ആകാശം വിചിത്രമായൊരു ചാരനിറത്തിലേക്ക് വഴിമാറിക്കൊണ്ടിരുന്നു. ഉച്ചവെയിലിന്റെ പ്രതാപം പെട്ടെന്ന് മങ്ങി. ദിശതെറ്റി പറക്കുന്ന പക്ഷികൾ അന്തരീക്ഷത്തിൽ ഭീതി പടർത്തി. കാടിനുള്ളിലെ പഴയ ബംഗ്ലാവിന്റെ മട്ടുപ്പാവിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഗോപ നന്ദന്റെ മുഖത്ത് ഭയമായിരുന്നില്ല, മറിച്ച് ഏറെക്കാലമായി പിന്തുടരുന്ന നിഗൂഢമായ രഹസ്യം വെളിപ്പെടുത്താൻ പോകുന്നതിന്റെ ആവേശമായിരുന്നു.
”ഗോപാ, നമുക്ക് പോകാം… പ്രകൃതി നൽകുന്ന സൂചനകൾ അത്ര നല്ലതല്ല.”
ദക്ഷയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ തന്റെ ക്യാമറ ബാഗ് തോളിലിട്ടു.
ഗോപൻ പതുക്കെ തിരിഞ്ഞു. അയാളുടെ കണ്ണുകളിൽ പതിവില്ലാത്തൊരു തിളക്കം.
“ദക്ഷാ, നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ, വെളിച്ചം അണയുമ്പോൾ നമ്മുടെ നിഴലുകൾ എങ്ങോട്ടാണ് മറയുന്നതെന്ന്? അവ നമ്മളെ ഉപേക്ഷിച്ചു പോകുകയല്ല, മറിച്ച് മറ്റൊരു ലോകത്തേക്കുള്ള വാതിൽ തുറക്കുകയാണ്.”
അയാൾ വട്ടത്തിലുള്ള ഒരു ലോഹഫലകം മേശപ്പുറത്ത് വെച്ചു. സൂര്യന്റെയും ചന്ദ്രന്റെയും വിചിത്രമായ രേഖാചിത്രങ്ങൾ അതിൽ കൊത്തിവെച്ചിരുന്നു.
“ഇന്ന് ‘റിംഗ് ഓഫ് ഫയർ’ ആണ് ദക്ഷാ.
സൂര്യൻ ഒരു കരിവളയമായി മാറുമ്പോൾ, ഭൂമിയിൽ പതിക്കുന്ന ആ നിഴൽരൂപത്തിന് ജീവൻ വെക്കും.”
പണ്ട് സുഹൃത്തുകൾക്കൊപ്പം ഒത്തുകൂടാറുള്ള കഫേയിൽ വെച്ച് ഗോപൻ ഒരിക്കൽ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അന്ന് സിദ്ധാർത്ഥും ജോണും മിറഷും പൂർണ്ണയും അതിനെ ശക്തമായി എതിർത്തതാണ്. അപകടം മണത്ത അവർ അവനെ വിലക്കിയതുമാണ്.
എന്നാൽ ആരോടും പറയാതെ, രഹസ്യമായി ദക്ഷയെയും കൂട്ടി ഗോപൻ കാടിന്റെ ആഴങ്ങളിലേക്ക് തിരിക്കുകയായിരുന്നു.
അവർ കാടിനുള്ളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കൽത്തൂണിന് മുന്നിലെത്തി. തലയോട്ടിയുടെ ആകൃതിയിലുള്ള കൊത്തുപണികൾ അതിൽ തെളിഞ്ഞുനിന്നു!
സൂര്യൻ ചന്ദ്രന് പിന്നിൽ മറയാൻ തുടങ്ങിയതോടെ പകൽവെളിച്ചം ഒരു മങ്ങിയ മഞ്ഞനിറമായി മാറി.
”ഗോപാ… നോക്കൂ!” ദക്ഷ നിലവിളിച്ചു പോയി.
മണ്ണിൽ വീണ അവരുടെ നിഴലുകൾക്ക് മാറ്റം സംഭവിക്കുന്നു. ദക്ഷയുടെ നിഴൽ അവളുടെ ചലനങ്ങളെ അനുഭാവപൂർവ്വം അനുകരിക്കുന്നില്ല. ഗോപന്റെ നിഴലാകട്ടെ, പതുക്കെ അയാളുടെ കാലുകളിൽ നിന്ന് വേർപെട്ട് ആ കൽത്തൂണിലേക്ക് ഇഴഞ്ഞു കയറുന്നു.
”ഇതാണ് സമയം!”
ഗോപൻ ആക്രോശിച്ചുകൊണ്ട് കൈയിലുണ്ടായിരുന്ന ലോഹഫലകം തൂണിലെ ഒരു വിടവിലേക്ക് ആഞ്ഞു തറച്ചു.
പെട്ടെന്ന് ആകാശം പൂർണ്ണമായും ഇരുണ്ടു. സൂര്യൻ ഒരു അഗ്നിവളയമായി മാറി. ആയിരക്കണക്കിന് ആളുകൾ മന്ത്രിക്കുന്നതുപോലെയുള്ള ഒരു ശബ്ദം കാട്ടിനുള്ളിൽ നിന്ന് ഉയർന്നു. ദക്ഷയ്ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അവളുടെ മുന്നിൽ നിന്നിരുന്നത് ഗോപനായിരുന്നില്ല, പുകമറ പോലെ സുതാര്യമായ ഒരു രൂപമായിരുന്നു. യഥാർത്ഥ ഗോപൻ ആ കൽത്തൂണിനുള്ളിൽ ഒരു ശിലയെപ്പോലെ തറഞ്ഞുപോയിരിക്കുന്നു.
”നീ… നീ ആരാണ്?” ദക്ഷ ഭീതിയോടെ പിന്നോട്ട് നീങ്ങി.
”ഞാൻ നിഴലുകളുടെ കാവൽക്കാരനാണ്.”
ആ രൂപം ഗോപന്റെ ശബ്ദത്തിൽ പറഞ്ഞു.
“ഈ മനുഷ്യൻ എനിക്ക് പകരം തടവറയിലേക്ക് പോയിരിക്കുന്നു. എനിക്ക് പുറത്തിറങ്ങാൻ ഒരു ശരീരം ആവശ്യമായിരുന്നു.”
പെട്ടെന്ന് കാടിന്റെ നാലുഭാഗത്തുനിന്നും ടോർച്ചുകളുടെ വെളിച്ചം ആ കൽത്തൂണിലേക്ക് കേന്ദ്രീകരിച്ചു. ആര്യനും സിദ്ധാർത്ഥും കൂട്ടുകാരും അവിടേക്ക് ഓടിയെത്തി. അവർ ഗോപനെ രഹസ്യമായി പിന്തുടരുകയായിരുന്നു.
”ഞങ്ങൾ പറഞ്ഞത് നീ കേട്ടില്ലല്ലോ ഗോപാ!” ആര്യൻ ഗർജിച്ചു.
”ഇതൊരു കെണിയാണ്,” ലാവണ്യ ശാന്തതയോടെ പറഞ്ഞു. “നിഴലുകൾക്ക് പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല. നിനക്ക് ജീവൻ നൽകുന്ന ഈ കാന്തിക മണ്ഡലം ഞാനിപ്പോൾ തകർക്കും.”
“ജോണും മിറാഷും ചേർന്ന് ഗോപനു ചുറ്റും കറുത്ത നൂലുകൾ കൊണ്ട് ഒരു സുരക്ഷാ വലയം തീർത്തു. അതിനുള്ളിൽ മഞ്ഞൾപ്പൊടി വിതറിയ ശേഷം, മന്ത്രം ചൊല്ലി ഉഴിഞ്ഞെടുത്ത തീർത്ഥജലം അവർ ചുറ്റും തളിച്ചു. ആ നിമിഷം തന്നെ പൂർണ്ണ തന്റെ ഹൈ-ഫ്രീക്വൻസി സൗണ്ട് ജനറേറ്റർ പ്രവർത്തിപ്പിച്ചു; അന്തരീക്ഷത്തിൽ ഉയർന്ന ശബ്ദതരംഗങ്ങളിൽ തട്ടി നിഴൽരൂപം ആ വലയത്തിനുള്ളിൽ കുടുങ്ങിപ്പോയി.”
”ദക്ഷാ, ഇപ്പോൾ! ആ ലോഹഫലകം തൂണിൽ നിന്നും മാറ്റൂ!” ആര്യൻ വിളിച്ചു പറഞ്ഞു.
ദക്ഷ ഭയത്തെ അതിജീവിച്ച് ആഞ്ഞുശ്രമിച്ച് തൂണിലെ വിടവിൽ നിന്നും ലോഹഫലകം പുറത്തെടുത്തു. പെട്ടെന്നുണ്ടായ ഒരു ഊർജ്ജ സ്ഫോടനത്തിൽ ആ നിഴൽരൂപം അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതായി. ബോധരഹിതനായി കിടന്നിരുന്ന യഥാർത്ഥ ഗോപൻ പതുക്കെ കണ്ണുതുറന്നു.
പ്രകാശം മടങ്ങി വന്നപ്പോൾ കണ്ട കാഴ്ച ആശ്വാസകരമായിരുന്നു. നിലത്തു വീണുകിടന്ന ഗോപൻ പതുക്കെ എഴുന്നേറ്റു. ഭ്രാന്തമായ ആവേശമെല്ലാം മാറി അവൻ പഴയ പ്രസരിപ്പുള്ള ഗോപനായി തന്നെ തിരികെ എത്തിയിരുന്നു. എങ്കിലും ആ നിമിഷം അനുഭവിച്ച നിഗൂഢതയുടെ ഒരു നേർത്ത ഭയം അവന്റെ കണ്ണുകളിൽ അവശേഷിച്ചു. ദക്ഷ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.
”വാ ദക്ഷാ, നമുക്ക് പോകാം,” ഗോപൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അവന്റെ കണ്ണുകളിൽ പഴയ പ്രണയത്തിന്റെ തിളക്കമായിരുന്നു.
അവർ കാടിന് പുറത്തേക്ക് നടക്കുമ്പോൾ സുഹൃത്തുക്കൾ അവർക്ക് ചുറ്റും കാവലായി വഴി കാട്ടി.
വഴിയിൽ വെച്ച് ദക്ഷ താഴേക്ക് നോക്കി. വെളിച്ചം ശക്തമായിരുന്നിട്ടും, നടന്നു നീങ്ങുന്ന ഗോപ നന്ദന് മണ്ണിൽ ഒരു നിഴലുമില്ലായിരുന്നു!
”അവന്റെ നിഴൽ എവിടെ?” ദക്ഷ ആശങ്കയോടെ ചോദിച്ചു.
”പേടിക്കണ്ട ദക്ഷാ,” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “നിഴലുകളുടെ ലോകത്ത് നിന്നും അവൻ പൂർണ്ണമായി മോചിതനാകാൻ സമയമെടുക്കും. നാളെ പുതിയൊരു സൂര്യൻ ഉദിക്കുമ്പോൾ അവന് പുതിയൊരു നിഴൽ ലഭിക്കും. അതുവരെ അവൻ പ്രകാശത്തിന്റെ മാത്രം മനുഷ്യനാണ്.”
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കരുത്തിൽ, അവർ ആ ഇരുണ്ട നിഴൽ ലോകത്തുനിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരികെ നടന്നു.
© 𝐑𝐊
𝗥𝗔𝗝𝗘𝗘𝗦𝗛 𝗞𝗨𝗡𝗜𝗬𝗜𝗟
[ᵖᵃˡˡⁱᵏᵏᵃʳᵃ]
𝑰𝑫𝑬𝑨𝑺 𝒅𝒐𝒏’𝒕 𝒔𝒕𝒂𝒚
𝒕𝒉𝒆𝒚 𝒃𝒍𝒆𝒆𝒅 𝒂𝒔 𝒊𝒏𝒌…


3 Comments
🥰👍🏻
Thank u❣️
വ്യത്യസ്തമായ രചന.
👍
🥰👍🏻
Thank u❣️