വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. വടക്കു നിന്ന് തണുത്ത കാറ്റു വീശി. വിശാലമായ പള്ളിമുറ്റവും ഭംഗിയായി ഒരുക്കിയ ഉദ്യാനവും, കരിങ്കല്ലിൽ പണികഴിപ്പിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും, ചാരവും ചുവപ്പും നിറഞ്ഞ ആകാശത്തിന്റെയും ഇരുട്ടു നിറഞ്ഞ മരക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ വിദഗ്ദ്ധനായ ഒരു ചിത്രകാരൻ വരച്ച ചിത്രം പോലെ തോന്നിച്ചു.
നീണ്ടു നിന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് പള്ളിയിൽ മണിയടിച്ചു. ദൂരെ മലനിരകളും, വയലും, ചേക്കേറാനായി പറക്കുന്ന പക്ഷികളെയും നോക്കി നിർവ്വികാരനായി കുട്ടൻ നിന്നു. കുറച്ചു മാറി പള്ളിയുടെ വരാന്തയിൽ റഷീദ് ഇരിക്കുന്നുണ്ടായിരുന്നു. അവന്റെ കയ്യിൽ അപ്പോഴും വാടിയ പൂക്കൾ ഇതളുകൾ പൊഴിച്ചുകൊണ്ടിരുന്നു. ഉതിർന്നു വീഴുന്ന കണ്ണുനീർത്തുള്ളികൾ പോലെ.
പള്ളിമണികൾ അവർ രണ്ടുപേരിലും യാതൊരു ഭാവഭേദവും സൃഷ്ടിച്ചില്ല. ജീവിതത്തിൽ അപ്രതീക്ഷിതവും അവിശ്വസനീയവുമായ ചിലതു സംഭവിക്കുമ്പോൾ അങ്ങനെയാണ്… നഷ്ടപ്പെടാൻ മറ്റൊന്നും ഇല്ലാത്ത അവസ്ഥയിൽ, ലോകത്തിൽ എന്തു തന്നെ സംഭവിച്ചാലും അതു തന്നെ ബാധിക്കില്ല എന്ന തോന്നലുണ്ടാകും. സമയം നിശ്ചലമാകും.. മനസ്സ് മാത്രം നൂലു പൊട്ടിയ പട്ടം പോലെ ലക്ഷ്യമില്ലാതെ അലഞ്ഞു കൊണ്ടിരിക്കും. അവരിരുവരും അപ്പോൾ ചിന്തിച്ചുകൊണ്ടിരുന്നത് ഒരു പെൺകുട്ടിയെപ്പറ്റിയാണ്.. ആനി..
കുട്ടനെ നിങ്ങൾക്കറിയാം.. പക്ഷേ കുട്ടനെങ്ങനെ കുട്ടനായി എന്നറിയാമോ..? ഇല്ലേ..? ആ കഥ ഞാൻ പറഞ്ഞു തരാം..
ജനിച്ചു രണ്ടാമത്തെ ആഴ്ച്ച തന്നെ നമ്മുടെ കുട്ടനു പനി പിടിച്ചു. നവജാത കുട്ടനെയും കൊണ്ട് ഡോക്‌ടറുടെ അടുത്തേക്ക് ഓടിയത് പേരമ്മയാണ്. കുട്ടനെ പരിശോധിച്ചു ചീട്ടിൽ മരുന്നെഴുതാൻ തുടങ്ങിയ ആ ഡോക്‌ടറായിരിക്കണം ആദ്യമായി അവന്റെ പേരു ചോദിച്ച വ്യക്തി. പേരമ്മ പ്രതിസന്ധിയിലായി. കാരണം രണ്ടാഴ്‌ച മാത്രം പ്രായമുള്ള കുട്ടനു പേരിട്ടിരുന്നില്ല.. പേരിടാതെ മരുന്നു കിട്ടില്ല എന്നു വന്നപ്പോൾ ഇരുപത്തെട്ടിന്റെ ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ പേരമ്മയ്ക്ക് അതു ചെയ്യേണ്ടി വന്നു.
എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ ‘കുട്ടൻ’ എന്നല്ല പേരമ്മ ഇട്ട പേര്.. ‘ഉണ്ണി’ അതാണ് കുട്ടന്റെ ആദ്യത്തെ പേര്.. തന്നോടു ചോദിക്കാതെ തന്റെ പേരിട്ടതിന്റെ അമർഷം അന്നേ പേരമ്മയൊട് തീർക്കേണ്ടതായിരുന്നു എന്നു കുട്ടനു പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ കുട്ടന് ആ പേരിഷ്ടമല്ല.. കൊഞ്ചിച്ചും ഓമനിച്ചും പല പേരുകൾ വിളിക്കുന്ന അച്ഛനും അമ്മയും ശാസിക്കുമ്പോൾ ‘ഉണ്ണി’ എന്നേ വിളിക്കൂ.. അതുകൊണ്ടു തന്നെ അങ്ങനെ വിളിക്കുന്നവരെ കുട്ടന് പഥ്യവുമല്ല. ഈ കാരണം കൊണ്ട് കുട്ടൻ തന്നെ ‘ഉണ്ണി’യോട് ഒരു ‘കുട്ടനെ’ ചേർത്തു വച്ചു.
അങ്ങനെ ‘ഉണ്ണി’ ‘ഉണ്ണിക്കുട്ട’നായി. ഇനി ‘ഉണ്ണിക്കൂട്ട’നെങ്ങനെ വെറും കുട്ടനായി എന്നു പറയാം. അതിനു കാരണം സുമംഗല മുത്തശ്ശിയാണു. വിഷ്ണുശർമ്മന്റെ പഞ്ചതന്ത്രം ലളിതവും സരസവുമായി പറഞ്ഞു തന്ന, ‘മിഠായിപ്പൊതി’യിലൂടെ കുട്ടനെ വായനയുടെ മധുരമറിയിച്ച എഴുത്തുകാരി മുത്തശ്ശി. ‘മിഠായിപ്പൊതി’യിൽ ഒരു കഥയുണ്ട്, ‘കുട്ടനും പിശാചുക്കളും’. ഒരു ആറു വയസ്സുകാരൻ കുട്ടനാണു മുഖ്യ കഥാപാത്രം. വള്ളി നിക്കറുമിട്ട് കയ്യിലൊരു ചെടിക്കമ്പുമായി പൊന്തകൾ തല്ലി കാട്ടിലും മേട്ടിലും അലഞ്ഞു നടക്കുന്ന കുട്ടൻ.
ആ കഥ നമ്മുടെ കുട്ടനെ വല്ലാതെ സ്വാധീനിച്ചു എന്നു വേണം പറയാൻ. കഥ പോലെ തന്നെ അതിനോടൊപ്പമുണ്ടായിരുന്ന ജലച്ചായ ചിത്രങ്ങളും. ആ ചിത്രങ്ങളിൽ കുട്ടൻ തന്നെ തന്നെ കണ്ടു.. എത്ര വലുതായെങ്കിലും ബാലരമ സ്ഥിരമായി വാങ്ങി വായിക്കുന്ന, പോപ്പിൻസ് ഇഷ്ടപ്പെടുന്ന, മഞ്ചാടിക്കുരു പെറുക്കുന്ന കുസൃതി കുട്ടൻ.. അവൻ ഇന്നും മനസ്സിൽ വള്ളി നിക്കറുമിട്ട്, ഒരു കയ്യിൽ എവിടുന്നോ ഒടിച്ചെടുത്ത മരച്ചില്ലയും, നിക്കറിന്റെ പോക്കറ്റു നിറയെ നിറമുള്ള ഗോലികളുമായി തൊടിയിൽ അലഞ്ഞു നടക്കുന്ന, കാണുന്ന എന്തിലും കൗതുകം തോന്നിയിരുന്ന ആറു വയസ്സുകാരനാണ്..
കുട്ടന്റെ സാഹസങ്ങൾ അനവധിയാണ്. രണ്ടു വയസ്സുള്ളപ്പോൾ കുട്ടനു വീണ്ടും കലശലായ പനി വന്നു. ആശുപത്രിയിൽ കുറച്ചു നാൾ കിടക്കേണ്ടിയും വന്നു. ദിവസവും മൂന്നു നേരമുള്ള കുത്തിവയ്‌പിന്റെ വേദന കുട്ടനും, അമ്മയും കുത്തിവയ്ക്കുന്ന നഴ്‌സും ഒരുമിച്ചാണു അനുഭവിച്ചത്…. കാരണം കുത്തിവയ്പ്പിനൊടുള്ള പ്രതിഷേധം അമ്മയെ കടിച്ചാണു കുട്ടൻ തീർത്തത്.. കരച്ചിലും ബഹളവും അധികരിച്ചപ്പോൾ അമ്മയെ രക്ഷിക്കാനായ് നല്ലവളായ ഒരു നഴ്‌സ് കുട്ടനെ എടുത്തു. നഴ്‌സിനും കിട്ടി മുളച്ച മുൻ നിര പല്ലുകൾ കൊണ്ടു നല്ല അസൽ കടി.. എങ്കിലും അതു വകവയ്ക്കാതെ നഴ്‌സ് കുട്ടനെ എടുത്തു പുറത്തേക്കു കൊണ്ടുപോയി.. പുറത്തെ കാഴ്‌ചകളൊക്കെ ഇഷ്ടപ്പെട്ട കുട്ടനും സമാധാനപ്രിയനായി.. നഴ്‌സിന്റെ നെറ്റിയിലിരുന്ന ചുവന്ന വട്ടപ്പൊട്ട് കുട്ടനു നന്നെ ബോധിച്ചു.. അവനത് പറിച്ചെടുത്തു. അങ്ങനെയെങ്കിലും കുട്ടൻ അടങ്ങിയിരിക്കട്ടെ എന്നു വിചാരിച്ച നഴ്സ് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല കുട്ടനത് വലിച്ച് മൂക്കിൽ കയറ്റുമെന്ന്.. നല്ല കാര്യം ചെയ്‌ത നഴ്‌സ് കുഴപ്പത്തിലായി.
ശ്വാസം മുട്ടാൻ തുടങ്ങിയ കുട്ടനെയും കൊണ്ടു അവർ ഡോകടറുടെ അടുത്തേക്കു പാഞ്ഞു. ഓപ്പറേഷനല്ലാതെ മറ്റു മാർഗ്ഗമില്ല എന്നു ഡോക്‌ടർ പറഞ്ഞപ്പോഴേ കുട്ടന്റെ അമ്മയുടെ ബോധം പോയി.. എങ്കിലും അദ്ദേഹം കുട്ടന്റെ പുറത്ത് അഞ്ചാറു വട്ടം ഇടിക്കുകയും അവനു വെള്ളം കൊടുക്കുകയും ചെയ്‌തപ്പോൾ ഭാഗ്യം കൊണ്ടോ എന്തോ കുട്ടന്റെ അസ്വസ്ഥത മാറി.. പൊട്ട് വയറ്റിലെത്തിക്കാണും എന്ന നിഗമനത്തിൽ ഓപ്പറേഷൻ വേണ്ട എന്നു ഡോക്ടറും തീരുമാനിച്ചു.
എന്നാൽ കുട്ടന്റെ ആശുപത്രി വാസം അങ്ങനെയൊന്നും തീരുന്നതായിരുന്നില്ല.. ഒരു വർഷത്തിനു ശേഷം, തൊട്ടിലാടേണ്ട പ്രായം കഴിഞ്ഞപ്പോൾ കുട്ടൻ തൊട്ടിൽ കമ്പേൽ കയറി ഊഞ്ഞാലാടാൻ തുടങ്ങി.. ഒരു ദിവസം സംഭവിക്കേണ്ടതു സംഭവിച്ചു. കുട്ടൻ അതിൽ നിന്നു വീണു.. തോളെല്ല് മൂന്നായി ഒടിഞ്ഞു. വീണ്ടും ഒരു മാസത്തോളം ആശുപത്രിയിൽ…. ഇത്രയും സംഭവങ്ങളിൽ നിന്നു തന്നെ വളർന്നു വലുതായ കുട്ടന്റെ സ്വഭാവത്തിന്റെ ഒരു ഏകദേശ രൂപം മനസ്സിലായിക്കാണുമല്ലോ…?
കുട്ടൻ ദൈവങ്ങളോട് പിണക്കത്തിലാണ്.. ദൈവം ഇല്ലാന്നൊന്നും അവൻ പറയില്ല, പക്ഷേ കലശലായ പിണക്കത്തിലാണ്.. പിണക്കം എന്തുകൊണ്ടാണെന്നല്ലേ..? പക്ഷേ അതു പറയുന്നതിനു മുൻപ് കുട്ടനും ദൈവങ്ങളും തമ്മിലുള്ള ഇരിപ്പുവശം എങ്ങനെയായിരുന്നു എന്നു പറയാം.. കുട്ടന്റെ അമ്മ ഭയങ്കര ഭക്തയാണു. അച്ഛൻ നിരീശ്വരവാദിയും.. വി. കെ. എൻ. -ന്റെ ‘പയ്യന്റെ’ കാര്യം പറഞ്ഞതു പോലെ ചെറു പ്രായത്തിൽ തന്നെ കുട്ടൻ പുരാണങ്ങൾ മിക്കതും വായിച്ചു തീർത്തു.. ഇനി വായിക്കണേൽ പുതിയ പുരാണങ്ങൾ എഴുതേണ്ട അവസ്ഥ. അതുകൊണ്ടു തന്നെ സകല ദേവന്മാരുടേയും ചരിത്രവും പൗരധർമവും എല്ലാം കുട്ടനറിയാം.. ചിലർ കുട്ടനേക്കാൾ തല്ലുകൊള്ളികളാണ്. ഇവരെയൊക്കെ പ്രാർത്ഥിക്കുന്നത് എങ്ങനെയാണ്..?
മറ്റൊരു പ്രധാന പ്രശ്‌നം മുപ്പത്തി മുക്കോടി ദേവന്മാരുണ്ടെന്നാണ് കണക്ക്.., അതവിടെ നിക്കട്ടെ, അതിൽ തന്നെ പ്രധാനികൾ മൂന്നു പേർ. പക്ഷെ അതിൽ ഒരാളെ മാത്രം പ്രാർത്ഥിച്ചാൽ മറ്റുള്ളവർക്കു എന്തു തോന്നും.. കുട്ടന്റെ മനസ്സിൽ തോന്നിയ നിഷ്‌കളങ്കമായ ചോദ്യം അതാണ്. മൂന്നു പേരേയും ഒരുമിച്ചു പ്രാർത്ഥിക്കുന്നത് അത്ര ശരിയായ നടപടിയായി കുട്ടനു തോന്നിയതുമില്ല. മൂന്നു വഞ്ചിയിൽ കാലു വയ്ക്കാൻ പറ്റില്ലല്ലോ..
ഇതൊന്നും പോരാത്തതിന് അടുത്ത വീട്ടിലെ ആനി പ്രാർത്ഥിക്കുന്നത് വേറൊരു ദൈവത്തെയാണ്.. ‘ഈശോ’യെന്നും ഒരു ദൈവമോ..? ആദ്യം കുട്ടനത് അതിശയമായിരുന്നു. പക്ഷെ ആനി തറപ്പിച്ചു തന്നെ പറഞ്ഞു.. ഈശോ ആണു ദൈവം. പറഞ്ഞതു സ്ഥാപിക്കാൻ അവൾ ഈശോയുടെ ഒരു ചിത്രവും കുട്ടനെ കൊണ്ടുവന്നു കാണിച്ചു. ആണിയടിച്ചു കുരിശ്ശേൽ വച്ചിരിക്കുന്ന മൃതപ്രായനായ ആ രൂപത്തെ കണ്ടപ്പോൾ കുട്ടനു സങ്കടമാണു വന്നത്. ഈ ദൈവത്തോട് തനിക്കെന്തെങ്കിലും സാധിച്ചു തരണേ എന്നു എങ്ങനെയാണു പറയാൻ കഴിയുന്നത്….?
ഈശോയുടെ കാര്യം പറഞ്ഞുകൊണ്ടിരുന്ന കുട്ടന്റെയും ആനിയുടേയും അടുത്തേയ്ക്ക് അപ്പോഴാണു തോടിനക്കരെ താമസിക്കുന്ന റഷീദ് വന്നത്. ചോദിച്ചപ്പോൾ അവന്റെ ദൈവത്തെ കാണാൻ പറ്റില്ലാത്രേ. കുട്ടനാകെ സംശയമായി.. “ഒരു പടം പോലുമില്ലേ?” അവൻ വീണ്ടും റഷീദിനൊടു ചോദിച്ചു.. “ഇല്ല, പടച്ചോനു രൂപമില്ലാന്നാ ഉമ്മച്ചി പറഞ്ഞിട്ടുള്ളത്.” അവൻ ഉറപ്പിച്ചു പറഞ്ഞു.. കൂടുതൽ ദൈവങ്ങളെ പരിചയപ്പെട്ടതോടെ കുട്ടന്റെ സംശയങ്ങളും ഇരട്ടിച്ചു.. ദൈവങ്ങൾ എന്നും കുട്ടനു പിടികൊടുക്കാതെയും നിന്നു..
അഞ്ചു വയസ്സുകാരൻ കുട്ടനും ആറു വയസ്സുകാരി ആനിയും, എട്ടു വയസ്സുള്ള റഷീദുമായിരുന്നു ഉറ്റ ചങ്ങാതിമാർ.. ആനിയും റഷിദും ഒരേ സ്‌കൂളിൽ ഒന്നാം ക്ലാസ്സിലായിരുന്നു.. അങ്ങനെ സംഭവിക്കാൻ കാരണം ഒന്നാം ക്ലാസ്സിൽ തന്നെ റഷീദ് രണ്ടു വട്ടം തോറ്റു എന്നതാണ്.. അവരിരുവരും കുന്നുംപുറത്തെ പള്ളിയോടു ചേർന്നുള്ള സ്‌കൂളിൽ പോകുമ്പോൾ കൂട്ടത്തിൽ ഇളയവനായ കുട്ടൻ വീടിനടുത്തുള്ള ബാലവാടിയിൽ അക്ഷരങ്ങൾ പഠിച്ചു. ഒഴിവു ദിനങ്ങളിൽ മൂവരും വെറുതെ ഇരുന്നതേയില്ല. ആനിയുടെ വീടിനോടു ചേർന്നുള്ള റബ്ബർ തോട്ടമായിരുന്നു അവരുടെ കളി സഥലം.
ഒരിക്കൽ ആനി സ്‌കൂളിൽ പഠിച്ച ഒരു പാട്ട് കുട്ടനു പഠിപ്പിച്ചു കൊടുത്തു… “കുഞ്ഞു മനസ്സിൻ നൊമ്പരങ്ങൾ കുപ്പിയിലാക്കാൻ വന്നവനേ, ഈശോയേ ഈശോയേ..” കുട്ടനത് നന്നെ ഇഷ്ടപ്പെട്ടു.. പക്ഷെ ഈശോ വന്നതു നൊമ്പരങ്ങൾ കുപ്പിയിലാക്കാനല്ല ഒപ്പിയെടുക്കാനായിരുന്നു എന്നു ഒരുപാടു നാളുകൾക്കു ശേഷമാണു കുട്ടനു മനസ്സിലായത്, പക്ഷെ, അവൾ പറഞ്ഞു കൊടുത്ത രീതിയിൽ തന്നെ ആ പാട്ട് ഓർക്കാനാണ് അവൻ ഇഷ്ടപ്പെട്ടത്. മറ്റൊരു പാട്ടു കൂടി കുട്ടനു പ്രിയപ്പെട്ടതായിരുന്നു.. അന്നൊരിക്കൽ റേഡിയോയിൽ കേട്ടതാണ്.. “കിഴക്കേ മലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനിപ്പെണ്ണ്..” ‘ലോറാ നീ എവിടെ’ എന്ന സിനിമയിൽ എ. എം. രാജ പാടിയ ഗാനം. ‘മലയിൽ’ എന്നു വീട്ടു പേരുള്ള ആനിയെ കാണുമ്പോഴൊക്കെ അവനാ പാട്ട് പാടി.. അവൾക്കതു കേൾക്കുന്നതേ ദേഷ്യമായിരുന്നു. അവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ കുട്ടനതു വീണ്ടും വീണ്ടും പാടി.. വലുതായപ്പോൾ പാട്ടു പാടാനുള്ള ശ്രമം പാളിയപ്പോഴാണു കുട്ടൻ തിരിച്ചറിഞ്ഞത് ഒരു പക്ഷെ ആ പാട്ടായിരിക്കില്ല മറിച്ചു തന്റെ ‘സ്വരമാധുരി’യായിരിക്കണം അവളെ ചൊടിപ്പിച്ചതെന്ന്.
ഇണക്കങ്ങളും പിണക്കങ്ങളും കളികളും ഒക്കെയായി ദിവസങ്ങൾ പെട്ടെന്നു കടന്നു പൊയ്ക്കൊണ്ടിരുന്നു. പല പേരിലുള്ള ദൈവങ്ങളോ മറ്റെന്തെങ്കിലുമോ ഒരിക്കലും അവർ മൂവരുടേയും ചങ്ങാത്തത്തെ ബാധിച്ചില്ല. ആറാം വയസ്സിൽ പുതിയൊരു നാട്ടിലേക്കു കുട്ടൻ പറിച്ചു നടപ്പെടുന്നതു വരെ. പിന്നീടൊരിക്കലും അവൻ അവരെ കണ്ടിട്ടില്ല.. അവരിരുവരും എന്നെങ്കിലും തന്നെ ഓർത്തിരുന്നോ എന്നും കുട്ടനറിയില്ല..
പടച്ചോനും ഈശോയും പിന്നെ തന്റെ മുപ്പത്തി മുക്കോടി പേരും ഒരേ നാരങ്ങയുടെ നീരു തന്നെയാണെന്നു മനസ്സിലാക്കാൻ കുട്ടൻ സമയമെടുത്തു.. അതിനോടിടയിൽ വർഷങ്ങൾ പലത് കൊഴിഞ്ഞു വീണു.. കുട്ടൻ മനസ്സുരുകി ദൈവത്തെ പ്രാർത്ഥിച്ചിട്ടുണ്ട്, പരീക്ഷിച്ചിട്ടുണ്ട്, നേരിട്ടു കണ്ടിട്ടുമുണ്ട്. ഒരു പക്ഷെ നിങ്ങൾ സമ്മതിക്കില്ലായിരിക്കും.. എല്ലാം അവന്റെ വെറും തോന്നലാണെന്നും പറഞ്ഞേക്കാം. പക്ഷെ കുട്ടന് എല്ലാത്തിനും തന്റേതായ ന്യായങ്ങളുണ്ട്.
കുട്ടന് അഞ്ചു വയസ്സുള്ളപ്പോൾ തന്നെയാണ് അവനൊരു അനിയത്തിയെ കിട്ടുന്നത്.. രണ്ടു മാസം മാത്രം പ്രായമുള്ള അവളെ കട്ടിലിൽ കിടത്തി കുട്ടനോട് കുഞ്ഞിനെ ശ്രദ്ധിച്ചോണേ എന്ന് പറഞ്ഞ് അമ്മ അടുക്കളയിൽ എന്തോ ആവശ്യത്തിനു പോയി. അവളുടെ നേരെ മുകളിലായി കെട്ടിയിരുന്ന തൊട്ടിലിൽ കയറി കുട്ടൻ അനിയത്തിക്കുട്ടിയെ നോക്കിയിരിരുന്നു. നിനച്ചിരിക്കാതെ തൊട്ടിലിന്റെ കയറഴിഞ്ഞു പോയി. കുട്ടനും തൊട്ടിലും കയറും എല്ലാം കുഞ്ഞിന്റെ മുകളിൽ വീണു. അവൾ നിർത്താതെ കരയാൻ തുടങ്ങി.. ശബ്ദം കേട്ട് കയ്യിലുണ്ടായിരുന്ന പാത്രങ്ങളൊക്കെ നിലത്തെറിഞ്ഞ് അമ്മ ഓടി വന്നു. എന്താണു സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുൻപേ കുട്ടനിട്ട് ആദ്യത്തെ അടി കിട്ടി. കുഞ്ഞിന്റെ നീലിച്ച കാലുകൾ കണ്ട് അമ്മയും കരച്ചിലായി. കുട്ടൻ വെളിയിലേക്കിറങ്ങി ഓടി. ബഹളം കേട്ടു അയൽക്കാരൊക്കെ വീട്ടിലേക്കു വന്നു തുടങ്ങി. തൊടിയും തോടുമെല്ലാം ഓടിക്കടന്ന് കുട്ടൻ റബ്ബർ തോട്ടത്തിലെ മെഷീൻ പുരയ്ക്കുള്ളിൽ ഒളിച്ചിരുന്നു. അന്നവൻ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചു. തന്റെ അനിയത്തിക്കു ആപത്തൊന്നും വരുത്തരുതേയെന്നു. രാത്രി വൈകിയാണു അവൻ വീട്ടിലേക്കു പോകാൻ തീരുമാനിച്ചത്. ദൈവങ്ങൾ തന്റെ പ്രാർത്ഥന കേട്ടു കാണും എന്ന വിശ്വാസത്തിൽ. കുട്ടനെ കാണാതെ വിഷമിച്ചിരുന്ന അമ്മ വീട്ടിലെത്തിയ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.. കുട്ടനും കരഞ്ഞു. അന്നു കുട്ടന്റെ പ്രാർത്ഥന ദൈവങ്ങൾ കേട്ടു.
കുട്ടന് പതിനൊന്നു വയസ്സായി. അവനൊരിക്കലൊരു ക്ഷേത്രത്തിൽ പോയി. മലമുകളിലുള്ള മനോഹരമായ ഒരു ക്ഷേത്രം. പ്രാർത്ഥിക്കുന്നതിനിടയിൽ ശ്രീകോവിലിന്റെ വാതിലിൽ തൂങ്ങി കിടന്നിരുന്ന ചെറിയ ഒരു മണി കുട്ടൻ ശ്രദ്ധിച്ചു. അവനതു വേണമെന്നു തോന്നി. വെറുതേ പ്രാർത്ഥിച്ചു, ദൈവമെ ഇതുപോലൊന്നു എനിക്കു കിട്ടണെ.. രണ്ടു ദിവസങ്ങൾക്കു ശേഷം സ്‌കൂൾ വിട്ടു മടങ്ങി വരുമ്പോൾ വഴിയരികിൽ കുട്ടനൊരു തിളക്കം കണ്ടു. അവനതിനടുത്തേയ്ക്ക് ചെന്നു.. അതൊരു ചെറിയ മണിയായിരുന്നു.. സ്വർണ്ണ നിറമുള്ള തിളങ്ങുന്ന ഒരു മണി.
കുട്ടന് പതിനഞ്ചു വയസ്സായി.. പത്താം ക്ലാസ്സ് അവസാനിക്കുന്ന സമയത്ത് കുട്ടനൊരു ക്രിസ്ത്യാനിപ്പെണ്ണിനോട് ഇഷ്ടം തോന്നി. പഴയ ആ പാട്ടും ആനിയെന്ന കൂട്ടുകാരിയുടെ ഓർമകളുമാവാം കാരണം. മലമുകളിലെ ദൈവത്തോട് കുട്ടൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു അവളെ തനിക്കു തന്നെ തരണെയെന്ന്, പക്ഷെ ആ തവണ ദൈവം കുട്ടനെ പറ്റിച്ചു. പത്താം ക്ലാസ്സ് കഴിഞ്ഞതിൽ പിന്നെ ഇന്നു വരെ കുട്ടനവളെ കണ്ടിട്ടില്ല.
കുട്ടന് ഇരുപത്തിരണ്ടു വയസ്സായി.. കോളേജിൽ നിന്നു പഠനയാത്രയുടെ ഭാഗമായി അവൻ മഥുരയിലെത്തി. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം മഥുരാപുരി സന്ദർശിച്ചതിന്റെ ഓർമയ്ക്കായി അവിടുന്ന് എന്തെങ്കിലും വാങ്ങണം എന്നു കുട്ടൻ കരുതി. പല കടകളിലും കയറിയിറങ്ങിയെങ്കിലും കുട്ടനിലെ ചിത്രകാരനു ഇഷ്ടപ്പെടുന്നതൊന്നും കിട്ടിയില്ല. ഒടുവിൽ ക്ഷേത്ര മതിൽക്കെട്ടിനോടു ചേർന്ന് അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത, പൂജാദ്രവ്യങ്ങൾ വിൽക്കുന്ന ഒരു കട അവൻ കണ്ടു. കടയുടെ മുന്നിൽ തൂക്കിയിട്ടിരുന്ന, കറുത്ത തുണിയിൽ സ്വർണ്ണ നിറം കൊണ്ടു വരച്ച രാധാകൃഷ്‌ണന്മാരുടെ രേഖാചിത്രവും. അതു വാങ്ങണമെന്നു തന്നെ കുട്ടൻ തീരുമാനിച്ചു. കടയിൽ ഉണ്ടായിരുന്നത് ഇരുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ ഒരു യുവാവാണ്. അറിയാവുന്ന ഹിന്ദിയിൽ ആ ചിത്രം തനിക്കു വേണമെന്ന് കുട്ടൻ പറഞ്ഞൊപ്പിച്ചു. വശ്യമായ ഒരു പുഞ്ചിരിയോടു കൂടി അയാൾ അവനത് എടുത്തു കൊടുത്തു. ചിത്രവും വാങ്ങി കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോഴാണു അതിന്റെ പണം കൊടുത്തില്ലല്ലോ എന്ന കാര്യം കുട്ടൻ ഓർത്തത്. അവൻ തിരിച്ചു നടന്ന് കടയിരുന്ന സ്ഥലത്തെത്തി. പക്ഷെ അവിടെ അങ്ങനെയൊരു കടയുണ്ടായിരുന്നില്ല. സുമുഖനായ ആ ചെറുപ്പക്കാരനും.
വർഷങ്ങൾ പിന്നെയും പലത് കഴിഞ്ഞു. കുട്ടന്റെ പഠനമൊക്കെ കഴിഞ്ഞ് അവനൊരു ബാങ്ക് ഉദ്ദ്യോഗസ്ഥനായി. ജീവിതം പ്രശാന്ത സുന്ദരവും വൈതരണികളില്ലാത്തതുമായി മുന്നേറുന്ന സമയം. അങ്ങനെയിരിക്കെ കുട്ടനൊരു ആഗ്രഹം തോന്നി താൻ ജനിച്ചു വളർന്ന് ആറു വയസ്സു വരെ ഓടി കളിച്ച നാട്ടിൽ ഒരു വട്ടം പോകണം. ആനിയേയും റഷീദിനേയുമൊക്കെ ഒരിക്കൽക്കൂടി കാണണം. അവർ തന്നെ കണ്ടിട്ടു മനസ്സിലാവാതെ നിൽക്കുന്നതും, താൻ പഴയ കുട്ടനാണെന്നു പറയുമ്പോൾ അത്ഭുതം കൂറുന്ന കണ്ണുകളോടെ തന്നെ നോക്കി നില്ക്കുന്നതുമൊക്കെ ഓർത്തപ്പോൾ കുട്ടന്റെ ചുണ്ടുകളിൽ ഒരു കുസൃതി ചിരി വിടർന്നു. ആനിയുടെ വിവാഹമൊക്കെ കഴിഞ്ഞു കുട്ടികളൊക്കെ ആയിട്ടുണ്ടാവണം. റഷീദിനും കുടുംബമൊക്കെ ആയിട്ടുണ്ടാവും. എല്ലാവരേയും കാണണം. നാട്ടിലേക്കുള്ള യാത്രയിൽ ബസ്സിലിരുന്ന് കുട്ടൻ ആലോചിച്ചു. ബസ്സ് കുന്നുംപുറത്തെത്തി. കുറച്ചകലെ ആനിയും റഷീദും പഠിച്ചിരുന്ന സ്‌കൂൾ കണ്ടു തൊട്ടടുത്തായി നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും. രണ്ടും പഴയതു പോലെ തന്നെ. കുട്ടൻ മനസ്സിൽ കരുതി.. ബസ്സ്, സ്റ്റോപ്പിൽ നിർത്തിയതും കുട്ടികൾ ഇരച്ചു കയറി.. കുട്ടൻ തന്റെ വാച്ചിൽ നോക്കി. സമയം നാലര. നിമിഷങ്ങൾക്കുള്ളിൽ അതുവരെ കാലിയായിരുന്ന ബസ്സ് നിറഞ്ഞു.. കുന്നുംപുറത്തു നിന്നു അധികദൂരമില്ല തനിക്കിറങ്ങേണ്ട സ്ഥലത്തേയ്ക്ക്. പക്ഷെ ഈ തിരക്കിനിടയിൽക്കൂടി എങ്ങനെ ഇറങ്ങുമെന്ന് സംശയിച്ച് അവനിരുന്നു. കുട്ടികളുടെ ബഹളവും അവർക്കു നേരെ കണ്ടക്‌ടറുടെ ആക്രോശവും എല്ലാം കുട്ടനെ ഓർമകളിലേക്കു മടങ്ങിപ്പോകുന്നതിൽ നിന്നു വിലക്കി.
“ചേട്ടാ ഇതൊന്നു പിടിക്കാമോ..?” കുട്ടന്റെ അടുത്തു നിന്ന ഒരു പെൺകുട്ടി അവളുടെ സ്‌കൂൾ ബാഗ് നീട്ടിക്കൊണ്ട് ചോദിച്ചു. അവൻ അവളെ ശ്രദ്ധിച്ചു.. വെളുത്ത്, ഒരൽപം തടിച്ച്, നീണ്ട മുടിയും, ചാര കണ്ണുകളുമുള്ള ഒരു സുന്ദരിക്കുട്ടി. കുട്ടന് ഓർമ്മ വന്നത് ആനിയെ തന്നെയാണ്. വലുതായപ്പോൾ അവൾ ഏതാണ്ട് ഇങ്ങനെയായിരുന്നിരിക്കണം. അവളുടെ ബാഗ് വാങ്ങി മടിയിൽ വയ്ക്കുമ്പോൾ കുട്ടൻ ആലോചിച്ചു. ബാഗ് നഷ്ടപ്പെടുമെന്ന ഭയം കൊണ്ടോ എന്തോ അവൾ കുട്ടന്റെ വശത്തു തന്നെ സീറ്റിന്റെ കമ്പിയിൽ പിടിച്ച് നിന്നു. അവളുടെ കയ്യിൽ വാടിയ ഒരു പനിനീർ പുഷ്‌പം അവൻ കണ്ടു. ഇതളുകൾ കൊഴിഞ്ഞ് ഇല്ലാതായിക്കൊണ്ടിരുന്ന ഒരു പുഷ്‌പം. അതു കണ്ടപ്പോൾ അവനെന്തോ വല്ലായ്‌മ തോന്നി. ബാഗ് പിടിക്കാൻ കാണിച്ച സന്മനസ്സുകൊണ്ടായിരിക്കണം കുട്ടൻ ഇടയ്ക്കൊന്നു നോക്കിയപ്പോൾ അവൾ ഹൃദ്യമായി അവനെ നോക്കി ചിരിച്ചു. ഒരു പെൺകുട്ടിയിൽ നിന്നു കിട്ടാവുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം നിറഞ്ഞ മനസ്സോടെയുള്ള അവളുടെ ചിരി തന്നെയാണെന്ന് കുട്ടനു തോന്നി. അവന് ഇറങ്ങാനുള്ള സ്ഥലമെത്തി. കുട്ടൻ ജനിച്ചു വളർന്ന അവന്റെ സ്വന്തം നാട്. സുന്ദരിപ്പെൺകുട്ടിക്കു ബാഗ് തിരിച്ചു നൽകി അവളെ തന്റെ സീറ്റിൽ ഇരുത്തി കുട്ടൻ തന്റെ നാട്ടിൽ ബസ്സിറങ്ങി.
എല്ലാവരേയും അത്ഭുതപ്പെടുത്താൻ വന്നിട്ട്, ഇരുപതു വർഷങ്ങൾ ആ നാടിനു വരുത്തിയ മാറ്റങ്ങൾ കണ്ട് അമ്പരന്നത് കുട്ടനാണ്. പണ്ടത്തെ ഇടവഴികളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. വഴിയുടെ രണ്ടരികിലും നിരനിരയായി കെട്ടിടങ്ങൾ മാത്രം. ഏതു വഴി പോയാൽ പണ്ടത്തെ റബ്ബർ തോട്ടവും തോടും തൊടിയുമൊക്കെ എത്തുമെന്ന് കുട്ടന് ഊഹിക്കാനേ കഴിഞ്ഞില്ല. ആകെ ഓർമ്മയുണ്ടായിരുന്നത് ആനിയുടെ വീട്ടുപേരാണ്. വഴി ചോദിക്കാനായി കുട്ടൻ അടുത്തു കണ്ട ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു. കുട്ടൻ ദൂരെ നിന്നു വരുന്നത് കണ്ടപ്പോഴെ മുന്നിൽ കിടന്നിരുന്ന ഓട്ടോക്കാരൻ ഒന്നു നിവർന്നിരുന്ന് അവനെ പ്രതീക്ഷയോടെ നോക്കി.
“സുഹ്യത്തേ, ‘മലയിൽ വീട്ടിലേക്കു ഏതു വഴിയാണു പോകേണ്ടത്..?” കുട്ടൻ ചോദിച്ചു.
“അങ്ങനൊരു വീട് എനിക്കറിയില്ലല്ലോ ചേട്ടാ.. ഞാനിവിടെ പുതിയ ആളാ..” ഒരല്‌പം അമ്പരപ്പോടെ അയാൾ പറഞ്ഞു.
“അറിയാവുന്ന ആരേലും ഉണ്ടാവുമോ..?”
“ഇക്കാ… ഈ ‘മലയിൽ വീടെവിടാ..” ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി പിറകിലേക്കു നോക്കി അയാൾ ചോദിച്ചു.
പിന്നിൽ കിടന്നിരുന്ന ഓട്ടോയിൽ നിന്ന് അൽപം ഇരുണ്ട നിറവും, കുറ്റി മീശയും, ചുരുണ്ട മുടിയുമുള്ള ഒരു യുവാവ് ഇറങ്ങി വന്നു. കുട്ടനെ കണ്ട മാത്രയിൽ തന്നെ അയാളിലുണ്ടായ അമ്പരപ്പ് മുഖത്ത് പ്രകടമായിരുന്നു. എന്നാൽ അതു ശ്രദ്ധിക്കാതെ കുട്ടൻ വീണ്ടും ചോദിക്കാനാഞ്ഞു. “ഈ ‘മലയിൽ വീട് ?”
“കുട്ടാ, അനക്കെന്നെ മനസ്സിലായോ?” കുട്ടൻ വീണ്ടും അത്ഭുതപ്പെട്ടു. അവന്റെ കളിക്കൂട്ടുകാരൻ റഷീദ്. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു. അവർ പരസ്‌പരം പുണർന്നു. അന്നത്തെ ഓട്ടം റഷീദ് വേണ്ടന്നു വെച്ചു. കുട്ടനെയും കൊണ്ടവൻ തന്റെ വീട്ടിലേയ്ക്കു തിരിച്ചു. നൂറു കൂട്ടം വിശേഷങ്ങളുണ്ടായിരുന്നു രണ്ടു പേർക്കും പറയാൻ. ഇരുപതു വർഷത്തെ ജീവിതം.
“ഇവിടമൊക്കെ വല്ലാതെ മാറിപ്പോയല്ലേ? എനിക്കു ആനീടെ വീട്ടുപേരു മാത്രേ ഓർമ്മയുണ്ടായിരുന്നുള്ളു..” യാത്രയ്ക്കിടയിൽ കുട്ടൻ പറഞ്ഞു.
“അതെയതെ. ഒരുപാട് പീടികകൾ ആയിരിക്കണ്. പണ്ടത്തെ തോട്ടമൊന്നും ഇപ്പോ ഇല്ല. എല്ലാം വെട്ടി കൈതയും തൈമരങ്ങളും വച്ചിരിക്കണ്.” ഓട്ടോ ഓടിക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ റഷീദ് പറഞ്ഞു.
“ആനിയെ കാണാറുണ്ടോ റഷീദേ.? അവൾടെ കല്ല്യാണമൊക്കെ കഴിഞ്ഞോ.?”
“‘മലയിൽ’ കാര് സ്ഥലമൊക്കെ വിറ്റു പോയിട്ടു എമ്പിടി ബർഷങ്ങളായിരിക്കണ് കുട്ടാ”
“നിങ്ങളെ രണ്ടാളേയും കാണണമെന്നു കരുതിയാണു ഞാൻ വന്നതു തന്നെ. നിനക്കറിയാമോ അവരെങ്ങോട്ടാ പോയതെന്ന്?”
“അങ്ങനെയെങ്കിൽ നമുക്കൊരുമിച്ചു പോകാം, നാളെ.” കുട്ടൻ പ്രതീക്ഷയോടെ പറഞ്ഞു. ”
ഓരെബിടാന്നു നക്കു അറീല്ലെടാ. ഒരു പക്കെ കണ്ടു പിടിച്ചാലും ഓളെ മ്മക്ക് കാണാൻ കഴിയൂല്ല.”
“അതെന്താ, അവൾക്കെന്തു പറ്റി?” കുട്ടന്റെ മനസ്സിൽ ഒരു മിന്നലുണ്ടായി. റഷീദ് ഓട്ടോ വഴിയരികിൽ ഒതുക്കി നിർത്തിയിട്ട് ഡ്രൈവർ സീറ്റിൽ തിരിഞ്ഞിരുന്നു.
“ഇയ്യ് ആദ്യം ഓൾടെ ബീടു ചോദിച്ചപ്പൊ തന്നെ മ്മക്ക് പുടികിട്ടി അനക്കൊന്നും അറിയൂലാന്ന്. പതുക്കനെ പറയാന്ന്ച്ചിട്ട് ഇരിക്യാർന്ന്. പതിനൊന്നു കൊല്ലങ്ങൾക്ക് മുൻപായിട്ട് ഓള് മയ്യത്തായിപ്പോയെടാ.”
എങ്ങനെ എന്നു ചോദിക്കാൻ കുട്ടനായില്ല. ചുറ്റിലും ഇരുട്ടു പരക്കുന്നതു പോലെ അവനു തോന്നി. റഷീദ് തുടർന്നു.
“പക്കെ ഇയ്യ് കേട്ടിട്ട്ണ്ടാവും. അതുറപ്പാണ്. മ്മടെ പത്രങ്ങളിലൊക്കെ ബല്ല്യ ബാർത്തയാര്ന്ന്. ഒരുപാടു ബാർത്തകളിൽ ഒന്ന്. സ്ഥലപ്പേരിൽ അറിയപ്പെട്ട മറ്റൊരു പെങ്കുട്ടിയായ് മ്മടെ ആനിയും. ഒമ്പതാം തരത്തിലു പഠിക്കുമ്പോളാര്ന്ന്. അന്നു ബൈകിട്ടു ട്യൂഷനും കഴിഞ്ഞ് മ്മടെ കൂടാണു ഓളു പോന്നത്. തോടിന്റെ ഓരത്ത് ബച്ച് മ്മളോട് ‘നാളെക്കാണാ’മെന്ന് പറഞ്ഞിട്ടാ ബീട്ടിലേക്കു പോയത്. പിന്നെ…പിന്നെ ആരും ഓളെ കണ്ടില്ല. മൂന്നാം പക്കം ചാലിപ്പൊഴേടെ തീരത്താ മയ്യത്ത് കണ്ടത്”
പറഞ്ഞു നിർത്തുമ്പോൾ റഷീദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കുട്ടൻ മുഖം പൊത്തിയിരുന്ന് തേങ്ങി. പതിനൊന്നു വർഷങ്ങൾക്കു മുൻപത്തെ ആ വാർത്ത അവനറിയാമായിരുന്നു. ‘ഉപദ്രവിക്കപ്പെട്ടത് തന്റെയാരുമല്ലല്ലോ’ എന്ന ചിന്തയിലും വാർത്തയിലെ പെൺകുട്ടിയോടു തോന്നിയ മനുഷ്യത്തപരമായ സഹതാപത്തിലും മറ്റനവധി വാർത്തകളെപ്പോലെ അതും ഓർമയായി. എന്നാൽ സ്‌കൂൾ വിട്ടു വന്ന വഴിക്കു നാലു പേർ ചേർന്ന് ഉപദ്രവിച്ച പെൺകുട്ടി തന്റെ കൂട്ടുകാരി ആനിയായിരുന്നു എന്ന് അവനു വിശ്വസിക്കാനേ കഴിഞ്ഞില്ല. കുട്ടന്റെ മനസ്സ് അവളെ ഓർത്ത് വിങ്ങിപ്പൊട്ടുകയായിരുന്നു.
“ഓളെ അടക്കീരിക്കണത് മ്മടെ കുന്നും പൊറത്തെ പള്ളീലാണ്. അനക്കു കാണണൊ കല്ലറ..?” റഷീദ് മുറിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. കുട്ടനൊന്നും പറയാൻ കഴിഞ്ഞില്ല.. റഷിദ് വണ്ടി തിരിച്ചു.
ആനി എം. ജോസഫ്: ജനനം 12-2-1987, മരണം: 23-11-2001
സ്വർണ്ണ നിറം പാടെ മങ്ങിത്തുടങ്ങിയ എഴുത്തുകൾ ആനിയുടെ കല്ലറയിൽ നിന്ന് കുട്ടൻ വായിച്ചെടുത്തു. വെറും പതിനാലു വയസ്സുവരെ മാത്രം ജീവിച്ച പെൺകുട്ടി. കുട്ടനു സങ്കടവും ആരോടെന്നില്ലാതെ ദേഷ്യവും തോന്നി. നാലു പേരുടെ ക്രൂരത ഇല്ലാതാക്കിയത് ഒരു കുരുന്നു ജീവനാണ്. ഒരു കുടുബത്തിന്റെ മുഴുവൻ പ്രതീക്ഷയും, കൂട്ടുകാരുടെ പ്രിയപ്പെട്ടവളുമാണ് ജീവിതം എന്തെന്നറിയുന്നതിനു മുൻപെ പൊലിഞ്ഞു പോയത്. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു, പക്ഷെ പെൺകുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ കൂടിയതല്ലാതെ കുറഞ്ഞില്ല. നഷ്ടപ്പെട്ടത് അവളെ സ്നേഹിച്ചവർക്കു മാത്രമാണ്. അവർക്കു വിധിച്ചത് തീരാത്ത വേദന നിറഞ്ഞ ശിഷ്ട ജീവിതവും.
അന്ന് കുട്ടൻ ദൈവങ്ങളുമായി പിണങ്ങി. നിഷ്‌കളങ്കരും, നിസ്സഹായരും, നിരാലംബരുമായവർക്കു ക്രൂരമായ മരണം വിധിക്കുന്ന ദൈവങ്ങളോട് കുട്ടന് എന്തെന്നില്ലാത്ത അമർഷം തോന്നി. പതിനാലുകാരിയായ ഒരു കുഞ്ഞിന്റെ ജീവിതം നിഷേധിച്ചിട്ട്, “സംഭവിച്ചതെല്ലാം നല്ലതിന്”, “ഭയപ്പെടെണ്ട ഞാൻ നിന്നോടു കൂടെയുണ്ട്” എന്നൊക്കെ പറഞ്ഞ ദൈവങ്ങളോട് കുട്ടനു സഹതാപമാണു തോന്നിയത്. അവനറിയാം അതൊന്നും ദൈവങ്ങൾ പറഞ്ഞതല്ല. മനുഷ്യന്റെ വാക്കുകളാണ്. അങ്ങനെയെങ്കിൽ ദൈവങ്ങൾ ഉണ്ടാവേണ്ടത് ആകാശത്ത് അത്യുന്നതങ്ങളിൽ അല്ല. മനുഷ്യന്റെ മനസ്സിൽ തന്നെയാണ്. മനുഷ്യനെ സഹായിക്കേണ്ടത് മനുഷ്യൻ തന്നെയാണ് ദൈവങ്ങളല്ല എന്ന് കുട്ടൻ അന്ന് മനസ്സിലാക്കി.
വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു വടക്കു നിന്ന് തണുത്ത കാറ്റു വീശി.. ആനിയുടെ കല്ലറയിൽ കിടന്നിരുന്ന വാടിയ പനിനീർ പൂക്കൾ റഷീദ് വാരിയെടുക്കുന്നതും നോക്കി കുട്ടൻ നിന്നു.
“എന്റെ പ്രിയപ്പെട്ട കൂട്ടുകാരി. നിനക്കു തരാൻ എന്റെ കയ്യിൽ ഒന്നുമില്ലല്ലോ. എവിടെയെങ്കിലുമിരുന്നു നീയെന്നെ കാണുന്നുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും പറയട്ടെ, നീയെന്നും എനിക്കു പ്രിയപ്പെട്ടവളായിരുന്നു. ദൈവങ്ങൾ അനുവദിക്കുമെങ്കിൽ ഒരിക്കലെങ്കിലും നീയെന്റെ മുന്നിലൊന്നു വരണം. വെറുതെ ഒന്നു കാണാൻ.” ഉതിർന്നു വീണ രണ്ടു കണ്ണുനീർത്തുള്ളികൾ തുടച്ചുകൊണ്ട് റഷീദിനൊപ്പം പള്ളിമുറ്റത്തേക്കു കുട്ടൻ തിരിച്ചു നടന്നു.
കുട്ടനു മനസ്സിലായില്ല പക്ഷെ നിങ്ങൾ ശ്രദ്ധിച്ചോ..? കുട്ടൻ ആഗ്രഹിക്കുന്നതിനു മുൻപു തന്നെ കുട്ടന്റെ ആഗ്രഹം ദൈവങ്ങൾ സാധിച്ചു കൊടുത്തിരുന്നു. ആനി അവനെ കാണാൻ വന്നിരുന്നു. അവളുടെ കയ്യിൽ വാടിയ ഒരു പനിനീർ പുഷ്പം ഉണ്ടായിരുന്നു.
ആനന്ദ് വിഷ്ണു പ്രകാശ്


2 Comments
❤️
ഹൃദയത്തിൽ തടഞ്ഞ ബാല്യകാല ഓർമ്മകൾ ! പിന്നെ വേദനിപ്പിക്കുന്ന തിരിച്ചറിവുകളും. കുട്ടൻ ദൈവങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കട്ടെ | നല്ലെഴുത്ത്.👌👏❤️