എന്റെ പ്രിയ ആദിദേവ്!
വർഷങ്ങളായി നിന്നെത്തേടിയുള്ള അലച്ചിലിലായിരുന്നു. ആൾക്കൂട്ടത്തിലെല്ലാം വെള്ളാരംകണ്ണും അനുസരണയില്ലാത്ത സ്വർണമുടിയും ഉള്ള നിന്നെ കണ്ണുകൾ തിരയുകയായിരുന്നു. പിടിതരാതെ കാലത്തിന്റെ പാച്ചിലിൽ അകലെയെവിടെയോ പറന്നുപോയ എന്റെ സ്വന്തം എഴുത്തുകാരൻ എന്നും തമ്മിൽ കാണാനും സംസാരിക്കാനും അവസരമുള്ളപ്പോൾ നിന്നോടുള്ള സ്നേഹം ആസ്വദിച്ചിരുന്നോ? പലതവണ നീ എന്നോടടുക്കാൻ ശ്രമിച്ചപ്പോഴും ബോധപൂർവം ഞാൻതന്നെയാണ് അതിനൊരതിർവരമ്പിട്ടിരുന്നത്
എന്നും ഭംഗിയിൽ ഉടുത്തൊരുങ്ങി, കോളേജിൽ വന്നിരുന്നത് നിന്നെക്കാണാൻ മാത്രമായിരുന്നു. പക്ഷേ, അടുത്തുവരുമ്പോൾ എന്തൊ ഒരു ശ്വാസംമുട്ടൽ.. അതുപോലെ ഒരു ദിവസം നിന്നെ കാണാതിരുന്നാലും.. അതെന്തായിരുന്നു ആദീ?
ഒരുപക്ഷേ, എനിക്കെത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് നീ എന്ന തോന്നലാണോ? അല്ലെങ്കിൽ പ്രണയം വിലക്കപ്പെട്ട വികാരമെന്ന തോന്നലോ? അറിയില്ല…
ഒന്നുമാത്രം അറിയാം നിന്നെ ഞാനെന്റെ ജീവനെക്കാൾ സ്നേഹിച്ചിരുന്നു. ഒരുപക്ഷേ, സ്നേഹക്കൂടുതലിൽ വരുന്ന പ്രശ്നങ്ങളാവാം.. ആരെങ്കിലും നിന്നെ നോക്കുന്നതു കാണുമ്പോൾ മനസ്സു പിടയും… പിന്നെ അന്നുമുഴുവൻ ഉറങ്ങാറില്ല. നീയുള്ള സദസ്സിൽ പാടാനാരെങ്കിലും നിർബന്ധിച്ചാൽ തൊണ്ട വരളും. അകലെനിന്നുള്ള ആരാധനയുടെ സുഖം… അതൊന്നു വേറേതന്നെയാണ്.
ഇന്ന് അവിചാരിതമായാണ് നീ ആദരിക്കപ്പെടുന്ന ചടങ്ങ് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന വിവരം അറിഞ്ഞത്. എന്തു വിലകൊടുത്തും അവിടെ വന്ന് നിന്നെ കാണണമെന്ന് മനസ്സു പറഞ്ഞു. കാലം മറന്നുവെച്ച പ്രണയനൊമ്പരം അനവസരത്തിൽ കിട്ടുമ്പോൾ എന്തായിരിക്കും നിന്റെ മനസ്സിൽ തോന്നുന്ന വികാരം. എത്രയോ സന്ധ്യകളിൽ നീ കലാലയപ്രണയകേന്ദ്രമായ വാകമരത്തണലിൽ എന്നോട് സംസാരിക്കാൻ വരുമ്പോൾ ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരം പറഞ്ഞ് ധിറുതിയിൽ അകലുമ്പോൾ വിഷമത്തോടെ നോക്കിനിൽക്കുന്നതറിയാമായിരുന്നു… മണിക്കൂറുകളോളം നിന്റെ കണ്ണുകളിൽ നോക്കിയിരിക്കാനും സംസാരം കേൾക്കാനും കൊതിച്ചിരുന്ന എന്റെ ഹൃദയം അതിലിരട്ടി വിഷമത്തോടെ എന്നെ വേദനപ്പിക്കാറുള്ളത് ആരുമറിഞ്ഞില്ല. കോളേജ് മുഴുവൻ അടുക്കാനാഗ്രഹിക്കുന്ന നായകൻ, എന്റെ സ്നേഹത്തിനുവേണ്ടി കാത്തുനിന്നത് അറിഞ്ഞിട്ടും ആഗ്രഹിച്ചിട്ടും എന്തോ അന്നത് നടന്നില്ല. ചിലതൊക്കെ അങ്ങനെയാ എത്ര ഓടിയാലും ഒപ്പമെത്താനാവില്ല.
പിന്നീടെപ്പൊഴൊ നമ്മുടെകൂടെയുണ്ടായിരുന്ന വിനയനുമായി സംസാരിച്ചപ്പോഴാണ് എന്താണെനിക്ക് നഷ്ടപ്പെട്ടതെന്ന് ശരിക്കു മനസ്സിലായത്.. നമ്മുടെ കോളേജിൽ പൂത്തുലഞ്ഞു നിന്നിരുന്ന ഗുൽമോഹറിന്റെ ചുവട്ടിലെ കരിഞ്ഞുണങ്ങിയ പൂക്കൾക്കുസമാനമായ സ്വപ്നങ്ങൾ. അതിന്റെ തണലിൽ നമ്മളെല്ലാവരും വട്ടമിട്ടിരുന്ന് അന്താക്ഷരി കളിച്ചിരുന്നതും തമാശകൾ പറഞ്ഞിരുന്നതും ഇന്നലെത്തേതുപോലെ ഓർമ്മവരുന്നു. ആ കലാലയത്തിലെ ഒട്ടേറെ ആകർഷകങ്ങളിലൊന്നായിരുന്നല്ലോ ലവേഴ്സ് കോർണറിലെ വാകസുന്ദരി… നീർമാതളവും ചെമ്പകവുമെല്ലാം കവിസങ്കല്പ പ്രണയസൗഗന്ധികതരുക്കളായിരുന്നെങ്കിൽ നമ്മുടെ പ്രണയതരു സുന്ദരിയായ ഗുൽമോഹർതന്നെയായിരുന്നില്ലേ?
രണ്ടു വർഷം മുൻപ് കോളേജിനു മുന്നിലൂടെ പോയപ്പോഴും ഇല മുഴുവൻ കൊഴിഞ്ഞ് പ്രായംതെറ്റി, അങ്ങിങ്ങായി പൂത്തുനിൽക്കുന്ന ചെമപ്പാസ്വദിച്ചപ്പോൾ അതിനെന്റെ ഛായ തോന്നി… അറിയാതെ എല്ലാം വെള്ളിത്തിരയിലെന്നപോലെ തെളിഞ്ഞുവന്നു.
പരസ്പരം ആഴത്തിൽ മനസ്സിലാക്കി, മനസ്സു മുഴുവൻ സ്നേഹം കൊണ്ടുനടന്നിരുന്ന അപരിചിതർ. അതായിരുന്നല്ലോ നമ്മൾ…
വർഷങ്ങൾക്കിപ്പുറം ഏകാന്തതയിൽ ഒരിറ്റുസ്നേഹത്തിനായ് ഒരു തലോടലിനായ് കൊതിക്കുന്ന മുരടിച്ച മനസ്സുമായ്… ജീവിതം നയിക്കുമ്പോഴും ഒരു കുളിർതെന്നലായ് നീ മനസ്സിലെവിടെയോ…
ആദീ.. ഞാൻ എന്തൊരു വിഡ്ഢിയാണ് എന്നിപ്പോൾ തോന്നുന്നു. ഒരുപക്ഷേ, അവസാനദിവസം നീ വന്നിരുന്നെങ്കിൽ എനിക്കു പിടിച്ചുനിൽക്കാൻ സാധിക്കുമായിരുന്നില്ല. അതൊഴിവാക്കാനാവുമല്ലേ വിധി നിന്നെ മാറ്റിനിറുത്തിയത്. ഇരുപത്തഞ്ചു വർഷങ്ങൾക്കു മുൻപ് സെൽഫോണാ സൗഹൃദഗ്രൂപ്പുകളോ ഉണ്ടായിരുന്നെങ്കിൽ…
അനേകം പ്രണയത്തിനു സാക്ഷിയായ വാകമരം ഒരുപക്ഷേ, നമ്മുടെ പ്രണയച്ചെമപ്പും പാടിയേനേ… !
പക്ഷേ. കൈവിട്ടതൊന്നും തിരിച്ചുകിട്ടില്ല എന്ന തിരിച്ചറിവോടെതന്നെ ഇന്നും മങ്ങാത്ത പുഞ്ചിരിയോടെതന്നെയാട്ടൊ ഈ അനസൂയ ജീവിക്കുന്നത്. നഷ്ടപ്രണയം എന്നോ സ്വപ്നപ്രണയം എന്നോ ചിരിച്ചുതള്ളാവുന്ന ഒരു ഓർമയിൽ ജീവിക്കുമ്പോൾ അതിനുമുണ്ടെടോ ഒരു സുഖം…
ഈ കത്തിലെ വരികളിലൂടെ നിൻറെ കണ്ണുകൾ ഓടിക്കളിക്കുമ്പോൾ എന്തായിരിക്കും നിന്റെ മനസ്സിലെ വികാരം?
പഴയതൊക്കെ ഓർത്ത് നെടുവീർപ്പിടുമോ? ഒരുപക്ഷേ, നിന്റെ ഓർമകളുടെ അടിത്തട്ടിൽപ്പോലും ഞാൻ ഉണ്ടാവില്ല അല്ലേ?
പേടിക്കണ്ടട്ടോ, പഴയതൊക്കെ സ്ഥാപിക്കാനോ നിന്നെ ഉപദ്രവിക്കാനോ അല്ല ഇതൊക്കെ എഴുതിയത്… ഞാനിന്നും ആ പഴയ അനസൂയതന്നെയാണ്.. നിറഞ്ഞ
സ്നേഹം മനസ്സിലൊളിപ്പിച്ച് സ്വന്തം മനസ്സിനെപ്പോലും പറ്റിക്കുന്ന മിടുക്കി! നിനക്കു പ്രിയപ്പെട്ട ബേബി പിങ്ക് സാരി ധരിക്കുമ്പോഴു o ചന്ദനക്കുറി ഇടുമ്പോഴും മുടിയിഴ പിന്നിയിടുമ്പോഴുമൊക്കെ എന്തോ ഒരു വല്ലാത്ത സുഖം…
പണ്ടെപ്പഴൊ നീ പറഞ്ഞതോർമ്മവരുന്നു. പ്രണയനൈരാശ്യം വന്ന ഗുൽമോഹർ അനേകരുടെ പ്രണയത്തിന്റെയും പറയാതെപോവുന്ന പ്രണയനോവുകളുടെയും സാക്ഷിയാണെന്ന്! അതുകൊണ്ടാവാം അതു പ്രണയച്ചെമപ്പുമായ് പൂത്തുലഞ്ഞുനിൽക്കുന്നത്… എന്നും.
ഒന്നു കാണണമെന്നു തോന്നി. ഇനി ഒരിക്കലും തമ്മിൽ കാണലുണ്ടാവില്ല.
വർഷങ്ങൾ ചെലവഴിച്ച വരാന്തകളും ക്ലാസ് മുറികളും നമ്മുടെ വാകച്ചോപ്പും ഒരിക്കൽക്കൂടെ മനസ്സിലോർത്തുകൊണ്ട് നിറുത്തുന്നു…
ഒരുപക്ഷേ, ഇത്രയൊക്കെ ആഗ്രഹിച്ചാലും ചിലപ്പോൾ അനസൂയ അകലെനിന്ന് നിന്നെ ഒരുനോക്കു കണ്ട് ഒരു വാക്കു സംസാരിക്കുകപോലും ചെയ്യാതെ തിരിച്ചു പോരുമായിരിക്കും. പിന്നെയെങ്ങനെ എഴുതിത്തയ്യാറാക്കിയ പ്രണയലേഖനം നിന്റെ കൈയിലെത്തുന്നത്? അപൂർവരാഗത്തിന്റെ അനുരണനങ്ങൾ വാകമരച്ചുവട്ടിലെ കരിഞ്ഞുണങ്ങിയ സ്വപ്നപ്പൂക്കളായ്, അതെന്റെ ഉള്ളിൽത്തന്നെ കിടക്കട്ടെ. എന്നും അങ്ങനെയാണല്ലോ ഈ അനസൂയ… അവൾക്കുപോലും മനസ്സിലാവാത്ത പ്രതിഭാസം…
ഞാൻ അനസൂയയല്ലേ ആദീ…?
അനസൂയ അനസൂയതന്നെ… !e
#എൻ്റെരചന – പറയാതെ പോയ പ്രണയം
‘


9 Comments
പ്രണയം, മനോഹരമായി എഴുതി.👏❤️
♥️♥️♥️♥️
പറയാൻ കഴിയാതെ പോയ പ്രണയം മനോഹരമായി ഒരു കവിത പോലെ അവതരിപ്പിച്ചു. 👏👏👏❤️
പറയാതെ പോയ പ്രണയങ്ങൾ കൂടുതൽ ഉള്ളത് campus ൽ ആവും
♥️🌹♥️🌹🌹🌹🌹
ഇന്ന് ക്യാമ്പസ് സെലക്ഷന് കൊടുക്കുന്നതിന്റെ ഒരമ്മശം പ്രാധാന്യം പോലും ക്യാമ്പസ് പ്രണയത്തിനു കൊടുക്കുന്നില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
പറയാൻ മറന്ന എത്ര എത്ര പ്രണയങ്ങൾ അവിടെ തിങ്ങി നിൽക്കുന്നുണ്ടാവും.
Good writing
♥️♥️♥️♥️🌹🌹🌹🌹
അനസൂയയേപ്പോലെ പറയാത്ത പ്രണയവുമായി എത്രയോ പേർ ആ വാകപ്പൂക്കളെ ചവിട്ടിക്കടന്നു പോയിരിക്കാം. പ്രണയാർദ്രമായ എഴുത്ത് സുമ❤️👌🌹
സ്നേഹം ….. ജി.