മണിക്കൂറുകളായി തുടരുന്ന ഓൺലൈൻ ജോലി മതിയാക്കി ജീവൻ തൻ്റെ ലാപ് ടോപ്പ് ഓഫ് ചെയ്തു. പരിമിതികൾ തളയ്ക്കുന്ന തടവറയിൽ നിന്നു പുറത്തു ചാടാൻ സാധിക്കാത്ത വീർപ്പുമുട്ടലിൽ മനസ്സും ശരീരവും ഒരുപോലെ തളരുന്നു.
തളർന്നുറങ്ങുന്ന നീതിയെ നോക്കിയപ്പോൾ അവന് സഹതാപം കൂടി. ബെഡിൽ ഇരുന്നു പണിയെടുക്കാനാണ് അവൾക്ക് താല്പര്യം. പിടിച്ചു നിൽക്കാൻ വയ്യാതെയാവുമ്പോൾ തനിയെ മറഞ്ഞു വീഴും.
ഓഫ് ചെയ്യാൻ മറന്ന അവളുടെ ലാപ് ടോപ്പിൽ നിന്നു വരുന്ന വെളിച്ചം പരത്തുന്ന ശല്യം ഒഴിവാക്കാൻ ജീവൻ അതിൽ വിരലമർത്തി. ബാക്ക് ഗ്രൗണ്ട് സ്ക്രീനിൽ പണ്ടെന്നോ സെറ്റ് ചെയ്തു വെച്ച കുസൃതിക്കുടുക്കയുടെ ചിത്രം മാഞ്ഞു പോവാൻ ചെറുതായി വൈമനസ്യം കാണിച്ചു.
നാളെ നാലാം വിവാഹ വാർഷികമാണെന്ന ഫോണിൻ്റെ ഓർമ്മപ്പെടുത്തൽ കണ്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. റിമൈൻഡർ സെറ്റിങ്ങ് ഇല്ലായിരുന്നെങ്കിൽ ഓർക്കണമെന്നില്ല. ഓർത്തിട്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ജീവൻമരണ പോരാട്ടത്തിനിടയിൽ ഇതിനൊക്കെ എന്തു പ്രസക്തി ?
പുറത്തെ ഡിസംബറിലെ മഞ്ഞ് അകത്തേക്ക് വന്ന് സാന്നിദ്ധ്യമറിയിക്കാൻ തുടങ്ങി.
ഉറങ്ങിക്കിടക്കുന്ന നീതിയെ പുതപ്പിച്ചു കിടത്തി. പാവം പ്രൊജക്ട് തീർക്കാനുള്ള നെട്ടോട്ടത്തിലാണ്. പിടിച്ചു നിൽക്കണമെങ്കിൽ മണിക്കൂറുകൾ അവർക്കു കൊടുത്തേ മതിയാവൂ…
നാലു വർഷം നീണ്ടുനിന്ന വിവാഹ ജീവിതത്തിൽ സന്തോഷമായി എത്ര നിമിഷങ്ങൾ ചിലവഴിച്ചു എന്ന ചോദ്യം മനസ്സിലുയർന്നു. സിറ്റിയിലെ പതിമൂന്നാം നിലയിലെ ഫ്ലാറ്റിലെ ജീവിതം സമ്മാനിച്ച സമാനതകളില്ലാത്ത പിരിമുറുക്കങ്ങളിലൂടെയുള്ള യാത്രയുടെ അവസാനം എന്നാവും ?
വിവാഹം കഴിഞ്ഞ സമയത്ത് ഫ്ലാറ്റ് നോക്കുമ്പോൾ മുകളിലത്തെ നില മതിയെന്ന് നീതിയുടെ താല്പര്യമായിരുന്നു.
“ഒഴിവു സമയങ്ങളിൽ ഉയരത്തിലിരുന്ന് ബാൽക്കണിയിലൂടെ വരുന്ന കുളിർ കാറ്റേറ്റ് പുറത്തെ കാഴ്ചകൾ കണ്ടിരിയ്ക്കുന്നതിൽ പരം സുഖം മറ്റൊന്നുമില്ല ജീവൻ ” അതു പറയുമ്പോൾ അവളുടെ കണ്ണുകൾ പ്രകാശപൂരിതമായിരുന്നു.
വിളക്കണച്ചപ്പോൾ മുകളിലെ നക്ഷത്രങ്ങൾ പതിയേ കണ്ണു തുറന്നു.
“ഉറക്കം വരാതിരുന്നാൽ നക്ഷത്രങ്ങളെ നോക്കി കണ്ണിറുക്കിച്ചിരിക്കാം “
ബെഡ് റൂമിലെ കുഞ്ഞൻ നക്ഷത്രങ്ങളെ നോക്കി അവൾ പറഞ്ഞത് ഓർത്തു.
ഇപ്പോൾ ബാൽക്കണിയിൽ ആൾപെരുമാറ്റമില്ല. കുഞ്ഞു നക്ഷത്രങ്ങൾ ആരും നോക്കാതെ മാറാല പിടിച്ചു കിടക്കുന്നു.
എന്നാലും അവ കണ്ണു മിഴിക്കുന്നത് കാണാൻ നല്ല രസം.
തിരഞ്ഞെടുത്ത സ്വപ്നലോകം എപ്പോഴാണ് തളർന്നുറങ്ങാനുള്ള ഇടമായി മാത്രം മാറിയത്.
ടാർഗെറ്റുകൾ തീർക്കാനുള്ള നെട്ടോട്ടങ്ങളിൽ പരസ്പരം മിണ്ടാനോ നോക്കാനോ പോലും സമയം കിട്ടാറില്ല. ഫ്ലാറ്റിൻ്റെ ലോൺ അടവുതെറ്റിയതിൻ്റെ ഓർമ്മപ്പെടുത്തലുകൾ വരാൻ തുടങ്ങി.
നീതിയുടെ അനിയൻ്റെ പഠനവും അനിയത്തിയുടെ വിവാഹവും മത്സരത്തിലാണ്. അതിൻ്റെ കാഠിന്യമേറുമ്പോൾ തനിക്കു ബാധ്യതകൾ ഒന്നുമില്ലാത്തതിൽ അവൻ ആശ്വസിച്ചു.
മെൽബണിലെ പഠനവും ജോലിയും സ്വപ്നം കാണുന്ന സജി, ലക്ഷങ്ങളുടെ കണക്കു പറയുന്ന അവൻ്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ നിമ്മിയുടെ പ്രായം അതിൻ്റെ കണക്കു പറഞ്ഞു മുന്നോട്ടു വരുന്നു.
നീതി ആവലാതികൾ നിരത്തുമ്പോഴൊക്കെ ജീവൻ പറയും.
” എല്ലാം ശരിയാവും “
വെറും വാക്കാണെന്നറിയാമെങ്കിലും അതു കേൾക്കുമ്പോൾ അവൾക്കല്പം ആശ്വാസം തോന്നും.
” മെൽബണിലേക്ക് ഒരു എൻട്രി കിട്ടിയാൽ ഞാൻ മാത്രമല്ല, നമ്മൾ എല്ലാവരും രക്ഷപ്പെടും. ” സജി ആവർത്തിച്ചു കൊണ്ടിരുന്നു.
രക്ഷപ്പെടാൻ കണ്ടു പിടിച്ച മാർഗ്ഗം നല്ലതാണ്. പക്ഷേ, അത്രയും വലിയ തുക എങ്ങനെ സംഘടിപ്പിക്കും ?
വലിയ ചോദ്യചിഹ്നം തലച്ചോറിൽ പാറി നടന്നു.
ഒരു പാട് തവണ കേട്ട രക്ഷാമന്ത്രം, അതിൽ അലിഞ്ഞുചേർന്ന അവൻ്റെ സ്വപ്നം ചിറകുവിരിച്ചു പറക്കാൻ വെമ്പുന്നു.
ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള സ്വയം മറന്നുള്ള ഓട്ടത്തിലാണ്. അതിനിടയിൽ കുറഞ്ഞ വിലയിൽ മനസ്സിനിണങ്ങിയ ഫ്ലാറ്റ് കിട്ടിയപ്പോൾ ബാധ്യതകളുടെ എണ്ണം ഒന്നു കൂടിയായി. അങ്ങനെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താണു കൊണ്ടിരിയ്ക്കുന്നു.
” ഈ ബാധ്യതകളൊക്കെ തീർത്ത് സ്വസ്ഥമാവുമ്പോൾ നമുക്ക് ഒരു യാത്ര പോവണം. “
അടുത്തറിഞ്ഞപ്പോൾ മുതൽ അവൾ പറയാറുള്ള അവളുടെ സ്വപ്നം. കൈലാസ മാനസരോവർ യാത്രയിൽ ശിവപുരിയും ഋഷികേശും ബദരീനാഥും എല്ലാമെല്ലാം പീലി നിവർത്തിയാടും. വിദൂര സ്വപ്നമായതിനിലാവും ഈയിടെയായി അത് അധികം കേൾക്കാറില്ല.
ഇന്നു ഞായറാഴ്ചയാണല്ലോ, നാളെ രാവിലെ ഓഫീസിൽ പോവണം.
നാളെ എന്നു പറയാൻ മാത്രമില്ല. നാലു മണിക്കൂർ കൂടി കഴിഞ്ഞാൽ അടുത്ത പ്രഭാതമായി. അവൻ പതുക്കെ കിടക്കയിലേക്ക് മറിഞ്ഞു.
ഒരു ദിവസം ഏറെ നേരത്തെ ഫോൺ സംഭാഷണത്തിനു ശേഷം അടുത്തു വന്ന് നിസ്സംഗതയോടെ നീതി പറഞ്ഞു.
“ജീവൻ, നിമ്മി അവളുടെ കാര്യത്തിൽ തീരുമാനമാക്കി. ഇനി അവളുടെ കാര്യം വിടാം.”
ഒന്നും മിണ്ടാതെ ചോദ്യഭാവത്തിൽ ജീവൻ അവളെ നോക്കി.
” മമ്മയാണ് വിളിച്ചത്. അവൾ ഒരാളെ തിരഞ്ഞെടുത്തു. രജിസ്റ്റർ വിവാഹം കഴിഞ്ഞു.”
അല്പ സമയം ഇരുവരും ഒന്നും സംസാരിച്ചില്ല.
” ആരാണ് കക്ഷി ? “
” അവളുടെ ഒപ്പം പഠിച്ച പയ്യൻ. ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. അല്ല ഇനി അതിൻ്റെ ആവശ്യമില്ലല്ലോ.
നിറം മങ്ങിയ ദിവസങ്ങൾ ജനിച്ചും മരിച്ചും കലണ്ടർ മറഞ്ഞുപോയി. വിശ്രമമില്ലാത്ത ജോലി കൊണ്ടാവാം അനുദിനം നീതി ശോഷിച്ചു വരാൻ തുടങ്ങി. ഒടുവിലവൾ ആശുപത്രിയിലായപ്പോൾ ജീവൻ ചിന്താധീനനായി.
തളർന്നു കിടക്കുന്ന അവളെ നോക്കിയിരുന്നു.
കണ്ണുകൾ കഴിഞ്ഞു. ആ കുഴിക്ക് കവചം തീർത്തിരിക്കുന്ന കറുപ്പു വീണ കൺതടങ്ങൾ. തലയിൽ അങ്ങിങ്ങായി പടർന്നു തുടങ്ങിയ വെള്ളിക്കമ്പികൾ.
ചുളിവു വീഴാൻ തുടങ്ങുന്ന മുഖം. വിവാഹ സമയത്ത് അവൾ എത്ര സുന്ദരിയായിരുന്നു! കാലങ്ങൾക്ക് ശേഷം ഇപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത്.
ആ മുറിയിലെ കണ്ണാടിയിലേക്ക് അല്പ നേരം നോക്കിയിരുന്നപ്പോൾ
തൻ്റെ രൂപത്തിലും അത്യാവശ്യം മാറ്റം വന്നതായി മനസ്സിലായി.
തങ്ങൾ അകാല വാർദ്ധക്യം ബാധിച്ചവരായിത്തീരുകയാണ്. ആ സത്യം അവൻ തിരിച്ചറിഞ്ഞു.
ഏറെ കാലങ്ങൾക്കു ശേഷം ബാധ്യതകളും ലോണും ജോലിയുടെ സങ്കീർണ്ണതക്കുമപ്പുറമുള്ള വിഷയങ്ങൾ അവരെ തേടിയെത്തി.
മരണവുമായി മല്ലടിക്കുന്ന നിരവധി പേർ !ചിലർ മരണത്തെ പൊരുതിത്തോൽപ്പിക്കുമ്പോൾ മറ്റു ചിലർ അവനെ അനുഗമിക്കുന്നു.
ആശുപത്രി വിടാറായപ്പോൾ അവൾ പറഞ്ഞു.
” ഇവിടെ പ്രത്യേകിച്ച് ടെൻഷൻ ഒന്നുമില്ല ജീവൻ, ഈ ലോകം നഷ്ടപ്പെടാതിരുന്നെങ്കിൽ! “
അന്നു രാത്രി അവർ ഏറെ നേരം സംസാരിച്ചു. അതെല്ലാം നഷ്ടങ്ങളെക്കുറിച്ചായിരുന്നു. നഗര വെളിച്ചത്തിലെ ഭീകരതയെക്കുറിച്ചായിരുന്നു. പതുക്കെയത് മരണത്തിലേക്കെത്തിയപ്പോൾ അവർ ആ തീരുമാനമെടുത്തു.
നഗരത്തോട് വിട പറയാൻ തീരുമാനിച്ച ആ രാത്രിയിൽ അവർ സുഖമായി ഉറങ്ങി.
ഫ്ലാറ്റ് വിറ്റു കിട്ടിയ തുകയിൽ ബാധ്യത തീർത്തു കിട്ടിയ സംഖ്യ സജിയെ ഏൽപ്പിച്ചു.
” ഇപ്പോൾ തൽക്കാലം ഇതേ ഉള്ളൂ. ഇത് കൊണ്ട് മെൽബണിലേക്ക് പോവാൻ പറ്റുമോ എന്നറിയില്ല. പറ്റുന്നതുപോലെ ചെയ്യൂ. “
അവൻ്റെ മറുപടിക്ക് കാത്തു നിൽക്കാതെ പടിയിറങ്ങി.
ജീവൻ്റെ വീട്ടിൽ തരിശായി കിടന്നിരുന്ന ഏക്കറു കണക്കുള്ള മണ്ണിൽ അവർ കൃഷി ചെയ്തു തുടങ്ങി. ചേമ്പും ചേനയും കപ്പയും സമൃദ്ധമായി വളർന്നു കിടക്കുന്ന തോട്ടത്തിൽ നിലാവുള്ള രാത്രിയിൽ അവർ നിശാഗന്ധി വിരിയുന്നത് കണ്ടു നടന്നു.
സ്വർണ്ണ നിറമുളള വയലുകളിൽ സന്ധ്യകൾ കുങ്കുമം ചാർത്തുന്ന ഭംഗി ആസ്വദിച്ചു.
രാത്രി കാലങ്ങളിൽ നീണ്ട വരാന്തയിൽ ഇരിയ്ക്കുമ്പോൾ ജീവൻ പറഞ്ഞു. ജീവിതത്തിന് പുതിയ തലം കിട്ടി. ഇവിടെയാണ് സ്വർഗം….
രണ്ട് അമ്മമാരേയും ചേർത്ത് പിടിച്ചു നാടിൻ്റെ ഗന്ധമറിഞ്ഞു പിരിമുറുക്കങ്ങളില്ലാത്ത ലോകത്ത് സാധാരണക്കാരായി ജീവിക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നി.
തറവാട്ടുപറമ്പിലൂടെ മൂളി വന്ന ഇളം കാറ്റു മന്ത്രിച്ചു.
ഇതാണ് ജീവിത സാക്ഷാത്കാരം.
#എന്റെരചന – എല്ലാം ശരിയാവും


7 Comments
നേട്ടങ്ങൾക്ക് പിറകേ ഓടുമ്പോൾ നഷ്ടമാകുന്ന ജീവിതം…സഹോദരങ്ങളോട് ഉത്തരവാദിത്വം ആകാം അത് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ
അല്ലാതെ അത്യാഗ്രഹത്തെ ശമിപ്പിക്കാൻ ആകരുത്…
നന്നായ് എഴുതി അവസാനം അവർ സന്തോഷത്തിൻ്റെ വഴിയിലേക്ക് എത്തിയല്ലോ..
വൈകിയെങ്കിലും തിരിച്ചറിവുണ്ടായല്ലോ….. ഇനി എല്ലാം ശരിയാകും……. നന്നായെഴുതി👍❤️
സ്നേഹം♥️♥️♥️
ഇന്ന് ഒരുപാടു ചെറുപ്പക്കാർ പിരിമുറുക്കങ്ങളെ വിട്ടൊഴിഞ്ഞ് കൃഷിയിലേക്കും കൊച്ചു കൊച്ചു സംരംഭങ്ങളിലേക്കും കടക്കുന്നുണ്ട്. നല്ലൊരു മെസേജ് തരുന്ന കഥ👌🌹
സ്നേഹം♥️♥️♥️
കോർപറേറ്റ് ജീവിതത്തിന്റെ പിരിമുറുക്കവും നാടും തരുന്ന ആശ്വാസവും നല്ല രീതിയിൽ എഴുതി.👌👏
സ്നേഹം♥️♥️♥️