നല്ല തണുപ്പുള്ള ചില്ലുപെട്ടിയിൽ, സമാധാനമായി നീണ്ടുനിവർന്നു കിടക്കുന്നതൊരു സുഖം തന്നെയാണ്. ഇപ്പോഴെനിക്ക് എല്ലാരെയും നന്നായി കാണാം.
അതും ഏറെയിഷ്ടപ്പെട്ട വെള്ളയും ചുവപ്പും റോസപ്പൂക്കൾ വിരിച്ച ഒരു മെത്തയിൽ! മുടിയിൽ ചൂടാൻ ഒരു റോസപ്പൂ കിട്ടിയെങ്കിലെന്ന് എത്ര കൊതിച്ചിട്ടുള്ളതാ. ഇപ്പോഴോ, ‘ ഒരു പൂചോദിച്ചാൽ ഒരു വസന്തം തന്നെ തരും’ എന്നാർക്കോ നിർബ്ബന്ധമുള്ളപോലെ, വെള്ള സാറ്റിൻതുണിയിലാകെ റോസാപൂക്കൾ വിരിച്ചിരിക്കുന്നു.
ആൾക്കൂട്ടത്തിൽ നിന്നും അടക്കിപ്പിടിച്ച തേങ്ങലുകളും,നെടുവീർപ്പുകളും കേൾക്കുന്നുണ്ട് . “കുട്ടികളില്ലാത്ത എത്രയോ ആൾക്കാരുണ്ട്. ആരെങ്കിലും ഈ കുഞ്ഞിനെ നോക്കുമായിരുന്നേല്ലോ” ചില അമ്മമാരുടെ ഗദ്ഗദം തുളുമ്പുന്ന വാക്കുകൾ കാതിലെത്തുന്നു. എന്നെ കാണാൻ ക്യൂ നില്ക്കുന്ന ചിലരൊക്കെ കണ്ണുതുടയ്ക്കുന്നു മുണ്ട്.
കുറച്ചുമാറി ഒരു കസേരയിൽ അച്ഛൻ, താടിയ്ക്കു കൈ കൊടുത്ത് കുനിഞ്ഞിരിക്കുകയാണ്. ആ ഇരിപ്പു കണ്ടാൽ പാവം തോന്നും . എനിക്കച്ഛനെയൊന്ന് കെട്ടിപ്പിടിക്കണമെന്നുണ്ട്. പക്ഷേ പറ്റില്ലല്ലോ. അച്ഛൻ്റെ മനസ്സിലിപ്പോൾ എന്തായിരിക്കും? ഒരു പക്ഷേ, ഞാൻ ഇല്ലാത്തതിനാൽ ആശ്വാസമായിട്ടുണ്ടാവും. ഇളയമ്മയെ പുറത്തെങ്ങും കാണാനേയില്ല. ചിലപ്പോൾ അകത്ത് ബെഡ് റൂമിലാവും.
ചില്ലുപെട്ടിയിലെ തണുപ്പിലങ്ങനെ കിടക്കുമ്പോൾ താൻ കടന്നുപോന്ന കയ്പുനിറഞ്ഞ അനുഭവങ്ങൾ ഓരോന്നായി അവളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.
അമ്മ അവളെയുമെടുത്ത് പുഴയിൽ ചാടിയ ആ രാത്രി! ഓർക്കുമ്പോൾ തന്നെ പേടിയാകും.അവൾ മാത്രമാണന്ന് രക്ഷപെട്ടത്. ആ സംഭവത്തിനു ശേഷം മകളോട് കുറച്ചൊരിഷ്ടമൊക്കെ അച്ഛൻ കാണിച്ചുതുടങ്ങി. ഇടയ്ക്കാക്കെ മുട്ടായിയും കളർ പെൻസിലുമൊക്കെ വാങ്ങിക്കൊടുത്തു. വീട്ടിലെ മറ്റു കാര്യങ്ങളൊക്കെ തൊട്ടടുത്തുള്ള ഒരു അമ്മച്ചിയാണ് നോക്കിയിരുന്നത്. പക്ഷെ അവരൊരിക്കലും അവളെ ശ്രദ്ധിച്ചിരുന്നേയില്ല. എപ്പോഴും പരാതി പറഞ്ഞു നടക്കുന്ന ഒരാളായിരുന്നു അവർ. അതിനാൽ വീടിനേക്കാൾ അവൾക്കു പ്രിയപ്പെട്ടത് അവളുടെ സ്കൂളും രാജിടീച്ചറും ആയിരുന്നു.അവിടെ കൂട്ടുകാരൊത്തുള്ള കളികളും ടീച്ചർമാരുടെ കരുതലുമൊക്കെ അവളിലെ സ്വപനങ്ങൾക്കു നിറമേകി. ആ കുഞ്ഞു മനസ്സിലെ മുറിവുകളൊക്കെ ഏതാണ്ട് മാഞ്ഞു തുടങ്ങിയ സമയത്താണ് ‘മോൾക്ക് പുതിയൊരമ്മ’ എന്നു പറഞ്ഞ് അച്ഛൻ ആ സ്ത്രീയെ കൊണ്ടുവന്നത്. വിടർന്ന ചിരിയുമായാണവർ വന്നു കയറിത്. അച്ഛൻ കൊണ്ടുവന്ന വെളുത്ത സുന്ദരിയായ അമ്മയെ അവൾക്കും ഒറ്റനോട്ടത്തിൽ തന്നെ വളരെ ഇഷ്ടമായി.
പക്ഷേ അവരുടെ വരവ്, അവളുടെ ജീവിതത്തിൽ കൂടുതൽ ഇരുട്ടു പരത്തി.പയ്യെപ്പയ്യെ കാര്യങ്ങൾ മോശമായി. അച്ഛൻ മകളെയൊന്നു വിളിക്കുന്നതു പോലും അവർക്കിഷ്ടപ്പെടാതായി. അച്ഛനിലും വലിയ മാറ്റങ്ങളുണ്ടായി. അവളുടെ അമ്മയുടെ മുന്നിൽ പുലിയായിരുന്ന ആൾ ഇപ്പോളൊരു പൂച്ചക്കുട്ടിയായിരിക്കുന്നു. ഏതാണ്ട് അവരുടെ മുന്നിൽ അടിയറവു പറഞ്ഞൊരവസ്ഥ ! അവളായിരുന്നു അവരുടെയിടയിലെ സ്വൈര്യക്കേട്. ഇളയമ്മയുടെ ശകാരവും അവഗണനയും ഓരോ ദിവസവും കൂടി വന്നു.”ജാൻവീ…” എന്ന് ഇളയമ്മ പല്ലു കടിച്ച് വിളിക്കുമ്പോൾ തന്നെ, ജീവൻ പോകുമായിരുന്നു. വിശപ്പുതീരെ , ഭക്ഷണംകിട്ടുന്ന നേരങ്ങൾ അപൂർവ്വങ്ങളായി. പറയുന്ന കാര്യങ്ങൾ ഉടനടി ചെയ്തില്ലെങ്കിൽ നല്ല അടിയും കുത്തുവാക്കും കിട്ടും. അവളുടെ മെലിഞ്ഞിരുണ്ട ശരീരം അടിയുടെ തിണർത്ത പാടുകളാൽ കൂടുതൽ കരുവാളിച്ചു .ആ സ്ത്രീ അവളെ ഒരു അശ്രീകരം പോലെ പാടേ ഒഴിവാക്കിനിർത്തി. ഒരേഴു വയസ്സുകാരിക്ക് എത്ര നാൾ പിടിച്ചു നിൽക്കാനാവും. ആരോടെങ്കിലും പറഞ്ഞാൽ ‘വച്ചേക്കില്ല’ എന്ന ഇളയമ്മയുടെ ഭീഷണിയിൽ അവളെല്ലാം മനസ്സിലൊതുക്കി.
ഓർമ്മകൾ ഓരോന്നായി കൺമുമ്പിലേക്ക് വരുകയാണല്ലോ.
അഞ്ചു വർഷം മുമ്പാണത്രേ അമ്മ തന്നെയുമെടുത്ത് പുഴയിലേക്ക് ചാടിയത്. ചുഴികൾ നിറഞ്ഞ ആ പുഴയിൽ നിന്നും ജാൻവി എന്ന ആ മൂന്നുവയസ്സുകാരി അത്ഭുതകരമായി രക്ഷപെട്ട കഥയൊക്കെ പത്രങ്ങളും ചാനലുകളുമൊക്കെ ശരിക്കും ആഘോഷിച്ചിരുന്നു. ഭാഗ്യത്തിന് താൻ രക്ഷപെട്ടല്ലോ എന്നോർത്ത് അന്ന് എത്ര സന്തോഷമായിരുന്നു. അമ്മ എന്നെയും കൊണ്ട് പുഴയിലേക്ക് ചാടിയതിൽ അമ്മയോട് നല്ല ദേഷ്യവും തോന്നിയിട്ടുണ്ട്. പക്ഷേ ഇന്നിപ്പോൾ ആ ദേഷ്യമൊന്നുമില്ല. പാവം അമ്മ! നിൽക്കക്കള്ളിയില്ലാതെ ചെയ്തുപോയതല്ലേ.
ഇന്നലെ അച്ഛൻ പറഞ്ഞ വാക്കുകൾ എനിക്കോർക്കാൻ കൂടി വയ്യ. പൊളളുന്ന ശാപവാക്കുകൾ! അവയങ്ങനെ ചെവിക്കു ചുറ്റും മൂളിപ്പറക്കുകയാണ്.
” നാശം പിടിച്ചവൾ! തള്ളയോടൊപ്പം അന്നങ്ങ് തീർന്നാൽ മതിയാരുന്നു”
ഇളയമ്മയുടെ ശകാരം കേട്ട്, സഹികെട്ട് അച്ഛനങ്ങനെ പറഞ്ഞതാവാം. എന്നാലും ആ വാക്കുകൾ, വണ്ടുകളുടെ മുരൾച്ച പോലെ ചെവിയിൽ മുഴങ്ങുന്നു.
പിന്നീടൊന്നും ഓർത്തില്ല. .എന്തിനെന്നോ എങ്ങോട്ടെന്നോ അറിയാതെയാണ് ജാൻവി ആ പുഴക്കരയിൽ ഓടിയെത്തിയത്.
പണ്ടൊരിക്കൽ അവളെ വേണ്ടെന്നു വച്ചതാണീപ്പുഴ.
പുഴക്കരയിലെത്തിയപ്പോൾ,വെള്ളത്തിലുള്ള പാറക്കെട്ടിനടുത്തേക്ക് പോകണമെന്നവൾക്കു തോന്നി. നിരങ്ങി , നിരങ്ങി അതിൽ കയറിയിരുന്ന് പതുക്കെ വെള്ളത്തിലേയ്ക്ക് കാലിട്ടു.പാദങ്ങൾ കൊണ്ട് വെള്ളത്തിൽ കുഞ്ഞു വൃത്തങ്ങൾ വരച്ചു. കുഞ്ഞോളങ്ങൾ അവളുടെ പാദങ്ങളിൽ ഉമ്മ വയ്ക്കുന്നത് കൗതുകത്തോടെ നോക്കിയിരുന്നു. ഏതാനും കുഞ്ഞുമീനുകൾ അവളുടെ കണങ്കാലിലെ മുറിവിൽ വന്നു കൊത്തി ഇക്കിളിയാക്കി. ഒരമ്മയുടെ കൈകൾ കരുതലോടെ മുറിവിൽ തലോടുന്ന പോലെ അവൾക്കു തോന്നി.
കണ്ണീരുണങ്ങി ചാലു വീണ തൻ്റെമുഖം അവൾ അമർത്തിത്തുടച്ചു. പിന്നെയും മുന്നോട്ടാഞ്ഞിരുന്ന് മീനുകൾക്കു കൊത്താനായി കാലുകൾ കുറെക്കൂടി വെള്ളത്തിലേക്കാഴ്ത്തി. പെട്ടെന്നേതോ ഒരു മണം അവളെ, അടിമുടി പൊതിയുന്നതായി തോന്നി. അതു തൻ്റെ അമ്മയുടെ മണമാണെന്നവൾ തിരിച്ചറിഞ്ഞു.ആ ഗന്ധം കിട്ടാൻ അവൾ ആഞ്ഞു ശ്വാസം വലിച്ചു.അഞ്ചു വർഷംമുൻപ് അവളെയും കൊണ്ട് ഈ പുഴയിലേക്കു ചാടിയ അമ്മ! ‘അമ്മ തൻ്റെ തൊട്ടടുത്തുണ്ടോ? സന്ദേഹിച്ചവൾ ചുറ്റും നോക്കി.
അവളെയുമെടുത്ത് അമ്മ ഒരു കൊടുങ്കാറ്റുപോലെ, ഈ പുഴക്കരയിലേക്ക് ഓടിയതിൻ്റെ ഒരു പാട മൂടിയ ഓർമ്മ മനസ്സിൽ നീറിപ്പിടിച്ചു.
നിത്യവും മദ്യപിച്ചെത്തുന്ന അച്ഛൻ.അമ്മയുടെ സൗന്ദര്യത്തെയും നിറത്തെയും വീട്ടുകാരെയും പറഞ്ഞുളള അപമാനിക്കൽ. “എവിടെങ്കിലും പോയി ചത്തൂടെ” എന്ന സ്ഥിരം പല്ലവി. തടവറയിലെന്ന പോലുള്ള അമ്മയുടെയും മകളുടെയും ജീവിതം. പോരാത്തതിന് ‘അമ്മയെ പോലെ തന്നെ കാക്കച്ചി മോളും | എന്നു പറഞ്ഞ് മകളോടുള്ള അവഗണനയും. ഇതൊക്കെയാ വീട്ടിലെ നിത്യസംഭവങ്ങളായിരുന്നു.
അങ്ങനെയിരിക്കെ ഒരു രാത്രിയിൽ അച്ഛനെത്തുമ്പോൾ, സിറ്റൗട്ടിൻ്റെ അരമതിലിൽ അമ്മ തന്നെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുകയായിരുന്നു. തലവേദനയായതിനാൽ ഗുളികയും കഴിച്ചു കിടന്നതാണ്. വന്നപാടെ ഭ്രാന്തുപിടിച്ച പോലെ ആക്രോശിച്ചു കൊണ്ട്,അച്ഛൻ അമ്മയെ സിറ്റൗട്ടിൽ നിന്നും വലിച്ചു പുറത്തേക്കെറിഞ്ഞു. അമ്മയുടെ കാലിൽ ചുറ്റിപ്പിടിച്ചിരുന്ന ആ മൂന്നു വയസ്സുകാരിയായ ഞാനും ഒപ്പം വലിച്ചെറിയപ്പെട്ടു. ബോധം കെട്ടുപോയ എന്നെയും വാരിയെടുത്ത് അമ്മ എങ്ങോട്ടെന്നില്ലാതെ ഓടിയെത്തിയത് ഈ പുഴക്കരയിലാണ്. ‘എനിക്കിങ്ങനെ ജീവിക്കാൻ വയ്യ, വയ്യാ ‘യെന്ന് ആ മനസ്സ് ഒരായിരംവട്ടം പറഞ്ഞിട്ടുണ്ടാവാം. ആർദ്രമായ പുഴ ഒരു അഭയമാകുമെന്ന് കരുതിയായിരിക്കാം പുഴയിലേക്ക് അമ്മ എന്നെയും കൊണ്ട് ചാടിയത്. പക്ഷേ അമ്മയുടെ മുറിവുകളും യാതനകളും മാത്രമേ ഈ പുഴ ഏറ്റെടുത്തതുള്ളു. എന്നെയോ ! ആ പുഴക്കരയിലെ ഈറ്റക്കാട്ടിൽ ഉപേക്ഷിച്ചു തിരിഞ്ഞു നോക്കാതെ മുന്നോട്ടൊഴുകിപ്പോകുകയും ചെയ്തു. മീൻപിടിക്കാനെത്തിയ ആരോ ആണത്രേ ആശുപത്രിയിലെത്തിച്ച് രക്ഷപെടുത്തിയത്.
ഇതിപ്പോൾ രണ്ടാംവരവാണ്. അതും തനിച്ച് !
അമ്മയുടെ ജീവനെടുത്ത പുഴയെ ഇത്രയും നാൾ എനിക്കു പേടിയായിരുന്നു.പക്ഷെ ഇപ്പോഴെനിക്ക് ഒരു പേടിയുമില്ല. അമ്മ കൂടെയുള്ള പോലെ.
തെളിഞ്ഞ വെള്ളത്തിലേക്ക് അവൾ കാലുകൾ അല്പം കൂടി താഴ്ത്തി. അമ്മയുടെ കൈകൾ ബലമായി പിടിച്ചിട്ടുണ്ടെന്ന വിശ്വാസത്തിൽ ആ പാറയിൽ നിന്നും ഊർന്നിറങ്ങി. നല്ല ഐസു പോലെ തണുത്ത വെള്ളം! ഇപ്പോൾ മീനുകൾ കൊത്തി രസിക്കുന്നതു തൻ്റെ തുടയിലെ മുറിവിലാണ്. ആകെ ശരീരം വിറയ്ക്കുന്ന പോലെ! മനസ്സിലിത്തിരി പേടി തോന്നിയോ? വേണ്ട അമ്മകൂടെയുണ്ടല്ലോ. കണ്ണടച്ചു പിടിച്ച് മുന്നോട്ടു നീങ്ങിയപ്പോൾ പെട്ടെന്നാരോ വലിച്ചിട്ടപോലെ ഒരു ചുഴിയിലേയ്ക്കാണ് പോയത്. അതിവേഗം അതിൽ ചുറ്റിക്കറങ്ങിയതു മാത്രം ഓർമ്മയുണ്ട്. കറക്കം അവസാനിച്ചപ്പോൾ, എല്ലാവരുടെയും മുന്നിൽ ദേ… ഈ ചില്ലുപെട്ടിയിൽ നീണ്ടു നിവർന്ന് കിടക്കുകയാണ്. അവളാശ്വസിച്ച, അമ്മയെ പോലെ താനും രക്ഷപെട്ടിരിക്കുന്നു.
ചില്ലുപെട്ടിയിലെ കുളിരിൽ കിടക്കുമ്പോൾ വീണ്ടും ഓരോന്നോർത്തു പോകുകയാണ്.
ഇനിയെൻ്റെ ടീച്ചർമാരും കൂട്ടുകാരും കൂടി വന്നു പോയാൽ എനിക്കു സ്വസ്ഥമായി പോകാം.
അതാ… എൻ്റെ കൂട്ടുകാരും ടീച്ചറമ്മാരുമൊക്കെ വരുന്നുണ്ടല്ലോ.അവരുടെ കൈയ്യിലും പൂച്ചെണ്ടുണ്ട്. ആദിത്യയും അനാമികയും രോഹനുമൊക്കെ എന്നെ കൗതുകത്തോടെ നോക്കുന്നു. ശ്രേയടീച്ചർ വിതുമ്പുന്നു. രാജിടീച്ചറെവിടെ? അവളുടെ കണ്ണുകൾ ചുറ്റുപാടും പരതി.പിന്നിലായി മൂന്നാലു പേർ നിൽക്കുന്നുണ്ടല്ലോ. അതു നഴ്സ് മാരാണ്. പിന്നിൽ നിന്നും നെറ്റിയിലാരോ അമർത്തി ഉമ്മ വയ്ക്കുന്നു. കണ്ണുനീരിൻ്റെയുപ്പ് ചുണ്ടിൽ പടരുന്നു ഞാനെവിടെയാണ്? എൻ്റെ കൈയ്യിലാരാണീ ട്യൂബൊക്കെയിട്ടത് ? ഞാൻ ശരിക്കും മരിച്ചില്ലേ? എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്. എന്നാൽ ചോദ്യങ്ങളെല്ലാം തൊണ്ടയിൽ കുരുങ്ങി.അപ്പോൾ ചെവിയിൽ രാജി ടീച്ചറുടെ ആർദ്രമായ ശബ്ദം കേട്ടു ” ജാൻവീ…എൻ്റെ കുഞ്ഞേ, കണ്ണു തുറന്നേ… നീ എന്തു പണിയാ കാണിച്ചേ? ഞങ്ങളെയൊക്കെ പേടിപ്പിച്ചു കളഞ്ഞല്ലോ ! മോൾ എവിടാന്നറിയോ? ഐ.സി.യുവിലാണ് കേട്ടോ? ” ടീച്ചർ ബ്ലാങ്കറ്റ് എടുത്ത് ജാൻവിയ്ക്ക് തണുക്കുന്നുണ്ടാവും എന്നു പറഞ്ഞ് അവളുടെ നെഞ്ചുവരെ മൂടി. അവൾക്ക് സങ്കടം സഹിക്കാനാകുന്നില്ല. കണ്ണുകൾ ഒന്നുകൂടെ ഇറുക്കിയടച്ച് രാജി ടീച്ചറിൻ്റെ കൈയ്യിൽ മുറുക്കിപ്പിടിച്ചു. ടീച്ചർ അവളുടെ കവിളിൽ മുഖം ചേർത്ത് മന്ത്രിച്ചു.
“നിനക്ക് ഞാനുണ്ട്”
ഷേർലി വി.ടി.
വിഷയം : മുറിവ്


20 Comments
സ്നേഹം, സന്തോഷം Janet🥰💕
മനസ്സിൽ തട്ടിയ എഴുത്ത്..നന്നായിട്ടുണ്ട്..എത്രയോ കുഞ്ഞുങ്ങൾ ഇത് പോലെ വിഷമിക്കുന്നുണ്ടാവും
സ്വന്തം വീട്ടിൽ പോലും പല കുട്ടികളും സുരക്ഷിതരല്ലെന്നത് ഒരു യാഥാർത്ഥ്യമാണ്.💕 വായിച്ചതിന് സ്നേഹം നന്ദി🙏
താങ്ക്യൂ സബിത🥰💕
മനസ്സിൽ നൊമ്പരമുണർത്തിയെങ്കിലും അവസാനം ആശ്വാസമായി♥️.
നല്ല കഥ👌
മനോഹരമായ എഴുത്ത്♥️👌🌹
എൻ്റെ ചെറിയ എഴുത്തുകൾ വായിക്കപ്പെടുന്നതിൽ സന്തോഷം സുമാ❤️🥰
.ചെറിയ കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടണമെന്ന് മനസ്സിൽ പ്രാർത്ഥിച്ചാണ് വായിച്ചത്. നല്ല കഥാന്ത്യം.👌❤️
യാഥാർത്ഥ്യങ്ങൾ പലപ്പോഴും അങ്ങനെയല്ലെങ്കിലും ഒരു കുഞ്ഞിനെ ജീവനറ്റു കാണാൻ മനസ്സു സമ്മതിക്കില്ല ജോയ്സ്🌹❤️🥰
വളരെ നന്നായിരിക്കുന്നു ചേച്ചി…❣️❣️❣️
വളരെ സന്തോഷം ഇലക്ടാ🥰💕
വായിച്ചപ്പോൾ ഒത്തിരി വിഷമം തോന്നി 😰
നല്ല എഴുത്ത് 👌👌
സന്തോഷംസുമാ🥰💕🙏
ഹൃദ്യമായ രചന
വായിച്ചപ്പോൾ ഒത്തിരി വിഷമം തോന്നി 😰
നല്ല എഴുത്ത് 👌👌
സന്തോഷം Sayara🌹🥰🙏
സന്തോഷം സുമാ 🌹🥰🙏
ഹൃദയ സ്പർശിയായ കഥ❤️
സ്നേഹം, സന്തോഷം Janet🥰💕
നല്ല കഥ ഷേർളി👌👌❤️❤️
താങ്ക്യൂ മൈഡിയർ🥰💕🌺