എമിഗ്രേഷൻ കഴിഞ്ഞു ശ്രീനഗർ എയർപോർട്ടിലെ വെയിറ്റിംഗ് ലോഞ്ചിൽ ഇരിക്കുമ്പോൾ ആണ് തൻ്റെ കഴുത്തിലെ രണ്ട് പവൻ്റെ മാലയും, കൈ വിരലിലെ അര പവൻ്റെ മോതിരവും കാണാൻ ഇല്ലെന്ന യാഥാർഥ്യം തോമസിന് മനസ്സിലായത്.
ഇത് ഷേർളിയോട് എങ്ങനെ പറയും? ഇതറിഞ്ഞാൽ അവൾ ചിലപ്പോൾ തലകറങ്ങി വീഴും.. പക്ഷേ പറയാതെ എങ്ങനെ?
ഫ്ലൈറ്റ് പുറപ്പെടും മുൻപ് ടീം ലീഡർനോടു പറഞ്ഞാലേ എന്തെങ്കിലും പരിഹാരം കണ്ടെത്താൻ പറ്റു. ഡൽഹി ഫ്ലൈറ്റ് പുറപ്പെടാൻ ഇനി മുക്കാൽ മണിക്കൂർ മാത്രം. അയാള് ആകെ വിഷമത്തിൽ ആയി. മുഖം ആകെ വലിഞ്ഞു മുറുകി.
അയാളുടെ മുഖത്തെ ഭാവമാറ്റം കണ്ട്, ഷേർലി ചോദിച്ചു, എന്താ ചേട്ടാ, എന്ത് പറ്റി? മുഖം വല്ലാതെ? വല്ല നെഞ്ച് വേദന ഉണ്ടോ?
“എടി, ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സംയമനത്തോടെ കേൾക്കണം”
“എന്താ? ടെൻഷൻ അടിക്കാതെ കാര്യം പറ ചേട്ടാ”
“എടി, ഞാൻ ഹൗസ് ബോട്ടിൽ നിന്നും വെളുപ്പിന് പോന്നപ്പോൾ എൻ്റെ മാലയും, മോതിരവും എടുക്കാൻ മറന്നു. വെളുപ്പിന് കുളിച്ചപ്പോൾ ഞാൻ അത് ബോട്ടിലെ ഷെൽഫിൽ ഊരി വച്ചിരുന്നു.”
“എൻ്റീശ്വരാ.. ഞാൻ എന്താ ഈ കേൾക്കുന്നെ? ഇനി അത് എങ്ങനെ കിട്ടും, എത്ര രൂപയുടെ മുതലാണ് മനുഷ്യാ… എനിക്ക് തല കറങ്ങുന്നു.”
“എടി, നീ സമാധാനിക്കു ഞാൻ ജോയി ചേട്ടനോട് പറയാം, പുള്ളി എന്തെങ്കിലും വഴി കണ്ടെത്തും”..
“സെബാസ്റ്റ്യാ, ജോയ്ചേട്ടനെ കണ്ടോ?” തോമസ് പെട്ടെന്ന് തന്നെ തൻ്റെ ഉറ്റ സുഹൃത്തായ സെബാസ്റ്റ്യനോട് ചോദിച്ചു.
“എന്ത് പറ്റിയെടാ? നിൻ്റെ മുഖം വല്ലാതെ ഇരിക്കുന്നല്ലോ?”
തോമസ് സെബാസ്റ്റ്യനെ മാറ്റി നിറുത്തി കാര്യങ്ങള് പറഞ്ഞു.
“നീ സമാധാനപ്പെട്, നമുക്ക് എന്തെങ്കിലും വഴി കണ്ടെത്താം,”
സെബാസ്റ്റ്യൻ കൂട്ടുകാരനെ ആശ്വസിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് തോമസും ഷെർലിയും 36 പേരടങ്ങുന്ന ഒരു ടീമിൻ്റെ ഒപ്പം 5 ദിവസത്തെ കശ്മീർ ട്രിപ്പിന് പോകുന്നത്..
മക്കൾ കുറെ നാളായി പറയുന്നു, അപ്പനും അമ്മയും കൂടി എവിടെ എങ്കിലും ഒന്നു കറങ്ങാൻ പോകൂ, ആരോഗ്യം ഉള്ളപ്പോൾ അല്ലെ എവിടെ എങ്കിലും ഒക്കെ പോകാൻ പറ്റു.. ഞങ്ങളെ നോക്കി വീട്ടുകാര്യവും നോക്കി അമ്മ എത്ര നാളായി ഇങ്ങനെ അടുക്കളയിൽ ഒതുങ്ങി കഴിയുന്നു..
അവർ പറഞ്ഞത് ശരി ആണ്. കല്യാണം കഴിഞ്ഞിട്ട് ആകെ പോയിട്ടുള്ളത് ഷേർളിയുടെ വീടായ വയനാട് വരെയാണ്.
ആയ കാലത്ത് ആവശ്യത്തിന് സമ്പാദിച്ചിട്ടുണ്ട്, വീട് വച്ച് കൊടുക്കുന്ന ഒരു കോൺട്രാക്ടർ ആണ് തോമസ്. വെറും ഒരു കൽപ്പണിക്കാരൻ ആയിരുന്ന തോമസ്, കഠിനാധ്വാനത്തിലൂടെ ആണ് ഒരു കോൺട്രാക്ടർ ആകുന്നത്..പിന്നീട് വെച്ചടി വെച്ചടി കയറ്റം ആയിരുന്നു..
നല്ലൊരു വീട് വച്ചു, വിലകൂടിയ കാറുകൾ സ്വന്തമാക്കി, മകളെ നല്ല നിലയിൽ കല്യാണം കഴിപ്പിച്ചയച്ചു, മകനും അവന് ഇഷ്ടമുള്ള ഒരാളെ വിളിച്ചു കൊണ്ട് വന്നു, ഇനി കുറച്ചു കറങ്ങിയാലും കുഴപ്പം ഇല്ലെന്ന് അവർക്ക് തോന്നി.
അവരുടെ ഇടവകയിൽ ഉള്ള ജോയി ചേട്ടന് ട്രാവൽ ഏജൻസിയിൽ ആണ് ജോലി. ജോയി ചേട്ടൻ ഒരുപാടു രാജ്യങ്ങളിലേക്ക് ആളുകളെ ടൂർ കൊണ്ടുപോയിട്ടുണ്ട്. ഒരുപാടു നാളത്തെ പരിചയം തോമസിന് ജോയി ചേട്ടനുമായി ഉണ്ട്. ഒരു ഞായറാഴ്ച പള്ളിയിലെ കഴിഞ്ഞപ്പോൾ ആണ് പുതിയ ട്രിപ്പ് പ്ലാൻ ചെയ്യുന്നത് കശ്മീർക്ക് ആണെന്ന് ജോയി ചേട്ടൻ തോമസിനോട് പറയുന്നത്. കേട്ടപ്പോൾ ഒന്നു പോയാലോ എന്ന് ഒരാഗ്രഹം. വീട്ടിൽ വന്നു ഷേർളിയോട് ആലോചിച്ചു. അവൾക്ക് നൂറു സമ്മതം.
ഉടനെ ഉറ്റ കൂട്ടുകാരനായ സെബാസ്റ്റ്യനോട് കൂടെ വരുന്നുണ്ടോ എന്ന് ചോദിച്ചു. കശ്മീർ എന്ന് കേട്ടപ്പോൾ അവനും ഭാര്യ ജീനയും താല്പര്യം പ്രകടിപ്പിച്ചു.
അങ്ങനെ 36 പേരടങ്ങുന്ന സംഘം കഴിഞ്ഞ ഞായറാഴ്ച നെടുമ്പാശ്ശേരിയിൽ നിന്നും ഡൽഹിയിലേക്കു പുറപ്പെട്ടു, അവിടെ നിന്നും മറ്റൊരു ഫ്ലൈറ്റിൽ കശ്മീർക്കും എത്തി.
ആദ്യമായാണ് തോമസ് ഒരു ഫ്ലൈറ്റ് യാത്ര നടത്തുന്നത്.. അതിൻ്റെ ഒരു പേടി മനസ്സിലുണ്ടായിരുന്നു..അത് കൊണ്ടാണ് ഉറ്റ സുഹൃത്തായ സെബാസ്റ്റ്യനെ കൂടെ കൂട്ടിയത്. സെബാസ്റ്റ്യനും കുടുംബവും കുറേ വർഷത്തോളം ഗൾഫിൽ ജോലി ചെയ്തു ഇപ്പോൾ നാട്ടിൽ സ്ഥിര താമസം ആണ്. അവന് ഹിന്ദിയും ഇംഗ്ലീഷും നന്നായി വഴങ്ങും. തനിക്കാണെങ്കിൽ മലയാളം അല്ലാതെ യാതൊന്നും അറിയില്ല. ഫ്ലൈറ്റിൽ ഒക്കെ യാത്ര ചെയ്യുമ്പോൾ എയർ ഹോസ്റ്റസ് ഒക്കെ എന്തെങ്കിലും ചോദിച്ചാൽ താൻ കുഴയും, സെബാസ്റ്റ്യൻ കൂടെ ഉണ്ടെങ്കിൽ ഒരു ധൈര്യം ആണ്.
അങ്ങനെ, സെബാസ്റ്റ്യൻ്റെ സഹായത്തോടെ സെക്യൂരിറ്റി ചെക്കിംഗ് ഒക്കെ ടെൻഷൻ ഇല്ലാതെ ചെയ്യാൻ തോമസിന് സാധിച്ചു. ഫ്‌ളൈറ്റിൽ ഇരിക്കുമ്പോൾ തോമസിനും ഷെർലിക്കും നല്ല പേടി ഉണ്ടായിരുന്നു. കാർമേഘങ്ങളെ തൊട്ടും, ചുംബിച്ചും ഉള്ള ആ വിമാന യാത്രയിൽ പലതവണ തോമസും ഷെർലിയും മാതാവിനെ വിളിച്ചു. കാറിലും ബസിലും യാത്ര ചെയ്യുന്ന പോലെ ഉള്ള ഒന്നല്ല ആകാശത്ത് കൂടിയുള്ള യാത്ര എന്ന് തോമസും ഷെർലിയും ഒരുപോലെ പറഞ്ഞു.
ഗൾഫിൽ ആയിരുന്ന കാലത്ത് എത്രയോ ഫ്ലൈറ്റ് യാത്രകൾ ചെയ്തതാണ്, എന്നിട്ടും തനിക്ക് ഇപ്പോഴും ഫ്ലൈറ്റിൽ ഇരിക്കാൻ പേടി ആണെന്ന് സെബാസ്റ്റ്യൻ്റെ ഭാര്യ ജീനയും അഭിപ്രായപ്പെട്ടു.
രാത്രി 9 മണിക്ക് നെടുമ്പാശ്ശേരിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ ഡൽഹിക്ക് പുറപ്പെട്ട അവർ 12 മണിക്ക് അവിടെ ലാൻഡ് ചെയ്തു. പിന്നീട് വെളുപ്പിന് 5 മണിക്ക് ആയിരുന്നു ശ്രീനഗർ ഫ്ലൈറ്റ്. രാത്രി എയർപോർട്ട് വെയിറ്റിംഗ് ലോഞ്ചിൽ ബെഡ്ഷീറ്റ് വിരിച്ചു, അവിടെയും, ഇവിടെയും ഒക്കെ ഇരുന്നും കിടന്നും കഴിച്ചു കൂട്ടി. എല്ലാവരും റിട്ടയേർഡ് ജീവിതം ആസ്വദിക്കാൻ ഇറങ്ങിയ മധ്യ വയസ്കരാണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരേ വൈബ് ആയിരുന്നു. കൂട്ടത്തിൽ മിലിറ്ററിയിൽ നിന്നും വിരമിച്ച
ആൻഡ്രൂസ് ചേട്ടൻ ഉറക്കം വരാത്തവർക്ക് വേണ്ടി, മിലിറ്ററി കഥകൾ പറഞ്ഞു ബോറടി മാറ്റി.
വെളുപ്പിന് 5.30 നായിരുന്നു ശ്രീനഗർ ഫ്ലൈറ്റ്.
ശ്രീനഗറിലേക്ക് ഉള്ള ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു ഭയം എല്ലാവർക്കും ഉണ്ടായിരുന്നു..
എപ്പോഴും പാകിസ്താൻ്റെ യുദ്ധ ഭീഷണിയും നുഴഞ്ഞു കയറ്റവും ഉള്ള ഒരു സ്ഥലത്തേക്കാണ് പോകുന്നത്, ഒരു രസത്തിന് കശ്മീർ എന്ന് കേട്ടപ്പോൾ ചാടി പുറപ്പെട്ടു എങ്കിലും ശ്രീനഗർ എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങിയപ്പോൾ തന്നെ പട്ടാളക്കാർ തോക്കും പിടിച്ചു അവിടെയും ഇവിടെയും നിൽക്കുന്നതും, കുറെ പട്ടാളക്കാർ ക്യൂവായി അവിടെ സെക്യൂരിറ്റി ചെക്കിങ്ങിനു നിൽക്കുന്നതും കണ്ടപ്പോൾ ഉള്ളിൽ ഒരു ആന്തൽ ഗ്രൂപ്പിൽ എല്ലാവർക്കും ഉണ്ടായി. ശ്രീനഗർ എയർപോർട്ടിനുള്ളിൽ വച്ച് ആരുടെയും ഫോട്ടോയോ , വീഡിയോയോ എടുക്കാൻ പാടില്ല എന്ന നിർദേശം അവിടെ എഴുതി വച്ചിരുന്നു. ഇല്ലായിരുന്നെങ്കിൽ പട്ടാളക്കാരുടെ ആ നീണ്ട ക്യു പകർത്തി, കൂട്ടുകാരുടെ ഗ്രൂപ്പിൽ ഒക്കെ തോമസും സെബാസ്റ്റ്യനും ഇട്ടു തങ്ങൾ നടത്തുന്നത് ഒരു സാഹസിക യാത്ര ആണെന്ന് എല്ലാവരെയും അറിയിച്ചേനെ.
അങ്ങനെ ശ്രീനഗർ എയർപോർട്ടിൽ നിന്നും ചെക്കിംഗ് കഴിഞ്ഞു ഇറങ്ങിയപ്പോൾ അവർക്ക് കറങ്ങാനുള്ള വണ്ടിയുമായി ഗൈഡ് കാത്തു നിൽപ്പുണ്ടായിരുന്നു. വെള്ളാരം കല്ല് പോലുള്ള കണ്ണുകൾ ഉള്ള വെളുത്ത് സുന്ദരനായ ഒരു കശ്മീർ യുവാവ് ആയിരുന്നു അവരുടെ ഗൈഡ്. മുഹമ്മദ് സുൽത്താൻ എന്നായിരുന്നു അവൻ്റെ പേര്.
നേരെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനുള്ള ഹോട്ടലിലേക്ക് ആണ് ആദ്യം പോയത്. നല്ല ദോശയും, പൂരി ബാജിയും ഒക്കെ കിട്ടുന്ന ഒരു മലയാളി ഹോട്ടൽ. എല്ലാവർക്കും ബ്രേക്ക് ഫാസ്റ്റ് നന്നായി പിടിച്ചു. അത് കണ്ടപ്പോൾ ജോയി ചേട്ടന് സന്തോഷമായി. കാരണം ഇതുപോലെയുള്ള യാത്രകൾക്ക് ആളുകളെ കൊണ്ടുപോകുമ്പോൾ എല്ലാവരും കംപ്ലൈൻ്റ് പറയുന്നത് ഫുഡിൻ്റെ കാര്യത്തിൽ ആയിരിക്കും. ഫുഡ് നന്നായാൽ ട്രിപ്പ് തൊണ്ണൂറു ശതമാനം വിജയിക്കും എന്നാണ് ജോയി ചേട്ടൻ പറയുന്നത്.
ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ ശേഷം ഇനിയുള്ള ദിവസങ്ങൾ എങ്ങനെ ഒക്കെ ആയിരിക്കും കറങ്ങാൻ പോകുന്നത് എന്ന ഒരു ഐഡിയ ഗൈഡായ മുഹമ്മദ് എല്ലാവർക്കും പറഞ്ഞു കൊടുത്തു. 36 പേരെയും 4 ഗ്രൂപ്പുകൾ ആക്കി, 4 ട്രാവലറിൽ ഓരോ ലീഡറിൻ്റെ മേൽനോട്ടത്തിൽ ആയിരുന്നു യാത്ര പ്ലാൻ ചെയ്തത്. തോമസും സെബാസ്റ്റ്യനും ഒരേ വണ്ടിയിൽ നേരത്തെ സ്ഥലം പിടിച്ചു. ഷെർലിയും, സെബാസ്റ്റ്യൻ്റെ ഭാര്യ ജീനയും ഒരുമിച്ചിരുന്നു. കൂടാതെ ജോയി ചേട്ടനും, മിലിട്ടറിക്കാരൻ ആൻഡ്രൂസ് ചേട്ടനും ഭാര്യ ലില്ലി ചേച്ചിയും, ജോയി ചേട്ടൻ്റെ മറ്റൊരു സുഹൃത്ത് ജോബി ചേട്ടനും ഭാര്യ ലീനയും അവരുടെ വണ്ടിയിൽ ഉണ്ടായിരുന്നു.
ആദ്യ ദിവസത്തെ കറക്കം കഴിഞ്ഞേ അവരെ താമസിക്കാനുള്ള ഹോട്ടലിൽ എത്തിക്കു എന്ന് മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു. കാരണം ആദ്യ ദിവസം കാണാൻ ഉദ്ദേശിച്ച മുഗൾ ഗാർഡൻ എയർപോർട്ടിനും അവർ താമസിക്കാൻ പോകുന്ന ഹോട്ടലിനും ഇടയ്ക്കായിരുന്നു.
അങ്ങിനെ മുഗൾ ഗാർഡനിലേക്ക് അവരുടെ ആദ്യ യാത്ര ആരംഭിച്ചു. പൂക്കൾ കൊണ്ട് ആവൃതമായ സുന്ദരമായ മുഗൾ ഗാർഡൻ ആരെയും മയക്കുന്നതായിരുന്നു. ഇത്രയും മനോഹരങ്ങളായ പൂക്കൾ പലതും അവർ ആദ്യമായി കാണുന്നവ ആയിരുന്നു. മുഗൾ ഗാർഡൻ കണ്ട ശേഷം നീല നിറം നിറഞ്ഞ ദാൽ തടാകത്തിൻ്റെ കരയിൽ ഇരുന്നു സൂര്യസ്തമനവും കാണാൻ ആയിരുന്നു പ്ലാൻ. പക്ഷേ എല്ലാവർക്കും അപ്പോഴേക്കും തണുപ്പിൻ്റെ അസ്വാരസ്യം അനുഭവപ്പെട്ടു. യാത്ര ക്ഷീണവും ഉണ്ട്. ഇന്നലെ വൈകിട്ട് പുറപ്പെട്ടതല്ലേ ..രാത്രി ശരിക്കും ഉറങ്ങിയിട്ടില്ല. അതുകൊണ്ട് അധികനേരം അവിടെ ഇരിക്കാതെ അവർ താമസിക്കാനുള്ള ഹോട്ടലിലേക്ക് തിരിച്ചു.
“നമുക്ക് ഹോട്ടലിൽ എത്തിയിട്ട് തണുപ്പ് അകറ്റാനുള്ള മരുന്നു കഴിക്കാം” തണുത്ത് വിറച്ചു കൊണ്ട് തോമസ് പറഞ്ഞു..അവർ ഉദ്ദേശിക്കുന്ന മരുന്നു എന്താണ് എന്ന് ഷെർലിക്കും, ജീനക്കും പെട്ടെന്ന് മനസ്സിലായി. വീട്ടിൽ നിന്നും പോരുമ്പോൾ തോമസ് ആ മരുന്നു ഭദ്രമായി പാക്ക് ചെയ്യുന്നത് ഷേർളി കണ്ടതാണ്.
ആദ്യ ദിവസത്തെ കറക്കം കഴിഞ്ഞു രാത്രി 10 മണിക്ക് പറഞ്ഞു വച്ച ഹോട്ടൽ ആയ “അതീഖ് ടവറിൽ”എത്തി. ഒന്നു കുളിച്ചു ഫ്രഷ് ആയ ശേഷം തോമസും, സെബാസ്റ്റ്യനും ജോയി ചേട്ടനും കൂടി തണുപ്പ് അകറ്റാനുള്ള മരുന്നു സേവിച്ചു. യാത്രയിൽ അതില്ലാതെ എന്തു രസം? ഈ സമയം ഷെർലിയും ജീനയും മക്കളെ വിളിച്ചു, കശ്മീർ വിശേഷങ്ങൾ പങ്കു വച്ചു.
രണ്ടാം ദിവസം ഭൂമിയിലെ പറുദീസയായ ഗുൽമാർഗിലേക്ക് ആയിരുന്നു യാത്ര. ഇതൊരു ഹിൽ സ്റ്റേഷൻ ആണ്. മഞ്ഞ് പുതച്ച ഓക്ക് വൃക്ഷങ്ങളും, താഴ് വാരങ്ങളും. പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇത്രയും മനോഹരമായ മറ്റൊരു സ്ഥലം ഉണ്ടോ എന്ന് സംശയിച്ചു പോകും.
അങ്ങോട്ടുള്ള യാത്രയിൽ വഴിയിൽ എല്ലാം തോക്കും ചൂണ്ടി നിൽക്കുന്ന പട്ടാളക്കാർ, ഇടയ്ക്കിടെ മാർഗ തടസം സൃഷ്ടിച്ചു കടന്നു പോകുന്ന പട്ടാളക്കാരുടെ ട്രക്കുകൾ, ഇതെല്ലാം അവരിൽ അല്പം ഭയം ഉണ്ടാക്കി എങ്കിലും, പിന്നീട് അതെല്ലാം കശ്മീരിലെ സ്ഥിരം കാഴ്ച ആണെന്ന് അവർക്ക് മനസ്സിലായി. മാത്രമല്ല ആൻഡ്രൂസ് ചേട്ടൻ പട്ടാള കഥകൾ പറഞ്ഞു, എല്ലാവരെയും പൊട്ടി ചിരിപ്പിച്ചു കൊണ്ടിരുന്നു. ആൻഡ്രൂസ് ചേട്ടൻ്റെ ഭാര്യ ലില്ലി ചേച്ചി പഴയ സിനിമ ഗാനങ്ങൾ പാടി യാത്ര ഉഷാറാക്കി..പുറത്തെ കാഴ്ചകൾക്ക് പുറമെ അകത്തെ കളിച്ചിരികൾ അവരുടെ യാത്രയെ കൂടുതൽ സുന്ദരം ആക്കി..
ഗുൽമാർഗിൽ കേബിൾ കാർ വഴി മഞ്ഞ് പുതച്ച പർവതത്തിൻ്റെ ഉത്തുങ്ക ശൃംഗത്തിലേക്ക് ഉള്ള യാത്ര ശ്വാസമടക്കിപിടിച്ചാണ് എല്ലാവരും നടത്തിയത്. ഈ യാത്രയ്ക്ക് രണ്ടു ഘട്ടങ്ങൾ ഉണ്ട്. ഒന്നു 3979 മീറ്റർ ഉയരത്തിൽ കൊംഗോമ എന്ന സ്റ്റേഷനും, രണ്ടാമത്തേത് 4139 മീറ്റർ ഉയരെ ഉള്ള അഫാർ വാട്ട് എന്ന കൊടുമുടിയും ആണ്.
രണ്ടാമത്തെ ഘട്ടം ഓക്സിജൻ ലെവൽ കുറയുന്ന സ്ഥലം ആയത് കൊണ്ട് മധ്യവയസ്ക്കർ ആയ ആളുകൾക്ക് ആദ്യ ഘട്ടം വരെയേ പോകാൻ അനുവാദമുള്ളൂ. മാത്രമല്ല രണ്ടാമത്തെ ഘട്ടം സീറോ ഡിഗ്രിക്കും താഴെ തണുപ്പുള്ള സ്ഥലമാണ്.
ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു യാത്ര ആയിരുന്നു കേബിൾ കാർ യാത്ര എങ്കിലും എല്ലാവർക്കും അതൊരു പുതിയ എക്സ്പീരിയൻസ് തന്നെ ആയിരുന്നു.
മൂന്നാം ദിവസം ശ്രീനഗറിൽ നിന്നും 100km അകലെ ഉള്ള പഹൽഗാം എന്ന ഹിൽ സ്റ്റേഷനിലേക്ക് ആയിരുന്നു യാത്ര. ആട്ടിടയന്മാരുടെ താഴ്‌വാരം എന്നാണ് പഹൽഗാം എന്ന വാക്കിൻ്റെ അർഥം. പൈൻ വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ കാടുകളും, മഞ്ഞു പുതച്ച പർവ്വതങ്ങളും, പാൽ പോലെ ഒഴുകുന്ന നദികളും, വിവരിക്കാൻ പറ്റാത്ത വിധം അനുപമമായ സൗന്ദര്യം ആണ് അവിടെ മുഴുവൻ. ശരിക്കും പറഞാൽ സ്വർഗത്തിൽ എത്തപ്പെട്ട പ്രതീതി. അവിടേക്കുള്ള യാത്രയിൽ ആപ്പിൾ തോട്ടങ്ങൾ സന്ദർശിക്കാനും അവസരം കിട്ടി. ആപ്പിൾ പറിക്കുന്ന ഫോട്ടോയും, വീഡിയോയും എല്ലാം എടുത്തു മക്കൾക്കും കൂട്ടുകാർക്കും അയച്ചു കൊടുക്കാൻ എല്ലാവരും വെമ്പൽ കൊണ്ടു.
നാലാം ദിവസത്തെ യാത്ര സോനാമാർഗ് എന്ന സ്ഥലത്തേക്ക് ആയിരുന്നു. മഞ്ഞിൻ്റെ പറുദീസയാണ് ഈ സ്ഥലം.. മനോഹരമായ താഴ്‌വാരങ്ങളും, വെള്ളച്ചാട്ടങ്ങളും, അരുവികളും ഇവിടത്തെ പ്രത്യേകത ആണ്.. മഞ്ഞ് മൂടിയ മലകളിലേക്ക് ട്രക്കിംഗ് നടത്താൻ നല്ല രസമുണ്ടായിരുന്നെങ്കിലും, പലരും ഇവിടെ വഴുതി വീഴുന്നത് കാണുന്നുണ്ടായിരുന്നു. എങ്കിലും അവർ പ്രത്യേകം കൊടുക്കുന്ന ഷൂസും, വാക്കിംഗ് സ്റ്റിക്കും ഉപയോഗിച്ചു തോമസും ഷെർലിയും സെബാസ്റ്റ്യനും ട്രക്കിംഗ് നടത്തി. സെബാസ്റ്റ്യൻ്റെ ഭാര്യ അല്പം പേടിയുള്ള ആളായതു കൊണ്ട് കുറച്ചു മഞ്ഞ് വാരി കളിച്ചശേഷം, കുറച്ചു ദൂരെ മാറി നിന്നു. ആൻഡ്രൂസ് ചേട്ടൻ്റെ ഭാര്യ ലില്ലി ചേച്ചി മുട്ടിനു ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഒരാളാണ്. അതുകൊണ്ട് മഞ്ഞിലൂടെയുള്ള നടത്തം തനിക്ക് പറ്റുന്ന പണി അല്ലെന്ന് പറഞ്ഞു ജീനയോടൊപ്പം മാറി നിന്നു.
സോനാമാർഗിൽ കുതിര സവാരി നടത്താനും സൗകര്യം ഉണ്ടായിരുന്നു. കുതിരപ്പുറത്ത് മഞ്ഞ് മലകളിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചുള്ള യാത്ര രസകരം ആണെങ്കിലും ഇതിനെല്ലാം പ്രത്യേക പൈസ കൊടുക്കേണ്ടത് കൊണ്ട് തോമസും സെബാസ്റ്റ്യനും ഗ്രൂപ്പിൽ പലരും ആ സവാരി ആസ്വദിക്കേണ്ട എന്ന് തീരുമാനിച്ചു, പക്ഷേ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു റിട്ടയേർഡ് പ്രൊഫസർ ജോണി സാറും വൈഫും ആ യാത്രയും ആസ്വദിച്ചു.
കാശ്മീരിലെ ജനതയുടെ പ്രധാന വരുമാനം ടൂറിസം ആണ്, അതുകൊണ്ട് തന്നെ വരുന്ന ടൂറിസ്റ്റുകളെ അവർ പരമാവധി പിഴിഞ്ഞിരുന്നു. നൂറു കണക്കിന് കുതിരകൾ സവാരിക്കായി അണിനിരത്തി കുറെ പേർ, കശ്മീർ ഷാൾ വിൽപ്പനക്കാർ, ഫോട്ടോ എടുത്തു കൊടുക്കുന്നവർ, തണുപ്പിൻ്റെ വസ്ത്രം വിൽക്കുന്നവർ, എന്ന് വേണ്ട, നിന്ന് തിരിയാൻ പറ്റാത്ത തിരക്കും, കഴുത്തറക്കുന്ന വിലയും. പൈസയുടെ കാര്യത്തിൽ യാതൊരു ദാക്ഷിണ്യവും അവർ കാണിച്ചിരുന്നില്ല.
സോനാമാർഗിൽ നിന്നും നേരെ ദാൽ തടാകത്തിൽ വന്നു രാത്രി ഹൗസ് ബോട്ടിൽ തങ്ങി, പിറ്റേന്ന് വെളുപ്പിന് അവിടെ നിന്നും നാട്ടിലേക്ക് തിരിക്കാനും ആയിരുന്നു പ്ലാൻ. അതുകൊണ്ട് തന്നെ ഹോട്ടൽ ഒഴിഞ്ഞു കൊടുത്തു, എല്ലാവരും ലഗേജ് ഒക്കെ വണ്ടിയിൽ വച്ചാണ് സോനാമാർഗിലേക്ക് യാത്ര ആരംഭിച്ചത്.
സോനാമർഗിൽ നിന്നും ദാൽ തടാകത്തിൽ എത്തിയപ്പോൾ തന്നെ രാത്രി 10 മണി കഴിഞ്ഞു. ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകൾ തടാകത്തിൻ്റെ പലഭാഗങ്ങളിൽ ആയാണ് വിന്യസിച്ചിരിക്കുന്നത്. മറ്റൊരു വള്ളത്തിൽ കയറി വേണം ബോട്ടിൽ എത്തിപ്പെടാൻ. നിറയെ ഹൗസ്സ്ബോട്ടുകൾ ഉള്ള തടാകം രാത്രി കാണാൻ അതി മനോഹരം ആയിരുന്നു. ബോട്ടുകളിൽ ഉള്ള ലൈറ്റുകൾ രാത്രി നോക്കിയാൽ വെള്ളത്തിൽ നിറയെ നക്ഷത്രങ്ങൾ മിന്നും പോലെ ആകർഷകം ആയിരുന്നു.
ചെറിയ വള്ളത്തിൽ കയറി ബോട്ടിലേക്ക് എത്തിപ്പെടാൻ കുറെ പാടു പെട്ടു. പോരാത്തതിന് ഐസ് പോലെ കിടക്കുന്ന വെള്ളം, അല്പം പേടി പെടുത്തുന്ന യാത്ര ആയിരുന്നു അത്, എങ്കിലും ബോട്ടിൽ എത്തിയപ്പോൾ ഒരു ചെറിയ കൊട്ടാരത്തിൽ എത്തിയ പ്രതീതി. ഭംഗിയിൽ അലങ്കരിച്ച റൂമുകൾ, എല്ലാ സൗകര്യവും അതിൽ ഉണ്ട്.
ഹൗസ്‌ബോട്ടിൽ എത്തിയപ്പോൾ രാത്രി കുറെ വൈകിയിരുന്നു, തോമസും സെബാസ്റ്റ്യനും ഒരേ ബോട്ടിൽ ആയിരുന്നു താമസം, കാശ്മീരിലെ ലാസ്റ്റ് നൈറ്റ് ആയത് കൊണ്ട് അവർ ഫാമിലി ആയി കുറച്ചു ഫോട്ടോസ് എടുത്തശേഷം പെട്ടെന്ന് ഡിന്നർ കഴിച്ചു ഉറങ്ങാൻ തീരുമാനിച്ചു, കാരണം വെളുപ്പിന് 5.30ന് എങ്കിലും എയർപോർട്ടിലേക് പുറപ്പെടണം. 9 മണിക്കാണ് ശ്രീ നഗറിൽ നിന്നും ഡൽഹിയിലേക്കുള്ള ഫ്ലൈറ്റ്.
അങ്ങിനെ ഹൗസ്‌ബോട്ടിൽ നിന്നും രാവിലെ കുളിച്ചൊരുങ്ങി എയർപോർട്ടിലേക്ക് പോന്നപ്പോൾ ആണ് തോമസ് തൻ്റെ മാലയും മോതിരവും മറന്നു വച്ചത്.
ശ്രീനഗറിൽ നിന്നും ഫ്ലൈറ്റ് പുറപ്പെടുവാൻ ഇനി അധികം സമയം ഇല്ല, നഷ്ടപെട്ട സ്വർണം തിരിച്ചെടുക്കാൻ ഇനി തിരിച്ചു ഹൗസ്ബോട്ടിലേക്ക് പോകുക സാധ്യമല്ല. തോമസും സെബാസ്റ്റ്യനും കൂടി ജോയി ചേട്ടൻ്റെ അടുത്ത് ഓടിവന്നു കാര്യങ്ങൾ പറഞ്ഞു.
ജോയി ചേട്ടൻ വളരെ തന്മയത്വമായി കാര്യങ്ങൾ ചെയ്യുന്ന ആളാണ്, അദ്ദേഹം ഉടനെ ഗൈഡ് ആയിരുന്ന മുഹമ്മദിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പക്ഷേ അവൻ മറ്റൊരു ടീമുമായി യാത്രയിൽ ആണ്. ഹൗസ്‌ബോട്ടിൽ പോയി അന്വേഷിക്കാൻ ഒന്നും അവന് പറ്റുന്ന കാര്യമല്ല..മാത്രമല്ല, ബോട്ടിൽ ചെല്ലുന്നത് ഇന്നലെ രാത്രി 10 മണിക്ക് ശേഷം ആയിരുന്നത് കൊണ്ട്, ബോട്ടിൻ്റെ പേരൊന്നും നോക്കുകയും ചെയ്തിട്ടില്ല. നൂറു ക്കണക്കിന് ബോട്ടുകൾ ഉള്ള ദാൽ തടാകത്തിൽ എവിടെ പോയി അന്വേഷിക്കാൻ ആണ്. അഥവാ കിട്ടിയാൽ അവർ തരുമോ? മറ്റു ടൂറിസ്റ്റുകൾ ഇതിനകം ആ ബോട്ടിൽ എത്തിയിട്ടുണ്ടാകും.
പക്ഷേ ജോയി ചേട്ടൻ ഇതൊന്നും പറഞ്ഞു തോമസിനെ ടെൻഷൻ അടിപ്പിച്ചില്ല.
“നീ വിഷമിക്കണ്ട തോമസ്, നമ്മള് ഡൽഹി എത്തുമ്പോൾ നിൻ്റെ നഷ്ടപ്പെട്ട സ്വർണ്ണത്തെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല, ഇല്ലെങ്കിൽ നമ്മൾ നാട്ടിൽ ചെന്നശേഷം ഒരു ട്രിപ്പ് കൂടി അങ്ങോട്ട് നടത്തും.”
പക്ഷേ , ഇതൊന്നും കേട്ടിട്ട് ഷേർളിക്ക് സമാധാനം ആയില്ല. ഇപ്പോഴത്തെ സ്വർണ വില കണക്ക് കൂട്ടി നോക്കി ഷേർളി നെടുവീർപ്പിട്ടു. ഇടയ്ക്കിടെ തോമസിനെ കുറ്റപ്പെടുത്താനും മറന്നില്ല.
“ഞാൻ എപ്പോഴും പറയും കുളിക്കാൻ നേരത്ത് മാല ഊരിവയ്ക്കരുത് എന്ന്, ഇപ്പോൾ എന്തായി? മോതിരവും ഊരി വച്ചേക്കുന്നു. ആരെങ്കിലും ചെയ്യുന്ന കാര്യം ആണോ ഇത്? ഞാൻ പിള്ളേരോട് എന്താ പറയുക?”
ജീന ഒരു വിധത്തിൽ ഷേർളിയെ സമാധാനിപ്പിച്ചു, അപ്പോഴേക്കും ഫ്ലൈറ്റ് പുറപ്പെടാനുള്ള അനൗൺസ്‌മെന്റ് വന്നു. 5 ദിവസം ആയിട്ട് കളിച്ചിരി സന്തോഷം മാത്രം ആയിരുന്ന ഗ്രൂപ്പിൽ ഈ വാർത്ത ഒരു മ്ലാനത പരത്തി. എല്ലാവരും തോമസിനെയും ഷേർളിയെയും സമാധാനിപ്പിച്ചു. എങ്കിലും ഇങ്ങനെ ഒരു യാത്രയിൽ സ്വർണം ധരിച്ചു വന്നതിനെ പലരും വിമർശിക്കുകയും ചെയ്തു.
അങ്ങനെ ശ്രീനഗറിൽ നിന്നും 9 മണിക്ക് പുറപ്പെട്ട ഫ്ലൈറ്റ് 1 മണിക്കൂർ കൊണ്ട് ഡൽഹി എത്തി ചേർന്നു. ഇതിനിടെ ജോയി ചേട്ടൻ അവർ താമസിച്ചിരുന്ന ഹോട്ടലിലേക്കും ഈ വാർത്ത അറിയിച്ചുകൊണ്ട് ബോട്ട് കണ്ടു പിടിക്കാൻ എന്തെങ്കിലും വഴി ഉണ്ടാകുമോ എന്ന് അന്വേഷിച്ച് കൊണ്ടിരുന്നു..
തിരിച്ചു വരുമ്പോൾ ഡൽഹിയിൽ ഒരു ഷോപ്പിംഗ് ഒക്കെ പ്ലാൻ ചെയ്താണ് പോന്നതെങ്കിലും തോമസും ഷെർലിയും വിഷമത്തിൽ ആയത് കൊണ്ട്, ആ പ്ലാൻ മാറ്റി വച്ചു. ഡൽഹി എയർപോർട്ടിൽ നിന്നും നെടുമ്പാശ്ശേരിക്ക് ഉച്ചക്ക് 2 മണിക്ക് ആണ് ഇനി ഫ്ലൈറ്റ്, അത്രയും സമയം എങ്ങനെ എങ്കിലും എയർപോർട്ടിൽ കഴിച്ചു കൂട്ടണം, ജോയി ചേട്ടൻ വീണ്ടും ശ്രീനഗറിലേക്ക് അറിയാവുന്ന നമ്പറിൽ ഒക്കെ വിളിച്ചു കൊണ്ടിരുന്നു.. തോമസും ഷെർലിയും സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു.. ഒടുവിൽ ഡൽഹി ഫ്ലൈറ്റ് പുറപ്പെടാൻ 1 മണിക്കൂർ അവശേഷിക്കെ, ആ വാർത്ത എത്തി. ഹൗസ് ബോട്ട് കണ്ടു പിടിച്ചു, പക്ഷേ അവർക്ക് ബോട്ടിലെ ഷെൽഫിൽ നിന്നും മാല മാത്രമേ കിട്ടിയുള്ളൂ.. മോതിരം ഇല്ല. അത് ബോട്ട് ജീവനക്കാർ മുക്കിയതായിരിക്കും എന്ന് എല്ലാവർക്കും മനസ്സിലായി, എന്നാലും സാരമില്ല, 2 പവൻ്റെ മാല കിട്ടിയല്ലോ.. ഇനി എങ്ങനെ അത് നാട്ടിൽ എത്തിക്കും എന്നായി ചിന്ത.. ജോയി ചേട്ടൻ അതിനും വഴി കണ്ടെത്തി. ഒരു മാസം കഴിഞ്ഞു ഒരു ട്രിപ്പ് കൂടി കശ്മീർക്ക് പ്ലാൻ ചെയ്യാം, അതിൽ തോമസ് ഒന്നു കൂടി പോകാൻ തയ്യാറാകുക, അത് വരെ മാല അവർ താമസിച്ചിരുന്ന ഹോട്ടലിൽ ഭദ്രമായി ഏൽപ്പിക്കാനുള്ള സംവിധാനം നമുക്ക് ചെയ്യാം.
ഈ ഐഡിയ എല്ലാവർക്കും ഇഷ്ടപ്പെട്ടു. മിനി സ്വിറ്റ്സർലൻഡ് എന്ന് അറിയപ്പെടുന്ന കശ്മീർ വെറും 5 ദിവസം കൊണ്ട് കണ്ടു തീർക്കുക പ്രയാസം ആണ്. ഇനിയും എത്രയോ കാഴ്ചകൾ കാണാൻ ബാക്കി കിടക്കുന്നു. ഒരു മാസം കറങ്ങിയാലും കശ്മീർ കണ്ട് തീർക്കാൻ പറ്റില്ല, അത് കൊണ്ട് ഒന്ന് കൂടി അവിടെ പോകുന്നത് നഷ്ടമല്ല എന്ന് എല്ലാവർക്കും തോന്നി..
അങ്ങനെ മാലയുടെ കാര്യത്തിൽ ഒരു തീരുമാനമായി എല്ലാവരും സന്തോഷത്തോടെ ഡൽഹിയിൽ നിന്നും നെടുമ്പാശേരിക്ക് ഫ്ലൈറ്റ് കയറി. വൈകിട്ട് 5 മണിക്ക് അവർ നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു. ലഗേജ് ഒക്കെ എടുത്തു എല്ലാവരും പുറത്തു വന്നു അവരവരുടെ വീടുകളിലേക്ക് പോകാൻ തുടങ്ങും മുൻപ്, ജോയി ചേട്ടനോട് നന്ദി പറയാൻ ഒരുമിച്ചു കൂടി.. അപ്പൊൾ ജോയി ചേട്ടൻ എല്ലാവരോടും കൂടി ചോദിച്ചു…
“അടുത്ത കശ്മീർ ട്രിപ്പിനു നിങ്ങൾ ആരൊക്കെ വീണ്ടും കാണും? തോമസ് എന്തായാലും ഉണ്ട്. ബാക്കി ഉളളവർ എന്തു പറയുന്നു?”
ഞങ്ങൾ എല്ലാവരും റെഡി ആണ് ജോയി ചേട്ടാ, കശ്മീർ ഒന്നു കൂടി കാണുന്നതിൽ ഒരു നഷ്ടവുമില്ല,
തോമസും ഷെർലിയും അതിന് നമുക്ക് ഒരു വഴി തുറന്നു തന്നതല്ലേ? ഞങ്ങളും ഉണ്ട് , സെബാസ്റ്റ്യൻ തോമസിനെ നോക്കി കളിയാക്കി..
എങ്കിൽ നമ്മുടെ യാത്രകൾ അവസാനിക്കുന്നില്ല, ഉടൻ തന്നെ നാം വീണ്ടും കശ്മീർക്ക് ഒരു സെക്കൻഡ് ട്രിപ്പ് നടത്തും. അത് കഴിഞ്ഞു സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്. ഇങ്ങനെ നമ്മൾ യാത്രകൾ തുടർന്നു കൊണ്ടേ ഇരിക്കും , പക്ഷേ യാത്രയിൽ gഗോൾഡ് അനുവദനീയമല്ല, ജോയി ചേട്ടൻ്റെ വാക്കുകൾ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
ജാനറ്റ് ജെൻസൻ
#യാത്രകൾ അവസാനിക്കുന്നില്ല


14 Comments
നല്ല വിവരണം നന്നായി എഴുതി
കാശ്മീരൊന്നു ചുറ്റിക്കറങ്ങി….. തോമസ് ചേട്ടന് ഒരു മോതിരം നഷ്ടമായെങ്കിലും ഉടൻ തന്നെ ഒന്നുകൂടി കാശ്മീരിൽ പോകാനുള്ള അവസരം കിട്ടിയല്ലോ…… സുന്ദരമായ എഴുത്ത്👍❤️
കാശ്മീരിലൊക്കെ ഒന്നു കറങ്ങി വന്ന മാതിരി കൊള്ളാം👍🌺❤️👏
❤️❤️
രണ്ടു പ്രാവശ്യം കാശ്മീരിൽ പോകാനുള്ള ഭാഗ്യം വളഞ്ഞുത്തിരിഞ്ഞു വന്നത് അൽഭുതമായി. നല്ല രചന.👍
❤️❤️
യാത്ര മനോഹരമായി വിവരിച്ചു.👌🌹❤️
ഞങ്ങൾ ബാലിയിൽ പോയപ്പോൾ കൂടെയുള്ള ഒരാളിൻ്റെ മാല ബൈക്കിലെത്തി പൊട്ടിച്ചു കൊണ്ടുപോയ സംഭവമാണ് ഓർമ്മ വന്നത്.
❤️❤️
നല്ല യാത്രാവിവരണം 👌👌❤️
❤️❤️
നല്ല യാത്രാവിവരണം യാത്രയിൽ സ്വർണ്ണം വേണ്ട തന്നെ. അതും നന്നായി.👌❤️❤️❤️
❤️❤️
യാത്ര വിവരണങ്ങൾ അടിപൊളി ആയിട്ട് ഉണ്ട്.👌🥰
ഇനിയും ഇതുപോലെ ഉള്ള അനുഭവങ്ങൾ എഴുതൂ ❤️ വായിക്കാൻ നല്ല രസം ഉണ്ട് 😍
Thank you❤️