അടുക്കളയുടെ മൂലയ്ക്ക് ഇട്ട തടുക്കിൽ ഇരുന്നു, ചക്ക പുഴുക്കും നെയ്ചാള കുരുമുളകിട്ട് വെച്ചതും കുഴച്ചു തിന്ന്, അവസാന സ്വാദിനായി വിരലുകൾ ഊറുമ്പോഴാണ് വയറിന്റെ ഇടതു വശത്തായി ചെക്കൻ ഒരു ചവിട്ട് തന്നത്.
ഇതെന്താപ്പോ സംഗതി എന്ന് ഞാൻ അന്ധാളിച്ചു. അമ്മയുടെ കൈപിടിച്ച് എഴുന്നേറ്റു പോയി കൈ കഴുകുമ്പോൾ അടിവയറ്റിൽ നിന്നൊരു കൊള്ളിയാൻ പാഞ്ഞു നടുവിന് താഴെ വിലങ്ങനെ നിന്നു. ശ്വാസമെടുക്കാൻ കഴിയാതെ കണ്ണും തുറിച്ചു ഞാൻ നിൽക്കുന്നത് കണ്ട് അമ്മയ്ക്ക് വശപ്പിശക് തോന്നി.
“എന്താടി?”
ഞാൻ ഒന്നുമില്ലെന്ന് തല വെട്ടിച്ചു.
“മുന്നിലോട്ട് പോയിരിക്ക്…”
പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം അസഹ്യമായ വേദനയിൽ എനിക്ക് കാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഞാൻ ചുവരിൽ പിടിച്ചു മുൻവശത്തെ മുറിയിലേക്ക് നടന്നു. കട്ടിലിൽ ഇരുന്ന്, കൈയെത്തിച്ചു ഫാനിട്ടു. അപ്പോഴേക്കും ഞാൻ വിയർത്തു കുഴഞ്ഞിരുന്നു.
“ഇതാണോ പ്രസവ വേദന? ഏയ് ആയിരിക്കില്ല.” ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു.
കുറച്ചു നേരം കാറ്റു കൊണ്ടു കഴിഞ്ഞപ്പോൾ ഒരാശ്വാസം. ഇപ്പൊ വേദനയില്ല. ഏതാണ്ട് അര മണിക്കൂറോളം ഞാനാ ആശ്വാസത്തിൽ കിടന്നു. ഇനിയും രണ്ടു ദിവസമുണ്ട് പ്രസവ തീയതിയാകാൻ.
അമ്മ വന്ന് ചായ കുടിക്കാൻ വിളിക്കുന്നത് വരെ ഞാൻ കിടന്നു. ചായ ആറ്റി കുടിക്കുമ്പോൾ ഞാൻ ചോദിച്ചു, “അച്ഛൻ വന്നില്ലേ?”
“ഇല്ല… എന്താ?”
“ഉഴുന്ന് വട കൊണ്ടരാം എന്ന് പറഞ്ഞിരുന്നു.”
“ഇവളുടെ വയറ്റിൽ ഇനി ഇരട്ടക്കുട്ടികൾ ആണോ?” അണ്ണന്റെ വക ചോദ്യം.
“പോടാ കളിയാക്കാതെ…”
ചൂട് ചായ കുടിച്ച് പത്തുമിനിറ്റ് തികയും മുൻപേ ഞാൻ വെട്ടിവിയർത്തു. ഒന്നിന് പിറകെ ഒന്നായി വേദനയുടെ തിരമാലകൾ!
അണ്ണൻ കൂട്ടുകാരനെ വിളിച്ചു കാർ വരുത്തി. സാധനങ്ങൾ എല്ലാം ബാഗിൽ നിറച്ചു വെച്ചിരുന്നത് കൊണ്ട് ഇറങ്ങാൻ അധികം നേരമെടുത്തില്ല.
അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ആശുപത്രിയിലെത്തി. കാറിൽ നിന്നിറങ്ങുമ്പോഴും ഞാൻ വേദന കൊണ്ട് പുളയുകയായിരുന്നു.
എന്നെ നേരെ ലേബർ റൂമിലേക്ക് കൊണ്ട് പോയി. ആശുപത്രി വളപ്പിൽ തന്നെയാണ് ഡോക്ടറുടെ താമസം. ഡോക്ടർ വേഗമെത്തി എന്നെ പരിശോധിച്ചു പറഞ്ഞു, “ഇല്ല സമയമായില്ല. ഇത് ഫാൾസ് പെയിൻ ആണ്.”
എന്റെ നെഞ്ചിൽ വെള്ളിടി വെട്ടി. ദൈവമേ ഫാൾസ് പെയിൻ ഇങ്ങനെ ആണെങ്കിൽ ഒറിജിനൽ പെയിൻ എന്തായിരിക്കും?
എന്നെ അവിടെ നിന്നും പുറത്തിറക്കി റൂമിലേക്ക് കൊണ്ടുപോയി. റൂമിലെത്തി വേദനയ്ക്ക് തെല്ലൊരാശ്വാസം കിട്ടിയ സമാധാനത്തിൽ ഞാൻ കട്ടിലിൽ ചാരിയിരുന്നു. അന്നേരം തൊട്ടടുത്ത മുറിയിലെ ഗർഭിണിയുടെ അമ്മ അമ്പലത്തിൽ നേദിച്ച ഉണ്ണിയപ്പവുമായി വന്നു. ചായയോടൊപ്പം ഒന്നും കഴിച്ചില്ലല്ലോ എന്ന വിഷമത്തിൽ ഇരുന്ന ഞാൻ ഉണ്ണിയപ്പം ഓരോന്നായി തിന്നു തുടങ്ങി.
അപ്പോൾ ആ അമ്മ പറഞ്ഞു, “വീരളം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസാദമാണ്. എന്റെ മോൾക്ക് നാളെ സിസേറിയൻ ആണ്. മൂന്നാമത്തെയാ, ഇക്കുറി ആൺകുട്ടി ആയിരിക്കും. നാളെ പൂരുരുട്ടാതി നക്ഷത്രമാ… ഒരു ആൺകുഞ്ഞിന് വേണ്ടി ഗുരുവായൂർ കുറെയേറെ വഴിപാട് നേർന്നിട്ടുണ്ട്.”
ഉണ്ണിയപ്പം തൊണ്ടയിൽ തടഞ്ഞു ഞാൻ ചുമച്ചു.
ഇന്നിനി വേദന വരില്ലെന്ന് ഡോക്ടർ പറഞ്ഞല്ലോ. സമാധാനമായി! അല്ലെങ്കിലും ഡോക്ടറെ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. എട്ടുമണിയോടെ ഊണും കഴിഞ്ഞു, അച്ഛൻ കൊണ്ടുവന്ന ഉഴുന്നു വട തക്കാളി ചട്ണി കൂട്ടി കഴിച്ച്, ഉറങ്ങാൻ കിടന്നു.
പത്തു മണി കഴിഞ്ഞു കാണും. ഞാൻ അമ്മോ എന്നൊരു നിലവിളിയോടെ എഴുന്നേറ്റു. വസ്ത്രങ്ങളിലാകെ നനവ് പടർന്നു.
അമ്മ ചാടിയെഴുന്നേറ്റു ലൈറ്റ് ഇട്ട് നോക്കുമ്പോൾ, നേർത്ത ചുവപ്പ് നിറം ഞാൻ ഇരിക്കുന്നിടമാകെ പടർന്നു.
അമ്മ വേഗം നഴ്സിനെ വിളിച്ചു കൊണ്ട് വന്നു. പിന്നെ വളരെ വേഗത്തിൽ എന്നെ ലേബർ റൂമിലേക്ക് കൊണ്ടു പോയി.
ഫ്ലൂയിഡ് പൊട്ടിയൊഴുകി കുഞ്ഞ് പുറത്ത് വരാറായ അവസ്ഥയിൽ ആയിരുന്നു!
ഞാൻ നേഴ്സ് ചൂണ്ടിക്കാണിച്ച കിടക്കയിലേക്ക് കയറി കിടന്നു.
“എനിമ കഴിഞ്ഞോ?” ഒരു സിസ്റ്റർ ചോദിച്ചു.
“ഇനിയിപ്പോ അതിനൊന്നും നേരമില്ല.”
“ആ സാരമില്ല പോട്ടെ…”
“ഈശ്വരാ സാരമുണ്ടെന്നു ഇവരോട് പറഞ്ഞാലോ” ഞാൻ ആലോചിച്ചു.
പതിവില്ലാതെ രാവിലെ മുതൽ തീറ്റയായിരുന്നു!
“സിസ്റ്ററെ, എനിമ വെച്ചില്ലേ കുഴപ്പമാവില്ലേ?”
“ഓ അധികം മുക്കാതിരുന്നാൽ മതി.”
ഉം… ഞാൻ വിശ്വാസം പോരാതെ മൂളി.
ഡോക്ടർ വന്നു. വീണ്ടും പരിശോധിച്ചു. കാലുകൾ പൊസിഷനിൽ വെച്ചു.
വേദനയുടെ ആരോഹണങ്ങളും അവരോഹണങ്ങളും ഞാൻ കയറിയിറങ്ങി. വിയർപ്പിൽ മുങ്ങിയ എന്റെ മുഖത്തു തടവി ഡോക്ടർ പറഞ്ഞു, പുഷ് ചെയ്യൂ മോളെ…
“വയ്യാ… ഇനിയെനിക്ക് വയ്യാ.” അമർത്തിയ കരച്ചിലോടെ ഞാൻ പിറുപിറുത്തു.
ഒരു സിസ്റ്റർ എന്റെ വയറ്റിൽ അമർത്താൻ തുടങ്ങി.
“പുഷ് ചെയ്യൂ… പുഷ്…” ഡോക്ടർ വീണ്ടും പറഞ്ഞു.
ഞാൻ ആഞ്ഞു ശ്രമിച്ചു. ആ സമയം തന്നെയാണ് ഒരു ബ്ലേഡ് കുരിശ് വരക്കും പോലെ എന്നെ കീറി മുറിച്ചത്.
ഒരു കുഞ്ഞ് ശബ്ദം ഞാൻ കേട്ടു. ഒപ്പം ചുറ്റും പരന്ന അസഹനീയമായ വാടയും എന്നെ തളർത്തി.
കാര്യങ്ങൾ എന്റെ കൈവിട്ടു പോയി!
കിടന്നയിടം വേഗത്തിൽ വൃത്തിയാക്കപ്പെട്ടു. മൂന്നര കിലോഗ്രാം ഉള്ള കുഞ്ഞായിരുന്നു. അതുകൊണ്ട് തന്നെ തുന്നലുകൾ അത്രയേറെ ഉണ്ടായിരുന്നു. ഇരിക്കാനോ നേരെ കിടക്കാനോ പോലും കഴിയാത്ത അവസ്ഥ!
ആകെ മൊത്തം തുന്നലുകളുടെ വേദനയിൽ ഞാൻ മുങ്ങുമ്പോൾ, ഡോക്ടർ എന്റെ മോനെ ഉയർത്തി കാണിച്ചു.
പട്ടുപോലെ എന്റെ മോൻ! ആ വേദനയിലും എനിക്ക് അഭിമാനം തോന്നി.
എന്നെ അടുത്ത മുറിയിലേക്ക് മാറ്റി കഴിഞ്ഞ് അമ്മ വന്നു. അന്നേരം പാല് കൊടുക്കാനായി മോനെ എന്റെ അരികിലേക്ക് കൊണ്ട് വന്നു കിടത്തി.
അമ്മ മോനെ അരികിലേക്ക് ചേർത്ത് കൊണ്ട് പറഞ്ഞു, “ഡീ അവരുടെ ഉണ്ണിയപ്പം വെറുതെയായി. ആ കുട്ടി പ്രസവിച്ചു. മൂന്നാമതും പെൺകുഞ്ഞ്…”
ആ വേദനയ്ക്കിടയിലും ഞാനറിയാതെ ചിരിച്ചു പോയി!


4 Comments
വേദനയിലും തീറ്റ മുടങ്ങാത്ത എഴുത്ത് വായിച്ചപ്പോൾ ആശ്വാസം.
രസകരമായി എഴുതി.
👍👏😀
എന്നാലും വേദനക്കിടയിലെ ആ തീറ്റ ഇത്തിരി കടുപ്പമായി ….. എത്ര രസമുള്ള എഴുത്ത്🌹👍
ഇപ്പോൾ നല്ല രസമായി എഴുതാൻ പറ്റുന്നു. പക്ഷേ അന്നനുഭവിച്ചത് എങ്ങനെ മറക്കും അല്ലേ?
എൻ്റെ സ്വന്തം അനുഭവങ്ങൾ പോലെ♥️♥️♥️
രസിച്ചു വായിച്ചു. ഒത്തിരി റിലേറ്റ് ചെയ്യാൻ പറ്റുന്ന എഴുത്ത്. ഇഷ്ടപ്പെട്ടു.