അധികാരവും ശക്തിയും ദുർബ്ബലർക്കുമേൽ പ്രയോഗിക്കുമ്പോൾ അവർ ഭയപ്പെട്ട് നിശ്ശബ്ദരായേക്കാം. ഒട്ടും ചെറുത്തു നിന്നില്ലെന്നും വരാം. അതിനർത്ഥം അവർ ഒരിക്കലും പ്രതികരിക്കില്ല എന്നല്ല. അവരുടെ തിരിച്ചടി ചിലപ്പോഴെങ്കിലും അപ്രതീക്ഷിത വഴികളിലൂടെ ആയിരിക്കും. അത്തരത്തിലുള്ളൊരു കഥയാണിത്
ഒരു പട്ടാള ക്യാമ്പിലെ യുവ ഓഫീസർമാരുടെ താമസസ്ഥലത്ത് ശത്രു രാജ്യത്തിൽ നിന്ന് അറിയാതെ അതിർത്തി ലംഘിച്ചൊരു ബാലനെത്തുന്നു. രേഖകളിലൊന്നും പേരില്ലാത്ത അവനെ പട്ടാളക്കാർ കഠിനമായി ജോലികൾ ചെയ്യിച്ചും ഉപദ്രവിച്ചും ഭർത്സിച്ചും രസിച്ചു പോന്നു. യുദ്ധകാലമൊന്നും അല്ലാത്തതിനാൽ ക്യാമ്പിൽ സന്ദർശനത്തിനെത്തിയ ഒരു ഉന്നത ഉദ്യോഗസ്ഥൻ എല്ലാവരുടെയും ക്ഷേമം അന്വേഷിച്ച കൂട്ടത്തിൽ ഈ 12 വയസ്സുകാരനോടും സംസാരിക്കുന്നു. കുട്ടി കരഞ്ഞു വിളിച്ച് താൻ നേരിടുന്ന ക്രൂരതകൾ വിവരിച്ചപ്പോൾ അതു പരിഹരിക്കാം എന്ന് അദ്ദേഹം ഉറപ്പു കൊടുത്തു. തുടർന്ന് ഓഫീസർമാരെ ശാസിക്കുകയും മേലിൽ ഇത്തരം പരാതി ഉണ്ടാകരുതെന്ന് കർശനമായി വിലക്കുകയും ചെയ്തു. ഇനി ആരിൽ നിന്നും ഉപദ്രവമുണ്ടാകില്ലെന്നും സന്തോഷമായിരിക്കണമെന്നും ഓഫീസർ ആ ബാലനെ അറിയിച്ചു. അവൻ്റെ മറുപടി ആ ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞു.
“ഇവർ എന്നെ ഉപദ്രവിക്കില്ലെങ്കിൽ, ഇവർക്കു ചായ കൂട്ടുമ്പോൾ സത്യമായും ഞാനിനി ക്ലോസറ്റിനുള്ളിൽ നിന്ന് കോരിയെടുക്കുന്ന വെള്ളം ചേർക്കില്ല” എന്നായിരുന്നു അത്.
നിരന്തര പീഡനത്താൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടവൻ്റെ പ്രതികരണം ചിലപ്പോൾ ഏത് ശക്തനെയും തറ പറ്റിച്ചു കളയും.
*താര സുഭാഷ്
#കുഞ്ഞു കാര്യങ്ങൾ
