ഏയർ പോർ ട്ടിൽ നിന്നു കാറിൽ വീട്ടിലേക്കു പോകുമ്പോഴും ശ്രീകുട്ടൻ്റെ മനസ്സ് ആകെ കാർമേഘം നിറഞ്ഞ നീലാകാശം പോലെ മേഘാവൃതം ആയിരുന്നു . എത്ര ശക്തിയിൽ മഴ പെയ്തുതോർന്നാലും, അതിനേക്കാൾ ശക്തിയോടെ മനസ്സ് വീണ്ടും പെയ്തൊഴിയാൻ കാത്തിരിക്കുന്ന തുപോലെ . ഒരിക്കലും പെയ്തു തീരാത്ത പേമാരി അതായിരുന്നു “”അച്ഛൻ”” ഞാൻ അറിയുന്ന എൻ്റെ വിശപ്പിൻ്റെ പേരായിരുന്നു “” അച്ഛൻ””
” അത്താഴം ഇല്ല കിടന്നുറങ്ങിക്കോളൂ” എന്ന് പറയാതെ അറിയുന്നത് അച്ഛൻ എന്നെ തോളത്തെടുത്ത് താരാട്ട് പാട്ട് പാടുമ്പോഴാണ്.
രാത്രിയിൽ എന്നെ തോളത്തെടുക്കുമ്പോഴേ അറിയാം ” അത്താഴം ഇല്ല”
അച്ഛൻ എന്നെ നിർബന്ധിച്ചു തോളിൽ കിടത്തും, ഞാൻ പിടഞ്ഞ് തല പൊക്കും.
വിശപ്പിൻ്റെ ഈരടികൾക്ക് വയറ് സാക്ഷിയാകുമ്പോൾ, അച്ഛൻ്റെ താരാട്ടുപാട്ടിൻ്റെ ഈണങ്ങൾ ആര് അറിയാൻ.
എനിക്കിഷ്ടമില്ലാത്ത അച്ഛൻ്റെ വിയർപ്പിന്, സ്നേഹത്തിൻ്റെ, കരുതലിൻ്റെ, ഗന്ധമുണ്ടെന്നറിഞ്ഞത് എപ്പോഴാണ്.
അച്ഛൻ്റെ വിയർപ്പിന് ചേറിൻ്റെ ഗന്ധമായിരുന്നു. പക്ഷേ ആ മനസ്സിന് ചെമ്പകപ്പൂവിൻ്റെ ഗന്ധമാണെന്ന് തിരിച്ചറിഞ്ഞത് എന്നാണ്?
ഉള്ളിലൊരു കടലൊതുക്കി പുറമേ ശാന്തമായൊരു തിരപോലെ എല്ലാം തഴുകിയില്ലേ അച്ഛൻ. ഒന്നിനും അവകാശവാദമില്ലാതെ തളരാതെ നിന്ന ആ വലിയ ആൽമരം അതായിരുന്നു അച്ഛൻ.
ആ ഇടനെഞ്ചിലെ ചൂടിൻ്റെ സുരക്ഷിതത്വം ഭൂമിയിൽ വെറെ എവിടെയാണ് ഇനി കിട്ടുക.
സത്യം പറഞ്ഞാൽ അച്ഛനോട് തനിക്ക് ഇഷ്ടക്കുറവായിരുന്നു.
സ്കൂളിൽ പോലും ഒരു ഷർട്ട് ഇട്ട് അച്ഛൻ വന്നിട്ടില്ല. ഒരു കാവി മുണ്ടും മുഷിഞ്ഞ തോർത്തും തോളിലിട്ട് വരുന്ന അച്ഛനെ കാണുമ്പോൾ സങ്കടമാണ്. പിന്നെ നാണക്കേടും.
ക്ലാസ്സിലെ ഒന്നാം റാങ്കുകാരൻ്റെ അച്ഛൻ ഒരു ദരിദ്രനാണല്ലോ എന്നോർത്ത്.
വൈകീട്ട് വീട്ടിലെത്തുമ്പോൾ ബഹളം വയ്ക്കും ഞാൻ
” അച്ഛന് ഷർട്ട് ഇടാമായിരുന്നില്ലേ?
ചെരുപ്പ് ഇടാമായിരുന്നില്ലേ?”
അപ്പോഴൊക്കെ പറയുന്ന ഒരു മറുപടി ഉണ്ട്.
”മോനെ ഈ കൈകോട്ട് പണിക്കാരന് എന്തിനാ ഷർട്ടും, പത്രാസും
പിന്നെ മരപ്പെട്ടിയിൽ ഇരിക്കുന്ന ഷർട്ട് വിരുന്നിന് പോകാനുള്ളതല്ലേ?”
അച്ഛൻ ഒരു സ്ഥലത്തും വിരുന്നിന് പോയി താൻ കണ്ടിട്ടില്ല.
5 മക്കളും, ഭാര്യയും, മാതാപിതാക്കളും ഉള്ള ആ വലിയ കുടുംബത്തിൻ്റെ വിശപ്പ് അടക്കാൻ ഒരിക്കൽ പോലും അച്ഛന് കഴിഞ്ഞിട്ടില്ല.
ഒരുപാട് അധ്വാനിച്ചിട്ടും, പട്ടിണി മാത്രം പ്രതിഫലം. ഒരു ദിവസം പണിക്കു പോയാൽ 2 ദിവസം അച്ഛന് പണിയെടുക്കാൻ കഴിയില്ല. കാൽ മുട്ട് മുതൽ താഴോട്ട് വരട്ടു ചൊറി ആകെ പഴുത്ത് വ്രണമാവും. പിന്നെ പഞ്ചാരേ ടെ അസുഖം അതു വേറേയും
മഴക്കാലം ഒക്കെ ദുരിതത്തിൻ്റെ നാളുകൾ ആണ്. ആരോടും ഒരു രൂപ പോലും അച്ഛൻ കടം വാങ്ങില്ല. കടം വാങ്ങുന്നത് അച്ഛന് ഇഷ്ടമല്ല.
ഇന്നു പണിയില്ലാത്തതുകൊണ്ട് കാശ് കടം വാങ്ങിയാൽ നാളെ പണിയെടുത്ത് കിട്ടുമ്പോൾ ആ കാശ് കൊടുക്കണ്ടേ അപ്പോ നാളത്തെ കാര്യം എങ്ങിനെ നടക്കും?
ഇന്നുകാശ് ആരോടും വാങ്ങണ്ട, നാളെ പണിയെടുത്തിട്ട് ഭക്ഷണം വാങ്ങിയാൽ മതി, അതായിരുന്നു ചിന്താഗതി.
വയർ മുറുക്കിയെടുത്ത് ജീവിക്കാൻ പഠിപ്പിച്ച ആൾ.
തൻ്റെ 5 മക്കൾക്കും ഈ കൊടിയ ദാരിദ്രത്തിൽ നിന്നു കൊണ്ട് വിദ്യഭ്യാസം കൊടുത്തു. മക്കൾ പഠിക്കണം, ഉയർന്ന നില യിൽ എത്തണം, എന്നത് അച്ഛൻ്റ ആഗ്രഹമായിരുന്നു.
വലിയ വീട് നാട്ടിൽ പണിതപ്പോൾ ” ഉള്ള കാശൊക്കെ കല്ലും, മണ്ണും, ആക്കി കളയണോ?” എന്ന ചോദ്യവും ഉണ്ടായി.
മുഖം വാടിയാൽ, ശരീരം വിയർത്താൽ, നെഞ്ചിടിപ്പോടെ അരികത്തു വന്നു ചോദിക്കും ” എന്തു പറ്റി എൻ്റെ കുട്ടന്?”
പാവം അച്ഛൻ,
അങ്ങിനെ ചോദിക്കാൻ ഒരാൾ ഉണ്ടാവുക അതൊരു മഹാഭാഗ്യമല്ലേ.
അതും സ്വന്തം അച്ഛൻ.
വീട് !
അടുക്കുന്തോറും ഹൃദയമിടിച്ചു കൊണ്ടിരുന്നു. താൻ വീണ്ടും തൻ്റെ വീട്ടിലേക്കു തിരിച്ചു വരികയാണ്.
വീട് !
എൻ്റെ വീട് !
ഹൃദയം ശക്തമായി തുടിച്ചു.
ഡ്രെവർ ഹോണടിച്ചു, തുടർച്ചയായും, നിർത്തി നിർത്തിയും ഹോൺ ശബ്ദിച്ചു. നിശബ്ദത വാർന്നു കീറപ്പെട്ടു. വർഗ്ഗീസേട്ടൻ ധൃതിയിൽ നടന്നു വന്നു,
ഗേറ്റു തുറന്നു.
കാർ ഗേറ്റു കടന്ന്, മുറ്റ ത്തു കൂടി ഇഴഞ്ഞപ്പേൾ ഓർമ്മകളുടെയും, സ്വപ്നങ്ങളുടെയും, ഒരു മഹാപ്രവാഹം, മനസ്സിനുള്ളിലേക്ക് ഒലിച്ചെത്തി. ഉമ്മറത്ത് അച്ഛൻ കിടക്കാറുള്ള ചാരുകസേര അയാൾ ഏന്തി വലിഞ്ഞ് അതിലേക്ക് നോക്കി
നിരാശയായിരുന്നു ഫലം.
അച്ഛൻ അതിൽ ഇല്ല, കസേര മാത്രം !
കുറേ ഓർമ്മകൾ മാത്രം അവശേഷിപ്പിച്ച് അച്ഛൻ പടിയിറങ്ങി പോയി. പകരം വെയ്ക്കാനില്ലാത്ത ഒരു ശൂന്യത.
കുട്ടിക്കാലത്ത് വിശപ്പു മറക്കാൻ അച്ഛൻ പാടുന്ന പാട്ട് അന്തരീക്ഷത്തിൽ മുഴങ്ങുന്ന പോലെ
” താമര കണ്ണൻ ഉറങ്ങേണം
കണ്ണും പൂട്ടി ഉറങ്ങേണം”
വിശപ്പു മാറാത്ത ഞാൻ എങ്ങനെ പാട്ടു കേട്ട് വയറു നിറയ്ക്കും…….


5 Comments
ഹൃദയത്തിൽ തൊട്ട അച്ഛൻ. മക്കളെ സ്നേഹിക്കുന്ന അധ്വാനിയും അഭിമാനിയുമായ അച്ഛന്റെ കഥ വളരെ ഇഷ്ടപ്പെട്ടു.👏❤️
നന്നായി എഴുതി ❤️
അച്ഛൻ്റെ സ്നേഹം മറക്കാനാവില്ലല്ലോ
ഹൃദയസ്പർശിയായ എഴുത്ത് സെജി❤️👌🌹
ഹൃദയം തൊട്ട കഥ . അദ്ധ്വാനിയും അഭിമാനിയുമായ അച്ഛൻ! ഇത്തരം ഒരു പാട് അച്ഛന്മാരാണ് ഇന്നു കാണുന്ന മനുഷ്യാരെ അവരാക്കിയത്. വായിച്ച് മനം നിറഞ്ഞു.👌👌👏👏❤️❤️🥰
ഹൃദയ സ്പർശിയായ അവതരണം.