“നമുക്കൊന്ന് പോളിടെക്നിക്കിൽ കയറിയിട്ട് പോകാം. ഇന്ന് സമരമായതുകൊണ്ട് ക്ലാസുകൾ ഒന്നും ഉണ്ടാവില്ല. ഞാൻ സാറിനോട് പെർമിഷൻ മേടിച്ചിട്ട് വരാം. എന്നിട്ട് ഞങ്ങൾ പഠിച്ച ക്ലാസുകൾ ഒക്കെ കാണിച്ചു തരാം.” പറഞ്ഞതിനോടൊപ്പം അയാൾ വണ്ടി ക്യാമ്പസിനുള്ളിലേക്ക് കയറ്റി.
“അച്ഛന് ഈ പോളിടെക്നിക്കിൽ ആരേലും കൈവിഷം വെച്ചിട്ടുണ്ടോ? എപ്പം ഇതുവഴി പോയാലും എന്റെ പോളി എന്റെ പോളി എന്നും പറഞ്ഞ് ചാടും. ഇന്നിപ്പോ ഇങ്ങനെ”
മകളുടെ കളിയാക്കൽ
“കൈവിഷം ഒന്നുമല്ലടീ. അച്ഛന്റെ ആദ്യത്തെ പ്രണയം ഇവിടെ വെച്ചാരുന്നു. അതിന്റെ എളക്കമാ” ഭാര്യേടെ വക കുത്ത് അയാൾ കേട്ടില്ലെന്ന് നടിച്ചു.
“നീ എന്നും ചോദിക്കുന്ന ചോദ്യമല്ലേ നിനക്ക് ഈ രുക്മിണി എന്ന പഴഞ്ചൻ പേര് എന്തിനാ ഇട്ടതെന്ന്? ഇന്ന് നിനക്ക് അതിനുള്ള മറുപടി തരാം.”
“മറുപടീം മാങ്ങാത്തൊലീം ഒന്നുമല്ലടി, ഇതിയാൻ ഏതോ പഴയ പ്രേമകഥ പറയാൻ പോകുവാ” ഭാര്യയെ നോക്കി ചിരിച്ചിട്ട് അയാൾ അകത്തേക്ക് പോയി.
അവർ ക്ലാസ് റൂമുകൾ ഒക്കെ കണ്ട് വിശാലമായ എഞ്ചിനീയറിങ്ങ് ഡ്രായിങ് ഹാളിലേക്ക് എത്തി.
“നമുക്കിവിടെ കുറച്ചു സമയം ഇരുന്നാലോ? പഠിക്കുമ്പോഴും എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലമായിരുന്നു”
“നമുക്ക് ഇവിടെ തന്നെയിരിക്കാമെടീ, അച്ഛന്റെ പഴേ കാമുകി ഇങ്ങോട്ട് വരാമെന്നായിരിക്കും പറഞ്ഞിരിക്കുന്നത്.” അയാൾ ഭാര്യയെ നോക്കി. “വീട്ടിലേക്ക് വാ മനുഷ്യാ നിങ്ങൾക്ക് ഒള്ളത് അപ്പൊ തരാം” എന്ന ഭാവമൊന്നും കാണുന്നുമില്ല. നല്ല മൂഡിലാണ് ആള്. എന്തുപറ്റിയോ ആവോ?
“അച്ഛാ അമ്മ പറഞ്ഞ പ്രണയകഥ ശരിക്കുമുള്ളതാണോ?”
“മ്‌മ്.. അങ്ങനേയുമൊരു കാലം ഉണ്ടായിരുന്നു.”
“ശ്ശേ.. അച്ഛനോ? ഞാൻ ഞെട്ടി. അമ്മേ ഞെട്ടുന്നില്ലേ ?”
“എന്തിന്? ഞാൻ പണ്ടേ ഒന്ന് ഞെട്ടിയതാ. എപ്പഴുമെപ്പഴും ഞെട്ടാൻ എനിക്ക് വട്ടൊന്നുമില്ല.” ഭാര്യ ഏതോ സിനിമേലേ ഡയലോഗ് എടുത്തു വീശി…
“എന്നാ ആ കഥ പറയച്ഛാ”
അയാളുടെ മനസ്സ് പഴയ കാലത്തേക്ക് ഊളിയിട്ടു.
സെക്കൻഡ് ഇയർ ആകുമ്പോഴാണ് രുഗ്മിണി ഞങ്ങടെ പോളിയിൽ ജോയിൻ ചെയ്യുന്നത്. വേറെ ഏതോ സ്ഥലത്ത് നിന്നും ട്രാൻസ്ഫർ വാങ്ങി ഇങ്ങോട്ട് വന്നതാണ്. ഇരുനിറമുള്ള ഒരു പെൺകുട്ടി.
ഞാനാണെങ്കിൽ അന്ന് ഉണങ്ങിയ റബർക്കമ്പ് പോലെയാണ്. കാര്യമായ അലമ്പ് പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ടും നോട്ടത്തിൽ നല്ല പയ്യൻ എന്നൊരു തെറ്റിദ്ധാരണ ഉണ്ടായതുകൊണ്ടുമാവാം അവൾ പലപ്പോഴും സഹായം ചോദിച്ചിരുന്നത് എന്നോടായിരുന്നു. ഡ്രോയിങ് ക്ലാസിലും ലാബിലും ഒക്കെ അവളെ സഹായിച്ചു കൊടുത്ത് ഞങ്ങൾ തമ്മിൽ ചെറിയ സൗഹൃദമായി.
അന്ന് ഇവിടെ കാന്റീൻ ഒന്നുമില്ല. ആ സ്റ്റെയർകേസിന്റെ ചുവട്ടിലുള്ള ചെറിയ സ്പേസിൽ ഒരു ചേട്ടൻ ഇന്റർവെൽ സമയത്ത് ചൂട് ചായയും കാപ്പിയും പഴംപൊരിയും ഒക്കെ കൊണ്ടുവന്ന് വിൽക്കും. ഇന്നത്തെപ്പോലെ എല്ലാവരും പുറത്തു പോയി കാപ്പി കുടിക്കുന്ന സ്വഭാവമൊന്നുമില്ല. അവൾക്ക് കാപ്പി കുടിക്കാൻ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ വിളിച്ചുകൊണ്ടുപോയി ആദ്യം കാപ്പി മേടിച്ചു കൊടുത്തത് ഞാനാണ്. പക്ഷേ എന്നും കാപ്പി കുടിക്കാനുള്ള പൈസ എന്റെ കയ്യിൽ ഉണ്ടാവില്ല. അതറിഞ്ഞതുപോലെ പല ദിവസങ്ങളിലും അവൾ എനിക്കും കൂടി കാപ്പി മേടിച്ചു തരാൻ തുടങ്ങി. എല്ലാ ദിവസവും കാപ്പി കുടിക്കാൻ പോക്ക് ഞങ്ങൾ ഒരു ശീലമാക്കി.
” ഓഹോ അപ്പോ നിങ്ങക്ക് ഈ കാപ്പികുടി ശീലം അങ്ങനെ കിട്ടിയതാണല്ലേ? ഇനി എടീ ഒരു കാപ്പീന്ന് പറഞ്ഞ് വാ ഞാൻ വെച്ചിട്ടുണ്ട് ”
“ഹോ സമാധാനമായി. ഇത്രയും നേരം നീയെന്താ ഒന്നും മിണ്ടാത്തേന്ന് ഞാൻ ആലോചിക്കുകയായിരുന്നു”
“അമ്മ ഇടക്ക് കയറല്ലേ.” രുക്കു ഇടക്ക് കയറി
അന്നൊക്കെ ഒരു ആൺകുട്ടി പെൺകുട്ടിയോട് മിണ്ടിയാൽ അവർ തമ്മിൽ എന്തോ ഉണ്ട് എന്ന് ആൾക്കാർ പറയുന്ന കാലമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും ഇല്ലെങ്കിലും കുറെനാൾ കഴിഞ്ഞപ്പോൾ എനിക്ക് അവളോട് പ്രണയം തോന്നി തുടങ്ങി. അവൾക്ക് എന്നോട് പ്രണയമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു.
പക്ഷേ അവളുടെ ഓരോ നോക്കും വാക്കും അവൾക്ക് എന്നോടുള്ള പ്രണയമായി ഞാൻ വ്യാഖ്യാനിച്ചു. രാവിലെ അവൾ വരുന്ന ബസ്സ് നോക്കി ഞാൻ കാത്തുനിൽക്കാൻ തുടങ്ങി. അവള് ആ വണ്ടിയിൽ വന്നില്ലെങ്കിലോ, വരുന്ന വണ്ടി താമസിച്ചാലോ എന്തിനെന്നറിയാത്ത ഒരു സങ്കടം നെഞ്ചിൽ വന്നു നിറയും. അവൾ അടുത്തുണ്ടെങ്കിൽ ചുറ്റിലൂമുള്ള ലോകം മുഴുവൻ വർണ്ണങ്ങൾ നിറയും..
അങ്ങനെ രണ്ടാംവർഷ പരീക്ഷ അവസാനിക്കുന്ന ദിവസം ഞാൻ അവളോട് പ്രണയം തുറന്നു പറഞ്ഞു.
“ഓഹോ അച്ഛനാള് മോശമല്ലല്ലോ. എങ്ങനെയാ പറഞ്ഞത്? എന്നിട്ട് ആ ചേച്ചി എന്ത് പറഞ്ഞു?” മകളുടെ വക ചോദ്യ ശരങ്ങൾ
“ചേച്ചിയോ? നിന്റച്ഛന്റെ പ്രായമില്ലേ? ആന്റിയെന്നു പറയെടീ. പിന്നെ അന്ന് ആ കൊച്ച് ഇങ്ങേരുടെ കരണക്കുറ്റി അടിച്ചു പോകച്ചു കാണും.” ഭാര്യ വക പുച്ഛം…… അത് സ്വാഭാവികമാണല്ലോ. തളരരുത് രാമൻകുട്ടീ തളരരുത്…..
ഞാൻ ONV യുടെ ഒരു കവിതയുടെ രണ്ടു വരി എഴുതി അവൾക്ക് കൊടുത്തു.
“പറയൂ ഞാനെങ്ങനെ പറയേണ്ടൂ, നീയിന്നുമറിയാത്തൊരെൻ സ്നേഹനൊമ്പരങ്ങൾ ഒരു പൂവിന്നിതൾ കൊണ്ട് മുറിവേറ്റൊരെൻ പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങൾ”
അത് വാങ്ങി വായിച്ചു നോക്കിയിട്ട് അവൾ എന്നെ ഒരു നോട്ടം നോക്കി. ആ മുഖത്തെ വികാരം എന്തെന്ന് മനസ്സിലായതേയില്ല. ഞാൻ കൊടുത്ത പേപ്പർ ബാഗിൽ വെച്ചിട്ട് ഒന്നും പറയാതെ അവൾ തിരികെ നടന്നു… പുറകെ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ കാല് അനങ്ങിയില്ല. ഒരു മാസം കഴിഞ്ഞാണ് ക്ലാസുകൾ തുടങ്ങുന്നത്. ആ ഒരു മാസം എങ്ങനെയാണ് കടന്നുപോയത് എന്നറിയില്ല….
തൊണ്ണൂറുകളുടെ ആദ്യപകുതിയാണ് മൊബൈൽ പോയിട്ട് ലാൻഡ് ഫോൺ പോലും എല്ലാ വീട്ടിലും ഇല്ല. കത്ത് അയക്കാം എന്ന് വിചാരിച്ചാൽ അത് മറ്റാരുടെയെങ്കിലും കയ്യിൽ കിട്ടിയാൽ വലിയ പ്രശ്നത്തിലേക്ക് പോകും.
ജീവിതത്തിൽ ഒരിക്കലും കോളേജോ സ്‌കൂളോ പെട്ടന്ന് തുറക്കണമേ എന്ന് അത്ര ആത്മാർത്ഥമായി ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ലായിരുന്നു. ഒടുവിൽ ക്‌ളാസ് തുടങ്ങുന്ന ദിവസമെത്തി. അവൾ വരുന്ന ബസ്സും നോക്കി ഞാൻ നിന്നു. പതിവ് ബസിൽ അവളില്ലായിരുന്നു… അടുത്ത ബസിലും ആളില്ല. ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. മൂന്നാമത്തെ ബസിൽ അവൾ വന്നിറങ്ങി. പക്ഷേ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ ക്ലാസിലേക്ക് കയറിപ്പോയി. കണ്ണുകൾ നിറഞ്ഞ് നെഞ്ചിൽ ശ്വാസം വിലങ്ങി ഞാൻ ക്ലാസ്സിലിരുരുന്നു. ഞാനൊന്ന് അടുത്തു ചെന്നെങ്കിലും അവഗണനയായിരുന്നു ഫലം.
വൈകിട്ട് കാപ്പി കുടിക്കാൻ പോകാനുള്ള സമയമായി.. ഒരു നാണവുമില്ലാതെ പോയി അവളെ കാപ്പി കുടിക്കാൻ വിളിച്ചു. ഒന്നും മിണ്ടാതെ അവൾ എന്റെ കൂടെ വന്നു കാപ്പി കുടിക്കുന്നു. അപ്പോഴൊക്കെ അവളുടെ നോട്ടം എന്റെ മുഖത്തായിരുന്നു. ആ നോട്ടത്തെ നേരിടാനാവാതെ ഞാൻ മറ്റെങ്ങോ നോക്കി നിന്നു.
“നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് പറയണം.. അല്ലാതെ മറ്റൊരാളുടെ വരികൾ കടമെടുത്തു പറയാൻ വരരുത്” എന്റെ തലക്കിട്ട് ഒരു തട്ടും തട്ടി കാലിയായ കാപ്പിഗ്ലാസ് എന്റെ കയ്യിൽ തന്നിട്ട് ഒരു ചിരിയോടെ അവൾ ക്ലാസിലേക്ക് പോയി.
ഒറ്റ സെക്കൻഡ് കൊണ്ട് എന്റെ ലോകം മുഴുവൻ മാറിമറിഞ്ഞു. പ്രണയിക്കുന്നതിന്റെയും പ്രണയിക്കപ്പെടുന്നതിന്റെയും ആനന്ദം എന്തെന്ന് ആദ്യമായി അറിയുകയായിരുന്നു. അവളുടെ ചിരി, നോട്ടം, ഒരുമിച്ചുള്ള നടത്തം കാപ്പികുടി, ഇടക്ക് ആരും കാണാതെ കൈ വെള്ളയിൽ വെച്ചു തരുന്ന മുട്ടായികൾ, കാണാനായുള്ള കാത്തിരിപ്പ്, കാണാൻ പറ്റാത്ത ദിവസങ്ങളിലെ നൊമ്പരങ്ങൾ……….
അങ്ങനെ ജീവിതം പ്രണയത്തിന്റെ ഒരു മന്ത്രിക നദിയിലേക്ക് എടുത്തറിയപ്പെട്ടു.
ഒരു സമരദിവസം പുറത്തു വരാന്തയിൽ നിന്ന് വളരെ ഗൗരവകരമായ എന്താ കാര്യം സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങളെ കണ്ട് അറ്റൻഡർ രാമുവേട്ടന് ദേഷ്യം വന്നു. അയാൾ ഞങ്ങളെ എന്തൊക്കെയോ കുറെ വഴക്ക് പറഞ്ഞു. നീയൊക്കെ പ്രേമിക്കാനാണോ കോളേജിൽ വരുന്നത്? നിന്നെയൊക്കെ വളർത്തിയതിന്റെ ദോഷമാണ്, വീട്ടുകാരെ പറഞ്ഞാ മതി തുടങ്ങി മര്യാദയുടെ എല്ലാ സീമകളും ഭേദിച്ച കാര്യങ്ങൾ പറഞ്ഞിട്ട് അയാൾ പോയി. തിരിച്ചൊന്നും പറയാൻ കഴിയാതെ പേടിയും നാണക്കേടും കാരണം വിയർത്തൊട്ടി കരച്ചിലടക്കി നിന്ന എന്നെ ഇപ്പോഴും എനിക്കോർമ്മയുണ്ട്. അവളുടെ കണ്ണുകളും ചുമന്ന് കലങ്ങിയിരുന്നു. ചുണ്ടുകൾ സങ്കടം കൊണ്ടോ ദേഷ്യം കൊണ്ടോ വിറക്കുന്നുണ്ടായിരുന്നു. അവളെ നോക്കാൻ പോലും മടിച്ചു നിന്ന എന്നെ നീ ഇങ്ങു വന്നേ എന്ന് പറഞ്ഞു എന്റെ കയ്യിൽ കൈ കോർത്തു പിടിച്ച് അവൾ രാമുച്ചേട്ടന്റെ മുമ്പിലൂടെ രണ്ട് വട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നു. പുള്ളിയുടെ മുമ്പിൽ കൈകോർത്ത് നിന്ന് ഒരു പുഞ്ചിരിയോടെ ചേട്ടൻ സാറിനോട് പരാതി പറയുമ്പോൾ ഇതും കൂടെ ചേർത്ത് പറഞ്ഞേക്ക് എന്ന് പറഞ്ഞ് ഞങ്ങൾ തിരിച്ചു നടക്കുമ്പോൾ ചാണകത്തിൽ ചവിട്ടിയ പോലെ അയാൾ മുഖം ചുളിച്ച് ഇരിപ്പുണ്ടായിരുന്നു.
പക്ഷേ എന്റെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു അവസാന വർഷ പരീക്ഷ അടുക്കുമ്പോഴാണ് അച്ഛന്റെ മരണം. അച്ഛന്റെ വരുമാനത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബത്തിന് അതൊരു കടുത്ത ആഘാതമായിരുന്നു. മൂത്തമകനായതുകൊണ്ട് തന്നെ പഠനം കഴിഞ്ഞതോടെ ഒരു ജോലി എന്നത് വളരെ അത്യാവശ്യമായി.
പ്രണയത്തിന്റെ മാന്ത്രിക വലയത്തിൽ നിന്നും ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് ഞാൻ അടുത്തറിയപ്പെടുകയായിരുന്നു. രുഗ്മിണി ഉപരിപഠനത്തിനായി പോകുന്നു എന്ന് പറഞ്ഞു, എന്നോട് തുടർന്ന് പഠിക്കാൻ അവൾ നിർബന്ധിച്ചു. പക്ഷേ എന്റെ അവസ്ഥ അതിനു പറ്റിയതായിരുന്നില്ല. അച്ഛന്റെ ഒരു നല്ല സുഹൃത്ത് വഴി ഗൾഫിൽ ഒരു ജോലി തരപ്പെട്ടു. അതിനിടയിൽ രുഗ്മിണിയുടെ പല കത്തുകളും തുറന്നു നോക്കുക പോലും ചെയ്യാതെ അനാഥമായി കിടന്നു. എനിക്കവളോടുള്ള പ്രണയം ഇല്ലാതായിപ്പോയപോലെ എനിക്ക് തോന്നി. എന്റെയും അവളുടെയും കുടുംബത്തിന്റെ സാമ്പത്തിക നിലകൾ തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ അവളിൽ നിന്ന് അകലം പാലിക്കുന്നതായിരിക്കും അവളുടെ ഭാവിക്ക് നല്ലത് എന്നെനിക്ക് തോന്നി.
വിവേകത്തോടെ ചിന്തിക്കാൻ തുടങ്ങിയതോടെ അവളോടുള്ള പ്രണയവും പതുക്കെ മാഞ്ഞുപോയി. പോകുന്നതിനു മുമ്പ് അവളോട് എല്ലാം ഏറ്റു പറഞ്ഞു മാപ്പ് പറയണം എന്നുണ്ടായിരുന്നു. പക്ഷെ ധൈര്യമുണ്ടായില്ല. ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിനെ അവളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പറഞ്ഞേൽപ്പിച്ചിട്ട് ഞാൻ ഏതാണ്ട് 30 വർഷം നീണ്ട പ്രവാസജീവിതത്തിലേക്ക് വിമാനം കയറി. ഇന്നവളും ഭർത്താവും ഇവിടെ ഈ പോളിടെക്‌നിക്കിൽ അധ്യാപകരാണ്.
“കഥകളൊക്കെ പറഞ്ഞു കഴിഞ്ഞോ കള്ളക്കാമുകാ?”
വാതിൽക്കൽ നിന്നും കേട്ട് മറന്നൊരു ശബ്ദം കേട്ട് ഒരു നടുക്കത്തോടെ അയാൾ തിരിഞ്ഞ് നോക്കി. കൈകൾ മാറത്ത് പിണച്ചു കെട്ടി അവൾ, രുഗ്മിണി. കൂടെ ഭർത്താവും മകനും. അവൾ പതുക്കെ അകത്തോട്ട് വന്നു. ഈ കൂടിക്കാഴ്ച അവർ തന്നെ പ്ലാൻ ചെയ്തതാണെങ്കിലും അയാൾ പതറിപ്പോയിരുന്നു.
ഒരു ബലത്തിന് വേണ്ടി മേശയുടെ വിളുമ്പിൽ മുറുകെപ്പിടിച്ച് അവളെ നോക്കാൻ ശ്രമിച്ചു. അവളുടെ മുഖത്ത് നോട്ടമുറയ്ക്കാതെ നോട്ടം എവിടെക്കൊക്കെയോ തെന്നി പോകുന്നു.
എങ്ങനെയൊക്കെ ധൈര്യം സംഭരിച്ച് അയാൾ ഷേക് ഹാൻഡിന് വേണ്ടി കൈനീട്ടി. പക്ഷേ നിറഞ്ഞ ചിരിയോടെ കൈകൾ രണ്ടും വിരിച്ചുപിടിച്ച് “ഇത്രയും വർഷം കൂടി പഴയ കാമുകിയെ കണ്ടിട്ട് ഒരു സന്തോഷവും ഇല്ലേടാ ഉവ്വേ?” എന്ന ചോദ്യത്തോടെ അവൾ അവനെ മൃദുവായി ആലിംഗനം ചെയ്തു. എന്തിനെന്നറിയാതെ അവന് കരച്ചിൽ വന്നു. തന്റെ തോളിൽ കണ്ണീരിന്റെ നനവനുഭവപ്പെട്ടപ്പോഴാണ് അവളും കരയുകയാണെന്ന് അവന് മനസ്സിലായത്.
വർഷങ്ങൾക്കു മുമ്പ് പ്രണയിച്ചിരുന്ന, അത് പ്രണയമായിരുന്നില്ലെന്ന് മനസ്സിലാക്കിയ, ജീവിതത്തെ പരീക്ഷണങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്ത രണ്ടുപേർ, തങ്ങൾക്കിടയിലെ സ്നേഹത്തിന്റെ അദൃശ്യമായ ബന്ധം ഒരിക്കലും പൊട്ടിപ്പോയിട്ടില്ല എന്ന് തിരിച്ചറിഞ്ഞ രണ്ട് മനുഷ്യർ, അവരുടെ സ്നേഹത്തിന്റെ, സങ്കടത്തിന്റെ, വിരഹത്തിന്റെ, കാലം കാത്തുവെച്ച ഒരുപാട് കണക്കുകൾ കണ്ണീരിലൂടെ കഴുകി കളയുന്ന അപൂർവ കാഴ്ച. അതിന് സാക്ഷികളായി അവരുടെ പങ്കാളികളും മക്കളും.
അല്പം കഴിഞ്ഞ് കാന്റീനിൽ എല്ലാവരും ഒരുമിച്ചിരുന്നു ചായ കുടിക്കുമ്പോൾ രുക്കു അമ്മയോട് ചോദിച്ചു.
“ഇന്ന് ഇവർ തമ്മിൽ ഇവിടെ വെച്ച് കാണുമെന്ന് അമ്മക്ക് അറിയാമായിരുന്നോ?”
“അറിയാം. ഇവർ ഫേസ്ബുക് വഴി രണ്ടാമത് കണ്ട് മുട്ടിയത് മുതൽ ഇവരുടെ എല്ലാ ചാറ്റുകളും എനിക്ക് കാണാൻ പാകത്തിന് വെച്ചിട്ട് നിന്റെ അച്ഛൻ മാറി പോകും. ഞാനത് വായിച്ചെന്ന് എപ്പോഴും പുള്ളി ഉറപ്പ് വരുത്തിയിരുന്നു. ഞാനറിയാത്ത രഹസ്യങ്ങളൊന്നും നിന്റെ അച്ഛനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ കള്ളൻ ഈ പ്രേമത്തിന്റെ കാര്യം മാത്രം എന്നോട് പറയുന്നത് നിന്നെ ഗർഭിണി ആയിരിക്കുന്ന സമയത്താണ്. പെൺകുട്ടിയാണെങ്കിൽ ഈ പേരിടണം എന്ന അപേക്ഷയും. ഈ ക്ളീഷേ പരിപാടി വേണ്ടന്ന് എനിക്ക് തോന്നിയെങ്കിലും പാവം തോന്നി അങ്ങ് സമ്മതിച്ചു കൊടുത്തു. അല്ലേലും ഈ പ്രേമമൊക്കെ അല്പം പൈങ്കിളി ആയില്ലേൽ എന്താ ഒരു രസം അല്ലേ യദുകൃഷ്ണാ?”
ഇതെന്താ അമ്മ അച്ഛനെ പേര് വിളിക്കുന്നത് എന്നത്ഭുതപ്പെട്ട രുക്കുവിന്റെ അമ്പരപ്പ് ഇരട്ടിച്ചത് അമ്മയുടെ ചോദ്യം അച്ഛനോടല്ല രുഗ്മിണിയാന്റിയുടെ മകനോടാണെന്ന് അറിഞ്ഞപ്പോഴായിരുന്നു. അവളുടെ ഏറ്റവും വലിയ സങ്കടമായിരുന്ന ആ പഴഞ്ചൻ പേര് അപ്പോഴേക്കും അവൾക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറിയിരുന്നു..
#പ്രണയദിനം2026
#നീയുംഞാനും


20 Comments
നന്നായിട്ടുണ്ട്. എഴുത്ത് തുടരുക
😊💖 Manoharam
കൊള്ളാല്ലോ… ഹരിച്ചേട്ടാ നന്നായി എഴുതിയിട്ടുണ്ട്. നല്ല പ്രണയ കഥ 🥰🥰
സ്നേഹം അയനാ 🥰
സൂപ്പർ സ്റ്റോറി
ജിനാസ് 🥰❤️
കൊള്ളാമല്ലോ
നല്ല കഥ ❤️
നല്ല രചന👍
Joyce ചേച്ചീ വായനക്ക് ഒത്തിരി സ്നേഹം
ശ്രീരാജ് ഒരുപാട് സന്തോഷം 🥰
വായിച്ചു
സങ്കടവും സന്തോഷവും ഒരുമിച്ചു വന്ന ഒരവസ്ഥ.
നന്നായിട്ടുണ്ട്. മനസ്സിൽ തട്ടിയ കഥ❤️👌🌹
സുമചേച്ചി 🥰❤️
സന്തോഷം ❤️
സന്തോഷം 🥰
Thank you ❤️
👍❤️
Thanks Asha Rose 🙏
❤️
നല്ല കഥ ❤️