കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ്റെ ‘കേരള പ്രതിഷ്ഠ’യിലെ വരികൾ, നവംബർ 1, കേരളപ്പിറവി ദിനത്തിൽ ഓർത്തുപോവുകയാണ്. ചെറിയ ക്ലാസിൽ കാണാപ്പാഠം പഠിച്ച പദ്യമായായിരുന്നു കേരളം എന്ന വികാരം മനസ്സിൽ പരുവപ്പെടുത്തിയത്.
’കന്യാകുമാരിക്ഷിതിയാദിയായ്
ഗോകർണാന്തമായത്തെക്കുവടക്കു നീളേ
അന്യോന്യമംബാശിവർ നീട്ടിവിട്ട്
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം.
ശ്രീഭാർഗ്ഗവൻ പണ്ടു തപഃപ്രഭാവ-
സ്വാഭാവികപ്രൗഢിമദോർബ്ബലത്താൽ
ക്ഷോഭാകുലാംഭോധിയൊഴിച്ചെടുത്ത
ഭൂഭാഗമാണീസ്ഥലമെന്നു കേൾക്കപ്പൂ
വൻകാറ്റടിച്ചാഴിയഴിഞ്ഞകന്നോ
ഹുങ്കാരിഭൂകമ്പമിയന്നുയർന്നോ
മുൻകാലമീകേരളകൊങ്കണങ്ങൾ
മൺകാഴ്ചയായെന്നു ചിലർക്കു പക്ഷം…’
പ്രഖ്യാപിതവും നിശ്ചിതവുമായ അതിരുകളും അകങ്ങളും ജില്ലകളും മാറിമറിഞ്ഞെങ്കിലും മലയാളമെന്ന ഭാഷ സംസാരിക്കുന്നവരുടെ ‘കേരം തിങ്ങും കേരളനാട്’ ഒരു നിശ്ചയദാർഢ്യത്തിൻ്റെ പ്രഖ്യാപനം കൂടിയായിരുന്നു.
’നാളികേരത്തിൻ്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്, അതിൽനാരായണക്കിളിക്കൂടു പോലുള്ളൊരു നാലു കാലോലപ്പുരയുണ്ട്…’ എന്ന മറ്റൊരു കൊടുങ്ങല്ലൂർക്കാരൻ പി. ഭാസ്കരൻ്റെ അഭിമാനപൂരിതം.
കന്യാകുമാരി തമിഴ്നാടിനും, ഗോകർണ്ണം കർണ്ണാടകത്തിനും കൊടുത്ത്, തിരുവനന്തപുരത്തെ പാറശ്ശാല മുതൽ കാസർഗോഡുള്ള തലപ്പാടി വരെയാക്കി നമ്മുടെ കേരളമാർക്ക്. തെക്കുവടക്കു നടക്കുന്ന സ്വപ്നസന്നിഭമായ ഒരു കേരളയാത്ര.
ഒരു നിശ്ചയവുമില്ലാതെ പറന്നപടി നിന്ന സുന്ദരകേരളത്തെ നൂലുകെട്ടി ചുവന്ന പട്ടുകോണകമുടുപ്പിച്ച് പാകപ്പെടുത്തിയത് ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു. ഒ.വി. വിജയൻ പറയുമ്പോലെ ആ ഒരു സിന്ദൂരപ്പൊട്ടിൻ്റെ ഓർമ്മയിലാണ് പുതിയ എഴുത്തും വായനയും പരുവപ്പെട്ടത്.
സംസ്കൃതവും അറബിയും ഹിന്ദിയും തുളുവും തമിഴും ഇംഗ്ലീഷും കൂടിക്കലർന്ന മലയാളത്തിൻ്റെ മണ്ണിൽ എഴുതിപ്പഠിക്കുക എളുപ്പമല്ലായിരുന്നു, ഭാഷയ്ക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും സ്വാതന്ത്ര്യത്തിനുവേണ്ടിയും വള്ളത്തോളിരുന്ന് സുനിശ്ചിതമായി എഴുതിവായിപ്പിച്ച് പഠിപ്പിച്ചില്ലായിരുന്നെങ്കിൽ എന്നെനിക്കു തോന്നാറുണ്ട്. ‘ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ’ എന്ന വായ്ത്താരിയിൽത്തന്നെയുണ്ടൊരു ചോരയോട്ടം.
’തന്‍ഭാഷതാന്‍ മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ
അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ
നമ്മള്‍ക്കമൃതുമമൃതായ്ത്തോന്ന
ഏതൊരു വേദവുമേതൊരു ശാസ്ത്രവുമേതൊരു കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍ വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം
ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു
മുള്‍ത്തേനായ്ച്ചേരുന്നു ചിത്തതാരില്‍
അന്യബിന്ദുക്കളോ, തല്ബഹിർഭാഗമേ മിന്നിച്ചുനിൽക്കുന്ന തൂമുത്തുകൾ
ആദിമകാവ്യവും പഞ്ചമവേദവും
നീതിപ്പൊരുളുമുപനിഷത്തും
പാടിസ്വകീയരെ കേൾക്ക
കൊണ്ടാത്മഭാഷയെ വായ്പ്പിക്കായ്കില്‍
കേരളത്തിന്നീയിരുള്‍ക്കുണ്ടില്‍ നിന്നൊന്നുകേറാന്‍ പിടിക്കയറെന്തുവേറെ
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍…’
കലാകേരളത്തിൻ്റെ കലാമണ്ഡലവും കാവ്യഭാഷയും സംസ്കൃതിയും ചമച്ച മനീഷിയാണ് വള്ളത്തോൾ. എന്നിട്ടും ഭാഷയെ എഴുത്തിനിരുത്തിയത് ശരിയാവാത്ത പോലെ മലയാളം മണിപ്രവാളവും മംഗ്ലീഷും ചെന്തമിഴും ചേർന്ന് ചെരിച്ചെഴുതിക്കൊണ്ടിരുന്നു. അങ്ങനെയാണ് അക്കാദമികൾ എന്ന കുലസ്ഥാപനങ്ങൾ ഉണ്ടായിവന്നത്. പിന്നീടത് കല്പിത സർവ്വകലാശാലകളായപ്പോൾ, പാർട്ടി പരബ്രഹ്മങ്ങളും വിവരദോഷികളും അല്പന്മാരും അജ്ഞാനികളും വർഗ്ഗീയമായും ജാതീയമായും പതിച്ചെടുത്ത കസേരകളിടാനുള്ള സ്ഥലം മാത്രമായി. എഴുതാനും വായിക്കാനും കൂടി അറിയാത്ത വിഡ്ഡിക്കുശ്മാണ്ടങ്ങൾ കയറിയിരുന്ന് കലാമണ്ഡലം ജീർണ്ണിക്കുന്നുവെന്നു പറഞ്ഞത് ആശയറ്റ മല്ലികാ സാരാഭായിയും കൂടിയാണ്.
കാഞ്ഞങ്ങാട്ടു നിന്നും കേരളത്തിൻ്റെ കാവ്യഭാഷാ ചരിത്രത്തിലൂടെ നടന്നുപോയ പി. കുഞ്ഞിരാമൻ നായരാണ് അലച്ചിലും അഴകും അനിതരസാധാരണമായ അലങ്കാരങ്ങളും കൊണ്ട് കവിതയെ ‘സമസ്ത കേരളം P. O.’ ആക്കി മാറ്റിയത്. അതു പക്ഷേ വെറും ബാന്ധവം മാത്രമായിരുന്നെന്നും, ഒരു നിശ്ചയവുമില്ലാത്ത യാത്രകളും അവധൂതനങ്ങളും അനിശ്ചിതത്വങ്ങളും കൊണ്ട് പി. സ്വയമൊരന്വേഷണത്തിലായിരുന്നുവെന്നും പറയാം. നിത്യകന്യകയെത്തേടിയുള്ള മേഘരൂപൻ്റെ മേമ്പൊടികൾ.
ഐക്യകേരളത്തിൻ്റെ ആദ്യ നിയമസഭയുടെ നിശ്ചയം മൂപ്പെത്താതെ മുഴുമിപ്പിക്കാതെ അബോർട്ടായിപ്പോവാനായിരുന്നു വിധി. ആഭ്യന്തര കലാപങ്ങളും അനുകൂല സാഹചര്യങ്ങളുമുണ്ടാക്കി സ്റ്റേറ്റു പിടിക്കുക എന്ന കോൺഗ്രസ് കേന്ദ്രാവിഷ്കൃത പദ്ധതി പല സംസ്ഥാന സർക്കാരുകളേയും ഡിസ്മിസ് ചെയ്ത് നിയമസഭകൾ പിരിച്ചുവിട്ട് പിടിച്ചടക്കിയിരുന്നു. ഇന്ദിരാഗാന്ധി അതിന് പുതിയ മാനം കൊണ്ടുവന്നു, അടിയന്തിരാവസ്ഥകൾ സംജാതമാക്കി, അടിച്ചമർത്തി, ജനകീയ സർക്കാരുകളെ വരിഞ്ഞുകെട്ടുകയും വലിച്ചടുപ്പിക്കുകയും വരിയുടക്കുകയും ചെയ്ത് വരുതിക്കു നിർത്തി. ഡൽഹി സർക്കാർ ഐക്യകേരളം എന്ന കീറക്കഷണം പോലുള്ള സംസ്ഥാനത്തെ സർക്കാർ രൂപീകരണ നിശ്ചയത്തിനു വിളിക്കുക പോലുമില്ലായിരുന്നു. കല്യാണത്തിന് പുറത്തൊരിലയിട്ടു കൊടുത്ത് അന്നദാനം നടത്തും, അത്രതന്നെ.
പിളർന്നും ജീർണ്ണിച്ചും ദുഷിച്ചും ദുർഭരണപ്പെട്ടും തളർന്ന ഇന്ദിരാകോൺഗ്രസ്സിൻ്റെ അടിയന്തിരാവസ്ഥ നന്നായി നടത്തിക്കൊടുത്തതിൻ്റെ ക്രെഡിറ്റായും എല്ലാ സ്റ്റേറ്റിലും തകർന്നടിഞ്ഞിട്ടും കേരളം 20 ൽ 20 ഉം കൊടുത്തു ജയിപ്പിച്ചപ്പോഴുമാണ് ഇന്ത്യ ഇങ്ങനെയൊരു സ്റ്റേറ്റ് ഇവിടെയുണ്ടെന്നംഗീകരിച്ചത്. അത്രയുംനാൾ മുന്നണികളും കാലുമാറ്റവും കുതന്ത്രവും വർഗ്ഗീയതയുംകൊണ്ട് ജയിച്ചിരുന്ന ഒരു സർക്കാരും ഫുൾടേം പൂർത്തിയാക്കിയിരുന്നില്ല, അടിയന്തിരാവസ്ഥ താങ്ങി നിർത്തിയ അച്ചുതമേനോൻ്റേതൊഴിച്ച്. ശരിക്കും പറഞ്ഞാൽ അതായിരുന്നു ഐക്യകേരളത്തിൻ്റെ നടപ്പിലായ നല്ല നിശ്ചയവും പാണിഗ്രഹണവും.
പിന്നീട് അഞ്ചു കൊല്ലം കൂടുമ്പോൾ മാറി മാറി ഊഴം വച്ച് ഭരിച്ച് മുടിച്ച് ഇപ്പോഴിതാ തുടർഭരണത്തിലുമെത്തിയിരിക്കുന്നു. വ്യവസ്ഥാപിതമായൊരു ജനാധിപത്യഭരണസംവിധാനത്തിൽ എല്ലാം ദൈവനിശ്ചയംപോലെയേ വരൂ. സഹിക്കുക, ജീവിക്കുക എഴുതുക വായിക്കുക വേണ്ടെങ്കിൽ എല്ലാം നിർത്തിപ്പോവുക, അത്ര തന്നെ. നിശ്ചയവും കഴിഞ്ഞു, കല്യാണവും കഴിഞ്ഞു, ഗാർഹിക പീഡനവും കഴിഞ്ഞു, ഡൈവോഴ്സുമായി, ജീവനാംശവും കിട്ടി, എ രജിസ്റ്റേർഡ് ഡെമോക്രാറ്റിക്ക് ബോണ്ടേജ്.
Buy the people, far the people, offend the people.
നന്ദി.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

