നരച്ചു പിഞ്ചാറായ ഷോളിൽ നിന്ന് പിൻ ഊരുമ്പോൾ ചെറുതായി കയ്യിൽ കൊണ്ട് ചോര കിനിഞ്ഞു. ഒരു മുരളലോടെ രജനി വിരൽ ചുണ്ടിൽ വച്ചു.
” ചോരയ്ക്ക് പോലും എന്ത് രുചി!”
അപ്പോഴാണ് അവൾക്ക് ഓർമവന്നത്. ഇന്നത്തെ ദിവസം പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. തൊണ്ട വരണ്ട് ദാഹം എന്താണെന്ന് പോലും അറിയാത്തവണ്ണം മരവിച്ച് പോയെന്ന് തോന്നുന്നു.
ജോലി തേടി പോയതാണ്. ഒരു തുണിക്കടയിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെ നിന്നാൽ മതി. ശമ്പളം കുറവാണ്. പക്ഷേ ഇനിയും അത് നോക്കി നിന്നാൽ കിടപ്പിലായ ഭർത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും പോറ്റാൻ ആവില്ല.
അര പട്ടിണി കിടന്ന് മടുത്തു.
രജനിയുടെ കണ്ണുകൾ ഒരു നിമിഷം അടഞ്ഞു.
വിശപ്പ് വയറ്റിൽ മാത്രം അല്ല, എല്ലുകളിലേക്കും കയറിയിരിക്കുന്നു.
പറയാൻ വാക്കില്ലാത്ത ക്ഷീണം.
നിൽക്കാൻ ബലം തീർന്ന കാലുകൾ.
എന്നാലും വീണുപോകാൻ വയ്യ.
വീട്ടിൽ മൂന്നു കുഞ്ഞുങ്ങൾ.
അവരുടെ കുഞ്ഞി കണ്ണുകൾ
അമ്മയുടെ മുഖം നോക്കി ചോദിക്കും
“ഇന്ന് ചോറ് ഉണ്ടോ? ”
ഉത്തരം പറയാൻ പറ്റാതെ അവൾ തിരിഞ്ഞു കിടപ്പിലായി കിടക്കുന്ന അനീഷിനെ നോക്കും.
ആ മുഖത്തും അതേ വേദന തെളിയും.
ചുമയ്ക്കിടയിൽ ചിതറി വീഴുന്ന
നിരാശയുടെ ശബ്ദത്തിൽ കുറ്റബോധത്തിൻ്റെ നിഴൽ.
അവന്റെ കുറ്റമല്ലെന്ന് അറിയാം.
എന്നാലും ഈ അവസ്ഥയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ കണ്ണ് നിറയും.
ആറ് മാസമായി അനീഷ് ലോറിയിൽ നിന്ന് വീണ് കിടപ്പിലായിട്ട്. കുറച്ചു നാൾ വരെ ലോറി മുതലാളിയും കുറച്ച് നാട്ടുകാരും സഹായിച്ചു. പിന്നെ മടുത്തിട്ട് അവരും നിർത്തി.
അനീഷിന് മരുന്നിന് തന്നെ നല്ല തുക വേണ്ടി വരും. കുഞ്ഞുങ്ങളുടെ കാര്യം അതിലും കഷ്ടമാണ്.
പത്തും അഞ്ചും പ്രായത്തിൽ മൂന്ന് പെൺ കുട്ടികൾ.
രണ്ട് പേര് ഇരട്ടകളാണ്.
അവൻ കിടപ്പിലാകുന്നത് വരെ പട്ടിണിക്ക് ഇട്ടിട്ടില്ല. ഉള്ളത് വച്ച് ഓണം പോലെ കഴിഞ്ഞു കൂടുമായിരുന്നു. ഒന്നിനും കുറവുള്ളതായി തോന്നിയിട്ടില്ല. കുറവ് ഉണ്ടെങ്കിൽ തന്നെ അത് നികത്താൻ അവൻ്റെ സ്നേഹം മതിയായിരുന്നു.
ഇന്നാ സ്നേഹത്തിന് മുന്നിൽ നിസ്സഹായതയുടെ ഭിത്തിയുണ്ട്. എത്ര തട്ടി തകർത്താലും പൊട്ടി തകരാതെ, ഹൃദയങ്ങളിൽ പടർന്ന സ്നേഹ വേരുകളെ പോലും കടപുഴക്കിയെറിയുന്ന വിശപ്പിൻ്റെ വിളിയുണ്ട്.
മേശപ്പുറത്തെ മരുന്നുകൾ തപ്പുമ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു. മരുന്ന് തീരാറായി. അത് കഴിഞ്ഞാൽ വാങ്ങാൻ ഒരു നാണയത്തുട്ട് പോലുമില്ല കയ്യിൽ. ഇളയ കുഞ്ഞുങ്ങൾ രജനിയുടെ ശബ്ദം കേട്ട് അകത്തേക്ക് വന്നു.
” വിശക്കുന്നമ്മേ..
” എനിക്കും വിശക്കുന്നമ്മേ…
മൂത്തകുഞ്ഞ് ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു. മൂവരുടെയും തളർന്ന മുഖവും ഒട്ടിയ വയറും കണ്ട് അവൾക്ക് നെഞ്ച് പൊട്ടി.
ഒന്നുമില്ലെന്ന് അറിയാമെങ്കിലും അടുക്കളയിലേക്ക് നടന്ന് വെറുതെ അരിപാത്രവും ടിന്നുകളും പരിശോധിച്ചു.
ഉപ്പുപാത്രത്തിൽ മാത്രം കല്ലുപ്പ് പകുതിയോളം ഇരിപ്പുണ്ട്.രാവിലെ കോരി വച്ച വെള്ളം സ്റ്റീലിൻ്റെ കുടത്തിലുമുണ്ട്.
അതും പകുതിയായി. കുഞ്ഞുങ്ങൾ അത് കോരിക്കുടിച്ചാവണം ഇത് വരെ വിശപ്പടക്കിയത്.
ജീവിതത്തിൻ്റെ കയ്പ് തിരിച്ചറിയാൻ പാകമായിട്ടില്ലാത്ത കുഞ്ഞുങ്ങൾക്ക് വിശപ്പ് അല്ലാതെന്ത് വികാരം?
കുഞ്ഞുങ്ങൾ പ്രതീക്ഷയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി നിന്നു.
തൽക്കാലം വേറെ വഴിയില്ല.
അഭിമാനം നോക്കി നിന്നാൽ വയറു നിറയില്ല.
മൂത്ത പെൺകുട്ടിയെ അപ്പുറത്തെ വീട്ടിൽ അരി കടം വാങ്ങാൻ പറഞ്ഞു വിട്ടു.
അവളുടെ കയ്യിൽ കൊടുത്തത് ഒരു ചെറിയ പത്രമാണ്. അരിയുടെ അളവ് അതിനേക്കാൾ കുറവാകുമെന്നറിയാം.
എന്നാലും
“വായ്ക്കും വയറ്റിനും ഒന്നു തട്ടാൻ മതി ” എന്നായിരുന്നു അമ്മയുടെ മനസ്സ്.
“അമ്മേ… അവര് തരുവോ?” കുഞ്ഞിന്റെ ചോദ്യം നെഞ്ചിൽ ഒരു സൂചിമുന പോലെ കുത്തി.
“കടം ആണെന്ന് പറ മോളെ..”
രജനിക്ക് കരച്ചിൽ വന്നു.
കുഞ്ഞ് പോയി.വീടിനുള്ളിൽ ഒരു നിശ്ശബ്ദത നിറഞ്ഞു. ഇളയതുങ്ങൾ പോലും മിണ്ടാതെ ഇരിക്കുന്നുണ്ട്.
അനീഷ് കിടക്കയിൽ നിന്ന് കണ്ണുകൾ ഉയർത്തി നോക്കി.
“അവളെ പറഞ്ഞയച്ചോ?”
അവന്റെ ശബ്ദം അവളുടെ ഹൃദയത്തിൽ കനല് പോലെ വീണു. അതിലെരിഞ്ഞു കൊണ്ടവൾ തലകുലുക്കി.
വാക്കുകൾ എവിടെയും എത്താതെ അനീഷിൻ്റെ തൊണ്ടക്കുഴിയിൽ തടഞ്ഞു മുങ്ങി.
അവൻ്റെ നെഞ്ച് വിലങ്ങി.. ശ്വാസം മുട്ടി അവൻ പിറുപിറുത്തു..
” എൻ്റെ കുഞ്ഞ്.. അച്ഛൻ ഇത്ര പാപിയായി പോയല്ലോ മുത്തേ..”
പുറത്ത് കുട്ടിയുടെ കാലടി ശബ്ദം വീണ്ടും കേൾക്കാൻ അവൾ കാതോർത്തു. ഓരോ നിമിഷവും ഒരു മണിക്കൂർ പോലെ ഇഴഞ്ഞു നീങ്ങി.
വാതിൽ കടന്ന് അകത്ത് വരുമ്പോൾ കുട്ടിയുടെ മുഖത്ത് ഒരു ചുവപ്പ്. ലജ്ജയുടെതോ വിശപ്പിന്റെതോ വ്യക്തമല്ല.
കയ്യിൽ അരപാത്രം അരി. കണ്ണുകളിൽ നിറയാതെ പിടിച്ച കണ്ണീർ.
“അമ്മേ… നാളെ തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞു.”
കുഞ്ഞ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
അരിയേക്കാൾ ഭാരമുള്ള വാക്കുകളിൽ അവൾ പതറി. എങ്കിലും ആലോചിച്ചു നിൽക്കാൻ മെനക്കെടാതെ അടുക്കളയിലേക്ക് ഓടി. എവിടുന്നെക്കെയോ പെറുക്കി കൂട്ടിയ ചുള്ളിക്കമ്പുകളിൽ തീ പിടിപ്പിച്ച് അവൾ ചോറുകലത്തിൽ വെള്ളം നിറച്ച് അടുപ്പത്ത് വച്ചു.
ചോറിന് കൂട്ടാൻ അടുക്കളപ്പുറത്ത് നിന്ന കാന്താരി പറിച്ച് കുറച്ച് കല്ലുപ്പും ചതച്ച് ചെറിയ കിണ്ണത്തിൽ ആക്കി വച്ചു. പഴയ ഉപ്പുനെല്ലിക്കഭരണി പരിശോധിച്ചപ്പോൾ കുറച്ച് നെല്ലിക്കയും വെള്ളവും കാന്താരിയും കേടില്ലാതെ ഇരിക്കുന്നത് കണ്ട് ആശ്വാസത്തോടെ അവൾ അതും ഒരു ചെറിയ പാത്രത്തിൽ ആക്കി.
തിളച്ച വെള്ളത്തിലേക്ക് അരി കഴുകിയിട്ട് അല്പം ഉപ്പും ചേർത്തു.
അരി വേവുന്ന മണം നിറയുമ്പോൾ കുഞ്ഞുങ്ങൾ കൊതിയോടെ അടുപ്പിലേക്ക് നോക്കി. രജനി കലത്തിന്റെ അടിയിൽ തീ നോക്കി, അടുപ്പിന്റെ മുന്നിൽ കുനിഞ്ഞിരുന്നു.
തീയുടെ ചൂട് മുഖത്ത് തട്ടി കണ്ണിൽ വെള്ളം നിറഞ്ഞു.
പുക കൊണ്ടാണെന്ന് അവൾ സ്വയം പറഞ്ഞു.
ഇളയവൾ അമ്മയുടെ ഉടുപ്പിൻ്റെ അറ്റത്ത് പിടിച്ചു.
“അമ്മേ, ഇപ്പൊ കഴിക്കാമോ?”
ആ ചോദ്യം ശരവേഗത്തിൽ നെഞ്ചിലേക്ക് തറച്ച് കയറി.
“കുറച്ച് കൂടി വേവട്ടെ,” അവൾ പറഞ്ഞു.
അത് കുഞ്ഞിനോട് പറഞ്ഞതോ സ്വന്തം മനസ്സിനോടോ….?
അവൾക്കുതന്നെ ഉറപ്പില്ല.
അടുക്കളയിലെ ആ ചെറിയ ഇടം അന്ന് ഒരു ഉത്സവവേദി പോലെ നിറഞ്ഞു. സന്തോഷത്തോടെ കുഞ്ഞുങ്ങൾ ഓരോന്ന് പറഞ്ഞും ചിരിച്ചും അമ്മയ്ക്കൊപ്പം കളിച്ചു. കുറേക്കാലത്തിന് ശേഷം രജനിയും ഉള്ള് നിറഞ്ഞു ചിരിച്ചു.
അരി ഊറ്റുമ്പോൾ ചെറുതായി പൊള്ളി. അതവളെ ബാധിച്ചതേയില്ല. വിശപ്പിൻ്റെ മുന്നിൽ പൊള്ളലിന് എന്ത് വേദന?
ഉള്ളതിൽ നിന്ന് പകുത്ത് അഞ്ച് പേർക്കുമായി അവൾ വിളമ്പി. കട്ടിലിൽ കിടക്കുന്ന അനീഷിൻ്റെ താഴെ നിലത്ത് അവൾ ചോറ് പാത്രങ്ങൾ നിരത്തി.
കുഞ്ഞുങ്ങൾ ആഹ്ലാദത്തോടെ ചോറ് വാരി തിന്നു. കാന്താരിയുടെ എരിവ് വലിച്ച് ഉപ്പു നെല്ലിക്കയുടെ രുചിയിൽ കുഞ്ഞുങ്ങൾ പരസ്പരം നോക്കി ചിരിച്ചു.
രജനി ഉറങ്ങുകയായിരുന്ന അനീഷിനെ തട്ടിവിളിച്ചു.
” അനീഷേട്ടാ.. കണ്ണ് തുറന്നേ.. ദേ ഈ ചോറ് കഴിക്ക്..” അവൾ ഉരുള നീട്ടി.
അവൻ അനങ്ങിയില്ല. രജനിയുടെ കണ്ണുകളിൽ പകപ്പ് നിറഞ്ഞ് നെഞ്ചൊന്നാളി.
“അനീഷേട്ടാ…”
ശബ്ദം വിറച്ചു.ഇത്തവണ ശബ്ദം കുറച്ച് കൂടി ഉയർന്നു.എന്നിട്ടും അവന്റെ നെഞ്ച് താളത്തിൽ ഉയർന്ന് താണില്ല.
കൈ വിറച്ച് അവൾ അവന്റെ നെറ്റിയിൽ തൊട്ടു.
ചൂടില്ല.
അസാധാരണമായ ഒരു തണുപ്പ്. മരണത്തിൻ്റെ മരവിച്ച തണുപ്പ്.
“അനീഷേട്ടാ…
ഇങ്ങനെ കളിക്കല്ലേ…”
അവൾ ചിരിക്കാൻ ശ്രമിച്ചു.
ശബ്ദം കണ്ണീർ കൊണ്ട് മുറിഞ്ഞു.
കുഞ്ഞുങ്ങൾ ചോറ് വായിലാക്കി നിൽക്കുകയായിരുന്നു.
ചിരി മുറിഞ്ഞു.
അവർ തമ്മിൽ നോക്കി.
അമ്മയുടെ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഭയം.
രജനി അവന്റെ നെഞ്ചിൽ ചെവി ചേർത്തു.
ശബ്ദമില്ല. ഒരു നേർത്ത ഒച്ച പോലുമില്ല.
അവൾക്ക് പേടിയായി. അലറി വിളിക്കാൻ തോന്നി.
പക്ഷേ വയറ് കാഞ്ഞ് ഇരിക്കുന്ന മൂന്നു കുഞ്ഞുങ്ങൾ അവളുടെ മുന്നിലുണ്ട്.
അവൾ കണ്ണീർ അടക്കി അവരെ നോക്കി പറഞ്ഞു
“കഴിച്ചോളൂ… ചോറ് തണുക്കും.”
” അച്ഛൻ..?
” അച്ഛൻ ഉറങ്ങുവാ മക്കളെ. എണീറ്റിട്ട് അമ്മയും അച്ഛനും കൂടെ കഴിച്ചോളാം.”
രജനി തങ്ങളുടെ പാത്രത്തിലെ ചോറ് കൂടി കുഞ്ഞുങ്ങൾക്ക് പകുത്ത് കൊടുത്തു.
” നിങ്ങൾക്കോ?” മൂത്തവൾ അമ്മയെ നോക്കി.
” അടുക്കളയിലുണ്ട്.. ഇത് നിങ്ങള് കഴിച്ചോ..”
രജനി കുഞ്ഞുങ്ങൾക്കൊപ്പം നിലത്തിരുന്നു.
ഇളയ കുഞ്ഞ് കുഞ്ഞിക്കയ്യിൽ ഒരു പിടി വാരി അമ്മയ്ക്ക് നേരെ നീട്ടി.
” കയ്ച്ചോ .. അമ്മാ.. നല്ല രുചീണ്ട് ..”
രജനിയുടെ കണ്ണ് നിറഞ്ഞു. അവൾ വാ തുറന്നു.
പിന്നാലെ രണ്ട് മക്കളുടെ കൂടി കയ്യുകൾ നീണ്ടു.
“കഴിച്ചോ അമ്മേ…”
വിശപ്പ് കൊണ്ട് തളർന്ന അന്നനാളത്തിൽ ചോറിൻ്റെ വറ്റ് വീണപ്പോൾ രുചിയോടെ കൊതിയോടെ അവൾ ഉരുളക്കായി വായ് തുറന്നു.
കണ്ണ് നിറഞ്ഞൊഴുകിയിട്ടും അവൾ കുഞ്ഞുങ്ങൾക്കും വാരി കൊടുത്ത് അവരോട് പറഞ്ഞു.
” വയറ് നിറയെ കഴിച്ചോട്ടോ….”
#വിശപ്പ്
#എൻ്റെരചന


14 Comments
അഞ്ജു കുഞ്ചു അസ്സലായി ട്ടോ🥰🥰🥰👍👍
Hi anju . കഥ വായിച്ചു…ഒത്തിരി ഇഷ്ടായി..എനിക്കിത് അവതരിപ്പിക്കാൻ ഒരു ആഗ്രഹം ഉണ്ട്. ‘ മറുപടി പറയണേ.ഇനിയും നന്നായി എഴുതാൻ മനുഷ്യനെ ചിന്തിപ്പിക്കാൻ അഞ്ചുവിനെ ദൈവം അനുഗ്രഹിക്കട്ടെ…
ഇങ്ങനെയൊന്നും എഴുതരുത് അഞ്ജു. വിശപ്പിനെ കുറിച്ച് ഇനിയൊന്നും പറയാനില്ല… 🥰
അനുഭവിച്ചു അറിയാൻ കഴിയുന്ന ഒരേ ഒരു സത്യം.. വിശപ്പ്
❤️❤️
അഞ്ജു… നന്നായി എഴുതി ഈ ഹൃദയം കനക്കുന്ന കഥ. അഭിനന്ദനങ്ങൾ 😍🤝
വിശപ്പിനോളം വലിയ ദുഃഖമില്ല എന്ന് കേട്ടിട്ടുണ്ട്. വളരെ ഹൃദയസ്പർശ്ശിയായി അവതരിപ്പിച്ച കഥ.
🥰👍❤️🫂
നന്ദി ജോ.. സ്നേഹം.❤️❤️❤️
വിശപ്പിൻ്റെ മുഖം എത്ര ഭീകരമാണ്… ഹൃദയത്തിൽ അരിച്ചു കയറിയ നൊമ്പരം ഇപ്പോഴുമുണ്ട് ….. ഒന്നും പറയാൻ വയ്യ❤️🙏
വിശപ്പ് ഭീകരം തന്നെയാണ്.. വായനയ്ക്ക് നന്ദിയുണ്ട്.. ഈ വാക്കുകൾക്കും❤️
മകളേ, ഇതിനേക്കാൾ നല്ലൊരു കഥ ഈ വിഷയത്തിൽ ചിന്തിക്കാൻ പോലും പറ്റുന്നില്ല. എൻ്റെ സമ്മാനം, മനസ്സ് നിറഞ്ഞ് സ്നേഹത്തോടെ തരുന്നു. സ്വീകരിച്ചോളൂ. കഥയിലെ വൈകാരിക നിമിഷങ്ങളെക്കുറിച്ച് പറയാൻ ഞാൻ അശക്തയാണ്. പ്രണയം മാത്രമല്ല വിശപ്പും വഴങ്ങും ഈ തൂലികക്ക്. Kudos dear !👌👌👏👏❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❤️
എത്രയേറെ നല്ല എഴുത്തുകൾ എഴുതാതെ ഉഴപ്പി നടന്നു അഞ്ജുക്കുട്ടീ. ❤️ഹൃദയസ്പർശിയായ കഥ❤️👌
സൂപ്പർ👌👌
ആലോചിക്കുവാൻ പോലും പറ്റാത്ത ദയനീയ അവസ്ഥ
നല്ല എഴുത്ത്.വായിച്ച്ഹൃദയം നുറുങ്ങുന്ന വേദനയോടെ.
Tharechee…വാക്കുകൾക്ക് സ്നേഹം.. ങ്ങളെഴുതുന്നത് പോലൊന്നും എന്നെ കൊണ്ട് പറ്റില്ല.. ഐ ലവ് യൂ ❤️🥰