അയാൾ തന്റെ വെള്ളിനൂലുകൾപോലെ നീളൻ രോമങ്ങളുള്ള പൂച്ചക്കുട്ടിയെ എടുത്ത് മടിയിൽ വെച്ചു താലോലിക്കുകയാണ്, 12 വർഷമായിട്ട് തന്റെ സന്തത സഹചാരി. അതിന് മുൻപുവരെ ജീവനുള്ള ഒന്നിനേയും അയാൾക്ക് ഇഷ്ടമല്ലായിരുന്നു, ഇപ്പോൾ ഈ പൂച്ചയെ മാത്രം അയാൾക്ക് ഇഷ്ടപ്പെടാതിരിക്കാനാവുന്നില്ല. അയാൾ ആകെ താലോലിക്കാറുള്ളത് ആ പൂച്ചയേയും ഒരു നീലമുത്തുമാലയുമാണ്.
ആ മുത്തുമാല കാണുമ്പോൾ തന്നെ അയാളുടെ ഹൃദയമിടിപ്പ് കൂടി കൂടി അയാളുടെ എല്ലാ പിരിമുറുക്കങ്ങളും പതിയെ പതിയെ അലിഞ്ഞലിഞ്ഞു പോയി അയാൾ തന്നെ ഒരു പൂച്ചക്കുട്ടിയെപ്പോലെ ശാന്തമാകും, അപ്പൂപ്പൻതാടിപോലെ പറന്നുനടക്കും. അയാൾ ആ മുത്തുമാലയെടുത്ത് രണ്ടുമടക്കായി പൂച്ചക്കുട്ടിയുടെ കഴുത്തിൽ ഇട്ട് അതിനൊരു മുത്തവും കൊടുത്തു. ജീവനുള്ള മറ്റെന്തിനെ കണ്ടാലും അയാൾ അടിച്ചോടിക്കും, കല്ലെടുത്തെറിയും. മനുഷ്യരാണെങ്കിലും ആരോടും ഒരു താല്പര്യവുമില്ല, എല്ലാവരോടും പരുക്കൻ പ്രകൃതം മാത്രം. പേരക്കായോ, മാങ്ങായോ പറിക്കാൻ ഏതെങ്കിലും പിള്ളേർ അയാളുടെ പറമ്പിൽ കയറിയാൽ കല്ലെടുത്തെറിയും, തെറിവിളിക്കും, ചിലപ്പോൾ തുണിപൊക്കിക്കാണിക്കും.
കുടിൽപോലെ കെട്ടിയുണ്ടാക്കിയ വീട്ടിൽ തനിയെ താമസിക്കുന്ന 70 ന് മുകളിൽ പ്രായമുള്ള മാത്തൻ കുഞ്ഞിപ്പാലുവിനെ ആ നാട്ടിൽ ആരും ആ പേരിൽ അറിയുകയേ ഇല്ല. ദി മൈസർ എന്ന അറുപിശുക്കന്റെ കഥ പഠിപ്പിക്കുമ്പോൾ നാരായണൻ സാറിനോട് കുട്ടികൾ പറയും, നമ്മുടെ വാട്ടക്കഞ്ഞിയെ പോലെ ഒരു മുതുപിശുക്കൻ. അരിയല്ലാതെ എന്തെങ്കിലും അയാൾ അപൂർവ്വമായാണ് വാങ്ങുത്. അയാൾ കഞ്ഞി പോലും പാതി വേവുമ്പോഴേ അതെടുത്ത് കഴിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കഞ്ഞി പോലും ദഹിക്കുന്നത് സാവധാനമാക്കിയുള്ള അയാളുടെ അറുപിശുക്ക് കാരണമാണ് വാട്ടക്കഞ്ഞി എന്ന പേര് വീണത്. ആ പേരിലെ അയാളെ ആ നാട്ടുകാർ അറിയൂ. ഒരു പഴഞ്ചൻ തോർത്ത് മാത്രമാണ് പറമ്പിലും വീട്ടിലും അയാളുടെ സാധാരണ വേഷം. കൈലിയും ഷർട്ടും പുറത്തേക്ക് പോകുമ്പോൾ മാത്രം. വെള്ളമുണ്ടുടുത്ത് അയാളെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നുപോലും അറിയില്ല. മുതുതണുപ്പത്തും താഴത്തെ ആറ്റിൽ പോയി തണുത്ത വെള്ളത്തിൽ നീന്തിക്കുളിക്കും. അപ്പോൾ അയാൾ സ്വയം ആസ്വദിച്ചാനന്ദിക്കുന്നതായി തോന്നും, എങ്കിലും കരയിലേക്കെത്തുന്നതോടെ അയാൾ വീണ്ടും എല്ലാവരോടും എന്തിനെന്നറിയാത്ത വെറുപ്പും ദേഷ്യവും മാത്രമുള്ള വാട്ടക്കഞ്ഞിയാകും
മാത്തൻ കുഞ്ഞിപ്പാലുവിന് അറിയില്ല താൻ എങ്ങനെ ഇങ്ങനെ ആയിപ്പോയെന്ന്. ആരോടും ഇടപഴകാൻ കഴിയുന്നില്ല. മക്കളെയും ഭാര്യയേയും വിട്ട് ഈ ഓണംകേറാമൂലയിൽ വന്ന് താമസമായിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഭാര്യയോ മക്കളോ മാത്തൻ കുഞ്ഞിപ്പാലുവിനെ അന്വേഷിച്ചു വരികയോ, മാത്തൻ കുഞ്ഞിപ്പാലു അവരെ അന്വേഷിച്ചുപോവുകയോ ചെയ്തിട്ടില്ല. അവർക്ക് അയാൾ എവിടെയാണെന്ന് അറിയുകയേ വേണ്ട.
സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അയാളോടൊത്തുള്ള ജീവിതം. യാതോരു ദുഃശീലങ്ങളുമില്ലാത്ത, ആരോഗ്യദൃഢഗാത്രനായ കഠിനാദ്ധ്വാനിയാണെന്ന് കരുതിയാണ് മറിയാമ്മയെ മാത്തൻ കുഞ്ഞിപ്പാലുവിനെകൊണ്ട് കെട്ടിച്ച് വലിയ വീടും പറമ്പുമുള്ള ആ വീട്ടിലേക്ക് ദത്ത് നിൽക്കാനായി കൊണ്ടുവന്നത്. പക്ഷേ മാത്തൻ കുഞ്ഞിപ്പാലുവിന് കൊടിയ ദാരിദ്ര്യവും പട്ടിണിയും മാത്രമായി ജീവിച്ച അവന്റെ ഭൂതകാലത്തിൽ നിന്നും പുറത്ത് കടക്കാനേ ആവുന്നില്ല. ഒരു സമ്പന്നനെപ്പോലെ നടക്കുവാനോ, ഉടുത്തത്തൊരുങ്ങാനോ, എന്തിന് ഭക്ഷണം പോലും കഴിക്കുവാനോ അയാൾ കൂട്ടാക്കിയില്ല. മറിയാമ്മയേയും മക്കളേയും ദരിദ്രനാരായണന്മാരെ പോലേ ജീവിക്കാനേ അനുവദിക്കൂ. മക്കൾ മുതിർന്നതോടെ അസ്വാരസ്യങ്ങളും കൂടിക്കൂടി വന്നു. മറിയാമ്മയും മക്കളും അയാളെ എന്നും പ്രാകും, അവർ പതിയെ പതിയെ അയാളെ കാര്യമാക്കാതെ പണമിടപാടുകൾ നേരിട്ട് നടത്തുവാൻ തുടങ്ങി. അയാൾ ഒരു പുഴുവായി രൂപാന്തരപ്പെടുകയാണെന്ന് അയാൾക്ക് തോന്നിത്തുടങ്ങി. അയാൾക്ക് പട്ടിയുടെ വിലപോലുമില്ലെന്നായതോടെ അവിടെ നിന്നിറങ്ങിയതാണ്. പിന്നെ അവർക്ക് അയാളേയോ അയാൾക്ക് അവരെയോ തേടിപ്പോകാൻ തോന്നിയിട്ടില്ല.
വാട്ടക്കഞ്ഞിയുടെ അതിരിനോട് ചേർന്നാണ് സൗദാമ്മയുടെ വീട്. സൗദാമ്മയുടെ പട്ടിയും, കോഴിയും, ആടുമൊക്ക ചിലപ്പോൾ വേലിക്കിപ്പുറം ചാടും. അപ്പോൾ വാട്ടക്കഞ്ഞി ചീറ്റപ്പുലിയെപ്പോലെ ചാടും, തേവിടിശ്ശിയെന്ന് വിളിച്ചു തെറി പറയും. സൗദാമ്മ വാട്ടക്കഞ്ഞിയോട് ഒന്നും മിണ്ടാതെ തന്റെ ജീവികളെ ചീത്തവിളിക്കും, ചൂലെടുത്തെറിയും. സൗദാമ്മ തേവിടിശ്ശിയായത് അനിയത്തിക്കും ആങ്ങളക്കും വേണ്ടിയാണ്. എന്നോ ഉപേക്ഷിച്ചുപോയ അപ്പനു ശേഷം അമ്മയുടെ മരണം സൗദാമിനിയെ ഒരു തന്റേടിയാക്കി, കാരണം അവരെ സഹായിക്കാൻ ആർക്കും വലിയ താൽപ്പര്യം ഇല്ലായിരുന്നു. പക്ഷേ അവൾക്ക് അധികകാലം അങ്ങനെ പിടിച്ചുനിൽക്കാനായില്ല. അവളെ സഹായിക്കാനെന്ന വ്യാജേനയും സ്നേഹം നടിച്ചും അടുത്തുകൂടിയവർമൂലം അവൾപോലുമറിയാതെ അവൾ പതിയെ പതിയെ ഒരു സത്രമായി മാറി. തന്റെ ദുര്യോഗത്തിൽ അവൾ ആരെയും പഴിച്ചില്ല, അനിയത്തിയേയും ആങ്ങളയെയും സുരക്ഷിതരാക്കി, ദൂരെയയച്ചു പഠിപ്പിച്ചു. കുടുംബവും കുട്ടികളുമായി ഒരാൾ ഇന്ന് റയിൽവേയിലും ഒരാൾ വിദേശത്തുമാണ്. അവരാരും സൗദാമ്മയെ അന്വേഷിച്ചു വരാറില്ല. കാരണം അവളുടെ ഭൂതകാലം അവർക്ക് വലിയ അപമാനമാണ്. അവൾക്ക് ഇന്ന് കൂട്ട് ആടും, കോഴിയും, പട്ടിയുമൊക്കെയാണ്. പിന്നെ രോഗദുരിതങ്ങളും. വേണ്ടപ്പെട്ടവരോ, വേണ്ടപ്പെട്ടവരെന്നു നടിച്ചവരോ, കൂട്ടന്വേഷിച്ചു വന്നവരോ ഇപ്പോൾ ആ വഴി വരാറില്ല.
12 വർഷം മുൻപാണ് ഒരു ദിവസം സൗദാമ്മയുടെ സുഷുമ കുറ്റിയും പറിച്ചുകൊണ്ട്പോയി വാട്ടക്കഞ്ഞിയുടെ വേലിപൊളിച്ചു. സുഷുമ സൗദാമ്മയുടെ വിദേശത്തുള്ള അനിയത്തിയും, വെളുത്തുതുടുത്ത പെണ്ണാടുമാണ്. സൗദാമ്മയും വേലി കടന്ന് സുഷമയെ പിടിക്കാനായി ഓടുമ്പോൾ വാട്ടക്കഞ്ഞി ചാടിവീണു. ഒരു വലിയ കല്ലെടുത്ത് കയറുടക്കി താഴെവീണ സുഷമയുടെ മുതുകിന് തന്നെ ഇട്ടു. ആടിന് എഴുന്നേൽക്കാനാവാതെ തേങ്ങാൻ തുടങ്ങി. അതൊന്നും നോക്കാതെ വാട്ടക്കഞ്ഞി തേവിടിശ്ശിയെന്ന് വിളിച്ചുകൊണ്ട് തെറി തുടങ്ങി. സൗദാമ്മക്ക് അടക്കാനാവാത്ത ദേഷ്യവും സങ്കടവും വന്നു. വാട്ടക്കഞ്ഞിയെ തെറി വിളിച്ചു. തേവിടിശ്ശിയെന്ന് വീണ്ടും വിളിച്ചപ്പോൾ താനും വാടോ പരട്ടക്കിളവാ, വാട്ടക്കഞ്ഞിയെന്ന് പറഞ്ഞുകൊണ്ട് വാട്ടക്കഞ്ഞിയെ കുറേ പ്രാകി. പിന്നെ സൗദാമ്മ സുഷുമയെയും പിടിച്ചെഴുന്നേല്പിച്ചുകൊണ്ട് തന്റെ പറമ്പിലേക്ക് പോയി.
സൗദാമ്മ അന്ന് വൈകിട്ട് ചാറ്റമഴയും നോക്കി തിണ്ണയിൽ പലതും ആലോചിച്ചിരിക്കുമ്പോൾ ആരോ നടന്നുവരുന്നു. കൈലിയും ഷർട്ടുമിട്ട് വാട്ടക്കഞ്ഞിയാണ് മുന്നിൽ വന്നു നിൽക്കുന്നത്, അയാളുടെ മുഖം വെളുത്ത് വിളറിയിരിക്കുന്നു. ആടിനെന്തെങ്കിലും പറ്റിയോ എന്നറിയാൻ ആട്ടിൻകൂട്ടിലേക്ക് അയാൾ എത്തിനോക്കി. സൗദാമ്മക്ക് അയാളെ അങ്ങനെ കണ്ടിട്ട് ആകെ വെപ്രാളം തോന്നി. പെട്ടെന്ന് അയാൾ പോക്കറ്റിൽ നിന്നും കുറച്ചു നോട്ടുകൾ എടുത്ത്കൊണ്ട് പതിയെ തിണ്ണയിലേക്ക് മടിച്ചുമടിച്ചു കയറി. അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു, സൗദാമ്മയെ നേരേ നോക്കാൻ ഭയപ്പെടുന്നതുപോലെ. സൗദാമ്മക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല, എങ്കിലും അവൾ പതിയെ അകത്തേക്ക് കടന്നു, പുറകെ വാട്ടക്കഞ്ഞിയും. സൗദാമ്മയുടെ അടുത്ത് മേൽക്കൂരയിലേക്കും നോക്കി അയാൾ മണിക്കൂറുകളോളം ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു. അയാളുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ ജലകണങ്ങൾ അവൾക്ക് കാണാമായിരുന്നു. പിന്നെയയാൾ പതിയെ തിരിഞ്ഞു ഒരു പൂച്ചയെപ്പോലെ മണിക്കൂറുകളോളം സൗദാമ്മയുടെ അരികിൽ ചുരുണ്ടുകൂടിക്കിടന്നു. വാട്ടക്കഞ്ഞിക്ക് തന്റെ ചങ്കിലെ ഭാരമെല്ലാം ഉരുകിയൊലിച്ചതുപോലെ തോന്നി, അപ്പോൾ താനൊരു അപ്പൂപ്പൻതാടിപോലെ പറന്നുപറന്നു പോകുന്നത് അയാൾക്ക് കാണാമായിരുന്നു. സൗദാമ്മക്ക് ഇതൊക്കെ സത്യമോ സ്വപ്നമോ എന്നുപോലും മനസ്സിലാവുന്നില്ല.
എപ്പോഴോ വാട്ടക്കഞ്ഞി സൗദാമ്മയുടെ അടുത്തുനിന്നും എഴുന്നേറ്റ് പോയി. സൗദാമ്മ കഴുത്തിൽ ചേർന്നുകിടന്നിരുന്ന നീലമുത്തുമാല കാണാതായത് എല്ലായിടത്തും തപ്പിയെങ്കിലും എവിടെപ്പോയെന്ന് കണ്ടില്ല. സൗദാമ്മയെ സംബന്ധിച്ചിടത്തോളം അയാൾ പിന്നീടൊരിക്കലും അവളെ വിട്ടുപോയില്ല, കാരണം അങ്ങനെ ഒരു അനുഭവം അവൾക്കാദ്യമായിരുന്നു. പക്ഷേ വാട്ടക്കഞ്ഞി പിറ്റേന്ന് മുതൽ പഴയത് പോലെ തന്നെ കോഴിയേയും, പട്ടിയേയും കല്ലെറിഞ്ഞു. പക്ഷേ, അയാൾ പിന്നീടെപ്പോഴോ വന്നുകയറിയ ഒരു പൂച്ചക്കുട്ടിയെ ആട്ടിയോടിച്ചില്ല. ആദ്യമായൊരു ജീവിയെ സ്നേഹത്തോടെ കൂടെക്കൂട്ടി. വൈകിട്ട് ആറ്റിൽ നീന്തിക്കുളിച്ചു. നീന്തലറിയാത്ത സൗദാമ്മ ആസ്വദിച്ചു നീന്തുന്ന അയാളെ അലക്കുകല്ലിൽ നിന്ന് പലപ്പോഴും അയാൾ കാണാതെ നോക്കിനില്കും. അവർ തമ്മിൽ എപ്പോഴെങ്കിലും മുഖാമുഖം കണ്ടാൽ രണ്ടുപേരും മുഖം തിരിച്ചുനടക്കും. സൗദാമ്മക്ക് ആറ്റിൽ അക്കരെ ഇക്കരെ നീന്തണമെന്നത് വലിയൊരാഗ്രഹമാണ്, പക്ഷേ ആരും അവളെ നീന്താൻ പഠിപ്പിച്ചില്ല. അവൾക്ക് ആഴങ്ങളിലേക്കിറങ്ങാൻ ഭയവുമായിരുന്നു.
കാലങ്ങൾ കടന്നുപോയി, സൗദാമ്മ രാവിലെ എഴുന്നേൽക്കാൻ മടിച്ചുകൊണ്ട് ചുമച്ചു ചുമച്ചു കട്ടിലിൽ കിടക്കുകയാണ്. അയാളെ വേലിക്കപ്പുറം കണ്ടിട്ട് രണ്ടു ദിവസമായി. വാട്ടക്കഞ്ഞി എന്തെങ്കിലും പണിയുമായി നടക്കുമ്പോൾ ആയിരിക്കും പട്ടിയോ കോഴിയോ വേലിക്കപ്പുറത്തേക്ക് കടക്കുന്നത്. അയാൾ പട്ടിയോടും കോഴിയോടും തെറിത്തുടങ്ങും, കല്ലെടുത്ത് എറിയുകയും ചെയ്യും. പക്ഷേ ഇപ്പോൾ സൗദാമ്മയോട് തെറിയില്ല, തേവിടിശ്ശിയെന്ന് വിളിക്കാറുമില്ല. സത്യത്തിൽ അയാൾ അന്ന് വന്നുപോയതിൽ പിന്നെ സൗദാമ്മ ജീവിക്കുന്നത് പഴയ തൊഴിൽ കൊണ്ടല്ല. അവൾക്ക് അന്നുകിട്ടിയ ആ അനുഭവം ഇനിയാർക്കും നൽകുവാൻ കഴിയില്ലെന്നും അവൾക്കറിയാം.
കാലിനോട് ചേർന്ന് എന്തോ മൃദുവായി മുട്ടിയുരുമ്മത് ശ്രദ്ദിച്ചപ്പോഴാണ് സൗദാമ്മ പതിയെ എഴുന്നേറ്റത്. സൗദാമ്മയുടെ കാൽക്കൽ വാട്ടക്കഞ്ഞിയുടെ നീണ്ടുവളർന്ന വെള്ളിരോമങ്ങളുള്ള പൂച്ച. വല്ലപ്പോഴും അത് സൗദാമ്മയെ അന്വേഷിച്ചുവരാറുണ്ട്. സൗദാമ്മ അതിന് എന്തെങ്കിലുമൊക്കെ തിന്നാനും കൊടുക്കാറുണ്ട്. സൗദാമ്മ പൂച്ചയെ പതിയെ തലോടി, പെട്ടെന്നാണ് പൂച്ചയുടെ കഴുത്തിൽ എന്തോ സൗദാമ്മയുടെ കയ്യിൽ തടഞ്ഞത്. നോക്കിയപ്പോൾ സൗദാമ്മ നടുങ്ങിപ്പോയി, വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട നീലമുത്തുമാല! സൗദാമ്മയുടെ നെഞ്ചിടിപ്പ് നിയത്രണാധീതമായി. അവൾ പൂച്ചയെ എടുത്ത് മടിയിൽ ഇരുത്തി മാല ഊരിയെടുത്തു. പിന്നെ പുറത്തിറങ്ങി വട്ടക്കഞ്ഞിയുടെ കൂരയിലേക്ക് വേലികടന്ന് മുകളിലേക്ക് നടന്നു. അയാളുടെ കൂരയിലേക്ക് എത്തിയപ്പോഴേക്കും അവളെ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.അയാളുടെ കൂരയുടെ തൂണിൽപ്പിടിച്ചുകൊണ്ട് അവൾ തന്റെ കിതപ്പടക്കി. അയാൾ അവൾ വന്നതറിഞ്ഞില്ലെന്ന് കണ്ട അവൾ മുളയുടെ തൈതൽ കൊണ്ട് മറച്ചിരിക്കുന്ന കൂരക്ക് അകത്തേക്ക് കയറി. അയാൾ മുളകൊണ്ട് തന്നെയുണ്ടാക്കിയ ഒരു കട്ടിലിൽ ശാന്തമായി ഉറങ്ങുകയാണ്.
അയാളുടെ ശ്വാസോച്ഛാസത്തിന്റെ ശബ്ദം പോലും കേൾക്കാനാവാത്തത്ര നിശബ്ദം ആ കൊച്ചുകുടിൽ. അവൾ അയാളുടെ അരികിൽ പോയിരുന്നു കൈകളിൽ പതിയെ തൊട്ടു. അയാളുടെ കൈകൾ മഞ്ഞുകട്ടപോലെ തണുത്തുറഞ്ഞിരുന്നു. അവൾ പതിയെ നീളമുത്തുമാലയെടുത്ത് അയാളുടെ ചങ്കിലേക്ക് വച്ചു. പിന്നെ അയാളുടെ അരികിലേക്ക് കയറി ഒരു പൂച്ചക്കുട്ടിയെപ്പോലെ ചുരുണ്ടുകൂടിക്കിടന്നു. കാലങ്ങളും ദേശങ്ങളും ആളുകളും സൗദാമ്മയെ കടന്നുപോയി. എപ്പോഴോ അവൾ അയാളുടെ അരികിൽ നിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങി. താഴെ പുഴയിലേക്ക് നടന്നു, വെള്ളത്തിലേക്കിറങ്ങി, പതിയെ ആഴങ്ങളിലേക്ക് മുങ്ങിത്താണു, അപ്പോൾ വെള്ളത്തിനടിയിൽനിന്നും വാട്ടക്കഞ്ഞി അവളെ തോളിലേറ്റി കൂടുതൽ ആഴങ്ങളിലേക്ക് അവളെ ആനയിച്ചു. അപ്പോൾ അവൾ ഒരു മത്സ്യത്തെപ്പോലെ നീന്തിത്തുടിച്ചുകൊണ്ട് ആഴങ്ങളുടെ അടിത്തട്ടുവരെ മുങ്ങിയും പൊങ്ങിയും പുഴുക്കിലേക്ക് ലയിച്ചുകൊണ്ടിരുന്നു. പുഴയിലെ മറ്റുമീനുകൾ സൗദാമ്മയുടെ ചുറ്റും ആനന്ദനൃത്തം വെച്ചു.


2 Comments
വ്യത്യസ്തമായൊരു കഥ നന്നായി എഴുതി👌🌹
നല്ല ആഖ്യാനശൈലി. 👌
പിശുക്കനെങ്കിലും ആ ഒറ്റപ്പെട്ടവന്റെ മനസ്സിലും സ്നേഹിക്കാൻ കൊതിക്കുന്ന മനസ്സുണ്ടായിരുന്നു. വാട്ടക്കഞ്ഞിയോടു സഹതാപം തോന്നി.
എഴുത്ത്👏