പാദസ്വരത്തിന്റെ മണികിലുക്കം അന്തരീക്ഷത്തിലൂടെ പാറിച്ചു നടന്നകാലം
തൊട്ടെ അവൾക്ക് പാലപ്പൂക്കളോടും അവിടെ വിരുന്ന് വരുന്ന യക്ഷികളോടും വലിയ കൗതുകമായിരുന്നു. മുത്തശ്ശിയുടെ കഥകളിലെ യക്ഷികൾക്ക് എന്തൊരു ചേലാണ്!. വെറ്റില മുറുക്കിയ ചുണ്ടിന്റെ തുടുത്ത ചുമപ്പിൽ അവർ വശ്യസുന്ദരികളായിരുന്നു. മുടികളുടെ കട്ടിയും നീളവും വർണ്ണനാതീതമാകുമ്പോൾ, അവരുടെ വെളുത്ത സാരിയിലേയ്ക്ക് മനസ്സിൽ ചോദ്യശരം അയക്കാറുണ്ട്.
മരിക്കുമ്പോൾ മുത്തശ്ശിയുടെ കഥകളിലെ സ്ത്രീകൾ ചുമപ്പ് കലർന്ന പാവാടയും, പച്ചനിറത്തിലുള്ള സാരിയും അണിഞ്ഞിരുന്നെങ്കിൽ, പാലകളിൽ എത്തുമ്പോൾ വെള്ള വസ്ത്രം ആരായിരിക്കാം അവരെ അണിയിക്കുന്നത്?
തലമുടിക്ക് നീളം കുറവായതിനാൽ പരാതി പറഞ്ഞു നടന്നിരുന്ന നാരായണി ഏടത്തി യക്ഷിയായി ഭർത്താവിനെ പേടിപ്പിച്ചപ്പോൾ അവർക്ക് മുട്ടോളം മുടി ഉണ്ടായിരുന്നുവെന്നാണ് അയാൾ പറഞ്ഞ് നടന്നിരുന്നത്. ഒരിക്കലും വെള്ള വസ്ത്രം ധരിക്കാൻ ഇഷ്ടപെടാതിരുന്ന സുമതിയും മരണശേഷം മുത്തശ്ശിയുടെ സ്വപ്നത്തിൽ വന്നപ്പോൾ വെള്ള സാരിയായിരുന്നു വേഷം. മരണം നിറങ്ങൾ ഇല്ലാത്ത ലോകത്തേക്കാവുമോ കൂട്ടികൊണ്ടുപോകുക? ഇത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിലും അവൾ എന്നും കഥകൾക്കായി കാത്തിരുന്നിരുന്നു. യക്ഷിയെ വർണിക്കുമ്പോൾ മുത്തശ്ശിയുടെ കണ്ണിലെ ഭാവം അവളിൽ ഭയത്തിന് പകരം അവരുടെ സൗന്ദര്യത്തോടുള്ള ആരാധനയാണ് ജനിപ്പിച്ചത്. മുത്തശ്ശി, കഥകളിലെ യക്ഷികൾക്ക് ജീവൻ കൊടുത്ത് അവളിലേയ്ക്ക് അതിന്റെ വിയർപ്പിന്റെയും കണ്ണീരിന്റെയും ഉപ്പും, കലിയുടെയും പകയുടെയും എരിവും പകർന്നപ്പോൾ കുഞ്ഞുമനസ്സിന്റെ വിള്ളലുകളിലേയ്ക്ക് അത് ഒരു നീറ്റൽ ആയി ആഴ്ന്നിറങ്ങി.
പിന്നീടൊരിക്കൽ മുത്തശ്ശി ആരോടും പറയാതെ കണ്ണുകളടച്ചപ്പോൾ, അറിയാതെ അവൾ ചോദിച്ചു ” മുത്തശ്ശി ഇനി പാലമരത്തിലാണോ ഉറങ്ങുന്നത്.” അത് കേട്ട് എല്ലാവരും അവളെ കണ്ണുരുട്ടി പേടിപ്പിച്ചു. ചിലർ മുഖം പൊത്തി ചിരി അടക്കാൻ ശ്രമിച്ചു.പിന്നെ എല്ലാ ദിവസവും അവൾ പാലമരച്ചുവട്ടിൽ മുത്തശ്ശി വരുമോയെന്നറിയാൻ എത്തി. മുത്തശ്ശിയോടൊപ്പം അവരുടെ യക്ഷികളെയും അവൾക്ക് നഷ്ടപെട്ടുവെന്ന് വേദനയോടെ അവൾ തിരിച്ചറിഞ്ഞു.
പാലപ്പൂക്കളോടും അവരുടെ അഥിതികളോടുമുള്ള ഇഷ്ടം അവളോടൊപ്പം വളർന്ന് പാലമരത്തോളമായ്. അവയുടെ തോഴിമാരുടെ കൂർത്ത പല്ലുകൾ അവളെ ഭയപ്പെടുത്തിയില്ല. കാരണം മുത്തശ്ശിയുടെ കഥകളിലെ യക്ഷികൾ മനുഷ്യനെ പേടിപ്പിക്കാൻ മാത്രം ശക്തിയുള്ളവർ ആയിരുന്നു. ജീവിതത്തിൽ ഒരുപാട് പേടിച്ച്, ജീവിതത്തോട് തന്നെ പേടി തോന്നി അതവസാനിപ്പിച്ചവരാണ് മിക്കവരും. കണ്ണീർ പുഴയുടെമീതെ ജീവിതപാലത്തിലൂടെ നടക്കുമ്പോൾ ഒറ്റയ്ക്കാണെന്നറിഞ്ഞപ്പോൾ , കാലുകൾ വിറച്ച് വെള്ളത്തിൽ വീണവരാണ് അതിൽ കൂടുതൽ. നീന്തൽ അറിഞ്ഞിട്ടും അക്കരെ എത്താതെ കുട്ടിക്കളി കാണിച്ചവരും ഇല്ലേ അവർക്കിടയിൽ.അവരെയെന്തിന് പേടിക്കണം എന്നാണ് അവൾക്ക് തോന്നിയത്.
നാരായണി ഏടത്തിയുടെ ഭർത്താവ് അവരെ നിരന്തരം ഉപദ്രവിച്ചിരുന്നു. അവസാനം അവരെ അയാൾ കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് മുത്തശ്ശി പറഞ്ഞത്. അതുകൊണ്ട് തന്നെ അയാളെ പേടിപ്പിച്ചതിൽ അവൾ എന്നും നാരായണി ഏടത്തിയുടെ! അല്ല യക്ഷിയുടെ ഭാഗത്തായിരുന്നു.
സുന്ദരികൾക്കായി ചില്ലകൾ പൂത്തു കാത്തിരുന്ന പാലമരങ്ങൾ അച്ഛന്റെ നിർബന്ധത്തിൽ വെട്ടി നശിപ്പിക്കപ്പെട്ടു. ഇനി അവർ എവിടെ പോകുമെന്ന ചിന്ത അവളെ വല്ലാതെ കുഴപ്പിച്ചു. സംശയ നിവാരണത്തിനായി അവൾ അയൽവീട്ടിൽ കൂട്ടുകാരിയുടെ അടുത്തെത്തിയപ്പോൾ, കൂട്ടുകാരിയുടെ ഭയന്ന് വിറച്ചുള്ള നോട്ടവും അവളെ തട്ടിമാറ്റി ഓരോട്ടവും കണ്ട് അവൾ ചിരി നിർത്താതെ വീട്ടിലേയ്ക്ക് മടങ്ങി.
അവളുടെ പുസ്തകങ്ങളിലെ ഓരോ കഥകളും വെളുത്ത സാരിയിൽ മുത്തശ്ശിയാണ് വായിച്ചു കേൾപ്പിച്ചിരുന്നത്. പലപ്പോഴും മുത്തശ്ശി എവിടാണ് ഉറങ്ങുന്നതെന്ന് ചോദിക്കാൻ തുടങ്ങുമ്പോൾ കഥ അവസാനിപ്പിച്ച് അവർ മടങ്ങും. നിറങ്ങൾ ഇല്ലാത്ത ലോകത്തെ കുറിച്ച് ചോദിക്കാൻ പിന്നെ അവൾ തുനിഞ്ഞില്ല. കാരണം കഥ പൂർത്തിയാക്കാതെ മുത്തശ്ശി പോയാലോ? മുത്തശ്ശിയുടെ ചുമന്ന് തുടുത്ത ചുണ്ടുകളിലേയ്ക്ക് അവൾ കണ്ണിനെ ഉറപ്പിക്കും, ചോദ്യങ്ങളോ, ചോദ്യം ചെയ്യലുകളോ ഇല്ലാതെ അക്ഷരങ്ങൾക്കൊപ്പം വള്ളികളിൽ തൂങ്ങി, വലയങ്ങളിൽ അകപ്പെടാതെ അല്പവിരാമത്തോടെ ഉദ്ധരണികൾക്കൊപ്പം അവളും സഞ്ചരിക്കും. വഴികളിലെല്ലാം കുറേ സുന്ദരികൾ അവരുടെ ജീവിതം പറഞ്ഞ് കൊണ്ടിരിക്കും. അതിൽ തകർന്ന സ്വപ്നങ്ങളുടെ ആശ്ചര്യ ചിഹ്നങ്ങൾ മുന്നിട്ട് നിന്നിരുന്നു. തനിക്കായ് മാത്രം ഒരു ദിവസമെങ്കിലും ജീവിക്കാൻ കഴിയാതെ, ജനനിയാകാതെ, ത്യാഗിയെന്ന ചൊല്ല് തിരുത്തീടാതെ മരണത്തിന്റെ കുരുക്കിൽ പെട്ട പെൺവിതുമ്പലുകളായിരുന്നു അവയെല്ലാം.
‘പാലമരവും യക്ഷിയും’ എന്ന വിഷയത്തിലുള്ള ഗവേഷണം അവസാനിപ്പിക്കാനാണ് പാലമരം വെട്ടിനശിപ്പിച്ചതെന്നും ഇനിയും ഇത് നിർത്തിയില്ലെങ്കിൽ അവൾ വായിക്കുന്ന പുസ്തകങ്ങൾ കത്തിച്ചു കളയുമെന്ന അച്ഛന്റെ താക്കീതിൽ അവൾ ഒട്ടും ഭയന്നില്ല. കുറ്റവാളിയെ പോലെയുള്ള അവരുടെ നോട്ടത്തിന്റെ ഗതി പതുക്കെ മാറി തുടങ്ങി. മാറാരോഗിയായി തീർന്ന മകളെയോർത്ത് അച്ഛൻ എന്നും പരിഹാരങ്ങൾ ചെയ്തുകൊണ്ടിരുന്നു.
താനും, അക്ഷരങ്ങളും ഒരിക്കലും ഒരു രോഗത്തിനും അടിമകളല്ലെന്ന് അവൾ മുറിയുടെ നാല് ചുവരുകളിലും എഴുതി. സദാസമയവും താൻ നീരീക്ഷിക്കപ്പെടുകയാണെന്ന് തിരിച്ചറിയാതെ വെളുത്ത ചുമരിൽ പതിഞ്ഞ ചുമന്ന അക്ഷരങ്ങൾ അവൾ ഉറക്കെ ഇടയ്ക്കിടെ വായിക്കുമായിരുന്നു. ഒരിക്കൽ മുറിയിലോട്ട് തള്ളികയറി വന്ന അമ്മയ്ക്ക് ചുമരിൽ പതിഞ്ഞ ആ ചുമന്ന വാചകങ്ങൾ കണ്ണിൽപ്പെടുന്നതിനു മുൻപ്, തലച്ചോറിൽ ഉണങ്ങിയ രക്തത്തിന്റെ കുത്തൽ അനുഭവപ്പെട്ടു.പക്ഷേ അവൾക്കത്, മുത്തശ്ശിയോടൊപ്പം കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ഓരോ കഥാപാത്രവും അവളിലേയ്ക്ക് നിശ്വസിച്ച കാറ്റിന്റെ മണമായിരുന്നു. മുത്തശ്ശിയുടെ ചുണ്ടിൽ നിന്നും അതെ മണമായിരുന്നു പുസ്തകങ്ങളിലേയ്ക്ക് പ്രവഹിച്ചിരുന്നത്.യക്ഷികളുടെ നെടുവീർപ്പും അട്ടഹാസവും ദയനീയതയും അലഞ്ഞ പുസ്തകതാളുകളിലെ അതേ മണം മയക്കുമരുന്ന് പോലെ അവൾക്ക് ലഹരി നൽകിയിരുന്നു.
മേശയ്ക്കുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന ചെറിയ ബ്ലേഡ് അമ്മ പിടിച്ചെടുത്തു പുറത്തേയ്ക്ക് പാഞ്ഞു. മയക്കുമരുന്ന് ലഭിക്കാതെ ഭ്രാന്ത് പിടിച്ച ലഹരിക്കാരിയെ പോലെ അവൾ അലറി വിളിച്ചു. രാത്രി അമ്മ അവൾക്ക് കൂട്ടിനായി എത്തിയെങ്കിലും അവൾ ആരെയും അകത്തു കയറ്റിയില്ല. വാതിലടച്ച് അവൾ പുസ്തകതാളുകൾ വേഗത്തിൽ മറിച്ചും തിരിച്ചും നോക്കി.
പുസ്തകതാൾ അവസാനിക്കുമ്പോൾ അതിലെ നായികയായ നീലിമയെ അവൾ വളരെയധികം ഇഷ്ടപ്പെട്ടു. വേലക്കാരിപെണ്ണുമായി നീലിമയ്ക്കുണ്ടായ അരുതാത്ത ബന്ധം നാട്ടിൽ പാട്ടായപ്പോൾ അവൾ ഉത്തരത്തിൽ തന്റെ സൗന്ദര്യം അവസാനിപ്പിച്ചു. നീലിമയുടെ ഓരോ കാലടികളും, സംഗീതവും അവളെ ഭ്രമിപ്പിച്ചു.
നീലിമയുടെ കണ്ണുകൾ നിറയുമ്പോൾ പോലും അതിൽ ഒളിച്ച ഒരു നിശബ്ദ സംഗീതത്തിന്റെ ഈരടികൾ അവൾ ആസ്വദിച്ചു. നീലിമയുടെ പെൺകൂട്ടുകാരിയോട് അവൾക്ക് അതിയായ ദേഷ്യവും തോന്നി. അക്ഷരങ്ങൾ നീലിമയുടെ ഭംഗി വർണ്ണിക്കുമ്പോൾ അവളെ നേരിൽ കാണാൻ വല്ലാതെ മോഹിച്ചു.
പാലപ്പൂവിന്റെ ഗന്ധം ചെറുതായി അവളെ തഴുകി. പുറത്ത് അതി ശക്തമായി കാറ്റ് വീശുന്നുണ്ടായിരുന്നു. തംബുരുവിന്റെ സംഗീതത്തോടൊപ്പം ആരോ മൂളുന്നുണ്ട്. വേഗത്തിൽ കറങ്ങുന്ന ഫാൻ അവൾ
ഓഫ് ചെയ്തു. അവൾ അത് കറങ്ങി തീരുംവരെ അക്ഷമയോടെ അതിൽ നോക്കി നിന്നു. പിന്നെ വെള്ള സാരി കഴുത്തിലൂടെ മാലയാക്കി അടുത്ത കഥയിലെ നായികയാകാൻ ഒരുങ്ങി.
ഇത്ര വൈകിയിട്ടും എന്തേ തന്റെ വീട്ടിൽ ആരും ഉറങ്ങിയില്ല ഇതുവരെ. അവൾ പതുക്കെ പടികൾ കയറി വീട്ടിലേയ്ക്ക് കടന്നു. പൂജാമുറിയുടെ അടുത്തുള്ള ചെറിയ മുറിയിൽ അവളുടെ ചിരിക്കുന്ന മുഖത്തിന്റെ മുമ്പിൽ നിലവിളക്ക് കത്തുന്നു. അവിടെ നിലത്ത് വിരിച്ചിരിക്കുന്ന പായയിൽ അവൾ ചുമന്ന പാവാടയും ബ്ലൗസും അണിഞ്ഞു ഉറങ്ങുന്നു.
അവൾ തന്റെ ദേഹത്തേയ്ക്ക് നോക്കിയപ്പോൾ വെളുത്ത നിറത്തിലുള്ള സാരി. നിലം മുട്ടുന്ന ചുരുണ്ട മുടിയിഴകൾ. പാദം ഭൂമിയെ സ്പർശിക്കാതെ വായുവിൽ തന്നെ നിൽക്കുന്നു. പാലപ്പൂക്കളുടെ ഗന്ധം തേടി അലയുന്ന കുറേ പെൺ ആത്മാക്കൾക്കൊപ്പം മനസ്സിൽ യക്ഷിയാകാനുള്ള മോഹം സഫലമാക്കി അവൾ യാത്ര തുടങ്ങി .പാല മരം തേടിയുള്ള അവളുടെ അലച്ചിൽ എന്നവസാനിക്കുമെന്നറിയില്ല.
പക്ഷേ അവൾക്ക് ഒന്നറിയാമായിരുന്നു. അച്ഛനും അമ്മയും തന്നെ വേളികഴിപ്പിക്കാൻ തിടുക്കം കൂട്ടിയതുകൊണ്ടാണ് താൻ നീലിമയെ തേടിയെത്തിയത്. അന്നൊരിക്കൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന ഒരു ദിവസം അയലത്തെ ശങ്കരൻ അടുത്ത് കൂടി ശരീരത്തിൽ തലോടിയപ്പോൾ അവനിൽ നിന്ന് വമിച്ച ദുർഗന്ധം സഹിക്കാതെ അവൾക്ക് ഓക്കാനം വന്ന് പിന്നെ ശ്വാസതടസ്സം ആയി. അയാൾ പെട്ടന്ന് പേടിച്ചോടി ഒന്നുമറിയാത്ത മട്ടിൽ അച്ചനെ വിളിച്ചു. അവൾ എന്തോ കണ്ട് പേടിച്ചതാന്ന് ശങ്കരൻ പറഞ്ഞു നടന്നു. പക്ഷേ അവൾക്ക് ശരിക്കും മനുഷ്യ മണം പിടിക്കില്ലെന്ന് അയാൾക്കുണ്ടോ അറിയൂ! മനസ്സിൽ എന്നും മുത്തശ്ശിയുടെ യക്ഷികൾ ആയിരുന്നെങ്കിലും അതിൽ നീലിമയോട് അവൾക്ക് അടങ്ങാത്ത ആവേശമായിരുന്നു.
മഞ്ഞളിൽ കുളിച്ച്, ചന്ദനത്തിന്റെ ലേപനം പൂശി, മുല്ലപ്പൂക്കൾകൊണ്ട് മുടി അലങ്കരിച്ച് പാടി നടന്ന നീലിമയായിരുന്നു അവളുടെ നായിക. അച്ഛന്റെ പൂജകളൊന്നും അവൾക്ക് ഏറ്റില്ല. യുവതിയായ അവൾ യക്ഷിയായി, യക്ഷിയുമായി ജീവിക്കാൻ തീരുമാനിച്ചു.
അന്തരീക്ഷത്തിൽ കുറച്ച് സമയം ഒരു നേരിയ പാട്ടിന്റെ മൂളലും കരികിലകളുടെ നൃത്തവും തങ്ങി നിന്നു.വായുവിൽ രണ്ട് പെൺ ഉടലുകൾ തമ്മിൽ ആലിംഗനം ചെയ്തപ്പോൾ,അവർ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത രണ്ട് വെള്ള പെൺപക്ഷികൾ ആയി മാറി.പിന്നെ ഏതോ ഒരു പാലമരത്തിന്റെ കൊമ്പിൽ അവർ ഇണ ചേർന്ന് എവിടേയ്‌ക്കോ ഒരുമിച്ച് പറന്നകന്നു. പിന്നെ മുല്ലപൂവും ചന്ദനവും മഞ്ഞളും ചേർന്ന ഒരു ഗന്ധം പേറി കുറേ തൂവലുകൾ വായുവിൽ ലക്ഷ്യമില്ലാതെ പറന്നു നടക്കുന്നുണ്ടായിരുന്നു.
Post Views: 29


6 Comments
യക്ഷികളെ സ്നേഹിച്ച പെൺകുട്ടി. നല്ല ഭാഷയും ആഖ്യാന ശൈലിയും. വളരെ മനോഹരം.👌
Thank you
കൊള്ളാം അഞ്ജു♥️🌹
യക്ഷികളെ സ്നേഹിച്ച് യക്ഷിയായ പെൺകുട്ടി♥️
വെള്ള സാരിയും പാലപ്പൂ മണവും ചുവന്ന ചുണ്ടുകളും …….നമ്മുടെ യക്ഷി സങ്കല്പം തന്നെ
ഞങ്ങളുടെ കുട്ടിക്കാലത്തൊക്കെ ഈ യക്ഷികളിരിക്കുന്ന യക്ഷിപ്പന കണ്ടാൽ ഓടുമായിരുന്നു♥️♥️
Spectrophilia എന്ന മനോരോഗത്തെയും ലെസ്ബിയൻ പക്ഷികളെയും ഉൾക്കൊള്ളിച്ചു ട്രൈ ചെയ്തതാണ്.
അഭിപ്രായം പറഞ്ഞതിൽ സന്തോഷം ടീച്ചർ.❤️
അഞ്ജു, നന്നായിരിക്കുന്നു. ആകെ ഒരു പാലപ്പൂമണം വന്നു നിറയുമ്പോലെ. യക്ഷിയെ സ്നേഹിച്ച പെൺകുട്ടി എന്ന ആശയം നന്നായി Convey ചെയ്തു. അഭിനന്ദനങ്ങൾ.👏👏❤️
Thank you 😊