സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.
അദ്ധ്യായം 7 – ലൈബ്രറിയിലെ രഹസ്യ സംഭാഷണം.
നഗരത്തിലെ പ്രമുഖ കോളേജ് കാമ്പസിലെ ശാന്തമായ ഇടനാഴികളിലൂടെ യാദവ് നടന്നു നീങ്ങി. തത്വശാസ്ത്രത്തിന്റെ കട്ടിയേറിയ ലോകത്തായിരുന്നു അവന്റെ മനസ്സ്. മാർക്കിനോ ജോലിക്കോ വേണ്ടിയായിരുന്നില്ല അവൻ പഠിച്ചത്. ലോകത്തെ മനസ്സിലാക്കാനുള്ള “താക്കോൽ” ആയിരുന്നു അവനത്.
ക്ലാസ്സുകൾ മുടക്കാതെ ആകാശത്തേയ്ക്ക് നോക്കി സ്വപ്നം കാണുന്ന ആ ലാളിത്യം അവനിൽ എന്നും പ്രകടമായിരുന്നു. സ്വന്തം കുടുംബത്തെ കഷ്ടപ്പാടുകളിൽ നിന്നും കരകയറ്റണം എന്നതായിരുന്നു അവന്റെ ഒരേയൊരു സ്വപ്നം.
അതേ ഇടനാഴിയിൽ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ലോകം തോളിൽ ചുമന്ന് യാമിനിയും നടന്നു. ഷേക്സ്പിയറും ടെന്നീസണും അവൾക്ക് അഭയമായിരുന്നു. വലിയമ്മയുടെ ജോലിയെക്കുറിച്ചുള്ള സമ്മർദ്ദം അവളിലെ എഴുത്തുകാരിയെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചെങ്കിലും മനുഷ്യരുടെ കഥകളും വികാരങ്ങളും ലോകത്തോട് വിളിച്ചു പറയണം എന്ന മോഹം അവളുടെ ഹൃദയത്തിൽ ഒരു തിരപോലെ അലയടിച്ചു.
ഒരു ദിനം അവിചാരിതമായി കോളേജ് ലൈബ്രറിയുടെ പടികളിൽ വെച്ച് യാമിനിയുടേയും യാദവിന്റെയും കണ്ണുകൾ തമ്മിലിടഞ്ഞു.
അന്ന് വൈകുന്നേരം ലൈബ്രറിയിലെ, പഴക്കമേറിയ പുസ്തകങ്ങളുടെ ഗന്ധം തങ്ങിനിന്ന കോർണറിൽ വെച്ചായിരുന്നു അവരുടെ ആദ്യ സംഭാഷണം.
യാദവ് കാന്റിന്റെയോ, ഹേഗലിന്റെയോ, ഒരു കട്ടിയുള്ള ഗ്രന്ഥത്തിൽ മുഴുകിയിരിക്കുമ്പോൾ യാമിനി ഒരു ക്ലാസ്സിക് നോവലിലെ പ്രണയരംഗങ്ങളിൽ ലയിച്ചിരുന്നു.
യാദവ് പതിയെ വിളിച്ചു “യാമിനീ”ഈ നോവലിലെ പ്രണയം മനസ്സിലാക്കാൻ, എന്റെ ഈ ഫിലോസഫി ഗ്രന്ഥത്തിലെ ആശയങ്ങളെക്കാൾ കടുപ്പമുണ്ടോ.?..
അവന്റെ ചോദ്യത്തിൽ ഒരു കുസൃതി കലർന്ന ചിരിയുണ്ടായിരുന്നു.
ഇതുകേട്ട യാമിനി പുഞ്ചിരിച്ചു. അവളുടെ മിനുമിനുത്ത കവിളിലെ നുണക്കുഴിയിൽ വെളിച്ചം തട്ടി. അവൾ പറഞ്ഞു “ഇല്ല യാദവ് ” ഇതിലെ പ്രണയം മനസ്സിലാക്കാൻ സമവാക്യങ്ങൾ ആവശ്യമില്ല. അത് മനസ്സുണ്ടായാൽ മാത്രം മതി. പക്ഷെ……. എന്റെ പ്രണയം പോലെ, നിങ്ങളുടെ ഓരോ സമവാക്യവും എനിക്ക് ഒരു കവിതപോലെ മനോഹരമാണ്.
അവരുടെ ആ സംഭാഷണം ഒരു വാതിൽ തുറന്നു. പിന്നീടുള്ള ദിവസങ്ങളിൽ, ആ ലൈബ്രറി കോർണർ അവരുടെ മാത്രം ലോകമായി.
പുസ്തകത്താളുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ചിരികളും സ്വപ്നങ്ങളെക്കുറിച്ചുള്ള പറച്ചിലുകളും….. അത് വെറും സൗഹൃദം ആയിരുന്നില്ല.
തത്വശാസ്ത്രത്തിന്റെ യുക്തിയിൽ ഉറച്ചു നിൽക്കുന്ന യാദവിന്റെ ലോകം സാഹിത്യത്തിന്റെ ഭാഷയിൽ ജീവിക്കുന്ന യാമിനിയുടെ ഹൃദയത്തിലേക്ക് പതിയെ പ്രവേശിക്കുകയായിരുന്നു.
ശ്യാമള ഹരിദാസ്
തുടരും…


1 Comment
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 6 - നിഴലുകൾ മാഞ്ഞപ്പോൾ - By Syamala Haridas - കൂട്ടക്ഷരങ്ങൾ