രാഹുൽ ബൈക്കും എടുത്ത് കുരിശടിയുടെ അടുത്തെത്തി. ആളുകൾ അവിടെ കൂട്ടം കൂടി നിൽക്കുന്നു.
“എപ്പോഴായിരുന്നു സംഭവം?.”
“വെളുപ്പിനെ, വള്ളത്തിൽ പോകുന്നതിന് മുൻപ് കുരിശടിയിൽ പ്രാർത്ഥിക്കാൻ വന്നവരാണ് കണ്ടത്. മണ്ണിൽ കമഴ്ന്നു കിടക്കുകയായിരുന്നു. മൂക്കിൽ നിന്നും രക്തം ഒഴുകിയിട്ടുണ്ടായിരുന്നു.”
രാഹുലിനെ കണ്ടപ്പോൾ ഒരു കോൺസ്റ്റബിൾ ഓടി വന്നു.
“അസാധാരണ മരണമാണ്.”
“എന്താടോ. വേഗം പറ ആളുകൾ കൂടുന്നു. ഇനി ഞാനിവിടെ നിന്നാൽ ശരിയാകില്ല. പുതിയ സർക്കിൾ ഇൻസ്പെക്ടർ എൻ്റെ വിരോധി യാണ്.”
“സാറേ, കപ്യാര് മരിച്ച് കിടന്നത് കുരിശടിയുടെ മുന്നിലാണ്. രാവിലെ പ്രാർത്ഥിക്കാൻ വന്നവരാണ് മൃതദേഹം കമഴ്ന്നു കിടക്കുന്നത് കണ്ടത്. അയാളുടെ മുന്നിൽ നേർച്ചപ്പെട്ടി മറിഞ്ഞ് കിടന്നിരുന്നു. അതിൻ്റെ താക്കോൽ അയാൾ മുറുക്കി പിടിച്ചിരുന്നു. മുറ്റത്ത് പിടിവലി നടന്നതിൻ്റെ ലക്ഷണമുണ്ട്.”
“വേറെ എന്തെങ്കിലും പരിസരത്ത് നിന്നും കിട്ടിയോ.”
പുതിയ സർക്കിൾ ഇൻസ്പെക്ടറെ ദൂരെ കണ്ട് രാഹുൽ ഹെൽമറ്റ് എടുത്ത് മുഖം മറച്ചു.
” ഒരു ഹെയർ ക്ലിപ് കിട്ടി.”
“ഹെയർ ക്ലിപ്പോ?”
“അതേ സാറെ പെണ്ണുങ്ങൾ ഉപയോഗിക്കുന്ന വില കൂടിയ കമ്പനിയുടെ, പേരെന്തോ പറയുന്നത് കേട്ടു. ഫ്രഞ്ച് അസ്റ്റേറ്റ് എന്നോ മറ്റോ ആണതിൻ്റെ ബ്രാൻഡ് നെയിം. അങ്ങേര് കാണുന്നതിന് മുമ്പ് സാർ വിട്ടോ, ഞാൻ പിന്നെ വിളിക്കാം.”
രാഹുൽ അവിടെ നിന്നും പെട്ടെന്ന് സ്ഥലം വിട്ടു. സ്റ്റേഷനിൽ നേരിട്ട് കയറി ചെല്ലാൻ വയ്യാത്തത് കൊണ്ട് സ്റ്റേഷന് മുന്നിലെ തട്ടുകടയിലെ ബെഞ്ചിൽ ഇരുന്നു. കടക്കാരനോട് ഒരു ചായയ്ക്ക് പറഞ്ഞിട്ട്, ഒരു മുട്ട ബജി എടുത്തു കടിച്ചു. തട്ട് കടക്കാരൻ ചായ കൈമാറിയപ്പോളാണ് രാഹുലിന്റെ മുഖം ശ്രദ്ധിച്ചത്. ഇയാൾക്കിതെന്തു പറ്റിയെന്ന് അത്ഭുതത്തോടെ നോക്കി. രാഹുലിന്റെ ജിം ബോഡിയിൽ അയാളുടെ ചെറിയ ചൈനീസ് കണ്ണുകൾ പാറി നടന്നു.
“അല്ല ഇതാര് രാഹുൽ സാറോ? ആരോഗ്യം ശ്രദ്ധിക്കാറില്ലേ. ഇപ്പോൾ ജിമ്മിൽ ഒന്നും പോകുന്നില്ലേ.”
അയാളുടെ ചായ കച്ചവടത്തിന് ശരിക്കുമൊരു പാരയായിരുന്നു രാഹുൽ. പോലീസുകാർ ചായ ഓർഡർ ചെയ്താൽ രാഹുൽ അത് കുടിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുമായിരുന്നു.
“ചായ കുടി ആരോഗ്യത്തിന് നല്ലതല്ലെടോ, ഈ എണ്ണ പൊരികളൊന്നും കഴിക്കാതെ വല്ല പുഴുങ്ങിയ മുട്ടയോ ഏത്തപ്പഴമോ വാങ്ങി കഴിക്കടോ.”
അങ്ങനെ പറഞ്ഞിരുന്ന മനുഷ്യനാണ് ഇപ്പോൾ ബെഞ്ചിൽ ഒളിഞ്ഞിരുന്നു ചായ കുടിക്കുന്നത്.
“നല്ല തലവേദന അതാ ചായ കുടിച്ചത്, താൻ സലീമിനൊരു ചായ കൊണ്ട് പോയി കൊടുത്തിട്ടു ഇങ്ങോട്ടൊന്നു വരാൻ രഹസ്യമായി പറ.”
“സലിം സാർ ചായ കുടിച്ച് പോയതേയുള്ളു. സാർ സ്റ്റേഷനിലേയ്ക്ക് ചെല്ലുന്നത് നല്ലത്.”
“ഞാൻ ഇപ്പോൾ സസ്‌പെൻഷനിൽ അല്ലേ, എനിക്ക് അങ്ങോട്ട് പോകാനൊരു ചമ്മൽ. താൻ ആ പയ്യനെ രഹസ്യമായി ഒന്ന് പറഞ്ഞു വിടൂ.”
സഹായിയായ പയ്യൻ ചായയുമായി പോയി ഒരു അഞ്ചാറു മിനിറ്റ് കഴിഞ്ഞു കാണും, സലിം റോഡ് ക്രോസ്സ് ചെയ്ത തട്ടുകടയ്ക്കു മുന്നിലെത്തി. രാഹുലിൻ്റെ ചെവിയിൽ പറഞ്ഞു.
“എന്താ സാറെ ഇവിടെ, പെട്ടെന്ന് പൊയ്ക്കോ, ആരേലും കാണും. ഈ തട്ടുകടക്കാരൻ പുതിയ സർക്കിളിന്റെ ആളാണ്.”
“അവനെങ്ങനെയുണ്ട്.”
“അവൻ ചത്തിട്ടില്ല. മാത്യുവിന്റെ വീട്ടിൽ നീൽ ഒളിഞ്ഞു താമസിക്കുന്നത് അവനു അറിയാമായിരുന്നു. അവൻ ആ വീടിന് കാവലായിരുന്നു എന്ന് തോന്നുന്നു. സാർ ആ വീട്ടിൽ നിന്നും ഇറങ്ങിയത് അവൻ കണ്ടു കാണും. ആക്രമിക്കാൻ പിറകേ വരുകയായിരുന്നു. പക്ഷെ സാറിനെ അവൻ മനസ്സിലായിരുന്നില്ലായെന്നാണ്, അവൻ പൊലീസിന് മൊഴി കൊടുത്തത്.
സാറെ എനിക്ക് ഉറപ്പാണ്, ഇതിന് പിന്നിലൊരു സ്ത്രീയുണ്ട്.”
“അത് അവരാകും ആ ധന്യ.”
രാഹുലും സലീമും സംസാരിക്കുന്നത് തട്ട് കടക്കാരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“സാറ് പൊയ്ക്കോ.”
“എന്നാലും ആ കപ്യാരെ ആരായിരിക്കും. ?”
സലീം ഒന്നും പറയാതെ തിരിഞ്ഞ് നടന്നു.
രാഹുൽ ബൈക്കിൽ തിരികെ വീട്ടിലേക്ക് മടങ്ങി.
തൻ്റെ മുറിയിൽ രഹസ്യമായി വച്ചിരുന്ന കേസ് ഫയൽ അയാളൊന്ന് തുറന്ന് നോക്കി. മഹേഷ് എഴുതിയതോർത്ത്, അയാളൊരു വെള്ള പേപ്പറിൽ വരയ്ക്കാൻ തുടങ്ങി. മരണങ്ങൾ പലതരത്തിൽ, കൊലപാതകങ്ങൾ ആണ് കൂടുതൽ, ജോസഫ് സാറിൻ്റെ അസ്വാഭാവിക മരണം, മഹേഷിൻ്റെ ആത്മഹത്യ. എല്ലാം പേപ്പറിൽ രേഖപ്പെടുത്തി.
ആദ്യ മരണം ഡോക്ടർ കൈലാസൻ, അല്ല നിധിൻ്റെ സഹോദരി നിത്യയുടേത്. അപ്പോൾ പ്രതികാരം നിധിൻ്റെതോ, ദേവിയുടേതോ ആകണം. ഒരു പക്ഷേ അവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്താൽ, പക്ഷേ തെളിവുകൾ പ്രധാനമാണ്, അത് കണ്ടെത്തണം.
എവിടെ നിന്ന് തുടങ്ങണം, ഒഫീഷ്യലി താൻ അൺഫിറ്റ് ആണ്. സസ്പെൻഷനിൽ ആണ്. പക്ഷേ രഹസ്യമായി, സമാന്തരമായി അന്വേഷിച്ചേ മതിയാകൂ.
രാഹുൽ തൻ്റെ ഫോണിൽ ദേവിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ചു. ദേവി ഭർത്താവും മകളുമൊത്ത് കാറിലിരിക്കുന്ന ഫോട്ടോ, ധാരാളം ആൾക്കാർ ലൈക്കും കമൻ്റും കൊണ്ട് നിറച്ചിരിക്കുന്നു.
ആ ഫോട്ടോയിലും താൻ പേപ്പറിൽ വരച്ച ട്രീ ഡയഗ്രവും ഒത്ത് നോക്കി. മഹേഷിൻ്റെ കത്തിലെ വരികൾ മനസ്സിലേക്ക് കടന്ന് വന്നു.
പള്ളിയിലെ സിസിടിവി യിൽ കണ്ടത് ദേവിയുടെ അമ്മയെ, ഇന്നലെ കപ്യാരുടെ മൃതദേഹത്തിനടുത്ത് കണ്ട ലേഡീസ് ക്ലിപ് ആരുടെയാകും. മാലതി മാത്യുവിൻ്റെ കൂടെ പള്ളിയിലും കുരിശടിയിലും സ്ഥിരം സന്ദർശകയായിരുന്നു.
“കുരിശടിയിലെ ക്യാമറാ ദൃശ്യങ്ങൾ നിങ്ങൾ പരിശോധിച്ചില്ലേ.”
സലീമിന് ഒരു മെസേജ് അയച്ച് മറുപടിയ്ക്കായി കാത്തിരുന്നു. വീണ്ടും ചിന്തകൾ ദേവിയിലേക്ക് കടന്ന് വന്നു. ദേവിയാണ് എല്ലാത്തിൻ്റേയും കേന്ദ്ര ബിന്ദു, അല്ലെങ്കിൽ അവരുടെ അമ്മ. ദേവിയെ നേരിട്ട് ഒന്ന് കാണാനായി രാഹുൽ പുറപ്പെട്ടു.
കായൽക്കരയിലെ വീട്ടിൽ ആ സമയത്ത് ദേവിയും മകളും മാത്രമേയുണ്ടായിരുന്നുള്ളൂ. രാഹുൽ ബെല്ലടിച്ചപ്പോൾ ദേവി വാതിൽ തുറന്നു. കോടതി ജാമ്യം കിട്ടിയ സുമതിയെ
ജയിലിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയിരിക്കുകയായിരുന്നു നിധിനും മാലതിയും.
“സാർ ഇങ്ങോട്ടേക്ക് വന്നതെന്നാണ്?.”
“വെറുതെ വന്നതാണ്. ദേവി അറിഞ്ഞ് കാണുമല്ലോ, ഞാൻ സസ്പെൻഷനിലാണ്.”
“അറിഞ്ഞു ടി വി വാർത്തയിൽ കണ്ടു.”
“എനിക്ക് ദേവിയോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. കപ്യാര് വാറുണ്ണിയേട്ടൻ മരണപ്പെട്ടു.”
“അതും അറിഞ്ഞിരുന്നു. സഞ്ജീവ് പോയതോടെ എനിക്ക് സമാധാനമായി ജീവിക്കാൻ കഴിയുന്നുണ്ട് സർ.”
ദേവിയുടെ നഗ്നമായ കഴുത്തിലെ മുറിപ്പാടുകൾ രാഹുൽ ശ്രദ്ധിച്ചു. സുന്ദരമായ ശരീരത്തെ വികലമാക്കിയ വരപ്പാട്. സഞ്ജീവിൻ്റെ പകയുടെ പാട്.
“എന്തൊക്കെയാണ് നാട്ടിൽ നടക്കുന്നത്. ദേവിയുടെ അറിവോടെയാണോ എന്നറിയാൻ.”
“ഞാനൊരു വക്കീലാണ്. വളച്ച് കെട്ടാതെ കാര്യം പറയൂ സാർ.”
“ഇന്നലെ രാത്രി, നിങ്ങൾ മുമ്പ് താമസിച്ചിരുന്ന മാത്യുവിൻ്റെ വീട്ടിൽ ആരോ ഉണ്ടായിരുന്നു. മരിച്ച വാറുണ്ണി അവിടെ നിന്നും ഇറങ്ങി പോയതിന് സാക്ഷികളുണ്ട്.”
“സാറിനെങ്ങനെയറിയാം. ആരാണാ സാക്ഷി. സസ്പെൻഷനിലായ സാർ ഇതിലൊക്കെ ഇടപെടുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനല്ലേ.”
“എനിക്ക് ആരെയും വഴി തെറ്റിക്കണ്ട. ഈ മരണക്കളി അവസാനിപ്പിക്കണം. കൈലാസനിൽ തുടങ്ങി വാറുണ്ണിയിൽ വരെ എത്തി നിൽക്കുന്ന ഈ ദുരൂഹത നിർത്തണ്ടേ മാഡം.”
“ഉം.”
“ഈ മരണക്കളി നിർത്തണ്ടേ മാഡം.”
“അതിന് ഞാനെന്ത് ചെയ്യാനാണ്. കേസ് അന്വേഷിക്കുന്നവർ ഇതൊക്കെ കണ്ടെത്തണ്ടേ, ഇതൊക്കെ അവരുടെ ജോലിയല്ലേ.”
“മാഡം ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. നിങ്ങളൊരു വക്കീലല്ലേ. നിങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് പലപ്പോഴും ഞങ്ങളുടെ പോലീസ് സർക്കിളിൽ ചർച്ചയായിട്ടുണ്ട്. ഇനി ഒരു മരണം കൂടി ഇവിടെ നടക്കാൻ പാടില്ല.”
“ആ വീട്ടിൽ താമസിക്കുന്നവരെക്കുറിച്ച് എനിക്കൊന്നുമറിയില്ല. അത് അറിയാവുന്നയാൾ എൻ്റെ അമ്മയാണ്.”
ദേവിയുടെ മുഖം ഗൗരവത്തിലായി, ശബ്ദം വിറ കൊണ്ടു.
ദേവിയും രാഹുലും കുറെ നേരം സംസാരിച്ചു, ഗേറ്റിൽ നിധിൻ്റെ കാർ വന്നപ്പോൾ രാഹുൽ യാത്ര പറഞ്ഞ് എഴുന്നേറ്റു.
സുമതിയും പ്രൊഫസർ മാലതിയും കാറിൽ നിന്നുമിറങ്ങി. മാലതി സംശയത്തോടെ ഗേറ്റ് കടന്നു പോകുന്ന രാഹുലിനെ നോക്കി.
“ദേവി, അയാളെന്താണ് ഇവിടെ?”
“അമ്മ അറിഞ്ഞില്ലേ അയാൾ സസ്പെൻഷനിലാണ്. ഭാര്യ കുട്ടികളുമായി പിണങ്ങി അവരുടെ വീട്ടിൽ പോയി. അവർ ഇയാൾക്കെതിരെ പരാതി കൊടുത്തു. നിയമോപദേശത്തിന് എൻ്റെയടുത്ത് വന്നതാണ്.”
“വേണ്ട, പോലീസുകാരുമായി ഒരു ബന്ധവും നമുക്ക് വേണ്ട. പണ്ടൊരുത്തൻ ഇഷ്ടവും പറഞ്ഞ് ഈ വീട്ടിൽ കയറി ഇറങ്ങി നടന്നതാണ്. അതിൻ്റെ അടയാളമാണ് ഇത്.”
ദേവിയുടെ കഴുത്തിലൂടെ മാലതി വിരലോടിച്ചു, അതൊരു ഭീഷണിയായി ദേവിക്ക് തോന്നി. അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്ന് പോയി. കുറെ നിമിഷങ്ങൾ ദേവി ആ നിൽപ്പ് തുടർന്നു.
“എന്താ ദേവി നിനക്ക് എന്ത് പറ്റി.”
നിധിൻ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചപ്പോഴാണ് ദേവിക്ക് ബോധം വന്നത്.
ദേവി വിറയ്ക്കുകയായിരുന്നു.
“ഒന്നും അവസാനിച്ചിട്ടില്ല നിധിൻ.”
“എന്താ എന്താണ്.”
ദേവി നിധിനെ മുറുകെ പിടിച്ചു.
“എന്ത് വന്നാലും നീ എൻ്റെ കൂടെ ഉണ്ടാകണം.”
അന്ന് രാത്രി രാഹുൽ സലീമിനെ പ്രതീക്ഷിച്ച് മഹേഷിൻ്റെ വീട് മുറ്റത്ത് പതുങ്ങി നിന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അയാൾ വന്നില്ല, മടങ്ങാൻ തുടങ്ങിയപ്പോഴാണ് സലീം വന്നത്.
“താൻ ഇനി വരില്ലായെന്നാണ് ഞാൻ കരുതിയത്.”
“അവർ എൻ്റെ വീടിൻ്റെ ചുറ്റും ഉണ്ടായിരുന്നു. ആ തട്ട് കടക്കാരൻ അവരുടെ ആളാണെന്ന് തോന്നുന്നു. എന്നെ സംശയം തോന്നി കാണും.”
സലീം ഒരു സുതാര്യമായ കവറിലാക്കിയ ഒരു മുടി നാര് രാഹുലിൻ്റെ നേരെ നീട്ടി.
“ആ ഹെയർ ക്ലിപ്പിൽ നിന്നും കിട്ടിയത്.”
രാഹുൽ കുറച്ച് നേരം ആലോചിച്ചു നിന്നു.
“ഇന്ന് ദേവിയുടെ വീട്ടിൽ നിന്നും ശേഖരിച്ചത്.”
“ഡി എൻ എ പരിശോധിക്കണം.”
“നമുക്ക് ഇന്നും ആ വീടിനടുത്ത് വരെ ഒന്ന് പോകണം.”
മഹേഷിൻ്റെ വീട്ടിലെ ചായ്പ്പിൽ നിന്നും ഒരു സൈക്കിൾ കണ്ട് പിടിച്ച് അതിലായി അവരുടെ രാത്രി യാത്ര. രാഹുൽ സലീമിനെ പിറകെ ഇരുത്തി വേഗത്തിൽ സൈക്കിൾ ചവിട്ടിയപ്പോൾ കിതച്ച് പോയി.
മാത്യുവിൻ്റെ വീടിന് രണ്ട് വീടകലെ സൈക്കിൾ ഒതുക്കി വച്ച് ഇരുട്ടിൽ അവർ കാത്ത് നിന്നു. മണിക്കൂറുകൾ കടന്ന് പോയി.
ആരോ മതിൽ ചാടുന്ന ശബ്ദം കേട്ട് രണ്ട് പേരും ജാഗരൂകരായി. ഇരുട്ടിലൂടെ ഒരു രൂപം നടന്നടുത്തു. രണ്ട് പേരും ഇരുട്ടിൽ പതുങ്ങി നിന്നു. അടുത്തെത്തിയപ്പോൾ ആളെ മനസ്സിലായി.
ഡെന്നി, നീലിൻ്റെ സഹായി. സുഹൃത്തും വലം കൈയും ആയിട്ടുള്ളവൻ
“താൻ ഇവനെ ഒന്ന് ഫോളോ ചെയ്തോളൂ. ഞാൻ നീലിനെ ഒന്ന് പോയി നോക്കാം.”
“വേണ്ട സാറെ, ഇതൊരു ട്രാപ്പാണെങ്കിലോ. നമ്മൾ ഇവിടെ നിൽക്കുന്നത് അവർ മനസ്സിലാക്കിയിട്ടുണ്ടെങ്കിലോ. ഇന്നലെ സാർ അവിടെ ചെന്നത് അവർ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ… അവൻ വാതിൽ തുറന്നു കാത്തിരിക്കുകയാകും. നമ്മുടെ കൈയിൽ തെളിവു
കൾ കൂടിയുണ്ട്. അത് കൂടി അവർ പിടിച്ചെടുക്കും.”
“താൻ പറഞ്ഞത് ഒരു പക്ഷെ ശരിയാണെങ്കിലോ.”
രണ്ട് പേരും ഇരുട്ടിൽ പതുങ്ങി ഡെന്നിയെ പിൻതുടർന്നു.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -103 - By Nisha Pillai - കൂട്ടക്ഷരങ്ങൾ