ബാംഗ്ലൂർ നിന്നും രാത്രി വണ്ടിയ്ക്കാണ് പ്രദീപ് വരുന്നത്. ഇൻറർസിറ്റി എക്സ്പ്രസ്സ്. സ്റ്റേഷനിൽ ഇറങ്ങി ഒരു ഓട്ടോ വിളിച്ച് വേണം വീട്ടിൽ പോകാൻ. സുഹൃത്തുക്കളെ ആരെങ്കിലും വിളിച്ചു പറഞ്ഞെങ്കിൽ അവർ വന്ന് ബൈക്കിൽ കൊണ്ട് പോയേനെ. പക്ഷേ തലേന്ന് യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. പോലീസിനെ വിവരം അറിയിച്ചെങ്കിലും
കിട്ടാനുള്ള വഴിയൊന്നും ഇത് വരെ ആയില്ല. ചിലപ്പോൾ ശരിയായേക്കും. നാട്ടിൽ ഓണത്തിന് പോകാൻ നേരത്തെ ട്രെയിൻ ബുക്ക് ചെയ്തതാണ്. ടിക്കറ്റ് വെറുതെ പ്രിൻ്റ് എടുത്ത് വച്ചതിനാൽ സീറ്റും കോച്ചുപൊസിഷനുമൊക്കെ മനസ്സിലാക്കാനായി. അല്ലെങ്കിൽ വട്ടം തിരിഞ്ഞേനെ.
ഏതായാലും അത് നന്നായി. വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ല. നേരത്തെ പറഞ്ഞിട്ടുണ്ട്. ഫോൺ പോയ കാര്യം വിളിച്ചു പറയണമെങ്കിൽ ഫോൺ നമ്പർ വേണ്ടേ? എല്ലാം സേവ് ചെയ്ത് വച്ചത് കൊണ്ട് നമ്പർ കാണാപാഠം അറിയില്ല. സ്വന്തം നമ്പർ അറിയും. അത് തന്നെ ഭാഗ്യം. ട്രെയിൻ ഒരു മണിക്കൂർ ലേറ്റാണ്. പതിനൊന്നു മണിക്ക് എത്തുന്നത് പന്ത്രണ്ട് അല്ലെങ്കിൽ ഒരു മണിയൊക്കെ ആവും എന്ന് തോന്നുന്നു. ബസ്സിൽ ആണെങ്കിൽ ഇതിലും വേഗം എത്തും. പക്ഷെ ഇരുന്നുറങ്ങണം ഉച്ചയ്ക്ക് കയറിയതാണ്. എന്തായാലും ഒന്ന് കിടന്നു ഉറങ്ങി നോക്കാം. ഇപ്പോൾ ഏഴ് മണികഴിഞ്ഞതേയുള്ളൂ. നാലഞ്ചു മണിക്കൂർ ഉറങ്ങാം. പതിനൊന്നരയ്ക്ക് അലാറം സെറ്റ് ചെയ്തു. സ്റ്റേഷനിൽ എത്തുമ്പോൾ അറിയണമല്ലോ. കൂടെയുള്ള രണ്ട് മൂന്ന് പേർ കന്നടക്കാരാണ്. അവർ കലപില എന്തൊക്കെയോ പറയുന്നു. രണ്ട് മൂന്ന് വർഷമായി ബാംഗ്ലൂരിൽ. എന്നിട്ടും കന്നഡയൊന്നും പഠിച്ചില്ല.
എന്നാലും കേട്ടാൽ മനസ്സിലാകും. എന്നെങ്കിലും പഠിക്കാം.
പതിനൊന്നരയ്ക്ക് അലാറം അടിച്ചു.
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പന്ത്രണ്ടര.
ഓട്ടോ സ്റ്റേഷനിൽ നിന്ന് തന്നെ കിട്ടും. കൗണ്ടറിൽ രണ്ട് രൂപ അടച്ച് ബുക്ക് ചെയ്യണമെന്നേയുള്ളൂ.
സ്റ്റേഷനിൽ നിന്നും പുറത്തു കടക്കുമ്പോൾ
” ടാ, പ്രദീപേ ഞാൻ നിന്നെ കാത്ത് നിൽക്കുകയാണ്. എത്ര നേരമായി. ലേറ്റായോ?”
ദിലീപാണ്. അവനാണ് സാധാരണ വന്ന് പിക്കപ്പ് ചെയ്യാറ്. തൊട്ട അയൽവക്കം. ക്ളാസ് മേറ്റ്. ഏഴ് വരെ ഒരുമിച്ച്….
” ഉവ്വ്. നീയെങ്ങനെ അറിഞ്ഞു ഞാൻ ഇന്ന് വരുമെന്ന്!”
“ടാ നീ ഓണത്തിന് വരും ബുക്ക് ചെയ്തു എന്ന് നീ തന്നെയല്ലേ വിളിച്ചു പറഞ്ഞത് അന്ന്. ഇപ്പോൾ വിളിച്ചു നോക്കി നീ എടുത്തില്ല ” ഓ ശരി. ഞാൻ അത് മറന്നു. അപ്പോൾ ഓട്ടോ വിളിക്കേണ്ട അല്ലേ”
“എന്റെ ശകടം ഇല്ലേടാ.. ഞാൻ വീട്ടിൽ കൊണ്ടാക്കി ത്തരാം “
“ശരി വാ നമുക്ക് ചായ കുടിച്ചു പോകാം. ” റയിൽവേ കാൻ്റീൻ നിന്ന് ചായയും പരിപ്പുവടയും കഴിച്ചു. അവന്റെ ഫേവറിറ്റ് ആണ് പരിപ്പുവട.
ഇരുപത് കിലോമീറ്റർ പോകണം വീട്ടിലേക്ക്.
മുൻപ് പലവട്ടം ഇത് പോലെ രാത്രിയിൽ വരുമ്പോൾ അവന്റെ പുറകിൽ ഇരുന്നാണ് യാത്ര.
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. പിറകിൽ കയറിയപ്പോൾ ദിലീപ് പറഞ്ഞു. “എടാ ഈ ഹെൽമറ്റ് വച്ചോ ചിലപ്പോൾ ചെക്കിംഗ് ഉണ്ടാകും. “
“ഈ പാതിരയ്ക്കോ ചെക്കിംഗ്? ഒന്ന് പോടാ”
” ഹെൽമെറ്റ് എന്തായാലും വച്ചോ. തലയില്ലാതെ വീട്ടിൽ ചെല്ലാൻ പറ്റില്ലല്ലോ”
പ്രദീപ് വണ്ടിയുടെ പിന്നിൽ കയറി. ദിലീപ് വണ്ടി സ്റ്റാർട്ടാക്കി. നല്ല വേഗതയിൽ പോയപ്പോൾ പ്രദീപ് പറഞ്ഞു ” എടാ കുറച്ചു സ്പീഡ് കുറയ്ക്ക്. അത്ര അർജൻറ് ഒന്നുമില്ല.”
” ശരി. എടാ എന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ചു. അന്ന് ഞാൻ പറഞ്ഞില്ലേ. ഗുരുവായൂർ നിന്നും. അത് ശരിയായി.
കുറിക്കല് അടുത്ത മാസം. നീയുണ്ടാകണം. “
“ഞാനില്ലാതെ എവിടെ പോകാൻ? എനിക്ക് കൂടി ഒരെണ്ണം ശരിയാക്ക്. വീട്ടിൽ അമ്മ എപ്പോഴും പറയാറുണ്ട്. നിന്റെ പേര് പറഞ്ഞാണ് രക്ഷപ്പെടാറ്. നിനക്ക് ഇത്ര പ്രായമായിട്ടും ആയില്ലല്ലോ എന്ന് പറഞ്ഞ് “
“മതി മതി. നിൻ്റെ കാര്യം ഞാൻ തങ്കപ്പൻ ചേട്ടനോട് പറഞ്ഞിട്ടുണ്ട്. “
ഓരോന്നും പറഞ്ഞു വീടിനടുത്ത് എത്തിയതറിഞ്ഞില്ല.
വീട്ടിൽ പ്രദീപിനെ ഇറക്കി ദിലീപ് പോകാൻ ഭാവിച്ചു.
“എടാ നീ വീട്ടിൽ കയറിയിട്ട് പോ”
” വേണ്ടടാ. ഈ പാതിരാത്രിയിൽ. നാളെ കാണാം. അപ്പോൾ ഗുഡ് നൈറ്റ് “. ദിലീപ് യാത്ര പറഞ്ഞു പോയി.
താനിന്നു വരുമെന്ന് അറിയില്ലല്ലോ. എല്ലാവരും ഉറക്കത്തിൽ ആകും. കോളിങ്ങ്ബെൽ അമർത്തി. ലൈറ്റ് തെളിഞ്ഞു.
അമ്മയും അനിയനും വാതിൽ തുറന്നു പുറത്ത് വന്നു.
” എടാ നിന്നെ എത്ര പ്രാവശ്യം വിളിച്ചു ഫോൺ എടുത്തില്ല. എന്ത് പറ്റി”അമ്മ ചോദിച്ചു.
” എന്റെ ഫോൺ മോഷണം പോയി. വേറെ ഒന്ന് സംഘടിപ്പിക്കണം. “
“എന്നിട്ട് നീ ഓട്ടോയിൽ വന്നോ?” അമ്മ ചോദിച്ചു.
“അല്ല. സാധാരണ പോലെ ദിലീപ് അവന്റെ വണ്ടിയിൽ ലിഫ്റ്റ് തന്നു. നിങ്ങൾക്ക് ഞാൻ വരുന്നത് ഓർമ്മ ഇല്ലെങ്കിലും അവന് നല്ല ഓർമ്മയുണ്ട്. അന്ന് ഒരിക്കൽ ഞാൻ പറഞ്ഞേ യുള്ളൂ “
” ആര് കൊണ്ട് വന്നു ” അനിയൻ്റെ ചോദ്യം.
“ദിലീപ് “
“ദിലീപേട്ടനോ? പ്രദീപേട്ടൻ എന്താ ഈ പറയുന്നത്!”
” ആ.. നമ്മുടെ അപ്പുറത്തെ ദിലീപ് തന്നെ. “
“മോനേ നീ എന്താ പറയണേ! ടാ. നിന്നോട് വിവരം പറയാൻ എത്ര വിളിച്ചിട്ടും കിട്ടിയില്ലല്ലോ”
എന്തോ സംഭവിച്ചിട്ടുണ്ട്.
അതാണ് അമ്മയും അനിയനും പറയുന്നത്.
” എന്ത് പറ്റി എന്ന് പറയ് രണ്ടാളും. “
അനിയനാണ് പറഞ്ഞത്.
“പ്രദീപേട്ടാ ഇന്നലെ രാത്രി ഒരു ആക്സിഡൻ്റിൽ ദിലീപേട്ടൻ മരിച്ചു. ബൈക്കിൽ ഒരു ലോറി തട്ടിയാണ്. അപ്പോൾ തന്നെ കഴിഞ്ഞു. എന്നും ഹെൽമറ്റ് വയ്ക്കുന്ന ദിലീപേട്ടൻ അന്ന് വയ്ക്കാൻ മറന്നു.. ഇന്ന് പോസ്റ്റ് മോർട്ടം ഒക്കെ കഴിഞ്ഞു സംസ്ക്കാരവും. വിവരം പറയാൻ പ്രദീപേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല “
” എടാ നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ദിലീപാണ് എന്നെ ഇവിടെ അവന്റെ ബൈക്കിൽ കൊണ്ട് വന്നിറക്കിയത്
റെയിൽവേ സ്റ്റേഷനിൽ വന്ന് കാത്ത് നിന്നു. ഞങ്ങൾ ഒരുമിച്ച് ചായയും പരിപ്പുവടയും കഴിച്ചു.
എന്തെല്ലാം വർത്തമാനങ്ങൾ പറഞ്ഞു. ഇവിടെ വരെ അത് തന്നെയായിരുന്നു.
അവന്റെ കല്യാണം തീരുമാനിച്ചതൊക്കെ പറഞ്ഞു. എടാ നീ എന്നെ കളിയാക്കല്ലേ…
അമ്മയെങ്കിലും പറയ് വെറുതെ ഇവൻ ഓരോന്നും പറയുന്നതാണെന്ന്. “
” സത്യമാ മോനെ… ഞങ്ങൾ അവിടെ പോയിട്ടാ വരുന്നത്. ശ്യാമളേച്ചിയുടെ സങ്കടം കാണാൻ വയ്യ. “
പ്രദീപ് ആകെ കൺഫ്യൂഷനിലായി. താൻ ഉറക്കത്തിൽ സ്വപ്നം കാണുന്നതാണോ! അതോ യാഥാർത്ഥ്യത്തിലുള്ളതോ?
ദിലീപ് മരിച്ചെന്നോ! പത്തിരുപത് കിലോമീറ്റർ ദൂരം മരിച്ച ഒരാളുടെ ബൈക്കിൽ പിന്നിലിരുന്ന് പോന്നു എന്നോ? വിശ്വസിക്കാൻ കഴിയുന്നില്ല.
” ടാ ശ്രീകുട്ടാ എനിക്ക് നിങ്ങൾ പറയുന്നത് മനസ്സിലാവുന്നില്ല. അവന്റെ ബൈക്കിൽ ദാ ഇവിടെ പടിക്കൽ വരെ വന്നതാണ്. അവനോട് കയറിയിട്ട് പോകാം എന്ന് പറഞ്ഞതാണ്. ദേ അവൻ അങ്ങോട്ട് പോയതേയുള്ളൂ. “
” പ്രദീപേട്ടനെന്തോ പറ്റി. വല്ലതും കണ്ട് ഭയപ്പെട്ടോ. ഒരു വാലും തലയും ഇല്ലാതെ പറയുന്നു. ദിലീപേട്ടന്റെ ബൈക്ക് തവിട് പൊടിയായി കിടക്കുന്നു. റോഡിൽ. എന്നിട്ട് അതിൽ കയറി വന്നെന്നോ?”
” നീയാണ് ശ്രീകുട്ടാ പിച്ചും പേയും പറയുന്നത്. “
“ഏതായാലും പ്രദീപേട്ടൻ അകത്തു കയറൂ. നേരം വെളിച്ചമാകട്ടെ. ഇപ്പോൾ കിടന്നുറങ്ങാൻ നോക്ക്. “
പ്രദീപ് കിടന്നു ഉറങ്ങാൻ ശ്രമിച്ചെങ്കിലും ഉറങ്ങാനായില്ല. വെളിച്ചമായപ്പോൾ തന്നെ ദിലീപിൻ്റെ വീട്ടിൽ എത്തി. ഇപ്പോഴും തെക്കേ വളപ്പിലെ ചിത അണഞ്ഞിട്ടില്ല. അതിൽനിന്ന് പുക ഉയരുന്നത് കാണാം.
അപ്പോൾ ഇന്നലെ രാത്രി ദിലീപിനെ കണ്ടത്…
അവന്റെ ബൈക്കിൽ വന്നത്… സ്വപ്നമോ യാഥാർത്ഥ്യമോ?
പ്രദീപ് ഇപ്പോഴും ദിലീപിൻ്റെ ഓർമ്മയിലാണ്. അപ്പോൾ അവൻ മരിച്ചശേഷം തന്നെ കാണാനും സംസാരിക്കാനും വന്നുവെന്നോ?
ഒന്നും വിശ്വസിക്കാൻ ആകുന്നില്ല.
ദിലീപ് പറഞ്ഞതൊക്കെ ശരിയാണത്രെ! വിവാഹം തീരുമാനിച്ചതും എല്ലാം.
ശരിയായത് തന്നെ.
ഗുരുവായൂർ തന്നെയാണ് ആ പെൺകുട്ടിയുടെ വീട്.
ഈ വിവരങ്ങൾ ഞങ്ങളാരും പ്രദീപിനോട് പറഞ്ഞിട്ടില്ല എന്ന് വീട്ടുകാർ. അതോടെ കൂടുതൽ സങ്കീർണമായ അവസ്ഥയിൽ എത്തി പ്രദീപ്.
ആരെങ്കിലും പ്രേതം ഉണ്ടെന്ന് ഇക്കാലത്തും വിശ്വസിക്കുമോ?
പക്ഷേ വിശ്വസിക്കാതിരിക്കാനും പറ്റുന്നില്ല.
#കൂട്ടക്ഷരങ്ങൾ
#എന്റെരചന
#ബ്ളോഗ്
#ഹൊറർസ്റ്റോറി
#മരിച്ചിട്ടുംമരിക്കാത്തവൻ
#രചന_രാമചന്ദ്രൻടിവി


4 Comments
എല്ലാവർക്കും നന്ദി സ്നേഹം സന്തോഷം
നല്ല എഴുത്ത്..👌🙂 ശരിക്കും പേടിച്ചു പോയി
ന്നാലും പ്രേതത്തിന്റെ കൂടെ ഇത്രേം ദൂരം അതും ശകടത്തിൽ.. ആലോചിക്കാനേ വയ്യ 🥲
നന്നായി എഴുതി👍
അപ്പോൾ പ്രേതം ഉണ്ട് ല്ലേ?
ഇന്ന് പ്രേതത്തെയല്ല മനുഷ്യരെയാണല്ലോ പേടിക്കേണ്ടത്.
നല്ല രചന❤️👌🌹