അയാൾ തന്റെ വെള്ളിനൂലുകൾപോലെ നീളൻ രോമങ്ങളുള്ള പൂച്ചക്കുട്ടിയെ എടുത്ത് മടിയിൽ വെച്ചു താലോലിക്കുകയാണ്, 12 വർഷമായിട്ട് തന്റെ സന്തത സഹചാരി. അതിന് മുൻപുവരെ ജീവനുള്ള ഒന്നിനേയും അയാൾക്ക് ഇഷ്ടമല്ലായിരുന്നു, ഇപ്പോൾ ഈ പൂച്ചയെ മാത്രം അയാൾക്ക് ഇഷ്ടപ്പെടാതിരിക്കാനാവുന്നില്ല. അയാൾ ആകെ താലോലിക്കാറുള്ളത് ആ പൂച്ചയേയും ഒരു നീലമുത്തുമാലയുമാണ്. ആ മുത്തുമാല കാണുമ്പോൾ തന്നെ അയാളുടെ ഹൃദയമിടിപ്പ് കൂടി കൂടി അയാളുടെ എല്ലാ പിരിമുറുക്കങ്ങളും പതിയെ പതിയെ അലിഞ്ഞലിഞ്ഞു പോയി അയാൾ തന്നെ ഒരു പൂച്ചക്കുട്ടിയെപ്പോലെ ശാന്തമാകും, അപ്പൂപ്പൻതാടിപോലെ പറന്നുനടക്കും. അയാൾ ആ മുത്തുമാലയെടുത്ത് രണ്ടുമടക്കായി പൂച്ചക്കുട്ടിയുടെ കഴുത്തിൽ ഇട്ട് അതിനൊരു മുത്തവും കൊടുത്തു. ജീവനുള്ള മറ്റെന്തിനെ കണ്ടാലും അയാൾ അടിച്ചോടിക്കും, കല്ലെടുത്തെറിയും. മനുഷ്യരാണെങ്കിലും ആരോടും ഒരു താല്പര്യവുമില്ല, എല്ലാവരോടും പരുക്കൻ പ്രകൃതം മാത്രം. പേരക്കായോ, മാങ്ങായോ പറിക്കാൻ ഏതെങ്കിലും പിള്ളേർ അയാളുടെ പറമ്പിൽ കയറിയാൽ കല്ലെടുത്തെറിയും, തെറിവിളിക്കും, ചിലപ്പോൾ തുണിപൊക്കിക്കാണിക്കും. കുടിൽപോലെ കെട്ടിയുണ്ടാക്കിയ വീട്ടിൽ തനിയെ താമസിക്കുന്ന 70 ന് മുകളിൽ…
