ഇളം മഴയുള്ള പുലരിയിൽ ഒരു പുഴ പോലെ ശാന്തമായ് മുന്നോട്ട് നീങ്ങുന്ന ബെൻസ് കാറിൽ, യൗവനം പടിയിറങ്ങാനായ് പടിപ്പുരയിൽ കാത്തു നിൽക്കുമ്പോഴും ദൈവികത തുളുമ്പുന്ന രണ്ട് മനുഷ്യർ.
കണ്ണിലേക്ക് പാറി വീഴുന്ന നരച്ച മുടിയിഴകൾ, നെറുകയിലെ രക്തചന്ദനക്കുറി, ഇളം പച്ച കുർത്തയും കസവുമുണ്ടും നാൽപ്പതുകളിലെത്തി നിൽക്കുന്ന ആര്യൻ വർമ്മയും ലളിതമായൊരു സെറ്റ് സാരിയിൽ ഋതുപർണ്ണയും. കുളിപ്പിന്നൽ കെട്ടിയ മുടിയിൽ തിരുകിയ തുളസിക്കതിർ, ചന്ദനക്കുറി, കറുത്ത കണ്ണടയും ചേരുമ്പോൾ ഒരു മാധവിക്കുട്ടി ഫീൽ.
എത്രയോ നാളുകൾക്ക് ശേഷം പ്രണയാദ്രമായ് ആര്യന്റെ ചുണ്ടുകൾ “ഋതു” എന്ന് മന്ത്രിച്ചു.
മിഴിമുനകൾ തമ്മിൽ കോർത്തതും, അവളുടെ കൺകോണുകൾ നനഞ്ഞു. മിഴിനീർത്തുള്ളികൾ മഴയായ് ഭൂതക്കാല പ്രണയ പച്ചകളിലേക്കുതിർന്നു വീണു.
“പല തവണ ഉറപ്പു വരുത്തിയിട്ടും വടക്കേ വാതിൽ പൂട്ടാൻ മറന്നോന്ന് സംശയം. തിരിച്ച് വന്നിട്ട് തെക്കിനിയിളക്കി മേയണം, ചെറ്യേ ചോർച്ചണ്ട്. ഇന്നലെ രാത്രി തീരുമാനിച്ച യാത്രയായോണ്ട് കുറച്ച് വസ്ത്രങ്ങളെടുത്തിട്ടുണ്ട്. എങ്ങോട്ടാണ് പോണതെന്ന് മാത്രം പറഞ്ഞില്ലല്ലോ?”
“നിനക്കോർമ്മയുണ്ടോ, ഋതു, എന്നോട് പ്രണയം സമ്മതിച്ച ദിവസം?”
“മറക്കാനാവുമോ, 2003 ജൂൺ 6. കാത്തിരിക്കാനാവാതെ അതേ വർഷം വിവാഹം.” അവരിരുവരും ചിരിച്ചു.
വീടിന്റെ ഡിസൈൻ ചെയ്യാൻ വന്ന യുവ ആർക്കിടെക്റ്റിനോട് ഗോവണിയെക്കുറിച്ച് എന്തറിയാമെന്ന അഹങ്കാരി പെണ്ണിന്റെ മുനവെച്ച ചോദ്യത്തിന്,
“മെക്സിക്കോയിലെ ലൊറേറ്റോ ചാപ്പലിന്റെ 360 ഡിഗ്രി തിരിഞ്ഞ പിരിയൻ ഗോവണി, നടുവിൽ ബലം നൽകാൻ നീളൻ തൂണില്ലാതെ, ഭൂഗുരുത്വാകർഷണ നിയമപ്രകാരം, ആദ്യത്തെയാൾ കാൽ വെച്ചാൽ ഇടിഞ്ഞു വീഴേണ്ടുന്ന നിർമ്മിതിയിന്നും കാലത്തെ വെല്ലുവിളിച്ച് 150 വർഷത്തിലേറെയായ് നിലനിൽക്കുന്നു. ഇതു വരെയും അറിയപ്പെടാത്ത, അതിന്റെ വിഖ്യാത ശിൽപ്പിയുടെ കഴിവിനെ, സഭ, വിശുദ്ധ ഔസേപ്പ് പിതാവിന്റെ അത്ഭുതമെന്ന ഒറ്റവരിയിലൂടെ മായ്ച്ചിരിക്കുന്നു. ഇവിടെയും അവസാന വാക്ക് നിങ്ങളുടേതാണ്. കോംപ്രമൈസിലൂടെ സ്വന്തം പ്ലാൻ നശിപ്പിക്കുന്നത് ഞങ്ങളുടെ വിധിയാണ്. വീട്ടിൽ മറ്റുള്ളവർ പ്രകീർത്തിക്കുന്നതെല്ലാം ഉടമയുടെ നിർദ്ദേശം. കുറച്ചു കൂടെ നന്നാക്കാമായിരുന്നത് ആർക്കിടെക്റ്റിന്റെ കഴിവുകേട്, അതല്ലേ നാട്ടുനടപ്പ്. ആ നെടുനീളൻ മറുപടിയിൽ വീണുപോയതല്ലേ ഞാൻ.”
“ഇതൊന്നും മറന്നില്ലേ ഇയാൾ..” ആര്യനവളെ പുഞ്ചിരിയോടെ നോക്കി.
”പതിനഞ്ച് വർഷങ്ങൾ, എത്ര വേഗമാണ് കടന്നു പോയത്. എന്റെ അമ്മക്കെന്നും നീ നല്ലൊരു മകളായിരുന്നു. ഒരു സൂചനയും തരാതെ, ഒരു ദിവസം അമ്മയില്ലാതായപ്പോൾ ഞാനനാഥനായെന്നു തോന്നി. കഴിഞ്ഞ പത്ത് മാസങ്ങളെടുത്തു മനസ്സ് ശാന്തമാകാൻ, അമ്മയില്ലാത്ത വീട്ടിലേക്ക് തിരികെയെത്താൻ. ക്ഷമ പറഞ്ഞാൽ തീരാത്ത തെറ്റാണ്. അമ്മയുടെ സംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞ് ഞാൻ തിരികെപ്പോയതോടെ, നീ ആ വലിയ വീട്ടിലൊറ്റപ്പെട്ടുവല്ലേ.”
”ആദ്യമായ് ആ വീട്ടിലേക്ക് വന്നപ്പോൾ എനിക്ക് ആ പഴമയോട് ഭയമായിരുന്നു. നാഗക്കാവ്, പാലപ്പൂ മണം, രാപകലറുതിയില്ലാതെ തൊടി നീളെ പാമ്പുകൾ. എന്നാലിന്ന് ആ വീട് വിട്ടിറങ്ങുമ്പോൾ, ‘പിറന്നു വീണ കുഞ്ഞിന് ഗർഭപാത്ര’മെന്ന പോലെ മടക്കമില്ലാത്ത യാത്രയാണെന്ന് മനസ്സ് പറയുന്നു.”
പാലക്കാടൻ ഗ്രാമം പതിയെ പിന്നിലേക്കോടി മറയവേ, അമ്മയെക്കുറിച്ചോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. കുട്ടികളുണ്ടാവില്ലെന്ന് ഡോക്ടർമാർ തീർത്തു പറഞ്ഞപ്പോൾ, ആര്യൻ തന്റെ ജോലിത്തിരക്കുകളുമായ് ലോകം ചുറ്റാനിറങ്ങി.
“കെട്ടിടങ്ങൾ എനിക്ക് കല്ലും മണലും സിമന്റുമല്ല. ശിൽപ്പങ്ങളാണ്. അവ നിലനിൽക്കുന്ന കാലത്തോളം ശിൽപ്പി ഓർമ്മിക്കപ്പെടും. സൂക്ഷ്മതയുടെ പേരിൽ വാഴ്ത്തപ്പെടും. എന്നെ പോകാനനുവദിക്കണം.”
കളിക്കാൻ പോകാൻ വാശി പിടിച്ചു കരയുന്ന കുഞ്ഞിനെയാണ് അന്നേരം ഋതുപർണ്ണ ആര്യനിൽ കണ്ടത്. എതിർത്തില്ല. ആ നാലുകെട്ടിന്റെ വിശാലമായ അകത്തളങ്ങളിൽ, അവന്റെ ശൂന്യതയിൽ ആർത്തലച്ച് കരഞ്ഞ്, അമ്മയുടെ മടിത്തട്ടിൽ വീണുറങ്ങി.
യാത്രക്കിടയിൽ നാമജപ ഘോഷയാത്രക്ക് കടന്നു പോവാൻ കാർ നിർത്തി.
“പങ്കെടുക്കുന്നോ?” ആര്യനവളെ നോക്കി.
“വിശുദ്ധമായ പെൺജീവിതം, ഇകോളി ബാക്ടീരിയ നിറഞ്ഞ പമ്പയിൽ മുങ്ങി അശുദ്ധമാവാൻ വയ്യാത്തോണ്ട്, നാമജപത്തിനുമില്ല, മതിലു കെട്ടാനുമില്ല. ഞാൻ സമരം ചെയ്‌താൽ മാത്രം ബ്രഹ്മചര്യം സംരക്ഷിക്കപ്പെടുന്ന അശക്തനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നുമില്ല.”
”നീ കുല സ്ത്രീയാണെന്നായിരുന്നു എന്റെ ധാരണ.” കാറിൽ കൂട്ടച്ചിരി മുഴങ്ങി.
നഗര പരിധികളെ കൈയ്യൊഴിഞ്ഞ് കാർ കുന്ന് കയറാൻ തുടങ്ങി. വളർന്ന് പന്തലിച്ച്, വെട്ടുകത്തിയാൽ ഇനിയും കന്യകാത്വം കവരപ്പെടാത്ത ഇടതൂർന്നൊരു റബ്ബർക്കാട്ടിലൂടെ പുതിയതായ് പണിയിച്ച ടാറിട്ട റോഡിലൂടെ വാഹനം യാത്ര തുടങ്ങി. വിജനതയുടെ വീര്യം കൂട്ടി ചീവീടുകൾ ആർത്തുവിളിച്ചു. തോട്ടം ഇത്രയശ്രദ്ധമായിട്ടിരിക്കുന്നതാരെന്ന് അവൾ ചോദിച്ചു.
“ഞാനല്ലാതെ മറ്റാരാണ്” ആര്യന്റെ നിഷ്കളങ്ക മറുപടി.
“ഇവിടെയെന്തിനാണ്, ഹമ്പ് ഇത് പൊതുവഴിയല്ലല്ലോ?”
“ജീവിതത്തിൽ അതിവേഗം ആപത്തല്ലേ, അതുകൊണ്ടാവും.”
ഇടതൂർന്ന റബ്ബർക്കാടിന്റെ കാവലിൽ ഹൃദയാകൃതിയുള്ള താമര പൊയ്കക്കരികിൽ തലയുയർത്തി നിൽക്കുന്ന ഇരുനില മൺകൂടാരം. സായാഹ്ന മേഘങ്ങൾ ചാലിച്ച കുങ്കുമ തുടിപ്പിൽ അതിസുന്ദരമായ കാഴ്ച ദൂരെ കണ്ടതിന്റെ ആവേശത്തിൽ, കുറ്റിത്താടികൾ ഞാറുനട്ട ആര്യന്റെ കവിളിൽ അവൾ അമർത്തിക്കടിച്ചു.
“ഇതെന്നെയേറെ പറഞ്ഞു കൊതിപ്പിച്ച ചിതൽക്കോട്ടയില്ലേ?”
“നമ്മളേറെ സ്വപ്നം കണ്ട വീട്, പ്രകൃതിയോടിണങ്ങി മണ്ണുകൊണ്ടാണിതിന്റെ നിർമ്മാണം.”
“ഇതെങ്ങിനെയാ ഉണ്ടാക്കിയത്?”
“മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരുകൾ, മുളക്കമ്പും ചിരട്ടയും ഉപയോഗിച്ചുള്ള റൂഫിങ്ങ്. കശുവണ്ടിക്കറ ജനാലകളിൽ പുരട്ടിയിരിക്കുന്നു. റെസോക്സൈഡ് ഇട്ട തറ.” പോളിഷ് തോറ്റു പോവുന്ന മിനുപ്പിൽ അവൾ വിരലുകൾ തലോടി.
അകത്തേക്കുള്ള പ്രധാന വാതിൽ തുറന്നപ്പോൾ മുകളിലേക്ക് കയറുന്ന ഗോവണിയിലേക്ക് വിരൽ ചൂണ്ടി. ഇളം നിറങ്ങൾ തൂകിയ ചുവരിൽ വിഖ്യാതമായ പെയ്ന്റിങ്ങ്സിന്റെ പകർപ്പുകൾ. നിലത്ത് സൂക്ഷിച്ച് നോക്കിയാൽ മാത്രമറിയുന്ന താന്ത്രിക്ക് പെയ്ന്റിങ്ങ്. വലിയ നിലവിളക്കിന്റെ അരണ്ട മഞ്ഞവെളിച്ചവും നനുത്ത സൂഫി സംഗീതവും പകരുന്ന വല്ലാത്തൊരു ഫീൽ.
“നമ്മുടെ മുറി മുകളിലാണ്. ആദ്യമൊന്ന് ഫ്രെഷാവാം.” ആര്യന്റെ വാക്കുകളവളെ സ്വപ്നത്തിൽ നിന്നുണർത്തി.
”യു ആർ എ ജീനിയസ്, ആര്യൻ. ഈ ഇരുൾ മുറികളിൽ കിടന്ന് നിറയൗവനം തിരികെപ്പിടിക്കുന്ന കായകർമ്മ ചികിത്സയാണോ നമ്മുടെ പ്ലാൻ?”
“രതിയും പ്രാർത്ഥന പോൽ വിശുദ്ധമാണ്. ഈശ്വരനിലേക്കും അതിലൂടെ മോക്ഷത്തിലേക്കുമായ് തന്ത്രയഭ്യസിക്കാൻ വന്നവരാണ് നമ്മൾ.”
”ആഹാ, മുടിയിൽ നര വീണു. കൊതി തീർന്നില്ലേ, കുട്ടിക്ക്.” ഋതു തീഷ്ണമായ് ആര്യനെ നോക്കി.
“കാലങ്ങളായ് പൂജയില്ലാത്ത ക്ഷേത്രത്തിൽ, കലശാഭിഷേകം നടത്തി തുടങ്ങാം?”
“അയ്യേ,ഉപമിക്കാൻ അമ്പലേ കിട്ടീള്ളൂ?” അവൾ മുഖം പൊത്തി.
ഗോവണി കയറി മുകളിലെത്തിയതും വസ്ത്രങ്ങളൊക്കെയും അഴിച്ചുവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ അവളാദ്യം വിസമ്മതിച്ചു. വാതിൽ തുറന്നപ്പോൾ മുന്നിൽ വലിയൊരു തടാകം പോലെ പരന്നു കിടക്കുന്ന ജലാശയത്തിലിറങ്ങാനെന്നറിഞ്ഞതോടെ സമ്മതിച്ചു. ഒത്തിരി കണ്ണാടികൾ നിറഞ്ഞാമുറിയിൽ പൂർണ്ണ നഗ്നരായ അവരിരുവരുടേയും ഒത്തിരി പ്രതിബിംബങ്ങൾ ചുറ്റിലും കണ്ടതോടെ അവൾ നാണം കൊണ്ട് ചുവന്നു.
“എന്തിനാ ഇങ്ങിനെയൊരു മുറി?”
“എനിക്കും നിനക്കുമറിയാത്ത നമുക്കുള്ളിലെ ആയിരം നമ്മളെ കാണാൻ, അറിയാൻ.”
“ഇങ്ങിനെയൊരു കാഴ്ചയിൽ അറിയാതെ മുഖംപ്പൊത്തുന്ന കുലസ്ത്രീയാണ് ഞാൻ.”
“ഈ ജലാശയത്തിലൂടെ നീന്തി വേണം നമ്മുടെ കിടപ്പുമുറിയിലെത്താൻ. ഇതിലെ ഇളംതണുപ്പുള്ള ജലത്തിന് ഞാൻ നൽകിയ വാക്കാണ്, നമ്മുടെ പൂർണ്ണ നഗ്നത.” ജലത്തിലേക്കിറങ്ങുന്ന പടികളിൽ കാൽത്തൊട്ടതും തണുപ്പിൽ അവൾ കാൽ വലിച്ചു.
“സൂക്ഷിക്കണം. ചില സ്ഥലങ്ങളിൽ താഴത്തെ നിലയിലേക്കും പടർന്നു കിടക്കുന്ന ആഴമുണ്ടിതിന്.”
“അപ്പൊ അടുക്കളയെവിടാ?”
“അതും മുകളിൽ തന്നെയാണ്, മുറിയോട് ചേർന്ന്. ഇതെന്റെ ഭ്രാന്തൻ പ്ലാനാണ്.”
അവരിരുവരും പതിയെ നീന്തി മറുകരയെത്തി. പടവുകൾ കയറിയതും ടവലുകൾ തയ്യാറാക്കി വെച്ചിരിക്കുന്നു. തുടച്ചിട്ടും തണുപ്പ് മാറാത്തവളെ തന്നിലേക്ക് ചേർത്തിപ്പിടിച്ചവൻ അടുക്കളയിലേക്ക് നടന്നു. തുറന്ന അടുക്കളയിൽ അവളെ കാഴ്ച്ചക്കാരിയാക്കി ആര്യൻ പാചകമാരംഭിച്ചു.
“ലോകത്തേറ്റവും ടേസ്റ്റിഫുഡ് ഇറ്റാലിയനാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ ജാപ്പനീസ് സുഷിയാണ്. ലോകത്തിന്റെ വിവിധ രുചികളറിയുമ്പോഴെല്ലാം നിന്നെ ഓർക്കും.”
ആര്യനവൾക്ക് ഭക്ഷണം വാരിക്കൊടുത്തു. അവളുടെ നിറഞ്ഞ കണ്ണുകളിൽ നിന്നൊരു തുള്ളി കവിളിലൂടെ മണ്ണിലേക്കുതിരും മുമ്പേ അവന്റെ ചുംബനങ്ങളതുണക്കി. ഭക്ഷണത്തിന് ശേഷം ആവിപറക്കുന്ന ഗ്രീൻ ടീ യുടെ കപ്പുകളുമായവർ ശയനമുറി തുറന്നു.
ജനാലകളില്ലാത്ത മുറി, നടുവിൽ വിശാലമായ ആട്ടുകട്ടിൽ, അതിനു മീതെ തൂവൽ സ്പർശമേകുന്ന പഞ്ഞിക്കിടക്ക, അതിൻ മീതെ നീളൻ മയിൽപ്പീലിത്തുണ്ട്, കട്ടിലിനു താഴെ കുന്തിരിക്കം പുകയുന്നു , എ സി യുടെ നനുത്ത കുളിരിൽ ഇരുവർക്കും നഗ്നതയോർമ്മ വന്നു. അവളതിവേഗം പുതപ്പിനുള്ളിലൊളിച്ചു.
“ഈ മുറിക്കെന്താ ജനാലകളില്ലാത്തത്?”
“ഈ മുറി സൗണ്ട് പ്രൂഫാണ്. പണ്ട് ഇക്കിളി കാരണം, ഞാൻ തൊടുമ്പോഴുള്ള നിന്റെ ശബ്ദം കേട്ട്, ‘നീ അവളെ ഉപദ്രവിക്കാണോ’ന്ന് ചോദിച്ച് അമ്മ ഓടി വരാറുള്ളത് ഓർമ്മയുണ്ടോ. ഈ വീടുണ്ടാക്കുമ്പോൾ അമ്മയുണ്ടായിരുന്നു. അതായീ മുൻകരുതൽ.”
ഗ്രാമഫോണിൽ ഗസൽ ഗീതങ്ങൾ തുടങ്ങിയതോടെ അവളുടെ നിശ്വാസങ്ങൾ പ്രാവിന്റെ കുറുകലായ് മാറി. കാലങ്ങളായ് പൂജാമുറിയിൽ വെച്ചിരുന്ന വീണയിൽ, ആരോ വിരൽ തൊട്ടപോലുടൽ ശ്രുതി ചേർത്തു. ആ മഴയിൽപ്പീലിയാൽ തഴുകവേ അവൾ വയലിനായി. ഇക്കിളികൊണ്ടവൾ ഇളകിച്ചിരിച്ചു.
“എന്തേ ആട്ടുക്കട്ടിൽ?”
“നിന്നെ ഞാനാദ്യമായറിഞ്ഞത് എല്ലാവരുമുറങ്ങിയപ്പോൾ കുളപ്പുരയിൽ വെള്ളം നിറഞ്ഞ പടവിലാണ്. പിന്നെ പലപ്പോഴായി കട്ടിലിലും നിലത്തുമായി. ഇപ്പോൾ ആകാശമെന്ന തോന്നലിൽ ഇളകിയാടുന്ന ഇത്തിരിയിടത്തിൽ.”
ആട്ടുകട്ടിൽ കടൽത്തിരകൾ പോലെയുയർന്നു താഴ്ന്നു. ഒടുവിലവൾ തളർന്നവന്റെ നെഞ്ചിലെ രോമക്കാടിൽ ചുംബിച്ചു കിടന്നു.
“ഒത്തിരി നാടുകൾ കണ്ടയാളല്ലേ, ഏറ്റവും വിസ്മയിപ്പിച്ച നിർമിതിയേതാണ്?”
“എല്ലോറയിലെ കൈലാസനാഥ ക്ഷേത്രത്തോളം മനോഹരമായ സൃഷ്ടി ഭൂമിയിലില്ല. വിവിധ സംസ്ക്കാരങ്ങൾ ശിലയെ താഴെ നിന്ന് തുരന്നപ്പോൾ, ഒരു പർവ്വതത്തിൽ നിന്ന് അനാവശ്യമായതെല്ലാം മുകളിൽ നിന്ന് തുരന്ന് നീക്കം ചെയ്ത് ക്ഷേത്രത്തെ മാത്രം നിലനിർത്തിയ സങ്കേതിക വിദ്യ മറ്റൊരിടത്തും നമുക്ക് കാണാനാവില്ല. മതഭ്രാന്തനായ ഔറംഗസ്വീബ് ഈ അത്ഭുത നിർമ്മിതി തകർക്കാൻ, ആയിരക്കണക്കിന് സൈനികരാൽ, 3 വർഷം ശ്രമിച്ചിട്ടും കൊത്തുപണികൾക്ക് മാത്രം കേടുവരുത്തി പിൻവാങ്ങേണ്ടി വന്നു. സത്യമുള്ള കലയും പ്രണയവും കാലാനുവർത്തിയാവുന്നതങ്ങിനെയാണ്.”
“എനിക്കീ വാതിലൊന്നു തുറന്നു തരൂ, ദാഹിക്കുന്നു. ഇത് നമ്പർ ലോക്കാണോ?”
“ആണല്ലോ. കൃത്യമായ 8 നമ്പറിൽ തുറക്കും. ജർമ്മൻ സാങ്കേതിക വിദ്യയാണ്. എന്നുവെച്ചാൽ ഒമ്പത് കോടി 99 ലക്ഷത്തി തൊണ്ണൂറ്റൊമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊൻപതിനുളളിൽ ഒരു സംഖ്യ. ഭാഗ്യം പരീക്ഷിക്കുന്നോ സഖാവേ?”
“അയ്യോ ഞാനില്ല. ചുമ്മാ കളിക്കല്ലേ, മര്യാദയ്ക്ക് നമ്പർ പറഞ്ഞ് താ….”
”കളിയല്ല കാര്യമാണ്. ട്രൂത്ത് ഓർ ഡെയർ കളിച്ചിട്ടില്ലേ. അതിലെ ഡെയർ നമുക്ക് വേണ്ടാ, ഓൺലി ട്രൂത്ത്. എന്തും ചോദിക്കാം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ, ബി നിലവറ പൂട്ടിയ നാഗബന്ധത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു പ്രത്യേക വ്യക്തിയുടെ പ്രത്യേക സ്കെയിലിലുള്ള ശബ്ദം, പൂട്ടിനുള്ളിലെ പൽചക്രങ്ങളെ ചലിപ്പിച്ച് വാതിൽപ്പാളികൾ അകന്നു മാറുന്നു. അതേപ്പോലെ എനിക്ക് നിന്നിൽ നിന്നറിയേണ്ട സത്യങ്ങളറിഞ്ഞാൽ ഈ വാതിൽ താനെ തുറക്കും.
”ഈ കൗതുകങ്ങളൊക്കെ എനിക്കെത്ര മാത്രം മിസ് ചെയ്തിരുന്നെന്നോ? ചോദിക്കൂ. ഞാൻ റെഡി.”
“ചോദ്യം ഒന്ന്, നിനക്ക് ഞാനറിയാത്ത രോഗാവസ്ഥ ഉണ്ടായിരുന്നോ?”
“തീർച്ചയായും. ആര്യൻ വിദേശത്തേക്കു പോയതോടെ പഴയ നാലുക്കെട്ടിന്റെ ഏകാന്തതയിലേക്ക് ശരീരം നുറുങ്ങുന്ന വേദന സമ്മാനിച്ച് രക്തവാതം എനിക്ക് കൂട്ടായ് വന്നു. ശരീരം തളർന്നു പോയപ്പോഴും സ്വപ്നങ്ങളിലേക്ക് യാത്രപോയ നിങ്ങളുടെ വളർച്ച ഞാനറിയുന്നുണ്ടായിരുന്നു. പ്രശസ്തിയുടെ ചിറകിൽ പറക്കവേ, ഒരു പിൻവിളി ഞാനും അമ്മയുമാഗ്രഹിച്ചില്ല. മരുമകളെ മകളായ് കാണുകയെന്നത്, വല്ലാത്തൊരു ക്ലീഷേയാണ്. പക്ഷേ, എന്നെയൊരു കുഞ്ഞിനെപ്പോലെ അമ്മ പരിചരിച്ചു. മലമൂത്രങ്ങൾ ആ കൈകളാൽ നീക്കം ചെയ്യുന്നത് കണ്ട്, അതിന്റെ അളവു കുറയ്ക്കാൻ ഞാൻ ഭക്ഷണവും വെള്ളവും കുറച്ചപ്പോഴെല്ലാം വാത്സല്യത്തോടെ ശാസിച്ചു. ജീവിതത്തിലേക്ക് ഞാൻ തിരികെ നടന്നു തുടങ്ങിയപ്പോഴാണ് അമ്മ തനിയെ മടങ്ങിപോയത്.”
“ഞാനോടി വരുമായിരുന്നല്ലോ, എന്തേ നീ പറഞ്ഞില്ല?”
“ഒരു നോക്കു കാണാൻ, ഈ നെഞ്ചിലെച്ചൂടിൽ മയങ്ങാൻ വല്ലാതെ കൊതിച്ചിട്ടുണ്ട്. നിങ്ങൾക്കൊരു കുഞ്ഞിനെത്തരാൻ എനിക്കായില്ല. നിങ്ങളുടെ സ്വപ്നങ്ങൾ കൂടി തകരുന്നതിന് കാരണക്കാരിയാവേണ്ടെന്നു തോന്നി.”
“ഇനി എന്റെ അവസരം. വർഷങ്ങളോളം നാട്ടിൽ വരാതെ വലിയ കെട്ടിടങ്ങൾ പണിഞ്ഞതിന്റെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു?”
“ഇലുമാനിറ്റിയെന്ന് കേട്ടിട്ടുണ്ടോ? 700 വർഷമായി ലോകത്തെ നിയന്ത്രിക്കുന്ന 13 കുടംബങ്ങളിലെ, സാത്താൻ സേവകരായ, 6500 അംഗങ്ങളുടെ കൈയ്യിൽ എല്ലാ സമ്പത്തും ആത്യന്തികമാക്കി എത്തിച്ചേരുന്നു. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ഒളിപ്പിക്കപ്പെട്ട വലിയ സമ്പത്ത് കൈക്കലാക്കിയവർ റഷ്യയിൽ വലിയ കെട്ടിടങ്ങളുണ്ടാക്കി. അവരുടെ നിഗൂഢലക്ഷ്യങ്ങളെ മറയ്ക്കുന്ന മനോഹര കെട്ടിടങ്ങളുണ്ടാക്കാൻ അവർ എന്നെ ഉപയോഗിച്ചു. ജർമ്മനിയിൽ ഹിറ്റ്ലറിന്റെ അവസാനകാലത്ത് എല്ലാ സമ്പത്തും കയറ്റി അയച്ച ട്രെയിൻ കണ്ടെത്താനായി പോളണ്ടിൽ നടത്തിയ ഖനനങ്ങളെ മറയ്ക്കാൻ പടുകൂറ്റൻ കെട്ടിടങ്ങളുണ്ടാക്കലായിരുന്നു അവസാന ജോലി.”
“ചോദ്യം രണ്ട്, ഋതു നിന്നെയാരാണ് ചികിത്സിച്ചിരുന്നത്?”
“ഡോക്ടർ ഷിന്റോ എബ്രഹാം, മിഷൻ ഹോസ്പിറ്റൽ. അവൻ പ്രീഡിഗ്രി എനിക്കൊപ്പമായിരുന്നു പഠിച്ചിരുന്നത്. മികച്ച ട്രീറ്റ്മെന്റ് കൊണ്ട് അസുഖത്തെ പൂർണ്ണമായും മാറ്റിയെടുത്തു.”
“കുഞ്ഞുണ്ടാവാനുള്ള സാധ്യതയില്ലാതാക്കിയത്, എന്നിലെ പ്രശ്നങ്ങളെന്ന് അമ്മയോട് പോലും പറയാതിരുന്നപ്പോഴും ഒരിക്കലെങ്കിലും ആര്യൻ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നോ?”
“പോളണ്ടിലെ ജോലിക്കിടയിലെനിക്ക് അതിസുന്ദരിയായ ഒരു ജർമ്മൻ സെക്രട്ടറിയുണ്ടായിരുന്നു. കലർപ്പില്ലാത്ത ആര്യവംശത്തിലെ കുഞ്ഞ് പിറക്കാൻ, കാശ്മീരിലേക്ക്, അലക്സാണ്ടർ ചക്രവർത്തിയുടെ ആക്രമണ കാലത്തെ ഇന്ത്യൻ സൈനികരുടെ പിൻമുറക്കാരെ അന്വേഷിച്ചെത്തുന്ന വിദേശികളുടെ കഥ അവളെനിക്ക് പറഞ്ഞു തന്നു. എന്നിലെ പ്രതിഭയോട് തോന്നിയ മതിപ്പിൽ, ഒരിക്കലും ശല്യമാവില്ലെന്നുറപ്പ് നൽകി, എന്നിൽ നിന്ന് ഗർഭം ധരിക്കാൻ അവൾ ഒരു പാട് ആഗ്രഹിച്ചു.”
“എന്നിട്ട്?”
“വർഷങ്ങളുടെ പ്രണയമുറഞ്ഞുണ്ടായ വൈൻ പകരേണ്ടത്, നീയെന്ന ചില്ലു പാത്രത്തിലല്ല, എന്റെ തറവാട്ടിൽ തേച്ച് മിനുക്കിയെന്നെ കാത്തിരിക്കുന്ന വെള്ളി ചഷകത്തിലെന്ന് പറഞ്ഞപ്പോൾ അവൾ നിന്റെ പേര് ചോദിച്ചു. പിന്നീടൊരിക്കലും എന്നോടിതെ പറ്റി സംസാരിച്ചിട്ടില്ല.”
ആര്യന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ച് ‘ഇനി ചോദ്യങ്ങൾ മതി’യെന്നവൾ കൊഞ്ചി.
“ഒരു ചോദ്യം കൂടി, ഒറ്റ ചോദ്യം മതി ജീവിതം മാറി മറയാൻ.”
“വേഗം ഒന്നു ചോദിക്ക്. എനിക്ക് തുണിയില്ലാതെ വല്ലാതെ തണുക്കുന്നുണ്ട്, ട്ടോ.”
“ഹും, എങ്കിൽ പറ, എന്റെ അമ്മയെങ്ങിനെയാണ് മരിച്ചത്?”
ചോദ്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഋതു ആര്യന്റെ കണ്ണുകളിലേക്കുനോക്കി.
“അമ്മയ്ക്ക് പെട്ടെന്ന് ഷുഗർ താഴ്‌ന്നു. ഡോക്ടർ നമ്പീശൻ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു.”
“ഈക്കഥ എല്ലാവരോടും നീ പറഞ്ഞ കഥ. നിനക്കറിയാത്ത ചിലത് ആദ്യം ഞാൻ പറയാം. തറവാട്ടിൽ കുട്ടികളില്ലാതായപ്പോൾ, സന്യാസി സമൂഹം നടത്തിയ അനാഥാലയത്തിലെ എറ്റവും ചെറിയ കുഞ്ഞായിരുന്ന എന്നെ, അമ്മ സ്വന്തമാക്കി വളർത്തി. എന്റെ കോളേജ് കാലത്ത്, ആരാരുമില്ലാത്ത നിന്നെ ഞാൻ കൂടെക്കൂട്ടിയപ്പോൾ നീയും അവർക്ക് മകളായി. എന്നിട്ടും പാവമാസ്ത്രീ മരിച്ചത് നീ കാരണമാണെങ്കിൽ നിന്നെയവരിലേക്കെത്തിച്ച ഞാനും കുറ്റക്കാരനാണ്. ഇവിടെ വാദിയും കോടതിയും ഞാനാണ്. ഈ ഒറ്റമുറിയിൽ നിന്റെ സ്മാർത്തവിചാരം തുടങ്ങുന്നു. ഇവിടെ മരണം നമ്മുടെ തൊട്ടടുത്തുണ്ട്. നീയത് അറിയുന്നുവോ?”
“എന്നെക്കൊല്ലാനാണോ ഇവിടെ വരെ കൊണ്ടുവന്നത്? അതിനെന്തിനാണീ ചെയ്യാത്ത തെറ്റിന്റെ കുറ്റാരോപണം.”
“കൊല്ലാനായിരുന്നെങ്കിൽ എത്രയോ വഴികളുണ്ട്. ഈ വീട് എന്റെ മാസ്റ്റർ പീസ് വർക്കാണ്. മഹാഭാരതത്തിലെ അരക്കില്ലത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ചത്. ഈ മുറി ശരിക്കും എലിക്കണിയാണ്. ഇവിടെ നിന്ന് നമ്മളൊരാളെ ജീവനോടെ പുറത്തേക്ക് പോവൂയെന്ന് ഞാനാദ്യമേ തീരുമാനിച്ചതാണ്. അത് നീയാവണമെന്ന് ഞാൻ വല്ലാതെയാഗ്രഹിക്കുന്നു. ആവശ്യമുള്ള സമയമെടുത്ത് സംസാരിക്കൂ.”
ഇത്രനാൾ മനസ്സിൽ കനലായ് കൊണ്ടു നടന്നത് മുഖത്ത് നോക്കി ചോദിച്ച ആശ്വാസത്തിൽ ആര്യൻ നന്നായി ഉറങ്ങി. അയാളുടെ കൂർക്കം വലിയുടെ ശബ്ദം കേട്ട് അവൾ ഭയത്തോടെ നോക്കി. ആ മുഖത്ത് പ്രതികാരം മാത്രമാണുള്ളത്, താൻ പ്രണയിച്ച ആര്യൻ മരിച്ചിരിക്കുന്നു. ഈയവസരം വിനിയോഗിക്കാൻ അവൾ തീരുമാനിച്ചു. ലോക്ക് തുറക്കാനായി അതിവേഗം നമ്പറുകൾ നീക്കി. ഇടക്കെപ്പോഴോ കൂർക്കംവലി നിലച്ചു. ആരോ പുറകിലുണ്ടെന്ന തോന്നലിൽ അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.
ആര്യൻ അവളെ തന്നെ നോക്കിയിരിക്കുന്നു. “ഞാൻ നിന്നെ തടയില്ല, നോവിക്കില്ല. ഒന്നു തൊടുകപോലുമില്ല. പേടിക്കണ്ട, തെറ്റ് ചെയ്യാത്ത നീയാരെയാണ് ഭയക്കുന്നത്.”
“നിങ്ങളുടെ ഭ്രാന്തിനെയല്ലാതെ മറ്റൊന്നും എനിക്ക് ഭയമില്ല.”
“കൗതുകം എന്ന വാക്ക് ജ്ഞാനസ്നാനം ചെയ്ത് ഭ്രാന്തെന്ന പേര് സ്വീകരിച്ചു. ഹലേലൂയ്യാ…” ആര്യനുറക്കെ ചിരിച്ചു.
രാവിലെ ഉണർന്ന ആര്യൻ കണ്ടത് പൂട്ടിനു ചുവട്ടിൽ തണുത്ത് വിറച്ചുറങ്ങുന്ന ഋതുവിനെയാണ്. അയാൾ മുറിയുടെ കോണിലെ നീന്തൽക്കുളത്തിൽ ജലം നിറയ്ക്കുന്ന സ്വിച്ച് ഓൺ ചെയ്തു.
പിറ്റേന്നും ഒരു ഭ്രാന്തിയെപ്പോലെ അവൾ നമ്പറുകൾ മാറ്റിക്കൊണ്ടിരുന്നു. മൂന്നാം ദിവസം രാവിലെ അവളെ മുറിയിൽ കാണാതായതോടെ അയാൾ ബാത്ത് റൂമിന്റെ വാതിൽ തുറന്നു. വിശന്ന് തളർന്ന്, പൈപ്പിലെ വെള്ളം മതി വരുവോളം കുടിക്കുന്നതിനിടയിൽ ഋതു അയാളെ ദയനീയമായി നോക്കി.
നാലാം ദിനം ആര്യനെ വിളിച്ചുണർത്തിയത് അവളാണ്. “ഇഞ്ചിഞ്ചായ് കൊല്ലുന്നതിനേക്കാൾ കഴുത്തു ഞെരിച്ച് കൊല്ലൂ…” തളർന്ന ശബ്ദത്തിൽ അവൾ കരഞ്ഞ് പറഞ്ഞു.
”നാളെ ഒരിതിഥിയെത്തും. പിന്നെ നിനക്ക് പിടിച്ചു നിൽക്കാനാവില്ല.” ആര്യൻ ചിരിച്ചു.
വരുന്നതാരെന്നോർത്ത് വേവലാതിയോടെ അവൾ നിലത്ത് തളർന്നിരുന്നു. ഉടലാകെ നനഞ്ഞപ്പോഴാണ് പിറ്റേന്നുണർന്നത്. വാതിലിനടയിലെ വിടവിലൂടെ ഒഴുകിയെത്തുന്ന ജലത്താൽ വസ്ത്രങ്ങളില്ലാത്ത ഉടൽ തണുത്തു വിറച്ചു.
“ആര്യൻ, കണ്ണു തുറക്കൂ. തറയിലാകെ വെള്ളം നിറയുന്നു.” അവൾ ഭയത്തോടെ അയാളെ വിളിച്ചുണർത്തി.
“അരക്കില്ലം നശിപ്പിച്ചത് തീയെങ്കിൽ, ഇവിടം നശിക്കാൻ പോവുന്നത് ജലത്താലാണ്. ഈ വീടിന്റെ താഴത്തെ നിലയിലേക്ക് നമ്മൾ പോവാതെ തന്ത്രപരമായ് ഞാൻ ഒഴിവാക്കിയതോർമ്മയുണ്ടോ? അതൊരു വലിയ നീന്തൽക്കുളമാണ്. അത് നിറഞ്ഞ് വെള്ളം മുകൾ നിലയിലേക്ക് കവിയുന്നു. ഈ നനവിൽ മൺചുമരുകളിൽ വിള്ളലുകൾ വീഴും. 2 ദിവസങ്ങൾക്കുള്ളിൽ ഈ വലിയ ജലസംഭരണി നമ്മുടെ വീടിനെ തകർത്തെറിയും., മുല്ലപ്പെരിയാറിന്റെ തകർച്ചയുടെ സ്മാൾ ഡെമോ, കാണണ്ടേ നമുക്ക് ?”
“നിങ്ങളോളമില്ലെങ്കിലും ഞാനും സയൻസ് ഗ്രാജുവേറ്റാണ്. ടാങ്ക് ഓവർ ഫ്ലോയെ ജല ബോംബാക്കി പേടിപ്പിക്കണ്ട.”
“പേടിക്കണം, പത്തിൽ പഠിച്ച ടാങ്കു നിറയുന്ന സമവാക്യം, 1/X + 1/ Y വെച്ചാണ് സമയം കണക്കാക്കിയത്. രണ്ടു നിലകളിലായ് പടർന്നു കിടക്കുന്ന ജലാശയത്തിന്റെ സ്ഥിതികോർജ്ജം, ചുമരിൽ പ്രയോഗിക്കുന്ന മർദ്ദത്തിൽ 7 ദിവസത്തിൽ കൂടുതൽ മൺചുമരുകളധിജീവിക്കില്ല.”
“പുതിയതായ് എനിക്കൊന്നും പറയാനില്ല. എത്ര സന്തോഷമഭിനയിച്ചാണ് നിങ്ങളെന്നെ ഇവിടെയെത്തിച്ചത്. സംശയരോഗം മൂർച്ഛിച്ച് നിങ്ങൾക്ക് ഭ്രാന്തായതാണ്.
“പാതിവൃത്യം എന്നത് അവസരങ്ങളുടെ അഭാവത്തിലെ കാത്തിരിപ്പ് എന്നതാണെന്റെ അഭിപ്രായം. അതിൽ സംശയത്തിനിടയില്ല. ഇവിടെ വിഷയം പാവം എന്റെ അമ്മയെ നേരത്തെ പറഞ്ഞയച്ചതാരെന്നാണ്?”
“സ്ത്രീകളെക്കുറിച്ച് നിങ്ങൾക്കെന്തറിയാം. ഒരു യഥാർത്ഥ സ്ത്രീയിൽ, മാസമുറയോടടുത്ത ദിവസങ്ങൾ ആസക്തിയുടെ പൊരിച്ചിലുണ്ടാക്കുന്നുണ്ട്. രതിയിൽ പുരുഷൻ മണൽത്തരിയെങ്കിൽ, പെണ്ണ് കടലാണ്. അവരുടെ ജനനേന്ദ്രിയമല്ല, മനസ്സാണ് ലൈംഗികാവയവം. രഹസ്യ മരുന്നിന്റെ കുതിര ശക്തിയല്ലവൾ മോഹിക്കുന്നത്, പ്രണയത്തിൽ ചാലിച്ചൊരു ചുംബനം മതി അവൾ നനയാൻ. എന്നാൽ സമൂഹത്തിന്റെ ആദരവായിരുന്നു നിങ്ങൾക്ക് രതിമൂർച്ഛ. അതിനാൽ തന്നെയാണ്, എന്റെ ഉടൽ വിളികൾക്ക് നിങ്ങൾ ചെവികൊടുക്കാതിരുന്നത്. ഒന്നു കാണണമെന്നു യാചിച്ച രാത്രികളിൽ നിങ്ങളുടെ വീരഗാഥകൾ കേട്ടുറങ്ങാനായിരുന്നെന്റെ വിധി.”
“ഇതെന്റെ ചക്രവ്യൂഹമാണ്. ഇത്ര നാളുകൾ, രാപകലില്ലാതെ നീ അക്കങ്ങൾ മാറ്റി നമ്പർലോക്ക് തുറക്കാൻ ശ്രമിക്കുമ്പോൾ, യുദ്ധക്കളത്തിലെ അഭിമന്യുവിനോടുള്ള ആദരവല്ല, തന്റെ വലയിൽ കുടുങ്ങിയ ഇരയുടെ രക്ഷപ്പെടാനുള്ള കുതറൽ കണ്ടാസ്വദിക്കുന്ന ചിലന്തിയുടെ കൗതുകമാണെനിക്ക്. നീ രക്ഷപ്പെടും. സത്യങ്ങൾ ഞാനറിഞ്ഞാൽ മാത്രം.”
വിശപ്പും ഭയവും അവളെ വിഭ്രാന്തിയുടെ വഴികളിലെത്തിച്ചു, അതിവേഗം അക്കങ്ങൾ തിരിക്കുന്നതിനിടയിൽ അവളെന്തൊക്കെയോ പിറുപിറുത്തു. ഒത്തിരി ശ്രമിച്ചിട്ടും തുറക്കാതാവുമ്പോൾ തല വാതിലിലിട്ടടിച്ചു നിലവിളിച്ചു. പ്രളയമെന്നപോൽ മുറിയിൽ ജലനിരപ്പുയർന്നുകൊണ്ടിരുന്നു. നിലത്തിരുന്നു തണുത്തു വിറയ്ക്കുന്ന അവളെ ആട്ടു കട്ടിലിൽ കിടന്ന് ആര്യൻ നോക്കിച്ചിരിച്ചു.
ആറ് ദിവസങ്ങൾ ആറ് വർഷങ്ങളെപ്പോലെയിഴഞ്ഞു നീങ്ങി. റൂമിലെ മൺ ചുമരിൽ വിള്ളലുകൾ രൂപപ്പെട്ടു. മരണം അടുത്തെത്തിയതായ് അവർക്ക് തോന്നി. ആര്യന്റെ കൈയ്യിൽ ഏഴാം നാൾ ഒരു കുപ്പി പ്രത്യക്ഷപ്പെട്ടു.
“ആറ് നാളുകൾ കൊണ്ട് സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച് ഏഴാം നാൾ വിശ്രമിച്ച ദൈവത്തെപ്പോലെ ഏഴാം നാൾ ഞാനും ഉറങ്ങാൻ പോകുന്നു. ഈ വിഷം എന്നെയീ മുറിയിൽ നിന്ന് മോചിപ്പിക്കട്ടെ. നാളെ സന്ധ്യയ്ക്ക് മുമ്പ് ഈ കെട്ടിടം തകർന്നടിയും.” ഞൊടിയിടയിൽ അയാളതു കുടിച്ചു തീർത്തു.
ഋതുവിന്റെ നിയന്ത്രണം നഷ്ടമായി. അവൾ അലറിക്കരഞ്ഞു. “ഞാൻ പറയാം ആര്യൻ, അമ്മ കൊല്ലപ്പെട്ടതാണ്. ഞാനാണ് കാരണക്കാരി, ഞാൻ മാത്രം.”
ആര്യൻ പതിയെ തലയാട്ടി “അതെനിക്കറിയാം, എങ്ങിനെയെന്നു കൂടി പറയൂ…”
“കോളേജ് get together- ന് വരാത്ത കാരണമന്വേഷിച്ച് വിളിച്ചപ്പോഴാണ് ഷിന്റോ എന്റെ രോഗാവസ്ഥയറിഞ്ഞത്. പിന്നീടവൻ വീട്ടിലെത്തി ട്രീറ്റ്മെന്റ് തുടങ്ങി. ഇസ്ട്രോജൻ എന്ന എൻസൈം ആ രോഗത്തെ മറികടക്കാൻ അത്യാവശ്യമായിരുന്നു. അതുണ്ടാവാൻ പ്രണയിക്കുകയെന്നതാണ് വഴിയെന്ന് അവനെന്നെ ഓർമ്മപ്പെടുത്തി. Treatment സമയങ്ങളിൽ ഞാൻ നിങ്ങളുടെ ഒരു ഫോൺകാളിന് വേണ്ടി കാത്തിരുന്നിട്ടുണ്ട്. അന്നൊക്കെ നിങ്ങൾക്ക് തിരക്കായിരുന്നു.
ആ വീടിന്റെ ഇരുട്ടു മുറിയിലേക്കു കയറി വരുന്ന ഏകപുരുഷനോട് പതിയെ ഞാനടുത്തു. എന്നെ ഫിസിക്കലി ഉണർത്താനുള്ള മരുന്നുകളാണ് അവൻ തന്നുകൊണ്ടിരുന്നത്. എപ്പോഴോ ഞാനെഴുന്നേറ്റ് നടന്നു. പഴയ ഊർജ്ജം തിരികെക്കിട്ടി. രതിയുടെ കാർമേഘങ്ങൾ പെയ്യാൻ കൊതിച്ചെന്റെ ചിന്തകളിൽ നിറഞ്ഞു.
ശരീരം എന്റെ നിയന്ത്രണങ്ങളെ പൊട്ടിച്ചെറിയാൻ കൊതിച്ചു. അമ്മ നേരത്തെയുറങ്ങിയ ആ നശിച്ച രാവിൽ ഞാനവനെ വീട്ടിലേക്ക് വിളിച്ചു. അതിതീഷ്ണമായ ചുംബനങ്ങൾക്കിടയിൽ പഴയൊരു ചെമ്പ് പാത്രം നിലത്തു വീണ ശബ്ദം കേട്ട് അമ്മയെത്തുമ്പോൾ കാണരുതാത്ത സാഹചര്യത്തിൽ ഞങ്ങളെ കണ്ടു. ആ കണ്ണുകൾ നിറഞ്ഞൊഴുകി. ‘അവനറിഞ്ഞാ തകർന്നു പോവു’മെന്നാ ചുണ്ടുകൾ പിറുപിറുത്തു.
അതിവേഗം എന്നിൽ നിന്നകന്നു മാറിയ ഷിന്റോ, ബാഗിൽ നിന്ന് ഏതോ മരുന്നെടുത്ത് സിറിഞ്ചിൽ നിറച്ചു. അമ്മയെ തൊഴിച്ച് നിലത്തിട്ട് ഞാൻ ഞെട്ടലിൽ നിന്നുണരുമ്പേഴേക്കും അത് അമ്മയിൽ ഇഞ്ചക്റ്റ് ചെയ്തു.
‘പേടിക്കണ്ട, വിഷമൊന്നുമല്ല കൂടിയ അളവിൽ ഇൻസുലിനാണ്. തളള ഡയബറ്റിക്കല്ലേ, ഹൈപ്പോ ഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകും. ഇപ്പൊ തീരും. തെളിവുകൾ പാടില്ല. അതെന്റെ ലക്ഷ്യങ്ങൾക്കെതിരാണ്.’ അവൻ പറഞ്ഞു.
അമ്മയെ രക്ഷിക്കാൻ ഞാൻ കരഞ്ഞു പറഞ്ഞു. ആ പാവം എനിക്ക് മുന്നിൽ കിടന്ന് മരിച്ചു. പിന്നീടാണ് യഥാർത്ഥ ചതി ഞാനറിഞ്ഞത്. എന്നിലൂടെ നിങ്ങളുടെ സ്വത്തിലായിരുന്നു അവന്റെ കണ്ണ്. നിങ്ങൾക്കും അയാൾ മരണക്കെണിയൊരുക്കി വെച്ചിരുന്നു. അന്ന് ആ പാത്രം മനപൂർവ്വം വീഴ്ത്തിയതും എന്നെ ലൈംഗികമായുണർത്തുന്ന മരുന്നുകൾ തന്നതും അവന്റെ കൃത്യമായ പ്ലാനുകളായിരുന്നു. നഗരത്തിൽ സ്വന്തമായൊരു ഹോസ്പിറ്റലെന്നതായിരുന്നു അവന്റെ ലക്ഷ്യം.
ഇതൊക്കെ നിങ്ങളോടിപ്പോൾ പറയുന്നത് രക്ഷപ്പെടാനല്ല, എന്റെ ജീവിതം മുഴുവൻ നിങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു. ഈ യാത്രക്കിറങ്ങുമ്പോൾ യോഗ്യതയില്ലെങ്കിലും ഇനിയുള്ള നാളുകൾ നിഴലായ് കൂടെയുണ്ടാവുമെന്ന് കൊതിച്ചിരുന്നു. ഇനിയെങ്കിലും ഇത് തുറക്കേണ്ട നമ്പർ പറയൂ.”
ആര്യൻ തളർന്നു പോയിരുന്നു. അയാൾക്കിനി തിരികെ വരാനാവില്ലെന്ന സത്യം അവളെ ഭ്രാന്തിയാക്കി. ആര്യനില്ലാത്ത ഒരു നിമിഷം താൻ ജീവനോടെയുണ്ടാവരുതെന്ന തീരുമാനത്തിൽ പറ്റിപ്പിടിച്ച ഒരിറ്റു വിഷത്തിനായ് അയാളുടെ ചുണ്ടുകൾ അവൾ ആർത്തിയോടെ നുണഞ്ഞു.
“ഒരുമിച്ച് ജീവിക്കാനായില്ല. അതിന് നമ്മൾ രണ്ടു പേരും തെറ്റുകാരാണ്. ഒരുമിച്ച് മരിക്കാം.” അവൾ അലമുറയിട്ടു. ആര്യൻ വിറയ്ക്കുന്ന കൈകളാൽ അവളെ പതിയെ തന്നിലേക്കു ചേർത്തു. കിടക്കയുടെ അടിയിൽ നിന്ന് ഒരു കടലാസ് തുണ്ടെടുത്ത് അവൾക്ക് നേരെ നീട്ടി.
“ഋതു, ആ സംഖ്യ നീ പ്രണയം സമ്മതിച്ച ദിവസമാണ്. 06062003. എനിക്കെല്ലാമറിയാം, അയാൾ അമ്മയുടെ മരണച്ചടങ്ങുകൾക്കിടയിൽ ഞാനുമായ് സൗഹൃദത്തിന് ശ്രമിച്ചപ്പോൾ, മനസ്സിൽ തോന്നിയ സംശയത്തിൽ അന്വേഷിച്ചു. എന്റെ ബാങ്ക് എക്കൗണ്ട് പണമൊഴുകിയ വഴി കാണിച്ചു തന്നു. ചോദ്യം ചെയ്തപ്പോൾ സത്യങ്ങളറിഞ്ഞു. ഇതിന്റെ താഴെയൊരു മുറിയുണ്ട്. അവിടെ കഴുത്തറ്റം വെള്ളത്തിൽ അവനുണ്ട്. നിനക്ക് വേണമെങ്കിൽ രക്ഷിക്കാം.” അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ അവൾ അതിവേഗം നമ്പറുകൾ കറക്കി.
ശരിയായ അക്കങ്ങൾ വന്നതോടെ വാതിൽ തുറന്നു. അത്യാവശ്യത്തിന് വസ്ത്രങ്ങളണിയിച്ച് ആര്യനെ വലിച്ചിഴച്ച് കാറിൽ കയറ്റുമ്പോൾ പണ്ടെങ്ങോ അയാൾ പഠിപ്പിച്ച ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങളവളോർത്തു. അതിവേഗം കുന്നിറങ്ങുമ്പോൾ റിയർവ്യൂ മിററിൽ ആ വലിയ വീട് നിലംപതിക്കുന്ന ദൃശ്യം ഭീതിയോടെ ഒരു നോക്ക് കണ്ടു. നഗരത്തിരക്കിൽ പലപ്പോഴും വാഹനം കൈവിട്ടെന്ന് തോന്നിച്ചു. ആശുപത്രിയിൽ ആര്യന്റെ വിവരങ്ങൾ പറഞ്ഞു കൊണ്ടിരിക്കേ അവളും തളർന്ന് വീണു.
ബോധം തെളിഞ്ഞതും ഐ സി യു വിൽ പോലീസ് മൊഴിയെടുക്കാൻ വന്നതോടെ സംശയനിഴലിലാണെന്നിരുവരും മനസ്സിലാക്കി. ആരോഗ്യം വീണ്ടെടുത്താൽ നേരിട്ടു ഹാജറാകാമെന്നയുറപ്പിൽ പോലീസ് പിൻവാങ്ങി.
ആശുപത്രിയിൽ നിന്നിറങ്ങിയ ദിവസം ഷിന്റോയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നതായറിയാൻ കഴിഞ്ഞു. പിടിക്കപ്പെടുമെന്നുറപ്പായതോടെ കഴിയുന്ന ദൂരം സഞ്ചരിക്കാൻ തീരുമാനിച്ചു. എയർപോർട്ട് ഒഴിവാക്കി, വിവിധ വാഹനങ്ങളിൽ മടങ്ങിപ്പോവുന്ന ബംഗാളി തൊഴിലാളികൾക്കൊപ്പം യാത്ര ചെയ്തു. ബംഗാളിൽ നിന്ന് സംഘടിപ്പിച്ച കൃത്രിമ രേഖകളുമായവസാനം എൻഫീൽഡ് ബൈക്കിൽ യാത്ര തുടങ്ങി. അതിന്റെ മുഴങ്ങുന്ന ശബ്ദം അവളുടെ നെഞ്ചിടിപ്പായി. പിടിച്ചാൽ ലഭിക്കുന്ന ശിക്ഷയ്ക്ക് പുറമേ മാധ്യമ വിചാരണയും യാത്ര തുടങ്ങിയതിൽപ്പിന്നെ ആര്യൻ തുടരുന്ന മൗനവും അവളെയേറെ ഭയപ്പെടുത്തി.
ബംഗാളിലെ ഇന്ത്യൻ ബോർഡറായ റാണി ഗഞ്ചിലൂടെ വണ്ടി മേച്ചി റിവർ പാലം കടന്ന് നേപ്പാളിലെത്തി. വഴിയരികിൽ വിജനമായൊരിടത്ത് ബൈക്ക് നിർത്തി ആര്യനിറങ്ങിയതോടെ അവളിൽ വീണ്ടും ഭയം നിറഞ്ഞു.
നീണ്ട മൗനത്തിന്റെ കുമിളയുടയാതെ അവളുടെ നെഞ്ചിടിപ്പിന്റെ അകമ്പടിയിൽ അവനവളെ തീവ്രമായ് ചുംബിച്ചു. ഇരുവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി.
“അവനാണ് അമ്മയെ കൊന്നതെന്നറിഞ്ഞപ്പോഴെ സിമന്റ് തേയ്ക്കുന്ന കത്തിയവന്റെ നെഞ്ചിൽ കുത്തിയിറക്കി. ആ കുഴിമാടമാണ് വഴിയിലെ ഹമ്പ്. അവൻ താഴെയുണ്ടെന്ന് പറഞ്ഞത് അവസാനത്തെ പരീക്ഷണം. രണ്ടിലൊരാളെ മാത്രമേ നിനക്ക് രക്ഷിക്കാനാവുമായിരുന്നൊള്ളൂ. താഴത്തേക്കുള്ള വാതിൽ നീ തുറന്നിരുന്നെങ്കിൽ മർദ്ദം താങ്ങാനാവാതെ കെട്ടിടം ആ നിമിഷം തകർന്നേനെ. അവിടെ നിന്ന് ജീവനോടെ പുറത്തു വരാനാവുമെന്ന് സത്യമായും ഞാൻ കരുതിയില്ല. നിനക്കൊറ്റയ്ക്കും വേണമെങ്കിൽ രക്ഷപ്പെടാമായിരുന്നു. അങ്ങിനെയെങ്കിൽ മുങ്ങുന്ന കപ്പലിലെ കപ്പിത്താനെപ്പോലെ ഞാനും നിന്റെ വഞ്ചനയിൽ നീറി ജീവിക്കില്ലെന്ന് മനസ്സിലുറപ്പിച്ചിരുന്നു.”
”ആ പരീക്ഷണങ്ങളിൽ ഞാൻ വിജയിച്ചുവോ?”
“പ്രണയാഗ്നിയിൽ മുങ്ങി നിവർന്ന, ജ്വലിക്കുന്ന സീതയാണിന്ന് നീ.”
“സിമിക്കോട്ട് അതിർത്തിയിലൂടെ നമ്മളിപ്പോൾ ടിബറ്റിലെത്തും. വായന തുടങ്ങിയ കാലം തൊട്ട് കൈലാസയാത്ര സ്വപ്നം കണ്ട രണ്ട് മനുഷ്യരെ ഇവിടെയെത്തിക്കാൻ കൈലാസനാഥന്റെ വികൃതിയായ് കഴിഞ്ഞ പോയ ജീവിതത്തെ നമുക്ക് മറക്കാം.” ആര്യൻ അവളുടെ നെറുകിൽ ചുംബിച്ചു.
ഹിമാലയ വഴികളിലെവിടെയോ ആര്യന്റെ ആളുകൾ കാത്തു നിന്നു. നെഞ്ചിടിപ്പായ് കൂടെ വന്ന ബൈക്ക് ഉപേക്ഷിക്കപ്പെട്ടു.
കൈലാസ യാത്രയുടെ സീസണല്ലാത്തതിനാൽ മാനസസരോവരതീരത്തെ ക്യാമ്പിൽ സന്യാസിമാർ മാത്രമായിരുന്നു സഹയാത്രികർ. ആ പൗർണ്ണമി രാത്രിയിൽ വിശ്രമിക്കവേ, വാർധക്യത്തിലെത്തിയ മലയാളമറിയുന്ന സന്യാസിയെ പരിചയപ്പെട്ടു.
പാതിരാത്രിയിലുറക്കത്തിലേക്ക് വീഴവേ അദ്ദേഹം വന്നു വിളിച്ചു. നിശബദ്ധരായ് അദ്ദേഹത്തെയനുഗമിക്കവേ, രണ്ടരയന്നങ്ങൾ സരോവരത്തിലെ നിലാവു പടർന്ന ജലത്തിൽ നീന്തിത്തുടിക്കുന്ന അതി മനോഹരമായ കാഴ്ച്ച കണ്ടു.
“വെറും അരയന്നങ്ങളല്ല, പുണ്യ ഗ്രന്ധങ്ങളനുസരിച്ച് അതിഭാഗ്യവാൻമാർക്ക് മാത്രം ലഭിക്കുന്ന ശിവപാർവ്വതി ദർശനം, എന്റെ കൈലാസ യാത്രകളിൽ ഈ കാഴ്ച്ചയിതാദ്യം. ഭാഗ്യം ചെയ്ത ദമ്പതിമാരാണ് നിങ്ങൾ. കൈലാസനാഥന്റെ യഥാർത്ഥ അതിഥികൾ.” ആ സന്യാസി കാതിൽ അടക്കം പറഞ്ഞപ്പോൾ അവർ പരസ്പരം വിശ്വസിക്കാനാവാതെ നോക്കി.
വർഷങ്ങൾക്കപ്പുറം സുവർണ്ണ ശോഭയാർന്ന കൈലാസത്തിൽ സൂര്യദേവൻ ആരതിയുഴിയുന്ന പുലരിയിൽ, ടിബറ്റിലെ ഹിമാലയ താഴ്‌വരയിൽ ശാന്തി മന്ത്രങ്ങൾ മുഴങ്ങുന്ന ബുദ്ധവിഹാരങ്ങൾക്കടുത്ത കുഞ്ഞുവീട്ടിൽ ഭാര്യയുടെ വെഞ്ചാമരം പോലെ നരച്ച മുടിയിഴകൾ തലോടിയുള്ള സംസാരത്തിനിടയിൽ പഴയ കാര്യങ്ങളോർത്ത് ആ വൃദ്ധൻ പറഞ്ഞു.
“ഒരു യാത്രയവസാനിക്കേണ്ടയിടം തീരുമാനിക്കുന്നത് മനുഷ്യരല്ല.”


3 Comments
നന്നായി എഴുതി.👌❤️🌹
Thank You
ഓരോ വരിയിലും ആകാംഷ ഉണർത്തുന്ന എഴുത്ത് 👌🥰