ചുരുളഴിഞ്ഞ, കരിനാഗങ്ങളുടെ ഓർമയുണർത്തുന്ന തലമുടി, മാടിയൊതുക്കി, അവൾ പായിൽ നിന്നെഴുന്നേറ്റു. മെല്ലെ കുഞ്ഞിനെയെടുത്ത് കെട്ടിയോൻ്റടുത്ത് കിടത്തി. മണ്ണെണ്ണ വിളക്ക് കത്തിച്ച് ഒരു പിഞ്ഞാണത്തിൽ അല്പം വെള്ളമൊഴിച്ച് അതിലിറക്കി വച്ചു. വാതിൽപാളി വലിച്ചുചാരി പുറത്തേക്കിറങ്ങി. ആകാശത്തേക്കൊന്നു കണ്ണുയർത്തി നോക്കി. കരിമേഘങ്ങൾക്കിടയിൽ നിന്നും എത്തിനോക്കുന്ന ഒരു അമ്പിളിക്കീറുമാത്രം അവിടെ കണ്ടു. കുറ്റാക്കുറ്റിരുട്ട്! അല്പനേരം ആ ഇരുട്ടിലേക്കുതന്നെ അങ്ങനെനോക്കി അവൾ നിന്നു. പിന്നെ മെല്ലെത്തെളിഞ്ഞു വന്ന നാട്ടുവെളിച്ചത്തിൽ, ഇരുണ്ട നിഴലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി..
മങ്ങിയ ഇരുൾവെളിച്ചത്തിൽ, മുമ്പില്ലാത്ത ചങ്കൂറ്റത്തോടെ തങ്കമണി, വീടിനു മുന്നിലെ പാടത്തിനരികിലേക്കു നടന്നു. വെള്ളം നിറഞ്ഞുകിടന്ന ആ പാടം ഗാഢനിദ്രയിലെന്നപോൽ നിശ്ചലമായിരുന്നു. കാറ്റിനെയാരോ പിടിച്ചുകെട്ടിയ പോലെ, ചിറയിലെ തെങ്ങും വാഴയുമൊക്കെ സ്തംഭം കണക്കെ നിന്നു. അവിടെ നിന്നുകൊണ്ട് അവൾ, പാടത്തിൻ്റെ നടുവിലെ തുരുത്തിലേക്ക് നോക്കി. ഏതാണ്ട് അരഫർലോങ്ങ് അകലെ പാടത്തിനുനടുക്ക്, കട്ടപിടിച്ച ഇരുട്ടിൻ്റെ നിഗൂഢതയും പേറിനില്ക്കുന്ന തുരുത്തിൻ്റെ കറുത്തരൂപം കണ്ണിൽപ്പെട്ടു. അതിനെ ലക്ഷ്യമാക്കി ഒരു സ്വപ്നാടകയെന്ന പോലെ അവൾ മെല്ലെ നടന്നു പാടത്തേക്കിറങ്ങി. നനവും നേരിയ തണുപ്പും അരിച്ചരിച്ചുകേറി നെഞ്ചിനു താഴെവരെ എത്തി. നിശയുടെ നിശ്ശബ്ദതയും അന്ധകാരത്തിൻ്റെ നിഗൂഢതയുമൊന്നും തങ്കമണിയെ ഭയപ്പെടുത്തിയില്ല. നീണ്ടചുരുൾമുടി, അവളുടെ പിന്നിലായ്, വെള്ളത്തിനു മേൽ പരന്നുകിടന്നു. പിന്നീടവ, മുന്നോട്ടു പോകുന്ന അവളെ, വിടാതെ പിൻതുടർന്നു.
“ഇത്രനാളും എവിടാരുന്നു തങ്കേ…. നീ?” എന്നുചോദിക്കും പോലെ ആമ്പലും മുള്ളൻപായലുമൊക്കെ അവളെ മുട്ടിയുരുമ്മുകയും, മുടിയിഴകളിൽ തഴുകുകയും ചെയ്തു. വീടിൻ്റെ തൊട്ടു മുന്നിലായിരുന്നിട്ടും അവൾ ആ പാടത്ത് അന്നേവരെ ഇറങ്ങിയിട്ടില്ലായിരുന്നു. അതിനു് ഒരു കാരണം കെട്ടിയോനും മറ്റൊന്ന് അവളൾക്ക് വെള്ളക്കെട്ടുകളോടുള്ള ഭയവും ആയിരുന്നു. ദാസനാണെങ്കിൽ, ചെളിയിലും വെള്ളത്തിലുമിറങ്ങി തങ്കമണി കഷ്ടപ്പെടുന്നതും ഇഷ്ടമായിരുന്നില്ല.
ശൂന്യമായ മനസ്സുമായി, ഇരുകൈകളും കൊണ്ടു പായലും ആമ്പലുമൊക്കെ വകഞ്ഞ് മുന്നോട്ടു നീങ്ങുമ്പോൾ, കാർമേഘങ്ങളുടെ ഇടയിൽ ഒളിച്ചുകളിക്കുന്ന അമ്പിളി
തനിക്കു കൂട്ടായി ഒപ്പം പോരുന്നുണ്ടോയെന്നവൾ ശ്രദ്ധിച്ചു. നെഞ്ചിലൊരു കരിങ്കല്ലിൻ്റെ ഭാരമുണ്ട്. മനസ്സിൽ അതോടൊപ്പം പൂതലിച്ച ചിലഓർമ്മകളും!
തനിക്കു പതിനാറു വയസ്സുള്ളപ്പോഴാണ്, നല്ല തണ്ടുംതടിയുമുള്ള ദാസൻ്റെ ആലോചന വന്നതെന്നവളോർത്തു. അവളുടെ അമ്മ മരിച്ചിട്ട് അന്ന് ഒരാണ്ടുപോലും തികഞ്ഞിട്ടില്ല. ആണുംപെണ്ണുമായി ആകെയുള്ള തൻ്റെ മകളെ, ദാസനു കെട്ടിച്ചു കൊടുക്കാൻ തങ്കമണിയുടെ ചാച്ചനു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണല്ലോ മലമൂട്ടിൽ കിടന്ന താൻ ഈ വെള്ളക്കുഴിയിൽ എത്തിപ്പെട്ടതെന്ന് ആലോചിച്ചപ്പോൾ അപ്പനോടുള്ള അവളുടെ ഇഷ്ടം, വീണ്ടും ഒരനിഷ്ടമായി പരിണമിച്ചു. ദാസനാണെങ്കിൽ അപ്പനുമമ്മേം മരിച്ചതിൽ പിന്നെ ഒറ്റാംതടി ആയിരുന്നു. അയാളുടെ സഹോദരന്മാരും പെങ്ങന്മാരുമെല്ലാം ആണ്ടുകൾക്കുമുമ്പേ മതംമാറി ക്രിസ്ത്യാനികളായിട്ടും അതിലൊന്നും ചേരാതെ ദാസൻ മാത്രം അങ്ങനെ തുടർന്നു. ഒന്നിനോളം പോന്ന ഈ ചെറുക്കൻ്റെ സ്വഭാവോം രീതികളുമൊക്കെ ചാച്ചനു വലിയ ഇഷ്ടമായി. തങ്കമണിയോടൊന്നും ചോദിക്കാതെപോലുമാണ്, അയാൾ ദാസനുമായുള്ള കെട്ടുറപ്പിച്ചത്. അവരുടെയിടയിൽ പൊതുവേ താലികെട്ടുചടങ്ങിന് ആർഭാടം പതിവില്ലാത്തതാണ്. പക്ഷേ തങ്കമണിയുടെ താലികെട്ട്, പന്തലും തോരണവും മൈക്കുസെറ്റുമൊക്കെ വച്ച് കെങ്കേമമായിത്തന്നെയായിരുന്നു നടത്തിയത്. കെട്ടിന് ദാസൻ്റെ ചേട്ടന്മാരും പെങ്ങളുമൊക്കെ കുടുംബസമേതം തന്നെഎത്തിയിരുന്നു. ചെറുക്കൻ കൂട്ടരും പെണ്ണിൻ്റെ ആൾക്കാരും ഇത്ര കേമമായൊരു താലികെട്ടു ആദ്യമായി കാണുകയാണ്. അതുകണ്ടിട്ട് അവർക്ക് അത്ഭുതവും കൂടെ അല്പംകുശുമ്പുമൊക്കെ തോന്നി. പിന്നീടാകട്ടെ, ദാസനെപ്പോലെ തന്നെ തങ്കമണിയും, അവരോടൊന്നും വലിയ ലോഹ്യം കൂടാനോ ഇടപഴകാനോ പോയില്ല. ഈ വെള്ളക്കെട്ടുപ്രദേശവും അവിടുത്തെ ജീവതവുമൊക്കെയായി പൊരുത്തപ്പെടാൻ തന്നെ അവൾ പ്രയാസപ്പെട്ടു.
കെട്ടിയോൻ, തൻ്റെ ചാച്ചനെപ്പോലെയേ ആയിരുന്നില്ല എന്നവളോർത്തു. കാര്യം പറഞ്ഞാൽ ആളിനു വലിയ തടിമിടുക്കൊക്കെ ഉണ്ട്. ഏതാണ്ട് അവളുടെ ഇരട്ടി പ്രായവും ഉണ്ട്. എന്നാലും തൻ്റെയടുത്ത് പെരുമാറുമ്പോൾ, ദാസന് കുറച്ച് പമ്മലും പരുങ്ങലുമുണ്ടെന്ന് തങ്കമണിയ്ക്ക് പലപ്പോഴും തോന്നി. അവളാണെങ്കിലോ അയാൾക്കൊപ്പം കട്ടയ്ക്കുനിൽക്കുന്ന, തലയെടുപ്പുള്ള പെണ്ണൊരുത്തി ആയിരുന്നു. അപ്പനോടുള്ള പേടീം ബഹുമാനോം അയാൾക്കു തന്നോടും ഉണ്ടെന്ന് ചിലപ്പോഴെങ്കിലും അവൾ സംശയിച്ചു. ഇന്നേവരെ അയാൾ, അവളെ ഒരു പണിക്കു വിട്ടിട്ടില്ല. ഒരു നേരം പോലും പട്ടിണി കിടത്തിയിട്ടില്ല. വേണ്ടതൊക്കെ ചോദിക്കാതെ തന്നെ വാങ്ങിക്കൊടുക്കാറുമുണ്ട്. എന്നാലും അയാളെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനുമുള്ള കാരണം എന്താണെന്ന് എത്ര ആലോചിച്ചിട്ടും തങ്കമണിക്ക് പിടി കിട്ടിയില്ല. ഈചോദ്യം ഇടയ്ക്കൊക്കെ മനസ്സിൽ തികട്ടിത്തികട്ടി വന്നിരുന്നു.
കാലിൽ ചുറ്റിയ വള്ളികൾ, വീണ്ടും പറിച്ചു കളഞ്ഞ് മുന്നോട്ടു നീങ്ങുമ്പോൾ, ഓർമ്മകളും ഒന്നാകെ കുഴഞ്ഞു മറിഞ്ഞു.
കഴിഞ്ഞുപോയ സന്ധ്യയിലെ സംഭവങ്ങൾ ഓർത്തപ്പോൾ തല പെരുക്കുന്നപോലെ അവൾക്കു തോന്നി. സിനിമാകൊട്ടകയിലെ സ്ക്രീനിൽ കാണുന്നപോലെ ഓരോന്നും അവളുടെ മുന്നിലങ്ങനെ തെളിയുന്നു.
“തങ്കേ….. തങ്കമണീ…. ”
ദാസൻ്റെ നീട്ടിയുള്ള വിളി കേട്ട് കൊച്ചിനെയുമെടുത്ത് അവൾ പുറത്തേക്കിറങ്ങി. “ഇതൊക്കെയൊന്ന് ആക്കിയെടുക്ക്” എന്നു പറഞ്ഞ് കൈയ്യിലിരുന്നവയൊക്കെ അയാൾ അവളുടെ നേർക്കുനീട്ടി. ”നേരമിരുട്ടുമ്പോൾ ഓരോ കോളും കൊണ്ടുവരും”. അയാളുടെ കൈയ്യിലെ കോർമ്പിലിൽ തൂങ്ങിക്കിടന്ന വരാലും ചരടുകൊണ്ടു കെട്ടിയ നാലഞ്ചുനീളൻ കപ്പക്കിഴങ്ങും ചേമ്പിലപ്പൊതിയിലെ പോത്തിറച്ചിയും, കണ്ട് അവൾ ഈർഷ്യയോടെ പിറുപിറുത്തു. “ഈ കൊച്ചിനേം വച്ചോണ്ട് ഇതെല്ലാംകൂടെ രാത്രിലെന്നാ ചെയ്യാനാ? എനിക്കു വയ്യ”. അയാൾ തിരിച്ചെന്തെങ്കിലും ദേഷ്യപ്പെട്ടു പറയുന്നതും കാത്തവൾ നിന്നു. പക്ഷേ അയാളാകട്ടെ, അക്ഷോഭ്യനായ് കുടിക്കാനിത്തിരി വെള്ളം തരുമോന്ന് ആംഗ്യത്തിൽ ചോദിക്കുകയാണ് ചെയ്തത്. വലിയൊരു ലോട്ടായിൽ വെള്ളമെടുത്ത് കൊടുത്തിട്ടവൾ മാറി നിന്നു. അതുകുടിച്ചിട്ടയാൾ വീണ്ടും വെള്ളത്തിനായ് കൈനീട്ടി. അവൾ തറയിൽ മൂലയ്ക്കിരുന്ന ചെറിയ മൺകുടം തന്നെയെടുത്തങ്ങു കൊടുത്തു. കുടമുയർത്തി പരവേശത്തോടെ മടമടാന്ന് വെള്ളം കുടിച്ചിട്ടയാൾ ബാക്കി കുറച്ചുള്ളത് സ്വന്തം തലയിലുമൊഴിച്ചു. “നിനക്കു വയ്യേൽ വേണ്ട” എന്നു പറഞ്ഞ് ദാസൻ ചായ്പിനുള്ളിലേക്ക് മീനുമെടുത്ത് നീങ്ങി. “എന്നാൽ തന്നെത്താനെ ഒണ്ടാക്കട്ടെ” എന്നു മനസ്സിൽ പറഞ്ഞ്,
തങ്കമണി കൊച്ചിനു മുലകൊടുത്തു കൊണ്ട് കിടക്കപായിലേക്കും ചാഞ്ഞു. ആ കിടപ്പിൽ കൊച്ചിൻ്റെ കൂടെ, അവളുമങ്ങുറങ്ങിപ്പോയി
ആഹ്…കാലിലെന്തോ കൊത്തുന്നു. വേദനയോടെ പെട്ടെന്നവൾ രണ്ടുമൂന്നടി മുന്നോട്ടാഞ്ഞു വച്ചു. ഓർമ്മകളുടെ ചരടുപൊട്ടിയപ്പോൾ അവൾ ചുറ്റുപാടും നോക്കി. വെള്ളത്തിലാണ് താനപ്പോളെന്ന ബോധം മനസ്സിലുദിച്ചു. നട്ടപ്പാതിരയ്ക്ക്, അതും വെളളത്തെ പേടിയുള്ള പെണ്ണ്, ആമ്പലും മുള്ളനും നീർക്കോലിയുമൊക്കെയുള്ള പാടത്തിലൂടെ നെഞ്ചറ്റം വെള്ളത്തിൽ നീന്തുക! അവൾക്കു തന്നെ അത്ഭുതം തോന്നി. മേലാകെ പായലും മുള്ളനും പറ്റിപ്പിടിച്ചിട്ടുണ്ട്. അടിപ്പാവാടയും കൈലി മുണ്ടുംനനഞ്ഞ് കാലിൽ ചുറ്റിപ്പിടിക്കുന്നു. ചെളിയിൽ പൂണ്ടുപോയ കാലുകൾ വലിച്ചെടുത്തു കൊണ്ട് മുന്നോട്ടു നീങ്ങാനവൾ പാടുപെട്ടു.
ഓർമ്മകളിൽ വീണ്ടുമവൾ മുങ്ങാം കുഴിയിട്ടു. എന്നാലും ചാച്ചനെന്താരിക്കും തണ്ടുംതടീം നോക്കി മാത്രം ഇത്രേംദൂരെ തൻ്റെ ഒരേയൊരു മകളെ കെട്ടിട്ടച്ചയച്ചത്?
അതിനുള്ള ഉത്തരം തരേണ്ട ചാച്ചനാണെങ്കിൽ
നേരത്തേതന്നെ പോകുകേം ചെയ്തു..
പിന്നെയുമവൾ തൊട്ടുമുമ്പു കഴിഞ്ഞു പോയ സംഭവങ്ങളോർക്കാൻ ശ്രമിച്ചു.
ഒരുറക്കം കഴിഞ്ഞു കാണണം, ദാസൻ അവളെ കലുക്കി വിളിച്ചു”തങ്കേ.. തങ്കമണി …. എണീറ്റേ…വന്നു കപ്പേം മീനും തിന്ന് ”
അവളവിടെ കിടന്നു കൊണ്ടുതന്നെ പറഞ്ഞു “എനിക്കു വേണ്ട നിങ്ങളങ്ങു തിന്നേച്ചു കിടന്നോ. ”
അയാൾ എത്ര നിർബ്ബന്ധിച്ചിട്ടും അവൾ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. “നാളെ നിനക്കിതു തിന്നാൻ കിട്ടത്തില്ല കേട്ടോ” പതിവില്ലാതെ അയാൾ ഒച്ചയുയർത്തി പറഞ്ഞു. എന്നിട്ടുമവൾ അനങ്ങുന്നില്ലെന്നു കണ്ടപ്പോൾ, അതൊന്നു കൂടി ഉറപ്പിച്ചു വീണ്ടുംപറഞ്ഞു. “നാളെ നിനക്കിതു കിട്ടത്തില്ല കേട്ടോ.. …. ”
ഇത്രയുമായിട്ടും തങ്കമണി കൊച്ചിൻ്റയടുത്തുനിന്ന് എഴുന്നേറ്റുവന്നില്ല. പിന്നീടയാൾ, വാതിലടയ്ക്കുന്നതും അപ്പുറത്തായി വന്നു കൊച്ചിനെ കെട്ടിപ്പിടിച്ചു കിടന്നതുമൊക്കെ അവൾ അറിഞ്ഞു.
ഓഹ്….. ഒരുവിധം നീന്തി തുരുത്തിലെത്തിയിരിക്കുന്നു. ഒരു കുറ്റിയിൽ പിടിച്ച് അവൾ, കയറി. മേലാകെ ചുറ്റിപ്പിടിച്ചിരുന്ന ആമ്പലും പായലുമൊക്കെ തട്ടിക്കളഞ്ഞ്, വീടിൻ്റെ ഇളംതിണ്ണയിൽ ഒരുകാലു വെച്ച് ആഞ്ഞുശ്വാസമെടുത്ത് “അമ്മാമ്മേ അമ്മാമ്മേ”യെന്നു ഉറക്കെയുറക്കെ വിളിച്ചു. ദാസൻ്റെ പെങ്ങളെയാണ് തങ്കമണി ‘അമ്മാമ്മേ’ യെന്നു വിളി ക്കുന്നത്. അകത്തു നിന്നും” ആരാടീ ഈ പാതിരായ്ക്ക്” അപ്പാപ്പൻ്റെ മറുശബ്ദം കേട്ടു. ഇത്തിരി സമയം കഴിഞ്ഞ് വിളക്കും കത്തിച്ച് അമ്മാമ്മയും അപ്പാപ്പനും പുറകേ മക്കളും ഇറങ്ങി വന്നു. “എന്താ…തങ്കേ.. ” എന്നവർ ചോദിച്ചതീരും മുമ്പേ തങ്കമണി അങ്ങോട്ടു പറഞ്ഞു “നിങ്ങടെ ആങ്ങള പോയി. ഞാൻ അതൊന്നു പറയാൻ വന്നതാ”. “നീയെന്നായീ പറയുന്നേ…പെണ്ണേ. ” കേട്ടതെന്താണെന്നു തിരിച്ചറിയാൻ അവർ അല്പ സമയമെടുത്തു. പിന്നെയാ വീട്ടിൽ അമ്മാമ്മയുടെയും മക്കളുടെയും അലമുറയുയർന്നു. ആ കൂട്ടക്കരച്ചിൽ, രാത്രിയുടെ നിശ്ശബ്ദതയിലൂടെ, നിശ്ചലമായ ജലപ്പരപ്പിനെ തൊട്ട് എങ്ങുമെത്താതെ ചിതറിപ്പോയി. അപ്പാപ്പൻ്റെ ചോദ്യങ്ങൾ ഒന്നൊന്നായി പുറകെ വന്നു. ഒന്നിനും ചെവി കൊടുക്കാതെ
തങ്കമണി വീണ്ടും പാടത്തേക്കിറങ്ങി. അതുകണ്ട് “അമ്മായീ നിൽക്ക്! വള്ളത്തിൽ പോകാം “എന്നു പറഞ്ഞ് നാത്തൂൻ്റെ മക്കൾ, അവളെ കൂടെകൂട്ടാൻ നോക്കി. അതൊന്നും വകവെയ്ക്കാതെ, ആമ്പലും പായലും വകഞ്ഞ്, വെള്ളത്തെ കീറിമുറിച്ച് വന്നയിടം ലക്ഷ്യമാക്കി അവൾ നീന്തി.
ഇനി രണ്ടിടത്തു കൂടി പോകണമെന്ന് തങ്കമണി മനസ്സിൽ കണക്കുകൂട്ടി. വീട്ടിൽ കേറാതെ നേരേ വാർഡുമെമ്പറുടെ വീട്ടിലേക്കാണു പിന്നെ പോയത്. അവിടെയെത്തി കതകിൽ തട്ടി അയാളെവിളിച്ച് ദാസൻ്റെ കാര്യം പറയുമ്പോൾ മെമ്പർ അമ്പരന്നു ചോദിച്ചു.
“ഇതു പറയാൻ നീയെന്തിനാ തങ്കമണീ… വന്നേ, അവരാരെങ്കിലും വന്നേനേല്ലോ. ” അതിനും മറുപടി പറയാൻ നിൽക്കാതവൾ, വേഗം തന്നെ ചേട്ടൻ്റെ വീട്ടിലെത്തി. വിവരം പറഞ്ഞിറങ്ങുമ്പോൾ, പിന്നാലെ അവിടെ നിന്നും ഉച്ചത്തിൽ അലമുറ കേട്ടു.
വീട്ടിലേക്കു നടക്കുംവഴി അവൾ വീണ്ടും ദാസനെപ്പറ്റിയോർത്തു. കുഞ്ഞിനെ രാത്രിയിൽ പുറത്തു കൊണ്ടുപോയി മൂത്രമൊഴിപ്പിക്കാൻ പേടിയായിട്ടാണ് ” ദേ ഒന്നെണീറ്റേ. ”എന്നു പറഞ്ഞു ആളെ കുലുക്കി വിളിച്ചത്. അയാളപ്പോൾ മിണ്ടുന്നുമില്ല എഴുന്നേൽക്കുന്നുമില്ല. സന്ധ്യയ്ക്കു താൻ ദേഷ്യപ്പെട്ടിട്ടാണോ മിണ്ടാത്തതെന്ന് വിചാരിച്ചു ഒന്നു കൂടി ശക്തിയായി കുലുക്കി നോക്കി. അനക്കമില്ല. എന്തോ പന്തി കേടുതോന്നി. സംശയം തോന്നീട്ട് നെഞ്ചിൽ ചെവി ചേർത്തുവച്ചു നോക്കി. നെഞ്ചിടിക്കുന്നില്ല. അപ്പോഴാണ് ദാസൻ പോയീന്നവൾക്കു ബോധ്യമായത്. പെട്ടെന്ന് ചാച്ചൻ്റെ ഓർമ്മ മനസ്സിലെത്തി. മനസ്സിലെ ചാച്ചനോടവൾ അരിശപ്പെട്ടു. “തണ്ടുംതടീം ഉള്ളൊരുത്തൻ ഇപ്പം എന്തിയേ?”
വീട്ടുമുറ്റത്തെത്തിയതും അവൾക്ക് പരിസരബോധം ഉണ്ടായി. അകത്തു കടന്നു നോക്കുമ്പോൾ മകൾ അപ്പൻ്റൊപ്പം കിടക്കുന്നുണ്ട്. നല്ല ഉറക്കം! കുഞ്ഞിനെയെടുത്ത്, ആ നനഞ്ഞ തുണിയോടെ അവൾ ചെറ്റയോടു ചേർന്നിരുന്നു. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ അമ്മാമ്മയും, ചേട്ടനും ബാക്കിയെല്ലാ വീട്ടുകാരും വന്നുകൂടി. നിമിഷങ്ങൾക്കകം അതൊരു മരണവീടായി. ചേട്ടച്ചാര് മൂലക്കിരുന്ന ഇരുമ്പുപെട്ടിയിൽ നിന്നൊരു വെള്ളമുണ്ടു തപ്പിയെടുത്ത് ദാസൻ്റെ മേൽ വിരിച്ചു. ഒട്ടും വൈകാതെ മെമ്പറും വന്നു. ദാസന് എന്താ പറ്റിയതെന്ന മെമ്പറുടെ ചോദ്യത്തിന് തങ്കമണി, സന്ധ്യ മുതൽ നടന്ന സംഭവങ്ങൾ ഒന്നൊന്നായി വിവരിച്ചു. കൂട്ടക്കാരു പെണ്ണുങ്ങളുടെ കരച്ചിൽ അപ്പോഴും തുടരുന്നുണ്ടായിരുന്നു. അതിനിടക്കും അവളെ നോക്കി അടക്കത്തിൽ അവർ അന്യോന്യം ചോദിച്ചു. ” ഈ പെണ്ണിൻ്റെ കണ്ണീന്നൊരിറ്റു കണ്ണീരു പോലും വരാത്തതെന്തേ?” അവർക്കത് അവിശ്വസനീയമായി തോന്നി.
മെമ്പറും മറ്റുചില സ്വന്തക്കാരും പോയിക്കഴിഞ്ഞപ്പോൾ, ദാസൻ്റെ മൂത്തപെങ്ങൾ, തങ്കമണി ‘അമ്മാമ്മ’യെന്നു വിളിക്കുന്ന നാത്തൂൻ, ആ അടുക്കളച്ചായ്പിലേക്കു കയറി ഓരോരോ പാത്രത്തിൻ്റെയും മൂടി തുറന്നു നോക്കി. “അയ്യോ … ഞങ്ങക്കെല്ലാം ഒണ്ടാക്കി വച്ചിട്ടാണോ എൻ്റെ ചെറക്കാ…നീ പോയേ…” എന്നു പതംപറഞ്ഞ് മൂക്കു ചീറ്റി മുണ്ടിൽ തേച്ചു കൊണ്ട് മക്കളേം കെട്ടിയോനേം വിളിച്ചു. എത്ര നാളു കൂടിയാ ആ പൊരേലൊന്ന് ഇങ്ങനെ പെരുമാറാൻ ഒരിടകിട്ടിയത്. ആ സന്തോഷത്തിൽ എല്ലാരുംകൂടി വരാലുകറിയും പോത്തിറച്ചി ഉലർത്തും കോരിയിട്ട് കപ്പയങ്ങു തിന്നുതീർത്തു. പിന്നീടവർ ദാസൻ്റെയടുത്തു വന്നിരുന്ന് മൂക്കു ചീറ്റുകയും പതംപെറുക്കി കരയുകയുംചെയ്തു.
കിഴക്കു വെള്ളകീറി. എല്ലാരും ഓരോരോ മൂലകളിലായി അടുങ്ങിക്കിടന്ന് നല്ല ഉറക്കമാണ്. അവൾക്കൊരു പോള കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല. “ശവങ്ങൾ! മൂക്കുമുട്ടെ തിന്നേച്ചു കിടന്നുറങ്ങുന്ന കണ്ടില്ലേ” തീറ്റ കഴിഞ്ഞു ക്ഷീണിച്ചു കിടക്കുന്ന അവരെ നോക്കി അവൾ മനസ്സിൽ പ്രാകി. ” നാളെ നിനക്കിതു തിന്നാൻ കിട്ടത്തില്ല” എന്നു ദാസൻ പറഞ്ഞത് അവളുടെ മനസ്സിലെത്തി.
അകത്ത് ഒരു പെട്രോ മാക്സ് മാത്രം കണ്ണുചിമ്മാതെ കത്തുന്നുണ്ട്. അവൾ കൊച്ചിനെയുമെടുത്തു പുറത്തേക്കിറങ്ങി.
കലത്തിൽ നിന്നു വെള്ളമെടുത്തു മുഖം കഴുകി. ചായ്പിൽ കയറി ഒരു പാട്ടയിലിട്ടു വച്ചിരുന്ന റെസ്‌ക്കെടുത്തു കൊച്ചിനു കൊടുത്തു, പിന്നെ പുറത്തുകിടന്ന ഉരലിൽ ചാരി അങ്ങനെയിരുന്നു. നേരം നല്ലോണം വെളുത്തു കഴിഞ്ഞപ്പോൾ ഓരോരുത്തരായി വന്നുതുടങ്ങി. മെമ്പറു വീണ്ടും വന്നു. “തങ്കമണീ…നിൻ്റെ ആൾക്കാരെ അറിയിക്കേണ്ടേ?” അയാൾ അവളോടു ചോദിച്ചു. വേണ്ടാന്നവൾ തലയാട്ടി. അല്പം കഴിഞ്ഞപ്പോൾ, മാളിയേക്കലെ ത്രേസ്യാമ്മ വന്നു. അവിടാണ് ദാസൻ സ്ഥിരം പണിക്കു പോയിരുന്നത്. അവരെ കണ്ടപാടെ അമ്മാമ്മയും മക്കളും വലിയവായിലേ കരയാൻ തുടങ്ങി. നീണ്ടു നിവർന്നു കിടക്കുന്ന ദാസനെ കണ്ടിട്ട്, ത്രേസ്യാമ്മ നേരേ തങ്കമണീടുത്തു വന്നു കുനിഞ്ഞു നിന്നു. തലേന്നു പണി കഴിഞ്ഞുപോരാൻ നേരം ദാസൻ, പതിവില്ലാതെ തന്നോടൊരു ചായ ചോദിച്ചുവെന്നും, അതു കുടിച്ചിട്ട് വീണ്ടും വീണ്ടും ചോദിച്ച് അങ്ങനെ മൂന്നു ചായ കുടിച്ചുവെന്നും അവർ പറഞ്ഞു. പിന്നെയും ചായ ചോദിച്ചപ്പോൾ ” ഇനി നിൻ്റെ പെണ്ണുമ്പിള്ളേടെ അടുത്തു പോയിക്കുടിക്കെടാ” എന്നവർ വഴക്കു പറഞ്ഞുപോലും. “ഇതവൻ്റെ ഒടുക്കത്തെ ചോദ്യമാന്നു ഞാൻ അറിഞ്ഞില്ല തങ്കേ…”യെന്നു പറയുമ്പോൾ അവരുടെ തൊണ്ടയിടറി. കണ്ണുനിറഞ്ഞു. ദാസനെന്താ പറ്റീതെന്നു ചോദിച്ചുകൊണ്ടു പിന്നെവന്ന, പെണ്ണുങ്ങളോടൊക്കെ, അമ്മാമ്മേ ചൂണ്ടിക്കാണിച്ച്, അവിടെ പോയിചോദിക്കാൻ പറഞ്ഞു്, തങ്കമണി ഒഴിവാക്കി.
കുറച്ചു കഴിഞ്ഞ് അപ്പാപ്പൻ അടുത്തു വന്നു ചോദിച്ചു “തങ്കേ…അവനെ ദഹിപ്പിക്കണോ കുഴിച്ചിടണോ?” ഇരുന്നിടത്തു നിന്നിളകാതെയവൾ പറഞ്ഞു. “കപ്പേം മീനും തിന്നവർ തന്നെ എല്ലാമങ്ങു തീരുമാനിച്ചോ!” വല്ലാതൊന്നവളെ നോക്കി എന്തോ പിറുപിറുത്തു കൊണ്ട് അയാൾ അവിടം വിട്ടു. പിന്നീടെല്ലാം പെട്ടെന്നാണു നടന്നത്. ഉച്ചയ്ക്കുമുമ്പേ ആ ചിറയിൽ തന്നെ ആറടിയ്ക്കു മേൽ നീളമുള്ള വലിയൊരു കുഴിയൊരുങ്ങി. ആരൊക്കെയോ ചേർന്ന് ദാസൻ്റെ ശരീരം കുളിപ്പിച്ചൊരുക്കി. കുഴിയിലേയ്ക്കെടുക്കാൻ സമയമായപ്പോൾ, വലിയ നെഞ്ചത്തലയും കൂട്ടക്കരച്ചിലുമൊക്കെയായി മരണവീട് സജീവമായി. “എന്നേം കൂടി കൊണ്ടുപോകെൻ്റെ കൂടപ്പെറപ്പേ….. ” യെന്ന് അമ്മാമ്മ നെഞ്ചത്തടിച്ചു. ദാസനെ കുഴിയിലേക്കെടുക്കും മുമ്പേ തങ്കമണി അയാളുടെ മുഖത്തിനരികിൽ അവളുടെ മുഖംചേർത്തു രഹസ്യമായി പറഞ്ഞു.. “നിങ്ങളു പറഞ്ഞപോലെ തന്നെ എനിക്കു കപ്പേംമീനും തിന്നാൻ കിട്ടിയില്ല കേട്ടോ….. ”
അടക്കുകഴിഞ്ഞു. ആൾക്കാർ പിരിഞ്ഞു പോയി. ശേഷക്കാരു മാത്രം അവശേഷിച്ചു. തങ്കമണി പെരയ്ക്കകത്തുകേറി മുഷിഞ്ഞ മുണ്ടും ജംബറും മാറി. ഒരു സഞ്ചിയിൽ വേണ്ട തുണിയും സാധനങ്ങളുമെടുത്ത് കൊച്ചിനെ എളിയിലുംവച്ച് പുറത്തിറങ്ങി. “നീയിതെങ്ങോട്ടാ തങ്കേ…?” പിന്നാലെ വന്ന ചോദ്യശരങ്ങളെ അവഗണിച്ച് കുഴിമാടത്തിനടുത്തെത്തി. മനസ്സിൽ പറഞ്ഞു”തണ്ടുംതടീം ഉള്ളൊരുത്തൻ നോക്കിക്കോളുംന്ന് പറഞ്ഞിട്ടെന്തായി? മിണ്ടാതങ്ങു പോയല്ലോ! ഇനിയീ കൂട്ടക്കാരുടെ ചിരീംകളീം തൊടങ്ങണേനും മുമ്പു ഞാനും കൊച്ചുംപോണു. ” അവൾ ആ ചിറയിലൂടെ ബോട്ടുജെട്ടിയെ ലക്ഷ്യമാക്കി നടന്നു.
രചന : ഷേർളി. വി. ടി


13 Comments
❤️🥰താരാ ഡിയർ🥰❤️
നന്നായി എഴുതി 👌
നന്നായി എഴുതി.. 👌👌
സന്തോഷം സുനന്ദ🥰❤️
വിവാഹ സമയത്തെ മന: പൊരുത്തമില്ലായ്മ ആയിരിക്കണം തങ്കത്തിന് ദാസനെ പൂർണ്ണമായും സ്നേഹിക്കാൻ കഴിയാതിരുന്നത്? നല്ല കഥ.
വായിച്ചഭിപ്രായം പറഞ്ഞതിൽ❤️🥰 ജോയ്സ്
ആഹാ പെണ്ണൊരുത്തി കലക്കിയല്ലോ 👌👌👌
കഥയും കഥാകാരിയും♥️👌🌹
സ്നേഹം സന്തോഷം, ഡിയർ😍❤️🥰
നന്നായി എഴുതി 👌
പെൺ ഒരുത്തി സൂപ്പർ. പെൺ ആയാൽ ഇങ്ങനെ വേണം.ഷേർലി നല്ല എഴുത്ത് ഒത്തിരി ഇഷ്ടം എഴുത്തുകാരിയെയും
സ്നേഹം ശ്രീകുമാരി🥰❤️
കംഫർട്ട് സോൺ വിട്ടിറങ്ങിയ ഷേർലിയുടെ ആദ്യത്തെ കഥ, ഞാനങ്ങ് ആസ്വദിച്ചു വായിച്ചു. യഥാർത്ഥത്തിൽ ഇപ്പൊഴാണ് സമ്മാനം തരേണ്ട കഥ പിറന്നത്. അതിശക്തയായ പെണ്ണെന്നു തോന്നിപ്പിക്കുമെങ്കിലും അവൾക്കുള്ളിലെ ഭീതിയും ദൗർബ്ബല്യവും ഒപ്പം തന്നെ വെളിവാക്കുന്ന കഥ.! Proud of you dear !👌👌👏👏👏❤️🥰
വളരെ സന്തോഷം ഡിയർ❤️❤️😘🫂