ഗൾഫിലെ പ്രവാസജീവിതത്തിനിടയിൽ രണ്ടാമത്തെ പ്രസവത്തിനു ഞാൻ നാട്ടിൽ വന്നതായിരുന്നു. ആദ്യ പ്രസവം, നോർമൽ ആയിരുന്നുവെങ്കിലും പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലും എപ്പിസോട്ടമി സ്റ്റിച്ചിന്റെ ഭീകര തഴുകലും തലയിൽ നിന്നു ഇറങ്ങി പോയിട്ടില്ല. പ്രസവം കഴിഞ്ഞയുടനെ കുഞ്ഞിനേയും വീട്ടുകാര്യവും ഒറ്റയ്ക്ക് നോക്കി നടക്കുന്നത് അത്ര എളുപ്പമല്ലയെന്നു ഒന്നാമൂഴത്തിൽ പിടികിട്ടി.
അലങ്കരിച്ച തൊട്ടിലിൽ പുഞ്ചിരിച്ചു കിടന്നുറങ്ങുന്ന ഉണ്ണിയെ തൊട്ടിലാട്ടിയുള്ള പാട്ട് സിനിമയിൽ കാണാറുണ്ട്. ആ സീനിൽ മനം മയങ്ങി പോകാത്ത സ്ത്രീകൾ വിരളമായിരിക്കും. പക്ഷെ ഈ ഉണ്ണികൾ അമ്മമാരെ ഈരേഴു പതിന്നാലുലോകം വട്ടം കറക്കിയിട്ടാണ് ഈ പൂച്ചയുറക്കം ഉറങ്ങുന്നത് എന്ന് എനിക്ക് കൃത്യമായി മനസ്സിലായി.
ഈ അങ്കം ഒരു മൂത്ത കുസൃതിയുടെ കൂട്ടത്തിൽ ‘കരതലാമലകം’ അല്ലയെന്ന വെളിവു വന്നപ്പോളാണ് രണ്ടാംമൂഴത്തിന് നാട്ടിലേക്ക് വച്ചുപിടിച്ചത്.
പ്രസിദ്ധ എഴുത്തുകാരൻ പറഞ്ഞപോലെ, ‘നമ്മൾ അനുഭവിക്കുന്ന വരെ എല്ലാം കെട്ടുകഥയായി തോന്നുമെന്ന്.’ ഒരു പ്രാവശ്യം കെട്ടഴിഞ്ഞ കഥയായതുകൊണ്ട് രണ്ടാമതൊന്ന് ആലോചിച്ചില്ല.
ഡോക്ടർ, പ്രെഗ്നൻസി പിരീയഡ്, സ്കാനിംഗ് റിപ്പോർട്ട് ഇവയെല്ലാം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായാണ് ഞങ്ങൾ എയർപോർട്ടിൽ എത്തുന്നത്. വളരെ മാന്യമായി, അധികൃതർ ക്യൂവിൽ നിൽക്കേണ്ട, പോയി ഇരിക്കൂ എന്ന് ചുവന്ന കവറിട്ട സോഫ ചൂണ്ടി പറഞ്ഞപ്പോൾ, ഒരു ഗർഭിണിക്കു കിട്ടുന്ന ആനുകൂല്യത്തിൽ എന്റെ മനസ്സിൽ ഒന്നല്ല അഞ്ചാറു ലഡു ഒന്നിച്ചു പൊട്ടി. പാമ്പു പോലെ നീണ്ട ക്യൂ ചുരുങ്ങി, വാലറ്റം എത്തിയിട്ടും വിളി വരാതെയായപ്പോൾ, ലഡുവല്ല, പൊട്ടിയത് ബോംബ് ആണെന്ന് ഞങ്ങൾക്ക് തിരിഞ്ഞത്.
എന്റെ വയറിന്റെ അസാമാന്യ വലിപ്പം കണ്ട്, കള്ളസർട്ടിഫിക്കറ്റാണോ, പ്രെഗ്നൻസി രേഖപ്പെടുത്തിയതിനേക്കാൾ കൂടുതലുണ്ടോ എന്ന സംശയത്തിലാണ്, ഞങ്ങളെ മാറ്റിയിരുത്തിയത്.
‘ചെമ്പരത്തി പൂ ആണെങ്കിൽ എടുത്തു കാണിക്കാം, ഇത് ഹൃദയമായി പോയില്ലെ ‘, എന്ന് പറഞ്ഞു കരഞ്ഞ കാമുകിയുടെ അവസ്ഥ.
ശരീരം നിറയെ നീരും ആംനിയോട്ടിക്ക് ഫ്ളൂയിഡിന്റെ ആധിക്യവും കൊണ്ടു വളർന്നു പെരുകിയ വയറാണ് പ്രതി. സത്യം സത്യമായി ആണയിട്ടിട്ടും ഒരു തീരുമാനമാകുന്നില്ല. ഫോൺ കോളുകൾ ഒഫീഷ്യലുകൾക്കിടയിൽ ധാരാളം നടക്കുന്നുണ്ട്. അവസാനം മയമുള്ള ശബ്ദത്തിൽ ഒരു തൊപ്പിക്കാരൻ പറഞ്ഞു.
“ക്യാപ്റ്റന്റെ അനുമതിയുണ്ടെങ്കിൽ നിങ്ങൾക്കു പോകാം, അദ്ദേഹം റിസ്ക്ക് എടുക്കണം, നിങ്ങളുടെ ബാഗേജ്, ലോഡ് ചെയ്തു കഴിഞ്ഞു. ”
വിമാനത്തിന്റെ യാത്ര ഞാൻ കാരണം വൈകുന്നു. സർട്ടിഫിക്കറ്റിൽ മായമില്ലെന്ന് ബോധിപ്പിക്കാൻ ഞങ്ങൾ എന്തു ചെയ്യാൻ? ലഗേജ്, വിമാനത്തിൽ കയറിയിരിക്കുന്നു. ഇനി ക്യാപ്റ്റൻ കനിയണം എന്ന പ്രതിസന്ധിഘട്ടം. ഞാൻ ‘എന്തെങ്കിലും വരട്ടെ ‘, എന്നു കരുതാൻ ശ്രമിച്ചു. പക്ഷെ വിമാനയാത്രക്ക് ത്രില്ലടിച്ചു നിൽക്കുന്ന മകനും നാട്ടിൽ എന്നെ കാത്തിരിക്കുന്ന കുടുംബവും എന്റെ ആവലാതികൾ ചുമ്മാ ഒഴുക്കിക്കളയാൻ എന്നെ അനുവദിച്ചില്ല.
അവസാനം ക്യാപ്റ്റന്റെ കരുണയാണോ വിമാനത്തിൽ കയറിക്കൂടിയ ലഗേജ് തിരിച്ചിറക്കുന്ന ബുദ്ധിമുട്ടാണോ, എന്നെ താങ്ങുന്ന അദൃശ്യമായ കരങ്ങളാണോ ഇതിനു പിന്നിൽ പ്രവർത്തിച്ചത് എന്നെനിക്കറിയില്ല, ഞങ്ങളെ യാത്ര ചെയ്യാൻ അനുവദിച്ചു.
നാട്ടിൽ എത്തിയപ്പോൾ ശരീരത്തിലെ നീരും യൂറിൻ ആൽബുമിനും ഉയർന്ന രക്തസമ്മർദ്ദവും കൂടി എന്നെ പെരുക്കി, ഒരു ചെറിയ തൂശി തൊട്ടാൽ മതി, പൊട്ടിത്തെറിക്കാൻ എന്ന മട്ടിൽ കാറ്റു നിറച്ച ബലൂൺ പോലെ ഞാൻ ഉരുണ്ടു. ബൺ കണക്കെ വീർത്ത പാദങ്ങൾ വലിച്ചു വെച്ചു നടന്നു. അധികം നടക്കേണ്ട, ബെഡ് റസ്റ്റ് എടുക്കാൻ ഡോക്ടർ ഉപദേശിച്ചു വിട്ടു. കുഞ്ഞിന് അനക്കം കുറഞ്ഞുവെന്ന് തോന്നിയാൽ ഉടനെ ഹോസ്പിറ്റലിൽ എത്തണമെന്നും ‘വാറോല ‘ തന്നു.
ഡോക്ടറുടെ കർശനമായ നിർദ്ദേശങ്ങളും എന്റെ നീരുവെച്ച രൂപവും അമിതക്ഷീണവും അമ്മയെ ശരിക്കും ഭയപ്പെടുത്തി. ഞാൻ കണ്ണടച്ച് കിടക്കുമ്പോൾ, എന്റെയടുത്ത് ശബ്ദമുണ്ടാക്കാതെ വന്നു നിൽക്കുന്ന അമ്മയുടെ സാമീപ്യം ഞാൻ തിരിച്ചറിഞ്ഞു.
‘ഓ… വെറുതെ, നീ ഉറങ്ങിയോ എന്ന് നോക്കാൻ വന്നതാണ് “, ഇടയ്ക്ക് കണ്ണുമിഴിച്ചു നോക്കുന്ന എന്നോടു അമ്മ പറയും.
ആ ‘വെറുതെ’ യിൽ ഒരു വശപിശകില്ലെ? ഞാൻ ആലോചിച്ചു. എന്റെ ചിന്തകൾ ഇരുട്ടും മുള്ളുകളുമുള്ള ഇടുങ്ങിയ ഇടവഴികളിലൂടെ സഞ്ചരിച്ച്, പ്രസവത്തിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അമ്മയില്ലാതെ വളരുന്ന എന്റെ മകനിൽ വരെ എത്തുമായിരുന്നു. പേടി ആഴത്തിൽ എന്നിൽ ഒളിപ്പിച്ച് ധീരയായി ഞാൻ അഭിനയിച്ചു.
ഡ്യൂ ഡേറ്റ് അടുത്ത്, ചെക്കപ്പിന് പോകുവാൻ ഞാനും അമ്മയും തയ്യാറായി. അത്യാവശ്യം മുഴുത്ത ബാഗും മകനും അമ്മയുടെ രണ്ടു കൈകളിലുമായി തൂങ്ങുന്നുണ്ട്.
“എന്തിനാണ് ഇത്രയും സാധനങ്ങൾ? ബാഗിലെ മുഴുപ്പിൽ എന്റെ കണ്ണു തടഞ്ഞു.
“അഡ്മിറ്റ് ആകാൻ പറഞ്ഞാലോ?, ഇത് എന്റെ കൈയിലിരുന്നോട്ടെ ‘, അമ്മ പറഞ്ഞു. അമ്മ എന്തോ പ്രതീക്ഷിക്കുന്നുവെന്നു എനിക്കു തോന്നി.
ഇറങ്ങുന്നതിനു തൊട്ടു മുമ്പ് നടുവകത്തെ ഭിത്തിയിൽ തറച്ച, തിരുഹൃദയത്തിന്റെ ചില്ലിട്ട ചിത്രം താഴെ വീണു പൊട്ടി. അമ്മയുടെ മുഖത്തെ ഞെട്ടൽ ഞാൻ വ്യക്തമായി കണ്ടു. ദിവസവും പൂക്കൾ കൊണ്ടു അലങ്കരിക്കുകയും മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുകയും ചെയ്യുന്ന ചിത്രം. വർഷങ്ങളായി ഞാൻ കാണുന്ന ചിത്രം ഉടഞ്ഞു പോയതിൽ എനിക്ക് വിഷമം തോന്നി.
എന്തെങ്കിലും പ്രധാനമുള്ള കാര്യത്തിന് ഇറങ്ങുമ്പോൾ ചില്ലുടയുന്നത്, നല്ല നിമിത്തമല്ല എന്ന വിശ്വാസം ഉണ്ടെന്ന് ഞാൻ പിന്നീടറഞ്ഞു.
വളരെയധികം വായിക്കുകയും പലതും അന്ധവിശ്വാസങ്ങളെന്ന് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്ത എന്റെ അമ്മ, ആശങ്കയുടെ മുനമ്പിൽ അധീരയായി പോകുന്നു. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും വേർതിരിക്കുന്ന അതിർത്തിരേഖ മായുന്ന മാനസികാവസ്ഥകൾ. അമ്മയും മകളും ബന്ധത്തിന്റെ തീവ്രമായ അടിയൊഴുക്കുകൾ ആയിരിക്കാം.
മെല്ലെ നീങ്ങുന്ന കാർ, പള്ളിയുടെ എതിരെയുള്ള മാതാവിന്റെ കപ്പേളയുടെ അടുത്തെത്തിയപ്പോൾ, അവിടെയിറങ്ങി പ്രാർത്ഥിച്ച്, നേർച്ചയിട്ട് അമ്മ തിരികെ കയറി. അമ്മക്ക് ഭക്തി ആശ്രയമായി തോന്നുന്നുവെങ്കിൽ, അതു നല്ലത്. ‘ആശ്രയിക്കാൻ ഒരിടമുണ്ടെന്ന ആശ്വാസം വളരെ വലുതാണ് ‘, അമ്മ പലപ്പോഴും പറയാറുള്ളത് ഞാൻ ഓർത്തു.
“സൂക്ഷിച്ചു മെല്ലെ പോണേ…”, അമ്മ പറഞ്ഞു
കുറഞ്ഞ വേഗതയിൽ അതിസൂക്ഷ്മം വണ്ടിയോടിക്കുന്നവനോടാണ് എന്നോർക്കണം. ഇതിലും മെല്ലെ പോയാൽ പിറകിൽ വരുന്ന ഓട്ടോറിക്ഷ പോലും നമ്മളെ വെട്ടിച്ചു കടന്നുപോകുമെന്ന ‘വ്യാകുലം’, കാർ സ്പീഡിൽ പറക്കാൻ ആഗ്രഹിക്കുന്ന എന്റെ മൂന്നു വയസുകാരൻ മകന്റെ മുഖത്തു തെളിഞ്ഞു.
“കുഞ്ഞിന് അനക്കം തീരെ കുറവാണ്, ഇനി വെയ്റ്റ് ചെയ്യുന്നത് നല്ലതല്ല, സിസേറിയൻ ചെയ്യാം, ഇന്ന് ഒബ്സർവേഷൻ റൂമിൽ കിടക്കട്ടെ. അത്യാവശ്യമെങ്കിൽ ഉടനെ ചെയ്യാം. അല്ലെങ്കിൽ നാളെ രാവിലെ പത്തുമണിക്ക്”, ഡോക്ടർ ഉറച്ച തീരുമാനമെടുത്തു.
അന്ന്, നാട്ടിൽ ‘സിസേറിയൻ ‘ വല്യേ ഓപ്പറേഷൻ ആയിരുന്നു. സിസേറിയൻ വാർത്തയറിഞ്ഞ്, മുറിയിൽ കൂടിനിന്നവരുടെ മുഖത്തു കണ്ട എക്സ്പ്രഷൻ!
‘ഒരു കൊടുങ്കാറ്റ് വരുന്നു’ എന്ന കാലാവസ്ഥ പ്രവചനം കേട്ടു ടിവി ഓഫ് ചെയ്ത ഫീൽ ആയിരുന്നു.
അമ്മ മെല്ലെ പറയുന്ന കേട്ടു, ‘എന്റെ മൂത്ത മോൾക്കും, രണ്ടു മരുമക്കൾക്കും ഈ ഓപ്പറേഷൻ ഒന്നും വേണ്ടിവന്നിട്ടില്ല,
ഇതാണാദ്യം, അതാണ് വല്ലാത്തൊരു വിഷമം. ‘
“ഒന്നിലും ഫസ്റ്റ് ആവാത്ത ഞാൻ ഒന്ന് ഫസ്റ്റ് ആയിക്കോട്ടെ അമ്മേ”, ഞാൻ ഓഞ്ഞ കോമഡിയടിച്ചു. തീരെ ആപ്ലിറ്റൂട്(amplitude) കുറഞ്ഞ ഒരു വിവശ ചിരി അമ്മയിൽ നിന്നും മടങ്ങി.
മുറിയിലെ സോഫയിൽ, സകലവിശുദ്ധരോടും മകൾക്കു വേണ്ടി പ്രാത്ഥിച്ചിരിക്കുന്ന അച്ഛന്റെ മുഖം പതിവു ഇളം റോസു നിറത്തിനു പകരം വിളർത്ത് വെള്ളറോസിന്റെ നിറമായിട്ടുണ്ട്. വളരെ മിതഭാഷിയായ അച്ഛൻ, വാക്കുകളുടെ എണ്ണം വീണ്ടും കുറച്ചു.
റൂമിൽ ഒരു ജനക്കൂട്ടം തന്നെ ഉണ്ട് . എന്റെ ചേട്ടന്മാർ രണ്ടുപേരും ലീവ് എടുത്തിരിക്കുന്നു. ഓപ്പറേഷൻ കഴിയുമ്പോൾ ചിലപ്പോൾ രക്തം ആവശ്യം വന്നേക്കാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്തിനും തയ്യാറായി നിൽക്കുന്ന സന്നദ്ധഭടന്മാരുടെ മുഖത്തും നല്ല അങ്കലാപ്പുണ്ട്.
പിന്നെ ബന്ധുക്കളുടെ നോക്കിനിൽക്കൽ സംഘം, അവരുടെ പണി കൃത്യമായി തുടരുന്നു.
അമ്മ ബാറ്ററി കുറഞ്ഞ ക്ലോക്കിന്റെ പെൻഡുലം ആടുന്ന പോലെ മെല്ലെ തലയാട്ടി, എന്നെ തൊട്ടു തലോടി ഓപ്പറേഷൻ തീയേറ്ററിലേക്ക് യാത്രയാക്കി.
തീയേറ്ററിൽ എത്തിയപ്പോഴും വീർത്ത വയറിന്റെ പലഭാഗത്തും കുത്തി, കുഞ്ഞിന്റെ അനക്കം നോക്കുന്നുണ്ട്. ‘ആകെ ഒന്നല്ലേ ഉള്ളൂ… ഇത്രയധികം കുത്തി നോക്കണോ?’, എനിക്ക് ബോറടിക്കാൻ തുടങ്ങി.
മേയ് മാസമാണ്, കേരളമാകെ ചുട്ടുപൊള്ളുന്നു. തൊട്ടടുത്ത് തൃശ്ശൂർ പൂരപ്പറമ്പിൽ പൂരത്തിന്റെ ചൂട് വിട്ടൊഴിഞ്ഞിട്ടില്ല. ആനയും വാദ്യവും പട്ടുകുടകളും ആളുകളും തൃശ്ശൂരിലേക്ക് ഒഴുകിയെത്തി തകർത്ത് ആഘോഷിച്ച നാടിന്റെ ഉത്സവം തലേന്നാണ് കൊടിയിറങ്ങിയത്. പൂരനഗരിയുടെ ചന്തത്തിൽ ഭ്രമിച്ച് ഇരുപത്തിരണ്ടു ദിവസം മുമ്പു ഭൂജാതനാകുവാൻ തിടുക്കം കൂട്ടിയ മകൻ. പൂരാഘോഷം തലയിൽ മിന്നി, തീരെ ചൂടില്ലാത്ത ഓപ്പറേഷൻ റൂമിലെ തണുപ്പിൽ ഞാൻ കിടന്നു.
ഓടിപ്പാഞ്ഞു വന്ന ഡോക്ടർ, ചിരിച്ചു കുശലം ചോദിച്ചു.
“പേടിയൊന്നും ഇല്ലല്ലോ?”, നഴ്സ് ബ്ലഡ് പ്രഷർ നോക്കുന്നുണ്ട്. സിസ്റ്റോളിക്ക് ഡയസ്റ്റോളിക്ക് എന്ന വാക്കുകൾ ഞാനും കേട്ടിട്ടുണ്ട്. ഈ പ്രഷർ നോക്കിയാലൊന്നും ഞാൻ വിരണ്ടുപോകില്ല എന്ന് മനസ്സിൽ മാത്രം പറഞ്ഞു.
‘ഹേയ് ഇല്ല’, ഞാൻ പുഞ്ചിരിച്ചു. ഒന്ന് ഫസ്റ്റ് ആകുവാൻ തീവ്രമായി ആഗ്രഹിച്ചു കിടക്കുന്ന എനിക്കെന്തു പേടി?
ഒരു സുഖവുമില്ലാത്ത നോർമൽ സുഖപ്രസവത്തിന്റെ ലേബർ പെയിൻ ഒഴിവായി കിട്ടിയതിന്റെ ‘ഖുശി ‘ ലാണ് ഞാൻ.
ഡോക്ടർ വലിയ സിറിഞ്ച് കൈയിലെടുത്തു. സമയം അടയാളപ്പെടുത്താത്ത മരവിപ്പിലേക്ക്, മയക്കുമരുന്ന് എന്നെ വെടിവെച്ചിട്ടു. പ്രജ്ഞയറ്റ പാതിജീവിതത്തിന്റെ ആശ്ലേഷത്തിൽ ഞാനുറങ്ങി. ഉറക്കത്തിൽ ആരോഗ്യവനായ കുഞ്ഞിന്റെ അമ്മയായി.
കീറൽ തുന്നിച്ചേർത്തു. നേഴ്സ് പണി പൂർത്തിയാക്കുന്നതെ ഉള്ളൂ. തുണി നാടകൾ, ഇരു വശത്തേക്കും കൊരുത്ത്, വലിച്ചു മുറുക്കി മുറിവിന് മുകളിൽ കെട്ടുന്നു. അപ്പോഴേക്കും എന്റെ തളർത്തിയിട്ട ന്യൂറോസിസ്റ്റം ഉഷാറായി ഉണർന്നു. ബോധവും അകമ്പടിയായ വേദനയും തിരിച്ചെത്തി. പ്രസവവേദന സ്കിപ്പ് അടിച്ച സിസേറിയൻ പ്രസവത്തിൽ ഇങ്ങനെയൊരു ചതി ഉണ്ടെന്ന് ഞാൻ കിറുകൃത്യമായി അറിയാൻ തുടങ്ങി. മെലിഞ്ഞ നഴ്സ് അസിസ്റ്ററ്റിനോടു തടിച്ച സീനിയർ നേഴ്സ് നിർദ്ദേശം കൊടുക്കുന്നു.
“നന്നായി വലിച്ചുമുറുക്ക്.’
എനിക്ക് ശബ്ദം പുറത്തു വരുന്നില്ല, അതിനുള്ള സമയമായിട്ടില്ല. പക്ഷെ ഇപ്പോൾ തന്നെ നല്ല വേദനയുണ്ട്, മുറിവിന്റെ മുകളിലെ കെട്ടുമുറുക്കാൻ ഇടയ്ക്കിടെ എന്നെ മെല്ലെ ഉരുട്ടി അനക്കുന്നുണ്ട്.
‘അയ്യോ… ആ തടിച്ചി നേഴ്സങ്ങാനും എന്നെ ഉരുട്ടിയാൽ എന്താകും എന്റെ ഗതി’ എന്ന് ആലോചിച്ചു പാവം ഞാൻ!
(ബോഡി ഷേമിംഗ് എന്ന വാക്ക് അന്ന് കേട്ടിട്ടു പോലുമില്ല, ക്ഷമിക്കണേ!)
ഒബ്സെർവഷൻ ടൈം കഴിഞ്ഞപ്പോൾ അവർ എന്നെ സ്‌ട്രെച്ചെറിൽ നിക്ഷേപിച്ച്, വണ്ടിയുരുട്ടി റൂമിൽ എത്തിച്ചു.
അന്നേരം എന്റെ ഒരു ഗമ!
പിന്നീട് എന്റെ കുടുംബത്തിൽ തന്നെ സിസേറിയൻ സുലഭമായി. പക്ഷെ ആ പഞ്ച് പോയി ട്ടോ. ഇപ്പോൾ സിസേറിയന് ഒരു ‘ഗുമ്മില്ല ‘. അതു ആദ്യം പോയ എനിക്ക് തന്നെയാണ് കിട്ടിയത്. നോ ഡൗട്ട്.
പക്ഷെ എനിക്ക് ഒരു തമാശയായി തോന്നിയത്, ആദ്യത്തെ മകൻ ജനിക്കുന്നത് സൗദി അറേബ്യയിൽ ആയിരുന്നു. ചൂണ്ടികാണിക്കാൻ ഒരു അകന്നബന്ധു പോലും അവിടെയില്ലാത്ത ഞാൻ വളരെ കൂൾ, കൂളായാണ് ഡെലിവറിക്ക് പോയത്. കുറെയൊക്കെ വിവരമില്ലായ്മയുടെ സുഖമാണെന്ന് പിന്നീടറിഞ്ഞു.
ആശുപത്രിയിൽ എന്റെ അയൽപ്പക്കം,
പതിനാലാമത്തെ ഡെലിവറിക്കു വന്ന ഒരു അറബിസ്ത്രീ ആയിരുന്നു.
അവർ വർത്തമാനം പറയാൻ എന്റെയടുത്തു വന്നു. കടിഞ്ഞൂൽ പ്രസവം ആണെന്ന് കുഞ്ഞിനെ വെച്ചുള്ള എന്റെ അങ്കലാപ്പു കണ്ടപ്പോൾ തന്നെ അവർക്ക് പിടികിട്ടി.
എനിക്ക് മൊത്തം പത്തുപതിനഞ്ച് അറബി വാക്കുകൾ മാത്രം അറിയാം. അവർക്ക് ഇംഗ്ലീഷും അറിയില്ല. പക്ഷെ അവർ ആംഗ്യങ്ങളും അറബിയും സമാസമം ചേർത്ത് ആശയവിനിമയം നടത്തുന്നുണ്ട്. പ്രസവം, ഇതൊരു നിസാരകാര്യമല്ലെ, എന്ന മട്ടിൽ എനിക്ക് മോട്ടിവേഷൻ ക്ലാസ്സെടുത്തു.
‘ഇതു വെറും ചീള് കേസ്, ഇതിനാണോ ഇത്ര ടെൻഷൻ? അവരുടെ മുഖത്ത് ‘എന്തു സംശയത്തിനും ഇവിടെ സമീപിക്കുക’, എന്ന ഭാവം. അവരുടെ പ്രവൃത്തിപരിചയം അംഗീകരിച്ചു കൊടുത്തു ഞാൻ അവരെ നമിച്ചു.
ഒരൊറ്റ കുത്തിൽ എല്ലാം നഷ്ടപ്പെട്ട് കട്ടയും പടവും മടക്കിയാലോ എന്നാലോചിക്കുന്ന എന്റെ മുന്നിൽ, പതിനാലു റൗണ്ട് കഴിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ മഹാമേരു പോലെ ഉയർന്നു നിൽക്കുന്ന ഈ സ്ത്രീ ഇതും പറയും അതിന്റെ അപ്പുറവും പറയുമെന്ന് ഞാൻ മനസ്സിൽ അടിവരയിട്ടു.
‘പക്ഷെ നിങ്ങൾക്ക് ഇതു നിത്യത്തൊഴിൽ, നിത്യാഭ്യാസി ആനയെ എടുക്കും , പക്ഷെ എന്റെ കാര്യം അങ്ങനെയല്ല ‘, ഞാൻ മനസ്സിലും അല്പം ഉറക്കെയും പറഞ്ഞു. അറബിപെണ്ണിന് മലയാളം പഴംചൊല്ല് മനസ്സിലാകില്ലല്ലോ, അതാണ് എനിക്കിത്ര ധൈര്യം.
പതിനാലാമൻ ആണെങ്കിലും, അറബി കുഞ്ഞ്, ഒരു മുട്ടൻ കുഞ്ഞ്. രണ്ടു കുഞ്ഞുങ്ങളേയും ഒരുമിച്ചാണ് ട്രോളിയിൽ കിടത്തി കൊണ്ടുവന്നത്. ചുവന്നു തുടുത്ത അറബി കുഞ്ഞിന്റെ അടുത്തു കിടക്കുന്ന ഒരു കുഞ്ഞുഭാരതപൗരനെ കണ്ടപ്പോൾ എനിക്ക് തോന്നി
‘ഈ അറബികൾക്ക് ഇത്ര വലുപ്പവും നിറവും ഒക്കെ കൊടുത്തല്ലോ, ഈ എണ്ണ കൂടി ഇവർക്ക് കൊടുക്കണമായിരുന്നോ?’ ഇതു വല്ലാത്ത ചെയ്ത്തായിപ്പോയി.
ഗൾഫിൽ, ഡെലിവറി കഴിഞ്ഞു റൂമിൽ കൊണ്ടുവന്നപ്പോൾ ആദ്യം കൊണ്ടുവന്ന ഭക്ഷണം, മട്ടൻ ബിരിയാണി. നാട്ടിലെ രണ്ടാമൂഴത്തിൽ, എന്റെ ചേട്ടൻ ടിഫിൻ കാരൃയറിൽ തൂക്കി കൊണ്ടുവന്ന
പൊടിയരിക്കഞ്ഞി. വല്ല ചുട്ട പപ്പടവും ഉപ്പിലിട്ടതും അകമ്പടി സേവിച്ചിരിക്കണം.
മട്ടൻ ബിരിയാണിയില്ലേ?, ഞാൻ ഒരു ചോദ്യം തൊടുത്തു.
‘മട്ടണോ?’ മുറിയിലുള്ളവർ മട്ടന്റെ ‘ട്ട ‘ യെക്കാൾ കടുപ്പത്തിൽ ഞെട്ടി. എല്ലാവരും എന്റെ നേരെ തിരിഞ്ഞു തലനീട്ടി. കേട്ടതു ശരിയാണോ എന്ന മട്ടിൽ എന്നെ കൂർപ്പിച്ചു നോക്കി.
‘ഇവളുടെ ആകെ ഉള്ള ഇത്തിരി ബോധം തിരിച്ചു കയറിയില്ലേ?’, അവർ ഒറ്റക്കും കൂട്ടമായും ചോദിച്ചു.
‘ബിരിയാണി ചതുർത്ഥിയായ ഞാൻ ബിരിയാണി ചോദിച്ചപ്പോൾ എന്റെ വീട്ടുകാർ എന്റെ ‘ബോധ’ത്തെ സംശയിച്ച് ലോക്കപ്പിൽ കയറ്റിയതിൽ എന്തതിശയം?
“ആദ്യത്തെ ഡെലിവറിക്കു ശേഷം, ഗൾഫിൽ അതാണ് കിട്ടിയത് “, ഞാൻ സുബോധത്തിലാണ് എന്ന് കാര്യകാരണസഹിതം ന്യായീകരിച്ചു.
“ങേ,എന്നിട്ട്?” നോക്കിനിൽക്കൽ സംഘം കൂട്ടത്തോടെ നെടുവീർപ്പിട്ടു.
തലയിണയിൽ ചാരിയിരുന്ന്, കീറി മുറിഞ്ഞ രണ്ടാമൂഴത്തിന്റെ വേദനയിൽ, ഇടയ്ക്കു മോങ്ങി, ഞാൻ ഒന്നാമൂഴം കഥ, റീ ക്യാപ്പോടെ തുടർന്നു പറഞ്ഞു.
അറബിസുന്ദരി മൊത്തം ബിരിയാണി ട്രേ നിമിഷനേരം കൊണ്ട് കാലിയാക്കി. സാലഡ്, പുഡ്ഡിംഗ്, തണ്ണീർമത്തൻ ഒക്കെ ക്രമത്തിൽ ആക്രമിച്ചു കീഴടക്കി. അവർ പതിനഞ്ചിനുള്ള തയ്യാറെടുപ്പ് ഇപ്പോൾ തന്നെ തുടങ്ങിയെന്ന് ഞാൻ ഉറപ്പിച്ചു.
തുറക്കാതെ ഇരിക്കുന്ന എന്റെ ബിരിയാണി ട്രേക്കു നേരെ പ്ലാസ്റ്റിക് ഫോർക് ചൂണ്ടി, ദളപതി സ്റ്റൈലിൽ ചോദിച്ചു,
“എന്താ ട്രേ തുറക്കാത്തത് ?”, എന്നെ കഴിക്കാൻ അവർ നിർബന്ധിച്ചു. ഞാൻ എന്റെ അമ്മയെ ഓർത്തു. ദീർഘയാത്ര ഒഴിവാക്കാമെന്നും ഇവിടെ ധാരാളം ഫാമിലി ഫ്രണ്ട്സ് ഉണ്ടെന്നും അതുകൊണ്ടു പ്രസവം ഗൾഫിൽ തന്നെ ആക്കാമെന്ന തീരുമാനം അറിയിച്ചപ്പോൾ മുതൽ അതു വേണ്ടെന്ന് നിരുത്സാഹപ്പെടുത്തിയ അമ്മയെ അപ്പോൾ തന്നെ കാണണമെന്ന് എനിക്ക് തോന്നി.
“ഉം.. ഉം.. കഴിക്കാം”, ഞാൻ തലയാട്ടി.
വൈകുന്നേരം ഒരാൾ അവരെ കാണാൻ വന്നു, ഒത്തപൊക്കമുള്ള യുവാവ്. അയാൾ ഇറങ്ങിയപ്പോൾ എന്നോട് അവർ പറഞ്ഞു
“ഇപ്പോൾ വന്നത് എന്റെ മൂത്ത മകനാണ് “, അപ്പറഞ്ഞതു എനിക്ക് മനസ്സിലായി. അവരുടെ ഭർത്താവ് റൂമിൽ വരുന്നത് കണ്ടില്ല.
‘ഞങ്ങളുടെ നാട്ടില്ലെങ്കിൽ ഭർത്താവ്, വിവരം അറിഞ്ഞേനെ’, ഞാൻ കരുതി. ഹബീബി, ഹബീബി ഇതൊക്കെ വെറുതെ വിളിയിൽ മാത്രമെ ഉള്ളൂ?, ഞാൻ പേർത്തും പേർത്തും ആലോചിച്ചു.
എങ്കിലും വിചാരണ കൂടാതെ ഒരാളെ വിധിക്കുന്നത് ശരിയല്ലല്ലോ. എന്റെ മനസ്സാക്ഷി, വാദം തുടങ്ങി.
അയാൾക്ക് മൂന്നോ നാലോ ഭാര്യമാരുടെ അനവധി പ്രസവങ്ങൾക്ക് ആശുപത്രികൾ ഇടയ്ക്കിടെ കയറിയിറങ്ങി മടുത്തു കാണും. പിന്നെ അവർക്ക് ഈ സംഗതി നിസ്സാരമല്ലേ?
പൂ നുള്ളുന്ന ലാഘവത്തിൽ ഉള്ള ‘അറബിപ്രസവചരിതം’ കണ്ടു കണ്ണു മഞ്ഞളിച്ച ഞാൻ, നാട്ടിലെ ഈ പ്രസവപ്പേടി കണ്ടു ഉള്ളിൽ ചിരിച്ചു. ഞാൻ ആരാ മോള്!
തൊട്ടിലിൽ കിടന്നു കുഞ്ഞ് ഉറക്കെ കരഞ്ഞു, ഞാൻ രണ്ടാമതും അമ്മയായെന്നു അവൻ എന്നെ ഓർമ്മിപ്പിച്ചു.
‘പൊക്കിൾക്കൊടി ഉണങ്ങും വരെ വേദന കാണും’, എന്റെയമ്മ പറഞ്ഞു.
കുഞ്ഞിനെയെടുത്തു
അമ്മ മാറോടു ചേർത്ത് അവന്റെ ചെവിയിൽ താരാട്ടുമൂളി. അവൻ ശാന്തനായി വീണ്ടും ഉറങ്ങി.
“മോള് കിടന്നോ, കുഞ്ഞിനെ ഞാൻ നോക്കിക്കോളാം, അവൻ എന്റെ കയ്യില്ലല്ലെ?”, കിടക്കയിൽ നിന്നും തലപൊക്കി നോക്കിയ എന്നെ അമ്മ പിടിച്ചു കിടത്തി.
അതെ… അതും ഒരു പൊക്കിൾക്കൊടിബന്ധം.
ഒരു ജീവിതം തന്നെ മക്കൾക്കുവേണ്ടി ദാനം ചെയ്യുന്ന ഉപാധികളില്ലാത്ത സുതാര്യമായ സ്നേഹം. എന്തു തിരിച്ചുനൽകും എന്നറിഞ്ഞിട്ടല്ല, അമ്മ കുഞ്ഞിനെ തന്നെക്കാൾ ഏറെ ഭ്രാന്തമായി സ്നേഹിക്കുന്നത്.
കുഞ്ഞിന് ആപത്തു സംഭവിച്ചേക്കാവുന്ന ഘട്ടത്തിൽ, അതിനെ ചെറുക്കാൻ, ഏറ്റവും ആക്രമണകാരിയായ മൃഗമായി മാറും പെറ്റമ്മ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?
കുരുന്നിന്റെ ചുണ്ടിലെ പാൽനുരയിൽ വിരിയുന്ന പുഞ്ചിരിയുടെ ആഹ്ലാദവും ഓരോ കാൽവെയ്പ്പിലും അവൻ അല്ലെങ്കിൽ അവൾ വീണുപോകുമോയെന്ന ആന്തലും ഒന്നു ചേർന്ന സുഖമുള്ള നോവ് ഒരായുസു മുഴുവനും നെഞ്ചിൽ പേറുന്ന അമ്മയെന്ന പ്രതിഭാസം.


24 Comments
എന്റെയും ഓർമ്മകൾ സൗദി അറേബ്യയിലെ ആദ്യ പ്രസവത്തിലേക്ക് ഓടിപ്പോയി..
ഏഴാം മാസത്തിൽ നാട്ടിലേക്ക് ലഗേജ് വരെ പാക്ക് ചെയ്ത് കെട്ട്യോനെ പിരിയുന്ന വിഷമം അടക്കിപ്പിടിച്ചു നാട്ടിലേക്കു വണ്ടി കയറാൻ നിന്ന
എന്നെ പറഞ്ഞയക്കാൻ കെട്ട്യോന് എന്നേക്കാൾ സങ്കടം.. അങ്ങനെ യാത്ര മുടങ്ങി..
പിന്നെ ജോയ്സ് പറഞ്ഞതൊക്കെ തന്നെ…
നർമ്മത്തിലൂടെ വിരിഞ്ഞ നല്ലെഴുത്ത്.. 👌👌
അഭിനന്ദനങ്ങൾ 💐💐
Sajina, ഒത്തിരി സന്തോഷം. 🙏🫂🥰
രസകരമായ എഴുത്ത്👌❤️🌹
കടിഞ്ഞൂൽ കൺമണിയെ തിരുവോണ ദിവസം രാത്രി കൂൾ കൂളായി പ്രസവിച്ച ഞാൻ രണ്ടാമനുവേണ്ടി നാലു ദിവസം വേദന സഹിച്ച് ലേബർ റൂമിലും പുറത്തുമായി മാറി മാറിക്കഴിഞ്ഞതും സിസേറിയൻ ചെയ്യല്ലേ എന്നു ഡോക്ടറോടു കെഞ്ചിയതുമൊക്കെ ഓർത്തപ്പോൾ ചിരിക്കാനാണിപ്പോൾ തോന്നുന്നത്.
സ്നേഹം ജോയ്സ്❤️❤️❤️
Suma, വായനക്ക് നന്ദി. വർഷങ്ങൾക്കിപ്പുറവും ഓർമ്മകൾക്ക് എന്ത് പകിട്ടാണല്ലെ… സ്നേഹം.
❤️🫂🙏
പ്രസവത്തിൻെറ രണ്ട് രുചികൾ (നോർമ്മൽ, സിസേറിയൻ- പിന്നെ ഗൾഫിലേതും നാട്ടിലേതും) ആകെ മൊത്തം കളറായിട്ടുണ്. എപ്പോഴും എന്നതുപോലെ ഇതും നന്നായി ഇഷ്ടായി- മുഷീല്യ ഒട്ടും മുഷല്യ– 👌❤️👍
Thank you, Sheejith.
😀❤️
വളരെ നന്നായിട്ടുണ്ട് എഴൂത്ത്.അഭിനന്ദനങ്ങൾ .ഇനിയൂംഎഴൂതൂക.എനിക്ക് ഇതൂപോലെ ഓർത്തെടുക്കാൻ കഴിയില്ല എൻ്റെ അനൂഭവങ്ങൾ ഓർത്ത്ഫലിതത്തോടെ അവതരിപ്പിച്ചു.
Rita chechi, thank you.🫂🙏❤️
സൂപ്പർ
thanks സീനത്ത്.🙏
അമ്മ അതൊരു വികാരം അല്ലേ എല്ലാ ജീവജാലങ്ങൾക്കും നന്നായി എഴുതി dear🥰🥰🥰💕💕💕🙏🙏
സത്യം Seji, വായനക്കും വാക്കുകൾക്കും നന്ദി dear.🥰🙏
അമ്മയെന്ന പ്രതിഭാസം നല്ല എഴുത്ത്
Jinas, thank you.
🙏
ചിരിക്കാനും ചിന്തിക്കാനും ഏറെയുണ്ട് ഈ എഴുത്തിൽ 👌
ചേച്ചീ. എന്നത്തേയും പോലെ മനോഹരം 🥰
നീതു, സ്നേഹം dear!
പണ്ട് ഒത്തിരി വിഷമിച്ചതും വേദനിച്ചതും ആകുലപ്പെട്ടതുമായ കാര്യങ്ങൾ എത്ര രസകരായിട്ട് എഴുതി. മട്ടനിലും മുട്ടനിലും ഞെട്ടലിലും ഒരേ “ട്ട” ആണെന്ന് എനിക്കിന്നാണ് മനസ്സിലായത് 😂😅.
Electa…😀😀😀
Thank you, 🥰🫂🙏
thank you, സുനന്ദ.🙏🫂🥰
ഗംഭീര എഴുത്ത്. ഇഷ്ടമായി ജോയ്സ്.👌👏👏❤️❤️
Thara Krishnan, 🙏
വായിച്ചുതീർന്നതറിഞ്ഞില്ല… നന്നായിട്ടുണ്ട്..
Manju, നന്ദി, സ്നേഹം.
🙏❤️