Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കല്യാണ വിശേഷം
നര്‍മം യാത്ര വിവാഹം

കല്യാണ വിശേഷം

By Rani VargheseMarch 4, 2026Updated:March 24, 20266 Comments11 Mins Read339 Views
Bookmark Now
Please login to bookmark Close

No account yet? Register

അതിരാവിലെ തന്നെ എഴുന്നേറ്റു. കൂട്ടുകാരന്റെ….. വെറും കൂട്ടുകാരനല്ല. ആത്മാർത്ഥ സുഹൃത്തിന്റെ പെങ്ങളുടെ കല്യാണം ഉറപ്പിച്ചിരിക്കയാണ്.

അങ്കമാലിക്കപ്പുറത്തേക്കാണ് കെട്ടിച്ചയക്കുന്നത്. എഴുപത് പേർ ചെല്ലുമെന്ന് ഉറപ്പിന്റെ അന്ന് സമ്മതിച്ചതാണ്. പക്ഷേ എങ്ങനെ ഒക്കെ കൂട്ടി നോക്കിയിട്ടും എഴുപത് എത്തുന്നില്ല, കാരണം വേറൊന്നുമല്ല… പ്രായമുള്ളവരാരും ഇരുന്നൂറു കിലോ മീറ്റർ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത് കല്യാണത്തിൽ പങ്കെടുക്കാൻ തയ്യാറല്ല. ചെറുപ്പക്കാർ ഒക്കെ റെഡി ആണ്. എങ്കിലും ബന്ധുക്കളെന്നും പറഞ്ഞ് കുറച്ചു കാരണവന്മാരെ എങ്കിലും കാണിക്കണ്ടേ. അല്ലെങ്കിൽ പെൺകുട്ടിക്ക് ആളുബലവും ബന്ധുബലവും ഇല്ലെന്ന് കരുതും പോലും.

ഒരു മൂന്ന്..മൂന്നര ആയപ്പോൾ എണീറ്റു. പ്രഭാത കൃത്യങ്ങൾ ഒക്കെ നടത്തി. ഒരു കട്ടൻ കാപ്പി എങ്ങനെയോ ഒപ്പിച്ചു. വീട്ടിൽ പോയി വരാൻ സമയമില്ലാത്തതു കൊണ്ട് ഇന്നലെ രാത്രി കല്യാണപന്തലിൽ തന്നെ ആയിരുന്നു കിടന്നത്.

ഡ്രസ്സ് ചെയ്ത് പുറത്ത് വന്ന് കൂട്ടുകാരനോട് പറഞ്ഞിട്ട് ജംഗ്ഷനിലോട്ട് ചെന്നു. ഒരു പഴയ ജീപ്പ് നേരത്തെ തന്നെ ശട്ടം കെട്ടിയിട്ടുണ്ട്. ബസു പോവാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവരെ എല്ലാം ജീപ്പുമായി ചെന്ന്‌ കൊണ്ടു വരണം. 4 മണിക്ക് ജംഗ്ഷനിൽ റെഡി എന്നാണ് ജീപ്പിന്റെ ഡ്രൈവർ കം ഓണർ ഉറപ്പ് നൽകിയിരിക്കുന്നത്.

ജംഗ്ഷനിൽ ചെന്ന് നോക്കി. ജീപ്പ് കാണാനില്ല. പത്രം ഏജന്റും ചന്തയിൽ പോകുന്നവരും, ട്രെയിനിൽ പോകാൻ വേണ്ടി രാവിലത്തെ ബസ് കാത്ത് നിൽക്കുന്നവരും ഒക്കെ ആയി കുറച്ചാളുകൾ അവിടെയും ഇവിടെയും ഒക്കെ നിൽക്കുന്നുണ്ട്.

ചെറിയ നാട്ടിൻപുറം ആയതിനാൽ എല്ലാവരും പരസ്പരം അറിയുന്നവർ ആണ്.

മനോരമ -മാതൃഭൂമി മൊത്ത ഏജന്റ് മത്തൻ ചേട്ടനോട് ചോദിച്ചു.

“ചേട്ടാ, കിഴക്കേലെ തോമാച്ചായനെയോ, തോമാച്ചായന്റെ ജീപ്പോ കണ്ടോ? 4മണിക്ക് ഇവിടെക്കാണും എന്നാ പറഞ്ഞത്.”

“ദേ… ആ… ആലിഞ്ചുവട്ടിൽ കിടന്നുറങ്ങുന്നു.”

“ആഹാ… ഇവിടെ കിടന്നുറങ്ങുവാണോ, തോമാച്ചായാ, വാ…. എഴുന്നേറ്റേ, നമുക്ക് പോകാം.”

തട്ടി വിളിച്ച എന്നെ നോക്കി ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ തോമാച്ചായൻ അലറി. “നീ ഏതാടാ കൊച്ചനെ?”

“ഏഹ്….. എന്റെ അച്ചായാ… തമാശ കാണിക്കാതെ ജീപ്പ് എടുക്ക്.”ഞാൻ അപേക്ഷിച്ചു.

“ഓ….ഹ്. ഹാ… നീ ആയിരുന്നോടാ. നീ ബെന്നിയുടെ കൂട്ടുകാരനല്ലേ, മോനെ.”

“അതേ അച്ചായാ, വണ്ടി എടുക്ക്, പോവാം. സമയം പോകുന്നു.” ഞാൻ ധിറുതി കൂട്ടി.

“എന്തൊരു കുളിര്.. നിന്റെയിൽ ബീഡി ഉണ്ടോടാ, ഒരെണ്ണം എടുക്കെടാ കുഞ്ഞേ.”

അച്ചായൻ കൈ കൂട്ടി തിരുമ്മി.

“അച്ചായാ, ഞാൻ വലിക്കത്തില്ല. പിന്നെ വൃശ്ചികത്തിൽ തണുപ്പ് കാണുകേലെ അതും നമ്മടിവിടെ. ”

” ശരി..വാ.. പോകാമെടാ.” അച്ചായൻ എഴുന്നേറ്റു

“സ്റ്റിയറിംഗ് എന്ത്യേ? അച്ചായാ” ഞാൻ അക്ഷമനായി.

“ആ… എന്ത്യേടാ? “അച്ചായൻ.

“കൊള്ളാം, എന്നോടാന്നോ ചോദിക്കുന്നെ?”

ഒരു നിമിഷം എന്തോ ഓർത്തു നിന്നിട്ട് പുഞ്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു.

“ഇവിടുണ്ടെടാ, ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.വാ, കേറ്.”

ഘട ഘട ശബ്ദത്തോടെ ജീപ്പ് മുന്നോട്ട് നീങ്ങി. വില്ലീസ്ന്റെ പഴയ ജീപ്പ് ആണ്. നട്ട് ലൂസ് ആകുമ്പോൾ സ്റ്റിയറിംഗ് ഊരി പോരും. പിന്നെ അതെടുത്തു വെച്ച് മുറുക്കിയാണ് വണ്ടി ഓടിക്കുന്നത്. നേരം വെളുത്തിട്ടില്ല. നാട്ടുവഴികൾ ഒക്കെ തോമാച്ചായന് മനപാഠം ആയതുകൊണ്ട് ട്രപ്പീസിലെ അഭ്യാസിയെ പ്പോലെ മുന്നോട്ട് പോകുന്നുണ്ട്.

“നമുക്ക് ആദ്യം മുരുപ്പേലെ ശമുവേലച്ചായന്റെ വീട്ടിൽ നിന്നും തുടങ്ങാം. പുള്ളി പഴയ മിലിറ്ററിക്കാരനായത് കൊണ്ട് ഭയങ്കര കൃത്യനിഷ്ഠക്കാരനാണ്. തയ്യാറായി നിൽപ്പുണ്ടാവും.”ഞാൻ പറഞ്ഞു.

ശമുവേലച്ചായന്റെ പടിക്കൽ എത്തിയതും ഒരൊറ്റചാട്ടത്തിന് തിണ്ണയിലോട്ടു ചാടിക്കയറി വാതിലിൽ മുട്ടി.

“അച്ചായാ, വാതിൽ തുറന്നേ, വേഗം ഇറങ്ങാം. ഒരുങ്ങി ഇരിക്കുവല്ലേ. അമ്മാമ്മേ അച്ചായനെ വിളിക്ക്, സമയമില്ല ” എന്നൊക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് ധിറുതി കൂട്ടി.

‌ഉടനെ വാതിൽ തുറക്കപ്പെട്ടു. ശമുവേ ലച്ചായൻ ഒരു കൈലി മാത്രം ഉടുത്തുകൊണ്ടു പ്രത്യക്ഷപ്പെട്ടു.

” അയ്യോ, ഇതെന്താ? ഒരുങ്ങിയില്ലേ, ദാ, ജീപ്പ് വന്നു. കല്യാണത്തിന് പോകണ്ടേ?”

“ആരാടാ അത്‌?” ഒരു സ്ത്രീ ശബ്ദം അകത്തു നിന്നും കേട്ടു.

“ഞാനാ കുഞ്ഞുമോളമ്മാമ്മേ, നിങ്ങൾ രണ്ടും ഇതെന്താ ഇങ്ങനെ? അമ്മാമ്മ നേരത്തെ വിളിച്ചെണീപ്പിച്ച് അച്ചായന് ഒരു കട്ടൻ ഒക്കെ ഇട്ടു കൊടുത്തിട്ട് രണ്ടു പേരും കൂടി ഒരുങ്ങി നിൽക്കണ്ടായിരുന്നോ.”

“എന്റെ പൊന്നു കുഞ്ഞേ, എന്നെ ഒന്നും പറയണ്ട. ഞാൻ വെളുപ്പിനെ എണീറ്റ്‌ കട്ടനും ഒക്കെ അനത്തി ഇങ്ങേരെ വിളിച്ചെണീപ്പിച്ചതാ.

നിങ്ങൾ ഏതായാലും റെഡി ആയി പോ, എനിക്ക് ഇത്രയും ദൂരം യാത്ര ചെയ്യാൻ ആവതില്ല എന്നും പറഞ്ഞു.”

“എടീ നീ അകത്തു പോ.” ശമുവേലച്ചായൻ.

“നിങ്ങളെന്തിനാ എന്നോട് കെറീക്കുന്നെ?”

“എടീ നീ മിണ്ടരുത്…..”അച്ചായൻ വാശിയിൽ തന്നെയാണ്.

“അച്ചായാ,ഇതെന്താ ഇങ്ങനെ? വാ ഡ്രസ്സ്‌ ചെയ്യ്. ജീപ്പ് കണ്ടില്ലേ. ഇനി എത്ര വീട്ടിൽ കയറണം?6മണിക്കെങ്കിലും ജംഗ്ഷനിൽ നിന്നും ബസ് വിടണം . ഇതെല്ലാം നേരത്തെ തന്നെ ബെന്നി അറിയിച്ചിരുന്നതല്ലേ?”

ഞാൻ ധിറുതി കൂട്ടി..

“എടാ മോനെ, പ്ലാമൂട്ടിൽ നിന്നും പിള്ളേർ ജീപ്പുമായി വരുമെന്നും പറഞ്ഞു ഞാൻ കൊച്ചു വെളുപ്പാൻ കാലത്തേ എണീറ്റ്‌ റെഡി ആയി ഇവിടെ ഇരുന്നതാ. നിങ്ങൾ വരാൻ താമസിച്ചപ്പോൾ ദേ ഇവൾ ഒന്നും രണ്ടും പറയാൻ തുടങ്ങി.

നിങ്ങൾ എന്നെ മറന്നു കാണുമെന്നും, എന്നെ കൂടാതെ നിങ്ങൾ പോയിക്കാണുമെന്നും പറഞ്ഞ് ഇവൾ… ഇവളുണ്ടല്ലോ എന്നെ അതിക്ഷേ പിച്ചപ്പോൾ ഞാൻ മുണ്ടും ഷർട്ടും ഒക്കെ ഊരിയിട്ടതാടാ.”

“ഞങ്ങൾ അങ്ങനെ അച്ചായനെ ഇട്ടിട്ടു പോകുമോ? മനഃപൂർവം താമസിച്ചതല്ല അച്ചായാ. ജീപ്പ് സ്റ്റാർട്ട്‌ ആകാൻ കുറച്ച് സമയം എടുത്തു.”

ഞാൻ ക്ഷമാപണം നടത്തി.

“വാ ഒരുങ്ങ്, ഐശ്വര്യമായി അച്ചായൻ വേണം ആദ്യം ജീപ്പേലോട്ടു കയറാൻ.”

“അതെനിക്കറിയാമെടാ മോനെ, ഞാൻ നേരത്തെ തന്നെ ഒരുങ്ങിയതല്ലേ, ഇവൾ ഈ അധികപ്രസംഗി കാരണമല്ലേ ഇങ്ങനെ ആയത്. ”

അച്ചായൻ അമ്മാമ്മയെ കുറ്റം പറയുന്നതിനൊപ്പം എന്തോ അന്വേഷിച്ച് കൊണ്ട് തത്രപ്പെട്ട് നടക്കുന്നത് കണ്ട് ഞാൻ ഒന്നു ശ്രദ്ധിച്ചു. എന്തോ കളഞ്ഞു പോയത് തപ്പി നടക്കുകയാണ് വിദ്വാൻ. വോൾടേജ് ക്ഷാമം മൂലം കഷ്ടകാലത്തിന് ഒരു വിളറിയ മഞ്ഞ വെളിച്ചമേ ബൾബിൽ നിന്നും പൊഴിയുന്നും ഉള്ളു.

അച്ചായൻ അന്വേഷിച് നടക്കുന്നതെന്താണ് എന്ന് നോക്കി ഞാനും പുറകെ നടക്കവേ, പുറത്തു നിന്നും ജീപ്പിന്റെ ഹോൺ മുഴങ്ങി.

“അയ്യോ തോമാച്ചായൻ ”

ഏതായാലും സ്റ്റീയറിങ്ങിൽ നിന്നും കൈ വിടാൻ ഒക്കാത്തത് കൊണ്ട് ജീപ്പിൽ നിന്നും ഇറങ്ങി വരില്ലെന്ന് ആശ്വസിക്കാം.

ആ…. കിട്ടി.. ഒപ്പം ആശ്വാസസൂചകമായ ഒരു നെടു നിശ്വാസവും കേട്ടു. നോക്കുമ്പോൾ കയ്യിൽ കാൽച്ചട്ടയുമായി വിജയശ്രീലളിതനായി അച്ചായൻ നിൽക്കുന്നു.

ഓ… അതാണല്ലേ അന്വേഷിച്ചത്? ഞാൻ ആത്‍മഗതം… തിരിഞ്ഞു നിന്ന് ശമുവേലച്ചായൻ ഒരു കാൽ കടത്താനും.. അകത്തു നിന്നും ഒരു ശബ്ദം.

“അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഞാൻ പറഞ്ഞെന്നും പറഞ്ഞ് നിങ്ങൾക്ക് നല്ല ഡ്രസ്സ്‌ ഊരി കൈലി ഉടുക്കേണ്ട കാര്യം ഉണ്ടോ. കഴകത്തില്ലാത്ത ഒരു മനുഷ്യൻ.”

ദാ കിടക്കുന്നു, കടത്തിയ കാൽ തിരിച്ചെടുത്ത് അച്ചായൻ ഒരു ഗർജ്ജനം.

“നിന്നെ ഇന്ന് ഞാൻ ശരിയാക്കുമെടി. നീ ഒരുത്തി മൂലമാണ് ഞാൻ കൈലി എടുത്തു ടുത്തത്.”

ഞാൻ പുറകേ ചെന്ന് അച്ചായനെ വട്ടം പിടിച്ചു. ഊരിയെറിയാൻ തുടങ്ങിയ അടിവസ്ത്രം ‘ക്യാച്ച്’ പിടിച്ചു. ഇനിയും ഇത് പോയാൽ എങ്ങനെ കണ്ടു പിടിക്കും?

വീണ്ടും അച്ചായനെ അനുനയിപ്പിച്ചു കൊണ്ടു വന്ന് ഡ്രസ്സ്‌ ചെയ്യിക്കാൻ തുടങ്ങി.

അമ്മാമ്മയെ ചീത്ത പറഞ്ഞ് കൊണ്ട് അച്ചായൻ ഒരു കാൽ അതിലോട്ട് ഇടാൻ തുടങ്ങിയപ്പോൾ അമ്മാമ്മയുടെ കളമൊഴി വീണ്ടും അകത്തുനിന്ന് മുഴങ്ങി കേട്ടു.

“ഒരു കല്യാണത്തിന് പോകുമ്പോൾ നേരത്തെ കാലത്തെ എത്തണ്ടേ? എത്ര ദൂരം പോകാനുള്ളതാണ്. ഇത് വല്ലതും ഇങ്ങേർക്ക് അറിയണോ? വെറുതെ മറ്റുള്ളവരെക്കൂടി താമസിപ്പിച്ചു.”

കേൾക്കണ്ട താമസം വീണ്ടും ഇടാൻ തുടങ്ങിയ വസ്ത്രം ഊരി കയ്യിൽ പിടിച്ചിട്ട് അമ്മാമ്മയ്ക്കിട്ട് ഒന്ന് കൊടുക്കാനായി അകത്തേക്ക് പാഞ്ഞു. ഒട്ടും സമയം കളയാതെ ഞാൻ പോയി വട്ടം പിടിച്ചു. ഇത് മൂന്നാല് തവണ ആവർത്തിച്ചപ്പോൾ ഞാൻ പതുക്കെ താഴെ ഇരുന്ന് കാൽ ചട്ട വിടർത്തിപ്പിടിച്ച് കൊച്ചുകുട്ടികളെ നിക്കറിടീക്കുന്നത് പോലെ അച്ചായന്റെ രണ്ടു കാലും അതിനുള്ളിലാക്കി. ഷർട്ടും മുണ്ടും കയ്യോടെ ധരിപ്പിച്ച് കുട്ടപ്പനാക്കി ഇറക്കി.

പോകുന്ന വഴി അകത്തോട്ടു നോക്കി ഒരു ഭീഷണി… അച്ചായന്റെ വക.

“ഞാൻ ഇങ്ങ് വരട്ടടീ. നിനക്ക് ഞാൻ വച്ചിട്ടുണ്ട്. ഇപ്പോൾ പിള്ളേർക്ക് പോകാൻ താമസിക്കും അതുകൊണ്ട് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.”

ഇനിയും ഇവിടെ നിന്നാൽ ഈ കലാപരിപാടികൾ തുടരും എന്ന് മനസ്സിലാക്കിയ ഞാൻ ശമുവേലച്ചായനെ ചേർത്ത് പിടിച്ചു കൊണ്ട് ജീപ്പിന്റെ മുൻസീറ്റിൽ കൊണ്ടുചെന്ന് ഇരുത്തി. തോമാച്ചായൻ അടുത്ത വീട്ടിലേക്ക് ജീപ്പ് പറപ്പിച്ചു (അതിന്റെ മാക്സിമം സ്പീഡിൽ ).

ഏതായാലും 5 മണി ആയപ്പോഴേക്കും ബസ് പോകാത്ത ഇടങ്ങളിൽ താമസിക്കുന്ന ആളുകളെ എല്ലാം ജംഗ്ഷനിൽ എത്തിച്ചു. സുഹൃത്തുക്കൾ ഒക്കെ കൃത്യ സമയത്ത് തന്നെ എത്തിയിരുന്നു.

6 മണി ആയപ്പോൾ പ്രാർത്ഥിച്ചിട്ട് പുറപ്പെടാനായി ഒരുങ്ങി. “എന്നോടുള്ള നിൻ സർവ നന്മകൾക്കായി ഞാൻ എന്ത് ചെയ്യേണ്ടു നിനക്കേശുപര..” എന്നുള്ള പാട്ട് പാടി കഴിഞ്ഞപ്പോൾ തല മുതിർന്ന ഒരപ്പച്ചൻ പറഞ്ഞു.

“കുട്ടിയോട് ഇറങ്ങാൻ പറയൂ. സ്തുതി കൊടുക്കാൻ തുടങ്ങാം ”

ആദ്യം ആരും ഒന്നും മിണ്ടിയില്ല. പിന്നെ പെൺകുട്ടിയുടെ മൂത്ത ആങ്ങള തമ്പി പേടിയോടെ വന്ന് പറഞ്ഞു “അപ്പച്ചാ ഇത്രയും ദൂരെയല്ലേ, അതുകൊണ്ട് പെൺകുട്ടിയും കുറച്ച് ആളുകളും ഇന്നലെ തന്നെ പുറപ്പെട്ടു. നമുക്ക് വേണ്ടപ്പെട്ട ഒരു വീട്ടിലാണ് താമസി ക്കുന്നത്. നമ്മൾ ചെല്ലുമ്പോഴേക്കും അവരങ്ങെത്തിക്കൊള്ളും.”

ഭാഗ്യത്തിന് അപ്പച്ചൻ സമചിത്തതയോടെ അത്‌ കേട്ടു. കൂടുതൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല..കൃത്യം അഞ്ചരയോടെ എല്ലാവരെയും കയറ്റി വണ്ടി പുറപ്പെട്ടു. ഒരു വലിയ ജാറിൽ കുടിവെള്ളവും, കുറച്ച് പലഹാരങ്ങളും ബസിൽ കരുതിയിരുന്നു. ദൂരയാത്രയാണല്ലോ തന്നെയുമല്ല ഒരു മംഗള കർമ്മത്തിൽ സംബന്ധിക്കാൻ പോകുവല്ലേ. എല്ലാവരുടെയും മനസ്സു നിറഞ്ഞ ഒരനുഭവമായിരിക്കണം. ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ആർക്കും ഉണ്ടാകാതെ നോക്കണം.

വൃശ്ചികത്തിലെ കുളിരും പുറത്തു നിന്നും ഉള്ള കാറ്റും കാരണം യാത്ര തുടങ്ങിയപ്പോൾ തന്നെ പലരും ഉറക്കം തുടങ്ങി. സ്റ്റീരിയോ ഇട്ട് പാട്ട് കേൾക്കണം എന്ന് ചെറുപ്പക്കാർക്ക് ഒക്കെ തോന്നിയെങ്കിലും ഉറങ്ങുന്ന അപ്പച്ചന്മാരുടെ വായിൽ നിന്നും രാവിലെ തന്നെ ഒന്നും കേൾക്കണ്ട എന്നോർത്ത് അവർ പുറം കാഴ്ചകളിൽ മുഴുകി.

വൃശ്ചികമാസം ആയത് കൊണ്ട് മിക്ക അമ്പലങ്ങളിൽ നിന്നും ശ്രുതിമധുരമായ അയ്യപ്പ സ്തുതിഗീതങ്ങൾ കേൾക്കാം. ശരണം വിളികളുമായി പല വാഹനങ്ങളും കടന്നു പോകുന്നുണ്ട്. ഭക്തി നിർഭരമായ ഒരു അന്തരീക്ഷം.

അങ്ങനെ ഏകദേശം 9 മണി ആയപ്പോഴേക്കും മൂവാറ്റുപുഴ ടൗണിൽ എത്തി. ഏതെങ്കിലും ഹോട്ടലിന്റെ മുമ്പിൽ നിർത്തണമെന്ന് ബസിന്റെ ഡ്രൈവർ ബാലേട്ടനോട് പറഞ്ഞു. ബാലേട്ടൻ സ്ഥിരം ഈ റൂട്ടിൽ പോകുന്ന ആളാണല്ലോ. ഒന്ന് രണ്ട് ഹോട്ടൽ നോക്കിയപ്പോൾ ഭയങ്കര തിരക്ക്. അവസാനം ഒരു ഹോട്ടലിന്റെ മുമ്പിൽ ബാലേട്ടൻ ചവിട്ടി. നോക്കിയപ്പോൾ ഒരു പുതിയ ഹോട്ടൽ ആണ്‌. അപ്പോൾ ഉൽഘാടനം കഴിഞ്ഞിട്ടേ ഉള്ളു. ഏതായാലും എല്ലാവരും ഇറങ്ങി. വിശപ്പിന്റെ വിളി വന്നത് കൊണ്ടാവും ഉറങ്ങിക്കൊണ്ടിരുന്നവരും ചാടി എണീറ്റു.

അപ്പോഴാണ് അത്‌ ശ്രദ്ധിച്ചത്.

വലിയ അക്ഷരത്തിൽ ഒരു വശത്ത് ബാർ (BAR) എന്ന് എഴുതിവെച്ചിരിക്കുന്നു. കല്യാണപെണ്ണിന്റെ സഹോദരനും എന്റെ കൂട്ടുകാരനുമായവൻ…. സാക്ഷാൽ ബെന്നി നെഞ്ചത്തു കൈ വെച്ചോണ്ട് പറഞ്ഞു.

“ചതിച്ചല്ലോടാ, ഇനി ഇവിടെ നിന്ന് എങ്ങനെ ഇറക്കി കൊണ്ട് പോകും. കല്യാണം തുടങ്ങുന്നതിന് മുമ്പേ പള്ളിയിൽ എത്താൻ ഒക്കുമോ എന്തോ.”

ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൻ എന്നെ പിടിച്ചു കുലുക്കി.

“എന്ത് ചെയ്യുമെടാ, കാറിൽ പോയ തമ്പിച്ചായനും മറ്റും ഇപ്പോൾ അവിടെ എത്തിക്കാണും. നമ്മളെ കാണാഞ്ഞു അവർ വിഷമിക്കുമല്ലോടാ.”

“വാടാ, “എന്ന് പറഞ്ഞതും ഞാൻ വേഗം ചെന്ന് എല്ലാവരെയും തടുത്ത് കൂട്ടി റെസ്റ്റോറന്റിൽ എത്തിച്ചതും നിമിഷത്തിനുള്ളിൽ ആയിരുന്നു.

ബാറിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നവരുടെ ഒക്കെ ചെവിയിൽ മന്ത്രിച്ചു, “തിരിച്ചു വരട്ടെ, നമുക്ക് ശരിയാക്കാം.” സപ്ലയറിനെ വിളിച്ചു ഭക്ഷണം ഓർഡർ ചെയ്തു . ആരും കൂട്ടം തെറ്റി അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും പോകാതിരിക്കാൻ ഞങ്ങൾ കാവൽ നിന്നു.

ഒരു വിധത്തിൽ എല്ലാവരെയും തിരിച്ചു ബസിൽ കയറ്റി. വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ മേലെ വീട്ടിലെ അമ്മിണി അമ്മാമ്മ വിളിച്ചു കൂവുന്നു.

“എടാ, വണ്ടി വിടല്ലേടാ, അച്ചായൻ കേറീല്ലടാ,”

” അച്ചായൻ എവിടെ പോയി? അവിടെ ആരും ഇല്ലല്ലോ, ഞാൻ അല്ലേ അവസാനം ഇറങ്ങിയത്” ഞാൻ ബെന്നിയോട് ചോദിച്ചു.

“സുകുമാരൻ കൊച്ചാട്ടനേയും കാണുന്നില്ലല്ലോ, ബെന്നീ…” ആരോ വിളിച്ചു പറഞ്ഞു.

“ഒന്ന് പോയി നോക്കെടാ,….. ബെന്നി പറഞ്ഞു

ഞാൻ പോയി ഹോട്ടലും പരിസരവും ഒക്കെ നോക്കി. കാണുന്നില്ല.എവിടെ പോയോ എന്തോ.

ഏതായാലും ഒന്ന് ബാറിൽ നോക്കിക്കളയാം എന്നു വിചാരിച്ച് ബാറിൽ പോയി നോക്കി. മേലേ വീട്ടിലെ കുഞ്ഞോമ്മാച്ചായനും മറ്റ് അഞ്ചാറ് പേരും അവിടെ കൌണ്ടറിന്റെ അടുത്തു നിൽപ്പുണ്ട്. ഞാൻ ഓടി ചെന്ന് കയ്യേൽ പിടിച്ചു ചോദിച്ചു.

“ഇത് എപ്പോ ഇവിടെ കേറി?”

“എടാ, ഞങ്ങൾ ടോയ്ലറ്റ് അന്വേഷിച്ചു നടന്നപ്പോൾ ഈ ബോർഡ്‌ കണ്ട് ഒന്ന് കാണാൻ കേറിയതാ. എന്തൊരു സെറ്റപ്പ് ആണെന്ന് നോക്കിയേടാ.കുഞ്ഞു കുഞ്ഞ് വെളിച്ചവും നല്ല തണുപ്പും സുഖമുള്ള മ്യൂസിക്കും. ഇന്നായിരുന്നെടാ ഇതിന്റെ ഉദ്ഘാടനം..”

“ഞങ്ങൾ എവിടെല്ലാം അന്വേഷിച്ചു? ഒന്ന് പറഞ്ഞിട്ട് പോരായിരുന്നില്ലേ. ബാക്കി എല്ലാവരും ബസിൽ കേറി ഇരിപ്പായി.മിന്നു കെട്ടിന് മുമ്പ് അവിടെത്തെണ്ടേ? വാ ഇറങ്ങ്. തിരിച്ചു വരുമ്പോൾ നമുക്ക് ഇവിടെത്തന്നെ കയറാം. അപ്പോൾ ഇഷ്ടം പോലെ സമയമുണ്ടല്ലോ.”

മുഖത്ത് മാക്സിമം പുഞ്ചിരി വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു.

“എടാ, കൊച്ചനെ, ഞങ്ങൾ തുടങ്ങിയതല്ലേ ഉള്ളു , പള്ളിലോട്ട് ഞങ്ങൾ വരണോടാ?നിങ്ങൾ പോയി കെട്ടൊക്കെ കഴിഞ്ഞ് വാ, ഞങ്ങൾ ഇവിടെത്തന്നെ കാണും. അത്‌ ഉറപ്പാ. ഇത് പോലെ ഒരെണ്ണം നമ്മുടെ നാട്ടിൽ ഏത് കാലത്ത് വരുമെടാ. എങ്ങനെ ഇങ്ങനൊരവസരം നഷ്ടപ്പെടുത്തുമെടാ?”

“അല്ലേൽ വേണ്ട, ഞങ്ങൾ ഒരു വണ്ടി പിടിച്ചു പുറകേ വന്നേക്കാം. പള്ളി ഏതാണെന്നു എനിക്ക് അറിയാം. നിങ്ങൾ പൊക്കോടാ.”

എന്നെ പറഞ്ഞു വിടാൻ കുഞ്ഞോമ്മാച്ചായൻ ഒരു ശ്രമം നടത്തി.

“അത് പറ്റൂല്ല അച്ചായാ,ദേ അമ്മിണി അമ്മാമ്മ അവിടെ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഏത് നിമിഷവും ഇങ്ങോട്ട് ഇറങ്ങി വരും.”

“അവളോട് പോവാൻ പറ, അവളോട് ഇത്രയും ദൂരം വരണ്ടാ എന്ന് ഞാൻ ആവുന്ന പോലെ ഒക്കെ പറഞ്ഞതാ, കേൾക്കേണ്ടേ. വിവരദോഷി!”

” അച്ചായാ, ദേ നിർത്ത്, നമു ക്ക് പോകാം തിരിച്ച് നമ്മൾ ഇതിലേ അല്ലേ വരുന്നത്. അന്നേരം നമുക്ക് ശരിക്ക് അങ്ങ് ആഘോഷിക്കാമെന്നെ. വാ, പോകാം.”

ഞാൻ കുഞ്ഞോമ്മാച്ചായന്റെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

അപ്പോഴാണ് കാണാതെ പോയ കുഞ്ഞാടുകളെ അന്വേഷിച്ചു പോയ എന്നെ കാണാഞ്ഞ് ബെന്നിയും മറ്റ് രണ്ട് കൂട്ടുകാരും തിരക്കി വരുന്നത്.

ബെന്നിയോട് ഞാൻ കാര്യത്തിന്റെ ഗൗരവം ധരിപ്പിച്ചു. അവൻ വേഗം തന്നെ ചെന്ന് കുഞ്ഞോമ്മാച്ചായനെ അനുനയിപ്പിച്ച് ഒരു വിധത്തിൽ എഴുന്നേൽപ്പിച്ചു. കത്രികപ്പൂട്ട് ഇട്ട് പിടിച്ച് ബാറിന്റെ വെളിയിൽ എത്തിച്ചു.

പയ്യന്റെ വീടിരിക്കുന്ന ടൗണിൽ ഇതിലും നല്ല സെറ്റപ്പുകൾ ധാരാളം ഉണ്ടെന്നും നമ്മൾ അങ്ങോട്ടല്ലേ പോകുന്നതെന്നും പറഞ്ഞപ്പോൾ കുഞ്ഞോമ്മാച്ചായന് സന്തോഷമായി. പാലും തേനും ഒഴുകുന്ന കാനാൻ ദേശത്തെ കുറിച്ചുള്ള മനോഞ്ജമായ സ്വപ്നങ്ങളുമായി അച്ചായൻ മുന്നോട്ടു നടന്ന് ബസി ന്റെ അടുത്തെത്തി. ബസിന്റെ അടുത്തെത്തിയപ്പോൾ അല്ലേ പൊടിപൂരം…

നാട്ടിലെ പൊതുകാര്യ പ്രസക്തനും മുൻപഞ്ചായത്തംഗവും ഒക്കെ ആയ രാഘവൻ പിള്ള ചേട്ടൻ ബസിന്റെ ഡോർ അടച്ചുപിടിച്ചു കൊണ്ട് കിളി ആയിട്ടു നിൽക്കുകയാണ്.

‌കുഞ്ഞോമ്മാച്ചായൻ ഡോറിൽ പിടിച്ചുകൊണ്ട് കേറണോ വേണ്ടയോ എ ന്നാലോചിച്ചു നിന്നു.

അപ്പോൾ രാഘവൻപിള്ള കൊച്ചാട്ടൻ കടന്നൽ കുത്തിയ പോലത്തെ മുഖവുമായി നിന്ന് പറഞ്ഞു.

“ഞങ്ങൾ കുറച്ചു പേര് ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് നേരമെത്രയായെടോ കുഞ്ഞോമ്മാച്ചാ, നിങ്ങൾ കുറച്ചു പേർ മാത്രം കിട്ടിയ സമയം ആഘോഷിച്ചു?

ഒരു മംഗളകർമ്മത്തിന് പോകുവായതുകൊണ്ട് ആണ്‌ ഞങ്ങൾ ഒക്കെ ഇങ്ങനെ ഇരുന്നത്. താൻ മാത്രം മിടുക്കൻ!അതുകൊണ്ട് താൻ കുറച്ചു നേരം അവിടെ നിക്ക്. ആ…പിന്നല്ലാതെ…”

ഒരു വിളറിയ ചിരിയോടെ കുഞ്ഞോമ്മ ച്ചായൻ ബസിന്റെ ഡോറിൽ നിന്ന് പിടിവിട്ട് മാറി നിൽക്കയാണ്. ബെന്നി ഉടനെ അപകടം മണത്ത് രാഘവൻ പിള്ള കൊച്ചാട്ടന്റെ കൈ രണ്ടും കൂടി കൂട്ടി പിടിച്ച് അപേക്ഷിച്ചു.

“കൊച്ചാട്ടാ,ഡോർ തുറക്ക്, നമുക്ക് പോകണ്ടേ, ഇപ്പോൾ തന്നെ ലേറ്റ് ആയില്ലേ, എംസിറോഡിലെ തിരക്ക് അറിയാമല്ലോ.പോരാഞ്ഞ് വർക്കിംഗ്‌ ഡേയും. എല്ലാ പ്രശ്നങ്ങളും നമുക്ക് പരിഹരിക്കാമെന്നേ.”

“നിന്റെ ഉറപ്പ്‌ കിട്ടിയാൽ ഞാൻ കോംപ്രമൈസ് ചെയ്യാം.”

കൊച്ചാട്ടൻ മയപ്പെട്ടു.

അങ്ങനെ എല്ലാവരെയും കയറ്റി വണ്ടി പുറപ്പെട്ടു..

എല്ലാവരും സ്റ്റീരിയോയിൽ നിന്നുള്ള പാട്ടുകളും ഒക്കെ കേട്ട് ഒരു ടൂർ മൂഡിൽ വന്നുവെന്നു തോന്നുന്നു.പുതിയ ഹിറ്റ് സിനിമകളായ ‘ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെയും അങ്ങാടിയിലെയും ‘ ഒക്കെ തകർപ്പൻ പാട്ടുകൾ അന്തരീക്ഷം ഒന്ന് കൊഴുപ്പിച്ചു. പുറകോട്ടു ചെന്ന എന്റെ കയ്യിൽ പിടിച്ചിട്ട് ശമുവേലച്ചായൻ സങ്കടം പറഞ്ഞു.

“എടാ ഒന്നുവില്ലേലും ഞാൻ ഒരു മിലിറ്ററിക്കാരനല്ലേടാ. നീ എന്നെ കൂടി വിളിച്ചില്ലല്ലോ കുഞ്ഞോമ്മാച്ചന്റെ കൂടെ. എനിക്കും ഒന്ന് തൊണ്ട നനക്കേണ്ടേടാ.

“അച്ചായാ, അമ്മാമ്മയെ വെല്ലു വിളിച്ചിട്ടല്ലേ നമ്മൾ രാവിലെ പോന്നത്? അത്‌ മറന്നോ.അമ്മാമ്മയുടെ മുമ്പിൽ പിടിച്ചു നിൽക്കണ്ടേ.”

ഞാൻ അച്ചായനെ കുസൃതി ചിരിയോടെ നോക്കി.

“ഒന്ന് പോടാ നീ വിഷയം മാറ്റണ്ട.”

“അത്‌ നമുക്ക് ശരിയാക്കാം., അച്ചായാ.”

എന്റെ ഉറപ്പ്‌ അച്ചായന് ബോധിച്ചെന്നു തോന്നുന്നു.

ഏതായാലും 11മണി കഴിഞ്ഞപ്പോൾ ബസ് പള്ളിമുറ്റത്ത് എത്തി. ബസ് വന്നു നിന്നപ്പോഴേക്കും ബെന്നിയുടെ മൂത്ത സഹോദരൻ തമ്പിച്ചായൻ ഓടി വന്നു.

‘എന്താടാ ഇത്രയും താമസിച്ചത്? ഞങ്ങൾ എത്തിയിട്ട് നേരമെത്രയായി? പയ്യന്റെ കൊച്ചപ്പൻ എനിക്ക് സമാധാനം തന്നിട്ടില്ല. 10 മിനിറ്റ് ഇടവിട്ട് നിങ്ങൾ വന്നോ വന്നോന്നു ചോദിച്ച്.

“അതെന്താ തമ്പിച്ചായാ?”

“എടാ അവർ ഇത്ര പ്ലേറ്റ് എന്ന് പറഞ്ഞല്ലേ ഭക്ഷണം ഓർഡർ ചെയ്തിരിക്കുന്നത്. ഓർഡർ കൊടുത്തിട്ട് അത്രയും ആളുകൾ ഇല്ലങ്കിലോ?”

“ഓ.. അതാണോ കാര്യം? താമസിച്ച കാര്യമൊക്കെ പിന്നെ പറയാം. അതൊരു നീണ്ട കഥ ആണേ. തമ്പിച്ചായൻ പള്ളിലോട്ടു കേറിയാട്ടെ..”

“എടാ നമ്മുടെ കൂടെ വന്നവരൊക്ക എന്ത്യേ ന്നു നോക്കണേ. ദേ ഈ കോമ്പൗണ്ടിൽ തന്നെയാ ഹാൾ. കല്യാണത്തിന്റെ ചടങ്ങുകൾ കഴിയുമ്പോ എല്ലാവരെയും ഹാളിൽ കൊണ്ടിരുത്തണേ. കൂട്ടം തെറ്റി പോകാതെ നോക്കണേ. ഞാൻ പള്ളീലോട്ടു കേറട്ടെ. പള്ളിക്കകത്തു നിന്ന് സംസാരിച്ചാൽ അച്ചൻ അനൗൺസ്മെന്റ് നടത്തും .അതാണ് ഞാൻ മുറ്റത്തേക്കിറങ്ങി യത്.”

“ശരി തമ്പിച്ചായാ.ഞാൻ നോക്കിക്കോളാന്നെ.”

പള്ളിയും പരിസരവും ഒക്കെ ഒന്ന് ചുറ്റിക്കറങ്ങി വന്നപ്പോഴേക്കും കല്യാണത്തിന്റെ, പള്ളിയിലെ പ്രധാന ചടങ്ങുകൾ കഴിഞ്ഞിരുന്നു. നേരെ ഹാളിലേക്ക് ചെന്നു. വധുവിന്റെ കൂട്ടർ ആണല്ലോ വിരുന്നുകാർ. ഹാളിലെ സീറ്റുകൾ എല്ലാം നിറഞ്ഞിരിക്കുന്നു. നമ്മുടെ കൂട്ടർ എല്ലാം കയറി ഇരിക്കുന്നുണ്ട്.പലരും കൈ പൊക്കി കാണിച്ചു. ആരെങ്കിലും കയറാതെ പള്ളി പരിസരത്ത് എങ്ങാനും അറിയാതെ നിൽപ്പുണ്ടോന്ന് ഒന്ന് ഓടിച്ചു നോക്കി. എല്ലാവരും കയറിയിട്ടുണ്ട്. ആദ്യ പന്തിക്കേ എല്ലാവരും ഇരുന്നെങ്കിൽ പെട്ടെന്ന് തന്നെ തിരിച്ചു പോകാമല്ലോ. എത്ര ദൂരം പോകാനുള്ളതാണ്.

ഹാളിന് പുറത്തേക്കിറങ്ങി. ബെന്നി വന്ന് തോളിൽ തട്ടി.

“എല്ലാവരും ഇരുന്നെന്ന് തോന്നുന്നല്ലേടാ. നമുക്ക് കൂടി കഴിച്ചേക്കാം. പെട്ടെന്ന് തന്നെ തിരിച്ച് വിടാല്ലോ.തമ്പിച്ചായനും മറ്റും ചെറുക്കന്റെ വീട്ടിൽ കയറിയിട്ട് നവദമ്പതികളുമായി പുറകേ അല്ലേ വരൂ.”

ഞങ്ങൾ മെയിൻ ഹാളിന്റെ മറ്റേ സൈഡിലേക്ക് നീങ്ങി. കുറച്ച് പേർക്ക് അവിടെയും അറേഞ്ച് ചെയ്തിട്ടുണ്ട്. ഞങ്ങൾ കഴിച്ചിട്ട് ബസിന്റെ അടുത്തോട്ടു വന്നു. ഭാഗ്യം എല്ലാവരും കയറിയിട്ടുണ്ട്. ബാലേട്ടനും എത്തിയിട്ടുണ്ട്.

“എടാ ബെന്നി, എല്ലാവരും കയറിയെങ്കിൽ നമുക്ക് വിട്ടാലോ.”

“പിന്നല്ലാതെ”

അവൻ പുറകോട്ടു തിരിഞ്ഞു പറഞ്ഞു, “എല്ലാവരും കയറിയെങ്കിൽ നമുക്ക് പോകാം.”

ആരും ഒന്നും മിണ്ടിയില്ല. ഒരു നിമിഷത്തിന് ശേഷം ആരോ പറഞ്ഞു, “ഇനിയും ആളു വരാനുണ്ട്. മുതിർന്നവരിൽ കുറെ പേരെ കാണാനുണ്ട്.”

ബെന്നി ഒന്ന് ഞെട്ടി. ഞാൻ ബസിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നപ്പോൾ…

“നീ എവിടെ പോകുവാടാ?.” കൂടെ ഇറങ്ങിക്കൊണ്ട് ബെന്നി ചോദിച്ചു,

“പള്ളിയിലും ഹാളിലും ഒക്കെ ഒന്നു നോക്കിയേക്കാം. വഴിയോ മറ്റോ തെറ്റി എവിടേലും നിൽപ്പൊണ്ടോന്ന് “. ഞാൻ പറഞ്ഞു.

“എടാ മൂവാറ്റുപുഴയിൽ നിന്നും എന്തു പറഞ്ഞാണ് ഇവിടെ വരെ എത്തിച്ചത്?പള്ളിമുറ്റത്തൂടെ നടന്ന് കൊണ്ട് ഞാൻ ബെന്നിയോട് ചോദിച്ചു.

“നീ എന്നെ നോക്കി കണ്ണ് മിഴിക്കണ്ട.ഞാൻ പറഞ്ഞതായിരിക്കും കാര്യം.വാ.”ഞാൻ മുൻപോട്ട് നടന്നു.

“എടാ, പള്ളിമുറ്റത്തു നിന്ന് പുറത്ത് കടക്കാം. എന്നിട്ട് ഏതേലും കടക്കാരോട് ചോദിക്കാം,” ബെന്നി പുറത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.

“ഏതു കടക്കാരോട് ചോദിക്കും? ബാർ ഉണ്ടോ, എവിടെയാണ്,എന്നൊക്കെ എങ്ങനെ ചോദിക്കും?” ബെന്നി വിഷണ്ണനായി.

അവന്റെ കയ്യിൽപിടിച്ചു കൊണ്ടു ഞാൻ മുമ്പോട്ട് നടന്നു.

“എടാ നമുക്ക് ഒന്നു നടന്നു നോക്കാം. എവിടെയെങ്കിലും ബാർ കണ്ടാൽ അവിടെ കേറി നോക്കാടാ.”

കുറച്ചു നടന്നു മുന്നോട്ടു പോയപ്പോൾ ദേ വരുന്നു രാഘവൻ പിള്ള കൊച്ചാട്ടൻ മുൻപിലും ബാക്കിയുള്ളവർ പുറകിലും ആയി ഒരു ചെറിയ ജാഥ.

ഞങ്ങളെ കണ്ട് അവർ നിന്നു. കുഞ്ഞോമ്മാ ച്ചായൻ പറഞ്ഞു.

“എടാ പിള്ളേരെ, അങ്ങോട്ട്‌ പോകണ്ട. അവിടെ തീർന്നു…. ഞങ്ങൾക്കു പോലും തികഞ്ഞില്ലെടാ. തിരിച്ചു പോകുമ്പോൾ മൂ വാറ്റുപുഴയിൽ കയറാം എന്ന് നീ പറഞ്ഞിട്ടുണ്ടല്ലോ.അതാടാ ഞങ്ങൾ ഇങ്ങ് തിരിച്ച് പോന്നത്.”

“നിങ്ങൾ ഹാളിൽ ഭക്ഷണം കഴിക്കാൻ ഇരുന്നെന്നാണ് ഞങ്ങൾ കരുതിയത്.” ബെന്നി പറഞ്ഞു.

‌”അതിനെന്നാ മോനെ, ഈ പന്തിക്ക് ഞങ്ങൾ ഇരുന്നോളാം. നിങ്ങളൊക്കെ കഴിച്ചല്ലോ അല്ലേ.എന്നിട്ട് നമുക്ക് ഉടനെ വിട്ടേക്കാം.” ശമുവേലച്ചായൻ ധിറുതി കൂട്ടി.

2.30 ആയപ്പോഴേക്കും ഞങ്ങൾ തിരികെ പുറപ്പെട്ടു.വണ്ടി പുറപ്പെട്ടു കുറച്ചു ദൂരമായപ്പോഴേക്കും എല്ലാവരും ഉറക്കമായി.

ബെന്നി എന്നെ തോണ്ടി. “എടാ മൂവാറ്റുപുഴ എത്തുമ്പോൾ എന്ത് ചെയ്യും? ഈ ഉറങ്ങുന്ന പഞ്ചപാവങ്ങൾ പലരും ആ പുതിയ ബാർ സ്വപ്നത്തിൽ കാണുകയായിരിക്കും. അവിടെ നിർത്തിയാൽ പിന്നെ എങ്ങനെ തിരിച്ചു വണ്ടിയിൽ കയറ്റും? സ്ത്രീകളും മറ്റും ഉള്ളതല്ലേ.ഒരു 6 മണിക്കെങ്കിലും നമ്മുടെ ജംഗ്ഷനിൽ എത്തിയാലേ ഇരുട്ടുന്നതിനു മുമ്പ് എല്ലാവരെയും സ്വന്തം വീടുകളിൽ എത്തിക്കാൻ ഒക്കൂ. ഇനി നിർത്താതെ വിട്ടു പോന്നാൽ ഇപ്പോൾ വയറ്റിൽ കിടക്കുന്നതിന്റെ കൂടെ ബലത്തിൽ നമ്മളെ ചീത്ത വിളിക്കും.”

“ആരും ഉണർന്നില്ലെങ്കിൽ നിർത്തണ്ടടാ, ബാലേട്ടനോട് വിട്ടു പൊക്കോളാൻ പറ. പിന്നെ അത്യാവശ്യത്തിന് ഏറ്റുമാനൂർ ഉണ്ടല്ലോ.”

എന്റെ ഉപദേശാനുസരണം ബസ് വിട്ടു പോന്നു.6.20 ആയപ്പോഴേക്കും ഞങ്ങളുടെ ജംഗ്ഷനിൽ എത്തി. നാട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉഷാറായി. ക്ഷീണവും മറ്റു കാര്യങ്ങളും എല്ലാം മറന്ന് എല്ലാവരും ബസിൽ നിന്ന് ഇറങ്ങി. ഇരുട്ടിയിട്ടില്ലാത്തതിനാൽ എല്ലാവരും തനിയെ വീടുകളിലേക്ക് മടങ്ങി. പോകാൻ നേരം ശമുവേലച്ചായൻ എന്നെ കെട്ടിപ്പിടിച്ചു.

“നല്ല ഒരു ട്രിപ്പ്‌ ആയിരുന്നെടാ, പക്ഷേ ഒരു കടം ബാക്കിയുണ്ട്. അത്‌ നീ ഓർത്തു വെച്ചോണം.”

അതേ, മൂവാറ്റുപുഴയിലെ പുതിയ ബാറിൽ കയറ്റാമെന്നു പറഞ്ഞിട്ട് നീ കളിപ്പിച്ചു. ആ കടം നീ എന്ന് വീട്ടും? ”

“ബെന്നിക്ക് നമുക്ക് മൂവാറ്റുപുഴ അപ്പുറത്തു നിന്നും പെണ്ണാലോചിക്കാം.എന്ത് പറയുന്നു?”

“ശരിയെടാ. ബസിലെ ഡ്രൈവർടെ അടുത്തുള്ള സീറ്റ്‌ ഞാൻ ബുക്ക്‌ ചെയ്തിരിക്കുന്നു.

ഓ…അച്ചായൻ നല്ല മൂഡിലാണല്ലോ…”

“തൊട്ടു പുറകിലത്തേതു ഞാനും……

ഞാനും വിട്ടുകൊടുത്തില്ല…”

—-=—-=——==——==—–===—-====-=====–===

Post Views: 564
4
Rani Varghese

Na

6 Comments

  1. SHEEJITH C K on March 7, 2026 3:51 PM

    ഒരു ക്രിസ്ത്യൻ കല്ല്യാണത്തിന് ഇതുപരെയും കൂടിയിരുന്നില്ല. അത് സാധിച്ചപോലായി- 👌❤️👍

    Reply
    • Rani Varghese on March 7, 2026 8:15 PM

      സന്തോഷം. 🙏🏽

      Reply
  2. Electa Joeboy on March 6, 2026 11:12 AM

    Super 👌👌👌

    Reply
    • Rani Varghese on March 7, 2026 8:15 PM

      സന്തോഷം 🙏🏽

      Reply
  3. Sunandha on March 5, 2026 2:11 PM

    👌👌

    Reply
    • Rani Varghese on March 7, 2026 8:16 PM

      സന്തോഷം 🙏🏽

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.