Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാല് സ്വർണ്ണവളകൾ
കഥ ജീവിതം ബന്ധങ്ങൾ

നാല് സ്വർണ്ണവളകൾ

By Sujatha SurendranNovember 3, 2025Updated:November 23, 202515 Comments10 Mins Read1,421 Views
Bookmark Now
Please login to bookmark Close

No account yet? Register

തലേന്ന് ഉണക്കാനിട്ട അയയിലെ തുണികൾ എടുക്കാൻ മുറ്റത്തേക്കിറങ്ങിയ ദേവകിയെ കണ്ട ശാന്തചേച്ചി നീട്ടി വിളിച്ച് ചോദിച്ചു, “ഇന്നെന്താ ആകെ തിടുക്കത്തിൽ ആണല്ലോ ദേവൂ..?”

ഇടത് കൈത്തണ്ടയും ചുമലും നിറയെ ഉണങ്ങിയ തുണികൾ തൂക്കി അതിർത്തി തിരിച്ച മുള്ളുവേലിക്ക് സമീപത്തേക്ക് ചെന്ന ദേവു പറഞ്ഞു,

“ങാ.. ശാന്തേച്ചി.. ഇത്തിരി തിരക്കാ ലക്ഷ്മിയും നന്ദനും ഇന്ന് ഇങ്ങോട്ട് വരും. ഉച്ചയൂണിനുണ്ടാവും.  രണ്ടൂസം ആയി അവർ ദുബൈയിൽ നിന്നും എത്തിയിട്ട്. പോട്ടെ. പണികൾ ഒക്കെ ബാക്ക്യാ. അടുക്കളേലും ഒന്നും കാലായിട്ട് ഇല്ല്യ …”

തിരിഞ്ഞ് നടന്ന് വീടിന്റെ ചവിട്ട് പടികൾ കയറുമ്പോഴാണ് കൈയിലെ ഉണങ്ങിയ തുണികളിൽ അരിപ്പ കണക്കേ സുഷിരങ്ങൾ വീണ കുഞ്ഞന്റെ അടിവസ്ത്രം ദേവകി ശ്രദ്ധിച്ചത്. അവൻ അടുത്തുള്ള സർക്കാർ സ്ക്കൂളിൽ നാലിൽ പഠിക്കുകയാണ്. ഒന്നും ഇങ്ങോട്ട് ആവശ്യപ്പെടില്ല അവൻ. നമ്മൾ കണ്ടറിഞ്ഞ് ചെയ്ത് കൊടുക്കണം. ഏറ്റവും ഇളയകുഞ്ഞായാലും തന്റെ ഇല്ലായ്മകൾ അറിയുന്നത് കൊണ്ടാവാം ഒരു ആവശ്യങ്ങളും ആഗ്രഹങ്ങളും ഇല്ല അവന് പറയാൻ. നന്നേ ചെറിയവാനായത് കൊണ്ട് അച്ഛൻ ഇല്ലാതായതിന്റെ മുട്ടിത്തിരിച്ചിൽ മുഴുവൻ അവനാണ്.

മൂന്ന് മക്കളാണ് ദേവകിക്ക്. രണ്ടാമത്തവൻ രഘു പന്ത്രണ്ടാം ക്ലാസ്സിൽ ആയി. തരക്കേടില്ലാതെ പഠിക്കുന്നവരാണ് പിള്ളേരൊക്കെ. മൂത്തവൾ ലക്ഷ്മിയുടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലം ആയി.

ലക്ഷ്മിയുടെ കല്യാണം നടത്തിയതിന്റെ ബാധ്യതകൾ പിള്ളേരുടെ അച്ഛന്റെ ഒരു സ്ഥലം വിറ്റ പൈസകൊണ്ടും പിന്നെ മാസവരുമാനത്തിൽ നിന്നും മിച്ചം വച്ചും വീട്ടി ജീവിതം ഏകദേശം സമാധാനത്തിന്റെ വക്കിലേക്ക് എത്തുന്ന സമയത്താണ് വിധി അദ്ദേഹത്തെ തങ്ങളിൽ നിന്നും തട്ടിയെടുത്തത്.

രാത്രി ഭക്ഷണത്തിന് ശേഷം ഛർദ്ദിക്കാൻ തുടങ്ങി, ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ വിചാരിച്ചത് വല്ല ദഹനക്കേട് ആയിരിക്കും എന്നാണ്. താമസിയാതെ രൂക്ഷമായി തുടങ്ങിയ വയറുവേദനയുടെ കാരണം കണ്ടുപിടിച്ചപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയി. വയറ്റിലെ ഒരു ഞരമ്പ് പൊട്ടിയിരുന്നു. രണ്ട് ദിവസത്തിൽ കുടുംബത്തിന്റെ ആ നെടുംതൂണ് തകർന്ന് വീണു. ലക്ഷ്മിയെ പഠിപ്പിച്ച് ഒരു ഹൈസ്ക്കൂൾ ടീച്ചർ ആക്കിയപ്പോൾ എൽ പി സ്കൂൾ അധ്യാപകനായ ശ്രീധരൻ മാഷിന് തികഞ്ഞ അഭിമാനവും സന്തോഷവും ആയിരുന്നു. പ്രാരാബ്ധങ്ങളുടെ കനം കുറയാൻ ഒരു കൈത്താങ്ങ് കൂടി ആയതിന്റെ സന്തോഷം. അവൾക്ക് ജോലിയായി അധികമാവും മുന്നേ തന്നെ വിവാഹ ആലോചനകൾ വരാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് മതി എന്നായിരുന്നു തീരുമാനമെങ്കിലും, വളരെ നല്ലതെന്ന് തോന്നിയ ഒരു ആലോചന വന്നപ്പോൾ അച്ഛൻ പറഞ്ഞു,

“ലക്ഷ്മിക്ക് വന്ന ഈ ആലോചനക്കാർ നല്ല തറവാട്ടുകാരാണ്, പയ്യൻ ദുബൈയിൽ ആണ്. സുന്ദരനും സൽസ്വഭാവിയും.  കാഴ്ചക്ക് ഇവൾക്ക് നല്ല യോജിപ്പ് ആണെന്ന് ഒക്കെ ആലോചന കൊണ്ടുവന്ന കുമാരേട്ടൻ പറയുന്നു നോക്കിയാലോ ദേവൂ..”

ലക്ഷ്മി ഇരുനിറത്തിൽ, നല്ല ഉയരവും മുട്ടോളം മുടിയുമുള്ള ആരും ശ്രദ്ധിക്കുന്ന ഒരു കുട്ടിയാണ്. സൗന്ദര്യത്തെക്കാൾ ഒരു ആകർഷണം ആയിരുന്നു അവൾക്ക്.

നമ്മുടെ വിഷമതകൾക്ക് പരിഹാരം ഉണ്ടാക്കാൻ ഇവളുടെ കല്യാണം വച്ച് താമസിപ്പിക്കുന്നത് ശരിയല്ല എന്ന് തോന്നിയ ഒരു നിമിഷത്തിൽ,

“ജാതകപൊരുത്തം ഉണ്ടെങ്കിൽ ആലോചിക്കാം.. ”

എന്ന് മാഷ് കുമാരേട്ടനോട് പറഞ്ഞു. സാമ്പത്തികമായി അവർ വളരേ മുന്നിൽ ആണെന്നത് മനസ്സിൽ ഒരു കരടായി കിടന്നു.  അവർക്ക് വന്ന് കണ്ടപ്പോൾ ലക്ഷ്മിയെ ഇഷ്ടമായി. പിന്നെ എല്ലാം പെട്ടെന്നായി. കാശ് കിട്ടാവുന്നിടത്ത് നിന്നെല്ലാം പരമാവധി സ്വരുക്കൂട്ടി പറ്റുമ്പോലെ ഒക്കെ കല്യാണം തട്ടിക്കൂട്ടി. അത്രയും സമാധാനം!

പക്ഷേ തങ്ങളെ നാഥനില്ലാത്തവരാക്കി ഇത്രവേഗം മാഷ് പോകുമെന്ന് കരുതിയില്ല. ബാക്കി ജീവിതം ഒന്നിനും പ്രായമാകാത്ത രണ്ട് മക്കളെ കൊണ്ട് ഒറ്റക്ക് തുഴയാൻ ശ്രമിക്കുകയാണ് താനിന്ന്.

ആലോചന സമയത്ത് പറഞ്ഞതിന് വിപരീതമായി നന്ദനും വീട്ടുകാരും ലക്ഷ്മിയോട് ജോലി രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. അവൾക്ക് അനുസരിക്കേണ്ടി വന്നു. വിസ ഉടനേ ശരിയാവും, അടുത്ത വരവിൽ ലക്ഷ്മിയെ കൂടെ കൂട്ടാനാണ് തീരുമാനമെന്ന് അവർ പറഞ്ഞു.

അവളുടെ ജോലിയായിരുന്നു അച്ഛൻ പോയതിന് ശേഷമുള്ള ഏക വരുമാനം. അവൾ പോകുന്നതോടെ അതുകൂടി ഇല്ലാതാവുകയാണ്. തനിക്ക് മറുത്തൊന്നും പറയാൻ ആവില്ല. പറയാനും പാടില്ല. ഇനി അതിന്റെ പേരിൽ അവൾക്ക് പ്രശ്നമൊന്നും വരരുത് എന്ന് മാത്രമാണ് പ്രാർത്ഥന.

അല്ലെങ്കിലും വിവാഹം ചെയ്ത് കൊടുത്ത് കഴിഞ്ഞാൽ പിന്നെ അവർക്ക് അവരുടെ ജീവിതവും ഇഷ്ടങ്ങളും ഒക്കെ ഉണ്ടാവുമല്ലോ? അവർ നന്നായി സന്തോഷത്തോടെ ജീവിക്കട്ടെ.. അത് കാണുന്നതാണ് ജന്മം നൽകിയവരുടെ സമാധാനം. പക്ഷേ അത്താണി ആയവർ കൂട്ടിന് ഇല്ലാതായപ്പോൾ മുന്നോട്ട് ഉള്ള ജീവിതം തന്റെ മുന്നിൽ പല്ലിളിച്ച് നിൽക്കുകയാണ്. കുട്ടികളുടെ ആവശ്യങ്ങൾ, ബാക്കി വീട്ടാവശ്യങ്ങൾ എന്നിവക്ക് സമയത്ത് നിവൃത്തി കാണുവാൻ ദേവകി നന്നേ വിഷമിച്ചു.

ആപത് ഘട്ടങ്ങളിൽ സഹായിക്കുന്നത് തന്റെ കൂടെപ്പിറപ്പാണ്, അനുജത്തി. അവളും ഒരു ടീച്ചർ ആണ്. അവൾ ഒറ്റത്തടി ആണെങ്കിലും അവളുടെ ശമ്പളത്തിന്റെ ഒരു ഓഹരി കൊണ്ട് താൻ എത്ര നാൾ ഇങ്ങനെ കഴിയും. പിള്ളേരുടെ ആവശ്യങ്ങൾക്ക് നിവൃത്തി കാണാൻ എങ്കിലും ജോലി എന്തെങ്കിലും കണ്ടുപിടിച്ചേ പറ്റൂ..

തരക്കേടില്ലാതെ പഠിക്കുന്ന രണ്ടാമത്തവൻ പറയുന്നു പരീക്ഷ കഴിഞ്ഞാൽ ഇനി അവൻ പഠിക്കുന്നില്ല, വല്ല ജോലിക്കും പോകാം എന്ന് പറഞ്ഞപ്പോൾ തന്റെ നെഞ്ചകം തകർന്നു.

എത്ര പെട്ടെന്നാണ് ജീവിതം മാറി മറഞ്ഞത്? കുഞ്ഞന് ഉടുപ്പുകളും അടിവസ്ത്രങ്ങളും ഒക്കെ അടിക്കടി വാങ്ങണം. ഇന്നത്തെ വസ്ത്രം നാളെ പാകം തെറ്റും. വളരുന്ന പ്രായം ഇപ്പോൾ അവനാണല്ലോ?

വസ്ത്രങ്ങൾ ഒതുക്കി വയ്ക്കാൻ ഒരു ചെറിയ സ്റ്റീൽ അലമാരയും വേണം. പുറത്ത് വാതിൽ ഇല്ലാത്ത ചുവരലമാരയിൽ ആണ് പിള്ളേരുടെ തുണികൾ അടുക്കി വയ്ക്കുന്നത്. വസ്ത്രങ്ങളുടെ പാതി ജീവൻ പോകുന്നതും നുറുമിക്കുന്നതും പാറ്റ നക്കുന്നതുമൊക്കെ അത് സൂക്ഷിക്കാൻ നല്ലൊരു അലമാരിയുടെ കുറവ് കൊണ്ടാണ്. മരത്തിന്റെ അലമാര ഒന്നുണ്ടായിരുന്നത് ചിതൽ പിടിച്ച് ഒരു പരുവം ആയി.

അടുത്ത നിമിഷത്തെക്കുറിച്ച് ആലോചിച്ചാൽ പോലും ഒരു എത്തും പിടിയും ഇല്ല. എന്തായാലും ലക്ഷ്മി വരട്ടേ.. എന്തെങ്കിലും വരുമാനത്തിനുള്ള ഉപാധി കണ്ടെത്താൻ അവളുടെ അഭിപ്രായവും ആരായാം.

ആലോചനകൾക്ക് തല്ക്കാലം വിരാമമിട്ട് ദേവകി നേരെ അടുക്കളയിൽ കയറി അവർ വരുമ്പോഴേക്കും എന്തുണ്ടാക്കും എന്ന് ആലോചിച്ച് വട്ടം കറങ്ങി. ഉള്ളതുകൊണ്ട് എന്തെങ്കിലും ചമക്കാം.. നന്ദൻ ഉള്ളത് കൊണ്ട് നല്ല കറികൾ എന്തെങ്കിലും വേണം താനും! കുറച്ച് മുട്ട ഇരിപ്പുള്ളത് പുഴുങ്ങി ഒരു മസാല കറി വയ്ക്കാം, മുറ്റത്തും തൊടിയിലും തപ്പിയാൽ എന്തെങ്കിലും കൈയിൽ തടയാതിരിക്കില്ല.

മുരിങ്ങയില പരിപ്പിട്ട് എരിശ്ശേരി ഉണ്ടാക്കാം, വാഴക്കുടപ്പൻ കൊണ്ട് തോരൻ, പിന്നെ ഉപ്പിലിട്ടതും പപ്പടവും ഇരിപ്പുണ്ട്. എരിവിൽ ഒരു മാങ്ങാച്ചമ്മന്തിയും അരക്കാം.

ഉണ്ടാക്കേണ്ടവ എന്തെന്ന ഒരു ആശയക്കുഴപ്പം തീർന്നാൽ എല്ലാം ദാ.. എന്ന് പറഞ്ഞപോലെ നടക്കും. അത് സ്ത്രീകളുടെ കൈത്തഴക്കം ആണ്. പിന്നെ കൈപ്പുണ്യം എന്നൊരു ചേരുവ ചേർക്കലാണ് അവസാന പടി.

എല്ലാം തയ്യാറായി. നന്ദന് ഇതൊക്കെ ഇഷ്ടപ്പെടുമോ? ഇവിടത്തെ സൗകര്യക്കുറവ് ഒക്കെ എങ്ങനെ എടുക്കുമോ ആവോ? കല്യാണത്തിന്റെ അന്നും പിന്നെ  അച്ഛൻ പോയ അന്നും അങ്ങനെ രണ്ട് ദിവസം മാത്രമാണ് നന്ദൻ ഇവിടെ തങ്ങിയിട്ടുള്ളത്. ഇവിടെ അധികം നിന്നിട്ടില്ലാത്തത് കൊണ്ട് അവരെത്തുന്ന സന്തോഷത്തിനൊപ്പം ആകെ ഒരു അങ്കലാപ്പും ഉള്ളിൽ നിറയുന്നുണ്ട്.

നന്ദനും ലക്ഷ്മിയും കാർ മെയിൻ റോഡിന്നോരം പാർക്ക്‌ ചെയ്ത് ഇടവഴിയിലൂടെ നടന്ന് വരുന്നത് അടുക്കള ഭാഗത്ത്‌ നിന്ന് കണ്ട ദേവകി ഓടി പൂമുഖത്ത് ചെന്നു. അവരെ കണ്ട സന്തോഷം ദേവകിയുടെ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങി. ലക്ഷ്മി കുറച്ച് കൂടി സുന്ദരി ആയിരിക്കുന്നു.

ബാഗ് വരാന്തതിണ്ണയിൽ വച്ച് ഓടി വന്നവൾ ദേവകിയെ കെട്ടിപ്പിടിച്ചു. എന്ത് സുഗന്ധമാണ് അവളെ! വിലകൂടിയ ഏതോ പെർഫ്യൂം ആണ്..

നന്ദൻ നിന്ന് പരുങ്ങുന്ന കണ്ടിട്ട് ദേവകി വേഗം അയാൾക്കിരിക്കാൻ പ്ലാസ്റ്റിക് ചെയർ നീക്കിയിട്ട് പറഞ്ഞു,

“ഇരിക്കൂ മോനെ.. നിങ്ങൾക്ക് വിശക്കുന്നുണ്ടാവും അല്ലെ.. വേഗം ഊണ് കഴിക്കാം.. എന്നിട്ടാവാം ബാക്കി.. ”

എന്ന് പറഞ്ഞ് ഉള്ളിലേക്ക് ഓടി. അമ്മയും മോളും കൂടി ഊണ് എടുത്ത് വച്ചു..

“പിള്ളേരോ അമ്മേ.. ?” ലക്ഷ്മി ആരാഞ്ഞു.

“അവർക്ക് സ്ക്കൂളില്ലേ മോളേ.. ? അഞ്ചുമണിക്ക് മുന്നേ എത്തും രണ്ടും. നിങ്ങൾ വരുന്നത് അറിഞ്ഞ് മടിച്ച് മടിച്ചാണ് ഇന്ന് പോയേക്കുന്നത്.. ”സ്നേഹത്തോടെ നിറഞ്ഞ മനസ്സോടെ അവരുടെ കൂടെ കഴിക്കാൻ ഇരിക്കാതെ മേശക്കരികെ നിന്ന് രണ്ടാൾക്കും ദേവകി ഭക്ഷണം വിളമ്പി കൊടുത്തു.. നന്ദന് കറികൾ ഒക്കെ ഇഷ്ടമായെന്ന് തൃപ്തിയോടെ കഴിക്കുന്ന കണ്ടപ്പോൾ മനസ്സിലായി.

എങ്കിലും വീട്ടിലെ സൗകര്യക്കുറവിന്റെ അസ്വസ്ഥത മരുമകന്റെ മുഖത്ത് ഇടയ്ക്കിടെ വന്നുപോകുന്നതായി ദേവകിക്ക് തോന്നി. എന്ത് ചെയ്യാം? വലിയ വീട്ടിലെ കുട്ടിയല്ലേ? തട്ടും ത്ളാനും പടിപ്പുരയും കുറേ കൃഷിയും വലിയ തൊടിയും മുറ്റവും ഉള്ള വലിയ രണ്ട് നില തറവാട്. ബുദ്ധിമുട്ട് തോന്നുന്നതിൽ അത്ഭുതം തോന്നിയില്ല ദേവകിക്ക്.

ഊണ് കഴിഞ്ഞ് ഉമ്മറത്തെ പ്ലാസ്റ്റിക് കസേരയിൽ തന്നെ നന്ദൻ ചെന്നിരുന്നു.  അസംതൃപ്ത മുഖഭാവം, ആകെ ഒരു മുഷിച്ചിൽ! ഊണിന് ശേഷമുള്ള പണികളിൽ അടുക്കളയിൽ അമ്മയെ സഹായിക്കാൻ എത്തിയ ലക്ഷ്മിയോട് ദേവകി വിശേഷങ്ങൾ ഒക്കെ ചോദിച്ചു. അവൾക്ക് സുഖമാണെന്ന് അറിഞ്ഞപ്പോൾ ഏതൊരമ്മയെയും പോലെ അവരുടെ ശ്വാസം നേരെ വീണു. ആ ഒരു കാര്യം കൊണ്ടെങ്കിലും ഒരു പച്ചപ്പ് ഉണ്ടല്ലോ ജീവിതത്തിൽ.. അതുമതി!

പിള്ളേർക്കായി ദുബൈയിൽ നിന്നും കൊണ്ടുവന്ന കുറച്ച് സാധനങ്ങൾ തളത്തിലെ മേശയിൽ വയ്ക്കുന്നതിനിടക്ക്, ശ്രീധരൻ മാഷിന്റെ മാല ചാർത്തിയ ചിത്രത്തിൽ അവളുടെ കണ്ണുകളുടക്കി, ഫോട്ടോയുടെ തൊട്ട് താഴെ പോയി കുറേനേരം അതിലേക്ക് നോക്കി നിന്നു. സങ്കടപ്പെയ്ത്ത്. പതിഞ്ഞ സ്വരത്തിൽ വിളിച്ചു, ‘അച്ഛാ.. ‘

അച്ഛന്റെ അസാന്നിദ്ധ്യം ഒരു വീർപ്പുമുട്ടലായി തൊണ്ടക്കുഴിയിൽ തിങ്ങി. അമ്മയും മകളും കെട്ടിപിടിച്ച് തേങ്ങി.

ദേവകി വേഗം വിഷയം മാറ്റാൻ പറഞ്ഞു. “നീ നന്ദന്റെ അടുത്തേക്ക് ചെല്ല്.. ആ കുട്ടി ആകെ മുഷിഞ്ഞിരിക്യാ.. രഘുവും കുഞ്ഞനും വരുന്ന വരെ എന്തെങ്കിലും ഒക്കെ പറഞ്ഞിരിക്ക്. കിഴക്കേ മുറിയിലെ കിടക്ക വിരി മാറ്റി വിരിച്ചിട്ടിട്ടുണ്ട്.. കുറച്ച് റെസ്റ്റ് എടുത്തോട്ടേ വേണെങ്കിൽ.. ”

കണ്ണ് തുടച്ച് കൊണ്ട് ലക്ഷ്‌മി ഉമ്മറത്തേക്ക് പോയി.

ഉച്ചതിരിഞ്ഞ് ചായ ഉണ്ടാക്കുമ്പോൾ തന്റെ വിഷമതകൾ ദേവകി ലക്ഷ്മിയോട് പങ്ക് വച്ചു. താൻ എന്തെങ്കിലും ജോലിക്ക് പോകേണ്ടതിന്റെ ആവശ്യകതയും പറഞ്ഞു. അവളോടല്ലാതെ വേറെ ആരോടാണ് തനിക്ക് പറയാനുള്ളത്? ഒരു അലമാരി ആണ് എത്രയും അത്യാവശ്യം ആയിട്ടുള്ളത് എന്ന് പറഞ്ഞപ്പോൾ,
“ഇന്ന് വൈകീട്ട് തന്നെ ഞാനും നന്ദേട്ടനും കൂടി ടൗണിൽ പോയി നോക്കാം. എത്രയും പെട്ടെന്ന് വാങ്ങിത്തരാം. ”

എന്നായി അവൾ. ‘വേണ്ടാ’ എന്ന് പറയാൻ തോന്നിയില്ല.. കാരണം താൻ ഇപ്പോൾ കൂട്ടിയാൽ കൂടാത്ത കാര്യമാണത്.

ഉറങ്ങിയെണീറ്റ് വന്ന നന്ദന് ചായയും എടുത്ത് ലക്ഷ്മി അയാളുടെ അടുത്ത് ചെന്നിരുന്നു..

“നന്ദേട്ടാ.. നമുക്കൊന്ന് ടൗണിൽ പോയാലോ? ഇവിടേക്ക് അത്യാവശ്യമായി ഒരു ചെറിയ മെറ്റൽ അലമാര നോക്കണം..വല്യേ വിലയുള്ളത് ഒന്നും വേണ്ട. റേറ്റ് കുറഞ്ഞത്. പോയാലോ? ”

‘അതിനെന്താ പോവാലോ’ എന്ന ഉത്തരം പ്രതീക്ഷിച്ച് ഇരുന്ന ലക്ഷ്മിയോട് നന്ദൻ തെല്ല് കടുപ്പത്തിൽ പുച്ഛഭാവത്തോടെ പറഞ്ഞു..

“ഇവടെ എന്തിനാ ഇപ്പോ ഒരു അലമാരി? കുറേ കീറത്തുണി വച്ച് പൂട്ടാനോ? ഇവിടെ വിലപിടിപ്പുള്ള എന്ത് കുന്തം ഉണ്ടായിട്ടാണ് ഇപ്പോ ഒരു അലമാരയുടെ ആവശ്യം?

മുഖത്താഞ്ഞടിച്ച പോലെയുള്ള ആ ചോദ്യം വീടിന്റെ മുട്ടെത്തിക്കാത്ത ചുവരുകളും കടന്ന് അടുക്കള വാതിൽക്കൽ നിന്നിരുന്ന ദേവകിയുടെ ചെവിയിലും വീണു. നിന്നിടത്ത് നിന്ന് അങ്ങ് ഭൂമിയ്ക്കടിയിലേക്ക് താഴ്ന്ന് പോയാൽ മതി എന്ന് തോന്നി ആ അമ്മക്ക്.

മനസ്സിലേക്ക് ആഴ്ന്നിറങ്ങി മുറിവേൽപ്പിച്ച വാക്കുകളുടെ കൂരമ്പുകൾ. പറഞ്ഞത് ലക്ഷ്മിയോടാണെങ്കിലും കൂടുതൽ ആഴത്തിൽ തറഞ്ഞത് ദേവകിയുടെ മനസ്സിലാണ്. അതവിടെ അങ്ങനെ തറഞ്ഞു നിന്നു.

ലക്ഷ്മി ഒന്നും മറുപടി പറയാതെ എണീറ്റ് തിരിഞ്ഞ് നടന്നു. അവളുടെ കാൽ പെരുമാറ്റം കേട്ടപ്പോൾ ദേവകി അടുക്കള മുറ്റത്തേക്ക് പൊടുന്നനെ ഇറങ്ങി തൊടിയിലേക്ക് നടന്നു. താൻ അത് കേട്ടെന്ന് അവൾ അറിയണ്ട. അവൾക്ക് മുഖം കൊടുക്കാതിരിക്കാനും തന്റെ കുഞ്ഞിന്റെ മുഖത്തെ വിഷമം താൻ കാണാതിരിക്കാനും ദേവകി തൊടിയിലെ ചീരത്തടത്തിലൂടെ തലങ്ങും വിലങ്ങും നടന്നു.

പിന്നെ വിഷമത്തോടെ പിറുപിറുത്തു..

 

“വേണ്ടായിരുന്നു.. ഒന്നും വേണ്ടായിരുന്നു. എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും അത് അന്യന്റെ ഔദാര്യം ആണ്.. അവളോട് ഒന്നും പറയേണ്ടിയിരുന്നില്ല. ഗതികേട് കൊണ്ട് പറഞ്ഞ് പോയതാണ്. അവൾക്കും കാലം എത്ര കഴിഞ്ഞാലും അതൊരു ഉണങ്ങാമുറിവായി മനസ്സിൽ അവശേഷിക്കും. പുത്തരിയിൽ കല്ല് കടിച്ച പോലെ. അതിന് താനൊരു നിമിത്തമായല്ലോ ഈശ്വരാ…”

താനും തന്റെ ഇല്ലായ്മയും വല്ലായ്മയും താൻ മാത്രം അറിഞ്ഞാൽ മതിയായിരുന്നു. അവളെക്കൂടി വിഷമത്തിലാക്കി താനെന്ത് നേടി.. ?മനസ്സിനേറ്റ മുറിവ് കണ്ണീരായി ഇറ്റ് വീണ് ചുവന്ന ചീര ഇലകളെ പുള്ളികുത്തി നനച്ചു.

ലക്ഷ്മിക്ക് തൊണ്ട തിങ്ങി കരച്ചിൽ വന്നെങ്കിലും കടിച്ചമർത്തി. ഉള്ള ജോലി കളഞ്ഞ വിഷമം ആദ്യമായി മനസ്സിൽ നുരപൊന്തി. സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി അത്യാവശ്യമാണെന്ന തിരിച്ചറിവ്. അമ്മ ജോലിക്ക് പോകണം എന്ന് പറഞ്ഞത് വയറ്റിപിഴപ്പിന്റെ ഭാഗമാണ്. തനിക്ക് അത്  അഭിമാനത്തിന്റെ ഭാഗവും.

എന്തിനും ഏതിനും ഭർത്താവിന്റെ മുന്നിൽ കൈ നീട്ടേണ്ടിവരരുത്. പുതുമോടിയിൽ ഇതാണ് അവസ്ഥയെങ്കിൽ കുറച്ചങ്ങോട്ട് ചെന്നിട്ടുള്ള സമീപനം എന്തായിരിക്കും? അലമാരിയുടെ കാര്യം ‘നോക്കാം’ എന്നെങ്കിലും പറഞ്ഞ് ഒഴിയാമായിരുന്നു. ഇങ്ങനെ അറുത്ത് മുറിച്ച് പറഞ്ഞപ്പോൾ ഹൃദയം തലങ്ങും വിലങ്ങും വരഞ്ഞപോലെ ചോര പൊടിയുന്നു..

ഇവിടത്തെ അവസ്ഥ കണ്ടിട്ട്  വിവാഹത്തിന് തയ്യാറായ ആളുടെ മനസ്സിൽ അപ്പോൾ ഇതാണല്ലേ.. ?നന്ദേട്ടന് പറ്റാഞ്ഞിട്ടല്ല, വേണ്ടെന്ന് വച്ചിട്ടാണ്. സ്വമേധയാ അല്ലെങ്കിലും ജോലി ഉണ്ടായിരുന്നത് വേണ്ടെന്ന് വച്ചത് ആളുടെ കൂടെ ഒരു ജീവിതം ആഗ്രഹിച്ചത് കൊണ്ടാണ്. ആളെ ആശ്രയിക്കേണ്ടി വന്നതും അതുകൊണ്ടാണ് എന്നെങ്കിലും ആൾക്ക് ഒന്ന് ഓർക്കാമായിരുന്നല്ലോ? വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു.. തിരിച്ച് ചെന്നിട്ട് അവിടെ ഏതെങ്കിലും സ്കൂളിൽ  ജോലി കണ്ടുപിടിച്ചേ തീരൂ. സാരമില്ല.. അധികം വൈകാതെ കണ്ണ് തുറപ്പിച്ച ഈ മുറിവ് തനിക്ക് നല്ലതാണ്!

 

തൊടിയിൽ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ അവൾക്ക് സമാധാനം ആയി. ഭാഗ്യം! നന്ദേട്ടൻ പറഞ്ഞ പരിഹാസവാക്കുകൾ അമ്മ കേൾക്കാതിരുന്നത്.. അച്ഛൻ ഉണ്ടായിരുന്നെങ്കിലെന്ന് അവൾ സങ്കടത്തോടെ ഓർത്തു. മുഖത്തെ വിഷമവും കലങ്ങിയ കണ്ണുകളും അമ്മ കാണാതിരിക്കാൻ അവൾ മുഖം കഴുകി അമർത്തി തുടച്ച് നെടുവീർപ്പിട്ടു.
രണ്ട് പേരും ഒന്നും സംഭവിക്കാത്ത പോലെ അഭിനയിച്ച് തകർത്തു. രണ്ട് ദിവസത്തിന് ശേഷം നന്ദന്റെ വീട്ടിലേക്ക് പോകും മുന്നേ രണ്ടാളും ആ വിഷയം മറന്നപോലെ തമ്മിൽ അതിനെപ്പറ്റി ഒന്നും സംസാരിച്ചില്ല. പക്ഷേ പരസ്പരം പറഞ്ഞില്ലെങ്കിലും അവരുടെ ഉള്ളിന്റെ ഉള്ളിൽ ചില തീരുമാനങ്ങൾ രൂപം കൊള്ളുന്നുണ്ടായിരുന്നു.

നന്ദൻ തൊടുത്ത അസ്ത്രം ദേവകിയുടെ മനസ്സിൽ ഉണ്ടാക്കിയ മുറിവ് ഏറെ ആഴത്തിൽ ഉള്ളതായിരുന്നു. അത്താണി ആണെന്ന് കരുതിയവർ കാലിൽ കയറുന്ന മുള്ളാണി ആണെന്ന് അറിഞ്ഞ് പകച്ചുപോയ അവസ്ഥ.

ചില മുറിവുകൾ അങ്ങനെയാണല്ലോ? അകമേ കനലെത്ര എരിഞ്ഞാലും ചുട്ട് പുകഞ്ഞാലും വ്രണപ്പെട്ടാലും പുറമേ അതിന്റെ ലക്ഷണങ്ങൾ ഒന്നും കാണപ്പെടുകയില്ല.

മുഖത്ത് ഒരു പുഞ്ചിരി ഒട്ടിച്ചാൽ എല്ലാം ഭദ്രം!

ആ പുഞ്ചിരി ഹൃദയത്തിൽ ഏറ്റ മുറിവുകളുടെ വേദനകൾ മാറ്റാരും അറിയാതിരിക്കാനുള്ള ഒരു കവചമാണ് ! മരുന്നാണ് !

 

തകർന്ന് ചിതറി അവിടവിടെയായി വീണ മനസ്സിന്റെ ചീളുകൾ പെറുക്കിക്കൂട്ടി ചേർത്ത് വച്ച് ഒട്ടിച്ചതാണെന്ന് തിരിച്ചറിയാനാവാത്ത വിധം ഒരൊറ്റ സുന്ദര ചിത്രമാക്കി വരച്ച് കാട്ടാൻ അസാമാന്യ പാടവമുള്ള പടം വരക്കാരനാണ് ചിരി.

അവർ പോയിക്കഴിഞ്ഞപ്പോൾ എല്ലാം സങ്കടങ്ങളും കൂട്ടിക്കുഴച്ചെടുത്ത് കുളിമുറിയിൽ കൊണ്ടുപോയി മുഖം പൊത്തി തേങ്ങിക്കരഞ്ഞു. ആശ്വാസം!  പണ്ടും പലപ്പോഴും പരീക്ഷിച്ച് ജയിച്ച സൂത്രം! സന്തോഷങ്ങൾ എല്ലാവരും ചേർന്ന് ചിരിച്ച് ആഘോഷിക്കാം. സങ്കടങ്ങൾ ആരും കാണാതെ കരഞ്ഞു തീർക്കാം. ഇനി കരയില്ലെന്ന തീരുമാനത്തിനും അപ്പുറം മറ്റൊരു ശക്തമായ തീരുമാനവും ആയിട്ടാണ് ദേവകി പുറത്ത് വന്നത്.

തന്റെ താലിമാല ആരും അറിയാതെ എടുത്ത് സൂക്ഷിച്ച് വച്ചത് ഒരു കുഞ്ഞ് പേഴ്സിൽ എടുത്ത് വച്ചു. താലി കെട്ടിയ ആളെ ഓർക്കാൻ എന്തിനാണ് ഒരു താലിമാല? കുറച്ച് പൊട്ടിയും പൊടിഞ്ഞും കിടന്നിരുന്ന സ്വർണ്ണ തരികളും കൊളുത്തുകളും എല്ലാം എടുത്ത് വേഷം മാറി ടൗണിലേക്ക് പോയി. ജ്വല്ലറിയിൽ കയറി അത് വിറ്റ് കാശാക്കി, വരും വഴി അനുജത്തിയുടെ വീട്ടിൽ കയറി അവളുടെ കൈയിൽ നിന്നും ‘തിരിച്ച് തരും അന്ന് നീ അത് വാങ്ങണം’ എന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു കുറച്ച് കാശ് കൂടി വാങ്ങി.

താമസിയാതെ തൊട്ടവീട്ടിലെ ശാന്തച്ചേച്ചിയുടെ ഭർത്താവ് മുഖാന്തിരം രണ്ട് കറവയുള്ള പശുക്കളെ വാങ്ങി. അടുത്ത വീടുകളിലും അടുത്തറിയുന്നവരുടെ വീടുകളിലും ആദ്യദിവസം പാല് കൊണ്ട് കൊടുത്തു സൗജന്യമായി. ആദ്യ ദിവസത്തെ പാലിന്റെ കൊഴുപ്പും സ്വാദും വിലയിരുത്താനും ഇനി മുതൽ വേണമെങ്കിൽ പറയാനും അവരോടൊക്കെ പറഞ്ഞ് പോന്നു. അവരൊക്കെ ദേവകിയുടെ പശുവിൻ പാല് വാങ്ങാൻ തീരുമാനിച്ചു.

തൊഴുത്തും തൊട്ടിയും ഒക്കെ പതുക്കെ ഒപ്പിക്കാം എന്ന തീരുമാനത്തിൽ പാല് കച്ചവടം ചെറിയ തോതിൽ ആരംഭിച്ചു. ഇത്തിരി കഠിനാദ്ധ്വാനം വേണം എങ്കിലും ദേവകി തളർന്നില്ല, തളർന്നിരിക്കാൻ നേരമില്ല.

ഒരു തുള്ളി വെള്ളം ചേർക്കാതെ വൃത്തിയോടും ശുദ്ധിയോടും കൂടി നല്ല നാടൻ പാല്. തൈരും മോരും വെണ്ണയും നെയ്യും വേറെ.. തനിമയോടെ പാല് കിട്ടാൻ അവസരം കുറഞ്ഞ കാലമായതിനാൽ ആളുകൾ പാല് അന്വേഷിച്ച് വന്ന് തുടങ്ങി. ചിലർ വന്ന് വാങ്ങും, ചിലർക്ക് എത്തിച്ച് കൊടുക്കണം.

ദേവകിയുടെ പാലിന്റെ വിവരം അറിഞ്ഞിട്ട് അടുത്തുള്ള പാൽ സൊസൈറ്റിക്കാരിൽ ഒരാൾ അന്വേഷിച്ച് വന്നു. സൊസൈറ്റിയിലും ആവുന്ന അത്ര പാൽ കൊടുക്കാമെന്ന് ഏറ്റു ദേവകി. രണ്ടോ മൂന്നോ പശുക്കളെ കൂടി വാങ്ങിയാലേ ഇനിയും വേണ്ടത്ര അളവിൽ കൊടുക്കാൻ ആവൂ. ആവശ്യക്കാർ കൂടി വരികയാണ്.

ജീവിതം തൈര് ഉറകൂടുന്ന പോലെ ദിനംപ്രതി സെറ്റ് ആയി വന്നു. ജീവിത നിലവാരം, ഇല്ലായ്മകളിൽ നിന്നും ഉയർന്ന് വന്നപ്പോൾ രണ്ട് പശുക്കളെ കൂടി വാങ്ങി. ആ കൊച്ച് ഗ്രാമത്തിലെ ദേവകിയെ അറിയുന്ന മിക്ക വീടുകളിലും രാവിലെ ദേവകിയുടെ പശുവിൻ പാലിൽ ചായ ഉണ്ടാക്കി ഉറക്കച്ചടവ് മാറ്റി. കൊച്ചുങ്ങൾക്കും ധൈര്യമായി കൊടുക്കാവുന്ന മേന്മയുള്ള പാല്.

വളരേ താമസിയാതെ, അദ്ധ്വാനത്തോടൊപ്പം ജീവിതം മെച്ചപ്പെട്ടു. ഒരു ദിവസം ടൗണിൽ പോയി രണ്ട് സ്റ്റീൽ അലമാരകൾ വാങ്ങി.

 

ഒന്ന് പിള്ളേരുടെ വസ്ത്രങ്ങളും പുസ്തകങ്ങളും സൂക്ഷിക്കാൻ,

ഒന്ന് തനിക്ക്..

കീറത്തുണികൾ വയ്ക്കാനല്ല മറിച്ച്, കുറച്ച് നല്ല തുണികളുണ്ട് വയ്ക്കാൻ. പിന്നെ തന്റെ വിയർപ്പ് വെള്ളം പോലെ ഒഴുക്കി ഉണ്ടാക്കിയ, ബുദ്ധിമുട്ടിൽ കണ്ണടച്ച് നമ്പാവുന്ന കുറച്ച് സ്വർണ്ണം വാങ്ങിയിട്ടുണ്ട്. കൂടെ നാല് സ്വർണ്ണ വളകളുമുണ്ട്. വിലപിടിപ്പുള്ള കുറച്ച് സാധനങ്ങൾ ഇപ്പോൾ ഉണ്ട് ഈ വീട്ടിൽ അലമാരയിൽ വച്ച് പൂട്ടാൻ എന്ന് അഭിമാനത്തോടെ ഓർക്കാൻ. പിന്നെ കൈയിൽ മിച്ചം വരുന്ന കുറച്ച് കാശും ഉണ്ട്. അതെല്ലാം അതിൽ ഒതുക്കി വച്ച് പൂട്ടി അതിന്റെ താക്കോൽ സ്വന്തം മടിക്കുത്തിൽ തിരുകണം. ഈ പ്രായത്തിൽ സ്വർണ്ണം ഇട്ട് നടക്കാനുള്ള പൂതി കൊണ്ടൊന്നും അല്ല ഡിസൈൻ ഇല്ലാത്ത നാല് ഒഴുക്കൻ സ്വർണ്ണവളകൾ വാങ്ങിച്ചത്.

അത്..

മുറിവ് സമ്മാനിച്ച വാശിയാണ്..

മുറിവ് സമ്മാനിച്ച ജീവിക്കാനുള്ള ധൈര്യമാണ്..

മുറിവ് സമ്മാനിച്ച അദ്ധ്വാനിക്കാനുള്ള ശക്തിയാണ്..

ഏതവസ്ഥയിലും മുന്നേറാനുള്ള മനക്കരുത്താണ്..

മറ്റുള്ളവരുടെ ഔദാര്യങ്ങൾക്ക് എന്നും വിധേയത്വത്തിന്റെ കയ്പ്പാണ് എന്ന
തിരിച്ചറിവാണ്..

ആ നാല് സ്വർണ്ണവളകൾ തനിക്ക് നിത്യം ഇടാനുള്ളതാണ്. ഇന്നോളം അത്രയും സ്വർണം ഒന്നിച്ച് ധരിച്ചിട്ടില്ലെങ്കിലും ഇനി അത് ധരിക്കണം. അതിജീവനത്തിന്റെ പ്രതീകം എന്നോണം അത് കൈയിൽ കിടന്ന് തിളങ്ങണം.

 

തൊഴുത്തിലെ ചാണകം വാരുന്ന, പാൽ  കറക്കുന്ന, നല്ലവണ്ണം പാല് കിട്ടാൻ പാടത്തെ പച്ചപ്പുല്ല് അരിയുന്ന, പശുക്കളെ കുളിപ്പിക്കുന്ന എപ്പോഴും വിയർക്കുന്ന തന്റെ കൈകളിൽ അവ വേണം. ഒറ്റക്ക് അടരാടി സ്വന്തമാക്കിയ നേട്ടങ്ങൾക്ക് സ്വയം സമ്മാനിക്കുന്ന സ്വർണ്ണമെഡൽ എന്ന പോലെ…

✍🏻സുജാത നായർ✍🏻
#എന്റെ രചന – മുറിവ്

 

Post Views: 48
9
Sujatha Surendran

ഞാൻ സുജാത നായർ, തൃശ്ശൂർ സ്വദേശിനി.സുജാത എന്നാൽ ഇതാണ്👉🏽 മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന, ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെയീ പ്രിയ ഭൂമി മലയാളത്തിൽ തന്നെ പിറവി കൊള്ളാൻ അദമ്യമായി ആഗ്രഹിക്കുന്ന, കൈയിൽ ഉള്ളത് കൊണ്ട് ഓണം എന്നപോലെ എന്നിൽ ഉള്ളതുകൊണ്ട് എന്നാൽ കഴിയും വിധം എന്തെങ്കിലും ഒക്കെ എഴുതി ഫലിപ്പിക്കണം എന്ന ആഗ്രഹത്തോടെ, കടമകൾക്കും കർത്തവ്യങ്ങൾക്കും മൊത്തം സമയത്തിന്റെ നല്ല ഒരു ഓഹരി പകുത്ത് കൊടുത്ത് ബാക്കി കൈയിൽ കിട്ടുന്ന വിലപ്പെട്ട സമയത്ത് എന്തെങ്കിലും കുത്തിക്കുറിക്കാൻ, മറ്റുള്ളവരുടെ മനോഹരസൃഷ്ടികൾ വായിക്കാൻ കൊതിയുള്ള കർമ്മനിരതയായ വീട്ടമ്മ🥰

15 Comments

  1. Joyce Varghese on November 8, 2025 7:35 PM

    നല്ല കഥ. 👌
    ഉള്ളു നീറുമ്പോഴും ചുണ്ടിൽ ചിരിയുടെ മുദ്രവെച്ച അമ്മയുടെ കഥ ഹൃദയസ്പർശ്ശിയായി എഴുതി. ഭാഷയിലെ തെളിമയും ലാളിത്യവും കഥാപശ്ചാത്തലം മനോഹരമാക്കി. അതിജീവനത്തിന്റെ പൊൻവളകളുടെ തിളക്കം സ്വന്തമാക്കാൻ സ്ത്രീകൾക്ക് പ്രചോദനമാകുന്ന നല്ല യെഴുത്ത്.👍❤️

    Reply
  2. Pradeesh on November 8, 2025 6:00 PM

    വളരെ നന്നായിരുന്നു ❤️👌

    Reply
  3. Pingback: "മുറിവുകൾ" ഹൃദയസ്പർശിയാക്കിയവർ... - By Electa Joeboy - കൂട്ടക്ഷരങ്ങൾ

  4. മിനി സുന്ദരേശൻ on November 5, 2025 8:11 PM

    അയാളുടെ വാക്കുകൾ ഏൽപ്പിച്ച മുറിവ് ഒരു ഉയർത്തെഴുനേൽപ്പിന് കാരണമായി ….മറോഹരമായി എഴുതി❤️👍

    Reply
    • Sujatha nair on November 6, 2025 7:47 AM

      അതെ
      Thank you മിനി 😍

      Reply
      • Shreeja R on November 8, 2025 7:00 AM

        നല്ല കഥ ❤️

        Reply
        • Ayisha Vt on November 11, 2025 8:59 AM

          ayishavt2@gmail.com

          Reply
  5. Thara Subhash on November 4, 2025 9:32 PM

    വാക്കുകൾ ഏൽപ്പിക്കുന്ന മുറിവാണ് ഒരിക്കലും ഉണങ്ങാത്തത്. മുറിവിൻ്റെ ആഴം ബോധ്യപ്പെടുത്തിയ എഴുത്ത്. അതിൽ നിന്നുണ്ടായ വാശിയും വിജയവുമെല്ലാം മനോഹരമായി.👏👏❤️❤️

    Reply
    • Sujatha nair on November 6, 2025 7:49 AM

      Thank you താര. 😍😍

      Reply
  6. Electa Joeboy on November 4, 2025 6:36 PM

    മുറിവേൽപ്പിച്ച് വീഴ്ത്താൻ ഒരു വാക്ക് തന്നെ ധാരാളം. അതിൽ നിന്ന് കര കയറാൻ എത്ര പ്രയാസം അല്ലേ. കഥയിലെ മുറിവ് വിജയത്തിലേക്കുള്ള ഒരു നിമിത്തമായിരുന്നിരിക്കണം. നല്ല കഥ. ഇനിയും എഴുതൂ…💐💐

    Reply
    • Sujatha nair on November 6, 2025 8:02 AM

      വീഴാതെ നിൽക്കുന്നത് തന്നെ ആണ് ഏറെ ശ്രമകരം. Thank you electa 😍😍

      Reply
  7. Suma Jayamohan on November 4, 2025 5:13 PM

    നല്ല കഥ👌❤️🌹
    മനസ്സിൽ ഒരു ലക്ഷ്യവും
    അദ്ധ്വാനിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ പല മുറിവുകളും ഉണക്കാൻ സാധിക്കുമെന്നു കാണിച്ചുതരുന്ന പല സ്ത്രീകളും നമുക്കു ചുററുമുണ്ട്.
    ഇഷ്ടമായി❤️❤️❤️

    Reply
    • Sujatha nair on November 6, 2025 8:11 AM

      😍😍 Yes സുമ. മുന്നോട്ടുള്ള കുതിപ്പിന് ഇതുപോലെ ഉള്ള ചില മുറിവുകൾ കാരണമാവുന്നു. പറഞ്ഞ ആളുടെ ഉദ്ദേശത്തിൽ ശുദ്ധി ഇല്ലെങ്കിലും കേട്ടയാൾ അതിനെ വളർച്ചക്കുള്ള ഒരു കമ്പോസ്റ്റ് ആക്കി മാറ്റുന്നിടത്ത് നിന്നും ജീവിതത്തിലെ നല്ല മാറ്റങ്ങൾ തുടങ്ങുകയായി.

      Reply
  8. Sunil on November 3, 2025 8:25 PM

    നന്നായിട്ടു എഴുതി പതിവ് പോലെ 🙏 വാശിയുണ്ടെങ്കിലേ ജീവിതം വിജയിക്കുള്ളു, മനസ്സിൽ വീണ മുറിവിന്റെ അവസാനം വിജയമായതിൽ സന്തോഷം 🙏🙏🙏

    Reply
    • Sujatha Surendran on November 3, 2025 8:39 PM

      👍🏻👍🏻താങ്ക്സ് സുനി 🤝🤝 അതെ.. ആരോടെങ്കിലും വാശി വേണം.. മുറിവേകിയവരോട് പ്രത്യേകിച്ചും 😀👍🏻

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.