സിനിമ, കുട്ടിക്കാലം മുതൽ എൻ്റെ വീട്ടിൽ ഒഴിവാക്കാൻ പറ്റാത്ത വിനോദം ആയിരുന്നു. അച്ഛൻ ഒരു സിനിമ പ്രേമി ആയിരുന്നു. അതുകൊണ്ട് കുടുംബസമേതമാണ് ഞങ്ങൾ സിനിമ കാണാൻ പോവുക. അച്ഛൻ നേരത്തെ ബുക്ക് ചെയ്യും. ഫസ്റ്റ് ഷോയ്ക്കാണ് പോവുക. എനിക്ക് ഒരു ഇഷ്ടവും തോന്നാറില്ല. എന്തോ!! എനിക്ക് പേടിയും സങ്കടവും ഒക്കെ വരും. വല്ലാത്ത പറയാൻ പറ്റാത്ത ഒരു വികാരത്തോടെ ആണ് സിനിമ കഴിഞ്ഞു വരുക.
രാത്രി വന്നാൽ അച്ഛന് എല്ലാം ചൂടാക്കി ചോറ് തന്നെ വേണം. എനിക്ക് ദേഷ്യം വരും. കാരണം ഞാൻ മനസ്സിൽ പണിപ്പെട്ട് ഒരു സന്തോഷമുള്ള അവസാനം സിനിമയ്ക്ക് ഉണ്ടാക്കാൻ പാട് പെടുകയായിരിക്കും. മിക്ക സിനിമകളും അന്ന് ദുഃഖത്തോടെ അവസാനിക്കുന്നവ ആയിരിക്കും. പുതിയ ആകാശവും പുതിയഭൂമിയും, ഭാര്യ, ഇണപ്രാവുകൾ, എന്നിങ്ങനെയുള്ള സിനിമകൾ. ഭാര്യ സിനിമ കണ്ട് അമ്മ കരച്ചിലോട് കരച്ചിൽ. എനിക്ക് ഒന്നും മനസ്സിലായില്ല. ഈ അവിവിഹിതം ഒന്നും അറിയാത്ത
പ്രായം. ഒരു ഭാരം വെച്ച മനസ്സുമായിട്ടാവും പലപ്പോഴും സിനിമ എന്നെ വീട്ടിൽ
എത്തിക്കുക.
രാഗിണി, പത്മിനി, അംബിക, കവിയൂർപൊന്നമ്മ, സരോജാദേവി, സത്യൻ, നസീർ, തിക്കുറിശ്ശി, മുത്തയ്യ, എസ്. പി അടൂർ ഭാസി, ബഹദൂർ.. ഇവരൊക്കെ നിറഞ്ഞു നിന്ന കാലം. ആകാശ പൊയ്കയിലുണ്ടൊരു പൊന്നും തോണി.. പെരിയാറേ.. എന്ന പാട്ടുകൾ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അന്നും എന്നും. യേശുദാസും, കമുകറയും, പി. സുശീലമ്മയും. ഒക്കെ പാടിയ പാട്ടുകൾ കേൾക്കാൻ റേഡിയോയിൽ ചലച്ചിത്ര ഗാനത്തിന് വേണ്ടി കാത്തിരുന്നു.
ചേച്ചിമാരെയും അനിയനെയും സിനിമ വലിയതായി ബാധിച്ചില്ല. ഞാൻ മാത്രം
ഉറക്കമില്ലാത്ത രാത്രികളും ആയി കഴിച്ചു കൂട്ടി. കുഞ്ഞുനാളിലേ സിനിമകളും നോവലുകളും എന്നെ എന്തേ ഇത്ര ബാധിച്ചു എന്ന് എനിക്ക് അറിയില്ല. പിന്നെ പിന്നെ സിനിമകളും മാറി ഞാനും. പലതും മനസ്സിലായി തുടങ്ങി. ശാരദ, ഷീല, ജയഭാരതി, നസീർ, മധു, സത്യൻ, ഉമ്മർ തുടങ്ങിയവർ നിറഞ്ഞ കാലം. സ്വപ്നങ്ങൾ വിടർന്നു തുടങ്ങിയ മനസ്സിൽ അവരുടെ കഥാപാത്രങ്ങൾ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തി.
അത് കൂടുതൽ ദുഃഖവും ആധിയും ഉണ്ടാക്കി. പ്രേമം, പ്രണയം, ഇതൊക്കെ മനസ്സിൽ പൂവിട്ടു തുടങ്ങിയ കാലം. ഒരു പെണ്ണിൻ്റെ കഥ എൻ്റെ മനസ്സിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തി. പൂന്തേനരുവീ എന്ന പാട്ടും.
എസ്. ജാനകിയുടെ മറക്കാനാവാത്ത പാട്ടുകൾ… വാസന്ത പഞ്ചമി നാളിൽ…
യേശുദാസിൻ്റെ പാട്ടും നസീറിൻ്റെ കാമുകനും സത്യൻ്റെ ഭാവവും ഇന്നലെ മയങ്ങുമ്പോൾ പാട്ടും… കെ. ആർ. വിജയയുടെ മറക്കാനാവാത്ത അഭിനയവും.
ജയചന്ദ്രൻ്റെ മഞ്ഞലയിൽ മുങ്ങി തോർത്തിയും പാവാട പ്രായത്തിൽ എത്തിയ എനിക്ക് ഏറെ കൗതുകമായിരുന്നു. അച്ഛൻ സിനിമ എന്താണെന്ന് നോക്കാതെ ആയിരുന്നു ഞങ്ങളെ കൊണ്ടുപോയിരുന്നത്. അതുകൊണ്ട് എല്ലാ ജാതി സിനിമകളും കണ്ടൂ.
തുലാഭാരം സിനിമ കണ്ടിട്ട്, അമ്മ ഇസ്തിരി ഇട്ടുകൊണ്ട് ആൻ്റിക്ക് കഥ പറഞ്ഞു കൊടുത്തത് ഇന്നും ഓർക്കുന്നു. ഞാൻ കേട്ടിരുന്നു. കുട്ടിക്കാലത്ത് റേഡിയോവിൽ ശബ്ദരേഖ കേൾക്കുക വല്ലാത്ത അനുഭവമായിരുന്നു. അതും എല്ലാരും ഒരുമിച്ച്. സ്വപ്നം
കാണാൻ പഠിപ്പിച്ചത് അന്നത്തെ സിനിമകളും മനോഹരമായ പ്രേമഗാനങ്ങളും ആയിരുന്നു.
സിനിമയിൽ മാറ്റം വന്നുകൊണ്ടേ ഇരുന്നു. സ്വാഭാവികം!
പ്രിയപ്പെട്ട നായിക നായകന്മാർ തുടർന്നു. പുതിയവർ വന്നു. കമലഹാസനും ജയനും
മോഹൻലാലും മമ്മൂട്ടിയും വില്ലന്മാരായും അല്ലാതെയും വന്നു. ബലാൽസംഗ സീനുകൾ എന്നെ വല്ലാതെ അസ്വസ്ഥ ആക്കി.
മെല്ലെ ക്രൗൺ തിയേറ്ററിൽ ഇംഗ്ലീഷ് സിനിമകൾ കാണാൻ അച്ഛൻ അടുത്തുള്ള കൂട്ടുകാരുടെ കൂടെ വിട്ടു. ഒമൻ, എക്സോർസിസ്റ്റ് ഒക്കെ കണ്ട് പേടിച്ച് ഉറക്കം വരാത്ത രാത്രികൾ. ഫയറിംഗ് ഇൻ ഫെർനോ കണ്ട്, കത്തുന്ന വിളക്കിനെ തന്നെ നോക്കി പേടിച്ച കാലം. ടെൻ കമാൻഡ്മെൻസ് കണ്ട് വന്ന് അമ്മയ്ക്ക് കഥ പറഞ്ഞു കൊടുക്കുമ്പോഴാണ് അമ്മയ്ക്ക് ആദ്യമായി നെഞ്ച് വേദനയും ശ്വാസം മുട്ടലും വന്നത്. ആപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു.
എം ബി. ബി. എസ്. പഠനം…. ചേച്ചിമാർ കല്യാണം കഴിഞ്ഞ് പോയി. ഞാനും അനിയന്മാരും മാത്രം. ഒരുമിച്ച് സിനിമയ്ക്ക് പോവുന്നതൊക്കെ നിന്നു. ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങളും കുടുംബബന്ധങ്ങളും എല്ലാം മെഡിക്കൽ
സയൻസിൽ തെളിഞ്ഞു വന്ന സമയം. സിനിമകാണൽ പുതിയ വികാരങ്ങൾ
മനസ്സിൽ കുറിച്ചിടാൻ തുടങ്ങി. സെലക്ട് ചെയ്ത് സിനിമ കാണാൻ തുടങ്ങി. ശുഭ അവസാനമുള്ള സിനിമകൾ. എന്നാലും ക്ലാസിക്കുകൾ വിട്ടില്ല. കരച്ചിലും ചിന്തകളും വീണ്ടും.
ഹിന്ദി സിനിമകൾ എം ബി ബി എസ്. കാലത്തോടേ പ്രിയമായി. രാജേഷ്ഖന്നയും ധർമേന്ദ്രയും അമിതാബച്ചനും ശർമിള ടാഗോറും ഹേമമാലിനിയും, ഒക്കെ മനസ്സിൽ സ്ഥലം പിടിച്ചു. കൂടെ മുഹമ്മദ് റാഫിയും കിഷോർ കുമാറും മഹേന്ദ്ര കപൂറും പാടിയ പാട്ടുകളും. അന്നും ഇന്നും പ്രിയപ്പെട്ടവ. പാട്ടുകൾ ഒഴുകി വരുന്ന ഹൗസ് സർജൻസി സമയം. എല്ലാം ഏറെ ആസ്വദിച്ചു.
കല്യാണം കഴിഞ്ഞ് ആദ്യം കണ്ട സിനിമ “ശ്യാമ”. വയനാട്ടിൽ നിന്നും വന്ന് കണ്ടത്. ആദ്യം ടിക്കറ്റ് കിട്ടിയില്ല. വയനാട്ടിൽ ചുള്ളിയൊട് വീട്ടിൻ്റെ അടുത്ത് ആയിരുന്നു ഒരു സിനിമാ കൊട്ടക. പുറത്തിരുന്നാൽ ഡയലോഗ് കേൾക്കാം. അവിടുന്നാണ് പഞ്ചാഗ്നി കണ്ടത്. എത്രയോ ദിവസം ഞാൻ ഉറങ്ങിയില്ല. ചേച്ചി വയനാട്ടിൽ ആയിരുന്നപ്പോൾ ആണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വന്നത്. ഇപ്പോഴും മിഴിയോരം നനഞ്ഞൊഴുകും എന്ന പാട്ട് എന്നെ വല്ലാത്ത ഒരു ചിന്തകളിൽ എത്തിക്കും. പൂർണിമ ജയറാമും ശങ്കറും
മോഹൻലാലും. ഒരു പാട് ഓർമ്മകൾ ഇന്നും ആ പാട്ടും സിനിമയും മനസ്സിൽ
കൊണ്ടുവരും.
പിന്നെ വീണ്ടും കോഴിക്കോട്ട്… അപ്പുവിൻ്റെ വരവ്. വെള്ളിമാട് കുന്ന് ലീലാ തിയറ്ററിൽ
വന്നാണ് സിനിമ കാണുക. കുറച്ച് കണ്ട് കഴിഞ്ഞാൽ അപ്പു ഉറങ്ങും. ഒരു ശല്യവും
ഉണ്ടാക്കാത്ത മോൻ. മക്കളുടെ കൂടെ സിനിമ കാണാൻ തുടങ്ങി.ഉണ്ണീ ഒരു
പ്രായമാവും വര അവൻ്റെ കൂടെ. അവനും ചിറകുകൾ വെച്ചപ്പോൾ പിന്നെ ഞങ്ങൾക്ക് രണ്ടാൾക്കും സിനിമ കാണാൻ വല്ല്യ താൽപ്പര്യമില്ലാതായി. പിന്നിങ്ങോട്ട് എല്ലാം മാറിയില്ലേ. സിനിമ… നടന്മാർ, തീം.. എല്ലാം എല്ലാം.. നല്ല സിനിമകൾ തിരഞ്ഞു പിടിച്ച് മാത്രം കണ്ടൂ.
സിനിമ മൊബൈലിലും മറ്റും വന്നു തുടങ്ങിയില്ലെ? എനിക്കത് ഒന്നും അറിയില്ല. പഴയ സിനിമകളിൽ, പാട്ടുകളിൽ ഇന്നും ഓർമ്മകൾ ഒഴുകി നടക്കും. അവയ്ക്ക് പകരം വെക്കാൻ ഒന്നുമില്ല എന്ന് തോന്നും. ചെമ്പരത്തി, നിർമ്മാല്യം, നെടുമുടി വേണു,
ഭരത് ഗോപി, മുരളി ഇവരെയൊന്നും മറക്കാൻ പറ്റില്ല. ഏറെ എഴുതാനുണ്ട്. അപ്പുവും ലക്ഷ്മിയും ഉണ്ണിയും കളിയാക്കും..
”അമ്മയുടെ ഒരു കാര്യം”
“എങ്ങനെ സഹിച്ചു അന്നത്തെ നടീനടന്മാർ അഭിനയിക്കുന്നത്”.
ജീവസ്സുറ്റ ആ അഭിനയവും മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങളും എങ്ങനെ മറക്കും. എൻ്റെ ശൈശവ, കൗമാര, യൗവന സ്വപ്നങ്ങൾ ഇന്നും പൂക്കുന്നു തളിർക്കുന്നു, ആ സിനിമകളും പാട്ടുകളും ഓർക്കുമ്പോൾ. ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചു വെച്ച കുന്നിക്കുരുപോലെ… മയിൽപ്പീലി പോലെ… എല്ലാ കാലത്തും മനസ്സിനെ
സുന്ദരമായ പഴയ കാലത്തേക്ക് കൊണ്ടുപോകും.
അവസാനം “സർവം മായ” വരെ എത്തി. കൂടെയുള്ള ഡോക്ടറുടെ കൂടെ പോയി കണ്ടതാണ്. അതേ AI യുടെ കാലത്ത് ജീവിക്കുന്ന എനിക്ക്.. പഴയ കാലവും
എൻ്റെ സ്വപ്നങ്ങളും ഇന്നും കൂടെ ഉണ്ട്, ഇപ്പോഴും മഴവില്ല് വിടർത്തിക്കൊണ്ട്…
സുധി


3 Comments
നന്ദി ശ്രീകുമാരി..ഓർമ്മകൾ .എഴുതാൻ ഇഷ്ടമാണ് എനിക്ക്
കഥ നന്നായി എഴുതി ഡോക്ടറെ പോലെ സിനിമ ഭ്രാന്തി ആയിരുന്നു ഞാനും. എല്ലാ വെള്ളിയാഴ്ചകളിലും പുതിയ സിനിമ തുടങ്ങുമ്പോൾ ഞാനും എൻറെ ചേച്ചിമാരും തിയേറ്ററിൽ ഉണ്ടാകും
അതെ, കുട്ടിക്കാലത്ത് തിയേറ്ററിൽ കണ്ട സിനിമകൾ ആവർത്തിച്ച് പറഞ്ഞ് ചിരിക്കുകയും കരയുകയും ചെയ്തിരുന്നു. നല്ല ഓർമ്മപ്പെടുത്തൽ. പാട്ടുകൾ സ്വന്തം പാട്ടുകൾ പോലെ തോന്നിയിരുന്നു. കാണുന്ന സിനിമകളുടെ എണ്ണം കുറവായതിനാൽ ഓരോന്നും നന്നായി മനസ്സിൽ നിൽക്കും.❤️
👍👏