പ്രിയപ്പെട്ട കൂട്ടുകാരീ,
ഇന്നലെയും നമ്മൾ ചാറ്റ് ചെയ്‌തു. നീ വളരെ സന്തോഷവതിയാണ് എന്നാണ് എനിക്ക് തോന്നിയത്. തീർച്ചയായും അന്യദേശത്ത് നിന്നും സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റം ലഭിച്ചപ്പോൾ മുതൽ നിന്റെ സംസാരത്തിലുള്ള ഉണർവ്വ് ഞാൻ ശ്രദ്ധിച്ചതാണ്. നിനക്കറിയാമല്ലോ ഫേസ്‌ബുക്ക് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ നമ്മൾ വീണ്ടും കണ്ടു മുട്ടുമായിരുന്നില്ല. ഇന്നിപ്പോ ഒരു വർഷത്തോളമാകുന്നു ആ കണ്ടു മുട്ടലിനു ശേഷം.
പക്ഷെ ഇന്ന് ഞാനയച്ച മൂന്നു മെസ്സേജുകൾക്കും നിന്റെ മറുപടി ഇല്ലാഞ്ഞത് എന്നെ ചെറുതായി വിഷമിപ്പിച്ചു. രാവിലെ കരുതി നീ എണീറ്റിട്ടുണ്ടാവില്ല, അത് കൊണ്ട് കണ്ടു കാണില്ല എന്ന്. ഉച്ചയ്ക്കയച്ച മെസ്സേജിനും മറുപടി കാണാഞ്ഞപ്പോൾ കരുതി ജോലിത്തിരക്കു കാരണം ഫോൺ ശ്രദ്ധിച്ചു കാണില്ല എന്ന്. വൈകിട്ടത്തെ മെസ്സേജിനും മിസ്സ്ഡ് കോളിനും മറുപടിയില്ലാത്തപ്പോൾ നീ മനഃപൂർവ്വം മറുപടി അയക്കാത്തതാണോ എന്നൊരു ദുഷ്‌ചിന്ത ഉള്ളിൽ കടന്നു കൂടിയിരിക്കുന്നു. മനുഷ്യന്റെ കാര്യം അങ്ങനെയാണ്. ശരിക്കും പറഞ്ഞാൽ മനസ്സിന്റെ.
ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട് ദേഷ്യം, സങ്കടം, സംശയം, അസൂയ, അകാരണമായ ഭയം, നിരാശ തുടങ്ങിയ ചില വികാരങ്ങൾ ഇല്ലായിരുന്നെങ്കിൽ ലോകം കുറെക്കൂടെ സുന്ദരവും സമാധാനപരവും ആയേനെ എന്ന്. ഈയിടെ ഞാനൊരു സുഹൃത്തിന്റെ പ്രൊഫൈലിൽ ആരോ പറഞ്ഞ ഒരു വാചകം വായിക്കാനിടയായി. അതിങ്ങനെയാണ്. “രണ്ടു പേരുടെ സൗഹൃദത്തിന് ഒരാളുടെ കാത്തിരിപ്പ് ആവശ്യമാണ്” എന്ന്. സത്യത്തിൽ അങ്ങനെയൊരു കാത്തിരിപ്പല്ലെ നീയെന്ന സുഹ്യത്തിനെ എനിക്ക് വീണ്ടും സമ്മാനിച്ചത്?
ഇപ്പോൾ സമയം അർദ്ധരാത്രിയോടു അടുക്കുന്നു. പുറത്തു കൂമന്റെ മൂളലും നായ്ക്കളുടെ ഓരിയിടലും കേൾക്കുന്നുണ്ട്. ഉറക്കം വരുന്നില്ല. സഹമുറിയൻ വീട്ടിൽ പോയിരിക്കുകയാണ്. ഒരു മുറിയിൽ ഒറ്റയ്ക്കുള്ള ജീവിതം ചിലപ്പോഴൊക്കെ മുഷിച്ചിലാണ്.. ഇന്നങ്ങനെ തോന്നുന്നില്ല. കാരണം ഞാൻ നിന്നോടൊരു കഥ പറയാൻ പോവുകയാണ്. ഒരു കുഞ്ഞു കഥ.
കഥ തുടങ്ങുന്നത് ഏകദേശം പതിമൂന്നു വർഷങ്ങൾക്ക് മുൻപാണ്. കഥാനായകൻ ഒരു പതിനൊന്നു വയസ്സുകാരൻ. പേര് കുട്ടൻ. ചെല്ലപ്പേരാണ് കേട്ടോ അവനെ തല്ക്കാലം നീയങ്ങനെ അറിഞ്ഞാൽ മതി. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമെല്ലാം അവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. സ്‌കൂളിൽ പോകാൻ കുട്ടന് പൊതുവേ മടിയായിരുന്നു. അവനെക്കാൾ ഭാരമുള്ള സ്‌കൂൾ ബാഗും പേറി ബസ്സിലെ തിരക്കും കൊണ്ട് രാവിലെ തന്നെ ക്ഷീണിച്ചു ക്ലാസ്സിൽ ചെന്നിരിക്കുന്നതും അതിനു പുറമേ ഏലിയാമ്മ ടീച്ചറിന്റേം ജോർജ്ജ് സാറിന്റേം മറ്റും മടുപ്പിക്കുന്ന ക്ലാസ്സുകളും ചോദ്യം ചോദിക്കലും, തല്ലും. എങ്ങനെയെങ്കിലും ഈ പഠിത്തമൊന്നു തീർന്നാൽ മതിയെന്നവൻ ആഗ്രഹിച്ചു പോയതിൽ എനിക്കവനെ കുറ്റം പറയാൻ പറ്റില്ല.
പക്ഷെ ആ ദിവസം അല്‌പം വ്യത്യസ്‌തമായിരുന്നു. കാരണം അന്ന് സ്‌കൂൾ തുറക്കുന്ന ദിവസമായിരുന്നു. കുട്ടന് ഒരു സ്‌കൂൾ വർഷത്തിൽ ഏറ്റവും ഇഷ്ടമുള്ള ദിവസം. കാരണങ്ങൾ പലതാണ്. കാരണം ഒന്ന് – താൻ അടുത്ത ക്ലാസ്സിലേക്ക് ജയിച്ചിരിക്കുന്നു എന്ന തിരിച്ചറിവ്, അഭിമാനകരം.
കാരണം രണ്ട് – സ്ക്‌കൂൾ തുറക്കുന്ന ദിവസം ഒരിക്കലും ക്ലാസ്സ് ഉണ്ടായിരുന്നില്ല. മാത്രവുമല്ല ഉച്ചയ്ക്ക് ശേഷം സ്കൂൾ വിടുകയും ചെയ്യും.
കാരണം മൂന്ന് – പുത്തൻ ബാഗും കുടയും, ഉടുപ്പുമെല്ലാം കൂട്ടുകാരെ കാണിച്ചു അവരുടെ മുന്നിൽ വിലസാനുള്ള അവസരം.
ആ തവണ കുട്ടൻ അഞ്ചാം ക്ലാസ്സിൽ നിന്ന് ആറിലേക്കാണ് ജയിച്ചത്. കാര്യം കുട്ടൻ മടിയനായിരുന്നെങ്കിലും ക്ലാസ്സിൽ ഒന്നാമൻ അവൻ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ വികൃതിത്തരത്തിനിടയിലും കുട്ടൻ ടീച്ചർമാരുടെ അരുമയായി. അല്പം ചിത്രം വരയും നാടകവും പൊതുവിജ്ഞാനവും ഒക്കെയായി കൂട്ടുകാർക്കിടയിലും ഒരു കൊച്ചു താരം. ഇങ്ങനെയൊക്കെയാണ് കുട്ടൻ അഞ്ചിൽ നിന്ന് ആറിലേക്ക് ജയിക്കുന്നത്.
അന്ന് കൃത്യ സമയത്ത് തന്നെ അവൻ ക്ലാസ്സിലെത്തി. അഞ്ചാം ക്ലാസ്സിൽ കൂടെയുണ്ടായിരുന്ന രണ്ടു പേർ തോറ്റു പോയ വിവരം അന്നേരമാണ് അവനറിയുന്നത്. (അന്ന് ഫേസ്ബുക്കും ട്വിറ്ററും ജി-മെയിലും ഒന്നും ഉണ്ടായിരുന്നില്ലല്ലോ) പഠന സമ്പ്രദായത്തെ തന്നെ കുട്ടൻ വെറുക്കാൻ ഒരു കാര്യം ഈ തോൽപ്പിക്കുന്ന ഏർപ്പാടാണ്. കൂട്ടുകാർ മുഴുവൻ ജയിച്ചു പോകുമ്പോൾ ആ രണ്ടു പേർക്ക് എത്ര സങ്കടം ഉണ്ടാകും. ?
വിഷണ്ണനായിരുന്ന കുട്ടൻ ക്ലാസ്സിലേയ്ക്കു തിടുക്കത്തിൽ കയറി വന്ന ടീച്ചറിനെ ശ്രദ്ധിച്ചു. പുതിയ ക്ലാസ്സ് ടീച്ചർ ആണ്. ഒരു സിസ്റ്റർ. കണ്ടാലേ അറിയാം ആളല്പം പിശകാണെന്ന്. കയ്യിൽ ചൂരലുമുണ്ട്. ആ വർഷം കിട്ടാനുള്ള അടികളെയോർത്ത് കുട്ടൻ ആ ചൂരലിനെ ഭയ ഭക്തി ബഹുമാനത്തോടെ നോക്കിയിരുന്നു.
ടീച്ചർ ഓരോരുത്തരുടെ പേര് വിളിക്കാൻ തുടങ്ങി. അനീഷ്, അനൂപ്, അൻസാർ, അസറുദ്ധീൻ, ബഷീർ. അങ്ങനെയങ്ങനെ വിളിച്ചു കുട്ടന്റെ പേരെത്തിയത് അവനറിഞ്ഞില്ല. അല്പമുറക്കെ ടീച്ചർ രണ്ടാമത് വിളിച്ചതും, അടുത്തിരുന്നവന്റെ ശക്തിയായ തോണ്ടലും മൂലം കുട്ടൻ ചാടിയെഴുന്നേറ്റു ഹാജർ പറഞ്ഞു.
“ആദ്യ ദിവസം തന്നെ ക്ലാസ്സിലിരുന്നു ഉറങ്ങുകയാണോ..?” ടീച്ചർ മെല്ലെ ചൂരലിൽ തഴുകുന്നത് കുട്ടൻ ശ്രദ്ധിക്കാതിരുന്നില്ല.
“അല്ല ടീച്ചർ” അബദ്ധം പറ്റിയത് ഒരു ജാള്യ ചിരിയിലൊതുക്കി, ചിരി പൊട്ടിയിരുന്ന കൂട്ടുകാർക്കിടയിൽ അവനിരുന്നു.
എല്ലാവരുടേം പേര് വിളിച്ചു കഴിഞ്ഞിരുന്നു. പെട്ടെന്ന് പെൺകുട്ടികൾക്കിടയിൽ നിന്ന് ഒരുവൾ എഴുന്നേറ്റു.
“എന്റെ പേര് വിളിച്ചില്ല. ടീച്ചർ”
“എന്താ കുട്ടീടെ പേര് ? “സംശയത്തോടെ ടീച്ചർ ചോദിച്ചു
“ഫാത്തിമ” ക്ലാസ്സിലെ എല്ലാ കണ്ണുകളും അവളിലേക്ക് നീണ്ടു. കുട്ടന്റേയും.
“ഇവളേതാടാ..?” അടുത്തിരുന്ന ഉറ്റ സുഹ്യത്ത് അസറിനോട് അവൻ ചോദിച്ചു.
“പുതിയ കുട്ടിയാ. എന്റെ വീടിനടുത്താ താമസം. ദൂരെ എവിടുന്നോ വന്നതാ.”
എന്തായാലും ആദ്യ കാഴ്‌ചയിൽ തന്നെ തലയിൽ കറുത്ത തട്ടമിട്ട, വെളുത്തു മെലിഞ്ഞ, പൂച്ചക്കണ്ണുള്ള ഫാത്തിമയെ കുട്ടനത്ര പിടിച്ചില്ല. ആ ഇഷ്ടക്കേട് രണ്ടു മാസത്തിനുള്ളിൽ ഫാത്തിമയെ ആജന്മ ശത്രുവായി പ്രഖ്യാപിക്കുന്നിടം വരെയെത്തി. കാര്യം നിസ്സാരമാണെന്നു നമുക്കിപ്പോ തോന്നും. പക്ഷെ കുട്ടന് അന്നങ്ങനെ ആയിരുന്നില്ല.
ഒരു വർഷമായി കുട്ടൻ കയ്യാളിയിരുന്ന ക്ലാസ്സിലെ ഒന്നാം സ്ഥാനത്തിനു ഒരു വെല്ലുവിളിയായിത്തീർന്നു ഫാത്തിമ. പൊതുവിജ്ഞാനത്തിൽ അവൾ കുട്ടനെക്കാൾ ഒട്ടും മോശമായിരുന്നില്ല. ഇംഗ്ലീഷിന്റെ കാര്യത്തിലാണെങ്കിൽ ഒരു പടി മുന്നിലും. കുട്ടന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അതെല്ലാം. ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസ് കിട്ടിയപ്പോഴാണ് കാര്യങ്ങൾ കൂടുതൽ രൂക്ഷമായത്. ക്ലാസ്സിൽ കുട്ടന്റെ സ്ഥാനം മൂന്നു മാത്രം. എവിടെ നിന്നോ വന്നു കേറിയ ഒരു ഫാത്തിമ ഒന്നാം സ്ഥാനം നേടി താരമായപ്പോൾ അത്ര നാളും രണ്ടാമത് മാത്രമായിരുന്ന വേറൊരുത്തി അവളുടെ സ്ഥാനം നിലനിർത്തിയതാണ് കുട്ടന് തിരിച്ചടിയായത്.
പിന്നീടുള്ള നീക്കങ്ങളെല്ലാം ശത്രുവിനെ തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ക്ലാസ്സ് പരീക്ഷകളിലും ഗ്രൂപ്പ് തിരിച്ചുള്ള ക്വിസ് മത്സരങ്ങളിലും എന്ന് വേണ്ട പറ്റുന്നിടത്തെല്ലാം ഫാത്തിമയ്ക്കെതിരെ കുട്ടൻ ആഞ്ഞടിച്ചു. അവളും മോശമായിരുന്നില്ല. ശക്തമായിത്തന്നെ തിരിച്ചടിച്ചു. യുദ്ധം കൊടുമ്പിരി കൊണ്ടു..പക്ഷെ അവളുടെ ഇംഗ്ലീഷിനു മുന്നിൽ എന്നും തോറ്റു മടങ്ങാനായിരുന്നു കുട്ടനു വിധി.
“ഓ, ഒരു മദാമ്മ വന്നിരിക്കുന്നു, പോവാൻ പറയെടാ” ഒരിക്കൽ അസർ പറഞ്ഞു. കൂട്ടുകാർക്കിടയിലും കുട്ടനു ഫാത്തിമയോടുള്ള ദേഷ്യം സംസാരവിഷയമായി. അതിനിടയ്ക്കാണ് ആരോ ഒരു കുസൃതി ഒപ്പിച്ചത്.
ഒരു ദിവസം ഉച്ചയ്ക്ക് ഊണിനു ശേഷമുള്ള പതിവ് കളിയും കഴിഞ്ഞു കൂട്ടുകാരോടൊപ്പം കുട്ടൻ ക്ലാസ്സിൽ കയറിയതും പെൺകുട്ടികളൊക്കെ അവനെ നോക്കി അടക്കി ചിരിക്കാൻ തുടങ്ങി. കുട്ടനു കാര്യം മനസ്സിലായില്ല. പക്ഷെ അസർ ബോർഡിലേക്ക് വിരൽ ചൂണ്ടി. അവിടിങ്ങനെ എഴുതിയിരുന്നു. വിഷ്ണു + ഫാത്തിമ (കുട്ടനാരാണെന്നുള്ള സംശയം ഇപ്പോൾ പൂർണ്ണമായും മാറിയല്ലോ അല്ലേ?) കുട്ടൻ ഫാത്തിമ ഇരുന്നിടത്തേക്ക് നോക്കി. അവൾ ഡെസ്കിൽ തല വെച്ച് കമഴ്ന്നു കിടക്കുകയാണ്. കുട്ടനു വല്ലാത്ത ദേഷ്യം തോന്നി. ബോർഡിലെ എഴുത്ത് മായ്ക്കുമ്പോൾ അത് ചെയ്‌തയാളെ എങ്ങനെയും കണ്ടു പിടിച്ചു രണ്ടിടി കൊടുത്തിരിക്കുമെന്നു അവൻ മനസ്സിൽ ശപഥം ചെയ്തു.
കൂട്ടുകാരോടൊപ്പം ആ വ്യക്തിയെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ. ആയിടയ്ക്ക് വായിച്ചു തുടങ്ങിയ ഷെർലക്ക് ഹോംസ് കഥകളുടെ സ്വാധീനം കൊണ്ടോ എന്തോ കയ്യക്ഷരം വെച്ച് ആളെ കണ്ടു പിടിക്കാമെന്ന ധാരണയിൽ കുട്ടിപ്പോലീസ് ചാരപ്പണി തുടങ്ങി. ‘വിഷ്ണു’വിലെ ‘വ’ എഴുതിയിരുന്നത് ഒരു പ്രത്യേക തരത്തിലായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ കുട്ടനും കൂട്ടരും ഓരോരുത്തരുടെ ബുക്കെടുത്ത് പരിശോധിച്ചുകൊണ്ടിരുന്നു. അതിനിടയ്ക്ക് ഫാത്തിമയോടുള്ള ശത്രുതയിൽ അല്പം അയവു വന്നെങ്കിലും ശത്രു എന്നും ശത്രു തന്നെ എന്ന മട്ടിൽ കാര്യങ്ങൾ മുന്നോട്ടു പോയി.
അങ്ങനിരിക്കെ ഒരു ദിവസം ഒരു കൂട്ടുകാരൻ ആ ‘വ’ ഉള്ള ബുക്ക് കണ്ടു പിടിച്ചു. അത് ആ രണ്ടാം സ്ഥാനക്കാരിയുടെതായിരുന്നു. കുട്ടൻ പിന്നീടൊന്നും ചിന്തിച്ചില്ല. ഉച്ചയൂണിനു ശേഷം കൂട്ടുകാരോട് സൊറ പറഞ്ഞു നില്ക്കുകയായിരുന്ന അവളുടെ കാലിനിട്ട് ഒറ്റ തൊഴി. കൂടെ ഒരു പഞ്ച് ഡയലോഗും. “മേലാൽ ഇതാവർത്തിക്കരുത്” മലർന്നടിച്ചു വീണ അവൾ വാവിട്ട് നില വിളിച്ചു. പണി പാളി. ടീച്ചറെ വിളിക്കാൻ കുറെ പേർ ഓടി. ആവേശത്തിന്റെ പുറത്തു ചെയ്തത് അബദ്ധമായെന്ന തിരിച്ചറിവോടെ കുട്ടൻ സ്വന്തം സ്ഥാനത്തു പോയിരുന്നു.
കുട്ടിപ്പോലീസിന്റെ പൊടി പോലും കണ്ടു പിടിക്കാനുണ്ടായില്ല. ക്ലാസ്സ് ടീച്ചറിന്റെ ചൂരലിന്റെ ചൂട്, ആ വർഷം ആദ്യമായി കുട്ടനറിഞ്ഞു. എങ്കിലും സാരമില്ല പ്രതികാരം ചെയ്യാൻ സാധിച്ചല്ലോ, അത് മതി. കുട്ടൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷെ പണി ശരിക്കും പാളി എന്നറിഞ്ഞത് പിന്നീടാണ്. തൊഴികൊണ്ടവളായിരുന്നില്ലത്രേ അതെഴുതിയത്. അതെ തരത്തിൽ ‘വ’ എഴുതിയിരുന്ന മറ്റു രണ്ടു പേർ കൂടെ ക്ലാസ്സിൽ ഉള്ള വിവരം കുട്ടിപ്പോലീസ് വൈകിയാണ് തിരിച്ചറിഞ്ഞത്. പക്ഷേ എല്ലാം വൈകിപ്പോയിരുന്നു. പ്രതികാരത്തിന്റെ ‘പ്ര’ പോലും അപ്പോൾ കുട്ടന്റെ മനസ്സിൽ ബാക്കിയുണ്ടായിരുന്നില്ല.
വികൃതിയും മടിയും അധികരിച്ചപ്പോൾ മൂന്നാം സ്ഥാനക്കാരനായിത്തന്നെ കുട്ടൻ ഏഴാം ക്ലാസ്സിലേക്ക് ജയിച്ചു. ഏഴാം ക്ലാസ്സിൽ ഇംഗ്ലീഷും കണക്കും പഠിപ്പിച്ചിരുന്നത് ഒരു പുതിയ ടീച്ചർ ആയിരുന്നു. ഗ്രേസി ടീച്ചർ. ടീച്ചർ ക്ലാസ്സിനെ നാല് ഗ്രൂപ്പുകൾ ആക്കി. രണ്ടെണ്ണത്തിന്റെ നേതാക്കൾ കുട്ടനും ഫാത്തിമയും തന്നെയായിരുന്നു. ഓരോ ഗ്രൂപ്പിന്റെയും മികച്ച നേട്ടങ്ങൾക്ക് ടീച്ചർ യഥാസമയം പോയന്റുകളും നല്കിപ്പോന്നു. വാർഷികപ്പരീക്ഷയ്ക്ക് മുൻപ് ഏറ്റവും കൂടുതൽ പോയന്റു നേടുന്ന ഗ്രൂപ്പിനൊരു സമ്മാനവും ടീച്ചർ വാഗ്ദാനം ചെയ്തു.. ദിവസങ്ങൾക്കുള്ളിൽ തന്നെ ഓരോ കുട്ടികളുടെയും കഴിവുകളും താല്പര്യവും ടീച്ചർ തിരിച്ചറിഞ്ഞു. ഫാത്തിമയുടെ ഇംഗ്ലീഷ് പ്രാവീണ്യവും, കുട്ടന്റെ ചിത്രം വരയും, അസറിന്റെ ഫുട്ബോൾ കളിയും എല്ലാം അതിൽ പെടുന്നു.
ആയിടയ്ക്കാണ് ഒരു ഉപജില്ലാ കലോത്സവം നടക്കുന്നത്. ഇംഗ്ലീഷ് പ്രസംഗത്തിനും പദ്യം ചൊല്ലലിനും ഗ്രേസി ടീച്ചർ ഫാത്തിമയെ തിരഞ്ഞെടുത്തു. ചിത്രരചനാ മത്സരത്തിനു കുട്ടനെയും. മത്സരങ്ങൾ കുറച്ചകലെയുള്ള മറ്റൊരു സ്‌കൂളിൽ ആയിരുന്നു. പോകുന്നതിനു ആഴ്ചകൾക്ക് മുൻപ് തന്നെ ടീച്ചർ ഫാത്തിമയ്ക്ക് പ്രത്യേക പരിശീലനം നൽകാൻ തുടങ്ങി. ടീച്ചറിന് അവളോടുള്ള ഇഷ്ടക്കൂടുതൽ കുട്ടനു നന്നായി അറിവുള്ളതായിരുന്നു. അവൻ എന്നുമതിൽ അമർഷം കൊള്ളുകയും ചെയ്തിരുന്നു. പക്ഷെ ടീച്ചർ അവനോടും കാണിച്ചിരുന്ന വാത്സല്യം നിമിത്തം അവന്റെ അമർഷം ഫാത്തിമയോട് മാത്രമായി ഒതുങ്ങി. പക്ഷെ മത്സരങ്ങൾ നടന്ന ആ ദിവസം കുട്ടന്റേതായിരുന്നു. എല്ലാ മത്സരവും പൊടി പൊടിച്ചു. കുട്ടൻ നന്നായി വരച്ചു.
മറ്റു കുട്ടികളുടെ പരിപാടികൾ കാരണം വൈകിട്ടേ മടങ്ങാൻ പറ്റുമായിരുന്നുള്ളൂ. വിവിധ സ്റ്റേജുകളിലെ മത്സരങ്ങൾ കണ്ടു കുട്ടനങ്ങനെ കറങ്ങി നടന്നു. അപ്പോഴാണ് അവനതു കണ്ടത്..ഒരു ക്ലാസ്സ് മുറിക്കുള്ളിൽ ടീച്ചറും ഫാത്തിമയും. അവൾ കരയുകയായിരുന്നു. ടീച്ചർ നല്ല ദേഷ്യത്തിലും. കാര്യം മനസ്സിലായില്ലെങ്കിലും കുട്ടനു സംഗതി നന്നേ ബോധിച്ചു. അവൻ വെളുക്കെ ചിരിച്ചു. അവർ പറയുന്നത് കേൾക്കാൻ വേണ്ടി കാതു കൂർപ്പിച്ച് ഒരു തൂണിനു മറവിൽ കുട്ടൻ നിന്നു. പ്രസംഗ മത്സരത്തിനു കയറാൻ ഫാത്തിമയ്ക്ക് മടി. അതായിരുന്നു കാര്യം.
ഇംഗ്ലീഷുകാരിയുടെ ഗമ പൊളിഞ്ഞതിന്റെ സന്തോഷത്തിൽ കുട്ടൻ അവർ കാണാതെ നടന്നു നീങ്ങി. എങ്കിലും ടീച്ചർ വഴക്ക് പറഞ്ഞു അവളെ സ്റ്റേജിൽ കയറ്റി. മത്സരങ്ങളുടെ ഫലം വന്നപ്പോൾ അവൾക്ക് ഒന്നാം സ്ഥാനം. കുട്ടന് ഒന്നുമില്ല. അന്നു കുട്ടൻ കരഞ്ഞില്ലാന്നെ ഉള്ളൂ.
തിരിച്ചുള്ള യാത്രയിൽ ടീച്ചറും കൂട്ടുകാരും ഫാത്തിമയെ വാനോളം പുകഴ്ത്തിക്കൊണ്ടിരുന്നപ്പോൾ സ്കൂൾ വാനിന്റെ ഏറ്റവും പിന്നിലെ സീറ്റിൽ നിരാശനായി അവനിരുന്നു. പക്ഷെ ടീച്ചർ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അല്പനേരത്തിനു ശേഷം അവന്റെയടുത്ത് ചെന്നിരുന്നു ടീച്ചർ അവനോടു പറഞ്ഞു.
“സാരമില്ലെടാ.. നീ വിഷമിക്കേണ്ട നമുക്കു അടുത്ത തവണ വാങ്ങിക്കാം സമ്മാനം.” കുട്ടൻ വളരെ കഷ്ടപ്പെട്ട് മുഖത്തൊരു ചിരി വരുത്തി.
“ഇവൻ വരച്ച പടം ടീച്ചർ കണ്ടാരുന്നോ..? ഇവന് ഒന്നാം സമ്മാനം തന്നെ കിട്ടേണ്ടതാരുന്നു.” കുട്ടൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത വാക്കുകളാണ് അടുത്ത് നിന്ന ഫാത്തിമയിൽ നിന്നും കേട്ടത്. അവനു ചിരിക്കാതിരിക്കാനായില്ല. സ്വന്തം ഉയർച്ചയിൽ അഹങ്കരിക്കാതിരുന്ന അവൾ അന്ന് മുതൽ കുട്ടന്റെ ശത്രുവല്ലാതായി മാറി. പിന്നീട് സ്‌കൂളിൽ വെച്ച് കണ്ടപ്പോഴൊക്കെ അവൻ അവളെ നോക്കി ചിരിച്ചു. അവൾ തിരിച്ചും.
അവർ നല്ല സുഹ്യത്തുക്കളായി. ശത്രു രാജ്യങ്ങൾ വെടി നിർത്തിയത് കൂട്ടുകാർക്കിടയിൽ വല്ല്യ സംഭവമായിരുന്നു, ആശ്ചര്യവും. എങ്കിലും കുട്ടന്റെ സുഹൃത്തുക്കൾ അവളുടെ സുഹ്യത്തുക്കളായി, അവളുടെ സുഹൃത്തുക്കൾ കുട്ടന്റെയും പിന്നീടുള്ള ദിവസങ്ങളിൽ ക്ലാസ്സ് പരീക്ഷകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും മറ്റും ആരോഗ്യകരമായ മത്സരങ്ങൾ മാത്രമായി മാറിയിരുന്നു. സ്കൂളിൽ വരുന്നതും ഉച്ചയൂണിനു ശേഷം സമീപമുള്ള നദിയിൽ പാത്രം കഴുകാൻ പോകുന്നതും, സ്‌കൂൾ വിട്ടതിനു ശേഷം ബസ് സ്റ്റോപ്പിലേക്കുള്ള നടത്തവുമെല്ലാം കുട്ടനും, ഫാത്തിമയും, കൂട്ടുകാരും ഒന്നിച്ചായി.
എന്ത് കൊണ്ടാണ് ഫാത്തിമയെ തനിക്കു ആദ്യമത്ര ഇഷ്ടമല്ലാതിരുന്നത് എന്ന് കുട്ടനു കുറച്ചൊക്കെ മനസ്സിലായി. അവൾ അവനെപ്പോലെ തന്നെ ആയിരുന്നു. ധാരാളം വായിക്കുന്ന, ഒരുപാട് സ്വപ്‌നങ്ങൾ കാണുന്ന, തന്റേതായ വ്യക്തിത്വമുള്ള (അതെയതെ അത്ര ചെറു പ്രായത്തിൽ തന്നെ) ഒരു പെൺകുട്ടി. അവളുടെ കഴിവുകളേയും പ്രത്യേകിച്ച് ഇംഗ്ലീഷിനേയും അവൻ അംഗീകരിച്ചു തുടങ്ങിയിരുന്നു. ഫാത്തിമ തന്റെ സുഹ്യത്തായതിൽ അവൻ ഉള്ളാലെ അഭിമാനിച്ചു.
ഒരിക്കൽ സ്കൂൾ വിട്ടു ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ അവർ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടൻ അവളോട് ചോദിച്ചു.
“ഫാത്തിമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമേതാണ് ?”
“സ്കൈ ബ്ലൂ”, അവൾക്ക് ഇംഗ്ലീഷ് വിടാൻ ഉദ്ധേശമുണ്ടായിരുന്നില്ല എന്ന് തോന്നുന്നു.
“നിനക്കോ?” അവൾ തിരിച്ചു ചോദിച്ചു.
“പച്ച”
“എന്തേ ചോദിക്കാൻ?” അവൾ വീണ്ടും ചോദിച്ചു.
“ഓ ഒന്നൂല്ല, വെറുതെ”, കുട്ടനൊരു കള്ളച്ചിരി ചിരിച്ചു.
ക്ലാസ്സുകൾ അവസ്സാനിക്കുകയായിരുന്നു. നിനച്ചിരിക്കാതെ വാർഷിക പരീക്ഷയും എത്തി. എല്ലാവരും നന്നായി പരീക്ഷ എഴുതി. പക്ഷെ കുട്ടന്റെ സ്‌കൂൾ ഏഴാം ക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ പലർക്കും പല സ്‌കൂളുകളിൽ ചേരേണ്ടി വരുമെന്ന് അറിയാമായിരുന്നു. അവസാന ദിവസത്തെ പരീക്ഷക്ക് ശേഷം എല്ലാവരും വിട പറഞ്ഞു പല വഴിക്ക് പിരിഞ്ഞു. അന്നും ഫാത്തിമ കരഞ്ഞു. സങ്കടം തോന്നിയെങ്കിലും കുട്ടൻ കരഞ്ഞില്ല.
കുട്ടനേയും ഫാത്തിമയേയും അടുത്ത് തന്നെയുള്ള ഒരു സ്കൂളിൽ ചേർക്കാൻ അവരവരുടെ രക്ഷിതാക്കൾ തീരുമാനിച്ചിരുന്നു. പക്ഷെ ആ സ്കൂളിൽ പ്രവേശന പരീക്ഷയുണ്ടായിരുന്നു. ഒരു മാസത്തിനു ശേഷം കുട്ടനും, ഫാത്തിമയും മറ്റനേകം പേരോടൊപ്പം ആ പുതിയ സ്കൂളിലെ എട്ടാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയെഴുതി. മൂന്നു ദിവസത്തിനുള്ളിൽ ഫലം വന്നു.
കുട്ടനത് നോക്കാൻ സ്‌കൂളിൽ പോയി. നോട്ടീസ് ബോർഡിൽ ഇട്ടിരുന്ന പേപ്പറിൽ ഒന്നാം സ്ഥാനം ഫാത്തിമയ്ക്ക് ആയിരിക്കണേ എന്നവൻ ആത്മാർഥമായി ആഗ്രഹിച്ചു. പക്ഷെ അതേതോ റോസ് മേരിയ്ക്കായിരുന്നു. രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും ഒന്നും കുട്ടൻ അവളുടെ പേര് കണ്ടില്ല. മുപ്പതാം സ്ഥാനത്തു അവൻ സ്വന്തം പേര് കണ്ടു.. എന്നാൽ അവളുടെ പേര് ആ കൂട്ടത്തിൽ ഇല്ലായിരുന്നു. കുട്ടനു ശരിക്കും വിഷമം തോന്നി. വീട്ടിലേക്ക് തിരികെ പോകാനായി തുടങ്ങിയപ്പോഴാണ് അല്പം ദൂരെ മാറി ഫാത്തിമ നടന്നു നീങ്ങുന്നത് അവൻ ശ്രദ്ധിച്ചത്. അവനവളെ വിളിച്ചു. കേൾക്കാഞ്ഞതോ കേട്ടില്ല എന്ന് നടിച്ചതോ..? മറ്റാരെയും ശ്രദ്ധിക്കാതെ തിടുക്കത്തിൽ അവൾ നടന്നകന്നു. കുട്ടന്റെ കണ്ണുകളിൽ അപ്പോൾ പൊടിഞ്ഞ രണ്ടു തുള്ളി കണ്ണുനീര് അന്നവൾ കണ്ടില്ല.
അവൾ മറ്റൊരു സ്കൂളിൽ ചേർന്നു. വാശിയോടെ പഠിച്ചു. പത്താം ക്ലാസ്സിൽ സംസ്ഥാനത്തെ തന്നെ പതിനാലാം സ്ഥാനക്കാരിയായി. പക്ഷെ കുട്ടൻ പിന്നീടൊരിക്കലും ഫാത്തിമയെ കണ്ടില്ല. അവളെന്നും നല്ല ഒരു സുഹൃത്തായി അവന്റെ മനസ്സിൽ മാത്രം അവശേഷിച്ചു, കുറെയേറെ ബാല്യകാല സ്‌മരണകളോടൊപ്പം.
ഉറക്കം വന്നത് കാരണം ഇത്രയും എഴുതി ഇന്നലെ നിർത്തി. ഇന്നിപ്പോ ക്ലാസ്സിലിരുന്നാണ് ബാക്കി എഴുതുന്നത്. കഥയെങ്ങനുണ്ട്? ഇഷ്ടപ്പെട്ടോ? പത്തു വർഷത്തിനു ശേഷം കുട്ടൻ ഫാത്തിമയെ ഫേസ്ബുക്കിൽ കണ്ടുമുട്ടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നീയോ..? അവൾ അവനെ ഫോണിൽ വിളിച്ചപ്പോൾ അവനാകെ അമ്പരന്നു. പിന്നീട് അവരൊന്നിച്ച് ഗ്രേസി ടീച്ചറിനെ കാണാൻ പോയപ്പോഴും, അവൾക്ക് താൻ വരച്ച മികച്ച ചിത്രങ്ങളിൽ ഒന്ന് സമ്മാനിച്ചപ്പോഴും കൂട്ടൻ ചിലത് പറയാൻ ബാക്കി വെച്ചു. ഞാനങ്ങനെയാണ്. എന്റെ ജീവിതത്തിൽ ഓരോരുത്തർക്കുമുള്ള പ്രാധാന്യം എന്താണെന്നു അവരവരോട് പറഞ്ഞു കൊടുക്കേണ്ട ഒരു ഗതികേട് എനിക്കുണ്ടാവുന്നുണ്ട്. ഒരു പക്ഷെ ഞാൻ നിന്നോട് കാണിക്കുന്ന അമിത സ്വാതന്ത്ര്യം നിന്നെ അലോസരപ്പെടുത്തുന്നുണ്ടാവാം, എന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ നിന്നോട് പങ്കുവെച്ചപ്പോൾ നീ അമ്പരപ്പെട്ടിട്ടുണ്ടാകാം. തന്റെ കൂടെ പഠിച്ച വിഷ്ണുവെന്ന കുട്ടൻ തന്നെയാണോ ഞാനെന്നു ഒരു വേള നീ ആശ്ചര്യപ്പെട്ടിട്ടുമുണ്ടാകാം.
പത്തു വർഷങ്ങൾ നമ്മൾ രണ്ടാളിലും ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. പക്ഷെ, ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും സുഹ്യത്തുക്കൾ മാത്രമായിരിക്കാൻ കഴിയും എന്നുറച്ചു വിശ്വസിക്കുന്ന കുട്ടനു ഫാത്തിമ എന്നും നല്ല ഒരു സുഹൃത്ത് തന്നെയായിരുന്നു. ഒരു പക്ഷെ സ്വാർത്ഥമായ ഈ ലോകത്തോട് പട പൊരുതി പരാജയപ്പെട്ടു, വരച്ച ചിത്രങ്ങൾ ഒക്കെയും കീറിയെറിഞ്ഞു, നിരാശനായി, വിധിയെ പഴിച്ചു, ഒരിക്കൽ ഞാൻ നിന്റെ അടുത്തെത്തിയാൽ, “നീ വരച്ച ചിത്രത്തിനായിരുന്നു സമ്മാനം കിട്ടേണ്ടിയിരുന്നത്” എന്ന് പറഞ്ഞ ഫാത്തിമയെന്ന സുഹൃത്തിനെയാവും ഞാൻ നിന്നിലെന്നും പ്രതീക്ഷിക്കുന്നത്.
സ്നേഹത്തോടെ കുട്ടൻ
എഴുതാൻ വിട്ടു പോയത് : ക്ലാസ്സിനിടയിൽ തിരക്കിട്ട് മലയാളത്തിൽ എഴുതിക്കൊണ്ടിരുന്ന എന്നോട് അടുത്തിരുന്ന സുഹൃത്ത് ചോദിച്ചു.
“എന്താടോ ഈ തകർത്ത് എഴുതുന്നത്?”
“ഓ, ഒരു കത്താണ്”
“കത്തോ? ഇക്കാലത്തോ? ആർക്ക്?” അവന് ആകാംക്ഷ അടക്കാനായില്ല.
ഒരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു “എന്റെ ബാല്യകാല സഖിക്ക്”
ആനന്ദ് വിഷ്ണു പ്രകാശ്


4 Comments
മനോഹരമായ എഴുത്ത്. സ്കൂൾ കാലഘട്ടം, മത്സരം, വാശി, പ്രണയം എല്ലാം ആവശ്യത്തിനു ചേർന്ന കഥ. ആസ്വദിച്ചു വായിച്ചു.❤️👍👏
നന്നായി. പഴയ സ്കൂൾ കാലത്തിലൂടെ കറങ്ങിയെത്തി.❤️
നന്നായിരിക്കുന്നു.❤️👌🌹
സ്ക്കൂളിലൊന്നു പോയി വന്നു. നന്ദി
നല്ല മനോഹരമായ എഴുത്ത് 👌🥰