റിഷിക ഉറക്കമുണർന്നിട്ടും അല്പസമയം കൂടി കിടക്കയിൽ തന്നെ തുടർന്നു. വശങ്ങളിൽ, നെറ്റിപ്പട്ടമണിഞ്ഞ ആനയുടെ ചിത്രങ്ങളുള്ള കോട്ടൺ കിടക്കവിരി അയഞ്ഞു തൂങ്ങി കിടന്നിരുന്നു. കറുപ്പിൽ തിളങ്ങിയ സ്വർണവർണം ഈയിടെയായി തന്നെ കൂടുതൽ ആകർഷിക്കുന്നുണ്ടെന്ന് അവൾക്കു തോന്നി.
വേനലവധി നാട്ടിലെ പഴയ തറവാട്ടിൽ ചിലവഴിക്കണമെന്നത് അമ്മയുടെ ശാഠ്യമായിരുന്നു. അടുത്ത വർഷം പൊളിച്ചുനീക്കാൻ ഉദ്ദേശിച്ച തറവാട്ടിലെ അവസാനത്തെ താമസമായിരിക്കുമെന്നു അമ്മയവളെ യാത്രയിൽ ഉടനീളം ഓർമ്മപ്പെടുത്തി.
ദില്ലി നഗരജീവിതം ശീലിച്ച അവൾക്കു വലിയ തറവാടിനോടും ചുറ്റും പരന്നു കിടക്കുന്ന തൊടിയോടും പായൽ പൊതിഞ്ഞ കുളത്തിനോടും ഒരു മമതയും തോന്നിയിരുന്നില്ല. ഉറങ്ങാത്ത നഗരത്തിലെ അണയാത്ത വെളിച്ചവും നിരത്തിലെ നിലയ്ക്കാത്ത ഇരമ്പലും നഷ്ടപ്പെടുത്താൻ തീരെ താല്പര്യവുമില്ല. പക്ഷെ അമ്മയുടെ ഗൃഹാതുരത്വം നിറഞ്ഞ കഥകളിൽ പാടവും തൊടിയും കാവും തുടിച്ചു നിന്നിരുന്നു. ചെമ്മണ്ണിന്റെ നിറമുള്ള ഇടുങ്ങിയ നാട്ടിടവഴികളും ഉറക്കം തൂങ്ങുന്ന ഗ്രാമവും അമ്മക്കെങ്ങനെ ഇത്രയും പ്രിയപ്പെട്ടതാകുന്നുവെന്ന് അവൾ കരുതും. പക്ഷെ ആരേയും മുഷിപ്പിക്കാത്ത അവളുടെ പ്രകൃതം, എല്ലാ ചോദ്യങ്ങളും വിഴുങ്ങി. തറവാട്ടിലെ ഏക പെൺതരിയെ വേനലും വീടും തൊടിയും കിണറും മരങ്ങളും കാറ്റും കാത്തിരുന്നു.
യൂണിവേഴ്സിറ്റി കാമ്പസിൽ വെച്ചു പരിചയപ്പെട്ട അക്ഷിത്, പരിചയക്കാരനിൽ നിന്നും ബഹുദൂരം സഞ്ചരിച്ച വർഷമായിരുന്നല്ലോ, പഠന കാലത്തിന്റെ ഈ അവസാന വർഷം. തന്റെ അച്ഛൻ സമ്മാനിച്ച നിക്കോൺ ക്യാമറയിൽ പകർത്തിയെടുത്ത ചിത്രങ്ങൾ ആൽബങ്ങളിൽ അമൂല്യമായി സൂക്ഷിക്കുന്ന അക്ഷിതിനോടു ആത്മബന്ധം വളർന്നിരുന്നു. വെള്ളാരങ്കണ്ണുകൾ വിടർത്തി ചിരിക്കുന്ന നന്നെ വെളുത്ത അക്ഷിതിന്റെ ചിത്രങ്ങൾ ഹിമാചൽ പ്രദേശിന്റെ ഭംഗി ഒപ്പിയെടുത്തതായിരുന്നു. മഞ്ഞു വീണ താഴ്‌വരകളും വളഞ്ഞു പുളഞ്ഞു പോകുന്ന ചെറിയ മലമ്പാതകളും ക്യാമറയിലും അവന്റെ സെൽഫോണിലെ ഗ്യാലറിയിലും നിറഞ്ഞു. മഞ്ഞു പാളികളിൽ വീഴുന്ന സൂര്യരശ്മികളിൽ ജ്വലിക്കുന്ന ഗിരിശൃംഗങ്ങൾ വശ്യതയോടെ അക്ഷിതിനോടൊപ്പം അവളുടെ ഹൃദയത്തിൽ തൊട്ടു.
മരം കൊണ്ടു പണിത ചെറിയ വാതിലുകളുള്ള വീടുകളും അതിനു പുറത്തു നിൽക്കുന്ന കമ്പളി കുപ്പായങ്ങളിൽ പൊതിഞ്ഞ സ്ത്രീകളും കുഞ്ഞുങ്ങളും അവന്റെ കൂട്ടുകുംടുംബത്തിന്റെ ചിത്രം തന്നെയെന്ന് അവൻ പരിചയപ്പെടുത്തി.
അക്ഷിത്, നോർത്ത് ഇൻഡ്യൻ പാരമ്പര്യ ക്ഷേത്രകലകളെ കുറിച്ചുള്ള പ്രബന്ധം സമർപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. നാശോന്മുഖമായ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കലയുടെ വേരുകൾ ചികയുന്ന അയാൾ കൂടുതൽ സംസാരിച്ചതും അയാൾ പകർത്തിയ അനേകം ചിത്രങ്ങളിലൂടെയായിരുന്നു.
“എന്നെ പോലെ പഹാഡിയെ ഈ ദില്ലി നഗരത്തിലെ പെൺകുട്ടിക്ക് എങ്ങനെ ഇഷ്ടപ്പെട്ടു?, നഗരത്തിലെ രാജപാതയുടെ ഇരുവശവും പൂത്തു നിന്ന ഗുൽമോഹർ മരങ്ങൾക്കു കീഴെ കക്കിരിക്ക ഉപ്പും മുളകും മുക്കി തിന്നുമ്പോൾ അവൻ ചോദിച്ചു.
‘ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, കൃത്യമായി കാരണം കണ്ടെത്താൻ ശ്രമിക്കാത്ത ഇഷ്ടങ്ങൾ, സ്ഫടികം പോലെ സുതാര്യമായിരിക്കും. ‘ അവളുടെ മറുപടിയിൽ പിടഞ്ഞ്, അവന്റെ വെളാരങ്കണ്ണുകളിൽ ആശങ്ക തിരയിളക്കി.
വിദ്യാഭ്യാസവും ഇഷ്ടാനിഷ്ടങ്ങളും വിഷയമല്ലാതെ സ്വന്തം സമുദായത്തിൽ നിന്നും പുത്രവധുവിനെ തേടുന്ന രീതി പിന്തുടരുന്ന തന്റെ കുടുംബം, ചെറുപ്രായത്തിൽ തന്നെ വിവാഹത്തിനായി നിർബ്ബന്ധിക്കുന്നുവെന്ന് വഴുവഴുപ്പുള്ള വാക്കുകളിൽ അവൻ പറഞ്ഞൊപ്പിച്ചു.
“ഇല്ല, റിഷിക, അങ്ങനെ സംഭവിക്കില്ല”, അവൻ പിറുപിറുത്തു. പക്ഷെ അയാളുടെ വാക്കുകൾ ദുർബലമായിരുന്നു.
സെൽഫോണിൽ നിന്നും കണ്ണെടുക്കാതെ ഇരിക്കുന്ന മകളുടെ തലമുടിയിൽ വിരൽ കൊരുത്തു കെട്ടുപിണഞ്ഞ മുടിയിഴകൾ വേർതിരിച്ചെടുക്കുന്നതിനിടയിൽ ഉമ മകളോട് പറഞ്ഞു.
“അമ്മൂമ്മ നിനക്കായി കസവുസാരി വാങ്ങി വെച്ചിട്ടുണ്ട്.”
“എനിക്കു അതൊന്നും വലിയ താല്പര്യമില്ലമ്മേ.” കണ്ണടക്കുള്ളിൽ അവളുടെ കണ്ണുകൾ ചിമ്മി തുറന്നു.
“അറിയാം, എങ്കിലും അമ്മൂമ്മയുടെ സന്തോഷത്തിന്. ”
“ഉം… “, അവൾ പതിയെ മൂളി.
“ഫോണിൽ അക്ഷിതിന്റെ ചിത്രത്തിനു മുന്നിൽ പച്ച നിറം തെളിഞ്ഞപ്പോൾ, അവളുടെ ഹൃദയമിടിപ്പു കൂടി.
‘ഞാൻ എത്ര ദിവസമായി കാത്തിരിക്കുന്നു ‘, ഇതു വളരെ ക്രൂരമാണ്, അക്ഷിത്, വിരലുകൾ അവർക്കിരുവർക്കും അറിയാവുന്ന ഭാഷയിൽ സംവദിച്ചു. അവളുടെ പരിഭവം, ഇമോജികളും ചിഹ്നങ്ങളും ഏറെറടുത്തു.
‘വൈകിയതിന് ക്ഷമ ചോദിക്കുന്നു. നിന്നോട് എങ്ങനെ പറയണം എന്നെനിക്കറിയില്ല, ഞാനൊരു ചിത്രം നിനക്കയക്കുന്നുണ്ട്.’
അവളിലൂടെ ഒരു നടുക്കം പാഞ്ഞുപോയി. പെട്ടെന്ന് വെളിച്ചമണഞ്ഞ് കറുത്തനിറം ചില്ലിൽ പടർത്തി ഫോൺ നിശ്ചലമായി.
“ശ്ശോ… എന്താണിത്? എന്റെ സെൽ ഫോൺ പെട്ടെന്നു ബ്ളാങ്ക് ആയി പോയല്ലോ.” ചെറിയ കറുത്ത ദീർഘചതുരം അവളുടെ മുന്നിൽ അനക്കമറ്റ് കിടന്നു.
‘എന്തായിരിക്കും അവനയച്ച ചിത്രം ‘, അവളുടെ നെഞ്ചിൽ തിരമാലകൾ തല്ലിയലച്ചു.
“കണക്കായി പോയി… ഇനി നിന്നെ ഒന്നു ഞങ്ങൾക്ക് കാണാൻ കിട്ടുമല്ലോ”, ഉമ കുലുങ്ങി ചിരിച്ചു.
ഉമ പറയുന്നതൊന്നും അവൾ കേട്ടില്ല.
“എങ്ങനെയാ ഇവിടെ ഇതു ഫിക്സ് ചെയ്യുന്നേ?”, റിഷിക യുടെ സ്വരമുയർന്നു.
“അതിന് ടൗണിൽ പോകണം, ഇത്ര ബഹളം വെയ്ക്കാനുണ്ടോ? ഒന്നു ക്ഷമിക്കൂ. ഫോൺ ശരിയാക്കി കിട്ടാൻ ചിലപ്പോൾ കുറച്ചു ദിവസമെടുക്കും, ഇതു വലിയ സിറ്റിയൊന്നുമല്ലല്ലോ.”
റിഷിക അമ്മയോടു വീണ്ടും ആവശ്യമുന്നയിച്ചു. പതിവില്ലാത്ത രീതിയിൽ ഫോണിന് വാശി കാണിക്കുന്നതെന്തിനാണെന്ന് അവർ തിരിച്ചു ചോദിച്ചു. അനുനിമിഷം കട്ടികൂടി വരുന്ന കറുപ്പ് റിഷികയെ പിന്തുടർന്നു.
അവൾ തൊടിയിൽ ചുറ്റി നടന്നു. കാച്ചെണ്ണയുടെ പരിചിതമല്ലാത്ത ഇളം തണുപ്പു അവളുടെ കണ്ണുകളിൽ കുളിരായി പെയ്തിറങ്ങി. തൊടിയിൽ ചുറ്റിയടിക്കുന്ന കാറ്റിൽ, നാട്ടുപച്ച ദേഹത്ത് ഉരസ്സിയുലഞ്ഞു.
ദൂരെ തെളിയുന്ന കടും ചുവപ്പു നിറം റിഷിക നോക്കി നിന്നു. വെള്ളമുണ്ടുടുത്ത് അതിനു മുകളിൽ കടും ചുവപ്പു കച്ച മുറുക്കി കെട്ടി, കഴുത്തറ്റം മുടി നീട്ടി വളർത്തിയ രാമനും സംഘവും പാടവരമ്പിലൂടെ നടന്നടുത്തു. ഒറ്റ ചെണ്ടയിൽ കൊട്ടു മുറുകി. ദ്രുത താളത്തിൽ, അരമണിയും ചിലമ്പും കിലുക്കി രാമൻ തുള്ളി വിറച്ചു. വിറയലിൽ അയാളുടെ നഗ്നമായ ശുഷ്ക്കിച്ച മേനിയിൽ, വാരിയെല്ലുകൾ എഴുന്നു നിന്നു. ഉയർത്തിയ പള്ളിവാളിന്റെ അഗ്രം പടം വിടർത്തിയ നാഗത്തിനെ പോലെ വായുവിൽ ഉലഞ്ഞു.
അമ്മൂമ്മ വലിയ മുറത്തിൽ നിന്നും പച്ച നെല്ല് ചൊരിഞ്ഞു. പറയിൽ നിറഞ്ഞു തൂവിയ നെല്ല് വെള്ളത്തുണിയിൽ വാരിക്കെട്ടി രാമൻ യാത്രയായി. രാമന്റെ ചുവന്ന കച്ച കാഴ്ചയിൽ നിന്നും മറഞ്ഞു പോയിട്ടും മുറ്റത്തു ചുവന്ന നിറം തങ്ങി നിൽക്കുന്നില്ലേ?, റിഷിക, അയാൾ പോയ വഴി നോക്കി നിന്നു.
“എല്ലാ കൊല്ലവും കൊടുങ്ങല്ലൂര് ഭരണിക്ക് പോകും, രാമൻ വെളിച്ചപ്പാട് “, അമ്മൂമ്മ അവളോടു പറഞ്ഞു.
“എന്താ ഈ ഭരണി ഉത്സവത്തിന്റെ സ്റ്റോറി?, അവൾ ഉത്സാഹത്തോടെ അമ്മൂമ്മയെ നോക്കി.
‘കൊടുങ്ങല്ലൂര് ഭരണിയുടെ കാവു തീണ്ടലും മുടിയേററും കളംപാട്ടും പ്രസിദ്ധാണല്ലോ. മീനമാസത്തിലെ ഭരണി നാളിലാണ് ഉത്സവം. കാണാൻ ഒത്തിരി ആളുകളെത്തും. ‘
“കേട്ടിരിക്കണ കഥ ഇങ്ങനെയാണ് “, അവർ തുടർന്നു.
‘ശിവന്റെ മൂന്നാം കണ്ണിൽ നിന്ന് പുറത്തുവന്നതാണ് ഭൈരവിയെന്ന കാളി എന്നാണ് വിശ്വാസം. വസൂരി, കോളറ പോലെയുള്ള മഹാവ്യാധികളിൽ നിന്നും തട്ടകത്തെ കാക്കുന്ന ദേവി. ദേവാസുരയുദ്ധം അവസാനിച്ചപ്പോഴും രക്ഷപ്പെട്ട്, ഒളിച്ചിരുന്ന രണ്ടുപേരുടെ മക്കളായിരുന്നു ദാനവനും ദാരികനും. അമ്മമാർക്ക് ബ്രഹ്മാവ് നൽകിയ വരമായിരുന്നു, പുരുഷന്മാർക്കും സൂര്യ വെളിച്ചത്തിലും വധിക്കാൻ സാധിക്കാത്ത ഈ അസുരന്മാർ. ഭദ്രകാളി തന്റെ നീണ്ടു ചുരുണ്ട മുടിയഴിച്ചിട്ട് സൂര്യബിംബത്തെ മറച്ച് മായായുദ്ധം ചെയ്താണ് ദാരികനെ വധിച്ചത്. ഈ കഥയാണ് മുടിയേറ്റിൽ പാടുന്നത്. ചെമ്പട്ടു ചുറ്റി പള്ളിവാളും കാൽചിലമ്പും മഞ്ഞളും കുങ്കുമവുമായി ഉറഞ്ഞു തുള്ളി വെളിച്ചപ്പാട് കാവു തീണ്ടും. ഒന്നും രണ്ടുമല്ല ഒരു കൂട്ടം പേരുണ്ടാകും.
പലനാടുകളിൽ, തെയ്യം, പടയണി, കോമരം എന്നിങ്ങനെ പല പേരുകളിൽ, ഭഗവതിക്ക് പറയാനുള്ളത് ഭക്തരോടു പറയും. വെളിച്ചപ്പെട്ടാൽ പിന്നെ ആളല്ല, ഭഗവതി തന്ന്യാണ് സംസാരിക്ക്യാ.’
“അമ്മൂമ്മ ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ?, റിഷിക വാക്കുകൾ പുഞ്ചിരിയിൽ കൊരുത്തു.
“ഇവിടെ ജീവിച്ച, ഈ ആചാരങ്ങൾ ശീലിച്ച ഞങ്ങൾക്ക് ഇതിലൊക്കെ വിശ്വാസം കാണില്ലേ? ചെറുപ്പം തൊട്ടു കേൾക്കുന്നതല്ലെ, അവർ മറുചോദ്യം ചോദിച്ചു. അവൾ അക്ഷിതിനെ ഓർത്തു.
‘ അഴിച്ചെടുക്കാനാകാത്ത അദൃശ്യമായ ചരടുകൾ മനുഷ്യബന്ധങ്ങളെ വരിഞ്ഞു മുറുക്കും.’, അവൾ കരുതി.
കാലപ്പഴക്കത്തിൽ അടർന്നു തുടങ്ങിയ ചാരുപ്പടിയിൽ അവൾ ചമ്രം പടിഞ്ഞിരുന്നു. ഈട്ടിത്തടിയുടെ നേർത്ത കറുപ്പിൽ വിരലോടിച്ചു. ചങ്ങലയിൽ തൂങ്ങുന്ന തൂക്കുവിളക്കിൽ എരിയുന്ന തിരിവെട്ടം കാററിലാടി. ചങ്ങലയിൽ വെളിച്ചം സ്വർണവർണത്തിൽ ഇഴഞ്ഞു നീങ്ങി.
“നേരം പോണില്യാലേ, മോൾക്ക്? തട്ടിൻപ്പുറത്തു അലമാരിയിൽ കുറെ പഴയ പുസ്തകങ്ങളുണ്ട്, ഒന്നു പോയി നോക്കൂ “, അമ്മൂമ്മ അവളെ വിരസതയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചു.
“അവിടെയാകെ പൊടി പിടിച്ചുകാണും, സൂക്ഷിക്കണംട്ടോ കുട്ട്യേ.”
അവൾ മരഗോവണി കയറി. ഗോവണിയുടെ പഴകിയ മരപ്പലകകൾ ഞെരങ്ങി കരഞ്ഞു. കൈവരികളിൽ പൂതൽ പിടിച്ചു തുടങ്ങിയിരുന്നു. ചെറു പ്രാണികൾ അനേകം സൂക്ഷ്മ ദ്വാരങ്ങൾ വീഴ്ത്തി അവയെ ദുർബലമാക്കിയിരുന്നു.
‘കാലം, അതിന്റെ അജയ്യമായ കുതിപ്പിൽ പഴമയെ ദുർബലമാക്കി അതിനു മുകളിൽ വിജയം വരിക്കുന്നത് സ്വാഭാവികമാണല്ലോ.’
ജനാലയുടെ മരപ്പാളികൾ തുറക്കാൻ വിസമ്മതിച്ചു. നല്ല ഒച്ചയനക്കത്തോടെ തുറന്ന ജനാലയുടെ കോണിൽ നിന്നും ചെറുപ്രാണികൾ പൊടിയിൽ പുളച്ചു, ചിറകുകൾ വിടർത്തി പറക്കാൻ ശ്രമം നടത്തി. പൊടിയും മാറാലയും പിടിച്ച അലമാരയിൽ അവൾ പുസ്തകങ്ങൾ തിരഞ്ഞു.
നിഷ്ഠകളും മാമൂലുകളും ആചാരങ്ങളും ജീവിതശൈലിയായ ജനതയുടെ ജീവിതം അവൾക്കു മുന്നിൽ ചുരുൾ നിവർത്തി. സംഭവകഥളിൽ ഭാവന ഇഴ ചേർന്നു. വിശ്വാസങ്ങളുടെ മണ്ണിൽ വേരോടിയ കഥകൾക്കു ജീവൻ ലഭിച്ചു. പുസ്തകത്താളിലെ അക്ഷരങ്ങൾ, കറുത്തിരുണ്ട കുഞ്ഞൻ ഉറുമ്പുകളായി മെല്ലെ അരിച്ചു. മിത്തുകൾ മനുഷ്യമനസ്സിന്റെ നിഗൂഢതകളുടെ മലമടക്കുകളിൽ ചുറ്റിത്തിരിയുന്ന കാറ്റായി വീശി.
പഴങ്കഥകൾ മയങ്ങുന്ന തറവാടും പരിസരവും അവളുടെ മനസ്സിന്റെ കടിഞ്ഞാൺ കൈവശപ്പെടുത്താൻ തുടങ്ങി.
അടുക്കളപ്പുറവും പത്തായപ്പുരയും കടന്നു അവൾ നടന്നുകൊണ്ടിരുന്നു. തെങ്ങിൻത്തോപ്പിനു അപ്പുറം കാടുപിടിച്ചു കാവിൽ അവൾ ചുറ്റിക്കറങ്ങി. ആ വന്യതയോടു അവൾക്കു ആർത്തി തോന്നി. വരണ്ട കാറ്റ് ഊതി പറപ്പിച്ച കരിയിലകൾ ശീൽക്കാരത്തോടെ പൊങ്ങി പറന്നു.
ശാഖകൾ നീണ്ടി, പരന്നു വളർന്ന ആൽമരത്തിന്റെ താഴെക്കിറങ്ങി വളർന്ന വേടുകളിൽ വള്ളികൾ ചുറ്റി പിരിഞ്ഞു. ആൽമരത്തിന്റെ വലിയ പോടിൽ അവൾ കരിനാഗങ്ങളെ തിരഞ്ഞു.
കരിനാഗങ്ങൾ പോടുകളിൽ നിന്നും മെല്ലെ ഇഴഞ്ഞിറങ്ങി, അവയുടെ ഉടലിന്റെ വശങ്ങളിൽ സ്വർണനിറത്തിലുള്ള വരകൾ തെളിഞ്ഞു കിടന്നു. സ്വനഗ്രാഹികൾ പുറത്തു നീട്ടി കരിനാഗം അവളോട് സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണിൽ കൃഷ്ണമണികൾ വിളർത്തു തുടങ്ങിയിരുന്നു.
“എന്താ കുട്ടി, ഇവിടെ വന്നു നിൽക്കണേ, അതും ഈ സന്ധ്യക്ക്? അമ്മൂമ്മ വെപ്രാളത്തോടെ അവളെ പിടിച്ചു വലിച്ചു. അവർ വല്ലാതെ പരിഭ്രമിച്ചിരുന്നു. ആ പരിസരം അവളുടെ ചിന്തകളും ഭാവവും നിയന്ത്രിക്കാൻ തുടങ്ങിയിരുന്നു.
കരിനാഗങ്ങൾ, അവളുടെ സ്വപ്നസഞ്ചാരങ്ങളിൽ നിറഞ്ഞു. ആഴമുള്ള കിണറിൽ, ചെങ്കല്ല് കൊണ്ടു തീർത്ത വളയങ്ങൾ ഭിത്തി ബലപ്പെടുത്തി. അതിൽ പറ്റിപ്പിടിച്ചു വളർന്ന പായൽ, കറുപ്പ് കലർന്ന പച്ച നിറം പടർത്തി. ആഴങ്ങളിൽ ഉറവയെടുത്ത വെള്ളം തെളിനീരായ് കിണർ പാതി നിറച്ചു. റിഷിക തെളിഞ്ഞ വെള്ളത്തിലേക്കു നോക്കി നിന്നു. പാമ്പേരി വലയങ്ങളുടെ നേർത്ത തിട്ടയിലൂടെ കരിനാഗങ്ങൾ ഇഴഞ്ഞു നീങ്ങി. അവയുടെ വശങ്ങളിലെ സ്വർണനിറം തിളങ്ങി. ഒരിക്കലും അവസാനിക്കാത്ത യാത്രയിലെന്നപ്പോലെ നാഗങ്ങൾ അവൾക്കു നേരെ നോക്കി ഇഴഞ്ഞു.
ഉറക്കത്തിന്റെ ഞെട്ടിപ്പിടച്ചലിൽ, അവൾ ഉറക്കെ കരഞ്ഞു. വിയർപ്പിൽ കുളിച്ച്, നാവു വരണ്ട്, ദൃഷ്ടി ഉറപ്പിക്കാതെ ചുറ്റും പകച്ചു നോക്കി. ഇരുട്ടിന്റെ കറുപ്പ് നിറം മുറിയെ വിഴുങ്ങാൻ വാ പിളർത്തി.
“കുട്ടി… സ്വപ്നത്തിൽ എന്തോ കണ്ടു പേടിച്ചിട്ട് കരയാണ്”, അമ്മൂമ്മയും അമ്മയും അവളെ താങ്ങിയിരുത്തി. അവളുടെ കണ്ണുകളിലെ ശൂന്യമായ നോട്ടം അവരെ ഭയപ്പെടുത്തി.
ഭ്രമകല്പനകൾ, കരിനാഗങ്ങളായി അവളുടെ ശരീരത്തെ ചുറ്റിവരിഞ്ഞു. അവളുടെ ഉടൽ പ്രകമ്പനം കൊണ്ടു. ഉന്മാദാവസ്ഥയിൽ അവൾ കരിനാഗങ്ങളോട് പുലമ്പികൊണ്ടിരുന്നു.
അവളുടെ ഉടലിൽ നിന്നും അഴിഞ്ഞിറങ്ങിയ കരിനാഗം മേശപ്പുറത്തെ കറുത്ത ദീർഘചതുരത്തിലേക്കു ഇഴഞ്ഞു നീങ്ങി. അതിന്റെ സ്ഫടികക്കൂടിൽ വളഞ്ഞു ചുരുണ്ടു, മാളം തേടി. അവളുടെ വിഹ്വലത നിറയുന്ന ചിന്തകളിൽ ചേക്കേറാൻ തക്കം പാർത്തിരുന്നു.
അവൾ മേശപ്പുറത്തെ സെൽഫോണിനായി ആസക്തിയോടെ കൈകൾ നീട്ടി. അതിൽ അക്ഷിതിന്റെ സന്ദേശം തെളിയുന്നുണ്ടോ എന്നവൾ പരതി. കറുപ്പ് നിശ്ചലാവസ്ഥ തുടർന്നു.
മുഖം പൂമാലകൾ കൊണ്ടു മറച്ച യുവാവിന്റെ അരികത്തു ഇരിക്കുന്ന പെൺകുട്ടിയെ ഉററു നോക്കുന്ന വെള്ളാരങ്കണ്ണുകൾ അദൃശ്യമാക്കുന്ന കറുപ്പിനെ പുൽകാൻ റിഷിക കൊതിച്ചു.
————–
#എന്റെരചന
#അവസാനത്തെ സന്ദേശം.


12 Comments
റിഷികയ്ക്കൊപ്പം വായനക്കാരും സ്വപ്നങ്ങൾക്കും യാഥാർഥ്യത്തിനും ഇടയിലൂടെ നൂണ്ടിറങ്ങി പോകുന്ന പോലെ തോന്നി. കറുത്ത് ദീർഘചതുരാകൃതിയിൽ തുടരുന്ന നിശ്ചലാവസ്ഥയും വശങ്ങളിൽ സ്വർണ്ണവർണ്ണമുള്ള കരിനാഗങ്ങളും കോമരത്തിൻ്റെ കടും ചുവപ്പും കണ്ണിൽ നിന്നും മായാതെ നിൽക്കുന്നു. ഒരുപാട് different perspectives ഉള്ള കഥയായി തോന്നി.
Superb 👌🌹🌹🌹
Electa, വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം🥰.
സൂപ്പർ എഴുത്ത് joyce ചേച്ചി 👌👌🥰.
എല്ലാം നേരിൽ കണ്ടത് പോലെ
Sayara, thanks dear.🥰🙏
എനിക്ക് പരിചയമുള്ള ambiance ആയതു കൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു
Hari വായനക്കു നന്ദി. ഈ വാക്കുകൾ വലിയ സന്തോഷം തരുന്നു.🙏
ഒരു സ്വപ്നം കാണുമ്പോലെ വായിച്ചിരുന്നു പോയി ❤️👍
Pradheesh, ഒത്തിരി നന്ദി.🙏
വേറെയേതോ ഒരുലോകത്തെത്തിയതു പോലെ ജോയ്സ്♥️
ജോയ്സിൻ്റെ എഴുത്തുകൾ അതിൽ നിറയുന്ന ഭാവങ്ങൾ.. പറയാൻ വാക്കുകളില്ല♥️👌
. ഭരണിയും കാവ്തീണ്ടലും എല്ലാം അറിയാം ല്ലേ
ഒത്തിരി ഇഷ്ടമായിട്ടോ♥️👌🌹
Suma, സ്നേഹം dear…❤️
വായനക്കും പ്രോത്സാഹനത്തിനും🙏
🫂🥰
നല്ല കഥ. യാഥാർത്ഥ്യവും കാല്പനികതയും ഇഴ ചേർന്ന് സുന്ദരമാക്കിയ രചന. നല്ലിഷ്ടമായി.👏👌❤️❤️
താര, വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി.🙏❤️🫂