ആ വീടിന് ഒരു പേര് ഉണ്ടായിരുന്നു.
” മാധവം”
പക്ഷേ ആ പേര് ആരും ഉപയോഗിച്ചിരുന്നില്ല.
ആ വീട് അറിയപ്പെട്ടത് ഒരേ ഒരു പേരിലാണ്
“ അയാളുടെ വീട്.”
അയാൾക്ക് ചുറ്റും എപ്പോഴും അയാളെ അനുസരിക്കുന്ന ഭാര്യയും പെൺമക്കളുമുണ്ടായിരുന്നു.
എല്ലാം അയാളുടേത് മാത്രമായിരുന്നു. അധികാരവും ഉത്തരവുകളും ഒക്കെയും അയാളുടേത് മാത്രം.
അയാൾ വരാന്തയിൽ കസേരയിലിരുന്നു.
ചായ കപ്പിന് മുമ്പിൽ പോലും കടുംപിടുത്തം പിടിക്കുന്ന ഒരു മനുഷ്യൻ.
പാലിത്ര.. ചായപ്പൊടി ഇത്ര.. മധുരം ഇത്ര.. എന്നിങ്ങനെ ഒരു ചായയിൽ പോലും അളവുകോൽ വയ്ക്കുന്ന, ആരോടും ഒരു പ്രതിബദ്ധതയോ ചായ്‌വോ കാണിക്കാത്ത ആ മനുഷ്യൻ്റെ ഏറ്റവും വലിയ അഹങ്കാരം, വറ്റി വരണ്ട് പിളർന്ന് പോയ തറവാട്ട് മഹിമയും തൻ്റെ രണ്ട് പെൺമക്കളുമായിരുന്നു.
കോടതിവിധി പോലെ കടുപ്പമേറിയത് ആയിരുന്നു അയാളുടെ സാരാംശവാക്കുകൾ.
“ഈ ലോകത്ത് ജീവിക്കണമെങ്കിൽ തല താഴ്ത്തരുത്.
ഞാൻ താഴ്ത്തിയിട്ടില്ല…
നിങ്ങളും താഴ്ത്തരുത്.”
മീനാക്ഷിയും മാധവിയും.
പെൺമക്കൾ ആയതിന്റെ അപമാനം അവർക്കൊരിക്കലും അറിയേണ്ടി വന്നില്ല. കാരണം അച്ഛൻ അവരെ വളർത്തിയത് മനുഷ്യരായിട്ടല്ല. അധികാരങ്ങളായിട്ടാണ്.
“നിങ്ങൾ ആർക്കും വഴങ്ങേണ്ടവരല്ല.”
“കുറച്ച് പഠിച്ചവരുടെ മുന്നിൽ തലകുനിക്കേണ്ട കാര്യമില്ല.”
ഈ വാക്കുകളാണ് പുസ്തകങ്ങളേക്കാൾ അധികം അവരുടെ തലയിൽ കയറിയത്.
അയാളുടെ ശബ്ദം കേട്ടാണ് രാധാമണി രാവിലെ ഉണരുന്നത്. അവർക്ക് സ്വന്തം അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അവയെല്ലാം തന്നെ അവരുടെ ഉള്ളിൽ തന്നെ കുഴിച്ചുമൂടി.
“അച്ഛൻ പറഞ്ഞത് ശരിയാണല്ലോ” എന്ന് മക്കൾ പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് ആരും നോക്കാറില്ല.
അവർ ഒരു പ്രതീകമാണ്. അടിമത്തത്തിൻ്റെ ചങ്ങല പറിച്ചെറിയാൻ മിനക്കെടാതെ വിധിയെ തല കുനിച്ച് സ്വീകരിച്ച്.. മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാതെ അവർ നിലകൊണ്ടു.
മീനാക്ഷി നഗരത്തിലെ പ്രശസ്ത ബാങ്കിലെ മാനേജരാണ്. പഠിച്ചു നേടിയ പദവിയെ അതേ ശൗര്യത്തോടെ നെഞ്ചിൽ ചുമന്ന് അധികാരത്തെ ആസ്വദിക്കുന്ന മീനാക്ഷിക്ക് ഏറെ വൈകിയാണ് വിവാഹം നടന്നത്. അന്തസും ആഭിജാത്യവും നോക്കി വിവാഹം തീരുമാനിച്ചപ്പോൾ സ്വന്തം മകൾ ആ വീട്ടിൽ ഒത്ത് പോകുമോ എന്ന് അച്ഛൻ തീരെ ശങ്കിച്ചില്ല.
വിവാഹം കഴിഞ്ഞ വീട്ടിൽ കുറെക്കാലം ജീവിച്ചെങ്കിലും അവസാനം മീനാക്ഷി നിലപാടെടുത്തു.
“ഇവിടെ എനിക്ക് എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം എന്ന് ഞാൻ തീരുമാനിക്കും. എനിക്കിങ്ങനെ അടിമയായി തുടരാൻ കഴിയില്ല”.
ഭർത്താവ് വിനോദ് മിണ്ടാതെ നിന്നു. പിന്നെ ചോദിച്ചു.
” എന്ത് അടിമത്തമാണ് നീയീ വീട്ടിൽ അനുഭവിച്ചത്? എൻ്റെ ഏത് വാക്കിനാണ് നീ വില തന്നിട്ടുള്ളത്? എന്നും നിൻ്റേതായിരുന്നു അവസാനവാക്ക്.
ഒരു ചെറിയ അശ്രദ്ധ കൊണ്ട് എൻ്റെ ജോലി പോയി വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നതിൻ്റെ പേരിൽ നീയെന്നെ എന്ത് മാത്രം നാണം കെടുത്തിയിരിക്കുന്നു. കുറ്റപ്പെടുത്തിയിരിക്കുന്നു.. എന്നിട്ടും എല്ലാം കേട്ട് നിന്ന് തരുന്നതാണോ നീയീ പറഞ്ഞ അടിമത്തം?”
“എന്നെ പഠിപ്പിക്കാൻ വരണ്ട.” മീനാക്ഷി അയാൾക്ക് നേരെ ശബ്ദമുയർത്തി.
ഭാര്യയും ഭർത്താവും ഒരുപോലെ കടുംപിടുത്തം പിടിക്കുമ്പോൾ ഏത് ജീവിതമാണ് മുന്നോട്ട് പോയിട്ടുള്ളത്.
അവർക്കിടയിലെ സ്നേഹം നിലയ്ക്കാൻ അധികകാലം വേണ്ടി വന്നില്ല. രണ്ട് കുഞ്ഞുങ്ങളും ഭർത്താവും ഭാര്യയുമായി സന്തോഷമായി പോകേണ്ടിയിരുന്ന ഒരു കുഞ്ഞു കുടുംബത്തിലേക്ക് വാക്കുകൾ വിഷവിത്തുകളായി പടർന്ന് കയറി വിദ്വേഷത്തിൻ്റെ തീ വിതച്ചുകൊണ്ടിരുന്നു.
കോടതിമുറിയിൽ അന്യോന്യം പഴിചാരി സ്വന്തം നഷ്ടങ്ങളുടെ വിലവിരപ്പട്ടിക നിരത്തി കണക്കെടുക്കുമ്പോൾ തങ്ങൾ ചെയ്ത കുറ്റമെന്തെന്ന് അറിയാതെ രണ്ട് കുഞ്ഞുങ്ങൾ തങ്ങളെയും നോക്കി ഇരിപ്പുണ്ടെന്ന് ഇരുവരും തീർത്തും മറന്നു പോയിരുന്നു.
അളന്ന് കിട്ടിയ വമ്പിച്ച നഷ്ടപരിഹാരത്തുകയുമായി മീനാക്ഷി വീട്ടിൽ വന്ന് കയറുമ്പോൾ സർവതും പിടിച്ചടുക്കിയ ഭാവമായിരുന്നു അവൾക്കെങ്കിൽ എന്നെന്നേയ്ക്കുമായി അച്ഛൻ്റെ സ്നേഹം നഷ്ടപ്പെട്ട് പോയ രണ്ട് കുഞ്ഞുങ്ങളെ ഓർത്തായിരുന്നു മീനാക്ഷിയുടെ അമ്മ രാധയുടെ സങ്കടമത്രയും. ആവോളം സ്നേഹം കൊടുത്ത് അവരെ ആശ്വസിപ്പിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു.
സ്നേഹം മുങ്ങിമരിച്ച ഒരു സങ്കടക്കടലിൻ്റെ നടുക്ക് പെട്ട് പോയ തോണിയുടെ അമരത്ത് നിന്ന് കൊണ്ട് അവരാ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു. തൻ്റെ നിശബ്ദത കൊണ്ട് അവർ ആ അച്ഛൻ്റെയും മക്കളുടെയും തെറ്റുകളെ സംരക്ഷിച്ചു.
മാധവിക്ക് ഐ ടി കമ്പനിയിലാണ് ജോലി. പുഞ്ചിരിയുള്ള മുഖം.പക്ഷേ ആ പുഞ്ചിരിക്ക് പിന്നിൽ ഒരു കനമുണ്ടായിരുന്നു.
“ഞാൻ കോംപ്രമൈസ് ചെയ്യുന്ന ആളല്ല.” അരുണുമായുള്ള പ്രേമത്തിൻ്റെ ആദ്യനാളുകളിൽ തന്നെ അവൾ സ്വയം ന്യായീകരിച്ചു.
“പ്രണയം എന്നത് തന്നെ ഒരു വിട്ടുവീഴ്ചയാണല്ലോ ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ ചിരിച്ചു.
“അത് നിങ്ങൾക്കാവാം.”
വാക്കുകൾ ചുമരുകൾ പോലെ പലവട്ടം അവർക്കിടയിൽ ഉയർന്നു. ചിലപ്പോഴൊക്കെ മൗനം കൊണ്ട് നെടുവീർപ്പുകൾ മാത്രം ഉയർന്ന് കേൾക്കുന്ന കടുപ്പമുള്ള ചുമരുകൾ.
പ്രണയം വിവാഹത്തിലോട്ട് കടന്നപ്പോൾ പലതിലും അവർക്കിടയിൽ അസ്വാരസ്യങ്ങൾ കടന്ന് വന്നു. അധികാരത്തിൻ്റെയും പദവിയുടെയും ശമ്പളക്കണക്കുകളുടെയും വിളുമ്പിൽ തട്ടി പല നേരങ്ങളിലും അവർ തമ്മിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. പ്രണയം ഒരു നോക്കുകുത്തിയായി തങ്ങളെ ഉറ്റു നോക്കി അവസാനം തകർന്ന് വീഴുന്നത് അവരറിഞ്ഞില്ല.
രാധ, മാധവിയെയും മീനാക്ഷിയെയും പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു. ജീവിതത്തിൽ തോറ്റ് പോയ അമ്മയ്ക്ക് മുന്നിൽ തോൽക്കാൻ ആ മക്കൾക്ക് മനസുണ്ടായിരുന്നില്ല.
മാധവി അവനോട് പറഞ്ഞു. ” ഇത് മുന്നോട്ട് അധികകാലം പോകുമെന്ന് തോന്നുന്നില്ല അരുൺ.”
അവന് അങ്ങനെ വേണ്ടെന്ന് വയ്ക്കാൻ ആകുമായിരുന്നില്ല. സ്വന്തം അനാസ്ഥ കൊണ്ടാണിങ്ങനെയൊക്കെ സംഭവിച്ചതെന്ന് വെറുതെ സ്വയം കുറ്റപ്പെടുത്തി അവൻ അവളോട് പറഞ്ഞു.
” എനിക്ക് പറ്റില്ല മാധവി. ഞാൻ ജീവിതത്തിൽ സ്നേഹിച്ചത് നിന്നെ മാത്രമാണ്. നീയും കുഞ്ഞുങ്ങളുമില്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞാൻ എങ്ങനെയാണ് മാറേണ്ടതെന്ന് നീ പറ. ഞാൻ അത് പോലൊക്കെ മാറിക്കൊള്ളാം. പക്ഷേ ഇട്ടേച്ച് പോകാൻ പറ്റുകേലാ ”
അവൻ്റെ കണ്ണുകൾ നിറഞ്ഞു.
അവളുടെയും.
” നമ്മൾ രണ്ടും രണ്ട് ധ്രുവങ്ങളിലാണ് അരുൺ. എത്രയൊക്കെ പാകപ്പെടുത്തിയെടുക്കാൻ ശ്രമിച്ചാലും ചില ഏറ്റക്കുറച്ചിലുകളിൽ തട്ടി വീണ്ടും വീണ്ടും മുറിപ്പെട്ടുക്കൊണ്ടേയിരിക്കും.”
” പ്രേമിക്കുമ്പോൾ ഇല്ലായിരുന്ന ഈ കുറവുകളൊക്കെ ഒരുമിച്ച് ജീവിക്കുമ്പോൾ മാത്രം ഉണ്ടായതെങ്ങനെയാണ് മാധവീ?”
അവൾക്ക് ഉത്തരമുണ്ടായില്ല.
അരുണിന് പണമോ പ്രതാപമോ ഉണ്ടായിരുന്നില്ല. പക്ഷേ അവനിൽ മനുഷ്യത്വവും കനിവും സ്നേഹവും നിറയെ ഉണ്ടായിരുന്നു. ഏത് പ്രതിബന്ധങ്ങളിലും ചേർത്ത് പിടിക്കാനൊരു മനസും.
അത് തീരെ ആവശ്യമില്ലാതിരുന്ന മാധവി ബന്ധങ്ങളെ സമ്പത്ത് കൊണ്ട് അളന്നപ്പോൾ അരുണിൻ്റെ സ്നേഹത്തിന് വിലയില്ലാതെ പോയി.
മാധവം വീട്ടിലെ പ്രഭാതഭക്ഷണ മേശയിൽ മക്കൾക്ക് അഭിമുഖം ഇരുന്നു കൊണ്ട് അച്ഛൻ പറഞ്ഞത് അവൾ ഓർത്തു.
“നിങ്ങൾ രണ്ടുപേരും ലോകം എങ്ങനെയാണ് എന്നത് ഇനിയും മനസ്സിലാക്കിയിട്ടില്ല.”
“ലോകം നമ്മളെ ചവിട്ടും. അപ്പോൾ നമ്മൾ തിരിച്ച് ചവിട്ടാൻ പഠിക്കണം.” മീനാക്ഷി തലകുനിച്ചില്ല.
അവൾ അച്ഛനെപ്പോലെ തന്നെ നോട്ടം ഉയർത്തി.
“ഞാൻ ആരോടും അടിയറവ് പറയില്ല.”
ആ വാക്ക് കേട്ടപ്പോൾ അച്ഛന്റെ ചുണ്ടിൽ ഒരു ചെറുചിരി.വിജയത്തിന്റെ ചിരി.
രാധ മേശക്കരയിൽ കൈ ചേർത്ത് നിന്നു.
ഈ വീട്ടിൽ അഹങ്കാരം പാരമ്പര്യമാണ്. അത് ചോദ്യം ചെയ്യാൻ അവർക്കൊരിക്കലും സാധ്യമായിട്ടില്ല.
“ഓർമ്മ വേണം. നീ എന്റെ മകളാണ്.”
അത് അഭിമാനമായിരുന്നില്ല. അത് ഒരു ബാധ്യത ആയിരുന്നു.
മാധവി അന്ന് രാത്രി വീട്ടിലേക്ക് തിരികെ പോകുന്ന ആ യാത്രയെക്കുറിച്ച് ചിന്തിച്ചു. മഴ പെയ്യുന്നുണ്ടായിരുന്നു. ചില വീടുകൾ മഴയിൽ കൂടുതൽ തണുത്തിരിക്കും. വെയിലിൽ കൂടുതൽ ഉരുകുകയും ചെയ്യും.
ആ വീട് പോലെ.. ആ വീട്ടിൽ താമസിക്കുന്ന മനുഷ്യരെ പോലെ..
ഹുങ്ക് എന്നത് അവിടെ മനുഷ്യരേക്കാൾ പഴക്കമുള്ളതാണ്.
അത് ചുമരുകളിൽ ഉണ്ട്.
വാക്കുകളിൽ ഉണ്ട്.
ഓരോ ശ്വാസത്തിലും ഉണ്ട്.
തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന വിശ്വാസത്തെ മുറുകെപ്പിടിച്ച് അവൾ കുഞ്ഞുങ്ങൾക്കൊപ്പം ചുരുണ്ട് കിടന്നു.
മാധവി കുഞ്ഞുങ്ങളെയും കൊണ്ട് തിരിച്ചെത്തിയ രാത്രിയിലും മഴയുണ്ടായിരുന്നു. ഒരുപാട് കാലത്തിനു ശേഷം അച്ഛനും അമ്മയും മക്കളും മൗനമായി തമ്മിൽ തമ്മിൽ നോക്കിയിരുന്നു.
അച്ഛൻ ടിവി ഓഫ് ചെയ്തു.
അയാൾ ഇരുവരെയും നോക്കി.
“ലോകം നിങ്ങളെ തോൽപ്പിച്ചില്ല. നിങ്ങൾ വഴങ്ങാതിരുന്നതാണ്.”
ആ വാക്ക് അന്നാദ്യം മീനാക്ഷിയെ കുത്തി മുറിവേൽപ്പിച്ചു.
അവൾ അമ്മയെ നോക്കി.
അമ്മയുടെ കണ്ണുകളിൽ ആയുസ്സ് മുഴുവൻ അടക്കി വച്ച ദേഷ്യവും നിസ്സഹായതയും അവൾ കണ്ടു.
അന്ന് രാത്രിയിൽ മീനാക്ഷി മുറിയിൽ ഒറ്റയ്ക്കിരുന്ന് കരഞ്ഞു.
ആ വിങ്ങിക്കരച്ചിലിൽ മനം നൊന്ത് മുറിക്ക് പുറത്ത് മാധവിയും ഭിത്തിയിൽ ചേർന്നിരുന്ന് വിതുമ്പി.
അച്ഛന്റെ ശബ്ദവും വാക്കുകളും സ്വന്തം ശബ്ദമായി മാറിയിരുന്നെന്ന് മക്കൾ തിരിച്ചറിഞ്ഞു. അഹങ്കാരവും അധികാരവും രക്തത്തിൽ നിന്നുള്ളതല്ല. അത് പഠിപ്പിക്കപ്പെട്ട ഒരു രോഗമാണ്. പകർച്ചവ്യാധി പോലെ പലതും നൊടിയിടയിൽ തളർത്തും.
രാവിലെ അച്ഛൻ വരാന്തയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. പതിവ് ചായയുമായി രാധയും.
പക്ഷേ അയാൾക്ക് മുന്നിൽ നിന്നപ്പോൾ ആദ്യമായി മീനാക്ഷിയുടെ ശബ്ദം ഉയർന്നു.
“അച്ഛാ… നമ്മളിൽ… എന്തോ തെറ്റുണ്ട്.”
അച്ഛൻ ഒന്നും പറഞ്ഞില്ല.
പക്ഷേ ആ മൗനം അയാളുടെ ജീവിതത്തിലെ ആദ്യ തോൽവിയായിരുന്നു.
വീട് അന്നും അയാളുടെ തന്നെയായിരുന്നു.
പക്ഷേ അന്നയാളുടെ ശബ്ദത്തിന് ഗാംഭീര്യം കുറവായിരുന്നു.
അന്ധകാരത്തിൻ്റെ ഇരുട്ട് പടർന്ന ഹൃദയങ്ങളിലേക്ക് സ്നേഹം വിതറിയ മനുഷ്യരെ പാടെ അവഗണിച്ച് ലൗകികതയുടെ മുഖമൂടികളിൽ ഭ്രമിച്ചു പോകുന്ന മനുഷ്യരുടെ കഥകൾ പലപ്പോഴും ശുഭാന്ത്യങ്ങൾ ആവണമെന്നില്ല. പലതും മനസ്സിലാക്കി വരുമ്പോഴേക്കും തിരിച്ചുകിട്ടാനാവാത്ത വിധം ചില സൗഭാഗ്യങ്ങൾ നഷ്ടപ്പെട്ടുപോയേക്കാം.
ആരും വില്ലന്മാരല്ല.
പക്ഷേ ആരും പൂർണ്ണമായി നിഷ്കളങ്കരുമല്ല.


3 Comments
നല്ല രചന. അഹം ബോധത്തിന് അതിർവരമ്പുകളില്ലെങ്കിൽ, അതിൻ്റെ വിളുമ്പുകൾ ഒപ്പമുള്ളവരുടെ സ്നേഹത്തിനു മുന്നിൽ പോലും അലിയില്ലെങ്കിൽ സന്തോഷം ഉണ്ടാകില്ല ,ജീവിതവും👌👌👏👏❤️❤️
മനസ്സിലാക്കാൻ വൈകുമ്പോഴേക്കും പല ബന്ധങ്ങളും നഷ്ടപ്പെട്ടിരിക്കും.
അവതരണം👌
അഹങ്കാരത്തിൻ്റെ ഫലം എന്തായിരിക്കുമെന്ന് പഠിക്കാത്തവർക്ക് ഒടുവിൽ തോൽവിയാവും കിട്ടുക എന്നു പറയുന്ന കഥ .
നന്നായി എഴുതി അഞ്ജൂ👌❤️❤️