പുലിമടയിലേക്കുള്ള അവസാന ബസ് എട്ടു മണിക്കാണ്. അത് വരാൻ ഇനിയും പത്ത് പതിനഞ്ചു മിനിറ്റ് ഉണ്ട്. പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം. അങ്ങോട്ട് പോകാൻ അധികമാളുകൾ ഉണ്ടാകാറില്ല. എന്നാലും ഒരു നേർച്ച പോലെ മുടങ്ങാതെ പുലിമടയിലേക്കുള്ള ബസ്, രാത്രി എട്ടു മണിക്ക് കവലയിൽ എത്തും. ഒരു ഡ്രൈവറും കണ്ടക്ടറും മാത്രമേ ഉണ്ടാകൂ. അവർ പുലിമടനിവാസികൾ ആയിരുന്നില്ല. അവിടെയെത്തിയിട്ട് അവർ ബസുമായി അടുത്തുള്ള ഗ്രാമത്തിൽ അമ്പല മുറ്റത്തു വണ്ടി പാർക്ക് ചെയ്യും. അവിടെയവർക്കു സുരക്ഷിതമായി ഉറങ്ങാം. പുലിയെയും പ്രേതങ്ങളെയും പേടിക്കണ്ട. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അവർ പുലിമടയിൽ രാത്രി തങ്ങാറില്ല. ഒരു പ്രത്യേക സ്ഥലം,കൂടുതലും കുറ്റവാളികളും വരുത്തന്മാരും തങ്ങുന്ന സ്ഥലം.
അജയൻ മീരയെയും കൂട്ടി കവലയിലെ അഷ്‌റഫിന്റെ ഹോട്ടലിലേക്ക് കടന്നു. നല്ല തിരക്ക്. അജയനെ കണ്ട അഷ്‌റഫ് കൗണ്ടറിൽ നിന്നും ഇറങ്ങി വന്നു രണ്ട് സീറ്റ് ഒപ്പിച്ചു കൊടുത്തു.
” പെട്ടെന്ന് വേണം. പൊറോട്ടയും കോഴിക്കറിയും. ബസ് വരാറായി. ”
“ദാ ഇപ്പോൾ എടുക്കാം. ”
നല്ല ഭക്ഷണം. വില തുച്ഛം. അഷ്‌റഫിന്റെ കട അത്ര ഫേമസാണ്. മീര കഴിച്ചു കഴിഞ്ഞപ്പോൾ അജയൻ എഴുന്നേറ്റു. ഹോസ്റ്റലിൽ നിന്നും മീരയെ കൂട്ടി കൊണ്ട് വരുകയാണ്, ഒരു ഒളിച്ചോട്ടമാണ് ലക്‌ഷ്യം. അമ്മാവൻ മകളെ ഒരു അമേരിക്കക്കാരന് കെട്ടിച്ച് കൊടുക്കാൻ തീരുമാനിച്ചതാണ്. തന്റെ ചെറുപ്പം മുതലുള്ള പ്രണയം തകർന്നുവെന്ന് കരുതിയതായിരുന്നു അജയൻ. പക്ഷെ മീര, അവള് വിളിച്ചു ആത്മഹത്യാ ഭീക്ഷണി മുഴക്കിയപ്പോഴാണ് ഒളിച്ചോടാൻ തീരുമാനിച്ചത്. അങ്ങനെയാണ് കൂട്ടുകാരന്റെ പുലിമടയിലെ വീടിനെക്കുറിച്ച് ഓർമ വന്നത്. എത്ര സുരക്ഷിതമാണ് അവിടം. ആരും തിരക്കി വരാൻ സാധ്യതയില്ലാത്തൊരിടം. കവലയിൽ നിൽക്കുമ്പോൾ ബസ് പെട്ടെന്ന് വന്നെങ്കിൽ എന്നയാൾ പ്രാർത്ഥിച്ചു. ഇപ്പോൾ അമ്മാവൻ അറിഞ്ഞു കാണും മീരയെ കാണാനില്ലെന്ന്.
എല്ലായിടത്തും അവളെ തിരക്കാൻ തുടങ്ങും. ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും കവലകളിലും അങ്ങനെ എല്ലായിടത്തും. പോലീസിലും പരാതി നൽകി കാണും. പുലിമട ആരും സംശയിക്കില്ല. ആരുമധികം പോകാത്ത സ്ഥലം. ബസ് പെട്ടെന്ന് വന്നാൽ രക്ഷപെട്ടു. പിടിക്കപ്പെട്ടാൽ… അമ്മയും അമ്മാവനും തമ്മിലുള്ള ബന്ധം അതോടെ തീരും. അപ്പോഴേക്കും ബസ് വന്നു. അവർ ബസിൽ കയറി പറ്റി. ഒഴിഞ്ഞ ബസ്, ഡ്രൈവറുടെ അടുത്ത് തന്നെയുള്ള സീറ്റിൽ കണ്ടക്ടർ. അവരെ കൂടാതെ മറ്റൊരാൾ മാത്രമേ യാത്രക്കാരനായിട്ടുള്ളു. അയാളാകട്ടെ ബസിൽ അവരുടെ പിൻവശത്തുള്ള സീറ്റിലാണിരുന്നത്. അയാളുടെ മുഖവും തലയും ഒരു വെള്ള തോർത്തുമുണ്ട് കൊണ്ട് മറച്ചിരുന്നു. സാധാരണ രാത്രി യാത്രകളിൽ തണുപ്പിൽ നിന്നും രക്ഷപ്പെടാൻ നാട്ടിൻപുറത്തുകാർ ഇങ്ങനെ ചെയ്യാറുണ്ട്.
“അജയേട്ടാ, ഈ രാത്രിയിൽ അജയേട്ടന്റെ സുഹൃത്ത് അവിടെയുണ്ടാകുമോ? വിളിച്ചു പറയാതെ ചെല്ലുന്നത് മാന്യതയാണോ. എനിക്കെന്തോ പേടിയാകുന്നു. ”
അവൾ അജയന്റെ തോളിൽ തല ചായ്ച്ചു ഉറങ്ങാനുള്ള തയാറെടുപ്പ് നടത്തി. ഇവൾക്കെങ്ങനെ ഉറങ്ങാനാകും?
“മീരേ, എന്നെ അമ്മാവന് സംശയമുണ്ടെങ്കിൽ എന്റെ ഫോൺ നിരീക്ഷിക്കാൻ പറയില്ലേ. അതുകൊണ്ട് ഞാൻ ഫോൺ എടുത്തില്ല. മുറിയിൽ വച്ച് പൂട്ടി. പുതിയ സിംമ്മും ഫോണും വാങ്ങാം. നീ ധൈര്യമായിരിക്ക്. ”
അവരുടെ പിൻസീറ്റിലിരിക്കുന്ന ആൾ അവരെ ശ്രദ്ധിക്കുന്നത് കണ്ടു അജയൻ സംസാരം നിർത്തി. ബസ് നല്ല വേഗത്തിൽ നീങ്ങി കൊണ്ടിരുന്നു. പുറത്തു നിന്നും തണുത്ത കാറ്റ് അടിച്ചു കയറി. വിൻഡോ സീറ്റിലിരുന്ന മീര ദുപ്പട്ട കൊണ്ടവളുടെ തല മൂടി. അപരിചിതനായ സഹയാത്രികൻ അജയനോട് സംസാരിക്കാനായി മുന്നോട്ടാഞ്ഞു. വളരെ അടക്കിപിടിച്ച ശബ്ദത്തിൽ ചോദിച്ചു.
“പുലിമട ടിക്കറ്റാണോ, ഞാനും അങ്ങോട്ടാണ്. ”
വഴിയിൽ വച്ച് കുറെ കാക്കിധാരികൾ വണ്ടി പരിശോധിക്കാൻ വന്നു. ഇടയ്ക്കിടയ്ക്ക് ചെക്കിങ് നടത്താറുണ്ട്. പുലിമട റൂട്ടിലോടുന്ന “കൊമ്പൻ “എന്ന ബസ് എല്ലാവർക്കും പരിചിതമാണ്. അതിനാൽ വലിയ ചെക്കിങ് ഒന്നും പോലീസ് നടത്താറില്ല. കാക്കിധാരികളെ കണ്ടു സഹയാത്രികൻ വല്ലാതെ അസ്വസ്ഥനാകുന്നത് അജയൻ ശ്രദ്ധിച്ചു. അയാൾ മുഖം കൂടുതൽ മറയ്ക്കുകയും കുനിഞ്ഞിരിക്കുന്നതും തിരിഞ്ഞു നോക്കിയ അജയൻ കണ്ടു. ഇയാളും തങ്ങളെ പോലൊരു ഒളിച്ചോട്ടക്കാരനാണോ? ഫോറസ്ററ് ഉദ്യോഗസ്ഥരായ രണ്ടു പേർ.
“എത്ര യാത്രക്കാരുണ്ട് ബസ്സിനകത്ത്? ”
” ഒരു വൃദ്ധനും ഒരു ദമ്പതികളും. കുഴപ്പമൊന്നുമില്ല സാർ. ”
“ആൾ റൈറ്റ്, വണ്ടി വിട്ടോളൂ. ”
വണ്ടി മുന്നോട്ടെടുത്തു. വഴിയിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കൂടാതെ ഒരു പോലീസ് എയ്ഡ് പോസ്റ്റ് കൂടിയുണ്ട്. അവിടെയും ചെക്കിങ് ഉണ്ട്. ദമ്പതികളാണെന്നു പറഞ്ഞത് കൊണ്ട് തത്കാലം രക്ഷപെട്ടു. അജയന് ടെൻഷൻ തോന്നി. മീര ഇതൊന്നുമറിയാതെ ചിന്തകളുടെ ലോകത്താണ്.
“മോനെ, ഞാൻ പാതി വഴിയിൽ ഇറങ്ങും. ഈ തരുന്ന സാധനങ്ങൾ പുലിമടയിലെ എന്റെ വീട്ടിൽ എത്തിക്കാമോ. മകൾക്കുള്ള ചില സമ്മാനങ്ങളാണ് ഈ ബാഗിൽ. അവൾക്കു കൊടുത്തിട്ട് പോകാമെന്നു കരുതിയതാണ്. അപ്പോഴാണ് അടിയന്തിരമായി ചെയ്യണ്ട ചില കാര്യങ്ങൾ ഓർമയിൽ വന്നത്. ഇതവിടെ എത്തിച്ചാൽ വലിയ ഉപകാരമായി. ”
അജയൻ മറുപടി പറയാതെ ഇരുന്നപ്പോൾ മീര അവന്റെ കയ്യിൽ ഒന്ന് നുള്ളി.
“അജയേട്ടാ നമ്മൾ ആൾറെഡി ഒരു പ്രശ്നത്തിലാണ്, ഇനി ഇല്ലാത്ത തലവേദന കൂടി എടുത്തു വെയ്ക്കണ്ട. അറിയാത്ത ആൾക്കാർ, വല്ലാത്ത കാലം. ”
“ആ മോള് പറഞ്ഞത് ശരിയാണ്, പക്ഷെ ഞാൻ അനീതി കാണിക്കില്ല. നിന്നെ പോലൊരു മകൾ എനിക്കുമുണ്ട്. അവൾക്കുള്ള സമ്മാനമാണ് ഇതിൽ. അവൾക്കിനിയുള്ള കാലം സമാധാനമായി ഉറങ്ങാൻ ഇത് വേണം, കാണണം. നിങ്ങളിറങ്ങുമ്പോൾ ഈ ബാഗ് ഇവിടെ അനാഥമായിരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് നല്ല മനസ്സുണ്ടെങ്കിൽ ഇതെന്റെ മകളെ ഏല്പിക്കുക. അമ്മയില്ലാത്തൊരു കുട്ടിയാണവൾ. ഞാനൊരു ജയിൽ പുള്ളിയും. അയാൾ തോർത്ത് മുണ്ട് മുഖത്ത് നിന്നും നീക്കി, അവർക്കായി മുഖം വെളിവാക്കി. വീണ്ടും മുഖം മറച്ചു. എന്റെ മകൾ ആ വീട്ടിൽ തനിച്ചാണ്. നിങ്ങൾ ഒളിച്ചോടുകയാണെന്നു എനിക്ക് തോന്നി. നിങ്ങൾക്ക് തത്കാലം മറഞ്ഞിരിക്കാൻ എന്റെ വീടാകും അഭികാമ്യം. സുഹൃത്തിന്റെ വീടന്വേഷിച്ചു എന്തായാലും പോലീസ് വരും. എന്റെ വീട്ടിൽ നിങ്ങൾ സുരക്ഷിതരാകും. ”
ഇത്രയും പറഞ്ഞു അയാൾ ഒരു കത്ത് അജയന് നീട്ടി. അജയന് അയാളുടെ കണ്ണുകളിലേയ്ക്കുറ്റു നോക്കിയപ്പോൾ അറിയാതെ തന്നെ വലതു കൈ നീട്ടാനും ആ കവർ വാങ്ങാനും ഒരുൾ പ്രേരണയുണ്ടായി. ഏതാനും നിമിഷങ്ങൾക്കകം പോലീസ് എയ്ഡ് പോസ്റ്റിനു മുന്നിൽ വണ്ടി നിന്നു. കണ്ടക്ടർ പുറത്തിറങ്ങുകയും ഒരു ചെറുപ്പക്കാരനായ പോലീസ്‌കാരൻ ബസിനുള്ളിൽ കയറുകയും ചെയ്തു.
“ഇവർ രണ്ടു പേരുമേയുള്ളോ യാത്രക്കാരായി. വൃദ്ധൻ ഉണ്ടെന്നു പറഞ്ഞിട്ട്. ”
അയാൾ തിരിച്ചിറങ്ങി. അജയനും മീരയും ഞെട്ടി തിരിഞ്ഞു ബസിനുള്ളിൽ അരിച്ചു പെറുക്കി അയാളെ കണ്ടില്ല. അയാളെവിടെ പോയി? എപ്പോൾ ഇറങ്ങി. അയാളുടെ ബാഗ് മാത്രം സീറ്റിനടിയിലിരിക്കുന്നു.
എപ്പോഴോ ഒന്ന് മയങ്ങി തുടങ്ങിയപ്പോഴാണ് കണ്ടക്ടർ വിളിച്ചുണർത്തിയത്.
“സാർ പുലിമട ആയി. പോകേണ്ടയിടം അറിയാമല്ലോ അല്ലേ. തണുപ്പായത് കൊണ്ട് പത്തുമണിക്ക് മുന്നേ എല്ലാവരും വീട് പിടിക്കും. ഇന്ന് നല്ല തണുപ്പുണ്ട്. സൂക്ഷിച്ചു പോകണേ. ഞങ്ങൾ അമ്പലത്തറ ഗ്രാമത്തിലാണ് സ്റ്റേ. ”
അയാൾ ഡബിൾ ബെൽ കൊടുത്തു. ബസ് മുന്നോട്ടെടുത്തു വീണ്ടും നിർത്തി. കണ്ടക്ടർ അജ്ഞാതന്റെ ബാഗ് അയാൾക്ക് നേരെ നീട്ടി.
“ബാഗ് മറന്നല്ലേ. ”
ബസ് പാഞ്ഞു പോയി. ഒരു കയ്യിൽ സ്വന്തം ബാഗും മറു കയ്യിൽ അജ്ഞാതന്റെ ബാഗുമെടുത്തു നടന്നു. സമയം ഒന്നാകാൻ പോകുന്നു.. മീര അവനു പുറകെ വളരെ അവശയായി നടന്നു വരുന്നു. കുറ്റാകൂരിരുട്ട്. ചീവീടുകളുടെ കരച്ചിൽ. ഭയാനകമായ അന്തരീക്ഷം. മനുഷ്യജീവികളുടെ സാന്നിധ്യം എങ്ങുമുണ്ടായില്ല. എല്ലാവരും ഉറക്കം പിടിക്കുന്ന രാത്രിയുടെ യാമം. പെട്ടെന്ന് പിന്നിലെ റോഡ് ക്രോസ് ചെയ്തു എന്തോ പാഞ്ഞു പോയി. മീര കൂകി വിളിച്ചു. പുലിയാണോ പ്രേതമാണോ. നിരീശ്വര വാദിയാണെങ്കിലും പെട്ടെന്നുള്ള ആ ദൃശ്യം അവനെയും ഞെട്ടിച്ചു കളഞ്ഞു.
“അജയേട്ടാ, എനിക്ക് വയ്യ. ഇനി നടക്കാൻ. സുഹൃത്തിനെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ. ”
“അങ്ങനെ പറഞ്ഞാൽ എങ്ങനാ. ഒരു മണിക്കൂർ കഷ്ടിച്ച് നടന്നാൽ ഉണ്ണിയുടെ വീട്ടിലെത്താം. ഇവിടെ നിന്നാൽ അപായമുണ്ടാകും. നടക്കുക തന്നെ മുന്നോട്ട്. ”
” അയാളുടെ വീട് ജംഗ്ഷനടുത്താണെന്നല്ലേ പറഞ്ഞത്. നമ്മൾക്ക് അങ്ങോട്ട് പോയാലോ. ഈ ബാഗേജ് കൊടുക്കണമല്ലോ. ഇന്നവിടെ തങ്ങാം. പുറത്തെ ചായിപ്പിലെങ്കിലും ഇരിക്കാം അജയേട്ടാ. ”
“അത് വേണോ മീരേ, നമ്മളാദ്യമായിട്ടു ഒരു ജീവിതം തുടങ്ങുന്ന ദിവസം തന്നെ, അതും അയാളെ പോലൊരു കുറ്റവാളിയുടെ വീട്ടിൽ. ”
“ആരായാലും ഒരു മനുഷ്യനല്ലേ. ഇത് നമ്മുടെ വിധിയാണെന്ന് കരുതാം. എനിക്ക് തീരെ നടക്കാൻ വയ്യ, ഇന്ന് മുഴുവൻ ഞങ്ങൾ ലാബിൽ നില്പായിരുന്നു. പിന്നെ തണുപ്പും പേടിയും. ”
“ശരി കുറച്ചും കൂടെ നടന്നു നോക്കാം. കുറെ നടന്നപ്പോൾ ഒരു പാടവും ഒറ്റപ്പെട്ട കുറെ വീടുകളും കണ്ടു. അതിലൊരു വീട്ടിലെ വെളിച്ചം കെട്ടിരുന്നില്ല. അജയൻ അതിനെ ലക്‌ഷ്യം വച്ച് നടന്നു.
“ഇതാകും അയാളുടെ വീട്, അയാളെ കാത്ത് അയാളുടെ മകൾ ഉണർന്നിരിക്കുകയാകും. ”
അജയൻ വാതിലിൽ മുട്ടി. മീര അവളുടെ ബാഗ് നിലത്തു വച്ച് തറയിൽ ചടഞ്ഞങ്ങിരുന്നു. ഒരു പെൺകുട്ടി വന്നു വാതിൽ തുറന്നു. ദാവണി ചുറ്റിയ മെലിഞ്ഞ പെൺകുട്ടി. മുപ്പതിനടുത്തു പ്രായം തോന്നിക്കുന്നു. അവൾ അപരിചിതരെ നോക്കി. അജയന്റെ വലത്തേ കയ്യിലിരുന്ന ബാഗിനെ കണ്ണുകൾ കൊണ്ട് പരിശോധിച്ചു. അത് കൈ നീട്ടി അവൾ വാങ്ങി. അയാൾ കത്ത് കൊടുത്തു. കത്ത് വായിച്ച് അവളുടെ മുഖം പ്രസന്നമായി. അവളെന്തോ ഉരുവിട്ടു. അവൻ തീർന്നു, അങ്ങനെയെന്തോ.
“കൊമ്പനിലാണോ വന്നത്. ബസിൽ വച്ച് അച്ഛനെ കണ്ടിരുന്നോ. ”
“കണ്ടിരുന്നു. കുട്ടിയെ ഇതേൽപ്പിക്കണമെന്നു പറഞ്ഞിരുന്നു. പിന്നെ അദ്ദേഹത്തെ കണ്ടില്ല. നിവൃത്തിയില്ലാതെ കൊണ്ട് വരുകയായിരുന്നു. ”
“എന്റെ പേര് മല്ലിക, അച്ഛൻ ഈശ്വര പണിക്കർ, ഒരു വർക്ക് ഷോപ് നടത്തിയിരുന്നു.. അമ്മ നേരത്തെ മരിച്ചു. ഒരു സഹോദരൻ ഉണ്ടായിരുന്നു. മനോജ് എൻജിനീയർ ആയിരുന്നു. അവനു ഗൾഫിൽ ഒരു നല്ല ജോലി കിട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ. പക്ഷെ സന്തോഷം അധികനാൾ നീണ്ട് നിന്നില്ല. ജോലിസ്ഥലത്തൊരു അപകടമുണ്ടായി അവൻ അവിടെ ആശുപത്രിയിലായി. അവനു മിണ്ടാൻ പറ്റാത്ത അവസ്ഥയിലാണ് കുറെ നാൾ കിടന്നതു. ചികിത്സയ്ക്ക് കുറെ പണമായി. കുറെ വസ്തു വകകളൊക്കെ വിറ്റാണ് അവനെ ചികിൽസിച്ചത്. ഒടുവിൽ നാട്ടിലേയ്ക്ക് കൊണ്ട് വരാനായി അച്ഛൻ ഗൾഫിൽ പോയി. അച്ഛൻ ചെന്നപ്പോഴേക്കും അവൻ പോയിരുന്നു. സ്വാഭാവിക മരണം എന്ന് കരുതി അവന്റെ ശരീരവുമായി അച്ഛൻ മടങ്ങി. അവന്റെ ഫോണും ലാപ്ടോപ്പും ഒന്നും വീണ്ടെടുക്കാൻ കഴിഞ്ഞില്ല. പക്ഷെ രണ്ടാഴ്ച കഴിഞ്ഞു ഞങ്ങൾക്ക് ലഭിച്ച ഒരു കത്ത്. അതിലൂടെ ഞങ്ങൾ സത്യം മനസിലാക്കിയത്. ”
“എന്തായിരുന്നു കത്തിൽ? ”
അജയൻ മടിച്ചു മടിച്ചു ചോദിച്ചു. മല്ലിക മീരയെ കൈ പിടിച്ചു അകത്തേയ്ക്കു ആനയിച്ചു. വില കുറഞ്ഞ പ്ലാസ്റ്റിക് കസേരകളിൽ അവർ മൂന്നുപേരും ഇരുന്നു.
“മനോജിന്റെ ഒരു കോളേജ് മേറ്റ് ഉണ്ടായിരുന്നു. കൊച്ചിയിലെ വ്യവസായിയുടെ മകൻ, കിരൺ. അവനാണ് മനോജിന് ഗൾഫിൽ ജോലി മേടിച്ചു കൊടുത്തത്. ഇങ്ങനെ പലർക്കും അവരുടെ പരിചയം മൂലം ജോലി കിട്ടിയിരുന്നു. മനോജിന്റെ മരണത്തിനു കാരണം കിരൺ ആയിരുന്നു എന്നായിരുന്നു ഊമക്കത്തിൽ. അച്ഛൻ അന്വേഷണം നടത്താനായി പോലീസിൽ പരാതി കൊടുത്തു. പോലീസൊക്കെ അവരുടെ പക്ഷത്തായിരുന്നു. ഈ സമയത്തു മനോജിന്റെ മറ്റൊരു സുഹൃത്തിനു കൂടി അപകടം പറ്റി. അങ്ങനെ ഞങ്ങളുടെ സംശയം ബലപ്പെട്ടു. ആരൊക്കെയോ കുറെ പണവുമായി അച്ഛനെ സമീപിച്ചു കേസ് പിൻവലിക്കാൻ. നിവൃത്തികേട് കൊണ്ട് അച്ഛൻ കേസ് പിൻവലിക്കുകയും സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അച്ഛൻ കണ്ടു പിടിച്ച വിവരങ്ങൾ ഞങ്ങളെ ഞെട്ടിച്ചു. കിരണും അച്ഛനും ബിസിനസിന്റെ മറവിൽ മയക്കു മരുന്ന് കച്ചവടം നടത്തിയിരുന്നു. ഗൾഫ് നാടുകളിൽ ശിക്ഷ ഭയാനകമായതു കൊണ്ട് അവരുടെ ജീവനക്കാരുടെ യാത്രകളിൽ, അവർ പോലും അറിയാതെയാണ് ഇവർ ഡീലുകൾ നടത്തിയിരുന്നത്. ഇത് അറിഞ്ഞു പ്രതികരിക്കുന്ന ചെറുപ്പക്കാരെയാണ് അവർ അപകടത്തിൽ പെടുത്തുന്നത്. ഇതറിഞ്ഞു അച്ഛൻ രഹസ്യമായി നടത്തിയ നീക്കം അവർ അറിയുകയും അച്ഛനെ ഒരു കള്ളക്കേസിൽ പെടുത്തി ജയിലിലാക്കുകയും ചെയ്തു. പിന്നെ ഉപദ്രവം എന്നോടായി. ആരും ചോദിക്കാനും സംരക്ഷിക്കാനുമില്ലെന്നവന് അറിയാമായിരുന്നു.
“ജാമ്യം കിട്ടിയില്ലേ. ”
“ശ്രമിച്ചില്ല. അച്ഛന്റെ ജീവന് ജയിലാണ് കൂടുതൽ സുരക്ഷിതത്വം. ഒരാഴ്ച മുൻപ് അച്ഛൻ പരോളിൽ ഇറങ്ങിയതാണ്. ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ അച്ഛന് ഒരു ലക്‌ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അത് അച്ഛൻ നടപ്പിലാക്കി. ഇനി അച്ഛനും എനിക്കും സമാധാനത്തോടെ ജീവിക്കാം. അവസാനത്തെ ഭാഗവും ഇവിടെയെത്തി. ”
അവൾ പൊട്ടിച്ചിരിച്ചു, ഭയാനകമായി. അജയനും മീരയും പേടിയോടെ മുഖത്തോടു മുഖം നോക്കി.
“പേടിയ്ക്കണ്ട. നിങ്ങൾ ആരാണെന്നു എനിക്കറിയില്ല. പക്ഷെ നിങ്ങളെ സംരക്ഷിക്കാൻ ഞാൻ ബാധ്യസ്ഥയാണ്. നിങ്ങൾ ഉറങ്ങൂ. രാവിലെ നമുക്ക് സംസാരിക്കാം. ”
അവർക്കു ഉറങ്ങാൻ മുറി കൊടുത്തു, അവൾ വീടിന്റെ ചെറിയ ഹാളിൽ പാ വിരിച്ചു കിടന്നു. നേരം വെളുത്തു എഴുന്നേറ്റ മീര കാണുന്നത് വീടിനു പുറകിലെ കാട്ടിൽ എന്തൊക്കെയോ സാധങ്ങൾ തീയിട്ടു നശിപ്പിക്കുന്ന മല്ലികയെയാണ്. തീ ആളിക്കത്തി തുടങ്ങിയിരുന്നു. തിരികെ വന്ന അവൾ അതിഥികൾക്കായി നല്ല പ്രാതൽ തയാറാക്കി നൽകി.
“അച്ഛന് ഇന്ന് പരോൾ കഴിഞ്ഞു തിരികെ ജയിൽ ചെന്ന് കാണും. ഇനിയെനിക്ക് പ്രശ്നമൊന്നുമില്ല. നിങ്ങൾ കൊണ്ട് വന്നത് നാലാമത്തെ ബാഗ് ആണ്. അച്ഛൻ കിരണിനെ കൊന്നു നാലു ഭാഗങ്ങളാക്കി, പ്രത്യേക ബാഗുകളിൽ പ്രിസർവ് ചെയ്ത ഓരോ രാത്രിയിലും ഓരോ ആളുകളുടെ കയ്യിൽ കൊടുത്തു വിടും. അങ്ങനെ നാലാമത്തെ ഭാഗം നിങ്ങളായിട്ടു എനിക്ക് കൊണ്ട് വന്നു. ഓരോ ബാഗും ഞാൻ പലയിടത്താക്കി കരിച്ചു കളഞ്ഞു. അവശിഷ്ടങ്ങൾ പുഴയിൽ ഒഴുക്കി വിട്ടു. എന്റെ മനോജിനെ പോലെ കുറെ സഹോദരങ്ങളുടെ ആത്മാവിന് ശാന്തി കിട്ടിയിട്ടുണ്ടാകും. ”
“ഇതൊക്കെ പുറത്തറിയില്ലേ. ആരെങ്കിലും പറയില്ലേ. അച്ഛന്റെ പരോൾ സമയത്തു നടന്ന കർമം ആയതു കൊണ്ട് അച്ഛനെ എല്ലാവരും സംശയിക്കില്ലേ. ”
“കിരണിനെ കാണാതായിട്ട് രണ്ടു മാസമായി. അന്ന് അച്ഛൻ ജയിലിൽ ആയിരുന്നു. പിന്നെ എങ്ങനെയാണു ”
“പക്ഷെ തെളിവുകൾ നശിപ്പിച്ചത് മല്ലികയല്ലേ. അപ്പോൾ?”
“ഇതൊക്കെ എങ്ങനെ തെളിയിക്കാനാണ്. ഞാൻ ഒരാൾ ഒറ്റയ്ക്ക് കിരണിനെ പോലൊരാളെ എങ്ങനെ തട്ടിക്കൊണ്ടു പോകാനാണ്. ഇനി കൊന്നെങ്കിൽ തന്നെ അയാളുടെ മൃതദേഹം ചീത്തയായി പോകില്ലേ അത് നാലു ദിവസമായി എങ്ങനെ ഇവിടെയെത്തിക്കും. അതും ബസിൽ. ദുർഗന്ധം ഉണ്ടാകില്ലേ. കൊണ്ട് തന്ന ആർക്കും അത് മൃതദേഹമാണെന്നു സംശയം പോലുംതോന്നിയില്ലല്ലോ. പിന്നെ നിങ്ങളോടു ഞാൻ തുറന്നു പറഞ്ഞത് കിരണിന്റെ ആൾക്കാർ എന്നെ എന്തെങ്കിലും ചെയ്താൽ സത്യം ആരെങ്കിലും അറിഞ്ഞിരിക്കണമല്ലോ. അത് കൊണ്ട് മാത്രം. ”
“അപ്പോൾ നിങ്ങളൊറ്റയ്ക്കല്ല. അല്ലേ?”
“സഹായികൾ ഉണ്ടായിരുന്നു. ആരുടേയും പേരുകൾ പുറത്ത് വരില്ല. ”
മീര മുറ്റത്ത് നിന്നും പാടത്തിന്റെ വിദൂര കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു.
“ഇത് കണ്ടോ, മീരയുടെ ഫോട്ടോയുണ്ട്പേപ്പറിൽ. ഇറങ്ങി നടക്കേണ്ട പുറത്തൊന്നും. പറ്റുമെങ്കിൽ ഇന്ന് തന്നെ രജിസ്റ്റർ മാരിയേജ് നടത്തണം. ഞാൻ ഏർപ്പാടുകൾ എല്ലാം ചെയ്യാം. ഗതികേട് കൊണ്ട് കുറ്റവാളികൾ ആയവരാണ് ഞങ്ങൾ. അവിശ്വസിക്കണ്ട. ഞങ്ങളെ സഹായിക്കാൻ ഒരു ഡോക്ടറും ഉണ്ടായിരുന്നു. പല കുടുംബങ്ങളും അവർ തകർത്തിരുന്നു. നിയമം അവരെ രക്ഷിക്കും, അതിനുള്ള പണമൊക്കെ അവർക്കുണ്ട്. വെറുതെ തോറ്റ് കൊടുക്കാൻ മനസ്സില്ല. ഞാൻ കവലയിൽ പോയി വരട്ടെ. കല്യാണത്തിന് തയാറായി കൊള്ളൂ. ”
ഉറച്ച് ചുവട് വയ്പ്പോടെ, ദൃഢനിശ്ചയത്തോടെ നടന്ന് പോകുന്ന അവളെ അവർ നോക്കിയിരുന്നു.
✍️✍️നിഷ പിള്ള

