പഴക്കം ചെന്ന വീടിന്റെ മൂലക്കിലിരുന്നു
നിർത്താതെ പാടുന്ന
പഴയ റേഡിയോ ശബ്ദങ്ങൾ.
അതിൽ മുക്കിയും മൂളിയും
പ്രായമായെന്നു ഊട്ടിയുറപ്പിക്കാനെന്നോണം
പുറന്തള്ളപ്പെടുന്ന
പഴയ സിനിമാ ഗാനങ്ങൾ.
മണ്ണെണ്ണ വിളക്കിനപ്പുറത്തു
കാഴ്ചകളാൽ മങ്ങപ്പെട്ട
പഴയ പുസ്തകയലമാര.
ചിതലുകൾ തിന്നിട്ടും
അവശേഷിപ്പിന്റെ നാമം പേറി
ബാക്കിയായ
പുസ്തകക്കെട്ടുകൾ.
വർഷങ്ങളുടെ ഗാഢനിദ്രയിൽ
നിന്നുണരാത്ത
മയിൽപ്പീലിത്തുണ്ടുകൾ.
ആരോ വലിച്ചെറിഞ്ഞ
സ്വപ്നങ്ങളിൽ
ഞെരുങ്ങിയമർന്ന
അതിന്റെ തേങ്ങലുകൾ.
വെള്ളി നിറമാക്കപ്പെട്ട
വെളുത്ത രോമങ്ങൾ.
ആഴങ്ങളിലേക്ക്കുഴിഞ്ഞു പോയ
മനുഷ്യക്കണ്ണുകൾ.
പിന്നി, മുക്കിലേക്കെറിയപ്പെട്ട
വിലകുറഞ്ഞ വസ്ത്രങ്ങൾ.
കർപ്പൂര മണമുള്ള
ഇരുട്ടു മുറികൾ.
മനുഷ്യലോകത്തു
വഴിതെറ്റി വന്ന
ദൈവങ്ങളുടെ മുന്നിൽ
കെടാതെ കത്തിച്ചു വെച്ച
തണുത്ത ചന്ദനത്തിരികൾ.
തട്ടിയും മുട്ടിയും
അടുക്കളത്തിണ്ണയിൽ
ജീവിച്ചിരിക്കുന്ന
കരിപ്പിടിച്ച മൺകലങ്ങൾ.
പുകയാത്ത അടുപ്പുകല്ലുകൾ.
വഴുക്കലു പിടിച്ച
മുറ്റത്തഴിച്ചു വെച്ച
മെതിയടികൾ.
ആളില്ലാത്ത ശൂന്യത പേറുന്ന
പൂമുഖത്തെ ഒഴിഞ്ഞ ചാരുകസേര.
അങ്ങനെയങ്ങനെ
എത്രയെത്ര ജീവിതങ്ങളാണ്മ
രണം കടന്നെത്താത്ത,
വലിച്ചെറിയപ്പെട്ടവരുടെ
മൂലക്കിലിരുന്നു
ദിവസവും തേങ്ങിയുറങ്ങുന്നത്.


1 Comment
👍