നിനച്ചിരിക്കാത്ത നേരത്ത്, പണ്ട് കോളേജിൽ കൂടെ പഠിച്ചിരുന്ന കൂട്ടുകാരി മെസ്സഞ്ചറിൽ ഒരു കുറിപ്പ് ഇട്ടു.
“എന്നെ ഓർമ്മയുണ്ടോടോ, ഞാൻ സിൽവിയാണ്. നമ്മുടെ ഹോസ്റ്റൽ ജീവിതത്തിന്റെ ഓർമ്മകൾ എന്തെങ്കിലും ഇപ്പോൾ മനസ്സിൽ ബാക്കിയുണ്ടോ?”
ചുണ്ടിൽ ഒരു പുഞ്ചിരി പൊട്ടി വിരിഞ്ഞു.
ഓർമ്മയുണ്ടോന്ന്……
കടന്നു പോയ കാലത്തിന്റെ തിരക്കുകളിലും വിസ്‌മൃതികളിലും പോലും ഒളി മങ്ങാതെ കിടക്കുന്ന മധുരമായ ഓർമ്മകൾ.
മുപ്പതു പേർ ഒരുമിച്ചു പാർത്തിരുന്ന ഡോർമെറ്ററി. വലിയ ഒരു ഹാൾ. എന്റെ തൊട്ടടുത്ത് കിടന്നിരുന്ന ആളാണ് ഈ കക്ഷി. ഭിത്തിയുടെ അരികിലാണ് എന്റെ കട്ടിൽ.രാവിലെ ആറു മണിക്ക് വി. കുർബാന യുണ്ട്. ഞങ്ങളുടെ ഡോർമെറ്ററിയുടെ തൊട്ടടുത്താണ് ചാപ്പൽ.
സിൽവി….മോശമല്ലാത്ത ഭക്തി ഉള്ള ആൾ. രാവിലെ അഞ്ചു മണിക്ക് ഉണരും. ഉണർന്നു കഴിഞ്ഞാൽ ബെഡിൽ വിരിച്ചിരിക്കുന്ന ഷീറ്റും പുതച്ചിരുന്ന പുതപ്പും എടുത്ത് ഒരു കുടയലുണ്ട്. അത് ഒരു ഒന്നൊന്നര കുടയലാണ്. മിനിമം ഒരു അഞ്ചു പ്രാവശ്യം എങ്കിലും കുടയും. തൊട്ടടുത്ത് ഉറങ്ങി കിടന്നവർ ഒക്കെ ഞെട്ടി ഉണരും. ഉറക്കം നഷ്ടപ്പെടുത്തിയതിന് പലരും വഴക്കുണ്ടാക്കും. ദേഷ്യപ്പെടും. ആൾക്ക് പക്ഷേ യാതൊരു കൂസലുമില്ല.
പിന്നീട് ടൂത്ത് ബ്രഷും പേയ്സ്റ്റും സോപ്പും ടവലും ഒക്കെ ആയിട്ടു വാഷ്ബേസിനുകൾ സ്ഥാപിച്ചിരിക്കുന്ന ഇടത്തേക്ക് ഒരു മാർച്ച് ആണ്.
ആദ്യം ബ്രഷിന്റെ അറ്റം കൊണ്ട് ലൈറ്റിന്റെ സ്വിച്ച് ഇടും. പിന്നെ ബ്രഷിന്റെ പുറംഭാഗം സോപ്പ് ഉപയോഗിച്ചു കഴുകും. ബ്രഷ് ചെയ്ത് മുഖം കഴുകിയിട്ട് ടാപ്പ് അടക്കും. വീണ്ടും കൈ കഴുകും. വീണ്ടും ടാപ്പ് അടക്കും. ഇത് ഇങ്ങനെ തുടരും. അവസാനം വേറെ ആരെങ്കിലും ബ്രഷ് ചെയ്യാൻ വരുമ്പോൾ അവരെ അവിടെ നിർത്തിയിട്ട് രക്ഷപെടും.
രാവിലെ ബ്രഷ് ചെയ്ത് കഴിഞ്ഞ് സിൽവി യുടെ വക വേറൊരു കലാപരിപാടി കൂടി ഉണ്ട്. ആഘോഷമായി, വലിയ ശബ്ദത്തോടെ ഒരു കാർക്കിക്കൽ…. ഒരു പ്രാവശ്യമൊന്നുമല്ല, മിനിമം 4 പ്രാവശ്യം മുതൽ 6 പ്രാവശ്യം വരെ.
രാവിലത്തെ ചെറു കുളിരും ആസ്വദിച്ചു സുഖ സുഷുപ്തിയിൽ കിടക്കുന്ന മറ്റ് കുട്ടികൾ ഈ ബഹളം കേട്ട് ഞെട്ടിയുണരും. മടി പിടിച്ച് പള്ളിയിൽ പോകാതെ സുഖമായി ഉറങ്ങുന്നവരെ ഈ കലാപരിപാടിയിൽ അവൾ ഉണർത്തിയിരിക്കും.
ധാരാളം എൻ ആർ ഐ കുട്ടികൾ എൻട്രൻസ് കോച്ചിംഗിന്റെ സൗകര്യം ഓർത്ത് ഈ കോളേജിൽ പഠിക്കുന്നുണ്ടായിരുന്നു. ശരിക്ക് മലയാളം അറിയാത്ത പ്രീഡിഗ്രി സ്റ്റുഡന്റസ്.. നന്നായി പരിശ്രമിച്ച് എങ്ങനെയെങ്കിലും മെഡിക്കൽ കോളേജിലോ എഞ്ചിനീയറിംഗ് കോളേജിലോ കയറിപ്പറ്റണം എന്ന് പറഞ്ഞ് മാതാപിതാക്കൾ നാട്ടിൽ പഠിക്കാൻ വിട്ടിരിക്കുന്ന കുട്ടികൾ.
ഞങ്ങൾ ഒന്നാം വർഷ ഡിഗ്രിക്കാരുടെ ഡോർമെറ്ററിക്കു തൊട്ടു മുകളിലത്തെ നിലയിൽ ആണ് അവരുടെ ഡോർമെറ്ററി. വെളുപ്പിനെ എഴുന്നേറ്റ് അവർ പഠിക്കാൻ ഇരിക്കുമ്പോൾ ആണ് സിൽവിയുടെ ഒച്ച വെച്ചുള്ള കളി.
‘എറ്റിക്കേറ്റ്സ് & മാനേഴ്‌സ്’ ഇല്ലാത്ത ഈ കലാ പ്രകടനത്തെ കുറിച്ച് അവർ പല പ്രാവശ്യം വാർഡനും മേട്രനും പരാതികൾ കൊടുത്തിട്ടുമുണ്ട്.. മേട്രൺ സിൽവിയോട് വളരെ സൗഹൃദപൂർവ്വം അതിന്റെ ‘ ശബ്ദം ഒന്ന് കുറയ്ക്കണം’ എന്ന് പറഞ്ഞപ്പോൾ അവൾ തലയാട്ടിയതുമാണ്. പക്ഷേ രാവിലെ ധൃതിയിൽ അത് സൗകര്യപൂർവം മറക്കുകയാണ് പതിവ്.
“നിന്റെ തൊണ്ടയിൽ എന്തിരുന്നിട്ടാണ് ഇത്രയും ബഹളം വെക്കുന്നതെന്ന് “ഞങ്ങൾ പല വട്ടം അവളോട് ചോദിച്ചിട്ടുണ്ട്.
നിഷ്കളങ്ക മായ ഒരു ചിരിയോടെ അവൾ പറഞ്ഞു. … “വീട്ടിൽ ചാച്ചൻ ഇങ്ങനെയാണ്.അങ്ങനെ അങ്ങനെ ഞങ്ങൾ മക്കൾക്കും ശീലമായിപ്പോയി.”
“നീ കണ്ടില്ലേ, പ്രീഡിഗ്രി സെക്കൻഡ് ഇയറിലെ ഷെർലിയെ. അവൾ എന്റെ കുഞ്ഞമ്മയുടെ മോളാണ്. എന്റെയും അവളുടെയും ഡ്രസ്സ് ഒക്കെ നോക്കിക്കേ. എല്ലാം സെയിം അല്ലേ. അവളുടെ അമ്മ ഗൾഫിൽ നിന്നും എല്ലാം രണ്ട് ജോഡി വീതം കൊടുത്ത് വിടും.”
“ഉം…. മനസ്സിലായി. നിന്റെ ഡ്രെസ്സിന്റെ ഒറിജിനൽ വേർഷൻ ആണ് അവളുടേത്. നീ നിന്റേത് എടുത്തിട്ട് കല്ലേൽ അലക്കും അല്ലേ.”
ഞാൻ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു. അവൾ മെല്ലെ തലയാട്ടി.
“എടി, ഈ അലക്കി തേച്ചു വെച്ചിരിക്കുന്ന ഡ്രസ്സ് ഇട്ടിട്ടു ഇടക്കിടക്ക് കുടയുന്നതെന്തിനാ? ” ഞാൻ വീണ്ടും ചോദിച്ചു.
“അത്… അത് പൊടി തട്ടി കളയുവാടി. എനിക്ക് അല്ലാതെ പറ്റില്ല. ഒരു മനസമാധാനവും ഉണ്ടാകില്ല. ഇത്രയും വൃത്തി വേണ്ട എന്ന് എനിക്കറിയാഞ്ഞിട്ടല്ല. എല്ലാവരും കളിയാക്കുന്നത് ഒക്കെ എനിക്കറിയാം. പക്ഷേ ഞാൻ നിസ്‌സഹായയാണ്.”
അവളുടെ കണ്ണ് നിറഞ്ഞു.
“സാരമില്ലെടി, ഇതൊക്കെ മാറും. നീ വിഷമിക്കണ്ട. “ഞാൻ ആശ്വസിപ്പിച്ചു.
ഹോസ്റ്റലിൽ നിന്നും കോളേജിലേക്ക് ഒരു 5 മിനിറ്റിന്റെ നടത്തം ഉണ്ട്. എനിക്കും സിൽവിക്കും ഒരു 15 മിനിറ്റിന്റെയും. പ്രത്യേകിച്ച് മഴക്കാലത്ത്. നടന്നു പോകുമ്പോൾ ഏതെങ്കിലും വണ്ടി വന്നാൽ റോഡിൽ നിന്ന് മാക്സിമം മാറി, ഒക്കുമെങ്കിൽ വല്ലവരുടെയും പറമ്പിൽ കൂടി ഒക്കെ നടന്ന്… ആരെയും മുട്ടാതെ…. അങ്ങനെ അങ്ങനെ….
കോളേജ് ഒരു ചെറിയ കുന്നിന്റെ മുകളിലാണ്. പ്രധാന വഴിയിലൂടെ അല്ലാതെ മറു ഭാഗത്തു കെട്ടിയിട്ടുള്ള സ്റ്റെപ്പുകൾ ചാടി കയറിയും കോളേജിൽ എത്താം.
ഈ സ്റ്റെപ്പുകൾ തീരുന്നിടത്ത് ഒരു കോമൺ ടാപ്പ് ഉണ്ട്. അവിടെ കാലുകൾ കഴുകി വെടിപ്പാക്കിയിട്ടേ അവൾ എന്നും ക്ലാസ്സിൽ കയറൂ.
വൈകുന്നേരം കോളേജിൽ നിന്നും തിരിച്ചു വന്നാൽ ആദ്യമാദ്യം കുളിക്കാൻ ആയി എല്ലാവരും തിക്കിത്തിരക്കും. സിൽവി ഒന്നും മിണ്ടാതെ അവസാനത്തേക്ക് മാറി നിൽക്കും. അവൾ കയറി അര മണിക്കൂർ ബാത്ത് റൂം കഴുകി പിന്നെ വിസ്തരിച്ചു കുളിച്ചിട്ട് ഇറങ്ങാൻ താമസിക്കുമ്പോൾ പുറത്തു കാത്തുനിൽക്കുന്നവർ വാതിലിൽ തബല കൊട്ടും. സിൽവി കുളിച്ചിറങ്ങിയിട്ട് കുളിക്കാൻ കാത്തുനിൽക്കുന്നവരും കുറവല്ല. കാരണം ലളിതം. പുറകേ വരുന്നവർക്ക് സുഖമായി വൃത്തിയുള്ള ബാത്‌റൂമിൽ കുളിക്കാം.
ആഴ്ചകളും മാസങ്ങളും കടന്നുപോകവേ ഒരു വെള്ളിയാഴ്ച ദിവസം ഉച്ച വരയെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു. ശനിയും ഞായറും അവധി. ഹോസ്റ്റലിലെ കുട്ടികൾ ഭൂരിഭാഗവും പെട്ടെന്ന് പായ്ക്ക് ചെയ്ത് വീട്ടിൽ പോകാനായി ഇറങ്ങി. കനത്ത മഴ കാരണം ഞാനും സിൽവിയും മഴ കുറയാനായിട്ട് കാത്തു നിന്നു. മഴ ഒന്ന് ശമിച്ചപ്പോൾ പതുക്കെ ഇറങ്ങി കലക്ക വെള്ളത്തിലൂടെ നടന്ന് ഹോസ്റ്റലിലെത്തി. ദേഹം മുഴുവൻ മണ്ണും ചെളിയും തെറിച്ച് നനഞ്ഞു കുതിർന്ന് ഒരു പരുവമായി. ഉടനെ തന്നെ ബാത്ത് റൂമിൽ കയറി ചെളിയിൽ കുതിർന്ന വസ്ത്രം ബക്കറ്റിൽ ഇട്ടിട്ട് കുളിച്ചിറങ്ങി. ലഞ്ച് കഴിക്കാനായി ഡൈനിംഗ് ഹാളിൽ ചെന്നു.
‘സിൽവിയെവിടെ? കുളി കഴിഞ്ഞ് ഇറങ്ങിയില്ലേ?’
‘എന്തായാലും വിശക്കുന്നു. എത്ര നേരം ആണ് ഭക്ഷണത്തിന്റെ മുമ്പിൽ ഇങ്ങനെ കഴിക്കാതെ ഇരിക്കുന്നത്. അവൾ വരുമ്പോൾ വരട്ടെ.’
ഞാൻ കഴിക്കാൻ ആരംഭിച്ചു.
ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ടും സിൽവിയെ കാണുന്നില്ലല്ലോ എന്ന് ചിന്തിച്ചുകൊണ്ട് ഡോർമെറ്ററിയിലേക്ക് ചെന്നു.
തല തോർത്തിക്കൊണ്ട് അവൾ അവിടെ നിൽപ്പുണ്ട്. ‘നീ കഴിച്ചോടീ. ഞാൻ നിന്നെ എവിടെയെല്ലാം തിരക്കി?’എന്നെ കണ്ട ഉടനെ ഒരു ചോദ്യം പൊട്ടി വീണു.
ഞാൻ ഒന്ന് ചിരിച്ചു. ‘ഇപ്പോൾ സമയമെത്ര ആയെന്നാ നിന്റെ വിചാരം? നീ ഇത്ര നേരം എന്തെടുക്കുവാരുന്നു?’
ചെറിയ ചമ്മലോടെ അവൾ പറഞ്ഞു. ‘അതേ, ഞാൻ ആദ്യം ഒന്ന് കുളിച്ചു. എന്നിട്ട് താഴെ പോയി തുണിയെല്ലാം കഴുകി. അതുകഴിഞ്ഞ് ഒന്നൂടെ കുളിച്ചു.’
‘ഈ മഴയത്തോ? എടീ പനി പിടിക്കും. ഇത്രയും മഴ ആരെങ്കിലും നനയുമോ?’
ഒരു വിളറിയ ചിരി തന്നിട്ട് അവൾ ഡൈനിംഗ് ഹാളിലേക്ക് പോയി.
അന്ന് രാത്രിയായതോടെ സിൽവിക്ക് ചെറുതായി പനി തുടങ്ങി. രാത്രി ഭക്ഷണം കഴിക്കാൻ വന്നില്ല.ഞാൻ കിച്ചണിൽ പോയി കഞ്ഞി പറയാമെന്നു പറഞ്ഞപ്പോൾ, അവൾ സമ്മതിച്ചില്ല. വാർഡൻ സിസ്റ്റർ ഏഞ്ചലിനോട് പറഞ്ഞ് പാരസെറ്റമോൾ വാങ്ങി കൊടുത്തു. കുട്ടികൾ എല്ലാവരും വീട്ടിൽ പോയിരിക്കുന്നതു കൊണ്ട് ഞങ്ങളുടെ ഡോർമെറ്ററിയിൽ ഞാനും അവളും മാത്രമേ ഉള്ളു.
രാവിലെ എണീറ്റപ്പോൾ ഏതായാലും അവളുടെ പനി കുറഞ്ഞിട്ടുണ്ട്. ഞങ്ങൾ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് വന്നു. കുട്ടികൾ കുറവായതുകൊണ്ട് സ്പെഷ്യൽ ഫുഡ് ആയിരുന്നു. ഞാൻ സ്റ്റഡിഹാളിലേക്കും സിൽവി ‘ഒന്ന് കിടക്കട്ടെ’ എന്ന് പറഞ്ഞ് കൊണ്ട് ഡോർമറ്ററിയിലേക്കും പോയി. ഇടക്കെപ്പഴോ ഞാൻ അവളെ അന്വേഷിച്ചു ചെന്നപ്പോൾ അവൾക്ക് വീണ്ടും പനി. സിസ്റ്ററിന്റെ അടുത്ത് ചെന്ന് വീണ്ടും പാരസെറ്റമോൾ വാങ്ങി കൊടുത്തു. പനി വീണ്ടും കുറഞ്ഞു. ഒരു 4 മണി ആയപ്പോൾ അവൾക്ക് നല്ല പനി. നെറ്റി ചുട്ടു പൊള്ളുന്നതു പോലെ. ഞാൻ സിസ്റ്ററിനോട് ചെന്ന് കാര്യം പറഞ്ഞു.
ഹോസ്റ്റലിന്റെ തൊട്ടടുത്ത് ഒരു ക്ലിനിക് ഉണ്ട്. ഹോസ്റ്റലിലെ കുട്ടികളെ അവിടെയാണ് കൺസൽട്ടേഷന് കൊണ്ട് പോകുന്നത്.
“ഇന്ന് ശനിയാഴ്ച അല്ലേ, ഡോക്ടർ ചിലപ്പോൾ നേരത്തെ പോകുമെന്ന് തോന്നുന്നു. നീ നമ്മുടെ ആ ജംഗ്ഷനിൽ ചെന്ന് ഒരു ഓട്ടോറിക്ഷ വിളിച്ചു കൊണ്ട് വാ” സിസ്റ്റർ ധിറുതി കൂട്ടി.
ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ക്ലിനിക് അടക്കാനുള്ള സമയം ആയിരുന്നു. സിസ്റ്ററിനെ കണ്ടപ്പോൾ എന്തെങ്കിലും എമർജൻസി ആണെന്ന് കരുതി നഴ്സിംഗ് സിസ്റ്റർ പെട്ടെന്ന് തന്നെ ഞങ്ങളെ ഡോക്ടറുടെ അടുത്തേക്ക് വിട്ടു. ഡോക്ടർ പരിശോധിച്ചിട്ട് സിസ്റ്ററിനോട് പറഞ്ഞു.
“നല്ല പനിയുണ്ട് സിസ്റ്ററെ. നാളെ സൺഡേ അല്ലേ. ഞങ്ങൾ ഇല്ല. പനി കുറയാൻ ഒരു ഇൻജെക്ഷൻ എടുക്കട്ടെ.”
സിസ്റ്റർ സമ്മതിച്ചു. ” ശരി ഡോക്ടറെ. മൺഡേ കോളേജിൽ പോകേണ്ട കുട്ടിയല്ലേ.”
ഞാൻ സിൽവിയുടെ നേർക്ക് നോക്കി. അവൾ വളരെ കൂൾ ആയിട്ട് ഇരിക്കുന്നു. അവൾക്ക് പേടി ഒന്നും കാണില്ലായിരിക്കും.
ഡോക്ടറോട് താങ്ക്സ് പറഞ്ഞ് ഞങ്ങൾ നേഴ്സിങ് റൂമിലേക്ക് പോയി. ഇൻജെക്ഷൻ എടുക്കാൻ ആയിട്ട് കിടന്നോളാൻ പറഞ്ഞിട്ട് നേഴ്സിംഗ് സിസ്റ്റർ സിറിഞ്ചിൽ മരുന്നെടുത്തിട്ട് തിരിയാനും ഇൻജെക്ഷൻ എടുക്കാൻ കിടന്നവൾ പെട്ടെന്ന് ചാടി എഴുന്നേറ്റ് പുറത്തെ വരാന്തയിൽ വന്നു നിൽപ്പായി. നഴ്സിംഗ് സിസ്റ്റർ പെട്ടെന്ന് തിരിഞ്ഞതിനാൽ കയ്യിൽ ഇരുന്ന സിറിഞ്ചും മരുന്നും താഴെ വീണു. സിറിഞ്ച് പൊട്ടി, മരുന്ന് തറയിലൊഴുകി. അവരുടെ മുഖം ചുവന്നു. വായിൽ വന്ന ചീത്ത മുഴുവൻ അവർ പറഞ്ഞു.
ബഹളം കേട്ട് ഞങ്ങളും ഡോക്ടറും ഒക്കെ ഓടി ചെന്നു. ഡോക്ടറുടെ മുഖം വിവർണമായെങ്കിലും പെട്ടെന്നു തന്നെ അദ്ദേഹം ചിരിച്ചുകൊണ്ട് നഴ്സിംഗ് സിസ്റ്ററിനോട് പറഞ്ഞു.
“പോട്ടെ സിസ്റ്ററെ, സാരമില്ല, സിസ്റ്ററിനു നേരത്തെ പോവണ്ടേ, പൊയ്ക്കോ, ഞാൻ മാനേജ് ചെയ്തോളാം.”
ഞാനും സിൽവിയും സിസ്റ്റർ ഏഞ്ചലും കൂടി ഡോക്ടറുടെ പുറകേ ചെന്നു. കാലാ കാലങ്ങളായി ഞങ്ങളുടെ ഹോസ്റ്റലിലെ അന്തേവാസികളുടെ ആരോഗ്യത്തിന്റെ മൊത്തചുമതല അദേഹത്തിന്റെ കൈകളിലായതുകൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു, അദ്ദേഹം മനോഹരമായ ഒരു ചിരിയിൽ എല്ലാം ഒതുക്കി സിസ്റ്റർ എയ്ഞ്ചലിനോട് പറഞ്ഞു
“കുട്ടിക്ക് ഇൻജെക്ഷൻ പേടിയായിരുന്നെങ്കിൽ പറഞ്ഞാൽ മതിയായിരുന്നല്ലോ, ഞാൻ കഴിക്കാനുള്ള മരുന്ന് തരുമായിരുന്നല്ലോ.”
സിസ്റ്റർ എയ്ഞ്ചൽ സിൽവിയെ നോക്കി. സിസ്റ്ററിന്റെ മുഖഭാവം കണ്ടപ്പോൾ സിൽവി എന്റെ പുറകിലോട്ട് നീങ്ങി നിന്നു. ദൈവമേ, സിസ്റ്ററിന്റെ പേര് മാറ്റി ഇടേണ്ടി വരുമെന്നാ
തോന്നുന്നേ….. (ഞാൻ ആത്‍മഗതം….)
മരുന്ന് വാങ്ങിച്ചിട്ട് ഡോക്ടറിനോട് സോറിയും പറഞ്ഞുകൊണ്ട് ഞങ്ങൾ പുറത്തിറങ്ങി. ഒന്നും മിണ്ടാതെ സിസ്റ്റർ മുമ്പിൽ കയറി നടക്കുകയാണ്. സിൽവി, സിസ്റ്റർ കാണാതെ എന്നെ മറഞ്ഞും…
ഡോർമെറ്ററിയിൽ എത്തിയപ്പോൾ ഞാൻ ചോദിച്ചു, “നീ എന്തിനാടി എഴുന്നേറ്റ് ഓടിയത്?”
‘നിനക്ക് ഇൻജെക്ഷൻ പേടിയൊന്നുമില്ലെന്ന് എനിക്കറിയാം. നീ സത്യം പറ മോളെ. പറഞ്ഞേ, ഇല്ലാതെ നിന്നേ ഞാൻ വിടില്ല..’
‘എടി അത്… അത് പിന്നെ, ഞാൻ നോക്കിയപ്പോൾ അവിടെ ഇരുന്ന ഒരു സിറിഞ്ച് എടുത്ത് അവർ മരുന്ന് കയറ്റു ന്നു. ശരിക്കും സിറിഞ്ചും നീഡിലും തിളച്ച വെള്ളത്തിൽ ഇട്ടു വെച്ചിരിക്കണം. എന്റെ വല്യപ്പച്ചൻ കുറച്ച് നാൾ അസുഖമായി കിടപ്പിലായിരുന്നു. ചാച്ചന്റെ പെങ്ങൾ ഭിലായിൽ നിന്നും അവധിക്കു വരുമ്പോൾ വല്യപ്പച്ചന് ഇൻജെക്ഷൻ കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആന്റി നേഴ്സ് ആണ്. സിറിഞ്ചും നീഡിലും ഒരു പാത്രത്തിൽ ഇട്ട് വെട്ടി തിളപ്പിച്ചിട്ട് ആണ് ഉപയോഗിക്കുന്നത്. അതാടി ഞാൻ ചാടി എണീറ്റത്. ശ്ശോ.. മൊത്തം പ്രശ്നമായി അല്ലേ…’
‘ഉം…. പോട്ടെ…നീ കിടക്ക്. ഞാൻ പോയി ചായ എടുത്തു കൊണ്ട് വരാം. ഇന്ന് ചായക്ക് ചക്കപ്പുഴുക്കും മീൻ കറിയുമാണെന്റെ പൊന്നേ . പനിക്കാരിക്ക് ബിസ്ക്കറ്റ് വാങ്ങിച്ച് കൊണ്ട് വരാട്ടോ..’ ഞാൻ ഡൈനിംഗ് ഹാളിലേക്ക് നടന്ന് കൊണ്ട് പറഞ്ഞു.
ചായയും ബിസ്ക്കറ്റും കൊണ്ട് വന്ന് കൊടുത്തിട്ട് മരുന്നും കഴിപ്പിച്ചിട്ട് ഞാൻ പുറത്തേക്കിറങ്ങി. സിൽവി എന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു.
” മോളെ , ഇന്ന് കുട്ടികൾ ഒക്കെ കുറവല്ലേ. നീ സിസ്റ്ററിനോട് അനുവാദം വാങ്ങിയിട്ട് വാ. നമുക്ക് ഒന്ന് പുറത്തിറങ്ങി നടക്കാം. മഠത്തിൽ ആരെയെങ്കിലും കാണണമെന്ന് പറയെടി. മഠംകാരുടെ തോട്ടം എത്ര സുന്ദരമാണ്. പേരറിയാത്ത എത്ര ചെടികൾ ആണ് അവിടെ. എന്തൊരു സുഗന്ധമാണ് ആ പരിസരത്ത്. അത് വെച്ചു നോക്കുമ്പോൾ നമ്മുടെ ഹോസ്റ്റലിലേത് ഒന്നുമല്ല. നീ ഒന്ന് ചോദിച്ചിട്ട് വാ. എനിക്ക് ഒന്ന് പുറത്തിറങ്ങി നടക്കാൻ… കുറച്ചു കാറ്റ് കൊള്ളാൻ.. കൊതി തോന്നുന്നു.’
‘ആഗ്രഹം നല്ലതാണ് . പക്ഷേ സിസ്റ്റർ എയ്ഞ്ചലിന്റെ കൺവെട്ടത്ത് നിന്നും മാറി നടക്കുന്നതാണ് എന്റെയും നിന്റെയും ഇവിടുത്തെ താമസത്തിനു നല്ലത്. പോരാഞ്ഞിട്ട് നിനക്ക് പനിയല്ലേ.പനി മാറിയാൽ നാളെ പോകാം. പനി മാറാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ട് ഉറങ്ങാൻ നോക്ക് പെണ്ണെ. നാളെ നിന്റെ കെയർവെൽക്ലിനിക് ഇല്ല. പനി മാറിയില്ലേൽ മെഡിക്കൽ കോളേജിൽ പോയി അഡ്മിറ്റ് ആവേണ്ടി വരും.’ ഞാൻ പറഞ്ഞതുകേട്ട് അവൾ മുഖം വീർപ്പിച്ചു.
ഓരോന്ന് ഓർത്തോർത്തു എത്രനേരം ഇരുന്നെന്ന് ഓർമയില്ല. എത്ര പെട്ടെന്നാണ് കാലവും സമയവും കടന്നു പോയത്. നാളെ എന്തായാലും മെസ്സന്ജറിൽ എന്റെ മൊബൈൽ നമ്പർ കൊടുത്ത് നോക്കണം.. അവൾ വിളിച്ചെങ്കിലോ..
വീണ്ടും ഓർമ്മകളിൽ മുഴുകി…..
ഫസ്റ്റ് ഇയർ ഡിഗ്രി ക്ലാസ്സ് കഴിഞ്ഞ് ഒരാഴ്ച അവധിയുണ്ടായിരുന്നു. അവധി കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയപ്പോൾ സിസ്റ്റർ ഏഞ്ചൽ എന്നെ ഒരു കവർ ഏൽപ്പിച്ചു.
‘നിനക്ക് തരാൻ സിൽവി എന്റെ കയ്യിൽ തന്നതാണ് . ‘
ഞാൻ അത് തുറന്നു നോക്കി. ഒരു ചെറിയ കുറിപ്പ് എന്ന് പറയാം. അവൾ ഈ കോളേജിൽ നിന്നും ട്രാൻസ്ഫർ വാങ്ങിച്ച് അവരുടെ നാട്ടിൽ ഉള്ള കോളേജിൽ ചേരാൻ പോകുന്നു. എന്നെ കണ്ടിട്ട് പോകാമെന്നു വിചാരിച്ചെങ്കിലും സാധിച്ചില്ല. അനിയനെ ഈ വർഷം കോളേജിൽ ചേർക്കണം. വീട്ടിലെ സാമ്പത്തിക സ്ഥിതി അത്ര നല്ലതല്ലാത്തതിനാൽ ഇനി അവളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടാണ്.. എന്നൊക്കെ എഴുതിയിട്ടുണ്ട്. മറുപുറത്തിൽ ഇങ്ങനെയും എഴുതിയിരിക്കുന്നു.
“നീ എനിക്ക് എന്റെ കൂടപ്പിറപ്പിനെക്കാൾ വലുതാണ്. എന്റെ എല്ലാ സ്വഭാവവൈചിത്ര്യങ്ങളും സഹിച്ചു എന്നെ കൊണ്ട് നടന്നല്ലോ. സിസ്റ്റർ എയ്ഞ്ചലിനെയും എനിക്ക് മറക്കാൻ പറ്റില്ല. അദൃശ്യമായ ഒരു കരുതൽ എപ്പോഴും എനിക്ക് ഫീൽ ചെയ്തിരുന്നു. എന്റെ വീട്ടിൽ നിന്നുപോലും എനിക്ക് ലഭിക്കാതെ പോയത്. എന്നെങ്കിലും വീണ്ടും കണ്ടുമുട്ടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
കുറച്ചു ദിവസത്തേക്ക് എനിക്ക് വിഷമം ആയിരുന്നു. സെക്കന്റ് ഇയർ ആയതുകൊണ്ട് ഡോർമെറ്ററിയിൽ നിന്നും 4 പേരുള്ള റൂമിലേക്ക് മാറ്റം കിട്ടി. ദിവസങ്ങൾ കഴിഞ്ഞതോടെ സിൽവി വല്ലപ്പോഴും മാത്രം മനസ്സിൽ വരുന്ന ഒരു ഓർമ്മ ആയി മാറി.
പിറ്റേന്ന് ഉച്ചക്ക് ഒരു ചെറിയ മയക്കത്തിന് വേണ്ടി കിടന്നു. അപ്പോൾ സിൽവി വീണ്ടും മനസ്സിൽ വന്നു. പത്തിരുപതു വർഷങ്ങൾ ക്കു ശേഷം അവൾ എന്നെ ഓർത്തല്ലോ.
ആ…ഫോൺ റിങ്ങ് ചെയുന്നല്ലോ. സിൽവി ആയിരിക്കുമോ. ചെന്നു നോക്കാം.
‘ഹലോ.. ‘അപ്പുറത്ത് നിശബ്ദത.. പിന്നെ ഒരു ചിരി… ഉറക്കെ ഉറക്കെ.
ഒരു നിമിഷം കഴിഞ്ഞ്… മൊഴിഞ്ഞു. ‘എന്റെ പൊന്നു കൂടപ്പിറപ്പേ, ഞാനാടോ. നിങ്ങളുടെ ഭാഷയിൽ വൃത്തി പിശാച്.’
‘ഒന്നു പോടോ, ഞാൻ അങ്ങനെ തന്നെ വിളിച്ചിട്ടുണ്ടോ.’ ഞാൻ ചോദിച്ചു.
‘ഇല്ല. ഞാൻ അങ്ങനെയാണ് അറിയപ്പെടുന്നതെന്നു തനിക്കറിയാമല്ലോ.
അതൊക്കെ പോട്ടേ. വിശേഷങ്ങൾ പറ.’
“സിൽവി… ഫസ്റ്റ് ഡിസി കഴിഞ്ഞ് ഇവിടെ നിന്നും പോയിക്കഴിഞ്ഞ് തന്നെക്കുറിച്ച് ഒന്നും അറിഞ്ഞില്ലല്ലോ. താൻ ഒത്തിരി മാറി എന്ന് എനിക്കു തോന്നുന്നു.. പണ്ട് ചിരിയും കരച്ചിലും എല്ലാം ഒരു ചെറു ചിരിയിൽ ഒതുക്കി ഇരുന്ന ആൾ ഉറക്കെ ചിരിക്കുന്നത് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.”
‘ഉം…. ശരിയാ. ഞാൻ ഒന്നുറക്കെ ചിരിക്കുകയോ ഒരു പാട്ട് പാടുകയോ ഒന്നും ഇല്ലായിരുന്നു. ഡിഗ്രിയുടെ റിസൾട്ട് വന്നു കഴിഞ്ഞപ്പോൾ എന്നെ തുടർന്നു പഠിപ്പിക്കാൻ വീട്ടിൽ താല്പര്യമില്ല എന്ന് എനിക്കു മനസ്സിലായി. അനിയനെ കൂടുതൽ പഠിപ്പിക്കണം.ചാച്ചൻ നിസ്സഹായനായിരുന്നു.
ആ അവധിക്ക് ഭിലായിലുള്ള ആന്റി വന്നപ്പോൾ എന്തോ എന്നെ കൂടെ കൂട്ടി. ആന്റിയുടെ അടുത്തുള്ള ഒരു പ്രൈവറ്റ് സ്കൂളിൽ എനിക്ക് ജോലി ശരിയായി. ഒരു വർഷം കഴിഞ്ഞ് എനിക്ക് അവിടെ B Ed ന് അഡ്മിഷൻ ആന്റി ശരിയാക്കി. ട്രെയിനിങ് കഴിഞ്ഞപ്പോൾ എനിക്ക് സ്കൂളിൽ ജോലിയും ശരിയായി.
ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്ക് കൗൺസിലിങ് കൊടുക്കാൻ അവിടെ തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ നിന്നും ഒരു ടീം വല്ലപ്പോഴും വരാറുണ്ടായിരുന്നു. ഒരു പ്രാവശ്യം അവിടെ നിന്നും വരുന്ന സൈക്കോളജിസ്റ്റിനെ കണ്ടു ഞാൻ എന്റെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. അങ്ങനെ പല സിറ്റിങ്ങുകൾ കഴിഞ്ഞപ്പോൾ എന്റെ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെതായി മാറി. ഇപ്പോൾ ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്. അദ്ദേഹം വയനാട്ടുകാരനാണ്.’
ഞാൻ അദ്‌ഭുതത്തോടെ അവളുടെ കഥകൾ കേട്ടിരിക്കുകയാണ്.
“ഞാൻ പോലുമറിയാതെ എനിക്ക് ഒരു ചേഞ്ച് അങ്ങനെ വന്നതാണ്. ഇപ്പോൾ ആ പഴയ സിൽവി അല്ല ഞാൻ. നന്നായി സംസാരിക്കും. ചിരിക്കും. പാട്ട് പാടും. പണ്ട് ഞാൻ മനസ്സിൽ ആഗ്രഹിച്ചിട്ട് ചെയ്യാൻ ഒക്കാതിരുന്ന എല്ലാം ഇപ്പോൾ ഞാൻ ചെയ്യുന്നു. സെബിച്ചേട്ടൻ എന്നെ മാറ്റി എടുത്തു. ഒരു കംപ്ലീറ്റ് മേക്ക് ഓവർ. ശരീരികമായും മാനസികമായും. എന്റെ ആന്റി എല്ലാത്തിനും എന്റെ കൂടെ നിന്നു.
എന്റെ സന്തോഷകരമായ ജീവിതം കണ്ടിട്ടാണ് ചാച്ചൻ ഈ ലോകം വീട്ടു പോയത്. ചെറുപ്പം മുതലേ എന്റെ അമ്മയ്ക്കും അമ്മ വീട്ടുകാർക്കും എന്നെ കണ്ണിൽ പിടിക്കത്തില്ലായിരുന്നു. ചേച്ചി ആയിരുന്നു കണ്ണിലുണ്ണി. ഞങ്ങൾ തമ്മിൽ 3 വയസിന്റെ വ്യത്യാസം ആയിരുന്നു. കുറച്ചു മുതിർന്നപ്പോൾ മുതൽ വീട്ടിൽ അമ്മച്ചിയെ ജോലികളിൽ സഹായിക്കുന്നത് എന്റെ മാത്രം ഉത്തരവാദിത്തം ആയി മാറി.
ചേച്ചി കഥകൾ പറഞ്ഞും മധുരമായി സംസാരിച്ചും കൊണ്ട് അമ്മയുടെ പുറകേ നടക്കും. ഒരു പണിയും ചെയ്യില്ല. ഉള്ള പണിയെല്ലാം ഞാൻ ചെയ്താലും ചെയ്തതിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് അമ്മ എന്നെക്കൊണ്ട് അത് വീണ്ടും ചെയ്യിക്കും. ചാച്ചൻ പലപ്പോഴും അമ്മയെ അതിന് വഴക്കു പറഞ്ഞിട്ടുമുണ്ട്. പക്ഷേ അമ്മ ഒട്ടും മാറാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ പതുക്കെ പതുക്കെ നിശബ്ദയായി. എന്റെ സ്വരം എന്നിൽ തന്നെ ഒതുങ്ങി.”
കുറച്ചു നേരത്തേക്ക് അവൾ മൗനമായിരുന്നു.
“ഈ അവധിക്കു വരുമ്പോൾ ഞാൻ നിന്നെ കാണാൻ വരും. നീ അന്നൊക്കെ എനിക്ക് എന്തൊരാശ്വാസമായിരുന്നു. തന്നോടൊന്നു മിണ്ടിയപ്പോൾ എനിക്ക് എത്ര സന്തോഷമായെന്നോ?
പിന്നെ, കൊറോണക്കാലത്തു ഞാൻ കൈ കഴുകി കഴുകി ഒരു പരുവമായി കാണും എന്നല്ലേ നീ കരുതിയിരിക്കണത്. അങ്ങനെ ഒന്നും അല്ലാട്ടോ. എന്റെ കയ്യിലെ തൊലി ഒന്നും ഇളകിപോയിട്ടില്ല.
എടി… ഞാൻ നിന്നെ പിന്നെ വിളിച്ചോളാം. ഫ്രീ പീരീഡിൽ ആണ് ഞാൻ വിളിച്ചത്. അടുത്ത പീരിയഡ് എനിക്ക് ക്ലാസ് ഉണ്ട്. ബൈ..”
അവൾ ഫോൺ കട്ട് ചെയ്തിട്ടും ഞാൻ ഫോൺ കയ്യിൽ വെച്ചു കൊണ്ടേ ഇരുന്നു.ഇനിയും ഇനിയും അവളുടെ കഥ കൾ കേൾക്കാനായി കാതുകൾ കൊതിച്ചു കൊണ്ടേ ഇരിക്കുന്നു…..
.


6 Comments
Very interesting narration 👍👌😍
Thank you
👌👌
Thank you
നല്ല രചന.👌 വൃത്തി, OCD യുള്ളവരെ കുറിച്ച് കേട്ടിട്ടുണ്ട്. അവളെ മനസ്സിലാക്കുന്ന ഭർത്താവ്, സിൽവി ഭാഗ്യവതിയാണ്.
👏
Thank you