ഒരിറ്റ് നാണമില്ലാതെ, ഇനി കാണുമ്പോൾ അരിപ്പത്തിരിയും ഇറച്ചിക്കറിയും വാങ്ങിത്തരുമോയെന്ന് ഞാനെന്റെ ഒരു സുഹൃത്തിനോട് നിരന്തരം ആവശ്യപ്പെടാറുണ്ട്. എന്നെത്തന്നെ അത്ഭുതപ്പെടുത്തുന്ന സംഗതിയാണ് ഈ ആവശ്യപ്പെടൽ. എന്റെ വീട്ടിലിലില്ലാത്ത ഒരു ചെടിയുടെ വിത്തോ, വായിക്കാൻ അത്രകണ്ട് ആഗ്രഹിച്ച ഒരു പുസ്തകമോ അല്ലാതെ മറ്റൊന്നും സാധാരണ ഞാൻ ആരോടും ആവശ്യപ്പെടാറില്ലായിരുന്നു.
ഈയിടെയായി എനിക്ക് ഒരു മോശം സ്വഭാവം കൂടി വന്നു ചേർന്നിട്ടുണ്ട്. ആരെങ്കിലും എവിടേക്കെങ്കിലും പോകാൻ തുടങ്ങുമ്പോൾ, “പോയിട്ട് വരുമ്പോ എനിക്കെന്താ കൊണ്ട് വരിക..” എന്നൊരു വൃത്തികെട്ട ചോദ്യം ചോദിക്കും.
ഇന്ന് കൂടി ഞാനെന്റെ ഒപ്പമുള്ള അധ്യാപികയോട് ചോദിച്ചിരുന്നു, ഉത്സവത്തിന് പോയിട്ട് വരുമ്പോൾ എനിക്ക് “കൊളുന്ത്” വാങ്ങി വരുമോന്ന്.
‘നോക്കട്ടെ മിസ്സേ, കിട്ടിയാൽ വാങ്ങാം’ എന്ന മറുപടി ഒരു നിമിഷത്തെക്കെങ്കിലും എന്നിൽ കൊളുത്തിയ പ്രതീക്ഷയുടെ ഒരു തിരിവെട്ടമുണ്ട്. അണയുവോളം തെളിഞ്ഞു കത്തുന്ന ഒരു കുഞ്ഞ് സന്തോഷത്തിന്റെ ചെറുനാളം.
പണ്ടേതോ കാലത്ത് നിരസിക്കപ്പെട്ടതോ കിട്ടാതെ പോയതോ ആയ, ഒരിക്കലും തുറക്കാൻ കഴിയാത്ത സമ്മാനപ്പൊതികളോടുള്ള, പരിഭവം തീർക്കാനാകാം ഞാനും നിങ്ങളും ആരോടൊക്കെയോ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്. പക്ഷേ അതെല്ലാരോടും ചോദിക്കാൻ കഴിയില്ലല്ലോ..!
അത്രയ്ക്ക് സ്നേഹം ചേർത്ത് വെക്കുന്നവരോട് മാത്രമേ അങ്ങനെ ഒരു ആവശ്യപ്പെടൽ എനിക്കും നിങ്ങൾക്കും സാധ്യമാകൂ. അല്ലാത്ത പക്ഷം പതിവ് മൗനം ചേർത്ത് പിടിച്ച് ഞാനും നിങ്ങളും നിശ്ശബ്ദരാകും.
ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ച നിരവധി കാര്യങ്ങൾ പല കാലങ്ങളിലായി ഉറവകളിൽ തന്നെ മണ്ണിട്ട് മൂടിയ അനുഭവങ്ങൾ ഉള്ളിൽ ഉള്ളതുകൊണ്ടാകാം നിശ്ശബ്ദരാകുക എന്നൊരു പാകപ്പെടൽ സാധ്യമാകുന്നത്.
ഒരു സങ്കോചവും തോന്നാതെ, ഒരു സമ്മാനം വാങ്ങിത്തരുമോ എന്ന് ആവശ്യപ്പെടാൻ കഴിയുന്ന ഒരാളെങ്കിലും നിങ്ങൾക്കുണ്ടോ? നാണക്കേടിന്റെ കറ വീണേക്കുമെന്ന് ഭയക്കുന്ന എല്ലാ ശീലകളും അഴിച്ചു വെച്ച് തന്റെ ആരോ ആണെന്ന സ്വാതന്ത്ര്യബോധത്തോടെ പറ്റിച്ചേർന്നു നിൽക്കാൻ കഴിയുന്നൊരാൾ? ഒരു കരച്ചിൽ വന്ന് മുട്ടുന്ന നേരം മുറുകെ പുണർന്ന് നിൽക്കാൻ ചുമല് നൽകുന്നൊരാൾ?
ഈ കൊടും തിരക്കിന്റെ കാലത്ത്, നമുക്കായ് മാത്രം സമയം കണ്ടെത്തി, നമ്മളെ തിരക്കി വരാനും എല്ലാ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഒരോഹരി കൈപ്പറ്റാനുമായ് ഒരാളുണ്ടാവുക. എത്ര മനോഹരമായിരിക്കുമത്..!
ഒരു ചെറു സമ്മാനത്തിലൂടെ, ഒരാശ്ലേഷത്തിലൂടെ, പങ്കുവെച്ച സമയത്തിലൂടെ, സ്നേഹപ്പെട്ട് ഒപ്പമുണ്ടായിരുന്ന ഒരു കാലത്തെക്കൂടിയാണ് അവർ നമ്മളിൽ അടയാളപ്പെടുത്തുന്നത്. നിങ്ങളിലുമുണ്ടാകും അങ്ങനെയൊരാളിന്റെ മായാത്ത സ്നേഹം പച്ചകുത്തിയ പാടുകൾ.
അളന്നു തൂക്കിയും എണ്ണി തിട്ടപ്പെടുത്തിയുമല്ലാതെ നമ്മൾ പങ്കുവെച്ച നല്ല നേരങ്ങൾ ആരെയൊക്കെയോ ഇപ്പോഴും ജീവിപ്പിക്കുന്നുണ്ടാകും. തീർച്ച.
ഇടനേരങ്ങളിൽ ഓർമ്മകളുടെ ഞരമ്പുകളിൽ ഒന്ന് തൊട്ടു നോക്കൂ, ഹൃദയമിടിപ്പ് അടക്കം ചെയ്ത്, പ്രിയമോടൊരാൾ കൈമാറിയ കുഞ്ഞ് സമ്മാനപ്പൊതികളുടെ ഇളം ചൂട് ഇപ്പോഴുമവിടെ തങ്ങിനിൽപ്പുണ്ടാകും.!
ചുറ്റിലും ചെവിയോർത്താൽ കേൾക്കാം, സ്നേഹവിചാരണയിൽ തോറ്റ്, മുറിഞ്ഞു പോയവരുടെ ഒതുക്കിയ നെടുവീർപ്പുകൾ. ഇതുവരെ ആരും പങ്കിടാത്ത കരുതലിലൂടെ, ഒരു ചേർത്ത് പിടിക്കലിലൂടെ, അവരിലെ പച്ചയുണങ്ങാത്ത പരശതം മുറിവുകൾക്ക് മേലെ നമുക്കും ഇറ്റു വീഴുന്ന സ്നേഹത്തിന്റെ നീരൊഴുക്കാകാം.
അങ്ങനെയെങ്കിലും സ്നേഹത്തെ പുനർനിർവചിക്കാൻ എല്ലാവർക്കും സാധിക്കട്ടെ… 💜


2 Comments
ഇഷ്ടം
ഷീബാ മനസ്സിലേക്കിറങ്ങുന്ന വരികൾ♥️
വിടർന്ന ഒരു ചിരി മതി നമ്മിൽ സ്നേഹത്തിൻ്റെ നീരുറവ പടർത്താൻ
സ്നേഹം♥️♥️