണ്ടേ ചിലവ്.
ട്യൂഷൻ എടുത്തും ഒരു സാഹിത്യകാരന് പുസ്തകം എഴുതാൻ സഹായിച്ചും ഇൻഷുറൻസ് ഏജൻസി എടുത്തും അത് പോലെ ഹോട്ടലിൽ ക്യാഷിയറായും പിയർ ലെസ് ഏജൻസി എടുത്തുമൊക്കെ രാജീവൻ അമ്മയെ സഹായിച്ചു. അന്ന് സാക്ഷരത ക്ളാസ് അധ്യാപകനായി, രാത്രിയിൽ അവർക്ക് ക്ളാസ്, പകൽ കുട്ടികൾക്ക് ട്യൂഷൻ.
അങ്ങനെ ഇരുപത്തി നാല് മണിക്കൂറും ജോലി. അത് കഴിഞ്ഞ് ഒരു സ്ഥാപനത്തിൽ താല്ക്കാലിക ജോലി കിട്ടി. അന്നത്തെ ശമ്പളം എന്ന് പറഞ്ഞാൽ നിസ്സാരമായിരുന്നു. എന്നാലും കാര്യങ്ങളെല്ലാം നടന്നു പോന്നു.
കാലം മാറിയപ്പോൾ ജീവിതം മാറി മറിഞ്ഞു. ഒരു ജോലി തേടി മറ്റ് സംസ്ഥാനങ്ങളിൽ എവിടെയ്ക്കെങ്കിലും പോകാൻ തയ്യാറായി രാജീവൻ. നാട്ടിലെ ജോലി കൊണ്ട് ജീവിക്കാൻ ആവില്ല. വയസ്സ് ഇരുപത്തി അഞ്ച് മാത്രമേ ആയുള്ളൂ.
അന്ന് ബോബെയാണ് മലയാളികളുടെ ആശ്വാസ കേന്ദ്രം. ടൈപ്പ്റൈറ്റിംഗും ഷോർട്ട് ഹാൻഡും പഠിച്ച മലയാളിയുവാക്കൾ ആയിരക്കണക്കിനാണ് ബോംബെയിൽ ചേക്കേറിയത്. അങ്ങനെയിരിക്കെ ബോംബെയിൽ ജോലിയുള്ള രാജീവിൻ്റെ അച്ഛന്റെ സഹോദരിയുടെ മകൻ നാട്ടിൽ വരുന്നത്. അനിയേട്ടൻ എന്ന് വിളിയ്ക്കുന്ന പ്രഭാകരേട്ടനും ഭാര്യ ഉഷയും മൂന്ന് മക്കളുമൊരുമിച്ച് ക്വാർട്ടേഴ്സിൽ ആണ് താമസം. അമ്മയുടെ നിർബന്ധം സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ് അനിയേട്ടൻ സമ്മതം മൂളിയത്.
എല്ലാചെലവും അനിയേട്ടൻ എടുത്തു. ടിക്കറ്റ് ബുക്ക് ചെയ്യലും കൊണ്ട് പോകാൻ വേണ്ട ഡ്രസ്സുകൾ എടുക്കലും ഒക്കെ.
അങ്ങനെ ആദ്യമായി ട്രെയിനിൽ യാത്ര ചെയ്തു, രാജീവ്. അന്നൊക്കെ മൂന്ന് നാല് ദിവസമൊക്ക എടുക്കും ബോംബെയ്ക്ക്.
വി.ടി.സ്റ്റേഷനിൽ ആണ് ഇറങ്ങിയത്. അന്ന് ആ പേരായിരുന്നു. ഇപ്പോൾ പേര് മാറ്റി. ഛത്രപതി ശിവാജി ടെർമിനൽ എന്നോ മറ്റോ. ബോംബെയും മുംബൈ ആയല്ലോ.
അനിയേട്ടൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെ ഒരു താല്ക്കാലിക ടൈപ്പിസ്റ്റിന്റെ വേക്കൻസിയിൽ കയറി. മറ്റ് മലയാളികളുമുണ്ട് അവിടെ. അതിനാൽ ഭാഷയുടെ പ്രശ്നം ഇല്ല.
എന്നാലും ഹിന്ദിക്കാരുമായി ഇടപെടുമ്പോൾ ഹിന്ദി സംസാരിക്കണമല്ലോ? തപ്പിപ്പിടിച്ച് സംസാരിയ്ക്കും. സ്കൂളിൽ പഠിച്ച ഒരോർമ്മയുണ്ട്. അന്ന് മര്യാദയ്ക്ക് ഹിന്ദി പഠിച്ചെങ്കിൽ ഇന്ന് ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു.
കാലത്ത് ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണിവരെ ആയിരുന്നു ഓഫീസ് ടൈം.
പക്ഷേ രാജീവിൻ്റെ ബോസ് ഒരു വർക്ക് ഹോളിക്ക് ആയിരുന്നു. പാപി ചെല്ലുന്നേടം പാതാളം എന്ന് പറഞ്ഞ പോലെ ബാക്കിയുള്ളവർ എവിടെ ചെന്നാലും കുഴപ്പം തന്നെ.
ഒരു പി.ഡബ്ളിയു.ഡി ഓഫീസറായിരുന്നു അത്. കെട്ടിടങ്ങളും പാലങ്ങളും റോഡുകളുമെല്ലാം ഉണ്ടാക്കണം. അതിന്റെ എസ്റ്റിമേറ്റ് മറ്റ് രേഖകൾ എന്നിവയൊക്കെ അവിടെയാണ് പാസ്സാക്കി കരാറുകൾ നൽകി പണികൾ നടത്തുന്നത്.
എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻ്റ് എഞ്ചിനീയർ സബ് എഞ്ചിനീയർ, അങ്ങനെ പലരുടേയും ഓഫീസുകളാണ് അവിടെ ഉള്ളത്. സൂപ്രണ്ടിംഗ് എഞ്ചിനീയർ, ചീഫ് എഞ്ചിനീയർ തുടങ്ങിയവരുടെ ഓഫിസ് അടുത്ത് തന്നെ. അവരൊക്കെ ഇവിടെ വിസിറ്റ് ചെയ്യാൻ വന്നാൽ അന്ന് ഇരുപത്തി നാല് മണിക്കൂറും പണിയാണ്.
മറ്റ് മലയാളി ടൈപ്പിസ്റ്റുകൾ സബ് ഡിവിഷനിൽ ആണ് ജോലി ചെയ്യുന്നത് അതിനാൽ വലിയ പണിയൊന്നും ഇല്ല. രാജീവ് ഡിവിഷൻ ഓഫീസിൽ ആയതിനാൽ തന്നെ പണി കൂടുതലാണ്. ബോസ് മറാഠി ആനന്ദ് ശർമ. അയാൾ രാവും പകലും എസ്റ്റിമേറ്റുകൾ ഉണ്ടാക്കലും തിരുത്തലു മാണ്.അപ്പോഴൊക്കെ രാജീവിനെ വിളിയ്ക്കും പണിയെടുപ്പിക്കാൻ.
രാത്രി രണ്ടു മണിക്കും മൂന്ന് മണിയ്ക്കൊക്കെ ക്വാർട്ടേഴ്സിൽ നിന്നും ആളെ വിട്ടു വിളിപ്പിയ്ക്കും.
അനിയേട്ടൻ ഒന്നും മിണ്ടില്ല. ഈ ആനന്ദ് ശർമയെ അനിയേട്ടനും പേടിയാണ്.
അത് കാരണം എന്ത് പണി എടുപ്പിച്ചാലും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പി.എ ആയ അനിയേട്ടൻ ഒരക്ഷരം എതിരെ പറയില്ല.
അതിനാൽ തന്നെ ഓഫീസ് സമയം കഴിഞ്ഞാൽ മുങ്ങി വേറെ എവിടെയെങ്കിലും പോകും. രാത്രി ഒമ്പത് മണിയൊക്കെ ആകുമ്പോൾ മാത്രമേ വീട്ടിൽ എത്തൂ.
ആദ്യമൊക്കെ അനിയേട്ടനും ഉഷ ചേച്ചിയുമൊക്കെ രാജീവനോട് സ്നേഹത്തിൽ പെരുമാറുമായിരുന്നു. പിന്നീട് അതൊക്കെ മാറി.
കിട്ടുന്ന ശമ്പളം മുഴുവനും അനിയേട്ടന്റെ കയ്യിൽ കൊടുക്കണം. വീട്ടിലേയ്ക്ക് അമ്മയ്ക്ക് എന്തെങ്കിലും അയച്ച് കൊടുക്കണമെന്ന് രാജീവന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അയക്കാൻ സമ്മതിച്ചില്ല.
ഡ്രസ്സുകൾ ബോംബെയിലേക്ക് വരുമ്പോൾ എടുത്തത് മാത്രമേ ഉള്ളൂ. പുതിയത് ഒന്നും എടുത്തു തന്നില്ല.
വർഷം രണ്ടാവാറായി.
പഴയ ഡ്രസ്സുകൾ ചെരിപ്പ്.
പുതിയത് വാങ്ങാൻ കാശില്ല. അവസാനം ഒരു പ്രാവശ്യം ശമ്പളം കിട്ടിയപ്പോൾ പോയി ഒരു ജോഡി ഡ്രസ്സ് എടുത്തു. വലിയ വിലയുള്ളതൊന്നുമല്ല.
പക്ഷേ ശമ്പളം എണ്ണി നോക്കിയപ്പോൾ കുറവ്.
എന്ത് ചെയ്തൂ ബാക്കി പൈസ? എന്നായി ചോദ്യം. അന്ന് അനിയേട്ടനും ഭാര്യയും രാജീവനെ പറയാത്ത ചീത്തയില്ല. ഒരു ചായ കുടിക്കാൻ പോലും പണം ഇല്ല കയ്യിൽ. കൂട്ടുകാരാണ് ചായ ഇടക്കിടെ വാങ്ങി തരാറുള്ളത്. കൂടെ ജോലി ചെയ്യുന്ന രഘുവിൻ്റെ വീട്ടിൽ പോയാൽ ഭക്ഷണം ഒക്കെ തരും. അയാളുടെ അമ്മാവന്റെ കൂടെയാണ് താമസം. ശമ്പളം എല്ലാം രഘു വീട്ടിൽ അയക്കും. മറ്റ് സ്വന്തം കാര്യങ്ങൾക്ക് എടുക്കും. അമ്മാവൻ രഘുവിൻ്റെ കയ്യിൽ നിന്നും പത്ത് പൈസ വാങ്ങില്ല. കൊടുത്താൽ പറയും. അതൊക്കെ നീ വച്ചാൽ മതി. നീ ജോലി ചെയ്യുന്നതല്ലേ. എനിക്ക് ആവശ്യത്തിന് എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. നിനക്ക് കുറച്ചു ഭക്ഷണം തരുന്നതിൽ എന്തിനാണ് ഞാൻ കണക്ക് പറയുന്നത്!
അദ്ദേഹം രാജീവിൻ്റെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്നു. രാജീവിൻ്റെ സങ്കടം അവർക്ക് മനസ്സിലായി. സ്വന്തക്കാർക്ക് മനസ്സിലാവുകയേയില്ല.
അനിയേട്ടന്റെ ഭാര്യ രാജീവനോട് മിണ്ടുകയേയില്ല ഒരക്ഷരം.
ഭക്ഷണം എല്ലാം ഉണ്ടാക്കി അടച്ച് വയ്ക്കും. രാജീവൻ ശബ്ദം ഉണ്ടാക്കാതെ വന്ന് അത് കഴിച്ച് മിണ്ടാതെ വന്ന് കിടക്കും. മക്കളിൽ ഒരു ആൺകുട്ടി മാത്രം സംസാരിക്കും. പിന്നെ യുള്ള പെൺകുട്ടി അമ്മയുടെ അതേ സ്വഭാവം. രാജീവനെ ചീത്ത പറയും. താഴെ ചെറിയ കുട്ടി. രാജീവൻ എപ്പോഴും എടുത്തു കൊണ്ട് നടക്കും. അവന് അറിയാറായിട്ടില്ലല്ലോ. അവരോടൊക്കെ എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ പെരുമാറ്റം! അനിയേട്ടനും ഒന്നും മിണ്ടില്ല. ശമ്പളം ഏറ്റ് വാങ്ങും. ആകെ വിഷമവും നിരാശയും സങ്കടവും കൊണ്ട് രാജീവ് എന്ത് ചെയ്യണം എന്നറിയാതെയായി. ഓഫീസിലെ കഠിനമായ ജോലികളും വേറെ ജോലിക്ക് അപേക്ഷകൾ അയച്ചുവെങ്കിലും ഒന്നും ശരിയായില്ല. എല്ലാ പോസ്റ്റുകളിലും സ്വന്തക്കാരെ മാത്രമേ നിയമിക്കുന്നുള്ളൂ.
അങ്ങനെ ഇരിക്കെ അനിയേട്ടനും കുടുംബവും നാട്ടിലേക്ക് പോകുന്നു. കൂടെ രാജീവനും ടിക്കറ്റ് എടുത്തു.”നാട്ടിൽ പോയി വരാം.ഒരു മാസം ലീവിന് അപേക്ഷിയ്ക്കാം.”
സത്യത്തിൽ സ്ഥിരം ജോലി ഒന്നും അല്ലെങ്കിലും ഡയിലി വേജസ് പോലെയാണ് എങ്കിലും നിയമങ്ങൾ പാലിക്കണമല്ലോ. ഒരു മാസം സമാധാനം എന്നു കരുതി.
നാട്ടിലെത്തിയപ്പോൾ ആകെ ഒരു മാറ്റം. രണ്ട് വർഷത്തോളം മറുനാട്ടിൽ താമസിച്ച് സ്വന്തം നാട്ടിൽ, വീട്ടിൽ വരുമ്പോൾ ഉണ്ടാകുന്ന ആ അനുഭൂതി പറഞ്ഞറിയിക്കാൻ ആവില്ല.
അനിയേട്ടനും കുടുംബവും രാജിവന്റെ വീട്ടിൽ വന്നില്ല.
അമ്മ ചോദിച്ചപ്പോൾ വരുമായിരിക്കും എന്ന് പറഞ്ഞു. എന്തായാലും തിരിച്ചു പോകുന്ന സമയത്ത് വരുമായിരിക്കും. രാജീവിനെ കൊണ്ട് പോകണമല്ലോ. മെയ് മാസത്തിൽ ആണ് വന്നത്.
ജൂൺ രണ്ടിന് മടങ്ങുമെന്നാണ് പറഞ്ഞത്. അപ്പോഴേയ്ക്കും കൊണ്ട് പോകേണ്ട ഡ്രസ്സുകൾ ഒക്കെ എടുത്തു. അനിയേട്ടനെ ബുദ്ധിമുട്ടിയ്ക്കേണ്ട.
എന്നാൽ ജൂൺ രണ്ടിന് തലേന്ന് വരെ അനിയേട്ടൻ രാജീവിൻ്റെ വീട്ടിൽ വന്നില്ല.
രാജീവന് പേടിയായി.അന്ന് വിവരമറിയിക്കാൻ ഫോണൊന്നുമില്ല.നമ്മുടെയല്ലേ ആവശ്യം. അമ്മയുമൊത്ത് രാജീവൻ അനിയേട്ടന്റെ വീട്ടിൽ എത്തി. അച്ഛൻ പെങ്ങളും മകളുമൊക്കെ വീട്ടിൽ ഉണ്ട്. അനിയേട്ടനും ഭാര്യയും മക്കളും എല്ലാം ഇന്നലെ തന്നെ പോയത്രെ!
“ഇന്നലെ ഒലവക്കോട് പോയി. അവിടെ ഒരു കൂട്ടുകാരന്റെ വീടുണ്ട്. അവിടെ താമസിച്ച് ഇന്ന് കാലത്തെ ട്രയിനിൽ ബോംബെയ്ക്ക് പോകും.
അപ്പോൾ രാജീവൻ എന്തേ പോവാഞ്ഞത്?”
അമ്മായി ചോദിച്ചു.
” ഞാൻ അടുത്ത മാസമേ പോകുന്നുള്ളൂ.” രാജീവ് ഒരു നുണ പറഞ്ഞു. അല്ലാതെ അനിയേട്ടൻ എന്നെ കൊണ്ടുപോകാതെ പറ്റിച്ചു എന്ന് അമ്മായിയോട് പറയാൻ പറ്റില്ലല്ലോ.
ഇനി പഴയപോലെ നാട്ടിൽ എന്തെങ്കിലും നോക്കാം. രാജീവ് വിചാരിച്ചു. കഴിഞ്ഞ പത്തൊമ്പത് മാസത്തെ അടിയന്തരാവസ്ഥ കഴിഞ്ഞു എന്ന് കരുതുക.
എന്നാൽ പുതിയ അടിയന്തരാവസ്ഥകൾ തുടരുകയായിരുന്നു രാജീവിൻ്റെ ജീവിതത്തിൽ.
വേറെ ഒരു ജോലി കിട്ടി. താല്ക്കാലികമായി. അത് കൊണ്ട് ജീവിതം തുടരാൻ കഴിഞ്ഞു. വർഷങ്ങൾ കഴിഞ്ഞു പ്രമോഷൻ ആയി.
കുറച്ചു കൂടി മെച്ചപ്പെട്ട ജോലിയായി. വിവാഹം കഴിഞ്ഞു കുട്ടികളായി. അതിനിടയിൽ വീട്ടിൽ പലതും സംഭവിച്ചു. ഇത്ര കാലം അമ്മയും സഹോദരീ സഹോദരൻമാരുമെല്ലാം സ്വന്തം എന്ന് കരുതിയ രാജീവന്റെ പ്രതീക്ഷകൾ തെറ്റിച്ച് അമ്മയും മറ്റ് മക്കളെല്ലാം ഒറ്റക്കെട്ടായി. രാജീവനെ വീട്ടിൽ നിന്ന് പുറത്താക്കി എന്ന് പറയാം. അവരുടെ പെരുമാറ്റങ്ങൾ, ഒരു വീട്ടിൽ രണ്ട് അടുക്കള, എന്ന നിലയിൽ ആയപ്പോൾ സഹി കെട്ട് വേറെ ഒരു വീട് വാടകയ്ക്ക് എടുത്ത് രാജീവനും ഭാര്യയും മാറി. ഒരു മകളും മകനും ആയിരുന്നു രാജീവന് ഉണ്ടായിരുന്നത്. വെറും അഞ്ചും മൂന്നു വയസ്സുള്ള ആ കുട്ടികളെപ്പോലും അമ്മയും മറ്റുള്ളവരും വെറുത്തു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
അത് വരെ രാജീവ് ആ കുടുംബത്തിന് വേണ്ടി ചെയ്തതെല്ലാം മറന്നു അമ്മ.
സ്വന്തം സ്വത്തും വീടും എല്ലാം മകളുടെ മാത്രം പേരിൽ എഴുതി വച്ചു അമ്മ. മറ്റാരും മക്കളല്ലല്ലോ. സ്വത്ത് ഒന്നും തന്നില്ലെങ്കിലും സ്നേഹം എങ്കിലും തരാമല്ലോ അമ്മയ്ക്ക്. രാജീവിൻ്റെ ചിന്ത അങ്ങനെയായിരുന്നു. അത് പോലും ഇല്ലാതെ വഴക്ക് കൂടി
പിന്നെ മിണ്ടാട്ടം പോലുമില്ല.
അതിനിടയിൽ ഒരു സ്വത്തും കൊണ്ട് പോകാതെ അമ്മ മരിച്ചു.പഴയ കാര്യങ്ങളെല്ലാം മറന്നു സ്വത്ത് സ്വന്തമാക്കാൻരാജീവന്റെ സഹോദരി കേസ് ഫയൽ ചെയ്തിരിക്കുകയാണ് രാജീവനെതിരെ.അമ്മയുടെ പേരിലുള്ള സ്വത്ത് മറ്റാർക്കും അവകാശമില്ലത്രേ. അത് ഉറപ്പിക്കാനാണ് കേസ്. നിസ്സാരം ഒരു തുക വാങ്ങിയതായി കാണിച്ച് റസീറ്റ് കിട്ടിയാൽ ഇപ്പോഴത്തെ വിലയായ കോടികൾ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കാമല്ലോ! അമ്മയും അച്ഛനും സഹോദരൻമാരും മെല്ലാം സ്വത്തിന് മുന്നിൽ നിഷ്പ്രഭം.
#കൂട്ടക്ഷരങ്ങൾ
#ബ്ളോഗ്_രചന
#എന്റെരചനമത്സരം
#വിഷയം_മുറിവ്
#കഥ_ഹൃദയത്തിലേറ്റമുറിവുകൾ
#രചന_രാമചന്ദ്രൻടിവി


5 Comments
സ്വത്തിനും പണത്തിനും മുന്നിൽ പലപ്പോഴും ബന്ധങ്ങൾ മറക്കപ്പെടുന്നു…… നല്ല കഥ👍❤️
സ്വത്തിനും പണത്തിനും വേണ്ടി മറന്നു കളയുന്ന ബന്ധങ്ങൾ നന്നായി എഴുതി.👍
കാലത്തിനും മായ്ക്കാനാവാത്ത മുറിവുകൾ ❣️❣️
അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി സ്നേഹം സന്തോഷം
സ്നേഹിക്കുന്നവർ ഏൽപ്പിക്കുന്ന മുറിവുകൾ മായാൻ സമയമെടുക്കും.
ലോകം പലപ്പോഴും ഇങ്ങനെയൊക്കെയാണ് സ്നേഹവും സാഹോദര്യവുമൊക്കെ മറന്നുപോകും.
നല്ലെഴുത്ത്❤️🌹👌